മറ്റൊരാൾ


ഇ ഹരികുമാര്‍

ദേവകി കുറേ നേരമായി പോയിട്ട്. പത്ത് മണിയ്ക്കാണെന്നു തോന്നുന്നു. ബാങ്കിൽ ഒരു ചെക്കു കൊടുക്കണം, അതു കഴിഞ്ഞ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ നിന്ന് കുറച്ചു സാധനങ്ങൾ വാങ്ങി വരുന്ന വഴി പച്ചക്കറിയും വാങ്ങണം. ഇത്രമാത്രം. അതിന് ഇത്ര സമയമെടുക്കേണ്ട കാര്യമുണ്ടോ? ഈ പറഞ്ഞ സ്ഥലങ്ങളെല്ലാംതന്നെ ഒരര കിലോമീറ്ററിനുള്ളിലാണു താനും. ഇനി വന്നാൽ തുടങ്ങുകയായി പരാതി പറച്ചിൽ. ബാങ്കിൽ ക്ലർക്ക് അവളെയും മുമ്പിൽ നിർത്തിക്കൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നെന്നോ, അല്ലെങ്കിൽ ചെക്കും വാങ്ങി വച്ച് കൗണ്ടർഫോയിൽ ഒപ്പിട്ടു തരാതെ ചായ കുടിക്കാൻ എഴുന്നേറ്റു പോയെന്നോ മറ്റൊ പറയും. അതുമല്ലെങ്കിൽ പച്ചക്കറിക്കാരന്റെ കടയിലോ ഡിപ്പാർട്ട്‌മെന്റ സ്റ്റോറിലോ ഭയങ്കര തിരക്കായിരുന്നെന്ന് പറയും. നാരായണൻ വിശ്വസിക്കാതെ വെറുതെ തലയാട്ടും. എന്താണ് അവൾ പോകുമ്പോൾ മാത്രം ഈ വക പ്രശ്‌നങ്ങളുണ്ടാകുന്നത്? സുഖമില്ലാതായതിനു മുമ്പ് അയാൾ തന്നെയല്ലെ ബാങ്കിലൊക്കെ പോയിരുന്നത്? ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവാനാണ്, പുറത്ത് ഒറ്റയ്ക്ക് പൊയ്‌ക്കോളാം എന്നു പറഞ്ഞാൽ ദേവകി സമ്മതിക്കില്ല. ഐ.സി.യുവിനു മുമ്പിലുള്ള നാലു ദിവസത്തെ കാത്തിരിപ്പിൽ അവളുടെ ധൈര്യം മുഴുവൻ വിട്ടുപോയിരുന്നു. വിശ്രമിക്കൂ, പുറത്തങ്ങിനെ പോവാറായിട്ടില്ല എന്നാണ് പറയുന്നത്.

സമയം പന്ത്രണ്ട്. അര മണിക്കൂർകൂടി കാത്തിട്ട് ആളെ കണ്ടില്ലെങ്കിൽ, സ്വന്തം വിളമ്പി ഊണു കഴിക്കാം. നാലു മരുന്നുകൾ കഴിക്കേണ്ടതാണ്. അതു കഴിഞ്ഞ് രണ്ടു മണിക്കൂർ ഉറങ്ങണം. ഒന്നര മണി കഴിഞ്ഞ് കിടന്നാൽ പിന്നെ ഉറക്കമുണ്ടാവില്ല. വൈകുന്നേരമാകുമ്പോഴേയ്ക്ക് രക്തസമ്മർദ്ദം കൂടും. കുറച്ചുനേരം പത്രത്തിൽ രാവിലത്തെ വായനയിൽ ചോർന്നുപോയ വല്ലതുമുണ്ടോ എന്നു നോക്കാം. അയാൾ പത്രവുമെടുത്ത് ഉമ്മറത്ത് കസേലയിൽ ഇരുന്നു. വീണ്ടുമൊരര മണിക്കൂർ. ദേവകിയെ കാണാനില്ല. നാരായണൻ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അടുക്കളയുടെ ഒരരികിലിട്ട മേശപ്പുറത്ത് എല്ലാം പാത്രങ്ങളിലാക്കി അടച്ചുവച്ചിരിക്കയാണ്. ഭക്ഷണത്തിന് എന്തൊക്കെയാണ് വിഭവങ്ങളെന്നത് എന്നും കഴിക്കാൻ മേശപ്പുറത്തിരിക്കുന്നതുവരെ അയാൾക്ക് അജ്ഞാതമാണ്. അയാൾ ഓരോ പാത്രവും തുറന്നുനോക്കി. സാമ്പാറ്, പയറും കൈപ്പയ്ക്കയും കൊണ്ട് അധികം എണ്ണയൊഴിക്കാതെ മെഴുക്കുപുരട്ടി, കാരറ്റ് തോരൻ. അയാൾ ഒരു പ്ലെയ്റ്റുമെടുത്ത് ഇരുന്നു.

ഊണു കഴിഞ്ഞ് പ്ലെയ്റ്റ് സിങ്കിൽ കഴുകാനിട്ട് വാഷ്‌ബേസിനിൽ പോയി കൈകഴുകി വശത്ത് തൂക്കിയിട്ട ടർക്കിഷ് ടൗവ്വലിൽ കൈ തുടച്ചു. തളത്തിലേയ്ക്ക് കടന്നപ്പോഴാണ് ദേവകി വരുന്നത് കണ്ടത്. കയ്യിൽ തൂക്കിപ്പിടിച്ച സഞ്ചി. പിന്നിൽ ആരോ ഒരാൾ ഉണ്ട്. പത്തമ്പതു വയസ്സു പ്രായമുള്ള ഒരാൾ. മുമ്പിൽ അല്പം കഷണ്ടി. തലമുടി കുറേശ്ശെ നരച്ചു തുടങ്ങിയിട്ടുണ്ട്. അയാളുടെ രണ്ടു കയ്യിലും ഓരോ സഞ്ചിയുണ്ട്. അതാരാണെന്ന് നാരായണന്ന് മനസ്സിലായില്ല. എവിടെയോവച്ച് കണ്ടപോലെ. എവിടെയാണെന്ന ഓർമ്മ വരുന്നില്ല.

അവർ മിറ്റത്തുകൂടെ സംസാരിച്ചുകൊണ്ട് നടന്നുവന്നു. പൂമുഖത്തേയ്ക്കു കയറി, തളത്തിലേയ്ക്കുള്ള വാതിൽ തുറക്കാനായി ദേവകി കൈസഞ്ചിയിൽനിന്ന് താക്കോലെടുത്തു. അപ്പോഴാണവൾ കാണുന്നത്. വാതിൽ തുറന്നു കിടക്കുന്നു. അപ്പോൾ അകത്തുനിന്നു വന്ന് വാതിൽക്കൽ നിൽക്കുന്ന നാരായണനെ അവൾ തീരെ പരിചയമില്ലാതെ നോക്കി, പിന്നെ തിരിച്ച് ഇടതുവശത്ത് ഒപ്പം തൊട്ടുതൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന പുരുഷനെ ഒരു ചോദ്യത്തോടെ നോക്കി. അയാളും വാതിൽക്കൽ അവർക്കഭിമുഖമായി നിൽക്കുന്ന മനുഷ്യനെ അദ്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു.

'എന്താണിത്ര വൈകീത്?' ഉത്തരം അറിയാമെങ്കിലും അയാൾ ആ ചോദ്യംതന്നെ എപ്പോഴും ചോദിച്ചു. പിന്നെ ഒപ്പമുള്ള ആൾ ആരാണെന്ന മട്ടിൽ അയാളെ നോക്കുകയും ചെയ്തു. അവർ രണ്ടുപേരും മറുപടിയൊന്നും പറയാതെ അതേ മുഖഭാവത്തോടെ നാരായണൻ മാറിക്കൊടുത്ത വഴിയിലൂടെ തളത്തിലേയ്ക്കു കടന്നു. അവർ നേരെ അകത്തേയ്ക്കു പോവുകയാണ്. എന്തൊരു മര്യാദയാണിത്? പരിചയമില്ലാത്ത ഒരാളെ ഒപ്പം കൊണ്ടുവരുമ്പോൾ ഒന്ന് പരിചയപ്പെടുത്തുകയെങ്കിലും വേണ്ടെ? ഇനി വല്ല തമാശയുമാണ് ഇതെന്നുണ്ടോ? വളരെ അടുത്ത ബന്ധുക്കളാരെങ്കിലുമാണോ ആവോ? തന്റെ ഓർമ്മയിൽ നിന്ന് തല്ക്കാലം വിട്ടുപോയ വല്ലവരും?

നാരായണൻ അവരുടെ പിന്നാലെ നടന്നു. അവർ നേരെ അടുക്കളയിലേയ്ക്കാണ് പോയത്. സാധനങ്ങളെല്ലാം നിലത്തു വച്ചശേഷം ദേവകി വാഷ്‌ബേസിനിൽ പോയി കൈകഴുകി വന്നു.

'ഇനി ഊണു കഴിച്ചിട്ടാവാം ഒക്കെ എടുത്തുവയ്ക്കല്, നാരാണേട്ടാ.' ദേവകി ഒപ്പം വന്ന ആളുടെ നേരെ നോക്കിക്കൊണ്ടാണതു പറഞ്ഞത്.

അപ്പോൾ അയാളുടെ പേരും നാരായണൻ എന്നു തന്നെയാണ്. അയാൾ കുറിച്ചു വച്ചു. ദേവകി രണ്ടു പ്ലെയ്റ്റുകൾ എടുത്തു. തന്റെ നേരെ നോക്കി ചോദിച്ചു. 'ഊണു കഴിക്കുന്നോ?'

തീരെ പ്രതീക്ഷിക്കാതെ ഭക്ഷണസമയത്തു കയറിവന്ന ഒരാളോട് എന്നപോലെയാണവൾ ചോദിച്ചത്. അവളുടെ മുഖത്ത് അപ്പോഴും പരിചയത്തിന്റെ സൂചനപോലുമില്ല. എന്തു കളിയാണിത്? അയാൾ പറഞ്ഞു.

'എന്റെ ഊണു കഴിഞ്ഞു.'

അവൾ കയ്യിലെടുത്ത പ്ലെയ്റ്റുകൾ മേശപ്പുറത്തു വച്ച് കൊണ്ടുവന്ന സഞ്ചികളിൽ നിന്ന് സാധനങ്ങൾ പുറത്തേയ്‌ക്കെടുക്കുകയായിരുന്ന മനുഷ്യനോട് പറഞ്ഞു.

'വരൂ നാരാണേട്ടാ, ഇനി കഴിച്ചിട്ടുമതി ബാക്കിയൊക്കെ. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറില് നിക്കുമ്പോത്തന്നെ പറഞ്ഞതല്ലേ വെശക്ക്ണൂന്ന്?'

അയാൾ കൈകഴുകിവന്ന് ദേവകിയുടെ അടുത്തിരുന്നു. അവർ രണ്ടുപേരും ഊണുകഴിക്കാൻ തുടങ്ങി. ഒരപരിചിതന്റെ മുമ്പിൽ സംസാരിക്കാൻ വിഷമമുള്ളപോലെ അവർ കുറച്ചുനേരം നിശ്ശബ്ദരായി ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ദേവകിയാണ് തുടങ്ങിയത്.

'നമ്മൾ ഒരു സാധനം വാങ്ങാൻ മറന്നില്ലേ നാരാണേട്ടാ.'

'എന്താ?' അയാൾ ചോദിച്ചു.

'തുവരപ്പരിപ്പ്. അതവസാനാ ഓർമ്മ വന്നത്, അതോണ്ട് നമ്മള് ലിസ്റ്റിലെഴുതീല്ല്യ. ഇപ്പൊ സാമ്പാറ് എടുത്തപ്പഴാ ഓർമ്മ വന്നത്.'

'ഞാൻ തന്ന്യാ ഓർമ്മിക്കാംന്ന് പറഞ്ഞത്. ഭംഗ്യായി മറക്കൂം ചെയ്തു.' ആ മനുഷ്യൻ ക്ഷമാപണ സ്വരത്തിൽ പറഞ്ഞു.

'സാരംല്ല്യ, നിങ്ങള് വൈകീട്ട് നടക്കാനെറങ്ങുമ്പോ വാങ്ങിക്കൊണ്ടന്നാ മതി.'

'അപ്പഴേയ്ക്ക് ഇനിം വല്ലതും മറന്ന്ട്ട്‌ണ്ടോന്ന് ആലോചിച്ച് വെക്ക്.'

നാരായണൻ ഈ സംസാരം ശ്രദ്ധിക്കുകയായിരുന്നു. ഇത് ഈ വീട്ടിൽ സംഭവിക്കാവുന്നതല്ല എന്നാണയാൾക്കു പെട്ടെന്നു തോന്നിയത്. ഇത് മറ്റാരുടേയോ വീടാണ്. താനായിരുന്നെങ്കിൽ ആദ്യത്തെ വാചകത്തിനു തന്നെ ചാടിക്കളിക്കും. ഒരു സാധനം വാങ്ങാൻ മറന്നില്ലേ എന്നെങ്ങാൻ ദേവകി ചോദിച്ചാൽ മതി, തനിക്ക് ഉടനെ ദേഷ്യം പിടിക്കും. പിന്നെ മറുപടി ഇതായിരിക്കും. 'അവതരണൊന്നും ഇല്ല്യാതെ എന്തു സാധനാണ്ന്ന് ഒന്ന് പറഞ്ഞു തൊലച്ചൂടെ?' കല്യാണം കഴിഞ്ഞ് ഇപ്പോൾ വർഷം മുപ്പതു കഴിഞ്ഞു. ഒരിക്കലും മാറ്റമില്ലാതെ ആവർത്തിക്കുന്ന ഒരു സംഭാഷണമാണത്. പക്ഷേ ഈ മനുഷ്യൻ ആരാണ്? എന്തിനയാൾ തന്റെ ഭാര്യയുടെ ഒപ്പം വന്നു? അല്ലെങ്കിൽ ഇതു തന്റെ ഭാര്യതന്നെയാണോ, ഇത് തന്റെ വീടും? നാരായണൻ എന്തോ പറയാൻ ശ്രമിച്ചു. എന്താണ് ഇതിനർത്ഥം, എന്താണ് എന്നോട് സംസാരിക്കാത്തത് എന്നൊക്കെ പറയാനാണ്. പക്ഷേ ഓരോ പ്രാവശ്യം സംസാരിക്കാൻ മുതിരുമ്പോഴും ദേവകി മുഖം തിരിച്ച് ആ അപരിചിതനോട് എന്തെങ്കിലും സംസാരിക്കും. സംസാരിക്കുന്നതൊക്ക വീട്ടുകാര്യങ്ങളാണ്. ആരുടെ വീട്ടുകാര്യങ്ങൾ? താനില്ലാതെ ദേവകിയ്ക്ക് എന്തു വീട്ടുകാര്യം? അവരുടെ സംസാരം ഒരടച്ചിട്ട മുറിപോലെ അപ്രാപ്യമാണ്. തനിക്കതിൽ കടന്നുകയറാൻ പറ്റുന്നില്ല. ഒരു പഴുതുനോക്കി ചുറ്റും നടന്ന്, അവസാനം ക്ഷീണിച്ച് അയാൾ ഒരു കസേലയിൽ ഇരുന്നു.

ദേവകിയുടെ ഒപ്പം വന്ന ആൾ ഭക്ഷണം കഴിഞ്ഞപ്പോൾ പ്ലെയ്റ്റ് എടുത്ത് സിങ്കിൽ കൊണ്ടുപോയി കഴുകിവച്ചു. തിരിച്ചുവന്ന് കൂട്ടാന്റെയും മെഴുക്കുപെരട്ടിയുടെയും പാത്രങ്ങൾ അടച്ചു ഫ്രിജ്ജിൽ വച്ചു. ചോറ് കുറച്ചു ബാക്കിയുണ്ടായിരുന്നത് ഒരു ചെറിയ പാത്രത്തിലാക്കി ഫ്രിജ്ജിൽ സ്ഥലമുണ്ടാക്കി വച്ചു. ഒരു തുണിയെടുത്തു മേശ തുടച്ചു വൃത്തിയാക്കി. എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ അപരന് ഒട്ടും തപ്പലുണ്ടായില്ല. എത്രയോ കാലമായി ചെയ്തിരുന്ന ഒരു കർമ്മമെന്ന നിലയിലാണ് അയാൾ എല്ലാം ചെയ്യുന്നത്. ദേവകി സിങ്കിലുണ്ടായിരുന്ന പാത്രങ്ങൾ കഴുകിയെടുക്കുകയാണ്.

നാരായണൻ ഒരു പക്ഷേ ആദ്യമായിട്ടാണ് ഇതു കാണുന്നത്. കാരണം ഊണു കഴിഞ്ഞാൽ അയാൾ ഉണ്ട പ്ലെയ്റ്റുകൂടി എടുക്കാതെ നേരെ വാഷ്‌ബേസിനിൽ പോയി കൈകഴുകി പൂമുഖത്തുപോയി കസേലയിലിരുന്ന് ഒരു സിഗററ്റ് കൊളുത്തുകയാണ് പതിവ്. പിന്നെ അടുക്കളയിൽ എന്താണ് നടക്കുന്നത് എന്ന് ദേവകിയ്ക്കു മാത്രം അറിയുന്ന കാര്യങ്ങളാണ്. ഒരു പക്ഷേ താൻ വളർന്നുവന്ന ചുറ്റുപാടുകൾ അങ്ങിനെയായതുകൊണ്ടായിരിക്കാം. അമ്മ ആൺമക്കളെ അടുക്കളയിലേയ്ക്ക് കടത്തിയിരുന്നില്ല. അയാൾ പൂമുഖത്തേയ്ക്ക് നടന്നു, കസേലയിലിരുന്ന് ഒരു സിഗററ്റിനു തീ കൊടുത്തു. ഉച്ചയ്ക്കുള്ള വലി ഇപ്പോൾ കുറച്ചുകാലമായി നിർത്തിയിരിക്കയാണ്. സിഗററ്റ് എടുക്കുന്നതു കണ്ടാൽ ദേവകി ഓർമ്മിപ്പിക്കും. 'നോക്കൂ നാരാണേട്ടാ ഡോക്ടറെന്താ പറഞ്ഞത്ന്ന് ഓർമ്മല്ല്യേ?' ഇന്നവൾ ശ്രദ്ധിക്കുന്നില്ല. വീട്ടിലെവിടെനിന്നു വലിച്ചാലും മണംപിടിച്ച് ദേവകി എത്താറുള്ളതാണ്. ഇന്ന് താനെന്ന ഒരു വ്യക്തിയുടെ സാന്നിദ്ധ്യംകൂടി അവൾ തിരിച്ചറിയുന്നില്ല.

അവർ രണ്ടുപേരുംകൂടി സഞ്ചിയിൽനിന്ന് സാധനങ്ങൾ പുറത്തെടുക്കുകയാണെന്ന് നാരായണനു തോന്നി. അകത്തുനിന്നുള്ള ശബ്ദങ്ങൾ അടുപ്പത്തിന്റേതാണ്. ക്രമേണ നാരായണന് സ്വയം ഒരന്യനായി തോന്നിത്തുടങ്ങി. താൻ എവിടെയോ ഒക്കെ പാകമാവാത്ത പോലെ. പുറത്ത് ഉച്ചവെയിൽ കത്തുകയാണ്. അതിന്റ ചൂട് മുഖത്തേയ്ക്ക് ആളുകയാണ്.

അവർ തളത്തിലെത്തിയിരിക്കുന്നു. സംസാരം കേൾക്കാനുണ്ട്. എന്തുകൊണ്ട് താൻ പ്രതിഷേധിക്കുന്നില്ല എന്നാണ് നാരായണൻ ആലോചിച്ചിരുന്നത്. പക്ഷേ അവരുടെ പെരുമാറ്റത്തിന്റെ സ്വാഭാവികത അയാളെ തളർത്തുകയായിരുന്നു. അയാൾ ഒന്നും ചെയ്യാനാകാതെ മരവിച്ച് ഇരിക്കയാണ്.

'എനിക്കൊന്ന് നടു നിവർത്തണം.' തളത്തിൽ നിന്ന് ദേവകിയുടെ ശബ്ദം.

'കെടക്കാം, എനിക്കും കൊറച്ചുനേരം കെടക്കണം.' അപരൻ.

പിന്നെ ശബ്ദം കുറഞ്ഞുപോയതുകൊണ്ട് ദേവകി എന്താണ് പറഞ്ഞതെന്ന് നാരായണന് മനസ്സിലായില്ല.

'ശരി, എന്നാൽ വാതിലടച്ചോളൂ.' അപരന്റെ മുഴങ്ങുന്ന ശബ്ദം ഒരു നീണ്ട ഇടനാഴികയിലെന്നപോലെ മാറ്റൊലികൊണ്ട് വന്നു.

പ്രജ്ഞയുടെ ഏതോ കാണാത്തലത്തിൽ കൊത്തുപണികളുള്ള ഒരു വാതിൽ ശബ്ദത്തോടെ അടയ്ക്കപ്പെട്ടു. കാലത്തിന്റെ അവസ്ഥാന്തരങ്ങളിൽ അതിന്റെ ശബ്ദം അലയടിച്ചു വന്നുകൊണ്ടേയിരുന്നു. ചിത്രത്തൂണുകളുള്ള അപരിചിതമായ ഏതോ ഒരു പൂമുഖത്ത് അയാൾ ഏകനായി നിൽക്കുകയാണ്, ഒന്നും പ്രതീക്ഷിക്കാനില്ലെന്ന അറിവോടെ.

കലാകൗമുദി ഓണപ്പതിപ്പ് - 2004