|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 3 -

ബ്രേക്ഫാസ്റ്റിന്റെ കാര്യം ജോസഫാണ് ഏറ്റെടുത്തിരിക്കുന്നത്. ബുൾസൈയും ബ്രഡും ബട്ടറും. മീതെ കോൺഫ്‌ളേക്‌സ് കൊണ്ട് പാൽക്കഞ്ഞിയും. ഇത്രയും നല്ല പ്രാതൽ കഴിച്ച് മനസ്സ് കേടുവരുത്തുന്നതിനേക്കാൾ വെറും വയറ്റിൽ ഓഫീസിൽ പോയി കാന്റീനിൽനിന്ന് വല്ലതും കഴിക്കുന്നതായിരിക്കും നല്ലതെന്നു കരുതി സുഭാഷ് പുറത്തിറങ്ങുകയാണ് പതിവ്.

പുറത്തിറങ്ങിയപ്പോൾ സുഭാഷിനെ പെട്ടെന്നാകർഷിച്ചത് തെളിഞ്ഞു നിൽക്കുന്ന നീലാകാശമാണ്. 'ഹായ് എന്തു നീലാകാശം' എന്നു പറയാൻ ഓങ്ങിയതാണ്. അപ്പോഴാണ് അയാൾ ഓർത്തത് താൻ ഏതു കാല്പനിക ചെളിക്കുണ്ടിൽ ആഴ്ന്നുനിന്നാണ് ചിന്തിക്കുന്നതെന്ന്. അതോടെ നീലാകാശത്തേയും ശുഭ്രനിറത്തിലുള്ള മേഘക്കീറുകളേയും അതിനടുത്തു പറക്കുന്ന നാലു പക്ഷികളേയും ഡിലീറ്റ് ചെയ്തു. അതേ കാരണംകൊണ്ട് അയൽക്കാരുടെ പൂന്തോട്ടത്തിലെ റോസാപ്പൂക്കളും റീസൈക്ക്ൾ ബിന്നിലേയ്ക്കു തട്ടി. പക്ഷേ തോട്ടത്തിൽ നനച്ചുകൊണ്ടിരിക്കുന്ന അയൽക്കാരിയെ മനസ്സിന്റെ ഹാർഡ് ഡിസ്‌കിൽ ഈറോടിക് പിക്‌ചേഴ്‌സെന്ന ഡയറക്ടറിയിൽ സ്റ്റോർ ചെയ്തുവച്ചു. എപ്പോഴെങ്കിലും തനിക്കാവശ്യമാവും.

മൂന്നാമത്തെ പിക്കപ് ബസ്സ് വന്നു നിന്നപ്പോഴാണ് താൻ തിരക്കില്ലാത്ത ആദ്യത്തെ രണ്ടു ബസ്സുകളും വന്നപ്പോൾ മൂന്നാംതരം മദനചിന്തകളുമായി വാപൊളിച്ചു നിൽക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയത്. അതവസാനത്തെ ബസ്സാണ്. അയാൾ തിരക്കിട്ട് അതിൽ പൊത്തിപ്പിടിച്ചു കയറി.

കാന്റീനിൽനിന്ന് അടുത്ത രണ്ടു മണിക്കൂർ അതിജീവിക്കാൻ മാത്രം വിഭവങ്ങൾ അകത്താക്കി സുഭാഷ് തന്റെ മേശക്കുമുമ്പിൽ വന്നിരുന്നു. ഷിറ്റ്! വീണ്ടും പാസ്‌വേഡ് മറന്നുപോയി. അയാൾ ഇന്റർകോമെടുത്ത് 347 ഡയൽ ചെയ്തു. നാലു ക്യൂബിക്കിൾ അപ്പുറത്ത് അതടിക്കുന്നത് കേട്ടു. ലതിക ഫോണെടുത്ത് ക്യൂബിക്കിളിന്റെ പാർട്ടീഷനിലൂടെ സുഭാഷിനെ നോക്കി.

'ഐ ഫോർഗോട്ട് ദ ബ്ലസ്സഡ് പാസ്സ്‌വേഡ്.'

'ഏസ് യുഷ്വൽ. അദ്ഭുതമൊന്നുമില്ല. അത്ര വിഷമം പിടിച്ച പാസ് വേഡാണ് സെറ്റ് ചെയ്തിരിക്കുന്നത്.'

'എന്താണ്?'

'മാനേജരുടെ ഭാര്യയുടെ പേര്.'

'ഓ......'

'നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന സോഫ്റ്റ്‌വെയർ ആരും ചോർത്തിയെടുക്കാതെ കമ്പനിയെ ദൈവം രക്ഷിക്കട്ടെ!'

സുഭാഷ് മെഷിൻ ബൂട്ടു ചെയ്തു.

പെട്ടെന്നാണ് അയാൾ അഞ്ജലിയെപ്പറ്റി ഓർത്തത്. അയാൾ മറുവശത്ത് അഞ്ച് ക്യൂബിക്ക്ൾ അകലെ ഇരിക്കുന്ന അഞ്ജലിയെ നോക്കി. അവളുടെ പിൻഭാഗം അല്പം കാണാം. അയാൾ കമ്പ്യൂട്ടറിൽ അവളുടെ മെഷിന്റെ ഐ.ഡിയ്ക്കുവേണ്ടി പരതി. കോം 485. അയാൾ ഓഫീസ് നെറ്റ്‌വർക്കിൽ അവളോട് ബന്ധപ്പെട്ടു.

'ഐ ഏം സുഭാഷ് ഹിയർ. വുഡ് ലൈക് ടു ഓഫർ മൈ കാന്റിഡേച്ചർ.'

അഞ്ജലി പിന്നിലേയ്ക്ക് ചാഞ്ഞ് സുഭാഷിനെ നോക്കി, വീണ്ടും മുമ്പിലേയ്ക്ക് നീങ്ങി കമ്പ്യൂട്ടറിൽ എഴുതാൻ തുടങ്ങി.

'ഐ ഡോണ്ട് ഗെറ്റ് യു.' എനിക്ക് നിങ്ങൾ പറഞ്ഞത് മനസ്സിലായില്ല.

സുഭാഷ് ആശയക്കുഴപ്പത്തിലായി. എന്താണിവളുടെ കളി? അയാൾ അത്രതന്നെ ഉറപ്പില്ലാതെ കീബോർഡിലേയ്ക്കു തിരിഞ്ഞു.

'ഞാനൊരു മേര്യേജ് പ്രൊപോസലുമായി വന്നതായിരുന്നു.?'

'എനിക്കോ?'

'അതേ....'

'ആരു പറഞ്ഞു ഞാൻ കല്യാണം കഴിക്കാൻ തയ്യാറായിരിക്കയാണെന്ന്?'

'പിന്നെ എന്തിനാണ് നിങ്ങൾ ഇന്റർനെറ്റ് മട്രിമോണിയലിൽ പ്രൊഫൈൽ കൊടുത്തത്?'

'ഇൻർനെറ്റിലോ? ആർ യു ജോകിങ്?'

'ഒരു മിനുറ്റ്.......'

അയാൾ തിരിഞ്ഞ് ഇന്റർനെറ്റിൽ മട്രിമോണിയലിന്റെ പേജെടുത്തു. രണ്ടാമത്തെ പേജിൽ ആദ്യത്തേത് അഞ്ജലിയുടേതാണ്. അതേ, അവൾ തന്നെ.

അയാൾ കീബോർഡിൽ വിരലുകളമർത്തി.

'നിങ്ങൾക്ക് ഒന്നിവിടംവരെ വരാമോ. ഞാനൊരു കാര്യം കാണിച്ചുതരാം.'

അഞ്ജലി അവളുടെ റിവോൾവിങ് ചെയർ പിന്നിലേയ്ക്കു നീക്കി എഴുന്നേറ്റു വന്നു. സുഭാഷ് മോണിറ്റർ അവളുടെ നേർക്കു തിരിച്ചുവച്ചു.

'എന്റെ ദൈവമേ!' അവൾ തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു. 'ഇതു ഞാനാണല്ലോ.' അവൾ വായിക്കുകയാണ്. ഫോട്ടോവിൽ ക്ലിക് ചെയ്തപ്പോൾ മറ്റൊരു പേജ് വന്നു. അതിൽ അവളുടെതന്നെ രണ്ട് ഫോട്ടോകൾ വലുതാക്കി കൊടുത്തിരിക്കുന്നു. ഒന്ന് ആദ്യത്തെ പേജിലേ ഫോട്ടോ തന്നെയാണ്. മറ്റേത് നില്ക്കുന്ന പോസിൽ.

'നോ ടെക്‌നിക്കൽ ഫ്‌ളോ.' അവൾ പറയുന്നു. 'ഇത് അമ്മ അച്ഛന്റെ സഹായത്തോടെ ചെയ്തതാണ്, എന്നെ അറിയിക്കാതെ. അമ്മയ്ക്ക് ഇ-മെയിൽ അയക്കുന്നതിനപ്പുറമൊന്നും ചെയ്യാനറിയില്ല. അച്ഛനാകട്ടെ അമ്മ ആവശ്യപ്പെടാതെ ഇങ്ങിനെ ഒരു സാഹസം ചെയ്യുകയുമില്ല.'

സുഭാഷ് അവളെ നോക്കിയിരിക്കയായിരുന്നു.

'ഐ ഏം സോറി.' അഞ്ജലി പറഞ്ഞു. 'ഞാൻ ഇങ്ങിനെ ഒരു കാര്യം അറിഞ്ഞിട്ടേയില്ല. ക്ഷമിക്കണം.'

'ക്ഷമിച്ചു.'

അവൾ ഒന്നും പറയാതെ തിരിച്ചുപോയി.

സുഭാഷ് കീബോർഡിൽ കൈവച്ചിരിക്കയാണ്. എന്താണിനി ചെയ്യേണ്ടത്? അഞ്ചു മിനുറ്റു നേരത്തെ ചിന്തയ്ക്കു ശേഷം അയാൾ ടൈപ്പു ചെയ്യാൻ തുടങ്ങി.

'ഇപ്പോൾ നിങ്ങൾ പറ്റിയ ഒരു മാച്ചിനെ കണ്ടുപിടിച്ച സ്ഥിതിയ്ക്ക് മട്രിമോണിയലിലെ പ്രൊഫൈൽ പിൻവലിച്ചുകൂടെ?'

'പറ്റിയ മാച്ചോ? ആരാണയാൾ?' അഞ്ജലിയുടെ മറുപടി മോണിറ്ററിൽ തെളിഞ്ഞുവന്നു.

'യു വേർ ജസ്റ്റ് ചാറ്റിങ് ടു ദാറ്റ് ഗ്രെയ്റ്റ് മാൻ.'

'അത്ര ഉറപ്പാക്കണ്ട.' അവൾ കണക്ഷൻ വിഛേദിച്ചു.

'ഒരു സെൻസ് ഓഫ് ഹ്യൂമറില്ലാത്ത പെണ്ണ്.' സുഭാഷിനു ദേഷ്യം പിടിച്ചു. തന്റെ മുഖത്ത് വാതിലടച്ച പോലെയാണ് അവൾ മെസ്സഞ്ചർ ഓഫാക്കിയത്.

അയാൾ തന്റെ കമ്പ്യൂട്ടറിലേയ്ക്കു തിരിഞ്ഞു, പ്രോഗ്രാമിന്റെ മോഡ്യൂൾ സ്‌ക്രാൾ ചെയ്തു നോക്കി. എവിടെ എത്തി? തലേന്ന് രാത്രി വീട്ടിൽവച്ച് ചെയ്തത് കമ്പ്യൂട്ടറിൽ എത്തിയതയാൾ പരതി. ഡീബഗ്ഗ് ചെയ്യണം. മറ്റന്നാൾ രാത്രി ഒമ്പതു മണിയ്ക്കാണ് ലാബിൽ സമയം കിട്ടിയിട്ടുള്ളത്. അതിനുള്ളിൽ ഈ മോഡ്യൂൾ തീർക്കണം.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍