|| Novel

ആസക്തിയുടെ അഗ്നിനാളങ്ങള്‍

ഇ ഹരികുമാര്‍

അദ്ധ്യായം 3

അകാലത്തിൽ സന്യാസം സ്വീകരിക്കാൻ എത്തി തന്റെ മുമ്പിൽ കുമ്പിട്ടു നിൽക്കുന്ന ചെറുപ്പക്കാരിയുടെ തലയിൽ കൈവച്ച് പത്മാസനത്തിലിരുന്ന ആനന്ദഗുരു അനുഗ്രഹിച്ചു:

'മകളെ, എഴുന്നേൽക്കൂ.'

സരള നിവർന്നിരുന്നു. കവിളിലൂടെ ഒഴുകിയ നീർച്ചാൽ സാരിയുടെ തുമ്പുകൊണ്ടു തുടച്ചു.

'കരയാതിരിക്കൂ.'

അതൊരാജ്ഞയായിരുന്നു. ജനലിലൂടെ കടന്നുവന്ന പോക്കുവെയിൽ അവളുടെ മുഖം സ്വർണ്ണമയമാക്കിയതു ഗുരു ശ്രദ്ധിച്ചു. തുടുത്ത കവിളുകൾ കണ്ണീരുവീണു നനഞ്ഞിരുന്നു. ഒരു സ്വർണ്ണവിഗ്രഹം കഴുകിവച്ചപോലെ അവൾ ഇരുന്നു. നേരിയ പച്ചക്കരയുള്ള വെള്ളസാരിയാണ് അവൾ ഉടുത്തിരുന്നത്. സങ്കോചംമൂലം സാരി ചുമലിലൂടെ ഇട്ട് സ്ഥൂലമായ ഉടൽ മറച്ചിരുന്നു.

ഗുരു കുറെനേരം കണ്ണടച്ച് ആലോചിച്ചിരുന്നു. എവിടെനിന്നോ വന്നു തന്റെ മുമ്പിൽ എത്തിപ്പെട്ട ഈ സ്ത്രീ ആര്? എന്താണവളുടെ ദുഃഖം? സായാഹ്നപ്രഭാഷണം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണു മുമ്പിലിരിക്കുന്ന ചെറുപ്പക്കാരിയെ ശ്രദ്ധിച്ചത്. തന്നെ കാത്തിരുന്ന മട്ടിൽ അവൾ പറഞ്ഞു:

'എനിക്കു സന്യസിക്കണം.'

അവൾ ആനന്ദഗുരുവിന്റെ മുമ്പിൽ നമസ്‌കരിച്ചു.

സന്യാസത്തിനു ദീക്ഷ കൊടുക്കുക എളുപ്പമല്ല. ധാരാളം പേർ ആശ്രമത്തിൽ വരാറുണ്ട്. ഒരാഴ്ചത്തെ ഭജനമിരിക്കാൻ ആവശ്യപ്പെടും. അതിനുള്ളിൽ മനസ്സമാധാനം കിട്ടിയാൽ തിരിച്ചുപോവുകയും ചെയ്യും. മാറാവ്യാധികളുള്ളവർ, കാലദോഷംകൊണ്ട് എല്ലാം നഷ്ടപ്പെട്ടവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, അങ്ങനെ പ്രാപഞ്ചികദുഃഖങ്ങളുടെ മാറാപ്പേന്തി വരുന്നവർ ഭജനമിരിക്കാൻ ഒഴിച്ചിട്ട പർണശാലയിൽ ഒരാഴ്ച താമസിക്കുന്നു. അദ്ഭുതങ്ങൾക്കായി കാത്തിരിക്കുന്ന ആ ദിവസങ്ങളിൽ അവർ വേലപ്പസ്വാമികളുടെ സമാധിയിലും പോയി തൊഴുന്നു. ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കുന്നു. മാറാരോഗങ്ങൾ സുഖപ്പെടുന്നു. താളംതെറ്റിയ മനസ്സുകൾക്കു സ്വാസ്ഥ്യം തിരിച്ചുകിട്ടുന്നു. അപസ്മാരരോഗങ്ങൾ ഭേദപ്പെടുന്നു. അസുഖങ്ങൾ മാറിയാലും ഇല്ലെങ്കിലും എന്തോ ഒന്നു നേടിയെന്ന സംതൃപ്തിയോടെ അവർ തിരിച്ചുപോകുന്നു.

സ്ഥിരമായി അന്തേവാസികളെ എടുക്കുന്നതും ദീക്ഷ നൽകുന്നതും ആലോചിച്ചിട്ടാണ്. അവരുടെ ജീവിതപശ്ചാത്തലം നോക്കേണ്ടത് ആവശ്യമാണ്. മുമ്പിലിരിക്കുന്ന ചെറുപ്പക്കാരിയെ നോക്കിയപ്പോൾ ആനന്ദഗുരുവിനു സംശയങ്ങളുണ്ടായി. ഇവൾക്കു സന്യാസം സ്വീകരിക്കാനാവുമോ? ഇവളെക്കാൾ വയസു കുറഞ്ഞ സ്ത്രീകൾ ആശ്രമത്തിൽ സന്യാസം സ്വീകരിച്ചു കഴിയുന്നുണ്ട്. വയസ്സല്ല പ്രധാനം. ഈ ഇരുപത്തഞ്ചുകാരിയുടെ കണ്ണുകളിൽ, അംഗങ്ങളിൽ, ചേഷ്ടകളിൽ ജീവിതം തുടിച്ചുനിൽക്കയാണ്. അവിടെ വൈരാഗ്യമല്ല അഭിലാഷമാണുള്ളത്. അതു ഗുരുവിനെ അസ്വസ്ഥനാക്കി.

'കരയാതിരിക്കൂ.' ആനന്ദഗുരു ഒരിക്കൽക്കൂടി പറഞ്ഞു. 'എന്താണു നിങ്ങളുടെ വിഷമമെന്ന് എനിക്കറിയില്ല. എന്തുതന്നെയായാലും സന്യസിക്കാൻ വരട്ടെ. സന്യാസിയുടെ ജീവിതം കല്ലും മുള്ളും നിറഞ്ഞതാണ്. നിങ്ങൾക്കതു പറ്റുമോ, അതിന്റെ ആവശ്യമുണ്ടോ എന്നു നോക്കാം. കുറച്ചുനാൾ ഭജനമിരിക്കൂ. ചുറ്റും പച്ചപിടിച്ച മരങ്ങളാണ്. നമ്മെ ഒരിക്കലും ഉപദ്രവിക്കാത്ത പ്രകൃതി. അവയുടെ ഇടയിലുള്ള ജീവിതം നിങ്ങൾക്കു നഷ്ടപ്പെട്ട മനസ്സമാധാനം തിരിച്ചുതരും. ഒരുപക്ഷേ, സാവധാനത്തിൽ നിങ്ങൾക്കു പറ്റിയതെന്താണെന്ന് എന്നോടു പറയാൻ കഴിഞ്ഞെന്നുവരും. എന്തിനും നമുക്കു പരിഹാരമുണ്ടാക്കാം. നിങ്ങൾക്കു ജീവിതത്തിലേക്കു ധൈര്യപൂർവ്വം തിരിച്ചു പോകാൻ പറ്റും. വിഷമിക്കാതിരിക്കൂ. ദിവസവും ഉച്ചതിരിഞ്ഞ് ഒരു മണിക്കൂർ പ്രഭാഷണമുണ്ട്. അതുകേൾക്കാൻ വരൂ. മനസ്സിനെ ശക്തമാക്കാൻ അതുപകരിക്കും.'

പിന്നിൽ നിന്നിരുന്ന സന്യാസിനിയെ ചൂണ്ടിക്കാട്ടി ഗുരു പറഞ്ഞു.

'ഇവർ ഭജനമിരിക്കാനുള്ള ഇടം കാട്ടിത്തരും.'

ഒരിക്കൽക്കൂടി നമസ്‌കരിച്ച് എഴുന്നേറ്റു പോകുന്ന ചെറുപ്പക്കാരിയെ ആനന്ദഗുരു അനുഗ്രഹിച്ചു.

'സ്വസ്തി.'

സരള പർണശാലയ്ക്കു പുറത്തേക്കുനടന്നു. സന്യാസിനിയും ഒപ്പം വന്നു. അവൾ ചോദിച്ചു:

'ദേവിക?'

'അല്ല, എന്റെ പേര് സുനന്ദിനീന്നാ, വരൂ.'

ദേവിക എവിടെ എന്നായിരുന്നു സരള ഉദ്ദേശിച്ചത്. അവൾ പോയിക്കാണുമെന്നു സരള ഊഹിച്ചു. അവളുടെ ദൗത്യം തന്നെ ഇവിടെ എത്തിക്കലായിരുന്നല്ലോ. പക്ഷേ, യാത്രപറയാതെ പോയതു സരളയെ വേദനിപ്പിച്ചു. ഒരുപക്ഷേ, അവൾ ഇപ്പോഴും ആശ്രമത്തിലെവിടെയെങ്കിലുമുണ്ടാകുമെന്നു സരള ആശ്വസിച്ചു.

ആനന്ദഗുരു ആലോചനയിലായിരുന്നു. ഈ കുട്ടിയെ കണ്ട നിമിഷം തൊട്ട് ഹൃദയം അകാരണമായി മമതയുടെ നീരുറവിനാൽ ആർദ്രമാകുന്നു; മമതയ്ക്കു തന്റെ മനസ്സിൽ സ്ഥാനമില്ല എന്നറിഞ്ഞിട്ടും. വർഷങ്ങളായുള്ള കഠിന സാധനയുടെ ഫലമായി മനസ്സിനെ സംസാരബന്ധനങ്ങളിൽ നിന്നും കർമപാശങ്ങളിൽനിന്നും വേർപെടുത്തി നിർമമമാക്കാൻ അദ്ദേഹം പഠിച്ചിരുന്നു. ഓർമ്മയുടെ അസന്തുഷ്ടമായ അകലങ്ങളിലേക്കു യാത്രചെയ്യാൻ അദ്ദേഹം മനസിനെ അനുവദിച്ചില്ല, അതു നിഷ്‌കാമ്യമാണെന്നറിഞ്ഞുകൊണ്ടുതന്നെ. സംസാരത്തിന്റെ ഓരംചുറ്റി യാത്രചെയ്യുക, നിർമമനായി, ഏകനായി.

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 20

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (1998)
    വാല്യം. 2. കറന്റ്ബുക്സ് ത്രിശൂര്‍ (2005)