എം.കെ. ഹരികുമാര്‍

ഹരികുമാറിന്റെ കഥകള്‍

എം.കെ. ഹരികുമാര്‍

കഥാകൃത്തായ ഹരികുമാറിനെക്കുറിച്ച് നിരൂപകനായ ഹരികുമാർ എഴുതുന്നു എന്നു പറയുമ്പോൾ അതിൽ ഒരേപേരുകാരുടെ യാതൊരുവിധ സംഘടിതശ്രമവും ഇല്ല എന്ന് ഓർക്കുക. കഥാകൃത്തിനേയും നിരൂപകനേയും പേരുമാറി കളിക്കുന്നതും സാധാരണയായിട്ടുണ്ട്. കഥാകൃത്തിന് നിരൂപകനോടും നിരൂപകന് കഥാകൃത്തിനോടും പ്രത്യേക താൽപ്പര്യമൊന്നുമില്ല. പേരുകളിലെ സാദൃശ്യം സൃഷ്ടിച്ചേക്കാവുന്ന അപകടം ഒഴിവാക്കാനാണ് ഇത്രയും പറഞ്ഞത്.

ആധുനികാനന്തര മലയാള കഥയുടെ ഭാവപരിണാമത്തിൽ ഇ. ഹരികുമാർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ആദ്യം മുതലേ തനിക്കു പരിചിതമായ ലോകത്തിന്റെ വിവിധങ്ങളായ വശീകരണശക്തികളുമായി അനിതരസാധാരണമായ സംഘർഷം നേടിക്കഴിഞ്ഞതായിരുന്നു, ഈ കഥാകാരന്റെ പ്രതിഭ. ചില കഥാകൃത്തുകൾക്ക് ആശയപരമായ ഉദ്വേഗങ്ങളും സാങ്കല്പികമായ മാനസികതയുമായിരിക്കും. പ്രേരകങ്ങളായിത്തീരുക. എന്നാൽ മറ്റുചിലർക്ക് എത്രയും പറഞ്ഞാലും തീരാത്ത സ്വന്തം തുരുത്തുകളായിരിക്കും. ഓരോ കോണിൽനിന്നുകൊണ്ട് നോക്കുകയാണവർ, അതോരോന്നും ഓരോ അഗാധതകൾ കാണിച്ചുതരുന്നു. മനുഷ്യന്റെ പരിസരങ്ങൾ ആരു കണ്ടിരിക്കുന്നു. എത്രവിചിത്രമാണ് മനുഷ്യന്റെ മോഹങ്ങളും വിചാരങ്ങളും ജീവിച്ചുവന്ന ചാലുകളുടെ ഓർമ്മകൾ, ഇവിടെ ഒരു സാക്ഷാത്ക്കാരത്തിന്റെ പടവുകൾ കാണിച്ചുതരുന്നു. നാം സ്‌നേഹിച്ചവരെക്കുറിച്ചും നാം തിരിച്ചറിഞ്ഞ തൊടികളെക്കുറിച്ചും തിരിച്ചും മറിച്ചും വിവിധ അർത്ഥശിൽപ്പങ്ങൾ കണ്ടെത്തുകയാണ് അനുഗൃഹീതനായ കഥാകൃത്തായ ഇ. ഹരികുമാർ.

കൂറകൽ, കുങ്കുമം വിതറിയ വഴികൾ, വൃക്ഷഭത്തിന്റെ കണ്ണ്, ദിനോസറിന്റെ കുട്ടി, എന്നീ കഥാസമാഹാരങ്ങൾക്കുശേഷമാണ് ഹരികുമാർ തന്റെ പുതിയ സമാഹാരമായ ശ്രീപാർവ്വതിയുടെ പാദവുമായി എത്തുന്നത്. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ വിശുദ്ധവും പുരാതനവുമായ ഏതോ ആത്മബന്ധത്തിന്റെ ലയം ഉണർത്തുന്നുണ്ട് ഇതിലെ പല കഥകളും. പഴമയുടെ രാഗത്തിൽ നിന്ന് ലോകത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്ന അലിവാർന്ന ഹൃദയാവസ്ഥകളെ ചൂണ്ടിക്കാണിക്കുകയാണ് പ്രമേയകഥയായ 'ശ്രീപാർവ്വതിയുടെ പാദം'. കുട്ടിക്കാലത്തിന്റെ ഓർമ്മകളോട് ഒരാത്മാവ് നടത്തുന്ന സംവാദത്തിന്റെ നവീനകാല സംഘർഷങ്ങൾ ഈ കഥയിൽ സംഭരിച്ചിരിക്കുന്നു. മാധവി അവരുടെ തറവാട്ട് വീട്ടിലേക്കുള്ള യാത്രയെ ഒരു തീർത്ഥാനടമായിട്ടാണ് കാണുന്നത്. മാവ് പൂത്തവാസനയും തുമ്പപ്പൂവിന്റെ സ്‌നിഗ്ധതയും മുളങ്കാടിന്റെ വശ്യതയും പുതുമഴയുടെ ലഹരിയും ഇരുട്ടിന്റെ സംഗീതനവും അവളെ നാട്ടിൻപുറത്തെ ആ കൊച്ചുവീട്ടിലേക്ക് പിന്നെയും പിന്നേയും കടന്നുചെല്ലാൻ പ്രേരിപ്പിക്കുന്നു.

ഭൗതികമായ നിർബന്ധങ്ങൾ നേരിടേണ്ടതുള്ളതുകൊണ്ട് ഈ വിശുദ്ധികളൊന്നും മനുഷ്യന് ശാശ്വതീകരിക്കാനാവില്ലെന്ന് സൂചിപ്പിക്കുകയാണ് കഥാകൃത്ത്. അതു സൂചിപ്പിക്കുംവിധമാണ് മാധവിയുടെ സഹോദരിയായ ശാരദചേച്ചിയുടെ സ്വഭാവചിത്രീകരണം കപടവും സ്വാർത്ഥവും ബഹിർഭാഗസ്ഥവുമായ ആധുനിക ലോകത്തിന്റെ പ്രതിനിധിയാണ് ശാരദ. അതേസമയം മൃദുലവും സുന്ദരവും വികാരതരളിതവുമായ ഭാവാത്മകമനസ്സിന്റെ സാന്നിധ്യമാണ്് മാധവി സമ്മാനിക്കുന്നത്. ഇത് രണ്ടും ഒത്തൊരുമിച്ച് പോകാനാവാത്ത എന്തോ ഒന്ന് ലോകത്ത് സംഭവിച്ചിട്ടുണ്ട്. അനിവാര്യമായ ദുഃഖമാണ് അതെന്ന് തോന്നിപ്പോകുന്നു. ഈ വൈരുദ്ധ്യാത്മകങ്ങളെ മറികടന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഒന്ന് കിട്ടുന്നു. ഒരിടത്തും മനുഷ്യന് ശാശ്വതമായ വാസസ്ഥാനമില്ല.

പുറമെ നിന്ന് നോക്കുമ്പോൾ കാണുന്ന രണ്ട് ലോകങ്ങളാണ് ഇതെങ്കിലും അതിനപ്പുറം 'ശ്രീപാർവ്വതിയുടെ പാദം' നൽകുന്ന പാഠങ്ങൾ വേറെയുമുണ്ട്. ശാരദ എന്ന കഥാപാത്രം മാത്രമേ ലോകത്തുള്ളൂ. മാധവിമാർ ഓരോരുത്തരുടേയും സ്വപ്നമായിരിക്കാം. ആ സ്വപ്നം നൽകുന്ന ജലച്ചായം മഹിമയാവാർന്നതാണ്. വരണ്ടുപോകുന്ന ജീവിതപാന്ഥാവുകളിൽ ഇത്തിരി കാരുണ്യത്തിന്റെ പ്രകാശം ചൊറിയാൻ അത് മതിയാകും. മറ്റൊന്നും കൂടിയുണ്ട്. യാന്ത്രികവും വിനാശകരമായിത്തീരുന്ന മനുഷ്യേച്ഛകളുടെ പരിണതിയാണത്. ഈ പാപയാത്രകളിൽ പ്രകൃതിയേയും പുരാതനത്വത്തേയും സ്‌നേഹത്തേയും സംരക്ഷിക്കുകയാണ് സെൻസിറ്റീവായ ഓരോ മനുഷ്യന്റേയും കടമ. ഇതൊരു യുദ്ധം തന്നെയാണ്. വാസ്തവത്തിൽ ത്യാഗവും മരണവും വേർപാടും സമരവുമെല്ലാം ഇങ്ങനെയൊരു പരിപ്രേക്ഷ്യത്തിലൂടെ ഉരുത്തിരിഞ്ഞു വരേണ്ടതാണ്. തന്റെ കഥകളിലൂടെ ഇ. ഹരികുമാർ ഇത്തരം ഒരിക്കലും സങ്കോചങ്ങളില്ലാത്ത സമരങ്ങളാണ് നടത്തുന്നതെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമേയുള്ളു.

വിഖ്യാതകവി ഇടശ്ശേരിയുടെ മകനായി ജനിച്ച ഹരികുമാറിന് കാവ്യബോധം ഏറെയുണ്ട്. ഇത് അദ്ദേഹത്തിന്റെ കഥകൾക്ക് പ്രത്യേകമായ ഒരു ഭാവതലം ഒരുക്കിക്കൊടുക്കുന്നു. പൂച്ചെടി വിൽക്കുന്നവർ നുണപറയാറില്ല. താമസി, ഒരു കടം കൂടി എന്നീ കഥകളിലെല്ലാം അശരണവും ബലഹീനനുമായ മനുഷ്യനെ അവതരിപ്പിച്ച് ആധുനിക ജീവിതത്തിന്റെ നാഗരികതയുടെ ഒട്ടും ആകർഷകമല്ലാത്ത മുഖങ്ങൾ അനാവരണം ചെയ്യുന്നു. ജീവിതത്തിന്റെ സ്‌നേഹരാഹിത്യവും വൈരൂപ്യവും കുറച്ചൊന്നുമല്ല ഈ കഥാകൃത്തിനെ വിഷമിപ്പിക്കുന്നത്. ജീവിതത്തിന് അനുയോജ്യനായ മനുഷ്യനെവിടെയെന്നെ അർത്ഥവത്തായ ചോദ്യം തന്റെ കഥകളിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് ഈ കഥാകൃത്ത്. സൂക്ഷ്മമായ സ്‌നേഹവും ദുഃഖവുമുള്ളവർ നാഗരികതയുടെ ഇരകളായിത്തീർന്നുകഴിഞ്ഞു. അടക്കിയ നിശ്വാസങ്ങളുടെ ഓവുചാലുകളാണ് അവരുടെ ജീവിതം. സ്വാർത്ഥത്തിന്റേയും ആത്മീയദാരിദ്ര്യത്തിന്റേയും സമ്മർദ്ദങ്ങളിൽപെട്ട് സ്‌നേഹഭാവങ്ങൾ ചതഞ്ഞരഞ്ഞ് പോകുന്നു. മനുഷ്യന്റെ നാഗരികത ഒരു പാഴ്പ്രദേശമാകാം. അതിന്റെ മീനച്ചൂട് അറിയുന്നതാണ് ഹരികുമാറിന്റെ കഥകൾ.

എക്‌സ്പ്രസ്, തൃശൂർ - ഡിസംബർ 1991

എം.കെ. ഹരികുമാര്‍

മലയാളത്തിലെ പ്രമുഖ വിമർശകനും സാഹിത്യ പത്രപ്രവർത്തകനുമാണ് എം.കെ. ഹരികുമാർ. മംഗളം ,കേരളകൗമുദി പത്രങ്ങളിൽ പത്രപ്രവർത്തനം. കലാകൗമുദി വാരികയിലെ അക്ഷരജാലകം എന്ന കോളം എഴുതുന്നുണ്ട്. സാഹിത്യത്തിന്റെ നവാദ്വൈതം എന്ന കൃതിയ്ക്ക് 2008ലെ കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചിരുന്നു.