ഇ ഹരികുമാര്‍
അറബിക്കടലിന്റെ റാണിയെന്ന് അഹങ്കരിക്കുകയും മിനിബോംബെയെന്ന് ആളുകൾ സ്വല്പം പരിഹാസത്തോടെ വിളിക്കുകയും ചെയ്യുന്ന നഗരത്തിൽ ഒരു രാവിലെ രാമൻ എത്തി. റാണിപട്ടവും കുട്ടിബോംബേയെന്ന ഓമനപ്പേരും അറിയാത്തതുകൊണ്ട് നാട്ടിൻപുറത്തുകാരനായ രാമന് കൊച്ചി നഗരത്തിലേയ്ക്ക് മുൻവിധിയൊന്നും കൂടാതെത്തന്നെ കടന്നു ചെല്ലാൻ പറ്റി. എറണാകുളം ജംഗ്ഷനിൽ വന്നിറങ്ങിയ രാമൻ തന്റെ വില്പനച്ചരക്കുകളുമായി പുറത്തിറങ്ങി. സാമാന്യം വലിയ ഒരു കടലാസു പെട്ടിയിൽ ഇരൂളിലും വീട്ടിയിലും കൊത്തിയെടുത്ത ശില്പങ്ങൾ നിറച്ചിരുന്നു. ആ പെട്ടി തലയിലേറ്റി രാമൻ നടന്നു. തലയിൽ പെട്ടിയേറ്റി നടന്നു നീങ്ങുന്ന രാമൻ ഒരു കാഴ്ചയായിരുന്നു. കാരണം കൊച്ചിയിൽ സാധനങ്ങൾ ആരും തലയിലേറ്റാറില്ല. അത് വളരെ പഴഞ്ചൻ ഏർപ്പാടായിട്ടാണ് അവർ കരുതുന്നത്. എത്ര ഭാരമുള്ള പെട്ടിയായാലും കയറിട്ട് വരിഞ്ഞ് തൂക്കിപ്പിടിക്കുകയോ, ഓട്ടോ റിക്ഷയിൽ കൊണ്ടു പോയി ഓട്ടോറിക്ഷക്കാരനുമായി എക്‌സ്ട്രാ ചാർജിന്റെ കാര്യത്തിൽ വഴക്കിടുകയോ ചെയ്യും.
രാമൻ പടിഞ്ഞാട്ടു നടന്നു. ചിറ്റൂർ റോഡും മുറിച്ചു കടന്ന് ജോസ് ജംഗ്ഷനിലെത്തി. നഗരത്തിന്റെ സിരാകേന്ദ്രം. അവിടെ നാട്ടുകാർ ഇന്നും സെവന്റിഫീറ്റ് റോഡ് എന്നു വിളിക്കുന്ന മഹാത്മാ ഗാന്ധി റോഡ് വിലങ്ങനെ തെക്കുവടക്കായി നീണ്ടു കിടന്നു. അതിന് ഒരു വശം കിഴക്കും മറുവശം സ്വാഭാവികമായും പടിഞ്ഞാറുമായിരുന്നു. ഇവിടെയാണ് സ്ഥലകാല ഭ്രമത്തിന്റെ തുടക്കം. കാരണം ഈ സ്ഥലത്തിന്ന് പൊതുവായി പറയുന്നത് തെക്ക് എന്നായിരുന്നു. അതായത് സൗത്ത്, ഏതു ദിശയിൽ നിന്നു വന്നാലും സൗത്തിൽ എത്തുന്ന ഈ പ്രതിഭാസം വളരെക്കാലം എറണാകുളത്ത് താമസിച്ചാലേ മനസ്സിലാവൂ.
ഈ ദിഗ്ഭ്രമത്തിലൂടെ രാമൻ പെട്ടിയും തലയിലേറ്റി നടന്നു. തന്റെ സാധനങ്ങൾ നിരത്തി വെയ്ക്കാൻ പറ്റിയ ഒരു സ്ഥലമാണ് അയാൾ അന്വേഷിച്ചിരുന്നത്. എറണാകുളത്ത് പ്ലാസ്റ്റിക് കച്ചവടം നടത്തിയിരുന്ന തന്റെ അയൽക്കാരൻ നാണപ്പേട്ടൻ പറയുന്നത് ശരിയാണെങ്കിൽ ഈ കൊത്തുപണിയെല്ലാം നിരത്തി വെയ്‌ക്കേണ്ട താമസമേയുള്ളു വിറ്റഴിയാൻ. നല്ല വിലയും കിട്ടും. എന്നാൽ ശ്രമിച്ചു കളയാം എന്നു രാമനും തീർച്ചയാക്കി.
നാണപ്പേട്ടന്റെ പ്രവചനം പ്ലാസ്റ്റിക് പാത്രങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം. കൊത്തുപണികളെ സംബന്ധിച്ചിടത്തോളം വളരെ ശരിയല്ലെന്ന് രാമന് വളരെ വേഗം മനസ്സിലായി. കരകൗശലസാധനങ്ങൾ വില്ക്കുന്ന ഒരു വലിയ കടയ്ക്കു മുന്നിലെ ഫുട്പാത്തിലാണ് രാമൻ സാധനങ്ങൾ നിരത്തിയത്. മടക്കിക്കൊണ്ടുവന്ന പായ നിവർത്തിയിട്ട് അയാൾ ഈട്ടിത്തടിയിലുണ്ടാക്കിയ കൊത്തുപണികൾ നിരത്തി. വളരെ മനോഹരങ്ങളായ ശില്പങ്ങൾ, ദേവന്മാരുടെയും അപ്‌സരസ്സുകളുടെയും രൂപങ്ങൾ വളരെ സൂക്ഷ്മമായി ചിത്രപ്പണികളോടെ കൊത്തിയതാണ്. ഓരോ ശില്പവും തീർക്കാൻ അയാൾ ദിവസങ്ങൾ എടുത്തിട്ടുണ്ട്. പിന്നെ പാനലുകൾ, രണ്ടടി നീളവും അരയടി വീതിയും രണ്ടിഞ്ച് കനവുമുള്ള ഈട്ടിത്തടികളിൽ ചെറിയ രൂപങ്ങളിലായി കൊത്തിവെച്ച പുരാണകഥകൾ, സീതാസ്വയം വരം, ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണ ദൂത് തുടങ്ങിയവ. ഓരോ പാനലും തീർക്കാൻ പതിനഞ്ച് ദിവസം മുതൽ ഒരു മാസംവരെ സമയമെടുത്തു, പകുതി വയറുമായി കഴിഞ്ഞ ഒരു കൊല്ലം നടത്തിയ സൃഷ്ടികളാണ് മുമ്പിൽ നിരത്തി വെച്ചിരിക്കുന്നത്. ഇടത്തു വശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കളിക്കോപ്പുകൾ വിൽക്കുന്ന ആൾ രാമന്റെ പെട്ടെന്നുള്ള അവതാരത്തിൽ അതൃപ്തനായിരുന്നെങ്കിലും അയാളുടെ കച്ചവടം മോശമാണെന്നു മനസ്സിലാക്കിയപ്പോൾ കുറച്ചു മയത്തിലായി.
ഇതൊന്നും ഇവിടെ ചെലവാവില്ലടോ. ഇതൊക്കെ വല്ല ബോംബേയിലേ ചെലവാകൂ. ഇവിടെ പ്ലാസ്റ്റിക്കിന്റെ സാധനങ്ങളും തുണിത്തരങ്ങളും മാത്രേ ചെലവാവു.
സ്ത്രീകളും പുരുഷന്മാരും താൻ നിരത്തിയിട്ട സാധനങ്ങൾ കൗതുകലേശമില്ലാതെ നോക്കി അടുത്ത കച്ചവടക്കാരന്റെ അടുത്തുപോയി ഒരു പ്ലാസ്റ്റിക് പാവയോ, സ്പ്രിംഗ് കാറോ, പ്ലാസ്റ്റിക് പാത്രങ്ങളോ വാങ്ങുന്നത് രാമൻ നോക്കി നിന്നു. കച്ചവടം മോശമായ ഒരാൾക്ക് അയൽവക്കത്തുള്ള കച്ചവടക്കാരൻ തകൃതിയായി കച്ചവടം ചെയ്യുന്ന കാഴ്ച അത്ര സുഖകരമല്ല. ഇതു തുടക്കമല്ലേ, ആൾക്കാർ അറിഞ്ഞുവരട്ടെ. രാമൻ സമാധാനിച്ചു.
ഉച്ചയ്ക്ക് മറ്റു കച്ചവടക്കാരെപ്പോലെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് പാഴായിപ്പോയ പകുതി ദിവസത്തെപ്പറ്റി ഓർത്ത് രാമൻ ഇരുന്നു. രണ്ടു മണി മുതൽ തിരക്ക് കുറവായിരുന്നു. പ്ലാസ്റ്റിക് കച്ചവടക്കാരൻ ഇരുന്നു ഉറക്കം തൂങ്ങി. മുമ്പിൽ വാഹനങ്ങളുടെ തിരക്ക്. ഒരുറക്കം കഴിഞ്ഞ് നോക്കിയപ്പോൾ അപ്പോഴും ശുഭപ്രതീക്ഷയോടെ എന്നാൽ അല്പം വിരസതയോടെ ഇരിക്കുന്ന കരകൗശലക്കാരനെ കണ്ടപ്പോൾ അയാൾ ചോദിച്ചു.
ഒന്നും പോയില്ല്യാല്ലേ. ഞാമ്പറഞ്ഞില്ലേ ഇതൊക്കെ ഇതാ നമ്മടെ പിന്നിലില്ലേ അതു പോലത്തെ വല്യ കടയിലൊക്ക്യേ പോകു. അവിട്ന്ന് നൂറും ഇരുനൂറും കൊടുത്ത് ഇതൊക്കെ വാങ്ങാൻ ആൾക്കാരുണ്ടാവും. ഇവിടെ ഫുട്പാത്തിൽ ഇതൊന്നും പോവില്ല്യ.
അത് ശരിയാണെന്ന് രാമന് തോന്നിത്തുടങ്ങിയിരുന്നു. കടയ്ക്കു മുമ്പിലെ ചില്ലിട്ട വലിയ കൂടുകളിൽ കൊത്തു പണികളും ശില്പങ്ങളും നിരത്തിവെച്ചിട്ടുണ്ട്. അവയിൽ ചന്ദനം, ഈട്ടി, ഇരൂൾ തുടങ്ങിയ മരങ്ങൾകൊണ്ടുള്ള ശില്പങ്ങളുണ്ട്. ശംഖുകളും മുത്തുകളും കോർത്ത മാലകളും കൗതുക വസ്തുക്കളുമുണ്ട്. കൈത്തറി വസ്ത്രങ്ങളുമുണ്ട്. കടയിലേയ്ക്ക് ധാരാളം ആൾക്കാർ പോകുന്നതും തിരിച്ചുപോകുമ്പോൾ ഭംഗിയുള്ള കടലാസ്സുകൊണ്ടുള്ള വലിയ പൊതികൾ താങ്ങിപ്പിടിക്കുന്നതും അയാൾ കണ്ടു. ചിലർ കാറിലാണ് വരുന്നത്. എല്ലാം ഭംഗിയുള്ള വസ്ത്രം ധരിച്ചവർ. അവർ തങ്ങൾ സാധനങ്ങൾ നിരത്തിയേടത്തേയ്ക്ക് നോക്കുന്നതു പോലുമില്ല.
അങ്ങിനെയിരിക്കുമ്പോഴാണ് ഒരു സായ്പ്പും മദാമ്മയും കടയിൽനിന്നു പുറത്തിറങ്ങുന്നത്. അവരുടെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. തോളിൽ സഞ്ചികളും. പുറത്തെ വെയിൽ സായ്‌വിന്റെ കണ്ണു മഞ്ഞളിപ്പിച്ചുവെന്ന് തോന്നുന്നു. അയാൾ കണ്ണിറുക്കി ചുറ്റും നോക്കി. പെട്ടെന്ന് കിട്ടിയ ഒരു ധൈര്യത്തിൽ രാമൻ തന്റെ ശില്പമെടുത്ത് പൊക്കിക്കാട്ടി.
സായ്‌വേ ഇതു വാങ്ങിക്കൊണ്ടു പൊയ്‌ക്കോ.
സായ്‌വ് തിരിഞ്ഞുനോക്കി. അയാളുടെ കണ്ണുകൾ വിടർന്നു. ഒരാശ്ചര്യശബ്ദത്തോടെ അയാൾ മദാമ്മയേയും കൂട്ടി രാമന്റെ അടുത്തേയ്ക്ക് നടന്നു. രാമന്റെ കയ്യിലുള്ള ശില്പം ശ്രദ്ധിക്കാതെ സായ്‌വ് കുനിഞ്ഞ് നിരത്തിവെച്ച പാനലുകളിലൊരെണ്ണം എടുത്തു. കൗരവ സേനയ്ക്കു മുമ്പിൽ ഇതികർത്തവ്യതാമൃഢനായി നിൽക്കുന്ന പാർത്ഥന് ശ്രീകൃഷ്ണൻ ഗീതോപദേശം കൊടുക്കുന്നതായിരുന്നു അത്. തേരിന്റെ വിശദാംശങ്ങൾകൂടി അതിൽ കൊത്തി വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിരയായി കൊത്തിവെച്ച ചെറിയ രൂപങ്ങളിൽ സായ്‌വിന്റെ കണ്ണുകൾ നീങ്ങുന്നത് രാമൻ ശ്രദ്ധിച്ചു. സായ്‌വ് തിരിഞ്ഞ് ഒപ്പം നിന്ന ഒരാളോട് എന്തോ ഇംഗ്ലീഷിൽ ചോദിച്ചു. മൂന്നാമതൊരാൾ കൂടിയുള്ളത് അപ്പോഴേ രാമൻ ശ്രദ്ധിച്ചുള്ളു. രാമൻ പറഞ്ഞു.
നല്ല അസ്സല് ഈട്ടിയിലുണ്ടാക്കിയതാണ്.
പിന്നെ പിന്നിൽ നിന്നിരുന്ന ആളോട് ചോദിച്ചു.
നിങ്ങളാണോ സായ്‌വിനെ കൂടെ കൊണ്ടു നടക്കണത്?
അയാൾ തലയാട്ടി.
ഇത് നല്ല മരാണെന്ന് സായ്‌വിനോടു പറയു. ഒന്നു രണ്ടെണ്ണം വാങ്ങിക്കൊണ്ടു പോട്ടെ.
ഗൈഡ് സായ്‌വിന് പറഞ്ഞു കൊടുക്കുന്നത് ആശയോടെ രാമൻ നോക്കി നിന്നു. സായ്‌വ് ചുമൽ കുലുക്കി എന്തോ പറഞ്ഞത് അയാൾ രാമന് പറഞ്ഞു കൊടുത്തു.
പണല്ല്യാന്ന്.... ഇപ്പൊ കൊറച്ച് സാധനങ്ങള് വാങ്ങീട്ടേയുള്ളു....തന്റെ സാധനങ്ങള് ആദ്യം കണ്ടിരുന്നെങ്കില് അതുതന്നെ വാങ്ങ്വായിരുന്നുന്ന്. വളരെ ഇഷ്ടപ്പെട്ടത്രേ. കടയിൽ നിന്നു വാങ്ങിയ തൊന്നും സായ്‌വിനും മദാമ്മയ്ക്കും ഇഷ്ടായില്ല്യ. അവര് ഇന്ന് തിരിച്ചു പോവാ, ഹോട്ടലിൽ കൊടുക്കാനുള്ള കാശേകയ്യിലുള്ളൂന്ന്........
രാമന്റെ മുഖം വാടി.
സായ്‌വിനോട് പണം കുറച്ചു തന്നാൽ മതി. ഏതെങ്കിലും ഒന്നു വാങ്ങൂന്ന് പറയൂ. ഇതെല്ലാം ഞാൻ തന്നെ പണിപ്പെട്ടുണ്ടാക്കിയതാണ്. ഗീതോപദേശം കൊത്തിയത് സായ്‌വിന് ഇഷ്ടായതല്ലേ. ഒരു നൂറുറുപ്പിക തരട്ടെ.
ഗൈഡ് സായ്‌വിനോട് സംസാരിക്കുകയായിരുന്നു. സായ്‌വ് തലയാട്ടി. നോ, നോ.
സായ്‌വ് പറയണത് താൻ ഇതൊന്നും നൂറുറുപ്പികക്ക് വില്‍ക്കരുത് ന്നാണ്. സായ്‌വ് ബാംഗ്ലൂരിൽനിന്ന് ഇതേ മാതിരി ഒരു സാധനം എണ്ണൂറുറുപ്പികക്കാണ് വാങ്ങിയത്. ഇവിടെ ചുരുങ്ങിയത് നാന്നൂറുറുപ്പികയെങ്കിലും കിട്ടണമെന്നാണ് പറയണത്.
സായ്‌വ് തുടർന്നു. ഗൈഡ് മൊഴി മാറ്റം നടത്തി. ബാംഗ്ലൂരിൽ അന്വേഷിച്ചപ്പോഴാ അറിഞ്ഞത് അതൊക്കെ ഉണ്ടാക്കണത് കേരളത്തിലാണെന്ന്.... സായ്‌വ് കൊറെ അന്വേഷിച്ചു ഇതൊക്കെ ഉണ്ടാക്കുന്ന ജോലിക്കാരെ കാണാൻ.... ആരിം കാണാൻ പറ്റീല്ല്യ.........
സായ്‌വ് പറയണത് താൻ നല്ല ഒരു കലാകാരനാണെന്നാണ്. വെറും കരകൗശലമല്ല ഇത് എന്ന്. കലയ്ക്ക് അതിന്റേതായ പ്രതിഫലം കിട്ടണം .... പിന്നെ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് സായ്‌വിന് കാണിച്ചുകൊടുക്കാൻ പറ്റുമോന്ന് ചോദിക്ക്യാണ്.
രാമൻ മരത്തിന്റെ രണ്ടിഞ്ചു കനമുള്ള പലകകൾ കൊണ്ടുവന്നിരുന്നു. പണിയായുധങ്ങളും. വെറുതെയിരിക്കുന്ന സമയം ജോലിയെടുക്കാമല്ലോ എന്നു കരുതി കൊണ്ടു വന്നതാണ്. അയാൾ പലക നിലത്തു വെച്ചു ഉളിയും ചുറ്റികയും എടുത്തു.
സായ്‌വ് പെട്ടെന്നയാളെ തടഞ്ഞു.
വൺ മോമന്റ്....
സായ്‌വ് തോളിലെ സഞ്ചി തുറന്ന് ഒരു വീഡിയോ ക്യാമറ പുറത്തെടുത്ത് അയാൾക്കു നേരെ പിടിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങളെപ്പറ്റിയൊന്നും വലിയ പിടിപാടില്ലെങ്കിലും അത് ഫോട്ടോ എടുക്കാനുള്ള ക്യാമറയാണെന്ന് രാമന് മനസ്സിലായി. അവൻ മരത്തിൽ കൊത്തു പണികൾ തുടങ്ങി. സൂക്ഷ്മരൂപങ്ങൾ ഉയിരെടുക്കുന്നത് സായ്പ്പും മദാമ്മയും കൗതുകത്തോടെ നോക്കിനിന്നു. രാമന്റെ ഓരോ ചലനവും ക്യാമറ അതിന്റെ ഇലക്ട്രോണിക് കണ്ണുകളിലൂടെ നോക്കി രേഖപ്പെടുത്തി.
ഒരു മണിക്കൂർ കഴിഞ്ഞുകാണും, സായ്‌വ് ക്യാമറ നിർത്തി. ചുറ്റും ആളുകൾ കൂടിയിരുന്നു. അവർ വെയിലത്ത് ആ അപൂർവ്വദൃശ്യം കാണാൻ തടിച്ചു കൂടിയതാണ്. ഒരു പോലീസുകാരൻ ആൾക്കാർക്കിടയിലൂടെ വന്ന് എത്തിച്ചു നോക്കി. ക്രമസമാധാന പ്രശ്‌നമൊന്നുമില്ലെന്ന് കണ്ട് സംതൃപ്തനായി തിരിച്ചു പോയി.
വി മസ്റ്റ് ബി ഗോയിംഗ്, സായ്‌വ് പറഞ്ഞു.
സായ്‌വിന് പോണ്ട സമയമായി.... ഗൈഡ് പറഞ്ഞു. സായ്‌വ് ചോദിക്ക്യാണ് ഈ ഫോട്ടോട്‌ത്തേന് വല്ലതും തരണോന്ന്.
ഏയ്. രാമൻ പറഞ്ഞു. ഒന്നും വേണ്ട. പിന്ന്യേയ് എന്തിനാ സായ്‌വ് ഈ ഫോട്ടോ എടുക്കുന്നത്?
ഗൈഡ് സായ്‌വിനോട് സംസാരിച്ചു.
സായ്‌വ് പറയ്യാണ് അദ്ദേഹം ബി.ബി.സിയ്ക്കുവേണ്ടി ഒരു ടി.വി. ചിത്രംണ്ടാക്ക്വാണ്. അതില് കൊള്ളിക്കുംന്ന്. ബി.ബി. സീന്ന് പറയണത് സായ്‌വിന്റെ നാട്ടിൽത്തെ ടെലിവിഷനാ...സായ്‌വ് പറയ്യാണ് നിങ്ങള് നല്ല ഒരു കലാകാരനാണ്ന്ന്.... നിങ്ങളെപ്പോലത്തോരെ ആദരിക്കണംന്ന്. ഇത്തരം കലകളൊന്നും അവര്‌ടെ നാട്ടിലില്ലാത്രെ.
സായ്‌വ് രാമനെ നോക്കിച്ചിരിച്ചു കൊണ്ട് കൈനീട്ടി. രാമൻ എഴുന്നേറ്റു നിന്നു. ഒരു നിമിഷം അയാൾ തന്റെ തഴമ്പുവന്ന കറുത്ത കൈകളിലും സായ്‌വിന്റെ ഇളം ചുവപ്പു കലർന്ന വെള്ളനിറമുള്ള കയ്യിലേക്കും നോക്കി. സായ്‌വ് അയാളുടെ കൈ പിടിച്ചു കുലുക്കി.
ഗ്രെയ്റ്റ് ആർട്ടിസ്റ്റ്. സായ്‌വ് പറഞ്ഞു. ഗുഡ് ബൈ.
മദാമ്മയും അയാളോട് ഗുഡ്‌ബൈ പറഞ്ഞു. അവർ നടന്നകന്നതോടെ ചുറ്റും കൂടിയിരുന്നവരും പിരിഞ്ഞു പോയി.
വിഡ്ഢിത്തം ചെയ്തു.
പ്ലാസ്റ്റിക് കച്ചവടക്കാരൻ പറഞ്ഞു.
സായ്‌വിന്റെടുത്തുനിന്ന് ഒരു നൂറെങ്കിലും അടിച്ചെടുക്ക്വായിരുന്നു.
രാമൻ ഒന്നും പറഞ്ഞില്ല.
രാവിലെതൊട്ട് ഈച്ചേനെ ആട്ടി ഇരിക്കണതാ. അപ്പൊ സായ്‌വ് ചോദിച്ചപ്പൊ എന്തെങ്കിലും വേണംന്ന് പറയായിരുന്നില്ലേ. ഞാനോ മറ്റോ ആവണ്ടിരുന്നു. ഒരു ഇരുനൂറെങ്കിലും പിടുങ്ങി വാങ്ങും. പണം തന്നില്ലെങ്കിൽ സായ്‌വിന്റെ ക്യാമറ ഞാൻ പിടിച്ചു വെക്കും.
രാമൻ അയാളെ ദയനീയമായി നോക്കി. അയാൾക്ക് പറയാൻ വാക്കുകളില്ലായിരുന്നു. അർഹിക്കാത്തത് എടുക്കാൻ രാമൻ തയ്യാറായിരുന്നില്ല. മാത്രമല്ല താനൊരു കലാകാരനാണെന്ന് ജീവിതത്തിൽ ആദ്യമായി കേട്ടത് സായ്‌വിന്റെ വായിൽ നിന്നാണ്. ആ മനുഷ്യനെ താൻ എങ്ങിനെയാണ് കൊള്ളയടിക്കുക. അതു ശരിയല്ല.
അയാൾ അച്ഛന്റെ കറുത്തു മെലിഞ്ഞ രൂപം ഓർത്തു. കുട്ടിക്കാലത്ത് ഓലപ്പുരയുടെ ചായ്‌വിൽ മരക്കഷ്ണങ്ങൾക്കിടയിൽ പലതരം മരത്തിന്റെ കാതലുകളുടെ ഗന്ധവും ശ്വസിച്ച് അച്ഛൻ പണിയെടുക്കുന്നത് നോക്കിയിരിക്കാറുണ്ട്.
മെലിഞ്ഞ കൈകളിൽ ഉളിയും ചുറ്റികയായുപയോഗിക്കുന്ന മരത്തടിയും പിടിച്ച് രാവിലെ മുതൽ അച്ഛൻ ജോലിയെടുക്കും. മരത്തിന്റെ കാതലിൽ ഉളി ആഴമില്ലാത്ത മുറിവുകളുണ്ടാക്കി. ചീകിയെടുത്ത മരപ്പാളികൾ ചുറ്റും നിറഞ്ഞു മരക്കഷ്ണങ്ങളിൽ രൂപങ്ങൾ ഉയിരെടുത്തു. ജോലി ചെയ്യുമ്പോൾ ചുറ്റും നടക്കുന്നതൊന്നും അച്ഛൻ അറിഞ്ഞിരുന്നില്ല. പൗരാണിക കഥകളിലൂടെയുള്ള തീർത്ഥാടനമായിരിക്കും അപ്പോൾ. മരപ്പലകകൾ കുരുക്ഷേത്രത്തിന്റെ കർമ്മഭൂവാകും, അല്ലെങ്കിൽ ഹിമാലയ സാനുക്കളിൽ അർജ്ജുനൻ പരമശിവനെ പ്രീതിപ്പെടുത്താൻ വേണ്ടി തപസ്സു ചെയ്ത തപോവനങ്ങളാകും, അധ്വാനം നീണ്ടു പോകുംതോറും കഥകൾ കെട്ടഴിയുന്നു, രൂപങ്ങൾ ഉയിരെടുക്കുന്നു.
അച്ഛമ്മയാണ് ആ കഥകളെല്ലാം തനിയ്ക്ക് പറഞ്ഞുതന്നിട്ടുള്ളത്. കർമ്മഭൂമിയുടെ അത്ഭുതകരമായ ആ കഥകളായിരിക്കണം പിന്നീട് ഉളിയെടുക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചത്.
പത്താമത്തെ വയസ്സിലോ മറ്റോ ആണ് അച്ഛൻ തന്റെ കയ്യിൽ ഉളി പിടിപ്പിച്ചത്. പിന്നെ അച്ഛന്റെ ഒപ്പം താനും ജോലി ചെയ്തു. അമ്പലങ്ങളിൽ കൊത്തുവേല ചെയ്യാൻ ഒപ്പം പോയി. വീട്ടിലുള്ള അവസരത്തിൽ പലതരം ശില്പങ്ങൾ ഉണ്ടാക്കി വെച്ചു. ചിലപ്പോൾ നഗരങ്ങളിൽ നിന്ന് കച്ചവടക്കാർ വന്ന് ഒന്നായി വാങ്ങിക്കൊണ്ടുപോകും. വളരെ തുച്ഛമായ വിലയേ കിട്ടു. ചിലപ്പോൾ ശില്പങ്ങളുമായി വലിയ വീടുകളിൽ കയറിയിറങ്ങും. അവർക്കൊന്നും പക്ഷേ തന്റെ ശില്പങ്ങൾ വേണ്ട. ഒന്നു നോക്കാനുള്ള സന്മനസ്സുപോലും കാണിക്കാറില്ല ആരും. ഇവിടെ ഇതാ ഇതിന്റെ വിലയെപ്പറ്റി അറിയുന്ന കലാമൂല്യത്തെപ്പറ്റി അറിയുന്ന കടൽ കടന്നുവന്ന ഒരു സായ്‌വ് പറയുന്നു താനൊരു ഉത്തമ കലാകാരനാണെന്ന്, തന്റെ സൃഷ്ടികൾക്ക് നല്ല വില കിട്ടണമെന്ന്. അങ്ങിനെയുള്ള ഒരു മനുഷ്യനെ കൊള്ളയടിക്കുക. താനത് ഒരിക്കലും ചെയ്യില്ല.
രാമൻ മുഖം തിരിച്ചു.
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അയാളുടെ മുമ്പിൽനിന്നു. പുതുതായി കല്യാണം കഴിച്ചവരാണെന്നു തോന്നുന്നു. അവർ നിരത്തി വെച്ച സാധനങ്ങൾ നോക്കി നിന്നു.
ഇത് നമ്മടെ സിറ്റിംഗ്‌റൂമിൽ വെക്കാൻ പറ്റും.
ചെറുപ്പക്കാരി പറഞ്ഞു. അവർ നിരത്തിവെച്ച പാനലിൽ നിന്നൊരണ്ണം പൊക്കിയെടുത്തു.
നന്നായിട്ടുണ്ടല്ലേ?
ഉണ്ടെന്നും ഇല്ലെന്നും വരത്തക്ക വിധത്തിൽ അയാൾ തലയാട്ടി.
ഇതെടുത്താലോ? വലിയ വെല്യാവ്വോ?
ഏയ്. അയാൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു. ഇവര് നാട്ടിൻപുറത്തുനിന്ന് കൊണ്ടന്ന് വില്ക്കണതാണ്. ഷോപ്പിലെ മാതിരി വലിയ വെലയൊന്നൂണ്ടാവില്ല്യ.
ഒന്നു ചോദിച്ചുനോക്കു.
ഏയ്, ചെറുപ്പക്കാരൻ രാമനോട് ചോദിച്ചു. ഇതിനെന്തു തരണം?
രാമൻ ഒരു നിമിഷം ആലോചിച്ചു. എന്നിട്ടു പറഞ്ഞു.
മുന്നൂറ് രൂപ.
മുന്നൂറോ? ചെറുപ്പക്കാരന്റെ കണ്ണു തള്ളി. മുന്നൂറോ മുപ്പതോ പറഞ്ഞത്?
മുന്നൂറാണ് സർ. ഇതുണ്ടാക്കാൻ നല്ല പാടുണ്ട്. മരത്തിന് തന്നെയാവും ഇരുപത് ഉറുപ്പികയോളം. ഏകദേശം പതിനഞ്ചു ദിവസമെടുക്കും ഇങ്ങിനെയൊന്നുണ്ടാക്കാൻ. ഒരു ദിവസത്തെ അധ്വാനത്തിന് പതിനഞ്ചെങ്കിലും കിട്ടണ്ടേ? ഇക്കാലത്ത് ഇഷ്ടിക ചുമക്കാൻ പോയാൽ നാൽപ്പത് അമ്പതുറുപ്പിക കിട്ടും.
ഇതു കൂടുതലാണ്. ചെറുപ്പക്കാരൻ പറഞ്ഞു. വല്ല പത്തോ അമ്പതോ ആണെങ്കിൽ നോക്കാമായിരുന്നു.
അവർ നടന്നകന്നു.
ഞാൻ പറഞ്ഞില്ലേ? പ്ലാസ്റ്റിക്കാരൻ പറഞ്ഞു. നിങ്ങള് സായ്‌വ് പറഞ്ഞത് കേട്ടിട്ട് ഇങ്ങനെ മുന്നൂറും നാന്നൂറും ഒന്നും പറയണ്ട. വല്ല പത്തോ അമ്പതോ ആണെങ്കിൽ പിന്നീം വല്ലതും വിറ്റുപോകും.
ഓരോന്നിനും അതിന്റേതായ വിലയുണ്ട്. രാമൻ പറഞ്ഞു. അതിൽ കൂടുതൽ ചോദിക്കുന്നത് കച്ചവടക്കാരന് നന്നല്ല. അതിൽ കുറച്ചു തരുന്നത് വാങ്ങുന്ന ആൾക്കും നന്നല്ല.
ഗ്രാമീണമായ ഈ ധാർമ്മികതത്വം പ്ലാസ്റ്റിക് കച്ചവടക്കാരന് മനസ്സിലാവില്ല. അയാൾ നഗരത്തിലെ തട്ടിപ്പറിയുടെ സന്തതിയാണ്. ഒരേ സാധനത്തിന് തന്നെ വളരെ വ്യത്യാസമായ വില അയാൾ പറയുന്നത് രാമൻ കണ്ടിരുന്നു. വില പേശുന്നവർ കൂടി കബളിപ്പിക്കത്തക്ക വിധത്തിലായിരുന്നു ആ വിലപറയൽ.
ചെലപ്പൊ എനിയ്ക്ക് മൂന്നിരട്ടി വില കിട്ടും. പ്ലാസ്റ്റിക് കച്ചവടക്കാരൻ പറഞ്ഞു. ചെലപ്പൊ വാങ്ങിയ വെലയ്ക്കു തന്നെ കൊടുക്കേം ചെയ്യും. അപ്പൊ മൊടക്ക്യെ മൊതല് പെട്ടെന്ന് തിരിച്ചു കിട്ടും. അങ്ങന്യാ ഞാൻ കച്ചോടം ചെയ്യ്വാ.
ഫുട്പാത്തിൽനിന്ന് പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങുന്നവർ അധികവും പാവപ്പെട്ടവരാണ്. അലങ്കരിച്ച വലിയ കടകളിൽപോയി വാങ്ങാൻ ധൈര്യമില്ലാത്തവർ. മൂന്നിരട്ടി വില കൊടുത്ത് ഫുട്പാത്തിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ആ പാവങ്ങളെപ്പറ്റി ഓർത്ത് രാമൻ സങ്കടപ്പെട്ടു.
വൈകുന്നേരമായപ്പോഴേയ്ക്കും ഫുട്പാത്തിൽ തിരക്കുകൂടി. കൂടുതൽ ആൾക്കാർ തന്റെ കൊത്തുപണികളിൽ താൽപര്യം കാട്ടി. പക്ഷെ ഒരെണ്ണംപോലും വിൽക്കുകയുണ്ടായില്ല. തുച്ഛമായ വരുമാനവും വർദ്ധിച്ചുവരുന്ന ചെലവും കൂടിയുള്ള മൽപ്പിടുത്തത്തിൽ കലയ്ക്കും കൗതുക വസ്തുക്കൾക്കും സ്ഥാനമില്ലാതായിരിക്കുന്നു. ആൾക്കാർ വില കുറഞ്ഞ പ്ലാസ്റ്റിക് സാധനങ്ങൾ അന്വേഷിച്ചുപോയി. തന്റെ അയൽക്കാരൻ നല്ല കച്ചവടം നടത്തിയെന്നത് രാമന് ആശ്വാസം നൽകി. അയാളുടെ ബനിയന്റെ ഉള്ളിൽ വെച്ച പേഴ്‌സിൽ നൂറിന്റെ നോട്ടുകൾ അട്ടിയായി ഇരിക്കുന്നുണ്ടായിരുന്നു. ഏഴരമണിയോടെ പ്ലാസ്റ്റിക്കാരൻ ശേഷിച്ച സാധനങ്ങൾ കടലാസുപെട്ടിയിൽ നിറച്ച് രാമനോട് യാത്ര പറഞ്ഞുപോയി. കടകൾ പൂട്ടിത്തുടങ്ങി. ബസ്‌സ്റ്റോപ്പിൽ ആൾക്കാർ വിരളമായി.
ഇനി ആരേയും പ്രതീക്ഷിക്കുന്നതിനർത്ഥമില്ല. രാമൻ ആലോചിച്ചു. എല്ലാം തിരിച്ച് പെട്ടിയിൽ എടുത്തുവെയ്ക്കാം. തിരിച്ച് സ്റ്റേഷനിൽപോയി വല്ല വണ്ടിയും ഉണ്ടോ എന്നു നോക്കാം. ഇനി രാത്രി വണ്ടിയില്ലെങ്കിൽ പ്ലാറ്റ്‌ഫോമിൽത്തന്നെ ചുരുണ്ടുകൂടാം. ഭക്ഷണം കഴിക്കാനുള്ള പണം കയ്യിലില്ല. വണ്ടിക്കൂലിക്ക് കഷ്ടിച്ച് തികയും. ഒട്ടും വിൽക്കാൻ കഴിയാതെ വരുമെന്ന് ആലോചിച്ചില്ല. ഇനി ആലോചിച്ചിരുന്നെങ്കിൽത്തന്നെ എന്തു ചെയ്യാനാണ്. വീട്ടിലുള്ള പണം മുഴുവൻ എടുത്തിട്ടാണ് വന്നിരിക്കുന്നത്.
അയാൾ സാധനങ്ങൾ തിരിച്ച് പെട്ടിയിലിടാൻ തുടങ്ങി.
ഒന്നും വിറ്റു പോയില്ല അല്ലേ?
ശബ്ദം പിന്നിൽ നിന്നായിരുന്നു. രാമൻ തിരിഞ്ഞുനോക്കി. ഇരുട്ടിന്റെ മകൻ. രാമൻ പെട്ടെന്നയാളെ തിരിച്ചറിഞ്ഞു. അവർക്കെല്ലാവർക്കും ഒരേ മുഖമായിരുന്നു. പല കാലത്തായി നാട്ടിൻ പുറത്തു വന്ന് തന്റെ കലാസൃഷ്ടികൾ തുച്ഛവിലയ്ക്കു വാങ്ങി കൊള്ളലാഭമടിക്കുന്നവരെ രാമന് നല്ല പരിചയമായിരുന്നു. ഭാര്യയും കുട്ടികളും വിശന്നിരിക്കുമ്പോൾ പലപ്പോഴും കിട്ടിയ വിലയ്ക്ക് താൻ അവ വില്ക്കുന്നു. അവരുടെ വർഗത്തിൽപ്പെട്ടതുതന്നെ ഇവനും. ഇവൻമാരിൽ നിന്ന് ഒഴിവാവാനാണ് താൻ നഗരത്തിലേക്കു പുറപ്പെട്ടതുതന്നെ.
രാമൻ മറുപടിയൊന്നും പറയാതെ കടലാസുപെട്ടി കയറുകൊണ്ട് വരിഞ്ഞു തുടങ്ങി.
വല്ലതും വിറ്റോ? വലിച്ചുകൊണ്ടിരുന്ന ബീഡിവലിച്ചെറിഞ്ഞ് അയാൾ കാക്കരിച്ചു തുപ്പിക്കൊണ്ട് വീണ്ടും ചോദിച്ചു.
മറുപടിയില്ല.
വല്ല്യ പാടാ ഇതൊക്കെ ചെലവാവാൻ.
സാരല്ല്യ, രാമൻ അക്ഷോഭ്യനായി പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ വില്ക്കും. ഇന്നത്തോടുകൂടി ലോകം അവസാനിക്ക്യൊന്നുല്ല്യല്ലോ.
ഇതൊന്നായിട്ടു കൊടുക്കണ്വോ?
അയാൾ വിഷയത്തിലേക്കു കടന്നു.
നല്ല വെല കിട്ട്യാ കൊടുക്കും.
എന്തു വേണം?
രണ്ടായിരം ഉറുപ്പിക.
രണ്ടായിരോ? അയാൾ പുച്ഛത്തോടെ പറഞ്ഞു. ഇരുന്നൂറുറുപ്പികക്ക് കോളില്ലല്ലോ സാധനം. ഇതാ പിടിച്ചോ നൂറ്റിയമ്പതു രൂപ. സാധനം വെച്ച് പൊയ്‌ക്കോ. എനിയ്ക്ക് വല്യ ലാഭം ഒന്നുല്ല്യേ. ഐലന്റില് ഏതെങ്കിലും കടേൽ കൊണ്ടുപോയി കൊടുത്താൽ വല്ല പത്തോ ഇരുപതോ ലാഭംണ്ടാകും.
അയാൾ കീശയിൽനിന്ന് ഒരു നൂറിന്റെയും അമ്പതിന്റെയും നോട്ടെടുത്ത് രാമനു നീട്ടി.
കയ്യിൽ വെച്ചോ. രാമൻ ദ്വേഷ്യത്തോടെ പറഞ്ഞു.
അതെന്താ മാഷേ അങ്ങനെ? അയാൾ ചൊടിച്ചു കൊണ്ട് പറഞ്ഞു. നമ്മളോട് ആരും അങ്ങനെ സംസാരിച്ചിട്ടില്ലല്ലോ ഇതുവരെ.
അയാൾ രാമന്റെ കൈ പിടിച്ചു കുറച്ചൊരു ഭീഷണിയോടെ.
രാമൻ കൈ വലിച്ചു.
താൻ പോവുന്നതാണ് നല്ലത്.
അങ്ങനെ പോവുന്നവനൊന്നും അല്ല ഞാൻ. അയാൾ പറഞ്ഞു. പിന്നെ കുനിഞ്ഞ് കടലാസുപെട്ടിമേൽ കൈ വെച്ചു.
രാമൻ പെട്ടെന്ന് അരയിൽ തിരുകിയ കത്തിയെടുത്തു നിവർത്തി. അയാൾ ഇതു പ്രതീക്ഷിച്ചില്ല. തട്ടിപ്പ്, ചതി ഇതെല്ലാമായിരുന്നു അയാളുടെ കലാപരിപാടികൾ. കത്തിക്കുത്ത് അതിൽ പെടില്ല.
അയാൾ പിന്മാറി.
അല്ല ആളോൾക്ക് ഇക്കാലത്ത് നല്ലത് ചെയ്യാംന്ന് വിചാരിച്ചാൽ....
കരകൗശലശാലയുടെ അടച്ച വാതിലിനു മുമ്പിൽ ഒതുക്കിൽ രാമൻ ഇരുന്നു. കീശയിൽ നിന്നു പണമെടുത്ത് എണ്ണിനോക്കി. പതിനെട്ടുരൂപ എഴുപതുപൈസ മാത്രം. ഭക്ഷണം കഴിക്കുകയാണെങ്കിൽ തിരിച്ചു പോകാനുള്ള വണ്ടിക്കൂലിയുണ്ടാവില്ല.
തിരിച്ചു പോയിട്ട് എന്താണ് ചെയ്യുകയെന്നയാൾ ആലോചിച്ചു. ഒന്നും ചെയ്യാനില്ല. അയാൾ അച്ഛനെ ഓർത്തു. പണ്ടൊരിക്കൽ കുട്ടിക്കാലത്ത് അച്ഛന്റെ ഒപ്പം ശില്പങ്ങൾ വില്ക്കാൻ ഇറങ്ങിയതായിരുന്നു. പന്ത്രണ്ടോ പതിമൂന്നോ വയസ്സായിരിക്കണം. അച്ഛന്റെ തലയിൽ ഒരു വലിയ കുട്ടയും തന്റെ തലയിൽ ഒരു ചെറിയ കുട്ടയും. തനിക്ക് പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെയാണ് നടത്തം. ഓരോ വലിയ വീട്ടിലും കയറി അച്ഛൻ ചോദിക്കും. ശില്പങ്ങൾ വല്ലതും വേണോ? വേണ്ടെന്ന ഉത്തരം മാത്രം. രാവിലെ വീട്ടിൽനിന്ന് കഞ്ഞി കുടിച്ച് ഇറങ്ങിയ നടത്തം ഉച്ചതിരിവോളം തുടർന്നു. ഒന്നും വില്ക്കാൻ കഴിഞ്ഞില്ല. അതിനിടയ്ക്ക് വഴിയിൽ പലയിടത്തും ചില്ലിട്ട അലമാരിയിൽ പലഹാരങ്ങൾ നിരത്തിയ ചായപ്പീടികകളുമുണ്ടായിരുന്നു. ഏകദേശം രണ്ടുമണിയായപ്പോൾ താൻ വിശക്കുന്നുണ്ടെന്നു പറഞ്ഞു. അച്ഛൻ ഒന്നും പറഞ്ഞില്ല. അച്ഛന്റെ കയ്യിൽ കാശൊന്നുമില്ലായിരുന്നു. അവസാനം ഒരു വലിയ വീടിന്റെ പൂമുഖത്തുനിന്ന് അച്ഛൻ വിളിച്ചു ചോദിച്ചു. ശില്പങ്ങളുണ്ട് വേണോ?
ഒരു തടിച്ച അമ്മ പൂമുഖത്തേക്കു വന്നു, അച്ഛനെ കണ്ടപ്പോൾ അവർ പറഞ്ഞു.
അല്ല കൃഷ്ണനോ. ഇപ്പൊ ഒന്നും വേണ്ട. രണ്ടു മാസം മുമ്പെ വാങ്ങിയതല്ലേ?
അച്ഛന്റെ മുഖം ഇരുളുന്നത് താൻ കണ്ടു. അച്ഛന് നല്ല പ്രതീക്ഷകൾ ഉണ്ടായിരുന്നു. അച്ഛൻ മകന്റെ കരിവാളിച്ച മുഖത്തു നോക്കി. പിന്നെ വളരെ സങ്കോചത്തോടെ അവരോടു പറഞ്ഞു.
തമ്പ്രാട്ടി, ഈ ചെക്കന് കുടിക്കാൻ കുറച്ച് കഞ്ഞീടെ വെള്ളം കൊടുക്ക്വോ?
നീ വല്ലതും കഴിച്ചോ കൃഷ്ണാ.
അവർ ചോദിച്ചു.
സാരല്ല്യ. അട്യേന് വെശപ്പില്ല.
വേണ്ട. രണ്ടുപേരും വടക്കോറത്തേക്ക് പോരിൻ.
അച്ഛൻ തന്നേയും കൂട്ടി വീടിനു പിന്നിലൂടെ അടുക്കളയുടെ ഭാഗത്തേക്കു പോയി.
രണ്ടു വാഴയില വെട്ടിക്കോളു.
അവർ ഒരു കത്തി അച്ഛന്റെ കയ്യിൽ കൊടുത്തു.
അച്ഛൻ പറമ്പിൽപോയി രണ്ടു വാഴയില വെട്ടിക്കൊണ്ടുവന്ന് അവരുടെ കയ്യിൽ കൊടുത്തു. പിന്നെ കത്തിയെടുത്ത് മിറ്റത്ത് രണ്ടു ചെറിയ കുഴി കുഴിച്ചു. അപ്പോഴേയ്ക്കും ആ വീട്ടിലെ അമ്മ രണ്ടു ഇലകളും അടുപ്പിനു മുകളിൽവെച്ച് വാട്ടിക്കൊണ്ടു വന്നിരുന്നു. അച്ഛൻ ആ ഇലകൾ മണ്ണിലെ കുഴികളിൽവെച്ച് രണ്ട് കുമ്പിളാക്കി. ആ സ്ത്രീ അവർക്ക് കഞ്ഞി വിളമ്പി. അച്ഛൻ രണ്ടു പ്ലാവിലകൾ കോട്ടി തയ്യാറായിരുന്നു.
കഞ്ഞി കുടിച്ചുകൊണ്ടിരിക്കെ അച്ഛൻ പെട്ടെന്ന് കുടി നിർത്തി തന്നെ നോക്കിയിരുന്നത് രാമൻ ഓർത്തു. ആ കണ്ണുകളിലുണ്ടായിരുന്ന ഭാവം പറയാൻ വയ്യാത്തതായിരുന്നു. രാമൻ എന്തുകൊണ്ടോ തന്റെ രണ്ടു മക്കളേയും ഓർത്തു. അവർ ഇപ്പോൾ പട്ടിണി കിടക്കാനാണ് സാദ്ധ്യത.
നഗരത്തിന്റെ നന്മയിൽ രാമൻ ഇപ്പോഴും വിശ്വസിച്ചിരുന്നു. ഇന്നല്ലെങ്കിൽ നാളെ ഒരു കൈ നോക്കാൻ തന്നെ അയാൾ തീർച്ചയാക്കി. കടലാസുപെട്ടിയും തലയിലേറ്റി അയാൾ നടന്നു. ഒരഭയസ്ഥാനം കണ്ടു പിടിക്കാൻ വേണ്ടി.