പൂച്ചെടി വിൽക്കുന്നവർ നുണ പറയില്ല


ഇ ഹരികുമാര്‍

വീട്ടുകാരൻ വളരെ അക്ഷമനായിരിക്കുന്നു. കാര്യമുണ്ട്. സെന്റിന് അയ്യായിരം ഉറുപ്പിക വെച്ച് ഒരേക്കർ സ്ഥലം മുഴുവൻ വാങ്ങാൻ ആൾ വന്നിട്ടുണ്ട്. അയ്യായിരം നല്ല വിലയാണ്. ഇതിനു മുമ്പ് കിട്ടിയ ഏറ്റവും നല്ല ഓഫർ നാലായിരമാണ്. മക്കളെല്ലാം നിർബന്ധിക്കുന്നു. ഇനിയും കൂടുതൽ കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. ഇവിടെയൊക്കെ നാല് നാലരയേ വിലയുള്ളു. അപ്പോൾ ഒരാൾ അഞ്ച് തരാമെന്നു പറഞ്ഞാൽ ഉടനെ വിൽക്കുകയാണ് നല്ലത്. ആ പറമ്പിൽ താമസിക്കുന്ന കിഴവനെ ആട്ടിപ്പുറത്താക്കു.

മക്കൾ പറയുന്നതെല്ലാം ശരിയാണ്. അവർക്കോരോരുത്തർക്കും ടൗണിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങി വീടു വെക്കണം. കുറെക്കാലമായി അവർ പറയുന്നു. അഞ്ചു പ്രകാരം ഈ ഒരേക്കർ വിറ്റാൽ കിട്ടുന്ന അഞ്ചു ലക്ഷം മൂന്നു പേർക്കും വീതിച്ചാൽ തന്റെ ബാധ്യത കഴിഞ്ഞു. പക്ഷെ ആ പറമ്പിലൂള്ള ചെറിയ പുരയിൽ താമസിക്കുന്ന വാടകക്കാരനെ എന്തു ചെയ്യും? അയാളെ ഒഴിവാക്കിയാലേ അവർ വീടും പറമ്പും എടുക്കു, അതു വ്യക്തമാക്കിയിട്ടുണ്ട്. വേക്കന്റ് പൊസ്സഷൻ. വാടകക്കാരനെ ഒഴിവാക്കു, പിറ്റേന്ന് കരാറെഴുതാം. അവർ പറഞ്ഞു. പണമുള്ള പാർട്ടിയാണ്. ഇപ്പോൾ അഞ്ചിന് ഈ സ്ഥലം വാങ്ങും പിന്നെ അത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കും, ഓരോ പ്ലോട്ടിലേക്കും വഴികളുണ്ടാക്കും. ചെറിയ വീടുകളുണ്ടാക്കി വിൽക്കും. മുമ്പിൽ ഒരു നിര പീടികകളുണ്ടാക്കും. എല്ലാം കൂടി അഞ്ചെട്ടു ലക്ഷം ഉറുപ്പിക ലാഭമുണ്ടാകും. പക്ഷെ വേക്കന്റ് പൊസ്സഷൻ. കിഴവനെക്കൊണ്ടെന്താണ് ചെയ്യുക?

കിഴവൻ വീട്ടുകാരന്റെ പരാതി മുഴുവൻ കേട്ടിരുന്നു. തന്റെ വീട്ടുകാരന് കിട്ടിയ നല്ല ഓഫർ താൻ കാരണം വഴിമാറി പോകരുത്. പക്ഷെ താൻ എവിടെപ്പോകും? എവിടെയെങ്കിലും ഒരു ചെറിയ സ്ഥലം ശരിയാക്കിത്തരു.

ഞാൻ എത്രയായി ശ്രമിക്കുന്നു. വീട്ടുകാരൻ പറഞ്ഞു. നിങ്ങൾക്കാണെന്നു പറയുമ്പോൾ ആൾക്കാർ പിന്നോക്കം വെക്കുന്നു. അവർ പറയുന്നത് ശരിയാണ്. അവർ വീടുകൾ കൊടുക്കുന്നത് വാടക കിട്ടാനാണ്. നിങ്ങൾ എനിയ്ക്ക് വല്ലപ്പോഴുമേ വാടക തരാറുള്ളു എന്ന് എല്ലാവർക്കുമറിയാം. അവരെന്തിന് റിസ്‌ക്ക് എടുക്കുന്നു.

ശരിയാണ്. കിഴവൻ തലയാട്ടി. അറുനൂറുറുപ്പിക പെൻഷൻ കൊണ്ടു ജീവിക്കുമ്പോൾ എല്ലാ മാസവും വാടക കൊടുക്കാൻ കഴിഞ്ഞെന്നു വരില്ല. മനുഷ്യന് ഭക്ഷിക്കണ്ടെ? പക്ഷേ അത് അവരുടെ തലവേദനയല്ലല്ലോ.

നിങ്ങൾ തന്നെ ഒരു സ്ഥലം കണ്ടുപിടിക്കു. വീട്ടുകാരൻ പറഞ്ഞു. എന്തായാലും ഈ മുപ്പത്തൊന്നാന്തി മാറണം. ഒന്നാന്തി എനിക്ക് കരാറെഴുതണം.

വീട്ടുകാരൻ എഴുന്നേറ്റു. കിഴവന്റെ മറുപടിക്കുവേണ്ടി ഒരു നിമിഷം കാത്തു. പിന്നെ പടിയിറങ്ങിപ്പോകുകയും ചെയ്തു.

കിഴവൻ വീണ്ടും ഒറ്റക്കായി. അടർന്ന് മുഷിഞ്ഞ ചുമരുകളുള്ള പൂമുഖത്ത് ആടുന്ന കസേരയിൽ അയാൾ ഇരുന്നു. പന്ത്രണ്ടുകൊല്ലം മുമ്പ് താമസിക്കാൻ വന്നപ്പോൾ ആ ചുമരുകൾ വെള്ളവലിച്ച് വെളിച്ചം തുടിക്കുന്നവയായിരുന്നു. ജീവിതം ഇത്ര വിഷമമുള്ളതായിരുന്നില്ല. അന്ന് അറുന്നുറുറുപ്പികക്ക് ഇതിലും വിലയുണ്ടായിരുന്നു. ഇരുന്നൂറുറുപ്പിക വാടക കൊടുത്താലും ബാക്കിയുള്ള സംഖ്യകൊണ്ട് ഒരു മാതിരി നന്നായി കഴിയാം. പിന്നെ ഉണ്ണി ബോംബെയിൽനിന്ന് ഇടയ്ക്ക് പണം അയയ്ക്കാറുമുണ്ട്. അവന്റെ കല്യാണം കഴിഞ്ഞ ശേഷം താൻ തന്നെയാണ് ഇനി പണമയക്കേണ്ട എന്നു പറഞ്ഞത്. അമ്മയുള്ളപ്പോൾ അമ്മയെ പരിചരിക്കുക എന്ന കാര്യമുണ്ടായിരുന്നു. അമ്മയുടെ മരണശേഷം മകൻ പണമയക്കുന്നതു ശരിയല്ല എന്ന തോന്നൽ. താൻ അതൊന്നും അർഹിക്കുന്നില്ല. അമ്മയെ പരിചരിക്കലും അച്ഛനെ നോക്കലും വേറെയാണ്.

മുറ്റത്ത് നിറയെ പൂച്ചെടികളായിരുന്നു. വിവിധ നിറത്തിലുള്ള റോസുകൾ. വലിയ പൂക്കൾ. പാതി വിരിഞ്ഞവ, മുഴുവൻ വിരിഞ്ഞവ. പിന്നെ ചെമ്പരത്തിപ്പൂവുകൾ. അവയും പല നിറങ്ങളിൽ, വലിയ ഇതളുകളായി വിരിഞ്ഞു നിൽക്കുന്നു. ഇലകളിൽ നിറമുള്ള പുള്ളികളും വരകളുമുള്ള ക്രോട്ടൻ ചെടികൾ. കിഴവന്റെ തോട്ടം ഒന്നാന്തരമായിരുന്നു. ആദ്യമെല്ലാം വീട്ടുകാരൻ വൈകുന്നേരങ്ങളിൽ കിഴവനെ കാണാൻ വരുമായിരുന്നു. തോട്ടം കാണുവാൻ എന്നു പറയുകയാവും കൂടുതൽ ഉചിതം. ചെടികൾക്കിടയിൽ നടന്നു കൊണ്ട് ഉത്സാഹത്തോടെ കിഴവൻ സംസാരിക്കും. ഓരോ ചെടികളെപ്പറ്റി. ഓരോ ചെടിയും എവിടെ നിന്നു സമ്പാദിച്ചു എന്നെല്ലാം. ഓരോ ചെടിയുടെയും പിന്നിലെ ചരിത്രം ചിലപ്പോൾ വളരെ വിരസമായിരിക്കും. കിഴവന്റെ വായിൽ നിന്ന് കാതലായുള്ള ഭാഗം കിട്ടണമെങ്കിൽ ഈ ചരിത്രം മുഴുവൻ കേൾക്കണം. വീട്ടുകാരന് വിഷമമുണ്ടായിരുന്നില്ല. ചെടികളുടേയും പൂക്കളുടേയും വർണ്ണ ലോകത്തിൽ അയാൾ മുഴുകിയിരിക്കും.

ഈ റോസുകളില്ലെ, കിഴവൻ പറയും ഇതെല്ലാം ഞാൻ ബാംഗ്ലൂരിൽ നിന്നു കൊണ്ടു വന്നതാണ്.

വളരെ ചെറിയ ചെടികളായിരുന്നു. അവർ കൈമുഷ്ടിയോളം വലുപ്പത്തിൽ മണ്ണു പൊത്തി ചാക്കുതുണി കൊണ്ട് പൊതിഞ്ഞു തുന്നി വേരു പിടിപ്പിക്കും. വേരു പിടിച്ചാൽ നല്ല ഇനം റോസിന്റെ കൂമ്പ് ഇതിനുമേൽ വെച്ചു പിടിപ്പിക്കും ഗ്രാഫ്റ്റിംഗ്. നമുക്കു തരുമ്പോൾ ഈ ഗ്രാഫ്റ്റിൽ നിന്ന് മുള പൊട്ടുന്നേയുണ്ടാവു.

അപ്പോൾ ഓരോ റോസും ഏതു നിറമാണെന്ന് എങ്ങിനെ അറിയും? വീട്ടുകാരൻ ചോദിച്ചു.

ഓരോ കമ്പിന്മേലും ഗ്രാഫ്റ്റ് ചെയ്ത റോസിന്റെ നിറത്തിലുള്ള പ്ലാസ്റ്റിക് കഷ്ണങ്ങൾ കോർത്തിടും. അതിൽനിന്ന് മനസ്സിലാക്കാം.

അപ്പോൾ അവർ നിങ്ങളെ ചതിക്കുകയാണെങ്കിലോ? വെറും സാധാരണ റോസ് തന്ന് നല്ലയിനമാണെന്നു പറയുകയാണെങ്കിലോ. ഇവിടെ കൊണ്ടുവന്ന് രണ്ടു മൂന്നു മാസം ശുശ്രൂഷിച്ച ശേഷല്ലെ അറിയൂ നിങ്ങൾ ഉദ്ദേശിച്ച നിറത്തിലുള്ള പൂക്കളല്ല അതിന്മേൽ ഉണ്ടാവുന്നതെന്ന്. അപ്പോൾ നിങ്ങൾക്ക് ബാംഗ്ലൂരിലേക്ക് തിരിച്ചു ചെല്ലാൻ പറ്റുമോ ഇതൊക്കെ വിറ്റ ആളുകളുടെ മുഖത്തേക്കെറിഞ്ഞു കൊടുക്കാൻ.

കിഴവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു. ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചു നേരം അയാൾ ഒന്നും പറഞ്ഞില്ല. അയാൾ റോസുചെടികൾ തനിയ്ക്കു വിറ്റ ബാംഗ്ലൂരിലെ പൂച്ചെടിക്കാരനെ ഓർക്കുകയായിരുന്നു. അയാളുടെ പ്രസന്നമായ മുഖഭാവം. തനിയ്ക്ക് അധികം ചെടികൾ വാങ്ങാൻ ഉദ്ദേശമില്ലെന്നു പറഞ്ഞിട്ടും ഓരോ പൂച്ചെടികളും കാണിച്ചു തരുമ്പോൾ അയാളുടെ മുഖത്തുണ്ടായ സന്മനസ്സും അടുപ്പവും.

ഇതെന്റെ ബിസിനസ്സു മാത്രമല്ല ഹോബി കൂടിയാണ്. അയാൾ പറഞ്ഞിരുന്നു.

കിഴവന്റെ ഭാവമാറ്റം വീട്ടുകാരൻ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അയാൾ വീണ്ടും പറയാൻ തുടങ്ങി. നമ്മൾ അവരെ വിശ്വസിച്ച് ഓരോന്ന് വാങ്ങിക്കൊണ്ടുവരും......

കിഴവൻ പെട്ടെന്ന് അയാളെ തടഞ്ഞു. നിർത്തു നിർത്തു. നിങ്ങൾ പറയുന്നതെല്ലാം വിഡ്ഢിത്തമാണ്. പൂച്ചെടി വിൽക്കുന്നവർ ഒരിക്കലും നുണ പറയില്ല.

ഇതെല്ലാം മൂന്നുനാലു കൊല്ലങ്ങൾക്കു മുമ്പു നടന്നതാണ്. പിന്നീട് തോട്ടത്തിൽ ധാരാളം റോസാപ്പൂക്കളുണ്ടായി. ഇടയ്ക്ക് വീട്ടുകാരൻ പറഞ്ഞത് ഓർമ്മവരുമ്പോൾ കിഴവൻ തലയാട്ടിക്കൊണ്ട് സ്വയം പറയും. പൂക്കൾ ഇഷ്ടമുള്ളവർ ഒരിക്കലും നുണ പറയില്ല. അവർക്ക് ചീത്തയാവാൻ കഴിയില്ല.

പിന്നെ എന്തുകൊണ്ടോ, വീട്ടുകാരൻ വരവു നിർത്തി. അതിനിടയിൽ വാടക കുടിശ്ശിക വരുകയും ചെയ്തു. വല്ലപ്പോഴും വരുമ്പോഴാകട്ടെ അയാൾ തോട്ടത്തിൽ വലിയ താല്പര്യം കാണിച്ചതുമില്ല. തോട്ടവും അതിലെ പൂക്കളും അയാളെ മയപ്പെടുത്തുമെന്ന ഭയമുണ്ടായിരിക്കണം.

അടുത്ത കാലത്താണ് കിഴവന് ഒരു സ്‌നേഹിതയെ കിട്ടിയത്. രാവിലെ എട്ടു മണിയായാൽ അയാൾ ഉമ്മറത്തിട്ട കയ്യുള്ള കസേരയിൽ പടിക്കലേക്കു നോക്കിയിരിക്കും. അഞ്ചു മിനിറ്റുനുള്ളിൽ ഗെയ്റ്റിൽ ഒരു കൊച്ചുസുന്ദരി പ്രത്യക്ഷപ്പെടും. തോളിൽ സ്‌ക്കൂൾ സഞ്ചി, വാട്ടർബാഗ്, വെള്ളയും നീലയും യൂണിഫോം. ഗെയ്റ്റിൽ മുട്ടിക്കൊണ്ട് അവൾ ഉറക്കെ പറയും.

മുത്തച്ഛാ, ഒരു പൂ തരു,

അയാൾ മുറ്റത്തേക്കിറങ്ങി, പടിക്കൽ ചെന്ന് ഗെയ്റ്റ് തുറന്നുകൊടുക്കും. അവൾ തോട്ടത്തിലേക്ക് ഓടിക്കയറും. അവളെ നർസറിയിലേക്ക് അനുഗമിക്കുന്ന ജോലിക്കാരി ഒരു ചെറുചിരിയോടെ ഗെയ്റ്റിനു പുറത്തു നിൽക്കും.

അയാൾ എന്നും ഒരേ ചോദ്യം ചോദിക്കും.

ഏതു നിറത്തിലുള്ള പൂവാണ് മോൾക്ക് വേണ്ടത്?

അവളുടെ ഉത്തരവും എന്നും ഒന്നു തന്നെയായിരിക്കും.

പച്ച നിറം.

പച്ച നിറത്തിലുള്ള പൂവില്ലാത്തതിൽ അയാൾ പരിതപിക്കും. പിന്നെ ഏതെങ്കിലും പാതി വിടർന്ന റോസാപ്പൂവ് അറുത്ത് അവളുടെ കൊച്ചു കൈകളിൽ വെച്ചു കൊടുക്കും. ഒന്നുകിൽ കടും ചുവപ്പ്, അല്ലെങ്കിൽ റോസ്, മഞ്ഞ, ഓറഞ്ച് എന്നിട്ട് ചോദിക്കും.

ഇതേതു നിറമാണ് മോളെ?

പച്ച.

അവളെ തിരുത്താൻ അയാൾ മെനക്കെടില്ല. പിന്നെ കുനിഞ്ഞു നിൽക്കുന്ന കിഴവന്റെ കവിളിൽ ചൂടുള്ള ഒരുമ്മ കൊടുത്ത് അവൾ ഓടി മറയും.

കിഴവൻ താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ പേരക്കുട്ടിയെക്കുറിച്ചോർക്കും. അവളും ഒരു പക്ഷേ ഇതേ ഛായയായിരിക്കും. ഇതുപോലെ വെളുത്ത് തടിച്ച്, ചുമൽവരെ തലമുടിയുമായി....

ഉണ്ണിയോട് വരാൻ എഴുതാൻ പലവട്ടം ഓങ്ങിയതാണ്. പിന്നെ വേണ്ടെന്നു വെച്ചു. ബോംബെയിൽ നിന്ന് വന്നു പോകുക എളുപ്പമല്ല കുട്ടിക്കു ടിക്കറ്റു വേണ്ട. പക്ഷേ രണ്ടുപേരുടെ ടിക്കറ്റിനുതന്നെ പണം ധാരാളമാവും. തനിക്ക് മോളെ കാണാൻ വേണ്ടി മാത്രം അവർ ഇത്രയും പണം ചെലവാക്കി കഷ്ടപ്പെട്ടു വരണം അതു വേണ്ട.

കിഴവൻ സ്വന്തം നിലയിലും വീടന്വേഷിക്കുന്നുണ്ടായിരുന്നു. പരിചയമുള്ള പലചരക്കുകടയിൽ പച്ചക്കറിക്കടയിൽ നിരത്തിന്റെ മൂലയിലുള്ള ചെറിയ ചായക്കടയിൽ എല്ലാം കിഴവൻ തന്റെ പ്രാരാബ്ധങ്ങൾ പറഞ്ഞു. ഈ മാസം എന്തായാലും ഒഴിഞ്ഞുകൊടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ചിലർ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പറഞ്ഞു കൊടുത്തു. നമ്മുടെ അമ്പലത്തിന്റെ തെക്കുഭാഗത്ത് ഒരു ലോഡ്ജില്ലെ? അതിന്റെ കിഴക്കുവശത്തായി ഒരു ചെറിയ വീടുണ്ട്. രണ്ടു മാസമായി പൂട്ടിക്കിടക്ക്വാണ്. നിങ്ങള് പോയി നോക്ക്.

കിഴവൻ നടക്കും. അമ്പലത്തിനു തെക്കുള്ള ലോഡ്ജ് അയാൾ കണ്ടിട്ടുണ്ട്. അതിനു കിഴക്ക് ഏതാണ് വീട്? ശരിയാണ്. ഒരു ചെറിയ വീട് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ചെറിയ വീടു തന്നെയാണ്. തനിക്കു പാകമാണ്. മുമ്പിൽ സാമാന്യം വലിയ മുറ്റം ഒഴിഞ്ഞു കിടക്കുകയാണ്. ലോഡ്ജിൽ അന്വേഷിച്ചപ്പോൾ വീട്ടുകാരന്റെ വിലാസം കിട്ടി. പക്ഷേ അയാളെ നേരിൽ കാണാൻ രണ്ടു ദിവസമെടുത്തു. ആ രണ്ടു ദിവസവും അയാൾക്ക് സ്വപ്നം കാണാൻ ഒരു വിഷയമുണ്ടായി. വീടിനു മുന്നിലെ ഒഴിഞ്ഞ മുറ്റത്ത് പൂച്ചെടികൾ വെച്ചു പിടിപ്പിക്കുന്നതും അവിടെ ഒരു നല്ല തോട്ടം ഉണ്ടായി വരുന്നതും അയാൾ മനസ്സിൽ കണ്ടു. മുമ്പിലുള്ള ജനൽ ഒരു പക്ഷേ കിടപ്പു മുറിയുടേതാവണം. അവിടെ കട്ടിലിട്ടാൽ തനിക്ക് കിടന്നു കൊണ്ട് തോട്ടം നോക്കി ആസ്വദിക്കാം.

വീട്ടുകാരനെ കാണുമ്പോൾ ആ സ്വപ്നങ്ങളെല്ലാം തകരുന്നു. വാടക അഞ്ഞൂറൂറുപ്പികയാണ്. പിന്നെ അയ്യായിരം ഉറുപ്പിക ഡെപ്പോസിറ്റ്. രണ്ടും തന്റെ കൊക്കിലൊതുങ്ങില്ലെന്ന് കിഴവൻ വേദനയോടെ മനസ്സിലാക്കി. വീണ്ടും അന്വേഷണങ്ങൾ, സ്വപ്നം കാണൽ, നിരാശ.

വീട്ടുകാരൻ വീണ്ടും വീണ്ടും വന്നു, മുപ്പത്തൊന്നാം തിയ്യതിയെപ്പറ്റി ഓർമ്മിപ്പിക്കാൻ.

നിങ്ങള് അന്വേഷിക്കിണില്ലെ? അയാൾ കർക്കശമായി പറഞ്ഞു. എനിക്ക് വയ്യ ഇനി നിങ്ങൾക്കു വേണ്ടി വീടന്വേഷിച്ചു നടക്കാൻ.

കിഴവൻ ഒന്നും പറയാതെ നിന്നു.

പിന്നെ, ഒരു കാര്യം പറഞ്ഞേക്കാം. എന്നെപ്പോലെ ഒരു വീട്ടുകാരനെ നിങ്ങൾക്ക് കാണാൻ കിട്ടില്ല. അപ്പോ എന്നെ കഷ്ടപ്പെടുത്തിയാൽ നിങ്ങളുടെ നാലുതലമുറയ്ക്ക് ഗതി കിട്ടില്ല. എന്റെ ശാപമുണ്ടാവും.

അങ്ങിനെയൊന്നും സംഭവിക്കരുത്. കിഴവൻ വീട്ടുകാരനെ തടഞ്ഞു. ഞാൻ കാരണം എനിയ്ക്ക് ശേഷമുള്ള തലമുറകൾ കഷ്ടപ്പെടരുത്. ഞാൻ എങ്ങിനെയെങ്കിലും ഒഴിയാം.

മനുഷ്യമനസ്സിനതീതമായ ചില പ്രകൃതി നിയമങ്ങളിൽ കിഴവൻ വിശ്വസിച്ചിരുന്നു. നന്മ ചെയ്യുന്നവർക്ക് നന്മയും, തിന്മ ചെയ്യുന്നവർക്ക് തിന്മയും ആണ് അന്തിമ വിധി എന്നു അയാൾ വിശ്വസിച്ചു. തലമുറയിൽനിന്ന് തലമുറയിലേക്ക് പകർന്നു കൊടുക്കുന്ന പ്രകൃതിയുടെ ക്രൂരമായ തിരിച്ചെടുക്കാനാവാത്ത ശാപത്തെ അയാൾ ഭയപ്പെട്ടിരുന്നു.

വീട്ടുകാരൻ ഇറങ്ങിപ്പോയി. ഗെയ്റ്റിനടുത്തെത്തിയപ്പോൾ എന്തോ ഓർത്തപോലെ തിരിഞ്ഞുനിന്നു.

നിങ്ങളുടെ മോൻ ബോംബെയിലല്ലെ. അങ്ങോട്ടു പൊയ്ക്കൂടെ? എന്തിനാ ഈ വയസ്സുകാലത്ത് ഇവിടെ ഒറ്റയ്ക്ക് കെടന്ന് നരകിക്കണത്?

മറ്റുള്ളവരെ നരകിപ്പിക്കുന്നതിനേക്കാൾ നല്ലത് സ്വയം നരകിക്കുകയാണ്. കിഴവൻ ആലോചിച്ചു. അവിടെ ഉണ്ണിയും സുഭദ്രയും മൂന്നു വയസ്സു പ്രായമുള്ള മോളും ഒരു ഒറ്റമുറി ഫ്‌ളാറ്റിൽ അരിഷ്ടിച്ചു കഴിയുകയാണ്. ഒരു മുറി, അടുക്കള, ഒരു ചെറിയ തുറന്ന വരാന്ത. അതിനു തന്നെ അവൻ എണ്ണൂറുറുപ്പിക വാടക കൊടുക്കുന്നുണ്ട്. ഇനി താനും കൂടി അവിടെ പോയാൽ അവരുടെ സ്വകാര്യജീവിതം നശിക്കും. അതു വേണ്ട.

ഒന്നാന്തിക്കുള്ളിൽ എന്തെങ്കിലും വഴീണ്ടാക്കാം. കിഴവൻ പറഞ്ഞു.

വീട്ടുകാരൻ പോയപ്പോൾ അയാൾ മുറ്റത്തേക്കിറങ്ങി, ചെടികൾക്കിടയിലൂടെ നടന്നു. നാളെ തന്റെ സ്‌നേഹിതയ്ക്കു കൊടുക്കേണ്ട 'പച്ച'പ്പൂവ് ഏതാണെന്നു കണ്ടുപിടിക്കണം. വിടരാൻഭാവിക്കുന്ന ഒരു ചെയ്ഞ്ചിംഗ് റോസ് അയാൾ കണ്ടു പിടിച്ചു. അതിന്റെ ദലങ്ങൾ റോസ് നിറത്തിലുള്ളവയാണ്. പക്ഷെ വിരിഞ്ഞു കഴിഞ്ഞാൽ അതു നിറമാറ്റം നടത്തുന്നു. ഉച്ച തിരിയുമ്പോഴേക്കും അത് ഓറഞ്ചു നിറമാകുന്നു. ഈ നിറമാറ്റം അയാളിഷ്ടപ്പെട്ടില്ല. അങ്ങിനെത്തെ ഒരു പൂ തന്റെ ഓമന സ്‌നേഹിതയ്ക്കു കൊടുക്കാൻ അയാൾ തയ്യാറില്ലായിരുന്നു. വേറെ പൂവന്വേഷിച്ച് കിഴവൻ നടന്നു.

പെട്ടെന്നാണ് ആ ആലോചന അയാളുടെ തലയിൽ കയറിയത്. താനിവിടെ നിന്നും പോകുകയാണെങ്കിൽ തനിക്കീ പൂച്ചെടികളും തന്റെ അരുമ സ്‌നേഹിതയും നഷ്ടപ്പെടും. അയാളുടെ ജീവിതോദ്ദേശം ഈ രണ്ടു കാര്യങ്ങളിലേക്കായി ചുരുങ്ങി വന്നിരുന്നു, ചുറ്റും തന്റെ ലാളനയ്ക്കനുസരിച്ച് തഴച്ചു വളർന്ന് തന്റെ നേരെ പുഞ്ചിരി പൊഴിക്കുന്ന ചെടികൾ, എന്നും രാവിലെ ഗെയ്റ്റിൽ മുട്ടിവിളിച്ച് മുത്തച്ഛാ ഒരു പൂ തരൂ എന്നു പറയുന്ന കൊച്ചോമന. ഇതു രണ്ടും തന്റെ ജീവിതത്തിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാൻ പോകുകയാണ്. അയാൾ തളർന്ന് ചെടികൾക്കിടയിൽ മണ്ണിൽ ഇരുന്നു.

ചെടികൾ ചട്ടികളിലായിരുന്നെങ്കിൽ താൻ മാറുന്ന സ്ഥലത്തേയ്ക്ക് കൊണ്ടു പോകാമായിരുന്നു. ഇപ്പോൾ അവയെ പിഴുതെടുത്താൽ എല്ലാം നശിച്ചെന്നു വരും. പിന്നെ, ഇനി ഇവിടെ താമസിക്കാൻ വരുന്നവർക്ക് ഈ തോട്ടം ആനന്ദം പകരട്ടെ. ഞാൻ പോയാലും എനിക്കു പിറകെ വരുന്നവർക്കുവേണ്ടി ഇത്തിരി നിറവും വാസനയും ഉപേക്ഷിച്ചുപോകാം. ആ ആലോചന വളരെ സംതൃപ്തി നൽകുന്നതായിരുന്നു. കിഴവൻ അല്പം ശാന്തനായി. പക്ഷേ തന്റെ സ്‌നേഹിതയുടെ ഓർമ്മ വന്നപ്പോൾ മനസ്സു നിയന്ത്രിക്കാൻ കഴിയാതെ അയാൾ വിങ്ങിവിങ്ങിക്കരയാൻ തുടങ്ങി.

വീട്ടുകാരൻ ഒരു വിഷമസന്ധിയിലായിരുന്നു. രാവിലെ, തന്നെ കാണാൻ വന്ന ആൾക്ക് ഒരു ദുർമുഖമാണുണ്ടായിരുന്നത്. അയാൾ മുറ്റത്ത് ഒരു തെങ്ങ് വിരിച്ചിട്ട തണലിൽ മാടിക്കുത്തിയ മുണ്ട് അഴിക്കുക കൂടി ചെയ്യാതെ നിൽക്കുകയാണ്.

നിങ്ങൾക്ക് ആ കെളവനെ ഒഴിപ്പിക്ക്യല്ലെ വേണ്ടു. അത് ഞാൻ ചെയ്തുതരാം. പോരെ?

അതു പോര. വീട്ടുകാരൻ ആലോചിച്ചു. കിഴവനെ എങ്ങിനെയെങ്കിലും പുറത്തിട്ട് പടിയടക്കുക എന്നതായിരുന്നില്ല അയാളുടെ ലക്ഷ്യം. അങ്ങിനെയായിരുന്നെങ്കിൽ അതയാൾക്ക് വളരെ മുമ്പു ചെയ്യാമായിരുന്നു. അയാൾ അത്ര ചീത്തയായിരുന്നില്ല. അയാളും പൂക്കളെ ഇഷ്ടപ്പെട്ടിരുന്നു. കിഴവന് വേറെ എവിടെയെങ്കിലും, ഒരൊറ്റ മുറി ശരിയാക്കി ക്കൊടുക്കണമെന്നുണ്ട് അയാൾക്ക്.

നിങ്ങൾക്ക് ഒന്നാന്തി കരാറെഴുതണം. കെളവൻ അവിടണ്ടെങ്കിൽ അതു നടക്കില്ല. ഇത്രേം വലിയ സ്ഥലം വിൽക്കാൻ എളുപ്പമല്ല. അപ്പൊ പിന്നെ ഒരു അവസരം വന്നത് നിങ്ങൾ കളഞ്ഞു കുളിക്കണ്ട.

ശരിയാണ്. പക്ഷേ ആ വയസ്സന് വേറെ ഒരു മുറിയെങ്കിലും ആക്കിയിട്ടു വേണം അതു ചെയ്യാൻ. ഈ വയസ്സു കാലത്ത് അയാളെ കഷ്ടപ്പെടുത്തരുത്. നല്ല നിലയിൽ കഴിഞ്ഞിരുന്ന ആളാണ്.

ആ കാര്യം ഞാനേറ്റു.

സ്ഥലം കിട്ടിയിട്ടുണ്ടൊ?

ഉണ്ട്. ഒരു പഴയ വീടാണ്. വാടക കാര്യമായിട്ടൊന്നും കൊടുക്കേണ്ടി വരില്ല. അതെല്ലാം ഞാനേറ്റു. കെളവനെ ഇന്നു വൈകുന്നേരം തന്നെ ഞാൻ മാറ്റാം. പറഞ്ഞ ആയിരം ഉറുപ്പിക റെഡിയാക്കി വെച്ചോളു. ഞാൻ വരുമ്പൊ തരണം.

വീട്ടുകാരൻ ഒരർദ്ധസമ്മതത്തോടെ തലയാട്ടി. അയാൾക്ക് സംശയങ്ങളുണ്ടായിരുന്നു. തലേക്കെട്ടു കെട്ടി വീണുകിടക്കുന്ന ഒരു പട്ടയിൽ നിന്നൂരിയെടുത്ത ഈർക്കിൽകൊണ്ട് പല്ലിട തോണ്ടി നിൽക്കുന്ന അയാളുടെ മുഖത്തുള്ള ഭാവം വഞ്ചനയുടേതായിരുന്നു, ചതിയുടേതായിരുന്നു.

ന്നാൽ അങ്ങന്യാവട്ടെ. തലേക്കെട്ടുകാരൻ പറഞ്ഞു, സാറ് വൈകുന്നേരം അഞ്ചു മണിക്ക് അവടെ വന്നാ മതി. കാര്യങ്ങളൊക്കെ ഞാൻ ശര്യാക്കാം.

വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുകാരനും ഉന്തുവണ്ടിക്കാരനും കിഴവന്റെ വീടിന്റെ ഗെയ്റ്റിലെത്തി.

നിങ്ങൾക്കൊരു വീട് കണ്ടുവെച്ചിട്ടുണ്ട്. വീട്ടുകാരൻ പറഞ്ഞു. ഈ ഉന്തു വണ്ടിക്കാരൻ നിങ്ങളുടെ സാധനങ്ങളെല്ലാം അവിടെ കൊണ്ടു വെച്ചുതരും.

കിഴവൻ അതു പ്രതീക്ഷിച്ചില്ല. ഇത്ര പെട്ടെന്നോ? ഇരുപത്തഞ്ചാന്തിയല്ലെ ആയിട്ടുള്ളു. രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടു പോരെ?

അയാൾക്ക് തന്റെ കൊച്ചുസ്‌നേഹിതയോട് യാത്ര ചോദിക്കണമെന്നുണ്ട്. ഇപ്പോൾ പോവുകയാണെങ്കിൽ അതുപറ്റില്ല. പുതിയ സ്ഥലത്തേക്ക് ഒരു മണിക്കൂർ നടക്കണമെന്നാണ് പറഞ്ഞത്. ഇനി നാളെ രാവിലെ ഒന്നും ഒന്നും രണ്ടു മണിക്കൂർ വീണ്ടും നടക്കുക. തന്റെ ആരോഗ്യം അതിനു സമ്മതിക്കുമോ?

നാളെ വൈകുന്നേരം പോരേ?

അതു പറ്റില്ല. ഒന്നാമതായി ഇപ്പോൾ ഉന്തു വണ്ടിയുമായി വന്നിരിക്കുന്നു. പിന്നെ നാളെയ്ക്ക് ആ സ്ഥലം പോയാൽ അതുമായി.

കിഴവൻ വിഷമത്തിലായി.

ഒട്ടും വിഷമിക്കണ്ട. വീട്ടുകാരൻ പറഞ്ഞു. ഇയ്യാള് നല്ല ആളാണ്. വിശ്വസിക്കാം. അയാൾ നിങ്ങളുടെ സാധനങ്ങളൊക്കെ അവിടെ കൊണ്ടുവന്നുതരും. അയാളുടെ ചാർജുകളെല്ലാം ഞാൻ കൊടുക്കാം.

ഞാൻ അയാളെ അവിശ്വസിച്ചിട്ടില്ലല്ലൊ. കിഴവൻ വിചാരിച്ചു. ഞാൻ ആരേയും അവിശ്വസിക്കുന്നില്ല. എന്തിന്? ഞാനാ മനുഷ്യന് ഒരു ഉപദ്രവവും ചെയ്തിട്ടില്ലല്ലൊ.

കിഴവൻ തോട്ടം നോക്കി.

ഈ തോട്ടം ഇങ്ങിനെ ഇരിക്കട്ടെ. കിഴവൻ പറഞ്ഞു. ഞാൻ ചെടികളൊന്നും കൊണ്ടുപോകുന്നില്ല. എനിയ്ക്ക് പകരം ഇവിടെ വരുന്നവർക്ക് അതൊരു സമ്മാനമാവട്ടെ.

അയാൾ അകത്തു കയറി സാധനങ്ങൾ ഓരോന്നായി എടുക്കാൻ തുടങ്ങി. അധികമൊന്നും സാധനങ്ങളില്ല. കാലുകൾ ഇളകിയാടുന്ന ഒരു കട്ടിൽ, പഴകി കട്ടപിടിച്ച ഒരു കിടക്ക, അട പോലെയായ തലയിണ, ഒരു മേശ, രണ്ടു കസേരകൾ. തുരുമ്പു പിടിച്ച ജനതാ സ്റ്റൗ, കുറച്ച് അലുമിനിയം പാത്രങ്ങൾ. ഒരു ഇരുമ്പുപെട്ടി, ഒരു കൈക്കോട്ട്. ഇത്രമാത്രം.

നിങ്ങൾ ഒന്നും ചെയ്യണ്ട. എല്ലാം ഇയാൾ എടുത്ത് വണ്ടിയിൽ വെച്ചോളും.

കിഴവൻ ഇരുമ്പുപെട്ടി തുറന്ന് തന്റെ വസ്ത്രങ്ങൾ ഓരോന്നായി അതിൽ അടുക്കി വെച്ചു. പിന്നിത്തുടങ്ങിയ മുണ്ടുകൾ, നരച്ച ഷർട്ടുകൾ. പിന്നെ കുളിമുറിയിൽ നിന്നെടുത്തു കൊണ്ടുവന്ന രസം അടർന്ന കണ്ണാടി, പ്രാചീനമായ ക്ഷൗരോപകരണം. ഒരു തേയസോപ്പുള്ള പ്ലാസ്റ്റിക് സോപ്പു പെട്ടി. അതെല്ലാം ഒരു കടലാസ്സിൽ പൊതിഞ്ഞ് ഇരുമ്പുപെട്ടിയിൽ വെച്ചു.

ഇനി പോവാം.

ഉന്തുവണ്ടിക്കാരൻ സാധനങ്ങൾ ഓരോന്നായി വണ്ടിയിൽ ഒതുക്കിവെച്ചു. കിഴവൻ അവസാനമായി തോട്ടത്തിൽ ഒരിക്കൽകൂടി നടന്നു.

പോവ്വായില്ല്യെ?

ഉന്തുവണ്ടിക്കാരൻ വിളിച്ചു പറഞ്ഞു.

ഞാൻ നിങ്ങൾക്ക് കുറച്ചു വാടക കുടിശ്ശികയാക്കിയിട്ടുണ്ട്. കിഴവൻ പറഞ്ഞു. പണം കിട്ടുമ്പോൾ കൊണ്ടുവന്നു തരാം.

അതൊന്നും സാരല്യ. വീട്ടുകാരൻ കിഴവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. നാലു മാസത്തെ വാടകയല്ലെ.

വീട്ടുകാരൻ, കിഴവന്റെ നന്ദിയുള്ള നോട്ടം ഒഴിവാക്കുകയായിരുന്നു. അയാൾ ഉന്തു വണ്ടിക്കാരനെ അടുത്തു വിളിച്ച് സ്വകാര്യമായി ചോദിച്ചു.

നിങ്ങള് ഈ വയസ്സനെ കഷ്ടപ്പെടുത്തുകയൊന്നും ചെയ്യില്ലല്ലൊ.

പറമ്പിന് നല്ല വിലയാണ് ഓഫർ ചെയ്തിരിക്കുന്നത്. പിന്നെ മക്കൾ ചെലുത്തുന്ന സമ്മർദ്ദം. താൻ ഒറ്റയ്ക്കായിരുന്നെങ്കിൽ കിഴവനെ അവിടെ താമസിക്കാൻ ഒരു പക്ഷെ സമ്മതിച്ചേനെ. ഉന്തുവണ്ടിക്കാരൻ കിഴവനെ കൊണ്ടുപോകുന്ന സ്ഥലം അയാൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പഴയ വീട് എന്നു മാത്രമേ അയാൾ പറഞ്ഞിരുന്നുള്ളു. ഒരു കൊട്ടാരമൊന്നുമാവാൻ വഴിയില്ല.

നിങ്ങള് ഒന്നും വിഷമിക്കണ്ട. കാർന്നോരുടെ കാര്യം ഞാൻ നോക്കാം. ഞാനൊരു ഏഴുമണിയോടെ അവിടെ വരാം. പണം റെഡിയാക്കി വെക്കണം.

അത് വീട്ടുകാരന്റെ മനസ്സിൽ കൊണ്ടു. പണത്തിന്റെ കാര്യം അപ്പോൾ പറഞ്ഞില്ലെങ്കിലെന്ന് അയാൾ ആശിച്ചു. അയാൾ വീടിന്റെ വാതിൽ പൂട്ടി, ഗെയ്റ്റ് ഒരു പൂട്ടുകൊണ്ട് പൂട്ടിയിട്ടു. ഉന്തുവണ്ടിക്കു പിന്നിലായി നടന്നു നീങ്ങുന്ന മെലിഞ്ഞുണങ്ങിയ ശരീരം അയാൾ ഒരു നോക്കു നോക്കി, പിന്നെ തിരിഞ്ഞു നോക്കിയപ്പോഴാണയാൾ കണ്ടത്, പൂക്കൾ. ഗെയ്റ്റിനുള്ളിൽ തോട്ടത്തിൽ വിരിഞ്ഞു നില്ക്കുന്ന പൂക്കൾ.

പുതിയ സ്ഥലത്തേക്കുള്ള നടത്തം നീണ്ടതായിരുന്നു. പട്ടണത്തിന്റെ അതിർത്തി കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു. ചരൽപ്പാതകൾ, കിഴവൻ ഈ വഴി വന്നിട്ടുണ്ടായിരുന്നില്ല. ഇരുവശവും പൂക്കൈത തഴച്ചു വളരുന്ന ചെമ്മൺപാത വീതി കുറഞ്ഞു അവസാനം വയലുകളിലേക്കുള്ള ഇറക്കത്തിൽ അവസാനിച്ചു.

വണ്ടിക്കാരൻ വണ്ടി നിർത്തി. വയലുകൾക്കപ്പുറത്തുള്ള ഒരു പറമ്പു ചൂണ്ടിക്കാട്ടി. ഇതാ ഈ പറമ്പിന്റെ അപ്പുറത്താണ് സ്ഥലം. ഞാൻ സാധനങ്ങൾ കൊണ്ടു വെച്ച് വരാം. കാർന്നോര് ഇവിടെ ഇരുന്നോളൂ. ഒരു മൂന്ന് ലോഡ് എടുക്കേണ്ടി വരും.

കിഴവൻ ക്ഷീണിച്ചിരുന്നു. ഒരു കാലത്ത് അത്താണിയായി ഉപയോഗിച്ചിരുന്ന ഒരു കരിങ്കല്ല് തൂണിൽ നിന്നു വീണു കിടന്നിരുന്നു. കിഴവൻ അതിന്മേൽ കയറിയിരിപ്പായി. വണ്ടിക്കാരൻ സാധനങ്ങൾ കുറേശ്ശയായി തലയിലേറ്റി കൊണ്ടു പോയി. അവസാനം കട്ടിൽ മാത്രം ബാക്കിയായപ്പോൾ അയാൾ പറഞ്ഞു.

കാർന്നോര് വന്നോളു.

കട്ടിൽ കുത്തനെ വെച്ച് അതിന്റെ നടുവിൽ തല വെച്ച് ഒരു അഭ്യാസിയുടെ മട്ടിൽ അയാൾ അതു പൊക്കിയെടുത്ത് നടക്കാൻ തുടങ്ങി. നേർത്തെ കണ്ട പറമ്പിന്നരികിലൂടെ പോകുന്ന വീതി കുറഞ്ഞ ഇടവഴി അവസാനിച്ചത് ഒരു മൊട്ടപ്പറമ്പിലായിരുന്നു. അതിനു തൊട്ടടുത്ത പറമ്പിൽ ഒരു പൊളിഞ്ഞ വീടിനുമുമ്പിൽ അയാൾ കട്ടിലിറക്കി വെച്ചു. ഒരു പഴയ വീട് പൊളിച്ചതായിരുന്നു അത്. അതിന്റെ മരം കൊണ്ടുണ്ടാക്കിയ വാതിൽ, ജനൽ, തട്ട് എന്നിവയെല്ലാം പൊളിച്ചെടുത്തിരുന്നു. ചുമരുകൾ മാത്രം. കിഴവന്റെ സാധനങ്ങൾ ആ വീടിന്റെ കുമ്മായം നിറഞ്ഞ കോലായിൽ ഒതുക്കിവെച്ചിരുന്നു.

ഇതാണ് സ്ഥലം കാർന്നോർക്ക് ഇഷ്ടാവും.

കിഴവൻ വിശ്വസിക്കാൻ പറ്റാത്ത വിധത്തിൽ ചുറ്റും നോക്കുകയായിരുന്നു. ഈ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ ഒരു കൂര പോലും ഇല്ലാത്ത ഈ കെട്ടിടത്തിൽ എങ്ങിനെയാണ് താമസിക്കുക? കഴുക്കോലും പട്ടികയും കൂടി പൊളിച്ചെടുത്തിരിക്കുന്നു.

വണ്ടിക്കാരൻ കട്ടിലെടുത്ത് പൂമുഖത്തെ തൊട്ടുപിന്നിലുള്ള മുറിയിൽ കൊണ്ടു പോയിട്ടു.

ആരെയെങ്കിലും വിളിപ്പിച്ച് ഒന്നടിച്ചു വാരിച്ചാൽ മതി. ചുറ്റുവട്ടത്ത് വല്ല പെണ്ണുങ്ങളുംണ്ടാവും.

കിഴവൻ അടുത്ത പറമ്പിലേയ്ക്ക് സംശയത്തോടെ നോക്കി. ചെറിയ മൺകൂനകൾ, ചാരം.

ഇത്...?

അതെയതെ, അതൊരു ചുടലപ്പറമ്പാണ്.

ഉന്തുവണ്ടിക്കാരൻ പോയപ്പോൾ കിഴവൻ ആലോചിച്ചു. ശരിയാണ് ഒരു വിധത്തിൽ നന്നായി. എനിക്കിനി അധികം ദൂരം യാത്ര ചെയ്യണ്ട. ചുടുകാട് അടുത്തുതന്നെയാണെങ്കിൽ മറ്റുള്ളവർക്ക് ഏറ്റവും കുറച്ച് അസൗകര്യം മാത്രം കൊടുത്ത് പോകാമല്ലൊ.

അടുത്ത പെൻഷൻ കിട്ടുമ്പോൾ കുറച്ച് മുളയും ഓലയും വാങ്ങണം. ഒരു മുറിയും അടുക്കളയും ഓലമേഞ്ഞാൽ മഴയിൽനിന്നും വെയിലിൽനിന്നും രക്ഷപ്പെടാം. മുറ്റത്ത് ഒരു തോട്ടമുണ്ടാക്കാം. എല്ലാം ആദ്യം മുതൽ തുടങ്ങണം. അത്ര തന്നെ സാരമില്ല. കിഴവൻ ക്ഷീണിച്ചിരുന്നു. നിലത്തെ പൊടി അടിച്ചുവാരാൻ കൂടി മെനക്കെടാത അയാൾ കിടക്ക വിരിച്ചു. മുകളിൽ ആകാശം ചുവപ്പു നിറമായിരുന്നു. കിടക്കയിൽ വേദനിക്കുന്ന ദേഹം ചുരുണ്ടുകൂടി കിടക്കുമ്പോൾ കിഴവൻ ആലോചിച്ചു. നാളെ നേർത്തെ എഴുന്നേറ്റ് ജോലികൾ തുടങ്ങണം.

മാതൃഭൂമി വാര്‍ഷികപ്പതിപ്പ് - 1989