ഇ. ഹരികുമാറുമായി അഭിമുഖം

ചേതന

1. ചേതന: എഴുത്തിന്റെ ലോകത്ത് അര നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞല്ലോ. തിരിഞ്ഞു നോക്കുമ്പോൾ ആ യാത്രയെ എങ്ങനെ വിലയിരുത്തുന്നു?

ഹരികുമാര്‍: യാത്ര വളരെ നീണ്ടതും ക്ലേശകരവുമായിരുന്നു. ക്ലേശകരം എന്നു പറഞ്ഞത് എഴുത്തിനെപ്പറ്റിയല്ല, എന്റെ ജീവിതത്തെപ്പറ്റിയാണ്. എന്റെ ജീവിതവും എഴുത്തും തമ്മിലുള്ള അതിർവര വളരെ ലോലമായതുകൊണ്ടാണങ്ങിനെ പറഞ്ഞത്. എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ഞാൻ ജീവിച്ച പരിസരങ്ങൾ, പരിചയപ്പെട്ട മനുഷ്യർ, ഔദ്യോഗിക ജീവിതം, പ്രണയബന്ധങ്ങൾ, മാത്രമല്ല വിവാഹേതരബന്ധങ്ങൾ പോലും എന്റെ കഥകളിലും നോവലുകളിലും പ്രതിഫലിച്ചിട്ടുണ്ട്. അതു കാരണം എന്റെ കഥകളിലൂടെ, നോവലുകളിലൂടെ കടന്നുപോകുന്നവർ എന്റെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. പതിനഞ്ച് കഥാസമാഹാരങ്ങൾ, ഒമ്പത് നോവലുകൾ, ഒരു ഏകാങ്കം (ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല), രണ്ട് ഓർമ്മക്കുറിപ്പുകളും ലേഖനങ്ങളും. എഴുത്തിൽ ഞാൻ തൃപ്തനാണോ എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരം അതെ എന്നുതന്നെയാണ്. എനിക്ക് എന്റേതായ വായനക്കാരുണ്ട്. വല്ലപ്പോഴും അവരെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അവർ വായിച്ച കഥകളെപ്പറ്റി വിശദമായി പറയുമ്പോൾ എനിക്കു മനസ്സിലാവുന്നു എന്റെ സാഹിത്യജീവിതം പാഴായിട്ടില്ല. ഞാൻ ഒരിക്കലും മത്സരങ്ങൾക്കു പോയിട്ടില്ല, പേരു പത്രങ്ങളിൽ നിറഞ്ഞു നിൽക്കാനും പുരസ്‌കാരങ്ങൾ കരസ്ഥമാക്കാനും കുറുക്കു വഴികൾ തേടിയിട്ടുമില്ല. മറ്റു പലരും അതു ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ടുതാനും.

2. ചേതന: ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന മഹാനായ അച്ഛന്റെ മകനായുള്ള കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകൾ....

ഹരികുമാര്‍: മധുരമായ ഓർമ്മകൾ. ഞാൻ വളരെയധികം ലേഖനങ്ങൾ അതിനെപ്പറ്റി എഴുതിയിട്ടുള്ളതുകൊണ്ട് അതൊന്നും ആവർത്തിക്കുന്നില്ല. അച്ഛൻ ഒരു കവിയാണെന്നത് വളരെ ചെറുപ്പത്തിൽത്തന്നെ മനസ്സിൽ രൂഢമായിരുന്നു. പിന്നീട് അച്ഛന്റെ കവിതകൾ വായിച്ചു തുടങ്ങിയപ്പോൾ ആ മഹാസാഗരത്തിനു മുമ്പിൽ വിനയാന്വിതനായി നിൽക്കാനേ കഴിഞ്ഞുള്ളു. അച്ഛനോട് മകൻ എന്ന നിലയ്ക്കുള്ള സ്‌നേഹമാണോ, അതോ അച്ഛനെന്ന കവിയോടുള്ള ആദരവും സ്‌നേഹവുമാണോ മുന്നിട്ടു നിൽക്കുന്നത് എന്നു ചോദിച്ചാൽ കവിയോടുള്ള ആദരവും സ്‌നേഹവുമാണെന്നാവും എന്റെ മറുപടി.

3. ചേതന: എഴുത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ അച്ഛന്റെ പ്രതികരണമെന്തായിരുന്നു? ഇടശ്ശേരിയുടെ മകൻ എന്നത് അമിതപ്രതീക്ഷകളുടെ സമ്മർദ്ദം നൽകിയിരുന്നോ?

ഹരികുമാര്‍: എഴുത്തിന്റെ വഴി തിരഞ്ഞെടുത്തതല്ല, മറിച്ച് സ്വാഭാവികമായി സംഭവിച്ച ഒന്നായിരുന്നു. വീട്ടിൽ അതിനുള്ള അന്തരീക്ഷമുണ്ടായിരുന്നു. ഞാൻ എഴുതുന്നുണ്ടെന്നറിഞ്ഞപ്പോൾ അച്ഛനേക്കാളധികം സന്തോഷിച്ചത് അമ്മയായിരിക്കണം. അവരും ഒരു സാഹിത്യകാരിയായിരുന്നു. കവിതകളും കഥകളുമെഴുതി മാതൃഭുമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. കഥകളും കവിതകളും തർജ്ജമ ചെയ്തിരുന്നു. ഞാൻ തൊള്ളായിരത്തി അറുപതിൽ കൽക്കത്തയിലേയ്ക്കു പോയ ഉടനെ അമ്മ എഴുതിയ കത്ത് എന്റെ വെബ്ബസൈറ്റിലുണ്ട്. അതിന്റെ പ്രസക്തഭാഗം ഞാനിവിടെ ഉദ്ധരിക്കാം:

'നിന്റെ ചെറുകഥ എന്തായി? ചെറുകഥാസാഹിത്യം നിന്റെ അനുജനാണ്. എന്നിൽ ജനിച്ച ആ സന്താനത്തെ നീ വളർത്തി വലുതാക്കിയാൽ ഞാൻ കൃതാർത്ഥയായി......' വിവാഹം കഴിഞ്ഞപ്പോൾ അമ്മ എഴുത്ത് നിർത്തുകയാണുണ്ടായത്. എന്റെ അമ്മാവൻ കുമാറും (ഉറൂബിന്റെ ഭാര്യാസഹോദരൻ) കഥാകൃത്തായിരുന്നു. അദ്ദേഹം വളരെചെറുപ്പത്തിൽ മരിച്ചു.

ഇനി ചോദ്യത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റി പറയാം. ശരിയാണ് സമ്മർദ്ദമുണ്ടായിരുന്നു. അത് അമിതപ്രതീക്ഷകളുടെയല്ല, മറിച്ച് ഗുണനിലവാരത്തിന്റേതായിരുന്നു. പൊന്നാനിക്കളരിയുടെ ഗുണനിലവാരത്തിലുള്ള അമിതമായ ശാഠ്യം അറിയാവുന്നതല്ലെ. അപ്പോൾ ആ കളരിയിലെ ഏറ്റവും പുതിയ ശിഷ്യൻ ആ നിലവാരം കൊണ്ടു നടത്തേണ്ടത് ഒരാവശ്യമാണ്, ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും. അതുകൊണ്ട് ഞാൻ വളരെ കുറച്ചുമാത്രമെഴുതി, എഴുതുന്നത് നന്നാവണമെന്ന ബോധവും, നിർബ്ബന്ധവുമുണ്ടായിരുന്നു.

4. ചേതന: പ്രസിദ്ധീകരിച്ച ആദ്യകഥാസമാഹാരമായ 'കൂറകളെ'ക്കുറിച്ച് പറയാമോ?

ഹരികുമാര്‍: 'കൂറകൾ' എന്ന സമാഹാരത്തിലെ 11 കഥകൾ ഞാൻ പത്തുകൊല്ലം കൊണ്ട് എഴുതിയവയാണ് (1962-71). ഒരു വലിയ ക്യാൻവാസിൽ വരക്കാനുദ്ദേശിക്കുന്ന ചിത്രകാരൻ വിശദാംശങ്ങളുടെ സ്‌കെച്ചുകൾ മറ്റൊരു ക്യാൻവാസിൽ വരച്ചുനോക്കുന്നപോലെയാണ് ആ കഥകൾ. മിക്കവാറും ചിത്രകലയോടടുത്തു നിൽക്കുന്നവ. അതിലെ 'കൂറകൾ' എന്ന കഥയാണ് എന്റെ സാഹിത്യജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ല്. 1966ൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ആ കഥ 2005ൽ ദൂരദർശൻ ഒരു ടെലിഫിലിമാക്കിയിട്ടുണ്ട്. ശ്രീ എം.ടി. വാസുദേവൻ നായരാണ് ആ കഥ നിർദ്ദേശിച്ചത്. എം.ടി.യെപ്പോലുള്ള ഒരു എഴുത്തുകാരൻ, 40 കൊല്ലം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കഥ നിർദ്ദേശിക്കണമെങ്കിൽ ആ കഥയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നല്ലെ കാണിക്കുന്നത്. കെ. ജ്യോതിഷ്‌കുമാറാണ് സംവിധായകൻ.

5. ചേതന: കൊൽക്കത്തയിലെ ജീവിതം എഴുത്തിൽ ചെലുത്തിയ സ്വാധീനം...

ഹരികുമാര്‍: കൊൽക്കത്തയിലെ ജീവിതവും ജീവിതാനുഭവങ്ങളും എഴുത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്, പ്രത്യേകിച്ച് എഴുത്തു തുടങ്ങിയ നാളുകളിൽ. കൽക്കത്ത സംസ്‌കാരസമ്പന്നമായ ഒരു നഗരമാണ്. പിന്നീട് ജീവിക്കാനിടവന്ന ദില്ലി, ബോംബെ എന്നീ നഗരങ്ങളെപ്പറ്റി എനിക്കങ്ങിനെ പറയാൻ പറ്റുന്നില്ല. കൽക്കത്തയിൽ ഒരു ശരാശരി ബംഗാളിയുടെ കയ്യിൽ ഏതെങ്കിലും ബംഗാളി പുസ്തകമുണ്ടാകും. എന്നെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്വാധീനം അവിടുത്തെ നേഷനൽ ലൈബ്രറിയായിരുന്നു. ന്യൂ ആലിപൂരിലെ ആ മഹത്തായ സ്ഥാപനം എന്റെ ജീവിത വീക്ഷണത്തെ വളരെ ഉയരങ്ങളിലെത്തിച്ചു, എന്റെ അറിവിന്റെ അതിരുകൾ വളരെ വികസിപ്പിച്ചു. ഒരു സാഹിത്യകാരന് അവശ്യം വേണ്ട ഒന്നാണ് ഇന്ന് നിലവിലുള്ളതും മുമ്പ് നിലനിന്നുപോന്നിരുന്നതുമായ വിജ്ഞാനശാഖകളെപ്പറ്റിയുള്ള അറിവ്, അത് ചരിത്രമായാലും, ശാസ്ത്രമായാലും, തത്ത്വശാസ്ത്രമായാലും, കലകളായാലും ശരി. ഈ അറിവ് അയാളുടെ സൃഷ്ടികളെ മഹത്തരമാക്കുന്നു. അതേ അറിവ്തന്നെ വായനക്കാരനുമുണ്ടാകുമ്പോഴാണ് ആസ്വാദ്യത മികവുറ്റതാകുന്നത്, പൂർണ്ണമാകുന്നത്.

6. ചേതന: നോവലുകളും ചെറുകഥകളുമെഴുതിയിട്ടുണ്ടല്ലോ? ഇതിലേതു മാധ്യമത്തോടാണ് കൂടുതൽ പ്രിയം?

ഹരികുമാര്‍: രണ്ടും ഒരുപോലെ ഇഷ്ടമാണ്. നോവലെഴുതുമ്പോഴും കഥകളെഴുതുന്നതുപോലെത്തന്നെ സംതൃപ്തിയും ആനന്ദവും ലഭിക്കുന്നു. തുടങ്ങിയത് പക്ഷെ ചെറുകഥയിലൂടെയാണ്. ആദ്യത്തെ കഥ 1962ൽ പ്രസിദ്ധീകരിച്ച 'മഴയുള്ള ഒരു രാത്രിയിൽ'.

7. ചേതന: പ്രിയപ്പെട്ട സ്വന്തം കൃതി...

ഹരികുമാര്‍: ഇഷ്ടപ്പെട്ട സ്വന്തം കൃതിയെപ്പറ്റി ചോദിക്കുന്നത് മക്കളിൽ ആരെയാണ് കൂടുതലിഷ്ടം എന്നു ചോദിക്കുന്നതുപോലെയാണ്. പക്ഷെ ഏതു അച്ഛനും മക്കളിൽ ആരെയെങ്കിലും ഒരാളെ കൂടുതലിഷ്ടമുണ്ടായിക്കൂടെന്നില്ലല്ലൊ. (ഇല്ലെന്നു പറയുന്നത് വെറും കാപട്യമാണ്.) അതുകൊണ്ട് പറയാം എനിക്ക് ഏറ്റവും കൂടുതലിഷ്ടമായിട്ടുള്ളത് 'ദിനോസറിന്റെ കുട്ടി'യാണ്. അതെന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെ ചിത്രീകരിക്കുന്നു. ഒരു കുടുംബത്തിന്റെ നിലനിൽപിന്റെ കടുത്ത പ്രശ്‌നങ്ങൾക്കിടയിൽ വൈകാരികമായി പുറംതള്ളപ്പെടുന്ന ഒരു കൊച്ചുകുട്ടിയുടെ സാന്ത്വനമായി ദിനോസർ എങ്ങിനെ വന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. അതുപോലെത്തന്നെയാണ് എന്റെ 'തടാകതീരത്ത്' എന്ന നോവലും. ഒരു ജോലിയന്വേഷിച്ച് വളരെ ചെറുപ്പത്തിൽ കൽക്കത്തയിലേയ്ക്കു വണ്ടി കയറിയ എന്റെ കഥയാണത്. അറുപതുകളിലെ കൽക്കത്തയുടെ ചിത്രം പുനർനിർമ്മിക്കുകയെന്നതായിരുന്നു ഏറ്റവും ക്ലേശകരമായ ജോലി. അന്നത്തെ കൽക്കത്ത, മാറുന്ന കാലാവസ്ഥ നഗരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, അന്നത്തെ ജനജീവിതം, സിനിമ, സംഗീതം തൊട്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ മഹാനഗരത്തിന്റെ എല്ലാ ഭാവങ്ങളും വേഷങ്ങളും അതിൽ തെളിമയോടെ കൊണ്ടുവരാൻ എനിക്കു കഴിഞ്ഞു. ജോലിയിൽ ഉയർച്ചയ്ക്കു വേണ്ടി പരിശ്രമിക്കുന്ന പതിനേഴുകാരന്റെ ജീവിതത്തിന് സമാന്തരമായി കൂട്ടിക്കൊടുപ്പുകാരനായ ഫ്രാങ്കെന്ന വയസ്സൻ ആംഗ്ലോ ഇന്ത്യന്റെ കഥകൂടി ചേർത്തിരിക്കുന്നു. ഈ രണ്ടു കഥാപാത്രങ്ങളിൽ വായനക്കാരന് ആരുമായാണ് കൂടുതൽ അടുപ്പം തോന്നുകയെന്നത് പറയാൻ പറ്റില്ല. രണ്ടും മിഴിവുള്ള കഥാപാത്രങ്ങൾ തന്നെ. എന്നോടു ചോദിച്ചാൽ പറയുക 'ഫ്രാങ്ക്' എന്നാവും. എന്റെ ഏറ്റവും മികച്ച കൃതി/കൃതികൾ ഏതെന്നു ചോദിച്ചാൽ ഞാൻ പറയുക 'കറുത്ത തമ്പ്രാട്ടി' എന്ന കഥാസമാഹാരവും 'തടാകതീരത്ത്' എന്ന നോവലുമാണ്. എനിക്ക് എന്റെ എല്ലാ കഥകളും ഇഷ്ടമാണ്. ചിലപ്പോൾ എന്തെങ്കിലും പരിശോധിക്കാനായി ഒരു പുസ്തകമെടുത്താൽ പിന്നെ അതു മുഴുവനും വായിച്ചേ മടക്കിവെക്കാറുള്ളു. അതിശയോക്തിയില്ല. എന്റെ കഥകളുടെ എറ്റവും നല്ല വായനക്കാരനും വിമർശകനും ഞാൻ തന്നെയാണ്. എന്റെ ബലവും ബലഹീനതയും ഏറ്റവുമധികം അറിയുന്ന ആളും ഞാൻതന്നെ.

9. ചേതന: ഇ-ഹരികുമാർ.കോം എന്ന വെബ്‌സൈറ്റിനെക്കുറിച്ച് പറയാമോ? വെബ്‌സൈറ്റിൽ കൃതികൾ സൗജന്യവായനയ്ക്കായി നൽകിയിരിക്കുന്നത് പുതിയ കാലത്ത് വായന പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണോ?

ഹരികുമാര്‍: രണ്ടു തരം വായനക്കാരുണ്ട്. ഒന്ന് പ്രിന്റ് ചെയ്ത പുസ്തകം മാത്രം വായിക്കുന്നവർ. അതാണ് ഭൂരിപക്ഷവും. അങ്ങിനെയല്ലാത്ത ഒരു ന്യൂനപക്ഷവുമുണ്ട്. അവർ ഇ-റീഡിങ് ഇഷ്ടപ്പെടുന്നു. അവർക്കുവേണ്ടിയാണ് ഞാൻ എന്റെ എല്ലാ പുസ്തകങ്ങളും നെറ്റിലിട്ടിട്ടുള്ളത്. അതുപോലെത്തന്നെ പുസ്തകം വാങ്ങാൻ കഴിയാത്തവരുണ്ട്. അവർക്ക് സ്വന്തം ഫോണിൽവരെ എന്റെ പുസ്തകങ്ങൾ സൗജന്യമായി വായിക്കാം. മറ്റൊരു കാര്യവുമുണ്ട്. എന്റെ കഥകളും നോവലുകളും മുമ്പ് സമകാലികങ്ങളിൽ വന്നപ്പോഴുണ്ടായിരുന്ന സകെച്ചുകളും മറ്റും ചേർത്ത് അതേപടിയാണ് ഞാൻ വെബ്ബിൽ ചേർത്തിരിക്കുന്നത്. അത് വായനയെ കൂടുതൽ രസകരമാക്കുന്നു, ഗൃഹാതുരതയുണർത്തുന്നു. സൗജന്യമായി വെബ്ബിലിട്ടത് വായന പ്രോൽസാഹിപ്പിക്കാൻ തന്നെയാണ്. അതുകൊണ്ട് എന്റെ അച്ചടിച്ച പുസ്തകങ്ങളും കൂടുതൽ വിൽക്കപ്പെടുന്നുണ്ടെന്നാണ് അറിവ്. കാരണം വെബ്ബിൽ വായിക്കുന്നവർക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരുടെ അച്ചടി പുസ്തകം സ്വന്തമാക്കാനുള്ള താല്പര്യം കാണുന്നുണ്ട്. വെബ്ബിൽ വായിച്ച പലരും ഈ പുസ്തകം എവിടെയാണ് കിട്ടുക എന്നന്വേഷിക്കാറുണ്ട്. ഒന്നുകിൽ ആർക്കെങ്കിലും സമ്മാനമായി കൊടുക്കുവാൻ അല്ലെങ്കിൽ സ്വന്തം ഷെൽഫിൽ സൂക്ഷിച്ചുവെയ്ക്കാൻ.

എന്റെയും അച്ഛന്റെയും വെബ്ബ് സൈറ്റിന്റ രൂപകല്പനയും സാങ്കേതിക ജോലികളും ആരുടേയും സഹായമില്ലാതെ ഞാൻതന്നെയാണ് നിർവ്വഹിക്കുന്നത്. അതുകൊണ്ട് ഞാനുദ്ദേശിച്ച പോലെത്തന്നെ വെബ്ബ് സൈറ്റ് അവതരിപ്പിക്കാനും കാലാകാലങ്ങളിൽ പുതിയ വിഭവങ്ങൾ ചേർത്ത് പുതുക്കാനും കഴിയുന്നു.

10. ചേതന: കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ...

ഹരികുമാര്‍: 1998 മുതൽ 2004 വരെ രണ്ടു ഭരണസമിതിയിൽ ഞാൻ തുടർച്ചയായി അംഗമായിരുന്നു. എം.ടി. പ്രസിഡന്റായപ്പോഴാണ് എന്നെ അക്കാദമി അംഗമാക്കിയത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം അക്കാദമി കമ്പ്യൂട്ടറൈസ് ചെയ്ത് ആർക്കൈവ്‌സ് ഉണ്ടാക്കാനുള്ള കളമൊരുക്കുക എന്നതായിരുന്നു. മൺമറഞ്ഞ സാഹിത്യകാരന്മാരെപ്പറ്റി, അവരുടെ കഴിയുന്നത്ര വിവരങ്ങളുൾക്കൊള്ളിച്ചുകൊണ്ട് (അതായത്, കൃതികളുടെ പേരുകൾ, ലഭിച്ച പുരസ്‌കാരങ്ങൾ, ലഘുജീവചരിത്രക്കുറിപ്പ്, കൈപ്പട, ശബ്ദം എന്നിവ) ഒരു ഇന്ററാക്ടീവ് സി.ഡി. യുണ്ടാക്കാനായി അദ്ദേഹം എന്നെ നിയോഗിച്ചു. എല്ലാം ആദ്യം മുതൽ (ളൃീാ രെൃമരേവ) തുടങ്ങേണ്ടിയിരുന്നു. അക്കാദമി അംഗങ്ങളുടെയും സ്റ്റാഫിന്റെയും പൂർണ്ണ സഹകരണമുണ്ടായിരുന്നു. ആദ്യംതന്നെ കമ്പ്യൂട്ടറുകൾ വാങ്ങി സ്റ്റാഫിന് വേണ്ട പരിശീലനം കൊടുത്തു. മലയാളത്തിൽ ടൈപ്‌സെറ്റ് ചെയ്യാനും പഠിപ്പിച്ചു. അതുകൊണ്ട് അക്കാദമി പ്രസിദ്ധീകരിച്ച നാലു വാള്യങ്ങളുള്ള 'നമ്മുടെ സാഹിത്യം, നമ്മുടെ സമൂഹം' എന്ന ഗ്രന്ഥത്തിന്റെ മൂന്നു വാല്യങ്ങൾ അക്കാദമിയിൽത്തന്നെയാണ് ടൈപ്‌സെറ്റ് ചെയ്തത്, അക്കാദമി സ്റ്റാഫിനെ ഉപയോഗിച്ചുകൊണ്ടുതന്നെ. ഇതുകൊണ്ട് അക്കാദമിയ്ക്ക് കുറേ പണം ലാഭിക്കാനായി. 'മൺമറഞ്ഞ സാഹിത്യ പ്രതിഭകൾ' എന്ന സി.ഡി.ക്കു പുറമെ അക്കാദമി ലൈബ്രറിയിലെ 55,000 ത്തിൽ പരം പുസ്തകങ്ങളുടെ സേർച്ചബ്ൾ ഡിജിറ്റൽ ഇന്ററാക്ടീവ് കാറ്റലോഗും എന്റെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത്. ഇ. ദിനകരനാണ് സോഫ്റ്റവെയറിന്റെ രൂപകല്പന ചെയ്തത്.

11. ചേതന: പ്രിയപ്പെട്ട എഴുത്തുകാരൻ, സ്വാധീനിച്ച കൃതി...

ഹരികുമാര്‍: പ്രിയപ്പെട്ട എഴുത്തുകാരൻ ഉറൂബാണ്. (ഞാൻ പടിഞ്ഞാറൻ എഴുത്തുകാരെ ഒഴിവാക്കിയാണ് പറയുന്നത്.) അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയും ക്രാഫ്റ്റും ഞാനിന്നും അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. എനിക്ക് ഒന്നിലധികം തവണ താല്പര്യത്തോടെ വായിക്കാൻ കഴിയുന്ന ചുരുക്കം ഗ്രന്ഥകാരന്മാരിൽ ആദ്യത്തേത് ഉറൂബാണ്. ഒരു കൃതിയും എഴുത്തിനെ സ്വാധീനിച്ചിട്ടില്ല, പക്ഷെ മഹത്തായ കൃതികൾ പ്രസരിപ്പിക്കുന്ന സംസ്‌കാരം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, പ്രത്യേകിച്ച് 'പാവങ്ങൾ' പോലുള്ള കൃതികൾ.

12. ചേതന: ഔദ്യോഗിക ജീവിതം, കുടുംബം...

ഹരികുമാര്‍: ഔദ്യോഗിക ജീവിതത്തെപ്പറ്റി പറയാൻ ഒരു വലിയ പുസ്തകം തന്നെ വേണ്ടിവരും. എന്റെ 'തടാകതീരത്ത്' എന്ന പുസ്തകത്തിൽനിന്ന് ഏകദേശരൂപം കിട്ടും. പക്ഷെ അതിൽ കാണിച്ച സ്വകാര്യജീവിതം തികച്ചും കാല്പനികമാണ്. കുടുംബം: ഞാനും ഭാര്യ ലളിതയും മകനും ഭാര്യയും. അതിനു പുറത്ത് എന്റെ സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളുമടങ്ങുന്ന അതിലും വലിയ കുടുംബം. ഞങ്ങൾ ഒറ്റ കുടുംബംപോലെ കഴിയുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും മാതൃകാപരവുമായ ജീവിതവും ഞങ്ങൾക്ക് വഴി കാട്ടുന്നു. ഈ കുടുംബത്തിനും പുറത്ത് എന്റെ വായനക്കാരുടേതായ ഒരു വലിയ കുടുംബമുണ്ട്. ഞാൻ ഈ നിലയിലെത്താൻ കാരണക്കാരായ എന്റെ ഈ കുടുംബാംഗങ്ങളോട് ഞാൻ പ്രത്യേകം കടപ്പെട്ടിരിക്കുന്നു.

ചേതന, പൂന