പൊന്നാനി


ഇ ഹരികുമാര്‍

അവർ എനിയ്ക്ക് ഊരുവിലക്ക് കല്പിച്ചു. ചെണ്ട കൊട്ടി ഊരുചുറ്റിയുള്ള പ്രഖ്യാപനങ്ങളോ, ദേവാലയങ്ങളിൽ പുരോഹിതന്മാരുടെ ശാസനങ്ങളോ ഉണ്ടായില്ല. വിലക്ക്, മൗനത്തിന്റെ ശക്തമായ കാട്ടുതീയായി കാറ്റിനോടൊപ്പം പരന്നു. ഈ ചൂടു സഹിക്കാനാവുന്നില്ല. അത് ഒരു നാടിനെ മുഴുവൻ ഗ്രസിക്കുകയാണ്. ഇനി എനിയ്ക്ക് ഇവിടെനിന്നു പോകാം; ജനിച്ച നാട്ടിൽ നിന്ന്. പോയേ തീരൂ. ഈ നാടിന്റെ മണ്ണും പച്ചപ്പും ഇരമ്പിപ്പെയ്യുന്ന മഴയും എനിക്കിനി അന്യമാണ്. ഇവിടത്തെ കത്തുന്ന വേനൽ, അപ്പൂപ്പൻ താടികൾ പാറിക്കളിക്കുന്ന ഉച്ചകൾ, കൊയ്യാറായ നെൽച്ചെടികൾ ചാഞ്ഞുകിടക്കുന്ന വീതി കുറഞ്ഞ വരമ്പുകൾ ഒന്നും എന്റേതല്ല. ഏതെങ്കിലും ഒരു ദേശത്ത് എത്തിപ്പെടുമ്പോൾ ഇതെല്ലാം ഒരു ഗൃഹാതുരതയുടെ വേദനയോടെ ഓർക്കാം. എനിക്കൊരു നാടുണ്ടായിരുന്നു.

പോകുന്നതിനുമുമ്പ് ആരെയും കാണാനില്ല, യാത്ര ചോദിക്കാനില്ല. ഒന്നും എടുക്കാനുമില്ല. കരിങ്കൽ ശില്പങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന, ഒരു കയ്യിൽ ഒതുങ്ങുന്ന, ഉപകരണങ്ങൾ മാത്രം പൊതിഞ്ഞെടുത്തു. നാല് കല്ലുളി, രണ്ട് ചുറ്റിക, അത്രമാത്രം. വീട്? അല്ലെങ്കിലും ആർക്കും വേണ്ടാത്ത ഒരു വീടായിരുന്നു അത്. ആ വീട്ടിലാണ് ഞാൻ ജനിച്ചത്, പിച്ചവെച്ചു നടന്നത്, അച്ഛൻ ജോലിയെടുക്കുന്നതു നോക്കി പ്രതിമകളുണ്ടാക്കാൻ പഠിച്ചത്, ഞായറാഴ്ചകളിലും, വേനലവധികളിലും രാവിലെ അമ്മ വിളമ്പിത്തന്ന കഞ്ഞി കുടിച്ച് അച്ഛന്റെ ഒപ്പം ശില്പങ്ങൾ വില്ക്കാനിറങ്ങിയിരുന്നത്. എല്ലാം ആ വീട്ടിൽ നിന്നാണ്. അവിടെ എനിക്കായി ഒന്നും അവശേഷിച്ചിട്ടില്ല. പോകുമ്പോൾ കൂടെക്കൊണ്ടു പോകാനായി അച്ഛന്റെയും അമ്മയുടെയും കൂടിയുള്ള ഫോട്ടോ ചുമരിന്മേൽ നിന്ന് എടുത്തു. അപ്പോഴാണ് മനസ്സിലായത്, ചിത്രത്തിനു പകരം അതിൽ ഒരു മഞ്ഞച്ചതുരം മാത്രമേയുള്ളു. ഫോട്ടോ മുഴുവൻ പുഴുവരിച്ചു നശിച്ചുപോയിരുന്നു. ഇന്നലെവരെ ഞാൻ നിത്യവും നോക്കിയിരുന്നത് എന്റെ മനസ്സിൽത്തന്നെയുള്ള ചിത്രമായിരുന്നു. അച്ഛനുപയോഗിച്ചിരുന്ന കല്ലുളികൾക്കുവേണ്ടി ഞാൻ പരതി. ഇല്ല അതാരോ കൊണ്ടുപോയിരുന്നു. മോഷണമല്ല, അച്ഛനെ സംസ്‌കരിച്ചിടത്ത് ഉയർന്നേയ്ക്കാവുന്ന സ്മാരക മന്ദിരത്തിൽ പ്രതിഷ്ഠിക്കാനായി കൊണ്ടുപോയതാവണം. ജീവിക്കുമ്പോൾ നാട്ടിൽനിന്ന് ഓടിയ്ക്കുകയും മരിച്ചുപോയാൽ സ്മാരകമുണ്ടാക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം. ഇനി അച്ഛൻ എന്റെ മനസ്സിലാണ് ജീവിക്കുക. അച്ഛന്റെ രൂപം മനസ്സിൽ കൊത്തിയെടുക്കാൻ എനിക്കൊരു കല്ലുളി ആവശ്യമില്ല. അച്ഛന്റെ സ്മരണ നിലനിർത്താൻ എനിയ്‌ക്കൊരു സ്മാരകവുമാവശ്യമില്ല.

വീടിന്റെ ചായ്പിൽ അച്ഛൻ പരുക്കൻ കരിങ്കല്ലുകളെ ഭംഗിയുള്ള ശില്പങ്ങളാക്കി മാറ്റുമ്പോൾ ഞാൻ ചെറിയ കല്ലുകളെടുത്ത് അച്ഛന്റെ അടുത്തിരുന്ന് കൊച്ചു പ്രതിമകളുണ്ടാക്കാൻ ശ്രമിക്കും. പലപ്പോഴും അച്ഛൻ എന്താണുണ്ടാക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ കുറേ നേരം നോക്കിയിരിക്കും. ജോലിയെടുക്കുന്നതിനിടയിൽ ആരും സംസാരിക്കുന്നത് അച്ഛന് ഇഷ്ടമല്ല. ഇടയ്ക്ക് അച്ഛൻ ഉളിയും ചുറ്റികയും നിലത്തുവച്ച് അമ്മ കൊണ്ടുവന്നുവച്ച മൊന്തയിൽനിന്ന് വെള്ളമെടുത്തു കുടിക്കും. തൊണ്ടയിലെ മുഴ താഴ്ന്നും പൊങ്ങിയും അച്ഛൻ വെള്ളം കുടിക്കുന്നതു കഴിയാൻ ഞാൻ കാത്തുനിൽക്കും. വെള്ളം കുടിച്ച് മൊന്ത താഴത്തു വച്ചാൽ ഞാൻ എന്റെ സംശയം ചോദിക്കുന്നു.

'അച്ഛൻ എന്താണ്ടാക്കണത്?'

'ഞാനോ?' എന്റെ മുഖത്ത് ഉറ്റുനോക്കി എനിക്ക് കാര്യങ്ങൾ മനസ്സിലാവാൻ മാത്രം പ്രായമായോ എന്ന സംശയത്തോടെ അച്ഛൻ പറഞ്ഞു. 'ഞാനുണ്ടാക്കണത് മറ്റുള്ളോരുടെ സ്വപ്നങ്ങളാണ്.'

'മറ്റുള്ളോരടെ സ്വപ്നങ്ങളോ? അതെങ്ങിന്യാ അച്ഛന് മനസ്സിലാവ്ണത്?'

'അതു മനസ്സിലാവുന്നോരേ ശരിക്കും കലാകാരന്മാരാവുന്നുള്ളു. മറ്റുള്ളോരെല്ലാം വെറും കൊത്തുപണിക്കാർ മാത്രാണ്.'

കുറച്ചുകൂടി വലുതായപ്പോൾ ഇതെനിയ്ക്കു ധാരാളം സംശയങ്ങൾ ഉണ്ടാക്കി. മറ്റുള്ളവരുടെ സ്വപ്നങ്ങളാണ് അച്ഛൻ തീർത്തുകൊടുക്കുന്നതെങ്കിൽ എന്താണ് അച്ഛന്റെ ശില്പങ്ങൾ വിൽക്കാൻ ഇത്ര പ്രയാസം? എന്തിനാണ് ആ ശില്പങ്ങൾ രാവിലെതൊട്ട് വൈകുന്നേരംവരെ തലയിലേറ്റി നടക്കേണ്ടിവരുന്നത്? എന്താണ് അച്ഛന് ഒരു കാലത്തും അർഹിക്കുന്ന പ്രതിഫലം കിട്ടാത്തത്? എന്താണ് അച്ഛനും അമ്മയും ഞാനും നിത്യദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്നത്? മറുപടിയ്ക്ക് അച്ഛന് ആലോചിക്കേണ്ടിവന്നില്ല.

'കാരണം, മോനെ, സ്വന്തം സ്വപ്നമെന്താന്ന് മനസ്സിലാവുണോര് എത്രപേരുണ്ട്?' അദ്ദേഹം കുറച്ചുനേരം ആലോചിച്ചുകൊണ്ടിരുന്നു. 'മോനെ നല്ല കലയ്ക്ക് ഒരു കാലത്തും അർഹിക്കണ പ്രതിഫലോ അംഗീകാരോ കിട്ടാറില്ല. അതങ്ങിന്യാണ്.' പിന്നെ ഉളിയെടുത്ത് ജോലി തുടങ്ങാൻ പോകുന്നതിനുമുമ്പ് അച്ഛൻ പറഞ്ഞു. 'ഏതെങ്കിലും കാലത്ത് ഏതെങ്കിലും ആൾക്കാര് ഇതിന്റ്യൊക്കെ വെല മനസ്സിലാക്കും. അച്ഛന്റെ ശില്പങ്ങൾ തേടി പല നാട്ടിൽനിന്നും അവർ വരും. അന്ന് അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടാവില്ല.'

ഇന്ന് അച്ഛന്റെ പ്രവചനം ശരിയായി വന്നു.

രാവിലെ കുളിച്ച് അച്ഛന്റെയും അമ്മയുടെയും അവസാനവിശ്രമസ്ഥാനത്ത് പോയി പ്രാർത്ഥിച്ചു. അവരോട് വിട പറഞ്ഞു. എനിയ്ക്കു ജന്മംതന്ന് എന്നെ പറക്കമുറ്റുന്നതുവരെ നോക്കി വളർത്തിയവർ. എന്റെ യാത്രയുടെ അന്ത്യംവരെ അവരുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വയ്യല്ലൊ.

ഇനി? എന്റെ കൊച്ചു വീടിന്റെ എതിർവശത്തുള്ള മാളികയിലാണ് ഞങ്ങളുടെ ജന്മിമാർ താമസിച്ചിരുന്നത്. ഒരു കാലത്ത് ഞങ്ങൾ താമസിച്ചിരുന്ന വീടും പറമ്പുമെല്ലാം അവരുടേതായിരുന്നു. പിന്നെ വീടും ചുറ്റുമുള്ള പത്തുസെന്റ് സ്ഥലവും ഞങ്ങൾക്കു സ്വന്തമായി കിട്ടിയപ്പോൾ അവർ സ്വയം ജന്മിസ്ഥാനം ഒഴിഞ്ഞു. എങ്കിലും ഞങ്ങളുടെ മനസ്സിൽ നിന്നൊഴിയാൻ അവർ വിസമ്മതിച്ചു. ഞങ്ങൾ ഓണത്തിന് അവർക്ക് കാണിക്ക കൊടുത്തു. അവർ ഞങ്ങൾക്ക് ഓണപ്പുടവയും തന്നു. അതവരുടെയും ഞങ്ങളുടെയും അവകാശമായിരുന്നു. ജന്മാന്തരങ്ങൾ കടന്നുവരുന്ന ഒരു ഓർമ്മയുടെ വിട്ടുപോകാത്ത, അസുഖകരമെങ്കിലും ഊഷ്മളമായ ഗൃഹാതുരത്വം. അച്ഛനുണ്ടാക്കുന്ന ശില്പങ്ങൾ അവർ വല്ലപ്പോഴും വാങ്ങി. ഞാൻ വലുതായപ്പോൾ എന്റെ ആദ്യത്തെ വലിയ പ്രതിമ അവരാണ് വാങ്ങിയത്. മൂന്നടി ഉയരമുള്ള ആ പ്രതിമ അവർ അവരുടെ തളത്തിൽ ഒരു മുലയിൽ ഈട്ടിയുടെ വലിയൊരു പീഠത്തിന്മേൽ സ്ഥാപിച്ചു. ആ പീഠം ഉണ്ടാക്കിയ മൂത്താശാരിയും ഒരു കലാകാരനായിരുന്നു. ശില്പവും പീഠവും തമ്മിലുള്ള താദാത്മ്യം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു കലാകാരന് മറ്റൊരു കലാകാരനെ, അവന്റെ സൃഷ്ടിയെ മനസ്സിലായെന്നർത്ഥം. പുറത്തെ വാതിലിലൂടെ നോക്കിയാൽ കാണത്തക്കവിധത്തിലായിരുന്നു അത് സ്ഥാപിച്ചിരുന്നത്. എന്റെ ശില്പത്തിന്റെ കലാമൂല്യങ്ങളുടെ അംഗീകാരത്തേക്കാൾ എന്നോടുള്ള വാത്സല്യത്തിന്റെ പ്രതിഫലനമായിരിക്കണം അതിനു കാരണം. അവർ അതിനു തന്ന വിലയായിരുന്നു, എനിക്കു കിട്ടിയ ആദ്യത്തെ പ്രതിഫലം. തുഛമെങ്കിലും ആ സംഖ്യയും പിടിച്ച് ഞാൻ അഭിമാനപൂർവ്വം നിന്നതോർക്കുന്നു. അവരെ കാണാതെ പോകാൻ ശ്രമിച്ചപ്പോൾ മമത്വത്തിന്റെ കാന്തവീചികൾ എന്നെ പുറകോട്ടു വലിയ്ക്കയാണ്. ഞാനറിയാതെ ആ സ്‌നേഹത്തിന്റെ വാതായനങ്ങളിലൂടെ അകത്തു കടക്കുകയാണ്. അവരുടെ വാതിൽക്കൽ എത്തിയപ്പോൾ ഞാൻ സർവ്വശക്തിയുമുപയോഗിച്ച് തിരിയുകയാണ്. വയ്യ അവരെ കാണാൻ.

'എന്താ കുമാരാ?'

ഞാൻ തിരിഞ്ഞു നോക്കാൻ നിർബ്ബന്ധിതനായി. തമ്പ്രാട്ടി തുറന്ന വാതിൽക്കൽ നില്ക്കുകയാണ്. എന്നെ കണ്ടപ്പോൾ അവർക്ക് അദ്ഭുതമായി എന്നു തോന്നുന്നു. അതോ വല്ലായ്മയോ? അറിഞ്ഞുകൂടാ.

അവർ ചോദ്യമാവർത്തിച്ചു.

'ഞാൻ പോവ്വാണ്.' കൂടുതൽ പറയാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല. ഒരു കാലത്ത് അച്ഛന്റെ ഒപ്പം ശില്പങ്ങൾ വിൽക്കാൻ നടന്ന് ഉച്ചതിരിഞ്ഞ് ക്ഷീണിച്ചു വരുമ്പോൾ അവരാണ് അടുക്കള വരാന്തയിൽ വിളിച്ച് കഞ്ഞി തന്നിരുന്നത്.

അവർ കുറച്ചുനേരം ഒന്നും മിണ്ടാതെ എന്നെ നോക്കിനിന്നു. പിന്നെ സ്വരം താഴ്ത്തി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

'ഒരു നാട് മുഴുവൻ എതിരായാൽ എന്താ ചെയ്യാ കുമാരാ?'

അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. ഞാൻ ഉണ്ടാക്കിയ പ്രതിമ അവരുടെ തളത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്റെ നോട്ടം അവർ ശ്രദ്ധിച്ചുവെന്നു തോന്നുന്നു.

'തമ്പ്രാട്ടീ,' ഞാൻ പകച്ചുകൊണ്ടു ചോദിച്ചു. 'അത്?.........'

അവർ തളത്തിന്റെ മൂലയിലേയ്ക്കു നോക്കി. പിന്നെ തിരിഞ്ഞുനോക്കാനാവാതെ വാതിലടച്ചു, ഒന്നും പറയാനാവാതെ. സാവധാനത്തിൽ, പക്ഷെ ഉറച്ച മട്ടിൽ. എന്റെ മുമ്പിൽ അടയപ്പെട്ടത് മരത്തിന്റെ വാതിലല്ല. കരിങ്കല്ലിന്റെ ഒരു മതിലാണ്. ഞാൻ തിരിച്ചു നടന്നു.

ഇനി? ഇനി എങ്ങോട്ടു പോകണം. ഞാൻ ഇനി തിരിച്ചുവരാത്തവിധം നാടു വിട്ടു പോകയാണ്. അതിനുമുമ്പ്, മമത്വത്തിന്റെ ചരടുകൾ ഇനിയും വല്ലതും ബാക്കിയുണ്ടോ എന്നറിയണം. എന്റെ ശില്പങ്ങൾ ജന്മിയുടെ വീടു കഴിഞ്ഞാൽ പിന്നെയുള്ളത് അമ്പലത്തിനുള്ളിൽ മാത്രമാണ്. ബാക്കിയുള്ളവയെല്ലാം മറ്റു നാടുകളിലാണ്. പോകുന്നതിനുമുമ്പ് ആ ശില്പങ്ങൾകൂടി കാണണം. ഞാൻ നടന്നു. വഴിയിലുള്ള പരിചയക്കാർ എന്നെ നോക്കി. പരിചയത്തിന്റെ ലേശംപോലുമില്ലാത്ത ആ നോട്ടം എന്നെ സ്പർശിക്കാതെ കടന്നുപോകുന്നു, സ്ഫടികത്തിലൂടെയെന്നപോലെ. ഞാൻ കടന്നുപോയിക്കഴിയുമ്പോഴുണ്ടാകുന്ന കുശുകുശുക്കലുകൾ എന്റെ ചെവിയിലെത്തുന്നുണ്ട്. ഞാൻ തിരിഞ്ഞുനോക്കുന്നില്ല.

അമ്പലച്ചിറയും കൂത്തമ്പലവും കഴിഞ്ഞ് ഞാൻ സരസ്വതിക്ഷേത്രത്തിന്റെ നടയിലെത്തി. ഉള്ളിൽ കടന്ന് എന്റെ ശില്പങ്ങൾ അവസാനമായി ഒരിക്കൽ കാണണം. എന്നിട്ട് വേണം ഈ നാടിന്റെ പടിയിറങ്ങാൻ. ഈ നാട്ടിലേയ്ക്ക്, എന്നെ ഉപേക്ഷിച്ച നാട്ടിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല.

അകത്ത് എന്നെ കാത്തിരുന്നത് അത്ര കാമ്യമായ അറിവായിരുന്നില്ല. എന്റെ ശില്പങ്ങൾ ഒന്നടങ്കം അവിടെനിന്ന് നീക്കം ചെയ്തിരിക്കുന്നു. ചുറ്റുമതിലിൽ കലാഭംഗിയോടെ നിർമ്മിച്ച പൊത്തുകളിലാണ് ആ ശില്പങ്ങൾ വെച്ചിരുന്നത്. പൊത്തുകളിൽ വിടർന്ന താമരയുടെ മട്ടിലുള്ള ആ പീഠങ്ങൾ ഞാൻതന്നെയാണ് നിർമ്മിച്ചത്. അച്ഛന്റെയും എന്റെയും ശില്പങ്ങൾ ഇടകലർത്തി വച്ചിരിക്കയായിരുന്നു. അതിൽനിന്ന് എന്റെ ശില്പങ്ങൾ മാത്രം അപ്രത്യക്ഷമായിരിക്കുന്നു. എന്റെ ശില്പങ്ങളുണ്ടായിരുന്ന ചില പൊത്തുകളിൽ ഞാൻ പണിത പദ്മപീഠങ്ങളിൽ കലാഭംഗി തീരെയില്ലാത്ത ചില ശില്പങ്ങൾ കുടിവച്ചിരിക്കയാണ്. പുതിയ ശിൽപികളാരെങ്കിലും പണിതതായിരിക്കും. അവ അച്ഛന്റെ ശില്പങ്ങൾക്കു വെച്ച നോക്കുകുത്തിപോലെ സഹതാപമർഹിക്കും വിധം അവിടവിടെ നിലകൊണ്ടു.

ഞാൻ പുറത്തിറങ്ങി. ഇനി എനിക്കീ നാട്ടിൽനിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. ഞാൻ ജനിച്ചു വളർന്ന നാട്. എന്നെ രൂപപ്പെടുത്തിയത് ഈ നാട്ടിന്റെ ഗന്ധമാണ്, മഴയുടെ താണ്ഡവം, അറബിക്കടലിന്റെ താരാട്ട്, ഇവിടത്തെ പുല്ലിന്റെ പച്ചപ്പ്, നഗ്നപാദങ്ങളെ വേദനിപ്പിക്കാത്ത നനുത്ത തരിമണ്ണ് ഇവയെല്ലാമാണ്. അതെല്ലാം എന്റേതല്ലാതായിരിക്കുന്നു, അപരിചിതമായിരിക്കുന്നു. ഇനി എന്നെ തടയാൻ ഇവിടെ ആരുമില്ല. പോകുന്നതിനു മുമ്പ് ഒരാളെക്കൂടി കാണാനുണ്ട്. എന്നെ ഇഷ്ടപ്പെട്ടിരുന്ന എന്റെ ഗുരുനാഥൻ. അദ്ദേഹത്തോടും വിട പറയണം.

'പോവ്വാണല്ലെ?' ഗുരുനാഥൻ ചോദിച്ചു.

'അതെ, പോണ്ടിവന്നു.'

ഒരു നീണ്ട മൗനം. എന്താണ് പറയേണ്ടതെന്നറിയാഞ്ഞിട്ടല്ല, എന്തിനാണ് പറയുന്നത് എന്ന ബോധം വന്നിട്ടാണത്.

'കുമാരൻ ഇനി എന്താ ചെയ്യാൻ പോണത്?'

'എനിക്കെന്റെ കുലത്തൊഴിലുണ്ടല്ലോ? അതുകൊണ്ട് ഏതെങ്കിലും നാട്ടില് പോയി ജീവിക്കും.'

'കുമാരനും അച്ഛനെപ്പോലെ എന്തൊക്ക്യോ ഒക്കെണ്ടാക്കാറ്ണ്ടല്ലെ?'

ഞാൻ ഞെട്ടിയില്ല. എന്താണ് പറയേണ്ടത്. എന്റെ ശില്പകലയെപ്പറ്റി വാ തോരാതെ സംസാരിക്കാറുള്ള ഗുരുവാണിത്. ആ പഴയ മനസ്സിൽനിന്നുകൂടി എന്റെ കലയെപ്പറ്റിയുള്ള ഓർമ്മകൾ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഈ നാട് അതിന്റെ ഓർമ്മകളിൽനിന്ന് കുമാരൻ എന്ന ശില്പിയെ മായ്ച്ചുകളഞ്ഞിരിക്കുകയാണ്.

'ഞാനൊരു കാര്യം ചോദിക്കട്ടെ?' ഞാൻ മുരടനക്കിക്കൊണ്ട് ചോദിച്ചു.

ഗുരുനാഥൻ ഭയപ്പെടുന്നതുപോലെ തോന്നി. അദ്ദേഹം പടിക്കലേയ്ക്കു നോക്കി, പിന്നെ വീട്ടിന്റെ ഉള്ളിലേയ്ക്കും. എല്ലാവരും എന്റെ ചോദ്യങ്ങളെ ഭയപ്പെടുന്നു. അവർക്കതിനുള്ള ഉത്തരമില്ലാത്തതുകൊണ്ടായിരിക്കണം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവണമെന്നില്ല. ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കും. പക്ഷെ എന്റെ ചോദ്യം?.....

'എനിക്കൊരു അത്യാവശ്യ കാര്യണ്ട്. ഞാൻ ഇറങ്ങാൻ നില്ക്ക്വാണ്. കുമാരൻ പൊയ്‌ക്കോളു. നന്നായി വരട്ടെ.'

അദ്ദേഹം അകത്തേയ്ക്കു പോയി.

ഇനി? ഒന്നുമില്ല. ഗ്രാമത്തിനു പുറത്തേയ്ക്കുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോൾ അടുത്ത കാലം വരെ എന്റെ ഒപ്പം ജോലി ചെയ്തിരുന്നവരും സ്‌നേഹിതന്മാരെന്നു കരുതിയിരുന്നവരും നടന്നുപോയിരുന്നു. അതിൽ എന്റെ സമകാലികരും എനിയ്ക്കു പിന്നാലെ വന്നവരുമുണ്ട്. ആരും ഒന്നും ചോദിച്ചില്ല. സാധാരണ മറ്റുള്ളവരുടെ കാര്യങ്ങളറിയാനുള്ള അശ്ലീലതാല്പര്യത്തോടെ എല്ലാം ചോദിച്ചറിയാറുള്ള നാട്ടുകാരുടെ നാവ് ഇപ്പോൾ പണയപ്പെട്ടിരിക്കുന്നു. അവർ എന്നെ നോക്കി. നോട്ടം എന്നെയും കടന്ന് പോകുന്നത് നിസ്സംഗതയോടെ നോക്കി ഞാൻ നടന്നു.

ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെത്തി. ഇത് ഗ്രാമത്തിന്റെ അതിരാണ്. അതിരിൽ നിലകൊള്ളുന്ന കൂറ്റൻ ആൽമരം ആ നാടിന്റെ പ്രതീകമായി എനിയ്ക്കു തോന്നി. ഇലകളുടെ മർമ്മരം പൊഴിക്കാറുള്ള ആൽ എന്നെ കണ്ടതോടെ നിശ്ചലമായി.

ഞാൻ തലയുയർത്തി ആലിനോടു ചോദിച്ചു. ഗുരുനാഥനോട് ചോദിക്കാൻ ഓങ്ങിയതും അവസരം ലഭിക്കാതിരുന്നതുമായ ചോദ്യം.

മറുപടി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഈ നാട്ടിൽ മരങ്ങൾപോലും നാവ് പണയംവച്ചിരിക്കയാണ്. ഞാൻ തലയുയർത്തി നടന്നു, എന്റെ ശില്പങ്ങൾ ഇപ്പോഴും അവയർഹിക്കുന്ന സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആദരിക്കുന്ന മറ്റു നാട്ടുകാരുടെ അടുത്തേയ്ക്ക്. ഭാവിയിലേതോ കാലത്തേയ്ക്ക്.

ഗ്രന്ഥാലോകം - മാര്‍ച്ച് 2006