കുട്ടിച്ചാത്തന്റെ ഇടപെടലുകൾ


ഇ ഹരികുമാര്‍

മറ്റെല്ലാ സിനിക്കുകളെപ്പോലെ രാമനും അതു വിശ്വസിച്ചിരുന്നില്ല. ഇതെല്ലാം അമേരിക്കക്കാരുടെ കച്ചവടതന്ത്രമെന്നല്ലാതെ മറ്റൊന്നുമല്ല എന്നറിയുമ്പോഴും പണക്കാരനാവാനുള്ള മോഹം അയാളെ അതിലേയ്ക്ക് ആകർഷിക്കുകയാണ്. ഇന്റർനെറ്റിൽ കണ്ട സൈറ്റിൽ വിശ്വസിപ്പിക്കുന്ന എന്തോ ഉണ്ട്. 100 ഡോളർ എന്നു പറയുന്നത് ഒരമേരിക്കക്കാരനെ സംബന്ധിച്ചേടത്തോളം വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ നൂറു രൂപമാത്രം. നമുക്കത് പക്ഷേ 5000 രൂപയാണ്. സാമാന്യം നല്ലൊരു സംഖ്യ. പക്ഷേ അതുകൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന സമ്പത്ത് കണ്ടപ്പോൾ രാമന്റെ കണ്ണു തള്ളിപ്പോയി. ഈ സോഫ്റ്റ്‌വെയറുപയോഗിച്ചു പണക്കാരായവരുടെ പട്ടിക കണ്ടപ്പോഴാണ് അദ്ഭുതമായത്. അതിൽ മോശക്കാരായി ആരുമില്ല.

ക്യൂട്ടിച്ചാത്തൻ ഡോട്ട് കോം (cutichathan.com) ഒരു സാധാരണ വെബ് സൈറ്റല്ല എന്നു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. പേജ് ഡിസൈനിങ്ങിൽത്തന്നെ പൗരാണികത. ഒരറ്റത്ത് വളരെ പ്രാകൃതമായ ഒരു ബിംബം. കടുംചുവപ്പുനിറത്തിൽ തിളങ്ങുന്ന ഒരു ത്രിമാന രൂപം. വിവരണം വായിച്ചപ്പോഴാണ് മനസ്സിലാവുന്നത് ക്യൂട്ടിച്ചാത്തൻ നമ്മുടെ പഴയ കുട്ടിച്ചാത്തൻ തന്നെയാണെന്ന്. കേരളത്തിലെ പൗരാണികമായ ആരാധനാമൂർത്തി. ആശ്രിതരുടെ അഭീഷ്ടങ്ങൾ സാധിപ്പിച്ചുകൊടുക്കുന്ന ശക്തനായ മൂർത്തി. ഇടഞ്ഞാൽ മനുഷ്യരെ നാശത്തിലേയ്ക്ക് തള്ളിയിടുന്ന ഉഗ്രമൂർത്തി.

പേജിനു താഴെ അത്രതന്നെ ചെറുതല്ലാതെ എഴുതിവച്ചിരിക്കുന്നു.

cutichathan® is the registered trademark of Cutichathan Inc., New Jersey. Patent No. 981.......

അപ്പോൾ അമേരിക്കക്കാർ കുട്ടിച്ചാത്തന്റെ പേറ്റന്റ് എടുത്തിരിക്കുന്നു. അത്രയും നല്ലത്. കുട്ടിച്ചാത്തൻ ഇവിടെ യുക്തിവാദികളുടെയും ഇടതുപക്ഷപുരോഗമനവാദികളുടെയും ഇടയിൽ സ്‌പോൺസർമാരില്ലാതെ കഷ്ടപ്പെടുകയായിരുന്നു. ഹോംപേജിൽനിന്ന് മറ്റു പേജുകളിലേയ്ക്ക് ലിങ്കുകൾ. കുട്ടിച്ചാത്തന്റെ അനിമേറ്റ് ചെയ്ത ഐക്കണുകളിൽ അമർത്തിയാൽ പേജുകൾ മാറിമറയുന്നു. അടുത്ത പേജുകളിൽ കൂടുതൽ വിവരണങ്ങൾ. അധികവും കുട്ടിച്ചാത്തൻ സോഫ്റ്റ്‌വെയറിനെപ്പറ്റിയാണ്. സോഫ്റ്റ്‌വെയർ വാങ്ങുകയാണ് ആദ്യത്തെ പടി.

വരട്ടെ, ഇനി നമുക്ക് രാമന്റെ വ്യക്തിജീവിതത്തിലേയ്ക്ക് ഒന്നെത്തിനോക്കാം. അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അതുതകും. ഒരാൾ എന്തെങ്കിലും ചെയ്യുമ്പോൾ അയാളെ ന്യായീകരിക്കാൻ അയാളുടെ ജീവിതത്തിലേയ്ക്ക് അല്പമൊന്ന് കടന്നുചെല്ലുന്നത് നന്നായിരിക്കും. നമ്മുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. രാമനെ അയാളുടെ ചെയ്തികളിൽ ന്യായീകരിക്കുക. മുപ്പത്തഞ്ചു വയസ്സായ വിവാഹിതൻ. മൂന്നു വയസ്സുള്ള മകന്റെ അച്ഛൻ. ചോക്കളേറ്റ് എന്നത് അപൂർവ്വ വസ്തുവാണെന്ന സത്യം നേരത്തെ മനസ്സിലാക്കിയ അവനും, ജീവിതത്തിൽ സ്വപ്നങ്ങൾ കാണുന്നതിനേക്കാൾ നല്ലത് കിട്ടിയ ജീവിതം എങ്ങിനെയെങ്കിലും ജീവിച്ചു തീർക്കുകയാണെന്ന് വിഷമിച്ചു പഠിച്ച ഇരുപത്തെട്ടു വയസ്സുകാരിയ്ക്കും ഒരേയൊരു തുണ രാമൻതന്നെ. വായിൽനാവുകൊണ്ട് പിടിച്ചുനില്ക്കാവുന്നത്ര കാലം അയാൾ മൂന്നു കമ്പനികളിലായി പിടിച്ചുനിന്നു. ഈ മൂന്നു കമ്പനികളിലായി ചെയ്ത തിരുമറിയിൽ ആകെ നഷ്ടം നാലര ലക്ഷം രൂപ. അതു പലിശയടക്കം കൊടുത്തുതീർക്കാൻ അവർ കൊടുത്തിരിക്കുന്നത് രണ്ടു വർഷമാണ്. വേഗം കൊടുത്താൽ അത്രയും പലിശ കുറഞ്ഞുകിട്ടും. നാലാമത്തെ കമ്പനിയിൽനിന്ന് കിട്ടുന്ന ശമ്പളംകൊണ്ട് ഈ കടം വീട്ടുകയാണോ വേണ്ടത്, അതോ നിത്യച്ചിലവ് നടത്തുകയോ?

ഈ പശ്ചാത്തലത്തിലാണ് രാമൻ കുട്ടിച്ചാത്തന്റെ വെബ്‌സൈറ്റ് കാണുന്നത്. എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്നാണയാൾ ആദ്യം ഓർത്തത്. പക്ഷേ അയ്യായിരം രൂപ, അതെവിടെനിന്നുണ്ടാക്കും? തട്ടിപ്പിന്റെ ഭാഗമായി അയാൾ കൊണ്ടുനടന്നിരുന്ന വീസ കാർഡിന് പുതിയൊരു ഉപയോഗമുണ്ടായി. ഇത് തന്റെ അവസാനത്തെ തിരുമറിയാവട്ടെ. ഫലിച്ചാൽ ഫലിച്ചു.

അയാൾ വെബ്‌സൈറ്റിലേയ്ക്ക് തിരിഞ്ഞു. ഏറ്റവും രസകരമായി തോന്നിയത് കുട്ടിച്ചാത്തന്റെ ചരിത്രമാണ്. ചരിത്രാതീതകാലത്ത് അസ്‌റ്റ്രോയ്ഡ് ബെൽട്ടിൽനിന്ന് നമുക്കറിയാത്ത ഏതോ പ്രകോപനം മൂലം ഭൂമിയിലെത്തിയ ഒരു കല്ലാണ് കുട്ടിച്ചാത്തൻ. ഭൂമിയിലെത്തി കോടി വർഷങ്ങൾ അത് വെറുതെ കിടന്നു. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു മനുഷ്യൻ അസാധാരണമായ ആകൃതിയുള്ള തിളക്കമുള്ള ആ കല്ല് കുനിഞ്ഞെടുക്കുന്നത്. അതു കുടിലിൽ കൊണ്ടുവന്നതോടെ അയാളുടെ ഭാഗധേയങ്ങൾക്ക് മാറ്റമുണ്ടാകുന്നു. അയാൾ ഗോത്രത്തലവനായി മാറുന്നു. ധാരാളം സമ്പത്ത്, ഒപ്പം കിടക്കാൻ ധാരാളം പെണ്ണുങ്ങൾ.

ഈ അമേരിക്കക്കാർ! ഒരുപക്ഷേ അവർ റിസർച്ചിനായി കോടികൾ മുടക്കിയിട്ടുണ്ടാവും. കേരളത്തിൽ വന്ന് ഒറിജിനൽ കുട്ടിച്ചാത്തനെ കൊണ്ടുപോയി ആ കല്ലിന്റെ കോംപൊസിഷൻ മനസ്സിലാക്കിയിട്ടുണ്ടാവും. കല്ലിൽനിന്നു വരുന്ന രശ്മികളെ സ്‌പെക്‌ട്രോഗ്രാഫി ഉപയോഗിച്ച് വിശകലനം ചെയ്ത് പഠിച്ച് അതേ കോംപസിഷനിൽ അവർ ദ്രവ്യമുണ്ടാക്കിയിട്ടുണ്ടാകും.

അയാൾ 'ഏഡ് ടു ദ കാർട്ട്' എന്നിടത്ത് ക്ലിക് ചെയ്തു.

കാര്യങ്ങൾ ഇത്ര എളുപ്പമാണെന്ന് രാമൻ കരുതിയിരുന്നില്ല. പിറ്റേന്ന് രാവിലെ ഓഫീസിൽ പോകാനായി വാതിൽ തുറന്ന രാമനെക്കാത്ത് കൊറിയർകാരൻ നിൽക്കുകയാണ്. വാതിലിന്റെ വശത്തുള്ള ബെല്ലിലേയ്ക്ക് നീണ്ട കൈ പിൻവലിച്ചശേഷം അയാൾ പറഞ്ഞു.

'ഒരു കൊറിയറുണ്ട്.'

അയാൾ പാർസൽ ഒപ്പിട്ടു വാങ്ങി. ഇത്ര പെട്ടെന്ന് സാധനം കൈയ്യിൽ കിട്ടിയോ? നന്ദി പറയാനായി അയാൾ മുഖമുയർത്തി. ആൾ അപ്രത്യക്ഷനായിരിക്കുന്നു. ഇനി കുട്ടിച്ചത്തൻതന്നെയാണോ സാധനം കൊണ്ടുവന്നത്? ഇന്നലെ ഇന്റർനെറ്റിൽ ഓർഡർ കൊടുത്തിട്ടേയുള്ളു. അതും ന്യൂജെഴ്‌സിയിലുള്ള ഒരു കമ്പനിയ്ക്ക്. ഇരുപത്തിനാലു മണിക്കൂർകൊണ്ട് സാധനം തൃപ്പൂണിത്തുറയിലെ വീട്ടിൽ എത്തിച്ചിരിക്കുന്നു. കുട്ടിച്ചാത്തൻ പ്രവർത്തനം തുടങ്ങിയോ?

പാക്കറ്റുമായി തിരിഞ്ഞുനോക്കിയത് അത്രതന്നെ പ്രസന്നമല്ലാത്ത ഒരു മുഖത്തേയ്ക്കാണ്.

'പിന്നീം സാധനങ്ങള് വാങ്ങിക്കൂട്ട്വാണല്ലേ?'

ഇനി കമ്പ്യൂട്ടറിനെന്നല്ല ഒരു കാര്യത്തിനും പണം ചെലവാക്കില്ലെന്ന് കമലത്തിന് വാക്കു കൊടുത്തതായിരുന്നു. ആ കാളരാത്രിയുടെ ഓർമ്മ അവൾക്ക് പെട്ടെന്ന് മാച്ചുകളയാൻ പറ്റില്ല. രാത്രി ഒരു മണിക്കാണ് ബെല്ലടിച്ചത്. രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. രാമൻ ചെന്ന് വാതിൽ തുറന്നപ്പോൾ നാലഞ്ചുപേർ അകത്തേയ്ക്ക് ഇരച്ചുകയറി. കെല്ലന്മാർ. അവർ വന്ന ഉടനെ ഓരോ സാധനങ്ങളായി പെറുക്കിയെടുക്കാൻ തുടങ്ങി. ടി.വി., റേഡിയോ, അടുക്കളയിൽനിന്ന് മിക്‌സി, കുക്കർ, മറ്റു പാത്രങ്ങൾ. കമലം കണ്ണും തിരുമ്മി കിടപ്പറയിൽനിന്ന് പുറത്തുകടന്നപ്പോൾ കാണുന്ന രംഗമിതാണ്. രാമൻ ഒന്നും പറയാതെ ഒരരുകിലായി നോക്കിനിൽക്കുന്നു. സാധനങ്ങൾ അടർത്തിയെടുക്കാനുള്ള അവരുടെ സാമർത്ഥ്യം കുറച്ചുനേരം കണ്ടുരസിക്കാനാണ് ആദ്യം തോന്നിയത്. പെട്ടെന്നാണ് ഇങ്ങിനെ ഒരു ഷോവിനുള്ള ടിക്കറ്റെടുത്തിട്ടില്ലെന്ന് കമലം ഓർത്തത്. അവൾ ഓടി അടുക്കളയിൽ കയറി വെട്ടുകത്തിയെടുത്തു കൊണ്ടുവന്നു.

അവർ ഓടി, വന്ന വാനിൽത്തന്നെ രക്ഷപ്പെട്ടു. അവസാനം ഓടിയ ആൾ കയ്യിലേന്തിയ മിക്‌സി മിറ്റത്തേയ്ക്ക് എറിഞ്ഞതു പെറുക്കിയെടുത്ത് അകത്തു കടന്ന് വാതിലടച്ചപ്പോൾ രാമൻ ചോദിച്ചു.

'നീ എന്തിനാണ് അതു ചെയ്തത്?'

'എന്തേ?'

'ഞാൻ ഒന്നര ലക്ഷം കൊടുക്കാനുള്ള പാർട്ടിയാണത്.'

'അതിന് എന്റെ സാധനങ്ങളാണോ എടുത്തുകൊണ്ടുപോവ്വാ?'

അപ്പോഴുണ്ടായ ധൈര്യമൊക്കെ ശരിതന്നെ. ഇപ്പോൾ ഒറ്റയ്ക്കിരിക്കുമ്പോൾ പേടിതോന്നുന്നു. ബെല്ലടിച്ചാൽ വല്ലാത്ത ടെൻഷൻ.

'നീ ഈ പാക്കറ്റ് അകത്തു വയ്ക്ക്. ഞാൻ വൈകുന്നേരം വന്നിട്ട് എടുക്കാം.'

'ഇതെന്ത് സാധനാണ്?'

'അതൊക്കെ പിന്നെ പറയാം.'

വൈകുന്നേരം രാമൻ ഓഫീസിൽ നിന്നു വന്നപ്പോൾ കണ്ടത് വേവലാതിയോടിരിക്കുന്ന ഭാര്യയെയാണ്.

'ഇതെന്ത് സാധനാ വരുത്തീത്?' അവൾ ചോദിക്കുന്നു. 'നാലു പ്രാവശ്യായി ഞാനത് നേരെ വെയ്ക്കുണു. പിന്നീം അത് തിരിഞ്ഞിട്ട് തന്ന്യാ നില്പ്.'

'നീ എന്തിനെപ്പറ്റിയാണ് പറയണത്?'

'രാവിലെ കൊറിയറ്കാരൻ കൊണ്ടന്നില്ല്യേ, അത്തന്നെ.'

കമലം ഷോകേസിലേയ്ക്ക് ചൂണ്ടിക്കാട്ടി. അതിൽ ഒരു ചെറിയ ശില്പം പുറംതിരിഞ്ഞിരിക്കുന്നു. കടുംചുവപ്പുനിറത്തിൽ രണ്ടിഞ്ച് ഉയരത്തിൽ തിളങ്ങുന്ന ഒരു പ്രതിമ. രാമൻ അതു പുറത്തെടുത്തു. അയാളുടെ ഉള്ളംകയ്യിൽ ആ പ്രതിമ ഒതുങ്ങി നിന്നു.

'ഇതെന്ത് സാധനാ?'

'ഇതോ, ഇത് കുട്ടിച്ചാത്തൻ.'

'ഇതെന്താ ഒപ്പം ഫ്രീ കിട്ടണതാണോ?'

'അല്ല, ഇവനാണ് ഇതിന്റെയൊക്കെ ഉദ്ദേശ്യം.'

കമലത്തിനൊന്നും മനസ്സിലാവുന്നില്ല. ഭർത്താവിന്റെ അനേകം കിറുക്കുകളിൽ ഒന്നാണെന്ന് ഓർത്ത് അവൾ ചായയുണ്ടാക്കാൻ അടുക്കളയിലേയ്ക്കു പോയി.

അയാൾ അതുംകൊണ്ട് പോയത് കമ്പ്യൂട്ടറിന്റെ അടുത്തേയ്ക്കാണ്. കമ്പ്യൂട്ടർ ബൂട്ടുചെയ്തശേഷം അയാൾ പെട്ടി തുറന്നു സി.ഡി.യും ഇൻസ്റ്റ്രക്ഷൻ മാനുവലും പുറത്തെടുത്ത് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങി. കമലം കൊണ്ടുവന്ന ചായ കുടിച്ചുകൊണ്ട് അയാൾ ഇൻസ്റ്റലേഷൻ നിർവ്വഹിച്ചു. സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തപ്പോഴാണ് ഡയലോഗ് ബോക്‌സിൽ ചോദ്യമുയർന്നത്.

ഇൻസ്റ്റാൾ ഡെയ്റ്റി നൗ?

അപ്പോൾ കുട്ടിച്ചാത്തനെ പ്രതിഷ്ഠിക്കാൻ ഇനി വേറെ അദ്ധ്വാനമുണ്ട് എന്നർത്ഥം.

അയാൾ 'യെസ്' എന്നിടത്ത് അമർത്തി കാത്തിരുന്നു. പിന്നെ വരുന്നത് നിർദ്ദേശങ്ങളാണ്. പ്രതിമ എവിടെ വയ്ക്കണം, ഏതു ദിശയിലേയ്ക്കു തിരിച്ചുവയ്ക്കണം, അങ്ങിനെ പോകുന്നു. ഓരോന്നും ചെയ്തുകഴിഞ്ഞാൽ ചെയ്തുവെന്ന കോളത്തിൽ ക്ലിക് ചെയ്യണം, എങ്കിലേ അടുത്ത പടി എന്താണെന്നതിനുള്ള നിർദ്ദേശം മോണിറ്ററിൽ വരൂ.

വിഗ്രഹം വീട്ടിന്റെ വടക്കുകിഴക്കേ മൂലയിൽ ഒരു പീഠത്തിന്മേൽ സ്ഥാപിച്ചു. കിഴക്കുപടിഞ്ഞാറ് ഒരു നേർരേഖ വരച്ച് അതിന്റെ പടിഞ്ഞാറെ അറ്റത്തുനിന്ന് കൃത്യം 15 ഡിഗ്രി തെക്കോട്ട് തിരിച്ചാണ് വെക്കേണ്ടത്. ആവൂ. എല്ലാം കഴിഞ്ഞപ്പോൾ ഒരു ബീപ് ശബ്ദം. നിങ്ങൾ ക്യുട്ടിച്ചാത്തനെ ശരിയായിട്ട് പ്രതിഷ്ഠിച്ചിരിക്കുന്നു. കൺഗ്രാജുലേഷൻസ്.

പിന്നീട് വന്നത് നിത്യവും എന്തൊക്കെ പൂജകൾ ചെയ്യണമെന്ന നിർദ്ദേശങ്ങളാണ്. വലിയ വിഷമമില്ലാത്ത പൂജകളാണ്. ഒരു എണ്ണവിളക്ക് രണ്ടുനേരം കൊളുത്തി വയ്ക്കണം, എന്നും പൂക്കൾ സമർപ്പിക്കണം. ഏതു പൂക്കളായാലും കൊള്ളാം. ഇതെല്ലാം ഒരു പൂജ എന്നതിനുപരി നമ്മൾ കുട്ടിച്ചാത്തനെ ശ്രദ്ധിക്കുന്നുണ്ട് എന്നു കാണിക്കാനാണ്. ഒരിക്കലും കുട്ടിച്ചാത്തനെ ശ്രദ്ധിക്കാതിരിക്കയോ അവഗണിക്കുകയോ അരുത്.

രാമൻ കുളിച്ചുവന്ന് ഒരു ചെറിയ നിലവിളക്കെടുത്ത് എണ്ണയൊഴിച്ച് കത്തിച്ച് കുട്ടിച്ചാത്തന്റെ മുമ്പിൽ വച്ചു. പെട്ടെന്ന് പ്രതിമയിൽ ഒരു ഒളിമിന്നലുണ്ടായോ? രാമന് ഉറപ്പിക്കാൻ കഴിഞ്ഞില്ല.

രാത്രി അയാൾ നന്നായി ഉറങ്ങി. നാലു കാശുണ്ടാക്കാൻ പറ്റുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ സോഫ്റ്റ്‌വെയർ വാങ്ങി ഇൻസ്റ്റാൾ ചെയ്ത ഏതൊരു കമ്പ്യൂട്ടർ വങ്കനെയും പോലെ രാമനും ഉറങ്ങി.

രാവിലെ കമലത്തിന്റെ ബഹളം കേട്ടാണ് അയാൾ ഉണർന്നത്. എന്നും അങ്ങിനെയായതുകൊണ്ട് അയാൾക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. പക്ഷേ ഇന്നവൾ വന്നത് ഒരു പ്രഷർകുക്കറുംകൊണ്ടാണ്. പാക്കറ്റിൽനിന്ന് പുറത്തെടുക്കാത്ത കുക്കർ. കല്യാണത്തിന് കിട്ടിയ ഉപഹാരങ്ങളിൽ മൂന്ന് കുക്കറുമുണ്ടായിരുന്നു. മൂന്നാമത്തേത് ഉപയോഗിക്കാതെ അടുക്കളയുടെ മുകളിൽ വാർത്ത ലോഫ്റ്റിന്മേൽ വച്ചിരിക്കയായിരുന്നു. അതെങ്ങിനെ അവൾക്കെടുക്കാൻ കഴിഞ്ഞു? തനിക്കുതന്നെ ഒരു സ്റ്റൂളിന്മേൽ കയറി അഭ്യാസം ചെയ്യണം.

'ഇതെവിടെനിന്നു കിട്ടി എന്നറിയ്വോ?'

'തോറ്റു, പറഞ്ഞോളു.'

'വാതിലിനു പുറത്ത് കിടക്കുന്നു. ഇതെങ്ങിനെ അവിടെ എത്തീ? ഞാൻ പാലെടുക്കാൻ വാതിൽ തുറന്നതാ. അപ്പോ ദാ അവിടെ കെടക്കുണു. ആരോ കൊണ്ടന്നു വച്ചപോലെ.'

രാമന് അധികം ആലോചിക്കേണ്ടി വന്നില്ല. ആ ഭീകരരാത്രിയിൽ അതിക്രമിച്ചു കടന്ന വരിൽ ഒരുത്തന്റെ കയ്യിൽ ഒരു പാക്കറ്റു കണ്ടിരുന്നു. കമലത്തിന്റെ വെട്ടുകത്തി കണ്ട് തിരിഞ്ഞോടുമ്പോൾ അവൻ മാത്രം കയ്യിലുള്ളത് വലിച്ചെറിഞ്ഞില്ല. തിരിച്ച് അടുക്കളയിൽ വന്ന് എല്ലാം കണക്കുനോക്കിയപ്പോൾ കുക്കറിന്റെ കാര്യം ഓർമ്മ വന്നില്ല. ഇതുവരെ ഉപയോഗിക്കാത്തതുകൊണ്ടായിരിക്കണം. പ്രശ്‌നമുണ്ടാക്കണ്ടാ എന്നു കരുതി ആ കാര്യം കമലത്തിനെ അറിയിച്ചതുമില്ല. എന്തായാലും കൊണ്ടുപോയ ആൾ അത് അതേ മട്ടിൽ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. അയാൾ കുട്ടിച്ചാത്തന്റെ പ്രതിമ വച്ചിടത്തുപോയി നോക്കി. ഇന്നലെ കണ്ട അതെ ഇരിപ്പ്. മുഖത്ത് അതേ അക്ഷോഭ്യഭാവം. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലുള്ള ആ ഇരിപ്പിൽ പക്ഷേ എന്തൊക്കെയോ ഉണ്ടെന്ന് രാമനു തോന്നി.

അയാൾ വേഗം കുളിച്ചുവന്നു. നിലവിളക്ക് തുടച്ച് എണ്ണയൊഴിച്ച് തിരിയിട്ടു കൊളുത്തി. വൈകുന്നേരം വരുമ്പോൾ കുറച്ച് പൂ കൊണ്ടുവരണം. മോൻ അച്ഛന്റെ അസാധാരണ പെരുമാറ്റങ്ങൾ കണ്ട് മനസ്സിലാവാതെ പകച്ചുനിൽക്കുകയാണ്. ഇങ്ങിനെയൊന്നും പതിവില്ല. അയാൾ പ്രാതൽ കഴിക്കാനിരുന്നു. ബോസ്സ് ഇന്ന് സിങ്കപ്പൂർക്ക് പോകുന്നു. ധാരാളം പണിയുണ്ട് ഓഫീസിൽ. വേഗം പോണം.

ബെല്ലടിച്ചു. അയാൾ കമലത്തിനെ നോക്കി. ബെല്ലടിച്ചാൽ താൻതന്നെ വാതിൽ തുറക്കാമെന്ന് കമലത്തോട് പറഞ്ഞിരുന്നു. ആരാണ് വരുന്നതെന്ന് അറിയില്ലല്ലോ. കമലം വാതിൽ തുറന്നു. പൂക്കാരി പെൺകുട്ടി.

'അമ്മാ പൂ വേണമാ?'

ഒന്നര കൊല്ലമായി അവർ ആ വീട്ടിൽ താമസിക്കുന്നു. ഇതുവരെ ഒരു പൂക്കാരി വാതിൽക്കൽ മുട്ടി പൂ വേണമോ എന്ന് ചോദിച്ചിട്ടില്ല. ആള് കൊള്ളാമല്ലോ എന്ന മട്ടിൽ രാമൻ കുട്ടിച്ചാത്തനെ നോക്കി.

എയർകണ്ടീഷൻഡ് മുറിയിൽ ബോസ്സിന്റെ മുമ്പിലിരിക്കുമ്പോൾ രാമൻ വീണ്ടും കുട്ടിച്ചാത്തനെ ഓർത്തു.

'ഈ ബാഗിൽ അമ്പതിനായിരമുണ്ട്.' ബോസ്സ് പറഞ്ഞു. 'എട്ടാം തീയ്യതിയാണ് ടെണ്ടർ. ഈ പണം ട്രഷറീല് കെട്ടണം. എട്ടാന്തി ടെണ്ടറ് തൊറക്കുമ്പോ അവിടെണ്ടാവണം. മറക്കര്ത്. ഇരുപത് ലക്ഷത്തിന്റെ ഓർഡറാണ്. നമ്മടെ അനാസ്ഥകൊണ്ട് അത് നഷ്ടപ്പെടരുത്. എല്ലാം പറഞ്ഞ് വച്ച കേസാണ്. മനസ്സിലായോ?'

രാമൻ തലയാട്ടി. ഇങ്ങിനെ പണം കൊണ്ടുവന്നു തന്നിട്ട് എന്തു കാര്യം? അയാൾ കുട്ടിച്ചാത്തനോട് ചോദിച്ചു. ഒരു മാസമെങ്കിലും ഇട്ട് കളിക്കാൻ പറ്റാത്ത പണം? മറ്റന്നാളാണ് കമലത്തിന്റെ നെക്‌ലെസ് പണയം വച്ചത് എടുക്കേണ്ട അവസാന തിയ്യതി. അന്ന് പതിനായിരമെങ്കിലും അടച്ചില്ലെങ്കിൽ സാധനം ലേലം പോകും. ഈ പണമെടുത്തു തിരിച്ചാൽ എട്ടാന്തിക്കുള്ളിൽ അതു തിരിച്ചുവയ്ക്കാൻ പറ്റില്ല തീർച്ച. അപ്പോൾ? കുട്ടിച്ചാത്തന് തന്റെ ശരിക്കുള്ള സ്ഥിതി മനസ്സിലായിട്ടില്ലെന്നു തോന്നുന്നു.

ബോസ്സ് ഉച്ചയ്ക്ക് പോയി. നാലു മണിക്ക് ജോസഫിന്റെ ഫോൺ വന്നു.

'വൈകീട്ട് വീട്ടിലുണ്ടാവ്വ്വോ?'

'എവിടെ പോവാനാ ഞാൻ?'

'ദേഷ്യം പിടിക്കല്ലെ സ്‌നേഹിതാ.'

'ഇല്ല, വളരെ സന്തോഷത്തിലാണ്. താൻ കാരണല്ലേ എനിക്ക് ഒന്നേകാൽ ലക്ഷത്തിന്റെ കടം വന്നത്. അപ്പോ സന്തോഷിക്ക്യല്ലെ വേണ്ടത്?'

'ഞാൻ വൈകുന്നരം വരുമ്പോൾ നേരിട്ട് പറയാം.'

എന്തു പറയാനാണ്. അയാൾ എന്തെങ്കിലും ഒഴിവുകഴിവു പറയും. അതു കേൾക്കുമ്പോൾ അയാളുടെ മുഖത്തിട്ട് ഒന്ന് കൊടുക്കാനാണ് തോന്നുക.

ഓഫീസ് വിടുന്നതിനുമുമ്പ് അമ്പതിനായിരത്തിന്റെ ബാഗ് അലമാറിയിൽ വച്ചു പൂട്ടി. അതുംകൊണ്ട് വീട്ടിൽ പോകണ്ട. തന്നെ സഹായിക്കാൻ ഒരുങ്ങിനിൽക്കുന്ന കുട്ടിച്ചാത്തന് ഇനി തെറ്റിദ്ധാരണയൊന്നുമുണ്ടാവണ്ട.

വീട്ടിന്റെ പടിക്കലെത്തിയപ്പോഴാണ് ഓർത്തത്. പൂ വാങ്ങിച്ചിട്ടില്ല. ഇനി ചായ കുടിച്ചിട്ട് പുറത്തിറങ്ങാം. വീട്ടിലെത്തിയപ്പോൾ കാണുന്നത് കുളിച്ചു കുറിയിട്ട ഭാര്യയെയാണ്. അങ്ങിനെ പതിവില്ല. കുട്ടിച്ചാത്തന്റെ മുമ്പിൽ നിലവിളക്ക് കത്തുന്നു. പുതിയ പൂക്കളും.

'ആ തമിഴത്തി വൈകുന്നേരും വന്നിരുന്നു. ഞാനവളോട് എന്നും രണ്ടുനേരം വരണംന്ന് പറഞ്ഞിട്ട്ണ്ട്.'

'അതു നന്നായി.'

കുട്ടിച്ചാത്തൻ സന്തുഷ്ടനായി അദ്ദേഹത്തിന്റെ പീഠത്തിൽ ഇരിക്കുന്നു. അടുത്തു ചെന്നപ്പോൾ പ്രതിമയുടെ കണ്ണ് തന്നെ നോക്കി ഒന്ന് ഇറുക്കിയോ. തോന്നലായിരിക്കണം.

'വേഗം ചായ തരൂ. ആ ജോസഫ് വരാംന്ന് പറഞ്ഞിട്ട്ണ്ട്. ഇനി അയാള് വന്നാൽ ചായ എടുക്കട്ടെ, കാപ്പി എടുക്കട്ടെ എന്നൊന്നും ചോദിക്കാൻ നില്ക്കണ്ട. ഒരു സാധനം കൊടുത്തുപോകരുത്.'

കമലത്തിനറിയാം ഇനി ജോസഫ് വന്ന് നാലു നല്ല വാക്കുകൾ പറഞ്ഞ്, ഒപ്പംതന്നെ വീട്ടിലെ കഷ്ടപ്പാടും എണ്ണിപ്പെറുക്കാൻ തുടങ്ങിയാൽ രാമൻതന്നെ വിളിച്ചു പറയും. കമലം ഒരു കപ്പ് ചായണ്ടാക്ക്. എനിക്കും ആവാം ഒരര കപ്പ്.

ആറു മണിക്ക് ജോസഫ് ബെല്ലടിച്ചു. പറഞ്ഞപോലെത്തന്നെ ജോസഫിന്റെ മുഖം കണ്ടപ്പോൾ, അത് അഭിനയമാണെന്നറിഞ്ഞിട്ടു കൂടി പറയാൻ കരുതിയ വാക്കുകൾ പുറത്തെടുക്കാൻ രാമനു പറ്റിയില്ല. രാമനെക്കൊണ്ട് ഒന്നും പറയിപ്പിക്കാതിരിക്കാൻ അയാളും ശ്രമിക്കുന്നുണ്ടായിരുന്നു. പ്രാരംഭമായി അയാൾ ഒരു കടലാസ്സുപൊതി പോക്കറ്റിൽനിന്ന് പുറത്തെടുത്ത് തൊട്ടടുത്തായി വച്ചു. രാമൻ കുറച്ചൊരു ആർത്തിയോടെ, തന്റെ സ്വഭാവത്തിന്റ ദുഷിച്ച ഭാഗമായ ശുഭാപ്തിവ്ശ്വാസത്തോടെ അതു നോക്കി. അതു പണമാണെങ്കിൽ വേഗം എടുത്തു തന്നുകൂടെ?

'കമലം.' അയാൾ വിളിച്ചു പറഞ്ഞു. 'ജോസഫിന് ഒരു ചായയെടുക്കു. എനിക്കും ഒരര.......'

ജോസഫ് പൊതിയെടുത്ത് എഴുന്നേറ്റ് രാമന്റെ കയ്യിൽ കൊടുത്തു.

'ഇത് പത്തുണ്ട്. ഞാൻ പതിനഞ്ചു തരാംന്ന് കരുതീതാ, അപ്പഴയ്ക്ക് ഭാര്യയ്ക്ക് സുഖല്ല്യാതായി. ആസ്പത്രീല് കൊണ്ടോവണ്ടി വന്നു. അങ്ങിനെ അഞ്ചു പൊട്ടി.'

എന്തസുഖം എന്ന് രാമൻ അന്വേഷിച്ചില്ല. നുണയാവാനാണ് സാദ്ധ്യത. മുമ്പൊരിക്കൽ അപ്പൻ മരിച്ചുവെന്ന് പറഞ്ഞ് പണം വാങ്ങിയ പുള്ളിയാണ്. ആറുമാസം കഴിഞ്ഞപ്പോൾ അപ്പൻ ആസ്പത്രിയിലാണെന്നു പറഞ്ഞ് വീണ്ടും കടം ചോദിച്ചു. അപ്പൻ മരിച്ചുവെന്ന് പറഞ്ഞ് പണം വാങ്ങിയത് അയാൾക്ക് ഓർമ്മയില്ല.

രാമൻ കുട്ടിച്ചാത്തനെ നോക്കി. കമലത്തിന്റെ ആഭരണങ്ങൾ നഷ്ടപ്പെടാതിരിക്കാൻ മറ്റന്നാൾ ബാങ്കിൽ കൊടുക്കേണ്ട സംഖ്യയായി, ശരി. പക്ഷേ എന്തിനാണ് ഇങ്ങിനെ കുറേശ്ശെയായി തരുന്നത്. അയാൾ കുട്ടിച്ചാത്തന്റെ മുമ്പിൽ ഒരു ചന്ദനത്തിരികൂടി കത്തിച്ചുവച്ചു.

കുട്ടിച്ചാത്തൻ പ്രവർത്തനം തുടങ്ങിയിരിക്കുന്നു. ഒരു ദിവസം ഓഫീസിൽനിന്നു വന്നപ്പോൾ കണ്ടത് വളരെ സന്തോഷത്തോടെ തന്നെയും കാത്ത് ഉമ്മറത്തുതന്നെ നിൽക്കുന്ന കമലത്തെയാണ്.

'നമ്മടെ പഴേ ജോലിക്കാരി ഇല്ലേ തങ്കം? അവള് കടം വാങ്ങ്യ രണ്ടായിരം ഉറുപ്പിക ഇല്ലേ.....'

'അത് തിരിച്ചുതന്നു അല്ലെ?'

കമലം അദ്ഭുതത്തോടെ രാമനെ നോക്കി.

'എങ്ങിനെ മനസ്സിലായി?'

'ഇന്ത്യൻ വിസ്ഡം, അമേരിക്കൻ ടെക്‌നോളജി. ഒരു ഡെഡ്‌ലി കോമ്പിനേഷനാണത്.'

കമലത്തിന് മനസ്സിലായില്ല. എല്ലാം മനസ്സിലാവണമെന്ന് അവൾക്കും നിർബ്ബന്ധമില്ല.

'അവൾക്ക് കുറി കിട്ടീത്രെ. താഴ്ത്തി വിളിക്കണ്ട ആവശ്യം വന്നില്ല. അപ്പൊ നഷ്‌ടൊന്നും പറ്റീല്ല്യാത്രെ.'

കുട്ടിച്ചാത്തൻ വ്യാപകമായി ഇടപെടുന്നുണ്ട്.

ബോസ്സ് സിങ്കപ്പൂരിൽ നിന്ന് തിരിച്ചു വന്നത് പുതിയ കോൺട്രാക്ടുമായാണ്. വളരെ സന്തോഷം. പോയതിലും ഇരട്ടി ഉത്സാഹം. കൂടുതൽ ജോലിയുണ്ടാകും. ഒപ്പം തന്നെ കൂടുതൽ ശമ്പളവും. ആയിരത്തി അഞ്ഞൂറു രൂപ മോശമല്ലാത്ത ശമ്പളവർദ്ധനവാണ്. ശമ്പളത്തിന്റെ മുക്കാൽ ഭാഗവും കടം വീടാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനു പറ്റുന്നുണ്ടല്ലോ എന്ന സമാധാനം.

അതിനിടയ്ക്ക് തനിക്ക് ഇപ്പോൾ കിട്ടുന്ന സ്വയംനിയന്ത്രണം തുടർന്നുമുണ്ടായാൽ മതിയായിരുന്നു. പണത്തിന്റെ കാര്യത്തിൽ രാമന് അയാളെത്തന്നെ വിശ്വാസമില്ല. ബോസ്സാകട്ടെ ഇടയ്ക്കിടയ്ക്ക് യാത്ര പോകുന്നു. അപ്പോഴെല്ലാം രാമന്റെ കയ്യിൽ പണമേല്പിക്കുന്നു. ഇപ്പോൾ വീണ്ടും അമ്പതിനായിരം രൂപ ഏല്പിച്ചിട്ടാണ് ഹോങ്ക്‌കോങ്ങിൽ പോയിരിക്കുന്നത്. ഏണസ്റ്റ്മണി ഡെപ്പോസ്റ്റു കൊടുക്കാനാണ്.

ബാലന്റെ ഫോൺ വന്നപ്പോൾ ആദ്യം തോന്നിയത് ഡിസ്‌കണക്ട് ചെയ്യാനാണ്. തന്നെ ഏറ്റവുമധികം ഉപദ്രവിച്ചത് അയാളാണ്. ഒരു ലക്ഷം രൂപ തരാനുണ്ട്. അതു കിട്ടില്ലെന്ന് രാമനറിയാം. കാരണം അയാളുടെ കയ്യിൽ അത്രയും പണമില്ല. ഫോൺ തിരിച്ചു വയ്ക്കാനായി ഒരുമ്പെട്ടപ്പോഴാണ് പെട്ടെന്ന് കുട്ടിച്ചാത്തന്റെ കാര്യം ഓർമ്മ വന്നത്. ഇനി ഈ ഫോൺവിളി കുട്ടിച്ചാത്തന്റെ വല്ല കളിയുമാണോ. അയാൾ ചോദിച്ചു.

'എന്താ കാര്യം?'

'സാറ് ദേഷ്യപ്പെടല്ലെ. വൈകീട്ട് വീട്ടില്ണ്ടാവോന്ന് ചോദിക്കാനാ വിളിച്ചത്.'

'ഉണ്ടാവും. പണം വല്ലതും ശരിയായിട്ടുണ്ടോ?'

'കുറച്ച് തരാം. സാവധാനത്തിൽ എല്ലാം തന്ന് തീർക്കാം.........'

രാമന് ശരിക്കും അദ്ഭുതമായി. വളരെ വൃത്തികെട്ട ഭാഷയിൽ മാത്രം സംസാരിച്ച് തെറികൊണ്ട് അഭിഷേകം ചെയ്തിരുന്ന പാർട്ടിയാണ് ഇപ്പോൾ ഇത്രയും താഴ്മയോടുകൂടി സംസാരിക്കുന്നത്. കുട്ടിച്ചാത്തൻ! ബോസ്സിന്റെ പണമേല്പിച്ചുള്ള യാത്രയും തനിക്ക് പണം തരാനുള്ളവരുടെ വിളിയുമായി വല്ല ബന്ധവുമുണ്ടോ?

വൈകുന്നേരം രാമൻ നേരത്തെ ഓഫീസിൽനിന്ന് ഇറങ്ങി. ബാലൻ വീട്ടിൽ പണവുമായി വന്ന് തന്നെ കാണാതെ തിരിച്ചു പോകേണ്ട.

കുട്ടിച്ചാത്തന് നർമ്മബോധമില്ലെന്ന് മനസ്സിലായി. അല്ലെങ്കിൽ പണവുംകൊണ്ട് വരുന്ന ഒരാൾക്ക് ഈ ഗതിയുണ്ടാക്കേണ്ട വല്ല കാര്യവുമുണ്ടോ? ബാലന്റെ സ്‌കൂട്ടർ തെറിച്ച് റോഡിന്റെ മറുഭാഗത്തെത്തിയിരിക്കുന്നു. ബാലന്റെ കിടപ്പിൽ അസാധാരണമായൊന്നും കാണുന്നില്ല. കിടക്ക കിട്ടാത്തതുകൊണ്ട് നിലത്തു കിടക്കുന്നു എന്ന ഭാവം. പുറത്ത് റോഡിൽ ഒരു ഭയങ്കര ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ്. സ്‌കൂട്ടറിനെ തട്ടിത്തെറിപ്പിച്ച കാറാണെന്നു തോന്നുന്നു ഒരു തിരിവിൽ അപ്രത്യക്ഷമാവുന്നു.

ബാലൻ കൈ ഉയർത്തി വിളിച്ച്, പോക്കറ്റിൽനിന്ന് ഒരു കവറെടുത്ത് രാമനുനേരെ നീട്ടി.

'എന്നെ ഏതെങ്കിലും ആസ്പത്രിയിൽ കൊണ്ടുപോണം.'

കവർ വാങ്ങി പോക്കറ്റിലിട്ട് അയാൾ ചുറ്റും നോക്കി. ആൾക്കാർ കൂടുന്നു.

അഭിപ്രായപ്രകടനങ്ങൾക്കിടയിൽ രാമന് ഇത്രയും മനസ്സിലായി. ബാലൻ തന്റെ ഗെയ്റ്റിന്റെ മുമ്പിൽ വണ്ടി നിർത്തിയപ്പോഴാണ് കാർ വന്ന് മുട്ടിയത്. കാറിന്റെ നമ്പർ ഒരാൾ കുറിച്ചെടുത്തത് രാമന്റെ കയ്യിൽ കൊടുത്തു. ബാലന്റെ ബോധം മറഞ്ഞിരിക്കുന്നു.

കരഞ്ഞുചീർത്ത കണ്ണുകളുമായി ബാലന്റെ ഭാര്യ ഐ.സി.യുവിന്റെ മുമ്പിൽ നിന്നു. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന് രാമനറിയാം. സ്‌കാൻ റിപ്പോർട്ട് വളരെ മോശമാണ്. വല്ല അദ്ഭുതവും സംഭവിച്ചാലെ അയാൾക്ക് രക്ഷ കിട്ടൂ. പോക്കറ്റിൽനിന്ന് ബാലൻ തന്ന കവറെടുത്ത് ആ സ്ത്രീയുടെ കയ്യിൽ വച്ചുകൊടുത്ത് രാമൻ പുറത്തേയ്ക്കിറങ്ങി. അവരുടെ അനുജൻ വരുന്നുണ്ടെന്നാണ് പറഞ്ഞത്. അപ്പോൾ തന്നെക്കൊണ്ട് അവർക്ക് ആവശ്യമുണ്ടാവില്ല. ബാലനെ തട്ടിത്തെറിപ്പിച്ച കാറിന്റെ നമ്പർ കുറിച്ച കടലാസു കൊടുത്തപ്പോൾ അവർ ഒന്നും മനസ്സിലാവാത്തപോലെ കുറച്ചുനേരം അതിൽ നോക്കിനിന്നു.

വീട്ടിലെത്തിയപ്പോൾ അയാൾ ആദ്യം ചെയ്തത് കുട്ടിച്ചാത്തനെ കാണുകയായിരുന്നു. എന്താണയാളുടെ ഉദ്ദേശ്യമെന്നറിയണമല്ലോ. തന്റെ ഉദ്ദേശ്യങ്ങളൊന്നും വെളിപ്പെടുത്താതെ കുട്ടിച്ചാത്തൻ പീഠത്തിന്മേൽ കയറിയിരിക്കുന്നു.

മോൻ ഉറങ്ങിയിരിക്കുന്നു. കമലവും പാതി ഉറക്കത്തിലായിരുന്നു.

'എന്തേണ്ടായത്?'

സമയം പതിനൊന്ന്. അയാൾ ഒന്നും പറയാതെ ഷർട്ടും പാന്റ്‌സും ഊരിയെറിഞ്ഞ് മുണ്ടുടുക്കാനുംകൂടി മെനക്കെടാതെ കമ്പ്യൂട്ടറിനു മുമ്പിൽ പോയിരുന്നു. അയാൾക്ക് എന്തിന്റേയോ ഒക്കെ അർത്ഥം കണ്ടുപിടിക്കാനുണ്ട്.

'ഊണു കഴിക്കണ്ടേ?'

'ഞാൻ കഴിച്ചോളാം. കമലം പോയി കിടന്നോളൂ. കുറച്ച് അത്യാവശ്യകാര്യങ്ങള്ണ്ട്.'

രാമൻ കമ്പ്യൂട്ടറിന്റെ അറിയപ്പെടാത്ത ഊടുവഴികളിലേയ്ക്ക് സാവധാനത്തിൽ നടന്നുപോയി. ബാലന്റെ കാര്യത്തിൽ കുട്ടിച്ചാത്തന് എന്തെങ്കിലും കൈയ്യുണ്ടോ എന്നറിയണം. അയാൾ പരതുകയായിരുന്നു. സിസ്റ്റം ഫോൾഡറും പിടിച്ച് രാത്രിയുടെ ഭീഷണമായ ഏകാന്തതയിൽ രാമൻ സഞ്ചരിക്കുകയാണ്. ഡിജിറ്റൽ ലോകത്തെ ഒന്നുകളുടെയും പൂജ്യങ്ങളുടെയും ഇടയിൽ അയാൾ ഒരു പ്രതിഷ്ഠാ രഹസ്യവുമന്വേഷിച്ച് അലയുകയാണ്.

പെട്ടെന്ന് സ്പീക്കറിൽ വല്ലാത്തൊരു ശബ്ദമുണ്ടാക്കിക്കൊണ്ട് മോണിറ്ററിൽ ഒരു ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെട്ടു.

'നിങ്ങളുടെ ക്യൂട്ടിച്ചാത്തൻ സോഫ്റ്റ്‌വെയറിന്റെ കാലാവധി ഇന്ത്യൻ സ്റ്റാന്റേഡ് സമയം പതിനെട്ടു മണിക്ക് അവസാനിച്ചിരിക്കുന്നു. പുതുക്കാൻ ചാർജ്ജ് ആയിരം ഡോളേഴ്‌സ്. പുതുക്കട്ടെ?'

ഇനി സോഫ്റ്റ്‌വെയറിന്റെ കാലാവധി തീരലും ബാലന്റെ അപകടവും തമ്മിൽ വല്ല ബന്ധമുണ്ടോ? ഏകദേശം ഒരേ സമയത്താണ് രണ്ടും സംഭവിച്ചിരിക്കുന്നത്. ഒന്നും പറയാൻ പറ്റുന്നില്ല. കമ്പ്യൂട്ടറിലെ കുട്ടിച്ചാത്തന്റെ ലോഗ് ഓർമ്മ വന്നപ്പോൾ അതു പരിശോധിക്കാൻ രാമൻ തീർച്ചയാക്കി. ലോഗ്ബുക്കിൽ ഒരു സോഫ്റ്റ്‌വെയറിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിലോ, അല്ലെങ്കിൽ ഒരാഴ്ചക്കുള്ളിലോ സംഭവിച്ച കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതു വിശകലനം ചെയ്താൽ എന്തെങ്കിലും പ്രശ്‌നമുണ്ടങ്കിൽ കണ്ടുപിടിക്കാനാകും. ലോഗ്ബുക്ക് വളരെ നിഗൂഢമായിരുന്നു. ഓരോ തിയ്യതിയ്ക്കും നേരെ വ്യത്യസ്ത സമയങ്ങൾ കൊടുത്തിട്ടുണ്ട്. അവയ്‌ക്കെതിരെ ജോലി ഏറ്റെടുത്തു എന്നെഴുതിയിട്ടുണ്ട്. അടുത്ത സമയത്തിനെതിരെ ജോലി വിജയകരമായി തീർത്തു എന്നും എഴുതിയിട്ടുണ്ട്. എന്താണ് ജോലിയെന്ന് പറയുന്നില്ല. രണ്ടു വരികൾക്കിടയിൽ നിഗൂഢമായ ഭാഷയിൽ എന്തോ എഴുതിവച്ചിട്ടുണ്ട്. ആ വരികളിലായിരിക്കണം കുട്ടിച്ചാത്തന്റെ ഇടപെടലുകളുടെ വിശദാംശങ്ങൾ. ലോഗിൽ ഏറ്റവും അവസാനത്തെ രേഖകൾ വളരെ അദ്ഭുതകരമായി രാമനു തോന്നി. അന്നു രാവിലെ പതിനൊന്ന് ഏഴിനാണ് എൻട്രി തുടങ്ങുന്നത്. സ്റ്റാർട്ടഡ് ഡിഫിക്കൾട്ട് മിഷ്യൻ ..... ബാലൻ ഫോൺ ചെയ്തത് ഏകദേശം പതിനൊന്നരയ്ക്കായിരുന്നു. ലോഗിൽ അടുത്ത എൻട്രി പതിനെട്ട് ഇരുപതിന്. അതായത് ആറ് ഇരുപതിന്. വെറും ഒരു വരി മാത്രം. ജോബ് ഇൻകംപ്ലീറ്റ്...... ജോലി അപൂർണ്ണം!

രാമന് കാര്യങ്ങൾ ഒരു വിധം പിടികിട്ടിയിരുന്നു. ഇനി ഒരേയൊരു കാര്യമേ ചെയ്യാനുളളൂ. സോഫ്റ്റ്‌വെയർ അമ്പതിനായിരം രൂപ കൊടുത്തു പുതുക്കുക. താൻ അയ്യായിരം രൂപകൊടുത്ത് വാങ്ങിയത് ഒരു മാസത്തേയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ! അയ്യായിരം രൂപകൊണ്ട് പതിനായിരം രൂപയുണ്ടാക്കിത്തന്ന കുട്ടിച്ചാത്തന് അമ്പതിനായിരം രൂപയുണ്ടാക്കാൻ അത്രയധികം സമയമൊന്നും വേണ്ടിവരില്ല. കുട്ടിച്ചാത്തന്റെ പാറ്റന്റ് എടുത്ത അമേരിക്കൻ കമ്പനി കൊള്ളാം. നമ്മളുണ്ടാക്കുന്ന ഓരോ രൂപയുടെയും പകുതി അവർക്കു കൊടുക്കണം. രാമന് പെട്ടെന്ന് ഓർമ്മ വന്നത് ബോസ്സ് ഏല്പിച്ച അമ്പതിനായിരം രൂപയാണ്. എന്തുകൊണ്ട് അത് തല്ക്കാലം എടുത്തു മറിച്ചുകൂടാ? ഈ സോഫ്റ്റ്‌വെയർ കൂടുതൽ ശക്തിയുള്ളതാണെന്നു പറയുന്നു. അങ്ങിനെയാണെങ്കിൽ ഇത്രയും പണം തനിക്കുണ്ടാക്കിത്തരാൻ കുട്ടിച്ചാത്തന് ഒന്നോ രണ്ടോ ദിവസമേ വേണ്ടിവരൂ. കമ്പ്യൂട്ടറിൽ സമയം ഒരു മണിയാവുന്നു.

പുതുക്കാമെന്നുള്ള കള്ളിയിൽ മൗസുകൊണ്ട് അമർത്തുമ്പോൾ എന്തുകൊണ്ടോ രാമന് ഓർമ്മ വന്നത് പണം തിരിമറി ചെയ്തു അപകടകരമായ കളി കളിച്ചിരുന്ന കാലങ്ങളാണ്. ആ കാലങ്ങൾ വീണ്ടും വരികയാണോ? 'ഹാപ്പി ഡേയ്‌സാർ ഹിയർ എഗെയ്ൻ' എന്ന പാട്ടും പാടി അയാൾ ഇന്റർനെറ്റ് ഓഫാക്കി എഴുന്നേറ്റു കുട്ടിച്ചാത്തനെ കാണാൻ പോയി. കുട്ടിച്ചാത്തന്റെ ഇരിപ്പിൽ യാതൊരപാകതയും കാണാനായില്ല. ബാലന്റെ കാര്യത്തിൽ കുട്ടിച്ചാത്തന് കൈയ്യില്ലെന്നു വരുമോ? അയാൾ നിലവിളക്കിൽ പുതിയ തിരിയിട്ടു കത്തിച്ചു. ഒരു ചന്ദനത്തിരിയും കത്തിച്ചുവച്ചു.

കമ്പ്യൂട്ടറിന്റെ മുമ്പിൽ വന്നിരുന്ന് രാമൻ ആലോചിച്ചു. നാലാമത്തെ കമ്പനിയിലെ ജോലിയും തെറിക്കേണ്ട സമയമായെന്നു തോന്നുന്നു. മൂന്നു ദിവസത്തിനുള്ളിൽ പണം തിരിച്ചുവയ്ക്കാൻ പറ്റിയില്ലെങ്കിൽ ജോലി തെറിച്ചതുതന്നെ. ഫോൺ ബെല്ലടിച്ചു. രാമൻ റിസീവർ എടുത്തുപൊക്കി.

'സർ, ഇതു ഞാനാണ്, ചന്ദ്രൻ. ബാലന്റെ അളിയൻ. ചേച്ചി പറഞ്ഞതോണ്ടാ ഇപ്പൊത്തന്നെ വിളിച്ചത്. ഒറങ്ങ്വായിരുന്നൂന്ന് അറിയാം. ക്ഷമിക്കണം.'

'സാരല്ല്യ.....'

'ഇവിടെ എല്ലാം കഴിഞ്ഞൂ സർ. ഞങ്ങള് ഇപ്പൊത്തന്നെ കൊണ്ടു പോവാണ്. സാറിന് പറ്റുമെങ്കിൽ നാളെ ഒന്ന് വീടുവരെ വരൂ. സാറ് ചേച്ചിക്കു കൊടുത്ത മുപ്പതിനായിരം തിരിച്ചു തരാനാണ്. അത് അളിയൻ സാറിന്റെ കടം വീട്ടാൻ കൊണ്ടു വന്നതാണ്. അപ്പഴല്ലെ ഇങ്ങിന്യൊക്കെ സംഭവിച്ചത്. ബാക്കി പണവൂം ചേച്ചി അട്ത്ത് തന്നെ എത്തിക്കാംന്ന് പറഞ്ഞു. ആര്‌ടെം ശാപംല്യാണ്ടെ ജീവിക്കണംന്ന് പറഞ്ഞ് കരയ്യാണ് പാവം. അളിയൻ സാറിനെ കൊറേ കഷ്ടപ്പെടുത്തീട്ട്ണ്ട്ന്നറിയാം. ഒന്നും വിചാരിക്കരുത്. ഞങ്ങളെറങ്ങട്ടെ.'

കുട്ടിച്ചാത്തൻ ജൈത്രയാത്ര തുടരുകയാണ്.

കേരളകൗമുദി ഓണപ്പതിപ്പ് - 2004