ഫോണിന്റെ മറുഭാഗത്ത്


ഇ ഹരികുമാര്‍

ഒത്തുകൂടൽ ഇങ്ങിനെയൊക്കെയായിരിക്കുമെന്ന് പാർവ്വതിക്കറിയാം. ഒരിക്കലും ഒത്തുചേരാൻ സാധ്യതയില്ലാത്ത കുറെ വ്യക്തികൾ, ബുദ്ധിപരമായ അഭ്യാസങ്ങൾ, അതിനിടയിൽ ലൈംഗികതയുടെ ഒരന്തർധാരയും. ചിത്രയുടെ ഫോൺ സന്ദേശം വളരെ ഹ്രസ്വമായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് വീട്ടിൽ വരണം. നമുക്കെല്ലാം മുറ്റത്തെ മാവിൻ ചോട്ടിൽ ഒത്തുകൂടാം. എന്തിന് എന്നു ചോദിച്ചില്ല, ആരൊക്കെയുണ്ടാവുമെന്നും. ആ മാവിൻചുവട് പാർവ്വതിയ്ക്കിഷ്ടമാണ്. എത്രയോ സായാഹ്നങ്ങൾ ചിത്രയുമായി മണിക്കൂറുകൾ സംസാരിച്ചിരുന്നിട്ടുണ്ട്. ഇപ്പോൾ ആ മാവിൻചുവടിന്റെ ദുരുപയോഗമല്ലേ ഉണ്ടാവുക എന്ന ഭയം. ഇവിടെ വന്നപ്പോഴാണ് ഒത്തുകൂടലിന്റെ വ്യാപ്തിയും അപകടസാധ്യതകളും അറിയുന്നത്. ഇന്ന് ഏഴു മണിക്കാണ് റേഡിയോവിലെ ഫോണിൻ പരിപാടി. അതിനുമുമ്പ് സ്റ്റുഡിയോവിൽ എത്തണം. പാർവ്വതി വാച്ചു നോക്കി. അഞ്ചരയാവുന്നേയുള്ളൂ. ഇനി ഒരു മണിക്കൂർ കൂടി പീഡനം സഹിക്കാൻ സമയമുണ്ട്.

കഴിഞ്ഞ ഒരു മണിക്കൂറായി ബിസിനസ്സുകാരനായ ദേവൻ സെൽഫോണും ചെവിയിൽ വച്ച് നടക്കുകയാണ്. ഒടുങ്ങാത്ത സംസാരം. ഒന്നു കഴിഞ്ഞ് കസേലയിൽ വന്നിരുന്നാൽ ഉടനെ ഫോൺ അടിക്കുന്നു. മുമ്പിലുള്ള പ്ലെയ്റ്റിൽ നിന്ന് ഒരു വടയോ ഒരു കുടന്ന മിക്‌സ്ചറോ എടുത്ത് അയാൾ എഴുന്നേൽക്കുന്നു. പിന്നെ നടത്തമാണ്. സംസാരം കഴിഞ്ഞാൽ ഉടനെ അയാൾ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർക്കുന്നു. അയാൾ ആരോടാണ് ഒത്തുകൂടുന്നതെന്ന് വ്യക്തമല്ല. ഇവിടെ കൂടിയ ആരുമായുമല്ല. അയാളുടെ സ്ഥൂലമായ ശരീരം കസേലയുടെ നാലതിരുകൾ കവിഞ്ഞു നിൽക്കുന്നത് പാർവ്വതി നോക്കിയിരിക്കും.

ചിത്രകാരൻ താടിയുഴിഞ്ഞുകൊണ്ട് സംസാരിക്കുകയാണ്. രവിവർമ്മ എത്രത്തോളം മോശപ്പെട്ട ചിത്രകാരനാണെന്ന് അദ്ദേഹം യൂറോപ്യൻ ചിത്രകലയുടെ പശ്ചാത്തലത്തിൽ സമർത്ഥിക്കുകയാണ്. യൂറോപ്പിൽ പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ നവോത്ഥാനമാണ് വിഷയം. അവിടെ ചിത്രകാരന്മാർ പലതരം പരീക്ഷണങ്ങൾ നടത്തിയപ്പോൾ ഇവിടെ രവിവർമ്മ ശിവകാശി കലണ്ടറിനു പാകത്തിൽ ചിത്രങ്ങൾ വരച്ചുണ്ടാക്കുകയായിരുന്നു. റെനുവാ, വാൻ ഗോഗ്, മ്യുൻഷ്, എന്നീ പേരുകൾ നിർല്ലോഭം നിരത്തപ്പെട്ടു. ഇംപ്രഷണിസം, എക്‌സ്പ്രഷണിസം, ഫോവിസം, സർറിയലിസം.... ഭീകരമായ വാക്കുകൾ നിഷ്‌കരുണം എടുത്തെറിയപ്പെട്ടു. അതിനിടയിൽ, മുമ്പിൽ കൊണ്ടു വന്നു വച്ച പ്ലെയ്റ്റുകളിൽ നിന്ന് വടയും കട്‌ലറ്റും കേൾവിക്കാരുടെ കൈകളിൽ അപ്രത്യക്ഷമാകുന്നതു കണ്ടപ്പോഴുണ്ടായ തത്രപ്പാടിൽ ചിത്രകല തൽക്കാലം നിർത്തിവച്ച് അദ്ദേഹം മുമ്പിലുള്ള പ്ലെയ്റ്റുകളിൽ ശ്രദ്ധ ചെലുത്തി. അഞ്ചു മിനിറ്റു നേരത്തേയ്ക്ക് ലഭിച്ച അപൂർവ്വാവസരത്തെ മുതലെടുക്കാനായി മുമ്പിലുള്ള വിഭവങ്ങളോട് നേരത്തെ തന്നെ സാമാന്യം നീതി പുലർത്തിക്കഴിഞ്ഞ കഥാകൃത്തും കവയിത്രിയും നിരൂപകനും മുന്നോട്ടുവന്നു. കഥാകൃത്ത് ആദ്യറൗണ്ടിൽത്തന്നെ നുഴഞ്ഞുകയറ്റത്തിൽ നിന്ന് നിഷ്‌കരുണം പിൻതള്ളപ്പെട്ടപ്പോൾ കവയിത്രിയും നിരൂപകനും വിടാതെ മുന്നേറുകയും ചുറ്റും ഇരുന്നവരിൽ പപ്പാതി പേരെ ശ്രോതാക്കാളായി ഭാഗിച്ചെടുത്ത് അവരവരുടെതായ രാജ്യമുണ്ടാക്കുകയും ചെയ്തു. ഒരു ഭാഗത്തുനിന്ന് സ്റ്റീഫൻ സ്‌പെന്റർ, ഓഡൻ, എൻകൗണ്ടർ എന്നീ പേരുകൾ ആധികാരികമായി ഉയർന്നു കേട്ടപ്പോൾ മറുഭാഗത്തുനിന്ന് ഉമ്പർട്ടോ എക്കോ, ദരിദ, ഫ്യൂക്കോ എന്നീ ശബ്ദങ്ങൾ കേൾവിക്കാരെ എന്തെന്നില്ലാതെ തളർത്തുന്നുണ്ടായിരുന്നു. കേൾവിക്കാർ നഷ്ടപ്പെട്ടതും നാലു വടയും മൂന്ന് കടലറ്റും മിക്ചറും ലഭിച്ചതും തുലനം ചെയ്ത് നഷ്ടം നഷ്ടം തന്നെയാണെന്ന് ബോധ്യപ്പെട്ട ചിത്രകാരൻ അല്പമൊരു വിഷമത്തോടെ പിക്കാസോ, ഗൂർണിക്ക, ദാലി തുടങ്ങിയ ആയുധങ്ങളുമായി ഒരു തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് നോവലിസ്റ്റ് കുറച്ചുറക്കെ ചോദിച്ചത്.

'സ്‌കോർ എത്രയായി?'

അതോടെ ബുദ്ധിജീവികൾ ഒന്നടങ്കം അടിതെറ്റി വീഴുകയും ഇരിപ്പിടങ്ങളും മറ്റും മറിച്ചിട്ട് ആതിഥേയയുടെ സ്വീകരണമുറിയിലേയ്ക്ക് ഇരച്ചുകയറുകയും ചെയ്തു. ചിത്രയുടെ എഴുപതു വയസ്സായ അമ്മമ്മ സീരിയൽ കണ്ടുകൊണ്ടിരിക്കയായിരുന്നു. ചിത്രയുടെ അമ്മ, വരാൻ പോകുന്ന വിപത്ത് മുൻ കൂട്ടിയറിഞ്ഞ് വീടും കാര്യങ്ങളും മകളുടെ അപടുകരങ്ങളിലേൽപ്പിച്ച് നേരത്തെ സ്ഥലം വിട്ടിരുന്നു. ആ വൃദ്ധ ഒന്നു പകച്ചു നിന്നശേഷം ജീവനും കൊണ്ട് അകത്തേയ്ക്ക് ഓടിപ്പോയി. സ്വീകരണമുറി ഏറ്റെടുക്കൽ രക്തരഹിതവും പൂർണ്ണവുമായിരുന്നു. ടി.വി.യിൽ ചാനൽ നിഷ്‌കരുണം മാറ്റപ്പെട്ടു.

പാർവ്വതി അകത്തേയ്ക്കു പോയില്ല. അവൾ ഒറ്റയ്ക്ക് ഒരു കസേലയിൽ ഇരുന്നു. തുല്യ ദുഖിതയായ ചിത്ര പുറത്തേയ്ക്ക് വന്ന് അടുത്തുള്ള കസേല നീക്കിയിട്ട് ഇരുന്നു.

'പാർവ്വതിയെന്താ ഇവ്‌ടെ ഒറ്റയ്ക്കിരിക്കണത്?'

'എനിക്കാ കളി തീരെ ഇഷ്ടംല്ല്യ.'

'ക്രിക്കറ്റ് ഇഷ്ടല്ലാന്ന് പറേണതന്നെ പാപാണ്ന്നാ ഞാനിത്രെം കാലം വിചാരിച്ചീര്ന്നത്. നടാട്യാണ് ഞാനൊരാളെ കാണ്‌ണ്ത്. ഇനി എനിക്കും ധൈര്യായിട്ട് പറയാലോ ഈ കുട്ടീം കോലും കളി എനിക്കും ഇഷ്ടല്ല്യാന്ന്.'

'നമുക്ക് ഇഷ്ടല്ല്യാത്തത് ഇഷ്ടല്ല്യാന്ന്തന്നെ പറഞ്ഞൂടെ?'

'പാർവ്വതിയ്ക്ക് എത്ര മണിക്കാണ് ഫോണിൻ പരിപാടി?'

'ഏഴിന്.....'

'റേഡിയോസ്റ്റേഷനിൽ പോണോ?'

'ഏയ് ഇവിടെ അടുത്ത് തന്ന്യാണ്. അവിട്യാണ് പരസ്യക്കമ്പനീടെ ഓഫീസും സ്റ്റുഡിയോവും.'

'ഞാൻ ഒന്നു രണ്ടു തവണ പാർവ്വതീടെ പ്രോഗ്രാം കേട്ടിട്ട്ണ്ട്. നല്ല പ്രോഗ്രാമാണ്. പക്ഷേ എന്നും കേൾക്കാൻ എവിടെ സമയം? അമ്മ ടി.വീല് വരണ ഫോണിൻ പ്രോഗ്രാമൊക്കെ കാണും. നല്ല രസാ കാണാൻ.'

പ്രോത്സാഹനത്തിനു നന്ദി. പാർവ്വതി വിചാരിച്ചു. ഈ പ്രോഗ്രാം നമ്മളെപ്പോലുള്ളവർക്കുള്ളതല്ലല്ലോ. ഇതിൽ ഗ്ലാമറില്ല. തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഇളകിയാടി വർത്തമാനം പറയുന്ന അവതാരകമാരില്ല. വെറും ശബ്ദങ്ങൾ മാത്രം, അതുതന്നെ പലപ്പോഴും ആശാവഹമല്ലാത്ത ശബ്ദങ്ങൾ.

'നമ്മുടെ ദേവിക ഇതുവരെ വന്നില്ലല്ലോ.' ഗെയ്റ്റിലേയ്ക്ക് നോക്കിക്കൊണ്ട് ചിത്ര പറഞ്ഞു.

'ആരാണ് ദേവിക?'

'അയ്യോ ദേവികേ അറീല്ല്യേ? ഇപ്പഴത്തെ ടി.വി. സൂപ്പർസ്റ്റാറാണ്.'

'ആ, അവളാണോ?'

'ഹോട്ട് ഫേവറിറ്റാണ്. അവൾക്ക് ഒരു മണിക്കൂറിന്റെ പരിപാടിക്ക് എത്ര്യാ കിട്ടണത്ന്നറിയോ?'

'അറിയാം.'

പതിനാലു വയസ്സിൽ ആ പെൺകുട്ടി ഇരുപത്തഞ്ചാമത്തെ വയസ്സിൽ താനുണ്ടാക്കുന്നതിന്റെ പത്തിരട്ടി ഉണ്ടാക്കുന്നു. വ്യത്യാസമുണ്ട്. ഒന്ന് ടി.വിയാണ്, മറ്റേത് റേഡിയോവും. ദ ടി.വി. കിൽഡ് ദ റേഡിയോ സ്റ്റാർ.

അകത്തുനിന്ന് ഒരു ബഹളം കേട്ടു.

'എന്തു പറ്റിയാവോ?' ചിത്ര പരിഭ്രമിച്ചു.

'ഏയ്, ടി.വീല് പ്രോഗ്രാം നിന്നതാ. കറണ്ടു പോയിരിക്കുന്നു.' പാർവ്വതി പറഞ്ഞു.

എല്ലാവരും പുറത്തേയ്ക്കു വന്നു. മിക്കവാറും എല്ലാവരുടെയും കൈയ്യിൽ മൊബൈൽ ഫോണുണ്ട്. അവർ എങ്ങിനെയെങ്കിലും കറണ്ടുള്ള വീടുകളിലേയ്ക്ക് ഫോൺ ചെയ്യാൻ ശ്രമിക്കുകയാണ്. കളി ഒരു നിർണ്ണായകഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ്......

നോവലിസ്റ്റിന്നാണ് ഭാഗ്യമുണ്ടായത്. അയാൾക്കു വീട്ടിലേയ്ക്കു കണക്ഷൻ കിട്ടി. ഭാര്യയാണ്.

'ചിത്രടെ വീട്ടീന്നാണ്. ഇവിടെ കറണ്ടു പോയി. സ്‌കോറെത്ര്യായീന്ന് പറയൂ.' അവർ അപ്പോഴപ്പോൾ വിവരം കൊടുത്തുകൊണ്ടിരുന്നു. സാവധാനത്തിൽ ചിത്രകാരന്നൊഴികെ എല്ലാവർക്കും അവനവന്റെ വീട്ടിലേയ്‌ക്കോ സ്‌നേഹിതന്മാരുടെ അടുത്തേയ്‌ക്കോ ഫോൺ ചെയ്യാൻ പറ്റി. ചിത്രകാരൻ സ്വീകരണമുറിയിൽ വച്ച ഫോണിൽ വീട്ടിലേയ്ക്ക് ഡയൽ ചെയ്യാൻ ശ്രമിച്ചപ്പോൾ ചിത്രയുടെ അമ്മ ഫോണിൽ ലോക്കൽ കാളടക്കം പാസ്സ്‌വേഡ് ഉപയോഗിച്ച് പൂട്ടിയിരുന്നതുകൊണ്ട് ഖേദിച്ചു കൊണ്ടുള്ള കമ്പ്യൂട്ടർ സന്ദേശമാണ് കിട്ടിയത്. നിരാശനായെങ്കിലും ജാള്യത മറച്ചുവച്ച് നോവലിസ്റ്റിനോടൊപ്പം നടന്ന് കാര്യങ്ങൾ ഗ്രഹിച്ചു. ചെവി നോവലിസ്റ്റിന്റെ ചെവിയോട് ചേർത്തു പിടിച്ചിരുന്നതുകൊണ്ട് അയാളുടെ ഓരോ ചലനത്തിലും ഫോൺ ചിത്രകാരന്റെ മൂക്കിന്മേലിടിച്ചു വേദനയുണ്ടാക്കി. അപ്പപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങളുടെ മൂല്യം നോക്കുമ്പോൾ ഈ വേദന നിസ്സാരമെന്നു പറയാം.

കഥാകാരന്റെ കയ്യിൽ മൊബൈൽ ഫോണുണ്ടായിരുന്നില്ല. ഇതൊരവസരമാക്കിയെടുത്ത് അയാൾ ചിത്രയും പാർവ്വതിയും നിൽക്കുന്നിടത്തേയ്ക്കു വന്നു.

'എന്തേ കളിയിൽ താല്പര്യമില്ലേ?' ചിത്ര ചോദിച്ചു.

'അത്ര വലിയ താല്പര്യമൊന്നുമില്ല.' കഥാകൃത്ത് പറഞ്ഞു. 'നാടോടുമ്പോൾ നടുവേ ഓടണമെന്നാണ്. എല്ലാവരും അകത്തേയ്‌ക്കോടിയപ്പോൾ ഞാൻ അകത്തേയ്‌ക്കോടി. എല്ലാവരും പുറത്തേയ്‌ക്കോടിയപ്പോൾ ഞാൻ പുറത്തേയ്ക്കും ഓടി. അത്രതന്നെ.'

സ്ത്രീകൾ ചിരിച്ചു. അയാൾ ചിത്രയുടെ മാറിൽനിന്നു തെന്നിപ്പോയ സാരി അനാവരണം ചെയ്ത കാഴ്ചയിൽ ആകൃഷ്ടനായി എന്തോ കാര്യമായി ചിന്തിക്കുകയാണെന്ന മട്ടിൽ നിന്നു. അയാളുടെ കണ്ണിന്റെ അനുസരണമില്ലായ്മ ചിത്ര മാത്രമല്ല പാർവ്വതിയും മനസ്സിലാക്കിയെന്നത് അയാൾക്ക് കുറച്ചു വിഷമമുണ്ടാക്കി. സ്ത്രീകൾ ശ്രദ്ധിക്കാതെ അവരുടെ സൗന്ദര്യം ആസ്വദിക്കാനുള്ള വഴികൾ കണ്ടുപിടിക്കണം. ആ നിമിഷത്തിൽ അയാളെ രക്ഷിക്കാനെന്ന മട്ടിൽ പടിക്കൽ ഒരു കാർ വന്നു നിൽക്കയും ദേവികയെന്ന പതിനാലു വയസ്സുകാരി ചാടി പുറത്തിറങ്ങുകയും ചെയ്തു. അവളുടെ അച്ഛനായിരിക്കണം മുമ്പിൽ സ്റ്റീയറിങ് വീലിനു പിന്നിലിരിക്കുന്നത്.

ആ നിമിഷത്തിലാണ് എല്ലാവരും ആർത്തു വിളിച്ചതും.

ആർപ്പുവിളി രണ്ടു കാര്യത്തിനായിരുന്നെന്ന് വഴിയേ മനസ്സിലായി. ഒന്ന് ഇന്ത്യ കുറേ കാലത്തിനു ശേഷം ഒരു മാച്ച് ജയിച്ചതിന്, രണ്ട് ദേവിക വന്നതിന്. എന്തായാലും ആവേശപ്രകടനങ്ങളുടെ മുഴുവൻ ലക്ഷ്യവും താൻതന്നെയെന്നുറപ്പിച്ച് ദേവിക വലതുകൈ ഉയർത്തി ചിരിച്ചുകൊണ്ട് നടന്നടുത്തു. അവളുടെ കരം ഗ്രഹിക്കാനുള്ള തിരക്കിൽ പങ്കാളിയാവണോ എന്ന് ഒരു നിമിഷം ശങ്കിച്ച ശേഷം അതിനായി ക്യൂ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്ന വിശ്വാസത്തിൽ താൻ തുടങ്ങിവച്ച സംസാരവും കണ്ടുകൊണ്ടിരുന്ന കാഴ്ചയും തുടരാനായി കഥാകൃത്ത് തിരിഞ്ഞു. രണ്ടു സ്ത്രീകളും സ്ഥലം വിട്ടിരുന്നു. ഇനി മുഖ്യധാരയിൽ ചേരാതെ വയ്യ. അയാൾ തിരക്കിലേയ്ക്ക് ഊളിയിട്ടു.

'ആറു മണിയ്ക്ക് എന്റെ ഇന്നലത്തെ പരിപാടിടെ റീകാസ്റ്റ്ണ്ട്, ചിത്രച്ചേച്ചി ടി.വി. ഓണാക്കു.' ദേവിക അംഗവിക്ഷേപത്തോടെ, ക്യാമറ മുന്നിലുണ്ടെന്ന മട്ടിൽ സംസാരിക്കുകയാണ്.

'കറണ്ടില്ല മോളെ.' ചിത്ര പറഞ്ഞു.

'അയ്യോ, ഇതറിഞ്ഞിരുന്നെങ്കിൽ ഞാനത് കഴിഞ്ഞിട്ടേ വരുമായിരുന്നുള്ളൂ. ഇന്നലെ ഗസ്റ്റായിട്ട് ആരായിരുന്നൂന്നറിയാമോ?'

എനിക്കു പോകേണ്ട സമയമായി. പാർവ്വതി കരുതി. ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല.

'നിനക്ക് ഞാനൊരാളെ പരിചയപ്പടുത്തിത്തരാം.' ചിത്ര അവളെ പാർവ്വതിയുടെ അടുത്തേയ്ക്ക് കൊണ്ടുവന്നു. 'ഇതാണ്, പാർവ്വതി. റേഡിയോവിൽ ഫോണിൻ പരിപാടി അവതരിപ്പിക്കുന്നു.'

'ഞാൻ ചേച്ചിയെപ്പറ്റി കേട്ടിട്ട്ണ്ട്.' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 'പരിപാടിയൊന്നും കേട്ടിട്ടില്ല. ഞങ്ങടെ വീട്ടില് റേഡിയോ ഇല്ല.'

ഉണ്ടെങ്കിൽ വെച്ചതുതന്നെ. പാർവ്വതി മനസ്സിൽ കരുതി.

അകത്തുനിന്ന് ടിവിയുടെ ശബ്ദം കേട്ടു.

ഒരാർപ്പുവിളിയോടെ വൈദ്യുതിയെ സ്വീകരിച്ച് എല്ലാവരും അകത്തേയ്‌ക്കോടി.

ദേവികയുടെ പരിപാടി തുടങ്ങിയിരുന്നു. അവൾ ദുബായിലെ ഒരു കൊച്ചു പ്രേക്ഷകയുമായി സംസാരിക്കുകയാണ്.

'എന്താണ് കുട്ടിയുടെ പേര്?'

'അനിത. 'മറുതലയ്ക്കൽ നിന്ന് സംശയിച്ചുകൊണ്ട് പറയുന്നു.

'കുട്ടി എത്രാം ക്ലാസ്സിലാണ് പഠിക്കണത്?'

'ആറാം ക്ലാസ്സിൽ.'

'വീട്ടിൽ ആരൊക്കെണ്ട്?'

'അച്ഛൻണ്ട്, അമ്മണ്ട്, ഏട്ടന്ണ്ട്....... ഇന്നെന്റെ ബർത്ത്ഡ്യാണ്.'

'അത്യോ? ഹാപ്പി ബർത്ത് ഡേ. എന്തൊക്കെ സമ്മാനം കിട്ടി?'

'സിൽക്ക് ലാച്ച, പിന്നെ എന്റെ മുറീല് ഒരു ടി.വിം.'

'കോളടിച്ചല്ലോ? അപ്പോ ചേട്ടന് അസൂയായിട്ടുണ്ടാവും അല്ലെ?'

'ഊം, ങും. ചേട്ടന് കമ്പ്യൂട്ടറ്ണ്ട്...............'

പാർവ്വതി എഴുന്നേറ്റു. 'ഞാൻ പോണു.' അവൾ ചിത്രയോടു പറഞ്ഞ് പുറത്തിറങ്ങി. മറ്റാരും അവളുടെ അഭാവം ശ്രദ്ധിക്കാൻ പോകുന്നില്ല.

ബസ്സ് സ്റ്റോപ്പിലേയ്ക്കു നടന്നു. ഓട്ടോ പിടിക്കാൻ തോന്നിയില്ല. എന്തുകൊണ്ടോ അവൾ റേഡിയോവിലെ ഫോണിൻ പരിപാടിയിൽ ഫോൺ ചെയ്യാറുള്ള പെൺകുട്ടികളെ ഓർത്തു. അധികവും പെൺകുട്ടികളാണ് വിളിക്കാറ്. തുണിക്കടകളിലും ഫോൺബൂത്തുകളിലും ജോലിയെടുക്കുന്ന പാവം കുട്ടികൾ. അല്ലെങ്കിൽ ബൂത്തിൽ പോയി ഫോൺ ചെയ്യുന്ന വീട്ടമ്മമാർ. അവർക്ക് പറയാൻ ചെറിയ കാര്യങ്ങളെ ഉള്ളൂ.

സ്റ്റുഡിയോവിൽ എല്ലാവരും തയ്യാറായി നിൽക്കയാണ്. ഏഴു മണിക്ക് സ്‌പോൺസർമാരുടെ പരസ്യങ്ങൾ കഴിഞ്ഞാൽ ഫോൺ കാളുകൾ വരാൻ തുടങ്ങുന്നു.

പരസ്യങ്ങൾ കഴിയാൻ കാത്തുനിന്നപോലെ ഫോൺ അടിച്ചു.

ബട്ടനമർത്തി പാർവ്വതി പറഞ്ഞു. 'ഹലോ....'

'ഹലോ, പാർവ്വതിച്ചേച്ചിയാണോ?' ഒരു പെൺകുട്ടിയുടെ ശബ്ദം.

'അതെ....'

'പാർവ്വതിച്ചേച്ചീ!'

'അതെ പറയൂ.'

'അപ്പോ എനിക്ക് അവസാനം പാർവ്വതിച്ചേച്ചിയെ കിട്ടീ! എന്റീശ്വരാ ഞാനെത്ര കാലായി ശ്രമിക്കുണു.'

'എന്തേ?'

'ജോലി എടുക്കണ കടേന്ന് നേരത്തെ എളുപ്പം പൊറത്തെറങ്ങാൻ പറ്റുന്നില്ല.'

'എന്താ കുട്ടീടെ പേര്?'

'എന്റെ പേരോ?'

'അതെ, എന്താ കുട്ടീടെ പേര്?'

'മാലിനീന്നാ.'

'മാലിനി എന്തു കടേലാ ജോലിയെടുക്കണത്?'

'ഞാനേയ്, ഞാനൊരു തുന്നക്കടേലാ. എട്ടു മണി വര്യാ സമയം. അതിന് മുമ്പ് എറങ്ങാൻ പറ്റില്ല. ഇന്ന് സാറില്ല. അപ്പൊ ഞാൻ ചേച്ചിയെ വിളിക്കാൻ വേണ്ടി പൊറത്തെറങ്ങീതാ. ഇനി തിരിച്ചു ചെല്ലണം. സാററിഞ്ഞാ പ്രശ്‌നാ.'

'മാലിനിക്ക് ആരൊക്കെണ്ട്?'

'അച്ഛൻ, അമ്മ, ചേട്ടൻ, പിന്നെ അനിയത്തീം.'

'അച്ഛനെന്താണ് ചെയ്യണത്?'

'അച്ഛന് വാർക്കപ്പണിയാണ്. ചേട്ടനുമതെ. അനിയത്തി പഠിക്ക്യാണ്.'

'അമ്മയോ?'

'അമ്മ്യോ?.....അമ്മ........ ചേച്ചിയ്ക്ക് വീട്ടില് ആരൊക്കെണ്ട്?'

'എല്ലാരുംണ്ട്.... പിന്നെ മാലിനിടെ വിശേഷങ്ങള് പറയൂ.'

'ദൈവമേ എത്ര കാലായി ശ്രമിക്കുണു. ഇപ്പൊ ചേച്ചിയെ കിട്ടിയപ്പൊ ഒന്നും പറയാൻ കിട്ട്ണില്ല്യ.'

'എന്തേ?'

'അതോ........ സന്തോഷംകൊണ്ട്. പാർവ്വതിച്ചേച്ചിയുമായി സംസാരിച്ചാല് കൊറേ സമാധാനാവും.'

'മാലിനിയ്ക്ക് എന്താണ് സമാധാനക്കുറവ്?'

'അതോ...........'

'പറയൂ.'

'..........................' മൗനം മാത്രം.

'മാലിനീ......'

മറുപടിയായി ഒരു തേങ്ങൽ. ഫോൺ നിന്നു. നിൽക്കാൻ കാത്തുനിന്നപോലെ ഫോൺ വീണ്ടും അടിച്ചു.

ഇപ്രാവശ്യം അതൊരു വീട്ടമ്മയായിരുന്നു. മുമ്പിലെ കൺസോളിലെ ക്ലോക്കിൽ സമയം ഏഴ് അഞ്ച്. ഇനിയും ഇരുപതു മിനുറ്റുകൂടി. ഇതൊരുവിധത്തിൽ അവസാനിച്ചാൽ മതിയായിരുന്നു.

ഫോണിൽക്കൂടി കാമിനി എന്ന വീട്ടമ്മ സംസാരിക്കുകയാണ്. പാർവ്വതിയുടെ ചോദ്യങ്ങൾ. മറുപടികൾ. അതങ്ങിനെ ഒന്നിനു പുറകെ ഒന്നായി പോവുകയാണ്.

പാർവ്വതി എന്തുകൊണ്ടോ തളർന്നിരുന്നു.

മാതൃഭൂമി ഓണപ്പതിപ്പ് - 2004