കാലത്തിന്റെ ഏതോ ഊടുവഴികളിൽ


ഇ ഹരികുമാര്‍

മൂന്നു വയസ്സന്മാർ, ചിരകാല സുഹൃത്തുക്കൾ, ഒരു കല്യാണത്തിന്റെ ഒത്തുചേരലിനിടയിൽ സംസാരിക്കുകയായിരുന്നു. ആദ്യത്തെ പന്തിക്കു തന്നെ തിക്കിത്തിരക്കി ഊണു തരമാക്കി പുറത്തു കടന്ന് മുറുക്കാനുള്ള വക കൈയ്യിലെടുത്ത്, കോണിച്ചുവട്ടിൽ അടുത്ത പന്തിയിൽ ഇരിപ്പിടം തരമാക്കാൻ അക്ഷമരായി കാത്തു നിൽക്കുന്നവരെ സാനുകമ്പം വീക്ഷിച്ച് ഈ മൂന്നു വയസ്സന്മാർ മുറ്റത്തുള്ള മാവിന്റെ തണലിൽ മാറിനിന്ന് സംസാരിക്കുകയാണ്. വിധിയുടെ അറിയപ്പെടാത്ത വഴികളാണ് വിഷയം. ഒരു വയസ്സൻ, അദ്ദേഹത്തിന്റെ പേര് നാണുനായർ, പറയാൻ തുടങ്ങി. നാരായണൻ നായർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഡിസ്റ്റ്രിക്ട് കോടതിയിൽ രജിസ്റ്റ്രാറായി വിരമിച്ച അദ്ദേഹം പറഞ്ഞു.

'ഒരു സ്‌നേഹിതൻ പെട്ടെന്നൊരു ദിവസം നമ്മുടെ വീട്ടിൽ കയറി വന്ന് നമ്മുടെ കയ്യിൽ ഒരു സാധനം, അതെന്തുമാകട്ടെ, ഒരു പാക്കറ്റ്, ഒരു കവർ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഏല്പിച്ചു കൊണ്ട് പറയുകയാണ്. ഞാനൊരു ദൂരയാത്രയ്ക്കു പോകുന്നു. തിരിച്ചു വരുന്നതുവരെ ഈ സാധനം ഇവിടെ സൂക്ഷിക്കണം. നിങ്ങൾ 'ശരി' എന്നു പറഞ്ഞ് ആ സാധനം വാങ്ങിവെയ്ക്കുകയും അയാൾ ദൂരയാത്രയ്ക്കു പോകുകയും ചെയ്തുവെന്നും കരുതുക.'

എന്താണ് സ്‌നേഹിതൻ പറയാൻ പോകുന്നത് എന്നതിനെപ്പറ്റി യാതൊരു മുന്നറിവുമില്ലാതെ മറ്റു രണ്ടുപേർ ഉൽക്കണ്ഠയോടെ ഒന്നാമന്റെ മുഖത്തു നോക്കി. നാണുനായർ തന്റെ അല്പം ഉയർന്ന നിലയെപ്പറ്റി, അതായത് കഥ പറയുന്നവനും അതു കേൾക്കുന്നവനും തമ്മിലുള്ള ഉയര വ്യത്യാസത്തെപ്പറ്റി, കഥ കേൾക്കുന്നവരുടെ നിസ്സഹായതയെപ്പറ്റി ബോധവാനാണ്. ആ ഉയർന്ന നിലയിൽ നിന്നുകൊണ്ട് അദ്ദേഹം പറയാൻ തുടങ്ങി.

'എന്തു സംഭവിക്കാം?'

മറ്റു രണ്ടു വയസ്സന്മാർക്കും ഓർമ്മ വന്നത് ഒരു പഞ്ചതന്ത്രം കഥയാണ്. നൂറു ഭാരം ഇരുമ്പ് സ്‌നേഹിതനെ സൂക്ഷിക്കാനേൽപ്പിച്ച് ദൂരയാത്ര ചെയ്ത വ്യാപാരിയുടെ കഥ.

'അല്ല, ഞാനാ കഥയെപ്പറ്റിയേയല്ല പറയാൻ പോകുന്നത്.' നാണുനായർ പറഞ്ഞു. 'ആ കഥയിൽ എന്തു സംഭവിച്ചു എന്ന് നമുക്കെല്ലാവർക്കും അറിയാം. അതിന് ഒരു നിശ്ചിതമായ വഴിയുണ്ട്. കഥാകാരൻ ആ വഴിയിലൂടെ നമ്മെ നടത്തുകയാണ് ചെയ്യുന്നത്. ഇവിടെ ഞാനുദ്ദേശിക്കുന്നത് മറ്റൊന്നാണ്. അറിയപ്പെടാത്ത ഭാവിയെപ്പറ്റി, സംഭവ്യമായ സാധ്യതകളെപ്പറ്റി, വിധിയുടെ ഉൾപ്പിരിവുകളെപ്പറ്റി. എന്തും സംഭവിക്കാം...... ഒരുദാഹരണം. ഏല്പിച്ച ആൾ ഒരപകടത്തിൽ മരിച്ചുവെന്നു കരുതുക. സ്‌നേഹിതൻ ആ മരണത്തെപ്പറ്റി അറിഞ്ഞില്ലെന്നും. അപ്പോൾ എന്താണുണ്ടാവുക? കാത്തിരിപ്പുതന്നെ. അവസാനം ക്ഷമയറ്റൊരു നിമിഷത്തിൽ അയാൾ ആ പെട്ടി, അല്ലെങ്കിൽ പൊതി തുറന്നു നോക്കുന്നു. കാണുന്നതെന്താണ്? ഇനി മറ്റൊരു ഉൾപിരിവിനെപ്പറ്റി നമുക്ക് ചിന്തിക്കാം. സ്‌നേഹിതന്റെ മരണത്തെപ്പറ്റി അയാൾ അറിയുന്നു, പക്ഷേ അയാളുടെ ബന്ധുക്കളെപ്പറ്റി അറിയില്ല. അപ്പോൾ അയാൾ എന്താണ് ചെയ്യുക? പെട്ടി തുറക്കുമോ, അല്ലാ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുമോ.

രാഘവമേനോൻ ആ പരിസരത്തിൽനിന്ന് സാവധാനത്തിൽ പോകുകയായിരുന്നു. മനസ്സ് അവിടെയൊന്നും നിൽക്കുന്നില്ല. രാധ വന്നാൽ പോകാമായിരുന്നു. ഊണ് കുറച്ചു കനപ്പെട്ടതായി. എപ്പോഴും അങ്ങിനെയാണ്. കറികളൊക്കെ കൂട്ടി ഊണുകഴിക്കുമ്പോൾ പിന്നാലെ വരുന്ന പ്രഥമന്റെ ഓർമ്മയുണ്ടാവില്ല. പിന്നെ എങ്ങിനെയെങ്കിലും അതും രണ്ടു ഗ്ലാസ് അകത്താക്കും. അതു കഴിഞ്ഞാൽ എവിടെയെങ്കിലും കിടക്കാനാണ് തോന്നുക. പറ്റില്ലല്ലോ. ബസ്സിലോ തീവണ്ടിയിലോ യാത്ര.

നാണുനായർ സംസാരിക്കുകയായിരുന്നു. അനന്തസാദ്ധ്യതകളെപ്പറ്റി. ഒരു വഴിയിലൂടെ നടന്നു ചെല്ലുമ്പോൾ ആ വഴി പല വഴികളായി പിരിഞ്ഞുപോകുന്നപോലെയാണ്. ഓരോ വഴിയും നയിക്കുക വിവിധ ദേശങ്ങളിലേയ്ക്കാണ്, വിവിധ ഭൂഭാഗങ്ങളിലേയ്ക്കാണ്, ഏതൊക്കെയോ കാലങ്ങളിലേയ്ക്കാണ്. അത് നമ്മൾ തിരഞ്ഞെടുക്കുന്ന വഴി ആശ്രയിച്ചിരിക്കും.

'കാലങ്ങളിലേയ്‌ക്കോ?' കൃഷ്ണമേനോൻ ചോദിച്ചു. ഒരു കാര്യവും യുക്തിയുടെ കല്ലിൽ ഉരച്ചു നോക്കിയല്ലാതെ സ്വീകരിക്കാത്ത ആളാണ് കക്ഷി; മജിസ്റ്റ്രേട്ടായി ജോലി നോക്കിയിരുന്ന കാലത്ത് യുക്തി പലപ്പോഴും നിയമത്തിന്റെ യുക്തിരാഹിത്യത്തിന് വഴി മാറിക്കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നാലും.

'ഞാൻ പറയുന്നത് അങ്ങിനെ അക്ഷരാർത്ഥത്തിലെടുക്കണ്ട.' നാണുനായർ രാഘവമേനോനെ നോക്കിയാണ് പറഞ്ഞത്. ചോദിച്ചത് കൃഷ്ണമേനോനായിരുന്നെങ്കിലും രാഘവമേനോനെയും ഉൾപ്പെടുത്തണമെന്നയാൾക്കു നിർബ്ബന്ധമുണ്ടായിരുന്നു. അയാളാകട്ടെ കുറച്ചു നേരമായി ഈ ലോകത്തൊന്നുമല്ല എന്നും നാണുനായർക്ക് തോന്നിയിരുന്നു. 'എന്താ ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?'

'എനിക്ക് ഉറക്കം വരുന്നു. പ്രഥമനില് മധുരം കൊറച്ച് കൂടിപ്പോയി.' രാഘവമേനോൻ പറഞ്ഞു. 'ഇനി ശ്രീമതി വന്നാലെ പോകാൻ പറ്റൂ. ആയമ്മയാവട്ടെ മൂന്നാം പന്തിയിലേ ഇരിക്ക്യൂംള്ളൂ.'

'തനിക്ക് വീട്ടിൽ പോയിട്ട് എന്താ കാര്യം?' കൃഷ്ണമേനോൻ ചോദിച്ചു.

'അല്പം കാര്യംണ്ട്.' അയാൾ പറഞ്ഞു. 'ഞാനത് പുറപ്പെടുമ്പഴേ രാധയോട് പറഞ്ഞിരുന്നു. ആയമ്മ മറന്നിട്ടുണ്ടാവും.'

'എന്താ കാര്യം?' മറ്റു രണ്ടുപേർ ഒരുമിച്ചു ചോദിച്ചു.

'ചെന്നയീൽന്ന് മോന്റെ കത്തുണ്ടായിരുന്നു. അവന് നമ്മടെ വീട്ടിന്റെ അടുത്തുതന്നെ ഒരു പത്തു സെന്റ് സ്ഥലം വാങ്ങണംന്ന്ണ്ട്. അപ്പോ ഞാമ്പറഞ്ഞൂ പത്തു സെന്റ് സ്ഥലത്തിന്റെ വെല്യോണ്ട് ഒരു ഫ്‌ളാറ്റ് കിട്ടുംന്ന്. എന്നാ അങ്ങിന്യാ വട്ടെന്ന് പറഞ്ഞു. നമ്മടെ അട്ത്ത് തന്നെ ഒരു എട്ടുനെല കെട്ടിടം വരുന്നുണ്ട്. പോണവഴിക്ക് അതൊന്ന് നോക്കണം ന്ന്ണ്ട്.'

'പൂങ്കുന്നത്ത് തന്ന്യാണോ?' നാണുനായർ ചോദിച്ചു.

'അതേന്നേ നമ്മടെ വീട്ടീന്ന് കഷ്ടിച്ച് അര കിലോമീറ്റർ വരും. ഒരിക്കല് വീട്ടിലെത്ത്യാപ്പിന്നെ പുറത്തിറങ്ങലൊന്നും നടക്കില്ല.'

'അപ്പൊ എനിക്ക് സംശയായിട്ട് ചോദിക്ക്യാ.' കൃഷ്ണമേനോൻ പറഞ്ഞു. 'ഒരേയൊരു മോനെള്ളൂ. നിങ്ങടെ കാലം കഴിഞ്ഞാൽ എല്ലാം അവന് തന്ന്യല്ലെ. പിന്നെ എന്തിനാ ഇപ്പോ ഇതൊക്കെ വാങ്ങി ക്കൂട്ട്ണത്? ചെന്നയില് ജോലിള്ള അവനുണ്ടോ നാട്ടിലൊക്കെ വരുണു?'

'തൃശ്ശൂര് ഒരു ഫ്‌ളാറ്റ്ന്ന് പറഞ്ഞാൽ നല്ലൊരു മുതൽമുടക്കാവൂല്ലോന്നാ അവൻ പറേണത്. പിന്നെ കല്യാണം കഴിക്കണേന്റെ മുമ്പുതന്നെ അവന്റെ പേരിലൊരു വീട് വേണംന്ന്ണ്ട് അവന്.'

'അതും ശര്യാണ്. ജീവിതത്തില് എന്തൊക്കെ കഷ്ടകാലാണ് വരാൻ പോണത്ന്ന് അറീല്ല്യല്ലൊ, അപ്പൊ നല്ല കാലത്ത് എന്തെങ്കിലും ഒക്കെ സ്വരൂപിച്ച് വയ്ക്ക്ണത് നല്ലത്വന്നെ.' നാണുനായർ പറഞ്ഞു. 'ആട്ടെ ആലോചനകള് എവിടെയെത്തി?'

'ഒരെണ്ണം ശരിയായി വന്നിട്ട്ണ്ട്. കുട്ടി പഠിക്ക്യാണ്. എട്ടാമത്തെ സെമസ്റ്ററാണ്. അതു കഴിഞ്ഞിട്ടു പോരേന്നാണ്.'

'അത് നല്ലത്തന്നെ. ഇപ്പൊ ഒരു നിശ്ചയം കഴിച്ചിട്ടാ മതി.' നാണുനായർ പറഞ്ഞു.

'ഞാനേയ് ഒന്ന് പോയി നോക്കട്ടെ. ശ്രീമതി മൂന്നാം പന്തീലെങ്കിലും ഇരിക്കുംന്ന് ഒറപ്പാക്കട്ടെ.' രാഘവമേനോൻ സ്‌നേഹിതരെ സംസാരിക്കാൻ വിട്ട് ഹാളിലേയ്ക്കു പോയി.

'ആള് ഭാഗ്യവാനാട്ടോ.' നടന്നുപോകുന്ന സ്‌നേഹിതനെ നോക്കി നാണുനായർ പറഞ്ഞു.

'ശരിയാണ്. ബാങ്കീന്ന് വീയാറെസ് എടുത്തപ്പോ ഞാൻ ചോദിച്ചു അതു വേണോന്ന്. ഇപ്പോ ആള് വളരെ സന്തോഷത്തിലാ.'

'അപ്പൊ നമ്മളെന്താ പറഞ്ഞോണ്ടിരുന്നത്?' നാണു നായർ ചോദിച്ചു.

'അതൊക്കെ പോട്ടെ.' കൃഷ്ണമേനോൻ പറഞ്ഞു. 'തനിക്ക് എപ്പൊഴുംണ്ട് ഇങ്ങിനെ ചെല സംസാരം. 'സാധ്യതകള്, സംഭവ്യതകള് അങ്ങിനൊരൂട്ടം. അങ്ങിനൊന്നുംല്ല്യാന്നേയ്. ഇതാ നമ്മള് ഇപ്പോ കാണ്ണില്ല്യേ അതുതന്നെ ലോകം. നമ്മളൊക്കെ കൊറെക്കാലം ജീവിച്ചിരിക്കും, ഒരു ദിവസം തട്ടിപ്പോവും, അത്ര്യന്നെ.'

'അല്ലാട്ടൊ,' നാണുനായർ പറഞ്ഞു. 'ഞാനിതിന്യൊക്കെക്കുറിച്ച് കൊറേ വായിച്ചിട്ട്ള്ളതാ, ചിന്തിച്ചിട്ടുള്ളതാ.'

പക്ഷേ ഈ രണ്ടു സ്‌നേഹിതരും അറിയാതെ അവരുടെ ചങ്ങാതി അല്പം പ്രശ്‌നത്തിൽ ആയിക്കഴിഞ്ഞിരിക്കുന്നു. ഹാളിലേയ്ക്കു നടന്നുപോയ അദ്ദേഹം ആകെ കുഴഞ്ഞൊരു ലോകത്തിലേയ്ക്കാണ് ചവിട്ടിക്കയറിയത്. ഭാര്യ എവിടെയാണെന്നയാൾക്കു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മുകളിലേയ്ക്കുള്ള കോണിക്കു പകരം അയാൾ കയറിയത് കുന്നിൻപുറത്തേയ്ക്കുള്ള ഒരു കൽപ്പാതയിലായിരുന്നു. ഇരുവശവും റബ്ബർമരങ്ങളുള്ള ഒരു പാത. ശീമക്കൊന്നയുടെ ഇലകളുടെ മണം. ക്വാർട്ടേഴ്‌സ് കുന്നിന്റെ മുകളിലാണ്. കുന്നിന്മേലേയ്ക്കുള്ള വഴി പകുതി താണ്ടിയശേഷം അയാൾ തിരിഞ്ഞു നോക്കി. താഴെ ഗെയ്റ്റടക്കാൻ മറന്നിട്ടില്ലല്ലോ. റബ്ബർമരങ്ങൾക്കിടയിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ തിന്നാൻ ധാരാളം പശുക്കൾ വരാറുണ്ട്. അവ കേറിവന്നാൽ വീടിനു ചുറ്റും പിടിപ്പിച്ച പച്ചക്കറികൾ മുഴുവൻ നശിപ്പിക്കും. ഗെയ്റ്റ് അടച്ചിരിക്കുന്നു. അയാൾ കയറി. മുറ്റത്തേയ്ക്കു കടക്കുന്നിടത്ത് രണ്ടാമതൊരു ഗെയ്റ്റുകൂടി വച്ചിട്ടുണ്ട്. അതു തുറന്ന് രാഘവമേനോൻ അകത്തു കടന്നു. റാട്ടയിൽനിന്ന് ഭീമൻ ചക്രങ്ങൾ തിരിയുന്ന ശബ്ദം കേൾക്കുന്നുണ്ട്. ശീമക്കൊന്നയുടെ ഇലകളുടെയും റബ്ബർ പാലിന്റെയും കുത്തുന്ന മണവും, ഈ ചക്രങ്ങൾ തിരിയുന്ന ശബ്ദവും പത്തു മുപ്പതുവർഷങ്ങളായി അയാൾക്ക് സുരക്ഷിതത്വ ബോധം കൊടുത്തിരുന്നു. മോൾ ഊണു കഴിച്ച് ഓഫീസിൽ തിരിച്ചുപോയി എന്നു തോന്നുന്നു. മുമ്പിലെ വാതിൽ അടച്ചിരിക്കയാണ്. ഭാനു അടുക്കളയിലായിരിക്കും. കിടക്കാറായിട്ടില്ല. അയാൾ ബെല്ലടിക്കാതെ പിന്നിലേയ്ക്കു നടന്നു.

'എങ്ങിനെണ്ട്‌പ്പോ അമ്മയ്ക്ക്?' ഭാനു ചോദിച്ചു.

'കൊറച്ച് ഭേദാന്ന് പറയാം, ഇന്നലത്തെ അപേക്ഷിച്ച് നോക്കുമ്പോ. ഇന്നലെ സംസാരിക്കാനും കൂടി പറ്റില്ല്യായിരുന്നു.'

അയാൾ ചവിട്ടുകല്ലിൽ കാലുരച്ച് കോലായിലേയ്ക്കു കയറി.

'ഇനി അത്രയൊക്കെ നോക്ക്യാ മതി. അധികം കെടക്കാതെ അങ്ങട്ട് പോയാ മത്യായിരുന്നു.'

'അത്വന്ന്യാണ് എന്റീം പ്രാർത്ഥന.' ഭാനു പറഞ്ഞു. 'എന്റമ്മ കെടന്ന മാതിരിയൊക്കെ കെടക്ക്വാണെങ്കില് ആരാ നോക്കാണ്ടാവ്വാ.'

'നീ ഊണു കഴിച്ച്വോ?'

'അല്ലാതെ, നിങ്ങളെപ്പഴാ വര്വാച്ചിട്ടാ കാത്തിരിക്ക്യാ. ഞാൻ മോള് വന്നപ്പൊ, ഒപ്പം ഉണ്ടു.'

അയാൾ ഇടനാഴികയിലൂടെ നടന്ന് ഉമ്മറത്തിട്ട ചാരുകസേലയിൽ ഇരുന്നു. അങ്ങിനെ പതിവില്ലാത്തതാണ്. പുറത്തുനിന്നു വന്നാൽ ചായയുണ്ടാക്കാൻ പറഞ്ഞ്, അല്ലെങ്കിൽ ഊണു മേശപ്പുറത്തു വയ്ക്കാൻ പറഞ്ഞ് അയാൾ ഭാര്യയുടെ ഒപ്പം അടുക്കളയിലേയ്ക്കു നടക്കും. നാട്ടിൽ പോയി വന്നാൽ പ്രത്യേകിച്ചും അവിടത്തെ വിശേഷങ്ങൾ ഓരോന്നോരോന്നായി പറഞ്ഞുകൊടുക്കും. ഭാര്യയുടെ ചോദ്യങ്ങൾക്ക് മറുപടികൊടുക്കും.

ഇന്ന് അങ്ങിനെയൊന്നുമുണ്ടായില്ല. ഭാനുമതിയമ്മ ഒരു ഗ്ലാസ്സു വെള്ളം ഉമ്മറത്തേയ്ക്കു കൊണ്ടുവന്നു കൊടുത്തു.

'എന്താ ഇപ്രാവശ്യത്തെ യാത്ര ക്ഷീണിപ്പിച്ചോ?'

'യാത്ര കൊഴപ്പൊന്നുംണ്ടാർന്നില്ല. കുറ്റ്യാടിക്ക് എത്ര ദൂരംണ്ട്. ഇന്ന് ഒരു മണിക്കൂറെടുത്തില്ല.' ചാരു കസേലയിൽ കിടന്നുകൊണ്ട് രാഘവമേനോൻ പറഞ്ഞു. 'എന്തോ ഒരു ക്ഷീണം. നീ കൊറച്ച് വെള്ളം ചൂടാക്കാൻ വെക്ക്. ഒന്നു കുളിച്ചാൽ ശരിയാവും. ഇങ്ങിനെ ഇരുന്നാൽ പറ്റില്ല.'

ഭാനു പോയപ്പോൾ അയാൾ ആലോചിച്ചുനോക്കി. താൻ ഇന്നലെ എവിടെയായിരുന്നു? അമ്മയുടെ അടുത്തായിരുന്നോ? അമ്മ ഇരുട്ട് ചേക്കേറിയ പടിഞ്ഞാറ്റിയിൽ കണ്ണടച്ചു കിടക്കുന്നത് ഇന്നലെത്തന്നെയല്ലേ കണ്ടത്. അതോ കഴിഞ്ഞ ആഴ്ച പോയപ്പോഴോ? ഓർമ്മയ്ക്കു മുമ്പിൽ ഒരു നേരിയ പാട വീണുകൊണ്ടിരിക്കുന്നു. താൻ ഓരോ കാര്യങ്ങളെക്കുറിച്ചാലോചിച്ച് വല്ലാതെ ആധികൊള്ളുന്നു. അതിന്റെ ആവശ്യമുണ്ടോ. ഒരേയൊരു മകളേയുള്ളൂ. അവൾക്ക് ഇരുപത്തഞ്ചു വയസ്സായി. ശരി. സമയായാൽ അതങ്ങട് നടക്കും. അല്ലാതെ താനോ ഭാനുവോ വിഷമിച്ചിട്ട് എന്തു കാര്യം. തൽക്കാലം അവൾക്ക് എസ്റ്റേറ്റിൽത്തന്നെ ഒരു ജോലിണ്ട്. ബി.കോം പാസ്സായതുകൊണ്ട് താൻ റിട്ടയർ ചെയ്തപ്പോൾ ആ ജോലി അവൾക്കു കിട്ടി. നടന്നു പോവാനുള്ള ദൂരേള്ളൂ. പിന്നെ അമ്മടെ കാര്യം. എൺപത്തിരണ്ടു വയസ്സായി. ഒരു മാസം മുമ്പു വരെ പരസഹായമില്ലാതെ കാര്യങ്ങളെല്ലാം ചെയ്തിരുന്നതാണ്. ഇനി പോണ്ട സമയായില്ലേ. വിഷമിക്കാതെ, കിടക്കാനിടയാവാതെ പോയാൽ മതിയായിരുന്നു. അനുജത്തി അമ്മയെ നോക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞാൽ അവൾക്കും ഭർത്താവിന്റെ അടുത്ത് പോണ്ടിവരും. അതിനുമുമ്പുതന്നെ.......

പക്ഷേ തന്നെ ഇപ്പോൾ അലട്ടിയിരുന്നത് സ്വപ്നങ്ങളായിരുന്നു. ഇന്നലെ രാത്രിയും ആ സ്വപ്നം കണ്ടു. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തേയ്ക്ക് യാത്രയാണ്. യാത്ര മാത്രം, ഒരിക്കലും ആ സ്ഥലത്ത് എത്തിപ്പെടുന്നില്ല. തീവണ്ടിയിൽ, ബസ്സിൽ, ബോട്ടിൽ യാത്രതന്നെ. ഒരു യാത്രയും അവസാനിക്കുന്നില്ല. അന്തമില്ലാത്ത യാത്രയിൽ വഴി തെറ്റുന്നു. തീവണ്ടി ബസ്സും, ബസ്സ് ബോട്ടുമായി മാറുന്നു. ഇടയ്ക്ക് നടത്തം. അന്തമില്ലാത്ത നടത്തവും എവിടെയും എത്തിക്കുന്നില്ല. മുമ്പിൽ ചതുപ്പുനിലങ്ങളാണ്. അതിനപ്പുറത്ത് ജനപഥങ്ങൾ കാണുന്നുണ്ട്. പക്ഷേ എങ്ങിനെയാണ് അവിടേയ്‌ക്കെത്തുക? കണ്ടുമുട്ടുന്നവരുടെ മുഖഛായ ഓർമ്മയിൽ നിൽക്കുന്നില്ല. എന്താ ഇതിനൊക്കെ അർത്ഥം?

നാണുനായരും കൃഷ്ണമേനോനും കുറച്ചുനേരമായി അസ്വസ്ഥരാവാൻ തുടങ്ങിയിട്ട്. ഭാര്യയെ നോക്കി വരാമെന്നു പറഞ്ഞ രാഘവമേനോന്റെ വിവരമൊന്നുമില്ല.

'ഇനി വിദ്വാൻ ഭാര്യേം കൂട്ടി നേരെ വെച്ചടിച്ച്വോ തൃശ്ശൂർക്ക്?' നാണുനായർ സംശയം പ്രകടിപ്പിച്ചു.

'അങ്ങിനെ ചെയ്യില്ല. നമ്മളോടൊന്ന് പറയാതെ പോവില്ല മൂപ്പര്. പിന്നെ രാധ അത്ര വേഗൊന്നും ഉണ്ണാനിരിക്കില്ല. ആയമ്മടെ ഒരു കമ്പനിണ്ട്. സംസാരത്തിലായിരിക്കും. നല്ലോം വെശന്നാലെ ഇരിക്കു. അത് മൂന്നാം പന്ത്യായാലും ശരി നാലാം പന്തി ആയാലും ശരി.' കൃഷ്ണമേനോന് ഉറപ്പുണ്ടായിരുന്നു.

'അല്ല സമയം രണ്ടായി. മൂന്നാം പന്തി പോയിട്ട് സദ്യന്നെ കഴിഞ്ഞു കാണും. നമുക്കൊന്ന് പോയി നോക്കാം.'

ഹാളിൽ വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുള്ള. പത്തോ പതിനഞ്ചോ പേർ മാത്രം. സദ്യയുടെ തിരക്ക് കഴിഞ്ഞിരുന്നു.

'നമുക്ക് കല്യാണഹാളിലൊന്നു പോയിനോക്കാം.' നാണുനായർ പറഞ്ഞു.

അവർ കോണി കയറി ഹാളിലെത്തി. ഹാൾ ഒരുമാതിരി ഒഴിഞ്ഞിരുന്നു. അവിടവിടെയായി ഒന്നോ രണ്ടോ പേർ തൂങ്ങിപ്പിടിച്ചിരുന്നതല്ലാതെ ആരുമില്ല.

'അപ്പൊ ആള് നമ്മളെ വെട്ടിച്ച് പോയോ?'

'ഏയ്, അങ്ങിനെയൊന്നും പോവില്ല.' കൃഷ്ണ മേനോൻ പറഞ്ഞു. 'ഇനിയിപ്പോ വല്ലര്‌ടേം കാറില് ലിഫ്റ്റ് കിട്ട്യാത്തന്നെ നമ്മളോട് പറയാതെ പോവില്ല്യ.'

'എന്നാപ്പിന്നെ ഇവിടെത്തന്നെ കാണണ്ടെ?' നാണു നായർ കുറച്ച് ഉൽക്കണ്ഠയോടെ പറഞ്ഞു. 'ഒന്നുല്ല്യെങ്കില് രാധയെയെങ്കിലും കാണണ്ടെ?'

'നമ്ക്ക് ആരോടെങ്കിലും ചോദിച്ചാലോ?' കൃഷ്ണ മേനോൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. 'ദാ നമ്മടെ ഗോവിന്ദൻ കുട്ടിയല്ലെ അവ്‌ടെ നിക്കണത്, ചോദിക്കാം.'

കൃഷ്ണമേനോന്റെ ചോദ്യം കേട്ടപ്പോൾ ഗോവിന്ദൻകുട്ടി സ്വൽപനേരം പകച്ചുനിന്നു. പിന്നെ ചോദിച്ചു. 'ആരടെ കാര്യാ കൃഷ്‌ണേട്ടൻ പറയണത്?'

'തന്റെ വല്ല്യമ്മടെ മകൻ രാഘവമേനോൻ.' ഒരു ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്താ അറിയില്ലേ?'

'എനിക്ക് വല്ല്യമ്മ ഇല്ലല്ലോ. ആകെള്ളത് ഒരു ചെറിയമ്മയാണ്. അവർക്കാണെങ്കില് ഒരു മകളേയുള്ളൂ. അവരാവട്ടെ രണ്ടു കൊല്ലം മുമ്പ് മരിച്ചു പോവേം ചെയ്തു. കൃഷ്‌ണേട്ടൻ ആര്‌ടെ കാര്യാ പറേണത്?' ആ മനുഷ്യൻ ശരിക്കും പകച്ചിരുന്നു.

'ശരി താൻ പൊയ്‌ക്കോളൂ.'

ഗോവിന്ദൻകുട്ടി സ്വല്പനേരം തങ്ങിനിന്ന ശേഷം അയാളുടെ ഭാര്യയും കുട്ടികളും കാത്തു നിൽക്കുന്നിടത്തേയ്ക്കു പോയി. അവിടെ എത്തിയശേഷം അയാൾ ഭാര്യയോട് എന്തോ പറഞ്ഞു. അവർ എല്ലാവരും ഒരദ്ഭുതഭാവത്തോടെ തിരിഞ്ഞു നോക്കുകയും ചെയ്തു.

നാണുനായർ ആകെ സ്തബ്ധനായി നിൽക്കുകയാണ്.

'അല്ലാ നാണ്വാരേ രാഘവമേനോന്റെ കാര്യം നമ്മള് രണ്ടുപേരും കൂടി കണ്ട സ്വപ്‌നോ മറ്റൊ ആയിരിക്ക്യോ?'

'നിശ്ചല്ല്യ......'

നാണുനായർ വിഷമത്തിലായിരിക്കയാണ്. സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാതിരിക്കാൻ മാത്രം തന്റെ തലച്ചോർ തകരാറിലായിട്ടില്ല. ഇനി ഒരാളുടെ തകരാറിലായെങ്കിൽക്കൂടി മറ്റെ ആളോ?

ഇരുനൂറ് കിലോമീറ്റർ അകലെ താമരശ്ശേരിയിൽ ഒരു കുന്നിന്റെ മുകളിലെ വീട്ടിനുള്ളിൽ ഊൺമേശയ്ക്കു മുമ്പിലിരുന്ന് രാഘവമേനോൻ ഭാര്യയോട് സംസാരിക്കുകയായിരുന്നു. തന്റെ സ്വപ്നങ്ങളെപ്പറ്റി, ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന അപരിചിത മുഖങ്ങളെപ്പറ്റി.

'നിങ്ങക്ക് കൊറച്ച് വിശ്രമം ആവശ്യാണ്.' ഭാനുമതിയമ്മ പറഞ്ഞു. 'കുറ്റ്യാടിക്ക്ള്ള യാത്ര എളുപ്പൊംന്ന്വെല്ല. ദൂരം അധികല്ല്യാച്ചിട്ട്? അങ്ങനത്തെ നെരത്താ. വളവും തിരിവും കുണ്ടും കുന്നും. നിങ്ങക്കാണെങ്കി യാത്ര ചെയ്ത് പരിചൂംല്ല്യ. അമ്മക്ക് അധികാവുമ്പോ കമലേട്ത്തി അറീക്കും. അപ്പോപ്പോയാ മതി. നിങ്ങക്കും വയസ്സായി.'

'സമയെത്രായി.'

'രണ്ടു കഴിഞ്ഞു.' ഇടനാഴിയിലെ ക്ലോക്ക് നോക്കിക്കൊണ്ട് ഭാനുമതിയമ്മ പറഞ്ഞു.

'ന്നാ, ഞാനൊന്ന് മയങ്ങട്ടെ. ന്നെ ഒരു നാലു മണിക്ക് വിളിച്ചാ മതി.' അയാൾ കൈകഴുകി കിടപ്പുമുറിയിൽ ചെന്നു കിടന്നു.

'റാട്ടേന്ന് സൈറൺ കേക്കുമ്പൊ വിളിക്കാം.' ഭാനു മതിയമ്മ അടുക്കളയിലേയ്ക്കു തിരിച്ചു പോയി.

അപ്പോൾ ഇരുന്നൂറ് കിലോമീറ്റർ തെക്ക് ഗുരുവായൂരിൽ ഒരു കല്യാണഹാളിൽ, കാലത്തിന്റെ കണ്ടുപിടിക്കാൻ പറ്റാത്ത ഏതൊക്കെയോ ഊടുവഴികളിൽ നഷ്ടപ്പെട്ടുപോയ തങ്ങളുടെ സ്‌നേഹിതനെ അന്വേഷിച്ചുകൊണ്ട് രണ്ടു വയസ്സന്മാർ അലഞ്ഞു നടക്കുകയായിരുന്നു.

ദേശാഭിമാനി ഓണം വിശേഷാല്‍പ്രതി- 2003