|| Novel

ഒരു കുടുംബ പുരാണം

ഇ ഹരികുമാര്‍

8. ഒരു സമരിയക്കാരിയുടെ പ്രശ്‌നങ്ങൾ

രാവിലെ തുടങ്ങിയ നടത്തമാണ്. മാസത്തിലെ ആദ്യത്തെ ആഴ്ച എപ്പോഴും അങ്ങിനെയാണ്. ശമ്പളം കിട്ടിയ ചൂടിൽ എല്ലാവരും പണം കൊണ്ടുവന്നു തരും. കോളനിവാസികളുടെ ഷോപ്പിംഗ് എജൻറാവുക എന്നത് എളുപ്പമുള്ള കാര്യമല്ല. ലിസ്റ്റുകൾ താരതമ്യേന വലുതായിരിക്കും പലപ്പോഴും സങ്കീർണവും. തലേന്നുതന്നെ എല്ലാവരും പണവും ലിസ്റ്റും ഏല്പിച്ചിട്ടുണ്ടാകും. ഏതു വിഷയത്തെക്കുറിച്ചും വിദഗ്ദാഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും പുറമെ ലാഭേഛയില്ലാതെ ത്രേ സ്യാമ്മ ചെയ്യുന്ന ഒരേയൊരു സേവനം എറണാകുളത്തു പോകുമ്പോൾ മറ്റുള്ളവർക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കൊണ്ടുവരലാണ്. അതിലവർ ആനന്ദം കണ്ടു. ഷോപ്പിംഗ് അവർക്കെന്നും ഹരമായിരുന്നു.

സാരിക്കടയിലാണ് സമയമത്രയും പോയത്. സാരിയെടുത്തു കാണിച്ചിരുന്ന പെൺകുട്ടിയെ ത്രേസ്യാമ്മക്കു് തീരെ ഇഷ്ടപ്പെട്ടില്ല.

''എന്തൊരു ഭാവമാണ് ആ പെൺകൊച്ചിന്ന്.'' ത്രേസ്യാമ്മ പറഞ്ഞു. ''ഒരു സാരിയെടുത്തു കാണിക്കാൻ പറഞ്ഞാൽ അതിന്റെ ഭാവമൊന്നു കാണണം. മോന്തക്കിട്ട് ഒന്നു കൊടുക്കാൻ തോന്നും.''

''ശരിയാ അമ്മച്ചീ. എന്തൊരു ഭാവാ.'' പാറുകുട്ടിക്കും അവളെ ഇഷ്ടപ്പെട്ടിരുന്നില്ല.

''ഞാനീ ചട്ടയ്ക്കു പകരം ഒരു പട്ടുസാരിയും ഉടുത്ത് മൊഖത്ത് ചായോം തേച്ച് ചെന്നാൽ അവള് ഷാപ്പില്‌ത്തെ സാരികള് മുഴുവൻ നമ്മടെ മുമ്പില് വാരിയിടും.''

''ശരിയാ അമ്മച്ചീ, നമ്മള് സാരി നോക്ക്യോണ്ടിരിക്കുമ്പൊ ഒരു പൊങ്ങച്ചക്കാരി വന്നപ്പൊ എന്തായിരുന്നു അവള്‌ടെ വെപ്രാളം !''

''അല്ലേ? എടീ പണക്കാരെ മാത്രെ ആൾക്കാര് വെലവെക്കു. അവരവരെപ്പോലെള്ളോരെ ആർക്കും വെലല്ല്യ.''

''അമ്മച്ചിക്ക് എന്നതാ പണംല്ല്യാഞ്ഞിട്ടാ.''

''അല്ല പെണ്ണെ, പണംണ്ടാവ്വല്ല കാര്യം. പണംണ്ട്ന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെട്ത്ത്വാണ് വേണ്ടത്. നീ നോക്ക്യോ, ആ പെമ്പ്രന്നോര് അവ്ട്ന്ന് ഒരൊറ്റ സാരി എടുത്തില്ല. എല്ലാറ്റന്റീം വെല നോക്കി പോയി, അത്രതന്നെ. ഇനി വല്ല വല്ല്യ ഷാപ്പില് പോയി ഒരു സാരിയും എടുത്ത് അയൽക്കാരോടൊക്കെ വീമ്പും പറയും. ഈ ഷാപ്പീന്നൊക്കെ വാങ്ങീന്ന് പറഞ്ഞാൽ അവർക്ക് മാനക്കെടല്ലെ?''

''ശര്യാ അമ്മച്ചീ.''

''സമയം എത്ര്യായി പെണ്ണേ?''

''പന്ത്രണ്ട് നാല്പ്പത്തിയാറ്, അമ്മച്ചീ.'' ജോമോൻ കൊണ്ടുവന്നു കൊടുത്ത ഡിജിറ്റൽ വാച്ചു കെട്ടാൻ തുടങ്ങിയ ശേഷം പാറുകുട്ടി സമയം പറയുന്ന കാര്യത്തിൽ വളരെ കണിശമായിരുന്നു. ചിലപ്പോൾ സെക്കന്റുകൂടി പറഞ്ഞുപോകും.

''ഇനി എന്തോരം സാധനങ്ങള് വാങ്ങാൻ കെടക്കുന്നു. അപ്പോ നമ്മക്ക് ഭക്ഷണം കഴിക്കേണ്ടേ?''

''വേണം അമ്മച്ചീ.'' പാറുകുട്ടി ഉടനെ പറഞ്ഞു.

''ഞാൻ നിന്നെ ഒരു നല്ല ഹോട്ടലില് കൊണ്ടോവാം.'' ത്രേസ്യാമ്മ പറഞ്ഞു. സാരിക്കടയിൽ ചവിട്ടിത്തേയ്ക്കപ്പെട്ട ആത്മാഭിമാനം ഒരു വലിയ റസ്റ്റോറണ്ടിൽ മുന്തിയ ഭക്ഷണം കൊണ്ട് നന്നാക്കിയെടുക്കാമെന്ന് ത്രേസ്യാമ്മ കരുതി. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അതിന്റെ ധാർമ്മികവും സാമ്പത്തികവുമായ വശങ്ങളെപ്പറ്റി ഓർത്തത്. ത്രേസ്യാമ്മയ്ക്ക് വലിയ റസ്റ്റോറണ്ടുകളിൽ കയറി ശീലമില്ല. സ്വതവേ പിശുക്കനായ ജോസഫേട്ടൻ വലിയ ഹോട്ടലുകളിൽ കയറുകയില്ല. കല്യാണം കഴിഞ്ഞ കാലത്ത് ഒരിക്കൽ ഭാര്യയേയുംകൊണ്ട് പോയിട്ടില്ലെന്നില്ല. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അങ്ങിനെ ഒരു സ്ഥലത്ത് കയറേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടായി ത്രേസ്യാമ്മക്ക്. മുമ്പിൽ നിവർത്തിവച്ച പുസ്തകത്തിൽ ഓരോ വിഭവങ്ങൾക്കും നേരെ എഴുതിവച്ച വില നോക്കി പകച്ചിരിക്കുന്ന അച്ചായന്റെ മുഖം ത്രേസ്യാമ്മയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്.

''അന്നൊക്കെ അച്ചായനെ കാണാൻ നല്ല ഭംഗിണ്ടായിരുന്നു.''

''എന്താ അമ്മച്ചീ?'' ഒപ്പം നടക്കുന്ന പാറുകുട്ടി ചോദിച്ചു.

''ഒന്നുമില്ലെടീ, ഞാനൊന്നും പറഞ്ഞില്ലല്ലൊ.''

ത്രേസ്യാമ്മ ആലോചിക്കുകയായിരുന്നു. വില നോക്കിക്കൊണ്ടിരിക്കെ അച്ചായന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു. മുമ്പിൽ കൊണ്ടുവച്ചിരുന്ന ഗ്ലാസിൽനിന്ന് അല്പം വെള്ളം കുടിച്ചശേഷം പുസ്തകത്തിൽനിന്ന് ഏറ്റവും വില കുറഞ്ഞ ഒന്നുരണ്ടു സാധനങ്ങൾ ഓർഡർ ചെയ്തു. ഓർഡർ എടുത്ത വെയ്റ്ററുടെ മുഖത്ത് അപ്പോഴുണ്ടായ ഭാവരസങ്ങൾ കാണേണ്ടതുതന്നെയായിരുന്നു. ആ മുഖഭാവങ്ങളാണ് തന്നെയും കുടുംബത്തേയും കാൽ നൂറ്റാണ്ട് ഇത്തരം ഹോട്ടലുകളിൽനിന്ന് മാറ്റി നിർത്തിയത്. ഇത്രയും ധാർമ്മികമായ വശങ്ങൾ. ഇനി സാമ്പത്തികം. സാമ്പത്തികനില ഭദ്രമായിരുന്നു. ഒന്നുമില്ലെങ്കിൽ മറ്റുള്ളവരുടെ പണം കയ്യിലുണ്ടല്ലോ. ഇനി വാങ്ങാനുള്ളതെല്ലാം ചെറിയ സാധനങ്ങളായിരുന്നു.

''ജോമോൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ എന്റെ കണ്ണ് പരിശോധിക്കാൻ ഡോക്ടറ്‌ടെ അടുത്തു കൊണ്ടു പോയില്ലേ?''

''ആ അമ്മച്ചീ. എന്നിട്ട് അമ്മച്ചിയോട് കണ്ണട വെക്കണംന്ന് പറഞ്ഞ്.''

''ഇല്ലെടി, കണ്ണട വെക്കാനൊന്നും ആയിട്ടില്ലാന്നാ പറഞ്ഞത്. അന്ന് അവൻ എന്നെ ഒരു ഹോട്ടലില് കൊണ്ടുപോയിരുന്നു. അവ്‌ടെ എങ്ങിന്യാച്ചാ നമ്മള് ആദ്യം പണം കൊടുത്ത് ബില്ല് വാങ്ങണം. എന്നിട്ട് ആ ബില്ലുംകൊണ്ട് അവര്‌ടെ അടുക്കളേപ്പോണം. അവിടെ തലേല് വെള്ള തൊപ്പിവച്ച കുശ്‌നിക്കാര്ണ്ടാവും. സാധനങ്ങള് അപ്പപ്പണ്ടാക്കിത്തരും. എന്തോരം സ്വാദാ.''

''അവിട്യൊന്നും നമക്ക് പോണ്ടാ അമ്മച്ചീ.'' പാറുകുട്ടി പറഞ്ഞു. അവൾക്ക് തൊപ്പിവച്ചവരെ ഭയമായിരുന്നു. മുമ്പൊരിക്കൽ തൊപ്പിവച്ച ഒരാൾ കുറച്ചുകാലം അവളുടെ പിന്നാലെ നടന്നിരുന്നു. ഒരിക്കൽ അയാളിൽനിന്ന് രക്ഷപ്പെടാൻ അവൾക്ക് ഓടേണ്ടിവന്നിട്ടുണ്ട്. ''നമുക്ക് വല്ല ചെറിയ ഹോട്ടലീല് പോവാം.''

''നില്ല് പെണ്ണെ.''

റസ്റ്റോറണ്ട് അവിടെ അടുത്തുതന്നെയായിരുന്നു. മാർബിളിന്റെ വിശാലമായ പടികൾ ഒരു കൊച്ചുകുട്ടി സ്വന്തം വീടിന്റെ പടികൾ കയറുന്ന ലാഘവത്തോടെ ത്രേസ്യാമ്മ കയറുന്നത് പാറുകുട്ടി ഭയത്തോടെ, ആരാധനയോടെ നോക്കിനിന്നു. ഒരു കാര്യം ത്രേസ്യാമ്മ വളരെ മുമ്പ് പഠിച്ചുവച്ചിരുന്നു. എന്തുചെയ്യുകയാണെങ്കിലും അതു കയ്യറപ്പില്ലാതെ ധൈര്യമായി ചെയ്യണം. കോഴിയുടെ കഴുത്തറക്കുകയാണെങ്കിലും ഒരു കൊച്ചുകുട്ടിയെ കുളിപ്പിക്കുകയാണെങ്കിലും. ഇങ്ങിനെയുള്ള ഹോട്ടലുകളിലൊക്കെ പോകുമ്പോൾ പരിചയമില്ലെന്നു കരുതി സംശയിച്ചു നിന്നാൽ ശരിയാവില്ല. അതുകൊണ്ട് ദിവസവും നാലുനേരം അവിടെക്കയറിയാണ് ഭക്ഷണം കഴിക്കാറ് എന്ന മട്ടിൽ അവർ നടന്നു. ഭയം കൂറുന്ന വിടർന്ന കണ്ണുകളോടെ പാറുകുട്ടി അവരെ പിന്തുടർന്നു.

കാഷ്‌കൗണ്ടറിന്റെ അടുത്തെത്തിയപ്പോഴേയ്ക്ക് പക്ഷെ ത്രേസ്യാമ്മ അല്പം പതറി. ജോമോന്റെ ഒപ്പം വന്നപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ സ്വാദ് ഇപ്പോഴും നാക്കിലുണ്ട്. അതിന്റെ പേരെന്താണെന്ന് ഓർമ്മയില്ല. ''അമ്മച്ചിക്ക് ഞാൻ ഒരുഗ്രൻ സാധനം വാങ്ങിച്ചുതരാം.'' എന്നു പറഞ്ഞാണ് അവൻ അതു വാങ്ങിത്തന്നത്. ഉഗ്രൻ സാധനം എന്നൊക്കെ പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ. പെട്ടെന്ന് എന്താണ് വേണ്ടതെന്ന ചോദ്യം കേട്ടപ്പോഴാണ് താൻ ക്യൂവിന്റെ മുമ്പിലെത്തിയെന്ന് ത്രേസ്യാമ്മ മനസ്സിലാക്കിയത്. അവർ പറഞ്ഞു.

''ഈ ഞാഞ്ഞൂലിനെപ്പോലത്തെ ഒരു സാധനം ഇല്ലെ. അതാ വേണ്ടത്?''

''ഞാഞ്ഞൂലോ?'' അയാൾ കുറച്ചുറക്കെയാണ് ചോദിച്ചത്.

പെട്ടെന്ന് തൊട്ടടുത്ത മേശക്കുമുമ്പിലിരുന്ന് നൂഡ്ൽസ് ആസ്വദിച്ചുകഴിച്ചിരുന്ന ഒരു ചെറുപ്പക്കാരി വായും പൊത്തി എഴുന്നേറ്റ് വാഷ്‌ബേസിനെ ലക്ഷ്യമാക്കി ഓടി. പിന്നാലെ പരിഭ്രാന്തനായ ഭർത്താവും.

ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അജ്ഞയായ ത്രേസ്യാമ്മ വീണ്ടും പറഞ്ഞു.

''അതെ, മണ്ണിര. അതുപോലത്തെ പലഹാരംല്ല്യേ, അതാ വേണ്ടത്.''

''ശരി, ശരി, മനസ്സിലായി. നിങ്ങൾക്ക് വേണ്ടത് നൂഡ്ൽസാണ്. എത്ര പ്ലെയ്റ്റ് വേണം?''

''രണ്ട്.''

അയാൾ കാഷ് രജിസ്റ്ററിൽ തിരുപ്പിടിച്ചു, അരമിനുറ്റിനകം യന്ത്രത്തിന്റെ പുറകുവശത്ത് പൊന്തിവന്ന തുണ്ട് കടലാസ് ചീന്തിയെടുത്ത് ത്രേസ്യാമ്മയ്ക്കു കൊടുത്തു.

''അമ്പത്താറു രൂപ.''

വയറ്റിനുള്ളിൽ പൊന്തിവന്ന ആന്തൽ അമർത്തി അവർ പഴ്‌സു തുറന്നു പണം എണ്ണിക്കൊടുത്തു.

ബില്ല് പാറുകുട്ടിയുടെ കയ്യിൽ കൊടുത്തുകൊണ്ട് അവർ പറഞ്ഞു.

''എടീ, നീ ഇതൊന്ന് നോക്കിയേ, എത്ര രൂപയായി എന്ന്.''

''അമ്മച്ചിക്ക് നോക്കാൻ പാട്‌ലാ?''

''എന്തോരം ചെറുതാ, നീ വായിക്ക്.''

''അമ്മച്ചീ, ഇത് ഇംഗ്ലീഷാ.''

''എടീ അതില് അവസാനം എഴുതിയ തുക പറഞ്ഞാമതി.''

''അമ്പത്താറ് ശരിയാ അമ്മച്ചീ.''

''എന്റീശോയേ !''

പത്തു മിനിറ്റിന്നുള്ളിൽ നൂഡ്ൽസ് തയ്യാറായി. അതും താങ്ങി അവർ ഇരിക്കാനൊരു സ്ഥലവും അന്വേഷിച്ചു നടന്നു. അവസാനം ഒരു ചെറുപ്പക്കാരിയും ഭർത്താവും ഇരിക്കുന്നിടത്തേയ്ക്കുപോയി, നൂഡ്ൽസിന്റെ പ്ലെയ്റ്റ് മേശപ്പുറത്തുവച്ച് അവർക്കെതിരായി ഇരുന്നു. പ്ലെയ്റ്റ് മുമ്പിൽ കണ്ടതും ചെറുപ്പക്കാരി വായപൊത്തി എഴുന്നേറ്റ് വാഷ്‌ബേസിനിലേയ്ക്ക് ഓടിയതും ഒപ്പം കഴിഞ്ഞു.

''ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.'' എന്നു പറഞ്ഞ് ഭർത്താവും ഒപ്പം എഴുന്നേറ്റുപോയി.

''ആ കൊച്ചിന്ന് എന്തോ പറ്റിയിട്ടുണ്ട്, പാറുകുട്ടി.'' ത്രേസ്യാമ്മ പറഞ്ഞു.

''ആ അമ്മച്ചീ, നേരത്തെ നമ്മള് ബില്ല് വാങ്ങുമ്പളും ഉണ്ടായി.''

നൂഡ്ൽസ് അപാരമായിരുന്നു. അതു കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അടുത്തൊരു മേശമേൽ വെച്ച ഐസ്‌ക്രീം ത്രേസ്യാമ്മയുടെ കണ്ണിൽപ്പെടുന്നത്. സ്വാഭാവികമായും തന്റെ അടുത്ത ഇനം അതായിരിക്കണമെന്ന് അവർ തീർച്ചയാക്കി. ഒരിക്കൽ തുടങ്ങിവെച്ചാൽ പിന്നെ തിരിച്ചുപോക്കില്ല ത്രേസ്യാമ്മക്ക് പണ്ടും.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് ത്രേസ്യാമ്മയുണ്ടാക്കിയിരുന്ന ബഹളങ്ങൾ ആദ്യം തൊട്ടേ ശ്രദ്ധിച്ചിരുന്ന രണ്ടു പെൺകുട്ടികൾ, ഭക്ഷണവും കഴിഞ്ഞ് പോകുന്ന വഴി ത്രേസ്യാമ്മ ഇരിക്കുന്നിടത്തേയ്ക്കു വന്നത്. ഒരുവൾ കുനിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.

''ആന്റി ഏതു കോളേജിലാണ് പഠിക്കുന്നത്?''

''കോളേജിലോ, ഞാനോ?'' ത്രേസ്യാമ്മ ചോദിച്ചു. പെൺകുട്ടികൾ കുലുങ്ങിച്ചിരിച്ചുകൊണ്ട് പോവുകയും ചെയ്തു.

''എന്നെ കണ്ടാൽ അങ്ങിനെയൊക്കെ തോന്ന്വോ പാറുകുട്ടി?'' ചിരിയടക്കാൻ പാടുപെടുന്ന പാറുകുട്ടിയോട് ത്രേസ്യാമ്മ ചോദിച്ചു.

''അമ്മച്ചി ശരിക്കുള്ള മറുപടിയാണ് കൊടുത്തത്.'' അവൾ പറഞ്ഞു.

''ഊം, എന്തേ?''

''അമ്മച്ചി, ടിവീല് സിനിമടെ എടേല് പരസ്യം വരുമ്പോ എണീറ്റു പോവാറില്ലേ. അതോണ്ട് പറ്റണതാ.''

''എന്തെക്കെയാണ് പെണ്ണെ നീ പറേണത്?''

മുമ്പിൽ വന്നിരുന്ന ഒരു സ്ത്രീയേയും നാലഞ്ചു വയസ്സുള്ള മകളേയും അപ്പോഴാണ് ത്രേസ്യാമ്മ കാണുന്നത്. ഒരു പാവം സ്ത്രീ. കോട്ടന്റെ വെറും സാധാരണ സാരിയാണ് വേഷം. കഴുത്തിൽ വണ്ണം കുറഞ്ഞ മാല. മകളെയും അത്ര മികച്ച വേഷമൊന്നുമല്ല ധരിപ്പിച്ചിരിക്കുന്നത്.

''മോള് ഇവിടിരിക്ക്.'' അവർ പറഞ്ഞു. ''അമ്മ പോയി ദോശയെടുത്തു കൊണ്ടുവരാം.''

അമ്മ പോയപ്പോൾ മകൾ ഒരു ഉഷാറില്ലാതെ താടിക്കു കൈകൊടുത്ത് ഇരുന്നു. ത്രേസ്യാമ്മ ചോദിച്ചു. ''മോള്‌ടെ പേരെന്താ.''

''ശാലിനി.''

''പാവങ്ങളാന്ന് തോന്നുന്നു.'' ത്രേസ്യാമ്മ പാറുകുട്ടിയോട് സ്വകാര്യം പറഞ്ഞു. ആ സ്ത്രീ അപ്പോഴേക്കും ഒരു പ്ലെയ്റ്റിൽ ദോശയുമായി എത്തി. ദോശ കിട്ടിയതും മോൾ തിന്നാൻ തുടങ്ങി. നല്ല വിശപ്പുണ്ട് പാവത്തിന്, ത്രേസ്യാമ്മ മനസ്സിൽ കരുതി. അവർ ആ സ്ത്രീയെ നോക്കി ചിരിച്ചു.

''സ്‌കൂളിൽനിന്ന് വന്നപ്പോ തൊടങ്ങീതാ ദോശ വേണംന്ന് പറഞ്ഞ് വാശി.'' അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. ''ഞാനെവിട്ന്ന് ദോശ കൊടുക്കാനാ. വീട്ടില് മാവൊന്നുംല്ല്യ.''

ത്രേസ്യാമ്മയ്ക്കു വിഷമമായി. പാവപ്പെട്ടവരുടെ ജീവിതത്തിലേയ്ക്ക് ഇടയ്‌ക്കൊന്നെത്തിനോക്കുമ്പോൾ മനസ്സിന്റെ അടിത്തട്ടിൽനിന്ന് ഒരു തേങ്ങൽ ഉയർന്നു വരികയാണ്. നുണഞ്ഞുകൊണ്ടിരുന്ന ഐസ് ക്രീം തൊണ്ടയിൽ തടഞ്ഞപോലെ. മോൾ ദോശ മുക്കാലും തിന്നു തീർത്തിരുന്നു. ത്രേസ്യാമ്മ ചോദിച്ചു. ''മോൾക്ക് ഐസ്‌ക്രീം വേണോ?''

വേണമെന്നവൾ തലയാട്ടി. അവർ പാറുകുട്ടിയോട് പറഞ്ഞു. ''പെണ്ണേ നീ പോയി ഒരു ഐസ്‌ക്രീം കൂടി വാങ്ങിക്കൊണ്ടുവാ.''

''അയ്യോ, ഞാൻ വാങ്ങിക്കൊടുക്കാം.'' ആ സ്ത്രീ പറഞ്ഞു.

''വേണ്ട, ഇന്ന് ഈ ആന്റിയുടെ വകയായിക്കോട്ടെ ഐസ്‌ക്രീം.''

പാറുകുട്ടി ഇതിനകം പണവും വാങ്ങി പോയിക്കഴിഞ്ഞിരുന്നു. ഈ കാര്യത്തിലെല്ലാം അവൾ മിടുക്കിയായിരുന്നു. എന്തു കാര്യവും വാങ്ങുന്നതിനെപ്പറ്റി പറയുമ്പോഴേക്ക് അവൾ സാധനവുമായി എത്തിയിരിക്കും. മുമ്പിലിരിക്കുന്ന കുഞ്ഞ് സ്വാദോടെ ഐസ്‌ക്രീം നുണഞ്ഞിരിക്കുമ്പോൾ ത്രേസ്യാമ്മയുടെ മനസ്സ് നിറയുകയായിരുന്നു.

റസ്റ്റോറണ്ടിൽനിന്നു പുറത്തിറങ്ങിയ ത്രേസ്യാമ്മക്ക് ഷോപ്പിങ്ങിനായി അലയാനുള്ള മൂഡുണ്ടായിരുന്നില്ല. വയർ നിറഞ്ഞിരുന്നു. ഇനി ഒരു ഓട്ടോ പിടിച്ച് വേഗം വീട്ടിൽപോയി ഒന്ന് നടുനിവർത്തണം.

ഓട്ടോവിന് കാത്തുനിൽക്കുമ്പോൾ അവർ വരുന്നതു കണ്ടു. ഹോട്ടലിൽവച്ചു കണ്ട അമ്മയും മകളും.

''ദേണ്ടേ ആ പെൺകൊച്ചും അമ്മയും വര്ണ്.'' പാറുകുട്ടി പറഞ്ഞു.

''അവര് എങ്ങോട്ടാണ് പോണത്. നമ്മള് പോണ വഴിയിലാണെങ്കില് അവരീം കൂട്ടായിരുന്നു.'' ത്രേസ്യാമ്മ പറഞ്ഞു. അവർ പക്ഷെ ത്രേസ്യാമ്മയെ കാണാതെ റോഡിന്റെ മറുവശത്തേയ്ക്കു കുറുകെ കടക്കുകയായിരുന്നു.

പെട്ടെന്ന് എന്തോ ഭൂതോദയം ഉണ്ടായ ത്രേസ്യാമ്മ പഴ്‌സ് തുറന്നുനോക്കി. വഴിയെപ്പോകുന്ന ഒരു ഒഴിഞ്ഞ ഓട്ടോവിന് കൈകാണിക്കുന്ന പാറുകുട്ടിയെ പിടിച്ചുവലിച്ചുകൊണ്ട് അവർ പറഞ്ഞു.

''പാറുകുട്ടീ, നില്ല്, ഓട്ടോ വിളിക്കാൻ വരട്ടെ. നീ ഈ സഞ്ചിയൊന്ന് പിടിക്ക്.''

സാരികളുടെ സഞ്ചി പാറുകുട്ടിയുടെ കൈയ്യിൽ കൊടുത്ത് അവർ പഴ്‌സിലെ പണം മുഴുവൻ പുറത്തെടുത്ത് എണ്ണാൻ തുടങ്ങി. രണ്ടു രൂപയുടെ നോട്ടുകൾ രണ്ടെണ്ണം. ഒരെണ്ണം നടുവേ കീറിയതാണ്. രണ്ട് അമ്പതു പൈസ നാണ്യങ്ങൾ. പിന്നെ കുറെ പത്തു പൈസ ഇരുപതു പൈസ നാണ്യങ്ങളും.

''പാറുകുട്ടി, ഒരു കാര്യം പറഞ്ഞാൽ നെനക്ക് വെഷമാവ്വോ.''

''എന്താ അമ്മച്ചീ?''

''ആ കൊച്ചിന് വേണ്ടി ഐസ്‌ക്രീം വാങ്ങാൻ നെന്റെ കയ്യിൽ തന്നില്ലേ ഒരു ഇരുപതിന്റെ നോട്ട്?''

''ആ അമ്മച്ചീ?''

''അത് അവസാനത്തെതായിരുന്നു. വേഗം ബസ് സ്റ്റോപ്പിലേയ്ക്കു നടന്നോ. നന്നായി ആ പെമ്പ്രന്നോരേം കൊച്ചിനീം വിളിക്കാതിരുന്നത്.''

കർത്താവു മാനം കാത്തു. ത്രേസ്യാമ്മ മനസ്സിൽ നന്ദി പറഞ്ഞു. ഓട്ടോവിന് പോകാൻ പറ്റിയില്ലെങ്കിലും സാരമില്ല. ഒരു പാവപ്പെട്ട വീട്ടിലെ കൊച്ചിന് ഐസ്‌ക്രീം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞല്ലോ. അങ്ങിനെ സ്വർഗ്ഗത്തിൽ ഒരു സീറ്റ് ഒരുമാതിരി ഉറപ്പുവരുത്തി തിരക്കിട്ട ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴാണ് ആ അത്യാഹിതമുണ്ടായത്. ആദ്യം കണ്ടത് പാറുകുട്ടിയായിരുന്നു. അവൾ ത്രേസ്യാമ്മയുടെ കൈപിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

''ദേണ്ടേ, അമ്മച്ചി നോക്ക്.''

പാറുകുട്ടി ചൂണ്ടിക്കാണിച്ച സ്ഥലത്തേയ്ക്ക് അവർ നോക്കി. അവർ അക്ഷരാർഥത്തിൽ വാ പൊളിച്ചു നിന്നുപോയി. ആ 'പാവപ്പെട്ട സ്ത്രീ' ഒരു തിളങ്ങുന്ന പുത്തൻ സീലോ കാറിനടുത്തു നില്ക്കുകയാണ്. കൈസഞ്ചയിൽനിന്ന് താക്കോലെടുത്ത് വാതിൽ തുറന്ന് അവർ കാറിനകത്തു കയറി ഇതിനകം മറുവശത്തെത്തിയ മകൾക്ക് കയറാൻ വാതിൽ തുറന്നുകൊടുത്തു. ഒരു നിമിഷത്തിനുള്ളിൽ അവർ കാർ സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയും ചെയ്തു.''

''നീ എന്നെ ഒന്ന് നുള്ള് പാറുകുട്ടി.'' ത്രേസ്യാമ്മ പറഞ്ഞു.

''അമ്മച്ചിയെ നുള്ള്വല്ല വേണ്ടത്, ഇടിക്കുവാ.'' തിരക്കുള്ള ബസ്സിൽ സഞ്ചികളുമൊക്കെയായി സഞ്ചരിക്കാൻ തീരെ താൽപര്യമില്ലാതിരുന്ന പാറുകുട്ടി പറഞ്ഞു.

അവർ ബസ്‌സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 16

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. കറന്റ്ബുക്സ് ത്രിശൂര്‍ (1998)
    വാല്യം. 2. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)