|| Novel

ഒരു കുടുംബ പുരാണം

ഇ ഹരികുമാര്‍

2. മലമുകളിലെ വെളിച്ചം

ഏതു നിസ്സാര സംഭവവികാസങ്ങളിലും ബിസിനസ്സിന്റെ അനന്തസാദ്ധ്യതകൾ മണത്തറിയാനുള്ള പ്രത്യേക കഴിവ് ത്രേസ്യാമ്മയ്ക്ക് ജന്മനാലുള്ളതാണ്. ചിലപ്പോൾ ജോസഫേട്ടന്റെ ഭാഗ്യത്തിന്നതു അപൂർവ്വമായേ പുറത്തേയ്ക്കു വരാറുള്ളുവെന്നു മാത്രം. ജോമോൻ ദുബായിൽനിന്ന് വന്നപ്പോൾ ഒരു സോണി ട്രിനിട്രോൺ ടിവിയും പാനസോണിക് വിസിയാറും കൊണ്ടുവന്നതുതൊട്ട് ത്രേസ്യാമ്മ ആലോചിച്ചുകൊണ്ടിരുന്നത് അതിന്റെ കച്ചവട സാധ്യതകളെപ്പറ്റിയായിരുന്നു.

'ഇതിനു രണ്ടിനുംകൂടി ഒത്തിരി രൂപയായിട്ടുണ്ടാവില്ലെടാ ജോമോനെ?' അവർ മകനോട് ചോദിച്ചു.

'അത്രയൊന്നും ഇല്ല അമ്മച്ചി,' അവൻ പറഞ്ഞു. 'ടിവിക്ക് മുന്നൂറ്റമ്പത് റിയാല്, വിസിയാറിന്ന് മുന്നൂറ് റിയാല്.'

ലീവിൽ വരുന്ന മറ്റു ഗൾഫുകാരെപ്പോലെ ജോമോനും റിയാലിലാണ് കണക്കുകൾ പറഞ്ഞിരുന്നത്. രൂപയുടെ കണക്ക് ആരെങ്കിലും പറഞ്ഞാൽത്തന്നെ ഉടനെ അത് റിയാലിലാക്കി പറയും.

'ഈ നെയ്മീൻ എന്തുവിലയായി അമ്മച്ചീ?'

'അറുപത് രൂപയായെടാ മോനേ.'

'രണ്ടു റിയാല്. ലാഭാ അമ്മച്ചി. അവിടെ ചുരുങ്ങിയത് എട്ടു റിയാലെങ്കിലും കൊടുക്കണം.'

'ടിവിക്കും വിസിയാറിന്നും കൂടി എത്ര രൂപയായീന്ന് പറ.'

'ഡ്യൂട്ടിയൊക്കെ കൂടി ഇരുപത്തയ്യായിരം രൂപ.'

'ഇരുപത്തയ്യായിരം രൂപ!' ജോസഫേട്ടൻ തലയിൽ കൈവെച്ചു. 'അത്രയും രൂപ ബ്ലേഡിലിട്ടാൽ എന്തു പലിശ കിട്ടും?'

'ബ്ലേഡീന്ന് പലിശ വാങ്ങീട്ടൊന്നും വേണ്ട അപ്പച്ചന് കഴിയാൻ,' ജോമോൻ പറഞ്ഞു. 'അപ്പച്ചനും അമ്മച്ചിക്കും ഈ വയസ്സുകാലത്ത് ഒരുഭാഗത്തിരുന്ന് രസിക്കാനാ ഞാൻ ഈ സാധനം കൊണ്ടന്നത്.'

ജോസഫേട്ടൻ സംശയത്തേടെ തലയാട്ടി. പക്ഷെ ഒരു മണിക്കൂറിന്നുള്ളിൽ ടെക്‌നിഷ്യൻ വന്ന് ടിവിക്ക് ആൻറിന ഘടിപ്പിച്ചു, വിസിയാർ കണക്ട് ചെയ്ത് ജോമോൻ കൊണ്ടുവന്ന ഒരു കാസറ്റിട്ടതോടെ ജോസഫേട്ടന്റെ സംശയമെല്ലാം തീർന്നു. രസിക്കാൻ പറ്റിയ സാധനം. സിനിമയുടെ രസത്തിൽ രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. അവർ പെട്ടെന്നുറക്കെ പറഞ്ഞു.

'പോഴത്തായി.'

'ഇതിന്റെ മുമ്പിലിരുന്നതല്ലെ?' ജോസഫേട്ടൻ ചോദിച്ചു.

'അല്ലാന്നേയ്, നമ്മള് ഒരു കാര്യം വിട്ടുപോയില്ലെ? കോളനീല്ള്ള പിള്ളാരെയൊക്കെ വിളിച്ച് കാണിക്കായിരുന്നു.'

'അത് സാരല്ല്യ.' ജോസഫേട്ടൻ പറഞ്ഞു.

'എന്നാലും പോഴത്തായി. പിള്ളേർക്ക് മോഹൻലാലിന്റെ പടം നല്ല ഇഷ്ടാ. കഷ്ടായി.'

'അതിനെന്താ അമ്മച്ചി, അവരെ വൈകീട്ട് വിളിച്ച് കാണിച്ചുകൊടുത്തോ.' ജോമോൻ പറഞ്ഞു. 'ഞാനേതായാലും പൊറത്തുപോകും. അവറ്റ വന്നാപ്പിന്നെ ഇവിടൊന്നും ഇരിക്കാൻ പറ്റൂല. അവറ്റിന്റെ ഒരു നോട്ടോം മറ്റും കണ്ടാൽ....'

ത്രേസ്യാമ്മ പിള്ളേര് എന്നു പറയുന്നത് സ്ത്രീജനങ്ങളെയാണ്. ഇരുപത് തൊട്ട് അമ്പതുവരെ പ്രായമുള്ളവർ, പിന്നെ അവരുടെ മക്കളും.

'പക്ഷെ നമ്മളത് ഇട്ടു കണ്ടുപോയില്ലെ?'

'അതുകൊണ്ടെന്താ, ഇനീം വെച്ചുകൂടെ?'

'അതെങ്ങനാ? ഇപ്പോ വെച്ചപ്പോ അതില്ള്ള സിനിമ്യൊക്കെ കഴിഞ്ഞിട്ട്ണ്ടാവില്ലെ?'

'അല്ലെടി മണ്ടി.' ജോസഫേട്ടൻ ഇടപെട്ടു. ബുദ്ധി ത്രേസ്യാമ്മക്കുതന്നെയാണ്, സമ്മതിച്ചു. പക്ഷെ അറിവും ലോകപരിചയവും കൂടുക ജോസഫേട്ടനുതന്നെയാണ്. 'നമ്മള് പാട്ട് കേക്കണ കാസറ്റില്ലേ, അതുപോലെത്തന്നാ ഇതും. ഇതില് ചിത്രവുമുണ്ടെന്നു മാത്രം. ഇനി ഇതങ്ങട്ട് റീവൈന്റ ‌ചെയ്താൽ വീണ്ടും കാണാം.'

ത്രേസ്യാമ്മക്ക് സന്തോഷം സഹിക്കാനായില്ല. ഈ രണ്ടുരണ്ടര മണിക്കൂറിൽ ഉളവായ രസം മുഴുവൻ ഇനിയും വീണ്ടും വീണ്ടും ആസ്വദിക്കാമെന്നോ! അവർ വാതിൽ തുറന്ന് പുറത്തേക്കോടി. തൊട്ടടുത്തുള്ള ജലജയുടെ വീടുതൊട്ട് ഏറ്റവും അകലെ കോളനിയുടെ പുറമ്പോക്കിൽ താമസിക്കുന്ന കൊച്ചുനാരായണിയുടെ കുടിലുവരെ അവർ ഒറ്റ വീർപ്പിന്നോടി. പതിനഞ്ചു മിനിറ്റുകഴിഞ്ഞ് അവർ തിരിച്ചെത്തിയപ്പോൾ പിന്നിൽ ഒരു പടയുമുണ്ടായിരുന്നു. അവർ സ്വീകരണമുറിയിലേയ്ക്ക് ഇരച്ചുകയറിയപ്പോൾ ജോമോന്റെ കണ്ണു തള്ളിപ്പോയി.

'എന്താ അമ്മച്ചി ഇത്? വൈകീട്ട് കാണിക്കാംന്നല്ലേ പറഞ്ഞത്?'

'അവര് നമ്മടെ സെറ്റ് കാണാൻ വന്നതാടാ. ഒന്ന് കാണിച്ചു കൊടുക്ക്.'

അകത്തു കടന്ന സ്ത്രീകളും കുട്ടികളും കണ്ട ഇരിപ്പിടങ്ങളിലും നിലത്തും ഒക്കെയായി ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. അവർ കുറച്ചു കാലമായി നേടിയെടുത്ത ഒരവകാശമായിരുന്നു അത്. ത്രേസ്യാമ്മ അവരുടെ ആന്റിയാണ്. ആ വീട്ടിൽ കോളനിയിലെ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്, അവകാശവും.

ഒരിരുപതുകാരി ജോമോൻ ഇരിക്കുന്നതിന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. പത്തുമുറിയിലെ നളിനിയായിരുന്നു അത്. പിന്നേയും സ്ത്രീകൾ ഇരിക്കാൻ സ്ഥലമില്ലാതെ നിന്നപ്പോൾ അവൾ അവരേയും സോഫയിലേക്ക് ക്ഷണിച്ചു. അവൾ ജോമോന്റെ അടുത്തേയ്ക്ക് നീങ്ങി മറ്റുള്ളവർക്ക് സ്ഥലമുണ്ടാക്കിക്കൊടുത്തു.

'നിനക്ക് നിലത്തിരിക്കാൻ പാടില്ലേ?' ജോമോൻ ഒച്ചയെടുത്തു.

'പിന്നേ, ഞാൻ നിലത്തിരിക്കാൻ വന്നതല്ലെ.' നളിനി ഒന്നുകൂടി അവനോടു ചേർന്നിരുന്നു. ഒരു പൊട്ടിത്തെറിച്ച വിത്തായിരുന്നു അവൾ. കുട്ടിക്കാലം തൊട്ടേ അവൾ അവനൊരു കുരിശായിരുന്നു. അവളുമായുണ്ടാകുന്ന അടിപിടിയിൽ അവൻ ഓടി രക്ഷപ്പെടുകയാണ് പതിവ്.

'നീ എന്നെ പുകച്ചു ചാടിക്കാൻ വന്നതാ, പിശാച്.' ജോമോൻ എഴുന്നേറ്റുകൊണ്ടു പറഞ്ഞു.

'മോനെ, ഇതൊന്നു കാണിച്ചുകൊടുക്കെടാ.'

പത്തുമിനുറ്റിന്നുള്ളിൽ ആ മുറി പൊട്ടിച്ചിരി നിറഞ്ഞ ഒരു മിനി സിനിമാഹാളായി മാറി. ജോമോൻ ഷർട്ടെടുത്തിട്ട് പുറത്തേക്കു കടന്ന് രക്ഷപ്പെടുകയും ചെയ്തു.

കാണികളുടെ ആവേശം കണ്ടപ്പോൾ ത്രേസ്യാമ്മയുടെ കച്ചവടബുദ്ധി വീണ്ടും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അവർ ആരും ശ്രദ്ധിക്കാതെ അവിടെ കൂടിയിരുന്നവരുടെ എണ്ണമെടുത്തു. ആദ്യത്തെ പ്രാവശ്യം എണ്ണിയത് ശരിയായില്ല എന്നു തോന്നിയപ്പോൾ വിരലിൽ എണ്ണം പിടിച്ചുകൊണ്ട് ഒരിക്കൽകൂടി എണ്ണി. ഇരുപത്തിരണ്ടു പേരുണ്ട്. അതിൽ ദേവകിയുടെ മകൻ രണ്ടു പ്രാവശ്യം പെട്ടിട്ടുണ്ടോ എന്നു സംശയമായി. സാരമില്ല, ഏകദേശം കണക്കല്ലെ.

അപ്പോൾ ഓരോരുത്തരുടെ കയ്യിൽനിന്നും ഈരണ്ടു രൂപ വെച്ച് വാങ്ങിയാൽ ദിവസത്തിൽ നാല്പത്തിനാലു രൂപ, മാസം.......

ത്രേസ്യാമ്മ കണക്കു കൂട്ടൽ നിർത്തി. ചില മാസങ്ങൾക്ക് മുപ്പതു ദിവസവും, ചിലവയ്ക്ക് മുപ്പത്തിഒന്നു ദിവസവും, ഫെബ്രുവരിക്കു തന്നെ ഇരുപത്തെട്ടും ഇരുപത്തൊമ്പതും ദിവസങ്ങളം വരുന്നത് ത്രേസ്യാമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്തായാലും നല്ലൊരു തുകയുണ്ടാവും എന്നവർ കരുതി. പിള്ളേര് പോയിക്കഴിഞ്ഞ് കടലാസിൽ കൂട്ടിനോക്കാം.

ജോമോൻ ആറു കാസറ്റുകളാണ് കൊണ്ടുവന്നത്. ഇനി കാസറ്റുകളൊന്നും സൗജന്യമായി കാണിക്കില്ലെന്ന് ത്രേസ്യാമ്മ തീർച്ചയാക്കിക്കഴിഞ്ഞു. അക്കാര്യം പറയുന്നതിനുമുമ്പ് കസ്റ്റമേഴ്‌സിനെ താൽപര്യമുള്ളവരാക്കാൻ അവർ അഞ്ചു കാസറ്റുകളും കൊണ്ടുവന്നു കാണിച്ചു. ഓരോ സിനിമയുടേയും പേര് വിളിച്ചുപറഞ്ഞു. ഒപ്പം തന്നെ സദസ്യരിൽനിന്ന് പ്രതികരണവുമുണ്ടായി. മമ്മൂട്ടിയുടെ പടത്തിന്റെ പേർ പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ ആരാധകർ ആർത്തുവിളിച്ചു. മോഹൻലാലിന്റെ ആരാധകർ ലാലിന്റെ സിനിമയുടെ പേർ പറഞ്ഞപ്പോൾ ബഹളമിട്ടു. അവസാനത്തേത് പ്രേംനസീറിന്റെ പടമായിരുന്നു.

'ആയ്, നസീറിന്റെ പടം!' എന്നു പറഞ്ഞത് ദേവകിയായിരുന്നു. നാൽപ്പത്തഞ്ചു വയസ്സായ ദേവകിക്ക് നസീറിന്റെ പടങ്ങൾ അവളുടെ യൗവ്വനം തിരിച്ചുകൊടുത്തു. ദാമോദരനുമായി ഉണ്ടായിട്ടുള്ള മരംചുറ്റിക്കളി ഓർമ്മ വന്ന് അവൾ പുളകിതയായി.

'നാളെത്തൊട്ട് ഓരോ പടമായി കാണിച്ചുതരാം. എല്ലാവരും ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വന്നാമതി.'

ത്രേസ്യാമ്മ പറഞ്ഞുകഴിഞ്ഞതും, സന്തോഷത്തിന്റെ ആരവം ഉയർന്നതും ഒന്നിച്ചായിരുന്നു. ശബ്ദം ഒന്നടങ്ങിയപ്പോൾ ത്രേസ്യാമ്മ ഇത്രയും കൂട്ടിച്ചേർത്തു.

'വരുമ്പോ ഓരോരുത്തരും ഈരണ്ടു രൂപ കയ്യിലെടുത്തോ.'

പെട്ടെന്നവിടം നിശ്ശബ്ദമായി. പിന്നെ ഒരേ സമയം ആയിരം കണ്ഠങ്ങൾ ഒരുമിച്ച് ഒരു കോറസ്സായി പാടി.

'അതെന്തിനാ ആന്റീ?'

'സിനിമ കാണാൻ ടിക്കറ്റെടുക്കേണ്ടെ?'

'ആന്റീടെ വീട്ടില് സിനിമ കാണാൻ എന്തിനാ ടിക്കറ്റ്?' ദേവകി ചോദിച്ചു.

'നല്ല കാര്യായി. നിങ്ങള് ഹാളില് പോയി സിനിമ കാണുമ്പോ ടിക്കറ്റ് എടുക്കണ്ടെ? എന്താ ടിക്കറ്റിനൊക്കെ വില? എട്ടും പത്തും രൂപയില്ലെ? ഇവിടെ ഞാൻ രണ്ടു രൂപയല്ലെ ചാർജ്‌ചെയ്യുന്നുള്ളൂ?'

സദസ്സിൽ മുറുമുറുപ്പ് ഉയർന്നു. കാര്യം ചർച്ചക്കെടുക്കപ്പെട്ടു. ഒരു മണിക്കൂർ നേരത്തെ ചർച്ചക്കും അനുരഞ്ജനത്തിന്നും ശേഷം ഇങ്ങിനെ തീർച്ചയാക്കി. പതിനെട്ടു വയസ്സു കഴിഞ്ഞവർ രണ്ടു രൂപയും, താഴെയുള്ളവർ ഒരു രൂപയും കൊണ്ടുവരണം.

എല്ലാവരും പോയിക്കഴിഞ്ഞു, വാതിലടക്കാൻ പോയപ്പോഴാണ് നാരായണിയും മൂന്ന് മക്കളും പുറത്തു നിൽക്കുന്നത് ത്രേസ്യാമ്മ കണ്ടത്.

'എന്താ കൊച്ചുനാരായണീ നീ നിക്കണത്?'

'ഒന്നുംല്ല ആന്റി', അവൾ പറഞ്ഞു, പിന്നെ മൂത്തവനായ മാധവനെ ഉന്തിക്കൊണ്ട് അവൾ പറഞ്ഞു. 'നീ പറ.'

മാധവൻ പിന്നോക്കം വെച്ചു.

'അമ്മ പറ.'

'എന്താ നാരായണി, കാര്യം പറ.'

'ആന്റി, എന്റീം മക്കടീം കാര്യത്തില് പൈസ കുറച്ച് കുറക്കണം. ഒരു രൂപാന്ന്ള്ളത് അമ്പത് പൈസ ആക്കിക്കൂടെ. എന്നാ മക്കൾക്ക് ആഴ്ചയില് ഒരു സിനിമേങ്കിലും കാണാൻ പറ്റും. എനിക്ക് കാണണംന്ന്‌ല്ല്യ. കെട്ടിയോന് ഇപ്പോ പണി കുറവാ ആന്റി.'

ത്രേസ്യാമ്മ കൊച്ചു നാരായണിയേയും അവളുടെ കുട്ടികളേയും നോക്കി. താഴെയുള്ള രണ്ടുപേരും പെൺകുട്ടികളാണ്. കൗതുകമുള്ള കുട്ടികൾ. കീറിയ ഉടുപ്പുകളാണ് ഇട്ടിരിക്കുന്നത്. നാരായണി ജോലിയെടുക്കുന്ന ഏതെങ്കിലും വീട്ടിൽനിന്ന് ഇരന്നുവാങ്ങിയ ഉടുപ്പുകളായിരിക്കണം.

ത്രേസ്യാമ്മയുടെ മനസ്സിൽ സ്‌നേഹം നാമ്പിട്ടു. ഏറ്റവും താഴെയുള്ള കുട്ടിയുടെ കവിളിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു.

'കൊച്ചു നാരായണി, നീയും മക്കളും രൂപ തരാതെത്തന്നെ വന്നുകണ്ടോ.' അവർ നിർത്തി, നാലുപാടും നോക്കിക്കൊണ്ടു തുടർന്നു.'പക്ഷെ, നീ ആരോടും പറയല്ലേ.'

'ശരി ആന്റി.'

'നീ ഇവിടെ നിൽക്ക്, ഞാനിപ്പോ വരാം.'

ത്രേസ്യാമ്മ അകത്തുപോയി ഒരു പത്തുരൂപ നോട്ടുമായി വന്നു. നോട്ട് കൊച്ചുനാരായണിയുടെ കയ്യിൽ വെച്ചുകൊണ്ട് അവർ പറഞ്ഞു.

'നീ മക്കൾക്ക് വല്ലതും തിന്നാൻ വാങ്ങിക്കൊടുക്ക്.'

ത്രേസ്യാമ്മ ഒരു നിയോ-കാപിറ്റലിസ്റ്റ് ആയിരുന്നു. കാപിറ്റലിസ്റ്റ് വിത് എ ഹ്യൂമൻ ടച്ച്.

അടുത്ത അഞ്ചു ദിവസങ്ങളിലായി ജോമോൻ കൊണ്ടുവന്ന കാസറ്റുകളെല്ലാം പ്രദർശിക്കപ്പെട്ടു. മൂന്നു മണിയായാൽ ഓരോരുത്തരായി വരാൻ തുടങ്ങും. ഉടനെ ജോമോൻ ബൈക്കുമെടുത്ത് അവന്റെ സ്‌നേഹിതന്മാരുടെ അടുത്തേക്കു പോകും. അതുകൊണ്ട് പിന്നീടുള്ള മൂന്നു മണിക്കൂർനേരം എന്താണ് സംഭവിക്കുന്നതെന്ന് അവനു മനസ്സിലായിരുന്നില്ല.

ശനിയാഴ്ച രാത്രി ഊണുകഴിഞ്ഞ് പാറുക്കുട്ടി മേശ വൃത്തിയാക്കി പോയപ്പോൾ ത്രേസ്യാമ്മ ഒരു ടിന്നെടുത്ത് മേശപ്പുറത്തു വെച്ചു.

'എന്താ അമ്മച്ചി അത്?'

ജോമോൻ ചോദിച്ചു. ഇരുപത്താറു വയസ്സായിട്ടും, ജോലിയായി പുറത്തൊക്കെ പോയിരുന്നിട്ടും അവനിപ്പോഴും അമ്മയുണ്ടാക്കുന്ന മധുരപലഹാരങ്ങൾ ഇഷ്ടമായിരുന്നു. ത്രേസ്യാമ്മ ഒന്നും പറയാതെ മൂടി തുറന്ന് ടിൻ മേശമേൽ കമിഴ്ത്തി. കലപിലശബ്ദമുണ്ടാക്കിക്കൊണ്ട് ടിന്നിൽനിന്ന് നാണയങ്ങൾ പുറത്തേക്കു ചാടി. കൂടെ നോട്ടുകളും.

'ഇതെവിടുന്ന് കിട്ടീ അമ്മച്ചീ?'

ത്രേസ്യാമ്മ ഒന്നും പറയാതെ മേശപ്പുറത്തുനിന്ന് ഉരുണ്ടുപോയ ഒറ്റ രൂപ നാണയം പെറുക്കിയെടുത്ത് കസേലയിൽ ഇരുന്ന് എണ്ണാൻ തുടങ്ങി.

ജോമോൻ അപ്പുറത്ത് ചുക്കുവെള്ളവുമായി ഇരിക്കുന്ന അപ്പച്ചനെ നോക്കി.

'അത് അമ്മച്ചീടെ ബിസിനസ്സ് സമ്പാദ്യാടാ ജോമോനെ.'

അയാൾ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.

'ബിസിനസ്സോ?' അമ്മച്ചി ഒരു കമ്പനി ഫ്‌ളോട്ടു ചെയ്തതായി അറിയില്ല. ഒരു പബ്ലിക്ക് ഇഷ്യുപോലുമുണ്ടായിട്ടില്ല. ത്രേസ്യാമ്മ പണം എണ്ണിക്കൊണ്ടിരിക്കേ ജോസഫേട്ടൻ മകനോട് അമ്മച്ചിയുടെ ബിസിനസ്സിന്റെ വിവരങ്ങൾ പറഞ്ഞുകൊടുത്തു. ജോമോൻ വാ തുറന്നിരുന്നു.

അര മണിക്കൂർ നേരത്തെ പ്രയത്‌നത്തിനുശേഷം അവർ എഴുന്നേറ്റത് ഒരു തുണ്ടു കടലാസ്സുമായാണ്. അതിൽ എഴുതിവെച്ചിരിക്കുന്ന കണക്ക് ജോസഫേട്ടനു നേരെ നീട്ടി അവർ പറഞ്ഞു.

'ഇതൊന്ന് ശരിയാക്കിത്താ.'

ജോസഫേട്ടൻ അതു വാങ്ങിനോക്കി.

25 പൈസ ..പതിനെട്ട്

50 പൈസ ..ഇരുപത്തിനാല്

ഒറ്റരൂപ നാല്പത്തിയെട്ട്

ഒറ്റരൂപ നോട്ട് ..ഇരുപത്തി ഒന്ന്

രണ്ടു രൂപ നോട്ട് ..പതിനാറ്

അഞ്ചുരൂപ മൂന്ന്

ജോസഫേട്ടൻ തല ചൊറിഞ്ഞു. ഇത്രയും സങ്കീർണമായൊരു കണക്ക് അദ്ദേഹം ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല.

കാസറ്റ് ലൈബ്രറികളെപ്പറ്റി ജോമോൻ തന്നെയാണ് പറഞ്ഞുകൊടുത്തത്. എറണാകുളത്ത് ധാരാളം ലൈബ്രറികളുണ്ട്, ഏതെങ്കിലും ഒന്നിൽ ചേർന്നാൽ മതി. ബിസിനസ്സ് വലിയ മോശമില്ലാതെ പുരോഗമിച്ചു. ചിലപ്പോൾ മോശം പ്രിന്റ് ആയിരിക്കും കിട്ടുക. ആ ദിവസം പിരിച്ചെടുത്ത പണം മുഴുവൻ തിരിച്ചു കൊടുക്കേണ്ടി വരും. എന്നാലും കുഴപ്പമില്ല.

ജോസഫേട്ടന്റെ അമ്മച്ചി ഇരുപത്തെട്ടാം തിയ്യതി വരുന്നുണ്ടെന്ന കത്തു കിട്ടി. അമ്മച്ചി ഒരോ ആൺ മക്കളുടെ ഒപ്പവും ഈരണ്ടു മാസം കൂടും. ഒന്നാം തിയ്യതികളിലാണ് കൂടുമാറ്റം. ഇപ്രാവശ്യം അതു തെറ്റിച്ചത് പേരക്കുട്ടി ലീവിൽ വന്നുപോകുന്നതിനു മുമ്പ് രണ്ടു ദിവസം ഒപ്പം താമസിക്കാനാണ്. ജോമോൻ രണ്ടാം തിയ്യതിയാണ് തിരിച്ചു പോകുന്നത്.

ത്രേസ്യാമ്മക്ക് അമ്മായിയമ്മയെ ഇഷ്ടമാണ്. അമ്മച്ചി ആരെക്കുറിച്ചും കുറ്റം പറഞ്ഞിരുന്നില്ല. മാത്രമല്ല ഒപ്പം താമസിക്കുന്ന മരുമകളെ വാനോളം പുകഴ്ത്തുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങൾ അവരെ മരുമക്കളുടെ പ്രീതിക്കു പാത്രമാക്കി. മക്കളുടെ പേർ വിളിച്ചുകൊണ്ടാണവർ വീട്ടിലേക്കു കയറുന്നതുതന്നെ.

'ത്രേസ്യേ, ജോസേ.' പൗലോസിന്റെ അടുത്താണെങ്കിൽ 'എന്റെ മേരിക്കുട്ടി, പൗലോസേ.' അതു കഴിഞ്ഞാൽ കുട്ടികളുടെ കാര്യം അന്വേഷിക്കും.

'പിള്ളാര് എവിടെടീ?'

പക്ഷെ.... ഇപ്പോൾ താൻ പുതിയൊരു ബിസിനസ്സ് തുടങ്ങിവെച്ച സമയത്ത് അമ്മായിയമ്മയുടെ വരവ് എങ്ങിനെ ബാധിക്കുമെന്നറിയാതെ ത്രേസ്യാമ്മക്ക് കുറച്ചൊരു മനഃപ്രയാസമുണ്ടായി. എന്തായാലും പണം പിരിച്ച് സിനിമ കാണിക്കുന്ന കാര്യം തല്ക്കാലം അമ്മായിയമ്മയെ അറിയിക്കേണ്ടെന്നു തീരുമാനിച്ചു.

ടിവിയും വിസിയാറും കണ്ടപ്പോൾ അമ്മച്ചിക്ക് സന്തോഷമായി.വിരൽത്തുമ്പിൽ സിനിമ എന്ന ആശയം അവർക്കിഷ്ടപ്പെട്ടു. അവർ ജോമോനോട് പറഞ്ഞു.

'എടാ ജോമോനെ, നീ അപ്പപ്പക്കും ഇതുപോലൊരെണ്ണം കൊണ്ടു കൊടുക്കണം.'

കോട്ടയത്ത് പൗലോസിന്റേ വീട്ടിൽ ടിവിയുണ്ട്. ബാംഗളൂരുള്ള ഫ്രാൻസിസ്സിന്റെ വീട്ടിലും. അവന്ന് പിന്നെ ഇതിലൊന്നും താല്പര്യമില്ല. പിള്ളേര് പഠിക്കത്തില്ല എന്നു പറഞ്ഞ് ടിവി തന്നെ വെക്കാറില്ല.

ജോമോന്റെ മുഖത്തു നോക്കിക്കൊണ്ടു മറിയാമ്മ പറഞ്ഞു.

'നീയെന്താടാ ഒരു തൃപ്തില്ല്യാത്തപോലെ നിക്കണത്. അപ്പപ്പ പണൊക്കെ തരും.'

അമ്മച്ചി രാവിലെത്തന്നെയിരുന്ന് ഒരു പടം കണ്ടു. സന്തോഷമായി. ഉച്ചക്ക് കോഴിക്കറിയും മാട്ടിറച്ചി വരട്ടിയതും കൂട്ടി നന്നായി ഊണു കഴിച്ചു. ഊണു കഴിഞ്ഞ ഉടനെ അമ്മായിയമ്മയെ കിടത്തിയുറക്കാനുള്ള ശ്രമത്തിലായി മരുമകൾ. അമ്മച്ചിയാണെങ്കിൽ സംസാരിക്കാനുള്ള മൂഡിലും. സിനിമ കാണാൻ ആൾക്കാർ വരുമ്പോഴേക്ക് അമ്മായിയമ്മയെ ഉറക്കി വാതിലടക്കണമെന്നുണ്ടായിരുന്നു. എന്തു പറഞ്ഞാലും തള്ള സമ്മതിക്കില്ല. കിടക്ക വിരിച്ചിട്ടുണ്ടെന്നും, കുടിക്കാൻ വെള്ളം മേശപ്പുറത്ത് അടച്ചുവെച്ചിട്ടുണ്ടെന്നും ഒക്കെ പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല. അവസാനം അവർ പറഞ്ഞു.

'അമ്മച്ചി പോയി കിടന്നോ. ഊണ് കഴിഞ്ഞ് ഇങ്ങിനെയിരുന്ന് അരയ്ക്ക് നീർക്കെട്ടു വരണ്ട.'

അതു ഫലിച്ചു. അവർ വേഗം എഴുന്നേറ്റു. കഴിഞ്ഞ പ്രാവശ്യം നടുവെട്ടി കിടന്നത് അവർ ഓർത്തു. അമ്മച്ചിയെ മുറിയിലാക്കി വാതിൽ ചാരി വന്നപ്പോഴേക്ക് കാണികൾ ഓരോരുത്തരായി വന്നുതുടങ്ങി. ത്രേസ്യാമ്മ ആശ്വാസത്തേടെ ദീർഘശ്വാസം വിട്ടു.

സിനിമ പകുതിയായപ്പോഴാണ് അപകടമുണ്ടായത്. അമ്മച്ചി ഒരുറക്കം കഴിഞ്ഞ് കുളിമുറിയിൽപോയി തിരിച്ചുവന്ന് ഉറക്കത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പുറത്ത് ഹാളിൽ ഉറക്കെ ചിരിയും ബഹളവും കേൾക്കുന്നത്. അവർ എഴുന്നേറ്റു വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് പത്തു മുപ്പതുപേർ ഹാളിലിരുന്ന് തലതല്ലിച്ചിരിക്കുന്നതാണ്. കാരണമറിയണമല്ലൊ. അവർ ഹാളിലേക്കു വന്നു.

'അയ്യോ, അമ്മച്ചീടെ ഉറക്കം മുറിഞ്ഞുപോയോ?'ത്രേസ്യാമ്മ ചോദിച്ചു.

'ഇല്ലെടി, സാരംല്ല്യ. സിനിമ വെക്ക്ണ്‌ണ്ടെങ്കി എന്നീം വിളിക്കായിര്ന്നില്ലെ?'

എന്തായാലും പണം പിരിക്കുന്ന സമയത്ത് അമ്മച്ചിയില്ലാതിരുന്നത് നന്നായി. പക്ഷെ ഇതിനൊരു ശാശ്വത പരിഹാരം കണ്ടുപിടിക്കണമല്ലൊ.

സിനിമ കഴിഞ്ഞ് എല്ലാവരും പോയപ്പോൾ അമ്മച്ചി ചോദിച്ചു.

'മോളെ നീ ഇക്കണ്ട നാട്ടുകാർക്കൊക്കെ എന്തിനാ സിനിമ കാണിച്ചു കൊടുക്കണത്?'

'അവർക്ക് കാണണംന്ന് പറഞ്ഞു, അമ്മച്ചീ.'

'അങ്ങിനെയാണെങ്കില് ഒരു കാര്യം ചെയ്താ മതി. ഓരോരുത്തര്‌ടെ കയ്യിൽനിന്നും ഈരണ്ടു രൂപ മേടിച്ചോ. അപ്പോ നിനക്കും ഒരു ഗുണായില്ലെ. വെറുതെ കാണിച്ചു കൊടുത്താൽ വെലണ്ടാവില്ല.'

ത്രേസ്യാമ്മ ദീർഘശ്വാസം വിട്ടു. ഇത്തവണ കുറച്ചധികം ദീർഘമായിത്തന്നെ. ജീവിതത്തിൽ ആദ്യമായി മറിയാമ്മയുടെ മരുമകളാവാൻ അർഹത നേടിയതായി അവർക്കു തോന്നി.

അമ്മച്ചിയെ 'ടെൻ കമാന്റ്‌മെന്റ്‌സ്' കാണിക്കണമെന്ന് ജോസഫേട്ടൻ കുറേ കാലമായി ആഗ്രഹിച്ചിരുന്നതാണ്. ത്രേസ്യയുടെ ഒപ്പം ആ സിനിമ കാണാൻ പോയപ്പോൾ രണ്ടു വയസ്സുള്ള ജോമോനെ നോക്കി അമ്മച്ചി വീട്ടിലിരിക്കയായിരുന്നു. അതു കഴിഞ്ഞ് അമ്മച്ചിയേയും കൊണ്ട് പോകണമെന്നു കരുതിയപ്പോഴേക്കും സിനിമ മാറുകയും ചെയ്തു. പിന്നെ ആ സിനിമ വന്നത് അപ്പച്ചൻ മരിച്ച കാലത്തായിരുന്നു. കാസറ്റ് ലൈബ്രറിയിലെ ഷെൽഫിൽ ഇന്ന് ആ പേരു കണ്ടപ്പോൾ ജോസഫേട്ടന്ന് സന്തോഷമായി. നാളെ ഞായറാഴ്ച്ച നല്ല ദിവസമായി അമ്മച്ചിയെ കാണിക്കാമല്ലൊ.

രാത്രി ഭക്ഷണസമയത്ത് ജോസഫേട്ടൻ പറഞ്ഞു.

'അമ്മച്ചി, പത്തു കല്പനകൾ എന്ന സിനിമ കിട്ടിയിട്ടുണ്ട്. നാളെ കാണിച്ചു തരാം.'

'മോശക്ക് കിട്ടിയ കല്പനകളല്ലെ?'

അമ്മച്ചി പഴയ നിയമം ഒന്നും മറന്നിട്ടില്ല.

'അതെ അമ്മച്ചി', ത്രേസ്യാമ്മ പറഞ്ഞു. 'ഞാനും അച്ചായനും കൂടി കണ്ട സിനിമയാ. അമ്മച്ചിക്ക് ഓർമ്മയില്ലെ, അമ്മച്ചി ജോമോനീം നോക്കി വീട്ടിലിരുന്നത്? മോനന്ന് രണ്ടു വയസ്സാ.'

മറിയാമ്മക്ക് വലിയ ഓർമ്മയൊന്നുമില്ല.

ഞായറാഴ്ച പരിപാടി രാവിലെ പത്തിനാകാമെന്നു തീർച്ചയാക്കി. ത്രേസ്യാമ്മ രാവിലെ പള്ളിയിൽ പോയി വന്ന ഉടനെ കോളനിയിൽ എല്ലാ വീടുകളിലും പോയി രാവിലെ പത്തു മണിക്കു തന്നെ സിനിമ കാണിക്കുന്നതാണെന്ന് വിളംബരം ചെയ്തു. ഇംഗ്ലിഷ് സിനിമയാണെന്നു കേട്ടപ്പോൾ പലരും മുഖം ചുളിച്ചെങ്കിലും ത്രേസ്യാമ്മയുടെ വിദഗ്ദമായ സേയ്ൽസ് ടാക്ക് എല്ലാവരേയും വീഴ്ത്തി.

മറിയാമ്മ പള്ളിയിൽ ഭർത്താവിന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ച് പ്രാർഥിച്ച് തിരിച്ചുവന്നു. പത്തു മണിയോടെ അവരും തയ്യാറായി.

ഇംഗ്ലീഷ് സിനിമയായതുകൊണ്ട് കഥയുടെ സാരാംശം പറഞ്ഞുകൊടുത്താലേ ആസ്വാദ്യത പൂർണമാവൂ എന്നതുകൊണ്ട് ജോസഫേട്ടൻ പുറപ്പാടിന്റെ കഥ വളരെ ലഘുവായി പറഞ്ഞുകൊടുത്തു. യാക്കോബിന്റെ മക്കൾ എങ്ങിനെ ഈജിപ്തുകാരുടെ അടിമകളായെന്നും, മോശ അവരെ എങ്ങിനെ ഫറവോയുടെ കയ്യിൽനിന്നു രക്ഷിച്ച് ചെങ്കടൽ കടത്തി വാഗ്നത്തഭൂമിയിൽ എത്തിച്ചുവെന്നും, സീനായ് മലമുകളിൽ വെച്ച് ഒരു ഉടമ്പടിയിലൂടെ ദൈവം മോശക്ക് പത്തു കല്പനകൾ എങ്ങിനെ നൽകിയെന്നും മറ്റും അദ്ദേഹം അവതരണമെന്ന മട്ടിൽ പറഞ്ഞു കൊടുത്തു.

അദ്ഭുതങ്ങൾ കാണാനായി എല്ലാവരും ടിവി സക്രീനിൽ കണ്ണും നട്ടിരുന്നു. അമ്മച്ചിയുടെ കണ്ണിന്ന് കാഴ്ച കുറവായതിനാൽ മുമ്പിൽത്തന്നെയാണ് ഇരിക്കാറ്. വിസിയാർ ഓണാക്കി ത്രേസ്യാമ്മ ഏറ്റവും പിന്നിൽ സോഫയിൽ ഭർത്താവിന്റെ അടുത്തു ചെന്നിരുന്നു. പത്തിരുപതു വർഷങ്ങൾക്കു ശേഷം കാണുകയാണല്ലോ. ഒന്ന് നന്നായി കണ്ടുകളയാം.

ഒരു കൂക്കുവിളിയും വിസിലടിയും കേട്ടപ്പോൾ പെട്ടെന്ന് എന്താണെന്ന് മനസ്സിലായില്ല. കാണികൾക്കിടയിൽ ഉറക്കെ ചിരിയും ബഹളവും. പെട്ടെന്ന് സ്‌ക്രീനിൽ നോക്കിയപ്പോഴാണ് മനസ്സിലാവുന്നത്. ത്രേസ്യാമ്മ റിമോട്ട് കണ്ട്‌റോൾ എടുക്കാനുംകൂടി മെനക്കെടാതെ ചാടിയെഴുന്നേറ്റതും ഓടിച്ചെന്ന് എങ്ങിനെയൊ സ്വിച്ച്‌ബോർഡിന്റെ അടുത്തെത്തിയതും സ്വിച്ച് ഓഫാക്കിയതും ഓർമ്മയുണ്ട്. അതിനിടക്ക് അമ്മച്ചി പറയുന്നതും കേട്ടു:

'ങാ, ഇതില് ഉൽപ്പത്തി തൊട്ട് കാണിക്കുന്നുണ്ട്ന്ന് തോന്നുന്നു. ഇപ്പോ കണ്ടത് ആദാമും ഹവ്വയുമല്ലെ? ങേ, എന്തേ നിർത്തിയത് ത്രേസ്യേ?'

'ഇവര് നീലപ്പടാടീ കാണിക്കണത്, ഞാൻ പോണു.' സരളയാണ് അതു പറഞ്ഞത്. അവൾ കൂട്ടത്തിൽ കുറച്ചു വിവരമുള്ളവളാണ്.

ഹാളിൽ ഇതിനകം ബഹളമായിരുന്നു. ത്രേസ്യാമ്മ പണമിട്ട മിട്ടായിടിന്നുമായി വന്നു, എല്ലാവരുടേയും പണം തിരിച്ചു കൊടുക്കുകയായിരുന്നു. തിരക്കിന്നിടയിൽ ചില വിരുതന്മാർ രണ്ടു കയ്യും നീട്ടി പണം വാങ്ങി. അവസാനം നോക്കുമ്പോൾ അഞ്ചുപേരുടെ പണം ഇനിയും കൊടുക്കാനുണ്ട്. ടിന്നിൽ പണമൊന്നുമില്ലതാനും. അവർ അകത്തുപോയി പണം എടുത്തുകൊണ്ടുവന്നു.

രാത്രി ത്രേസ്യാമ്മക്ക് ഉറങ്ങാൻ പറ്റിയില്ല. കിടക്കയിൽ കിടന്നുകൊണ്ട് അവർ ആലോചിച്ചു. ജോമോൻ തലേന്നുതന്നെ പോയതു ഭാഗ്യമായി. അവൻ കൂടിയുണ്ടായിരുന്നെങ്കിൽ എന്തു വഷളായേനെ. കട്ടിലിൽ തിരിഞ്ഞു കിടക്കുന്ന ജോസഫേട്ടന്റെ തോളിൽ കൈവെച്ചുകൊണ്ട് ത്രേസ്യാമ്മ ചോദിച്ചു.

'അപ്പളേയ്, ഇതെന്താ ഇങ്ങനെ പറ്റാൻ.'

'എന്ത്, പെണ്ണേ?'

'അല്ലാ നിങ്ങള് ടെൻ കമാന്റ്‌മെന്റ്‌സ് അല്ലെ എടുത്തത്. അതില് ഇങ്ങനത്തെ ഒക്കെ വരാൻ എന്താ കാരണം? നീലപ്പടാന്നാ അവരൊക്കെ പറേണത്.'

'അങ്ങിനെയൊക്കെണ്ടാവും.' ജോസഫേട്ടൻ പറഞ്ഞു. 'ഇനിതൊട്ട് കാസറ്റു കൊണ്ടുവന്നാൽ നമ്മള് ഒന്ന് ഓടിച്ചു നോക്കിയിട്ടുമതി പുറത്ത് കാണിക്കല്.'

ഒന്ന് നിർത്തിയശേഷം അദ്ദേഹം തുടർന്നു. 'ന്ന് വെച്ചാൽ ഇനി ആരെങ്കിലും സിനിമ കാണാൻ ഇവിടെ വര്വാണെങ്കിൽ.'

ത്രേസ്യാമ്മക്ക് വലിയ ഉറപ്പുണ്ടായിരുന്നില്ല.

അവർ കുറേ നേരം കണ്ണടച്ചു കിടന്നു. ഭർത്താവിന്റെ കൂർക്കംവലി തുടങ്ങിയിരുന്നു. രാത്രിയുടെ മദ്ധ്യത്തിലെപ്പോഴോ അവർ ആ ദിവ്യവെളിച്ചം കണ്ടു. മലമുകളിൽ ധ്യാനനിരതനായിരിക്കുന്ന മോശയുടെ മുഖത്തിന് ആ വെളിച്ചം ഒരു ദിവ്യപരിവേഷം നൽകി.

'കർത്താവേ ഞാനെന്താണ് കാണുന്നത്?' ത്രേസ്യാമ്മ കുരിശു വരച്ചുകൊണ്ട് പറഞ്ഞു. ആ ദൃശ്യം നോക്കിക്കൊണ്ടിരിക്കെ അവരുടെ ഹൃദയം ഭക്തിസാന്ദ്രമായി. സാവധാനത്തിൽ അവർക്കു മനസ്സിലായി മലമുകളിൽ ഇരിക്കുന്നത് മോശയല്ല തന്റെ ഭർത്താവു തന്നെയാണെന്ന്. ജോസഫേട്ടൻ കണ്ണിമക്കാതെ അനക്കമില്ലാതെ എന്തോ നോക്കിയിരിക്കയാണ്. ഭക്തി അദ്ഭുതങ്ങൾക്ക് വഴിമാറിക്കൊടുത്തു. അച്ചായൻ ഇരിക്കുന്നത് പക്ഷെ മലമുകളിലല്ല സ്വീകരണമുറിയിലെ സോഫയിലാണെന്ന് മനസ്സിലാക്കാൻ പിന്നേയും സമയമെടുത്തു. അദ്ദേഹം പ്രതിമ കണക്കെ ഇരിക്കുകയാണ്. മുഖത്ത് ഒരദ്ഭുതവെളിച്ചം വന്നടിക്കുന്നു. ത്രേസ്യാമ്മ എഴുന്നേറ്റു ചെന്നു.

മുഖം തിരിക്കാതെത്തന്നെ ജോസഫേട്ടൻ പറഞ്ഞു.

'ഇവിടെ വന്നിരുന്ന് കണ്ടോ പെണ്ണേ, നല്ല രസോംണ്ട്.'

ടിവി സ്‌ക്രീൻ അവരുടെ ദൃഷ്ടിയിൽ പെടുന്നത് അപ്പോഴാണ്.

'എന്റെ കർത്താവേ.'

അവർ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 16

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. കറന്റ്ബുക്സ് ത്രിശൂര്‍ (1998)
    വാല്യം. 2. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)