അനിതയുടെ വീട്


ഇ ഹരികുമാര്‍

അമ്മ പതിവുപോലെ ടിവിയ്ക്കു മുമ്പിലാണ്. പുറത്തെ ഇരുട്ടോ, മകൾ രാത്രി വരാൻ വൈകുന്നതോ ഒന്നും അമ്മയെ അലട്ടുന്നില്ല. അവർ സീരിയലുകളുടെ ലോകത്താണ്. ഒരെണ്ണം കഴിഞ്ഞാൽ അടുത്തതു തുടങ്ങുന്നതിനിടയിലെ സമയത്തും പരസ്യവേളകളിലും അവർ എഴുന്നേറ്റ് അടുക്കളയിൽ അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്തു തീർക്കുന്നു. അത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ എന്ന സമാധാനമാണ് നളിനിയ്ക്ക്. അല്ലെങ്കിൽ എട്ടര എട്ടേമുക്കാലിന് വീട്ടിലെത്തിയാൽ പച്ചക്കറി നുറുക്കൽ മുതൽ താൻതന്നെ ചെയ്യേണ്ടി വരും.

'ഫ്‌ളാസ്‌കിൽ ചായണ്ട്.' സ്‌ക്രീനിൽനിന്ന് കണ്ണെടുക്കാതെ അമ്മ പറഞ്ഞു.

ഹാന്റ്ബാഗ് അടുക്കളയിലെ മേശപ്പുറത്തു വച്ച് അവൾ ലഞ്ച്‌ബോക്‌സ് പുറത്തെടുത്ത് സിങ്കിൽ കൊണ്ടുപോയി ഇട്ടു. മേശപ്പുറത്ത് അടച്ചുവച്ച പാത്രം തുറന്നുനോക്കി. ഒരു ഇലയട. അതപ്പടി തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. പക്ഷേ അവൾ നേരെ കുളിമുറിയിൽപോയി ടാപ്പു തുറന്നു ബക്കറ്റിൽ വെള്ളം നിറക്കാൻ തുടങ്ങി. ട്രെയിൻ ഇറങ്ങുന്ന സമയത്താണ് ആൾക്കാരുടെ പരാക്രമം. അതിനിടയിൽ നീണ്ടു വരുന്ന കൈകൾ, വിരലുകൾ. അവൾ അറപ്പോടെ ഉടുപ്പ് അഴിച്ചു മാറ്റി. ആലുവ എത്തുമ്പോഴേയ്ക്ക് കമ്പാർട്ടുമെന്റിൽ മിന്നിമിന്നി കത്തിയിരുന്ന വിളക്കുകൾകൂടി കെടുന്നു. പിന്നെ വില കുറഞ്ഞ തമാശകൾ കേട്ടുകൊണ്ട് യാത്ര ഇരുട്ടത്താണ്. ആലുവായിൽവച്ചുതന്നെ ലേഡീസ് കമ്പാർട്ടുമെന്റിൽനിന്ന് മാറുന്നു. അല്ലെങ്കിൽ ലേഡീസ് കമ്പാർട്ടുമെന്റിൽ ഒറ്റയ്ക്കു യാത്രചെയ്യേണ്ടിവരും. അവസരം പാത്തുനിൽക്കുന്നവർക്ക് നല്ല കോളായിരിക്കും. മറ്റു കമ്പാർട്ടുമെന്റുകളിൽ ചിലരെങ്കിലും നല്ലവരായിട്ടുണ്ടാകും.

കുളിച്ച് നൈറ്റിയിട്ട് അവൾ ഇലയടയുമായി സോഫയിൽ അമ്മയുടെ അടുത്തു വന്നിരുന്നു.

'അമ്മേ ഈ പെണ്ണല്ലെ കഴിഞ്ഞ ആഴ്ച മരിച്ചത്?'

'അവള് മരിച്ചിട്ടൊന്നുംല്ല്യ.' അമ്മ നീരസത്തോടെ പറഞ്ഞു. 'മരിച്ചൂന്ന് എല്ലാരും വിചാരിച്ചതാ.' സ്‌ക്രീനിൽ വളരെ നിർണ്ണായകമായ ഒരു സംഭാഷണം മകളുടെ ഇടപെടൽകൊണ്ട് ശ്രദ്ധിക്കാൻ പറ്റാഞ്ഞതിൽ അവർക്ക് ദേഷ്യം പിടിച്ചിരുന്നു. നളിനിയെ സംബന്ധിച്ചേടത്തോളം ഓരോ എപ്പിസോഡും ഏതാനും ഷോട്ടുകളിൽ ഒതുങ്ങുന്നു. ഓഫീസിൽനിന്നു വന്ന് കുളി കഴിഞ്ഞാൽ അമ്മ ഉണ്ടാക്കിവച്ചിട്ടുള്ള ലഘുഭക്ഷണം ഒരു പ്ലെയ്റ്റിലെടുത്ത് കഴിക്കുമ്പോഴോ, പിറ്റേന്ന് ഇടേണ്ട ചൂരിദാർ ഇസ്തിരിയിടുന്നതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴോ കാണുന്ന ഏതാനും ഷോട്ടുകൾ മാത്രം. അവളുടെ ജീവിതവും ഇങ്ങിനെ ഏതാനും ഷോട്ടുകൾ അടങ്ങുന്ന ഒരു മൂന്നാംതരം സീരിയലാണെന്ന് അവൾക്കു തോന്നാറുണ്ട്. വീട്ടിൽവച്ച് ഏതാനും ഷോട്ടുകൾ, തീവണ്ടിയുടെ കമ്പാർട്ടുമെന്റിൽ മറ്റു സ്ത്രീകളോടൊപ്പം ഏതാനും ഷോട്ടുകൾ, സ്റ്റേഷനിൽ വണ്ടിയിറങ്ങി തിരക്കിനിടയിൽ മുതലെടുക്കാൻ നോക്കുന്ന വിരുതന്മാരിൽനിന്ന് മാറി നടക്കുമ്പോൾ, പിന്നെ ഓഫീസിൽ മറ്റു ജോലിക്കാരുടെ ഒപ്പം കമ്പ്യൂട്ടറിനു മുമ്പിൽ ജോലിയെടുക്കുമ്പോൾ, തിരിച്ച് സ്റ്റേഷനിലേയ്ക്ക്...... ഈ ഷോട്ടുകൾ തന്റെ ജീവിതമാകുന്ന സീരിയലിന്റെ ഒരു എപ്പിസോഡ് തീർക്കുന്നു. തീരെ വിരസമായ ഈ സീരിയലിൽ ഏറ്റവും അപ്രധാനമായ ഒരു റോളെ അമ്മയ്ക്കുള്ളൂ എന്നവൾ മനസ്സിലാക്കിയിരുന്നു. ഒരു ഗസ്റ്റ് അപ്പീയറൻസു മാത്രം.

രാവിലെ ഉണ്ടാക്കിയ കൂട്ടാനും മെഴുക്കുപെരട്ടിയും ചൂടാക്കുമ്പോൾ അവൾ ശ്രദ്ധിച്ചു. അമ്മ വളരെ കുറച്ചു മാത്രമേ ഉച്ചയ്ക്ക് കഴിക്കുന്നുള്ളൂ. ചിലപ്പോൾ ഒന്നും കഴിച്ചില്ലെന്നു വരും. അമ്മയ്ക്ക് വയസ്സാവുകയാണ്. അമ്പത്തഞ്ച് ഒരു വയസ്സാണോ? ഈ അമ്പത്തഞ്ചു വയസ്സിൽ അവർ എന്തൊക്കെ അനുഭവിച്ചു? ഏകമകൾക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു. പറയുന്ന കാരണമോ? അമ്മ ഒരിക്കലും മറ്റൊരു പുരുഷന്റെ മുഖത്തു നോക്കിയിട്ടില്ലെന്ന് അവൾക്കറിയാം. എന്നിട്ടും ഭർത്താവ് ആ കാരണം പറഞ്ഞ് അവരെ ഉപേക്ഷിച്ചുപോയി. മുത്തച്ഛന്റെ പെൻഷൻകൊണ്ട് രക്ഷപ്പെട്ടു.

'ഇന്ന് കത്തൊന്നും ഇല്ലേ അമ്മേ?'
'ഇല്ലാ മോളെ.'
'അതും നടക്കില്ലാന്നാ തോന്നണത്.'
'എന്തേ?'
'ഒന്നുംല്ല്യ....'

അവൾക്ക് കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. ഇനി പറയാനുള്ളത് അമ്മയേയും ബാധിക്കുന്ന കാര്യമാണ്. എന്തിന് അമ്മയെ ഇട്ട് കുത്തണം? നല്ല ആലോചനയായിരുന്നു. അവരും അന്വേഷിച്ചിട്ടുണ്ടാകണം. അമ്മയുടെ പശ്ചാത്തലം ഒരു വലിയ നിഴലായി അവൾക്കു പിന്നിൽ തൂങ്ങുന്നു. അച്ഛനെന്ന ആ മനുഷ്യന് അമ്മയെ ചവിട്ടിമെതിച്ചുകൊണ്ട് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടെന്തുണ്ടായി? പാവം അമ്മ. മുമ്പൊരിക്കൽ ഒരാലോചന അലസിപ്പോകാനുണ്ടായ കാരണം പറഞ്ഞപ്പോൾ ദിവസങ്ങളോളം അവർ കരഞ്ഞു. കരഞ്ഞിട്ടെന്താണ്. എന്നെങ്കിലും ഈവക കഥകൾ കേട്ട് വിശ്വസിക്കാത്ത ഒരു ചെറുപ്പക്കാരൻ വരും, അവളെ കല്യാണം കഴിക്കും. ഒരു ജോലിയുള്ളതല്ലെ. ഇനി കല്യാണം കഴിഞ്ഞില്ലെങ്കിൽ അതിന്റെ പാട്ടിന് ജീവിക്കണം. അത്രതന്നെ.

'അമ്മേ നാളെ കുറേ ജോലിണ്ട്. പാസഞ്ചറ് പിടിക്കാൻ പറ്റീല്ലെങ്കിൽ ഞാൻ അനിതടെ വീട്ടിൽ തങ്ങും കെട്ടോ.'

'എന്താ നെന്നെക്കൊണ്ട് അവര് ഇങ്ങിനെ ജോലി എടുപ്പിക്കണത്?' അമ്മ ചോദിച്ചു.

'എന്താ ചെയ്യ്വാ അമ്മേ. ഒന്നുകിൽ ജോലി എടുക്ക്വാ, അല്ലെങ്കിൽ സ്ഥലം വിട്വാ. അവർക്ക് വേറെ ആളെ കിട്ടാത്തതൊന്നും അല്ലല്ലോ. ഇപ്പോത്തന്നെ നേരം വൈകി ചെല്ലുമ്പോൾ സാറ് ചീത്ത പറയുന്നുണ്ട്. ഞാനാണെങ്കീ എന്നും അഞ്ചു മണിയ്ക്ക് എറങ്ങുണുംണ്ട്. സാറിനതു വല്യ ഇഷ്ടൊംന്നുംല്ല്യ. എനിക്കാണെങ്കിൽ ഈ നിലയ്ക്കു പോയാൽ ഒരു ജോലിയില്ലാതെ പറ്റൂംല്ല്യ.'

അമ്മയ്ക്ക് അവളുടെ സ്വരം മാറിയത് മനസ്സിലായി.

'അവിടെ അങ്ങിനെ ഒരു പരിചയക്കാരിണ്ടായത് നന്നായി. അല്ലെങ്കില് എന്താ ചെയ്യ്വാ?' അമ്മ ആശ്വസിച്ചു.

നളിനി ഒന്നും പറഞ്ഞില്ല. അവൾ നാളെ കൊണ്ടുപോകേണ്ട ഉടുപ്പ് ഏതാണെന്ന് ആലോചിക്കുകയായിരുന്നു. എന്തിനാണ് ഞാൻ അതിനെപ്പറ്റി ഇത്രയധികം ആലോചിക്കണത്? ഏതെങ്കിലും ഒരുടുപ്പ് കൊണ്ടുപോകാം. നൈറ്റി എന്തായാലും കൊണ്ടുപോകണം. കഴിഞ്ഞ പ്രാവശ്യം തന്നെ.... മറ്റൊരാളുടെ ഉടുപ്പ് ഇടുന്നത് അവൾ ഇഷ്ടപ്പെട്ടില്ല.

'അമ്മേ ഞാൻ ഒരു ഉടുപ്പും കൂടി തേച്ച് എടുക്കട്ടെ. അമ്മ ഊണു കഴിക്കണ്ട കാര്യങ്ങളൊക്കെ നോക്കു. രാവിലെ നാലരയ്ക്ക് എണീക്കണ്ടതാ.'

അമ്മയുടെ സീരിയലുകൾ കഴിഞ്ഞിരുന്നു. ഒമ്പതര മണിക്കുശേഷം അവർ ടിവി കാണാറില്ല. വേണ്ടെന്നു വച്ചിട്ടല്ല. മകൾക്ക് നേരത്തെ കിടക്കണമെന്നതുകൊണ്ടാണത്. താൻ തൃശ്ശൂരിൽ തങ്ങുന്ന ദിവസങ്ങളിൽ അമ്മ വളരെ വൈകിയാണ് കിടക്കുന്നതെന്നറിയാം. ഒരു ദിവസം ടിവി കണ്ടുകൊണ്ട് അങ്ങിനെ ഉറങ്ങിപ്പോയി. പിന്നെ രാവിലെ ഉണർന്നപ്പോഴാണ് മനസ്സിലായത് രാത്രി മുഴുവൻ ഇരുന്നുറങ്ങുകയായിരുന്നെന്ന്. മുമ്പിൽ ടിവിയിൽ തലേന്നുച്ചയ്ക്കു കണ്ട പരിപാടിയുടെ ആവർത്തനമാണ്.

കായ മെഴുക്കുപുരട്ടിയും സാമ്പാറും കൂട്ടി ഊണു കഴിക്കുമ്പോൾ നളിനി ട്രെയ്ൻ യാത്രയിൽ ചില സ്ത്രീകൾ പച്ചക്കറി നുറുക്കുന്നത് കാണാറുള്ളതോർത്തു.

'അമ്മയില്ലായിരുന്നൂന്ന്‌ണ്ടെങ്കിൽ എനിക്കും അതുപോലെയൊക്കെ ചെയ്യേണ്ടി വര്വായിരുന്നു.'
'ഏതുപോലെ?'
'ഞാൻ പറയാറില്ലേ അമ്മേ, ചില ചേച്ചിമാര് ട്രെയിനീന്ന് പച്ചക്കറി നുറുക്കണത്. സ്റ്റേഷനിലേയ്ക്ക് നടന്നു വരുമ്പൊ പച്ചക്കറി വാങ്ങും. ന്ന്ട്ട് ട്രെയിനിലിര്ന്ന് തെരക്കിന്റെടേല് മടീല് വച്ച് നുറുക്കും. അവർക്കൊക്കെ രാവിലെ അഞ്ചര മണിയ്‌ക്കേ വീട്ടീന്ന് പൊറപ്പെട്ടാലെ ബൊക്കാറൊ കിട്ടൂ. അതിനെടേല് ചോറും കൂട്ടാനും മെഴുക്കുപുരട്ടീം ഉണ്ടാക്കണം. അതു കഴിഞ്ഞ് രാവിലത്തെ ഭക്ഷണം തയ്യാറാക്കണം. പിന്നെ ഭർത്താവിനും കുട്ടികൾക്കുംള്ള ഉച്ചഭക്ഷണം പാക്ക് ചെയ്യൂം വേണം.' ഒരു നിമിഷം നിശ്ശബ്ദയായ ശേഷം അവൾ തുടർന്നു. 'എന്തിനാണല്ലേ അങ്ങിന്യൊക്കെ ജീവിക്കണത്?' 'അമ്മ എന്താ രണ്ടാമത് ചോറ് എടുക്കാത്തത്? ഇങ്ങിനെ ഭക്ഷണം കൊറയ്ക്കണ്ടകെട്ടോ.'
'വയസ്സ് കൊറേ ആയില്ല്യേ. ഇനി അത്രയൊക്കെ മതി.'
'ഒരു ഭാഗത്ത് കെടപ്പിലാവാതെ നോക്കിക്കോളൂ.' ഇനി അതും കൂടിയേ വേണ്ടു. അവൾ സ്വയം പറഞ്ഞു.

അമ്മ വയസ്സു പറയുമ്പോഴെല്ലാം അവൾ സ്വന്തം വയസ്സും ഓർക്കും. മുപ്പതാവാൻ ഇനി മാസങ്ങൾമാത്രമേയുള്ളൂ. അതിനു മുമ്പ്...... ഇരുപത്തൊമ്പതും മുപ്പതും തമ്മിൽ കേൾക്കുമ്പോൾ വളരെ വ്യത്യാസമുണ്ട്. ഇല്ല, അതിനുമുമ്പൊന്നും ശരിയാവുന്ന ലക്ഷണമില്ല.

രാത്രി കിടക്കുമ്പോൾ അവൾ അന്നത്തെ കാര്യങ്ങളെല്ലാം ഒരോട്ടപ്രദക്ഷിണംപോലെ ഓർക്കും. രാവിലത്തെ വണ്ടി യാത്ര തൊട്ട്, ഓഫീസിൽ നടന്ന കാര്യങ്ങൾ വഴി തിരിച്ച് വണ്ടിയാത്ര വരെ. ഒന്നിനും മാറ്റമില്ല. ഒരു ദിവസത്തെപ്പോലെത്തന്നെ മറ്റൊരു ദിവസവും. അതിനിടയ്ക്ക് ഒരു ദിവസം എല്ലാം മാറുന്നു. വ്യത്യസ്തമാകുന്നു. ആശിക്കാനൊന്നുമില്ല. പക്ഷേ വരണ്ടു തുടങ്ങിയ മനസ്സിനെ അതു നനയ്ക്കുന്നു. പുതിയ മുളകൾ പൊട്ടാൻ, ഇലകൾ വിരിയാൻ. അത്രമാത്രം. പിന്നെയുള്ള ദിവസങ്ങൾ ആ ഇലകൾ വാടുന്നതും കരിയുന്നതും നോക്കിനിൽക്കേണ്ടി വരുന്നു.

അമ്മ ഉറക്കമായി.

രാവിലെ ലഞ്ച്‌ബോക്‌സ് ഇട്ട സഞ്ചിക്കു പുറമെ പിറ്റേന്ന് ഇടേണ്ട ഉടുപ്പുകളും രാത്രി ഇടേണ്ട നൈറ്റിയും നിറച്ച സഞ്ചിയും തൂക്കി പോകുമ്പോൾ അവൾ അമ്മയെ ഓർമ്മിപ്പിച്ചു.

'അമ്മേ ഞാനിന്ന് മിക്കവാറും അനിതയുടെ വീട്ടിൽ പോകും. എട്ടരവരെ എന്നെ കണ്ടില്ലെങ്കിൽ അമ്മ ഊണു കഴിച്ച് കിടന്നോളൂ. ടീവിടെ മുമ്പില് അധികനേരൊന്നും ഇരിക്കണ്ട. കേട്ടോ?'

അമ്മ മൂളിയില്ല. ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടേണ്ടത് ഓർത്ത് അവർക്ക് ഇപ്പോൾത്തന്നെ വേവലാതി തുടങ്ങിയിട്ടുണ്ടാവും. വിളിച്ച് താമസിപ്പിക്കാൻ പറ്റിയ ആരും അടുത്തൊന്നുമില്ല. ഒരുവിധത്തിൽ അതു നന്നായി. സഹായിക്കാൻ വരുന്ന ആൾ തന്നെയായിരിക്കും അപവാദങ്ങൾ അഴിച്ചുവിടുന്നത്.

ഓഫീസിൽ സാധാരണപോലെ നേരം വൈകിയിരുന്നു. 9.20. കമ്പ്യൂട്ടർ ബൂട്ടുചെയ്ത ഉടനെ സാറിന്റെ സന്ദേശം വന്നു. 'യുവാർ ഏസ് യൂഷ്വൽ ലെയ്റ്റ്.' അവൾ മറുപടി അയച്ചു. 'ഞാൻ വൈകിയതല്ല സർ, നിങ്ങൾ നേരത്തെ ഓഫീസ് തുറന്നതാണ്.'

ഒമ്പതു മണി ഓഫീസ് തുറക്കാൻ പറ്റിയ സമയമൊന്നുമല്ല. അതുപോലെ അഞ്ചര മണി അതടയ്ക്കാനും. താൻ ഒമ്പതരയ്ക്കു വന്ന് അഞ്ചു മണിയ്ക്ക് പോകുന്നുവെന്നത് ശരിതന്നെ.

'ഉടനെ എന്റെ മുറിയിേലയ്ക്കു വരൂ.' മോണിറ്ററിൽ വീണ്ടും അക്ഷരങ്ങൾ അരിച്ചെത്തുന്നു. വിജയൻ സാറ് ചൂണ്ടാണിവരൽകൊണ്ട് കീബോർഡിലെ അക്ഷരങ്ങൾ തപ്പിയെടുത്ത് ഓരോരോ വാക്കുകൾ സൃഷ്ടിക്കുന്നത് അവൾ ഭാവനയിൽ കണ്ടു. കീബോർഡിൽ പരിചയമില്ലാത്തതുകാരണം വാക്കുകളിൽ അക്ഷരങ്ങൾ ദുർല്ലഭമാണ്. കം എന്നത് സി,എം എന്നു മാത്രം. ഫാസ്റ്റ് എന്നത് എഫ്,എസ്,ടി.

വിജയൻ സാറിന്റെ മുറി തണുത്തു വരുന്നേയുള്ളൂ.

'നീ ഏതു ട്രെയിനിനാണ് വരുന്നത്?'
'ബൊക്കാറൊ.'
'അങ്ങിനെയൊരു വണ്ടി ഇല്ലല്ലോ ഇപ്പോൾ.'
'ശരിയാണ്. അത് മാറ്റി ധാൻബാദ് ആക്കി, പക്ഷേ ഞങ്ങൾ യാത്രക്കാർ ഇപ്പോഴും അതിനെ ബൊക്കാറൊ എന്ന ഓമനപ്പേരാണ് വിളിക്കണത്.'
'അപ്പോൾ നിനക്ക് പുഷ്പുള്ളിന് വന്നുകൂടെ?'
'രാവിലെ ആറു മണിക്കോ? കണ്ണിൽ ചോരല്ല്യാതെയാണ് സാറ് സംസാരിക്കണത്.'
അയാൾ ചിരിച്ചു.
'ഇന്നു കൊടുക്കേണ്ട പ്രസന്റേഷൻ തയ്യാറാക്കണം. വേഗം തുടങ്ങിക്കോളൂ.'

അവൾ പുറത്തു കടന്നു. മുമ്പിൽ ജോലിത്തിരക്കുള്ള ഒരു ദിവസം നിവർന്നു കിടക്കെ സെൽ ഫോൺ അടിച്ചു. ആരാണെന്ന് അവൾക്കറിയാമായിരുന്നു. അവൾ ബാഗിൽനിന്ന് ഫോണെടുത്തു.

'നിന്റെ സൽവാർ കമ്മീസ് നല്ല ഭംഗിയുണ്ട്.'
'സമ്മതിച്ചു. എങ്ങിനെയതു കണ്ടൂ?'
'അതെന്റെ രഹസ്യമാണ്.'
'ഇതു പറയാനാണോ എന്നെ വിളിച്ചത്?'
'അല്ല. നാളെയ്ക്കുള്ള ഉടുപ്പുകൾ എടുത്തിട്ടില്ലേ എന്നന്വേഷിക്കാൻ.'
'എടുത്തിട്ടില്ലെങ്കിലോ?'
'കുഴപ്പമൊന്നുമില്ല, നമുക്ക് വൈകുന്നേരം വാങ്ങിക്കാം.'
'രജിത പോയോ?'
'പോയി, ഇനി അഞ്ചു ദിവസത്തേയ്ക്ക് ഞാൻ ഫ്രീ.'
'അഞ്ചു ദിവസത്തേയ്‌ക്കോ? അപ്പോൾ മിനിമോൾടെ സ്‌കൂളോ?'
'അതത്ര പ്രധാനപ്പെട്ടതൊന്നും അല്ല എന്നാണ് മേംസാബിന്റെ അഭിപ്രായം. രണ്ടാം ക്ലാസ്സിലൊന്നും അത്ര കർശനാക്കണ്ടാന്നാ പറേണത്. പക്ഷേ എനിക്കു തോന്നണത് മോള് പത്താം ക്ലാസ്സിലെത്തിയാലും രജിത ഇതുതന്നെ പറയുംന്നാണ്.'

കമ്പ്യൂട്ടറിനു മുമ്പിൽ ധ്യാനിക്കുമ്പോൾ അവൾ ആലോചിച്ചു. ഇതാണോ ജീവിതം? മറ്റൊരു സ്ത്രീ തല്ക്കാലത്തേയ്ക്ക് ഒഴിയുന്നതും കാത്തിരിക്കുക. ഒരു ദിവസം, അല്ലെങ്കില്‍ രണ്ടു ദിവസം. ആ ദിവസങ്ങളിൽ താൻ മറ്റൊരാളുടെ സ്വന്തമാകുന്നു. ഒരു പകരക്കാരി. ആ ദിവസങ്ങളിൽ മാത്രം. മറ്റു ദിവസങ്ങളിൽ ഒന്നോ രണ്ടോ ഫോൺ വിളികൾ കൊണ്ട് തൃപ്തിയടയുക. ഓഫീസിൽ മറ്റു ജോലിക്കാരുടെ ഒപ്പം ജോലിയെടുക്കുക, തമാശ പറയുക. ജിഫ് അനിമേഷനെപ്പറ്റിയോ, ഫോട്ടോഷോപ്പിൽ ഗ്രാഫിക് ഉണ്ടാക്കുന്നതിനെപ്പറ്റിയോ സംസാരിക്കുക. ബോസ്സിന്റെ ചീത്ത കേൾക്കുക. കസ്റ്റമേഴ്‌സ് വരുമ്പോൾ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി കുറിപ്പെടുക്കുക, പറ്റുമെങ്കിൽ അപ്പോൾ തന്നെ ഡെമോൺസ്റ്റ്രേഷൻ നൽകുക. തിരിച്ച് വീട്ടിലേയ്ക്കു യാത്ര, സ്വപ്നങ്ങളില്ലാത്ത ഒരു രാത്രിക്കു ശേഷം വീണ്ടും എഴുന്നേറ്റ് പുറപ്പെടാനായി മാത്രം. ഇതായിരിക്കാം ജീവിതം. താൻ മറ്റെന്താണ് പ്രതീക്ഷിക്കുന്നത്, വേറൊരു ജീവിതമുണ്ടാകുന്നവരെയെങ്കിലും?

അവൾ അഞ്ചു മണിക്കുതന്നെ ഓഫീസിൽനിന്നിറങ്ങി. തോളത്തിട്ട സഞ്ചിയിലുള്ള ഡ്യൂപ്ലികേറ്റ് താക്കോൽ തൊട്ടുനോക്കി ഉറപ്പു വരുത്തി. ആ താക്കോൽ മറ്റൊരു വീടിന്റെ വാതിൽ തുറക്കാനുള്ളതാണ്. സന്ദേഹത്തിന്റേയും ആശങ്കയുടെയും വാതിൽ. ഓരോ പ്രാവശ്യവും ആ ഗെയ്റ്റ് കടക്കുമ്പോൾ അവളുടെ ഹൃദയം പിടയ്ക്കാറുണ്ട്. ഉമ്മറത്ത് കയറി, കഴിയുന്നത്ര ശാന്തത കൈവരിച്ച് സ്വന്തം വീട്ടിന്റെ വാതിൽ തുറക്കുകയാണെന്ന മട്ടിൽ താക്കോലിട്ട് തിരിക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം വാതിൽ കടക്കുന്നതോടെ അപ്രത്യക്ഷമാകുന്നു. വീട്ടിൽ അവൾ ഒറ്റയ്ക്കാണ്. വാതിലടച്ച് കുറ്റിയിട്ട് അവൾ എല്ലാ മുറിയിലും പോയി നോക്കുന്നു. ആരുമില്ല. പ്രതീക്ഷിച്ചതുതന്നെയെങ്കിലും അതവൾക്ക് ആശ്വാസമരുളുന്നു. കിടപ്പറയിൽപ്പോയി അവൾ സാരി അഴിച്ചു മാറ്റി മടക്കിവയ്ക്കുന്നു. സഞ്ചി തുറന്ന് മാറ്റാനുള്ള നൈറ്റിയും അടിവസ്ത്രങ്ങളും എടുത്ത് കുളിമുറിയിൽ പോകുന്നു.

കുളിമുറിയിൽനിന്ന് പുറത്തു വരുന്നത് ഭാവനകളാൽ സ്വയം കബളിപ്പിക്കപ്പെടുന്ന ഒരു സ്വപ്നജീവിയാണ്.

'എന്റെ ഭർത്താവ് ഇപ്പോൾ വരും.' അവൾ വിചാരിക്കുന്നു. 'വരുമ്പോഴേയ്ക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കട്ടെ.'

അവൾ അടുക്കളയിൽ പോയി എന്താണുണ്ടാക്കേണ്ടതെന്ന് നോക്കുന്നു. നരേന്ദ്രന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം അവൾക്കറിയാം. അതുകൊണ്ട് എന്താണുണ്ടാക്കേണ്ടതെന്ന് അവൾ വേഗം തീർച്ചയാക്കുന്നു. അഞ്ചര മണിവരെയാണ് ഓഫീസ്. അതുകഴിഞ്ഞാൽ നേരെ വീട്ടിലേയ്ക്കു വരുമെന്നാണ് പറഞ്ഞത്. പ്രതീക്ഷിക്കാൻ ഒരാളുണ്ടാവുക എന്തു സുഖമാണ്. ഈ നൂലിഴ വളരെ നേരിയതാണെന്നവൾക്കറിയാം. എങ്കിലും ഭാവനയുടെ പട്ടുനൂൽകൊണ്ട് അവൾ യാഥാർത്ഥ്യത്തെ മൂടാനായി ഒരാവരണം നെയ്യുന്നു. ബെല്ലടിച്ചപ്പോൾ അവൾ ഓടിപ്പോയി വാതിൽ തുറന്നു. നരേന്ദ്രൻ ചിരിച്ചുകൊണ്ട് അകത്തു കടന്നു.

'ആരാണെന്നു നോക്കാതെയാണോ വാതിൽ തുറന്നത്?'
'നരേന്ദ്രനാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാറിന്റെ ശബ്ദം കേട്ടു.'
അയാൾ വാതിലടച്ച് അവളെ കെട്ടിപ്പിടിച്ചു.

എല്ലാം ഞാൻ പ്രതീക്ഷിച്ചപോലെത്തന്നെ. അവൾ കരുതി. എന്റെ ഭർത്താവ് ഓഫീസിൽനിന്നു വരുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു, ഉമ്മ വയ്ക്കുന്നു.

'വരൂ. ചായ തയ്യാറായിട്ടുണ്ട്.'
ഉരുളൻകിഴങ്ങ് നേരിയതായി മുറിച്ചത് കടലമാവിൽ മുക്കിപ്പൊരിച്ചതു തിന്നുമ്പോള്‍ നരേന്ദ്രൻ പറഞ്ഞു.
'ഈ സാധനം എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്. എന്റെ ഭാര്യയ്ക്ക് അതറിയുകയും ചെയ്യാം. എന്നിട്ടും ഇവിടെ ബജിയ ഉണ്ടാക്കാറില്ല. കാരണം വളരെ ലളിതം. അവൾക്കത് ഇഷ്ടമല്ല. അവൾക്കിഷ്ടമുള്ള കാര്യങ്ങളേ ഇവിടെ നടക്കാറുള്ളൂ.'
'ഇത് വളരെ എളുപ്പമാണുണ്ടാക്കാൻ.' നളിനി പറഞ്ഞു.
'എനിക്കറിയാം. ആട്ടെ രാത്രി എന്താണ് ഭക്ഷണം?'
'എന്താണുണ്ടാക്കേണ്ടത് പറയൂ?'
'നമുക്ക് പുറത്തു പോയി കഴിക്കാം?'

'ശരി.' ഇപ്രാവശ്യം കെട്ടിപ്പിടിക്കേണ്ടതും ഉമ്മ വെയ്‌ക്കേണ്ടതും നളിനിയുടെ ഊഴമായിരുന്നു. ഓരോ പ്രാവശ്യം ഇവിടെ താമസിക്കുമ്പോഴും അവൾക്കു തോന്നാറുണ്ട്, താനൊരു സ്വപ്‌നം കാണുകയാണെന്ന്. ഉണർന്നാലും തുടർന്നുപോകുന്ന സ്വപ്‌നം. തന്റെ ജീവിതം ഈ ഒരു സ്വപ്നത്തിൽ ഒതുങ്ങിയാലും കഴപ്പമില്ല. ഇനി രാത്രിയായാൽ അവർ കാറിൽ പുറപ്പെടുന്നു. കാറിൽ അടിക്കുന്ന സ്‌പ്രേയുടെ മണം അവൾക്കു പരിചിതമാണ്. ഏതു റെസ്റ്റോറണ്ടിലാണ് പോകേണ്ടതെന്ന് തീരുമാനിക്കേണ്ടത് നളിനിയാണ്. അതുപോലെ എന്ത് കഴിക്കണമെന്നും.

'ഇന്ന് നിന്റെ ദിവസമാണ്. എല്ലാം തീരുമാനിക്കേണ്ടത് നീ മാത്രം.'

അവൾ ഓർഡർ ചെയ്യുന്ന ഭക്ഷണം അയാൾക്കിഷ്ടമാകുന്നു. അല്ലെങ്കിൽ ഇഷ്ടമാണെന്നു നടിക്കുന്നു. ഭക്ഷണകാര്യത്തിലുള്ള നളിനിയുടെ അഭിരുചി അയാൾ പുകഴ്ത്തുന്നു. ഓരോ നിമിഷവും നരേന്ദ്രൻ തന്നെയും രജിതയെയും താരതമ്യപ്പെടുത്തുന്നുണ്ടെന്ന് അവൾക്കറിയാം. തിരിച്ച് വീട്ടിൽ വന്നാൽ കിടപ്പറയിൽപ്പോലും അയാൾ ശ്രദ്ധിച്ചിരുന്നത് അവളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ്.

'എന്റെ ഇഷ്ടം മാത്രം നോക്കിയാൽ ശരിയാവുമോ?' അവൾ ചോദിക്കുന്നു.

'നീ നീയാവുന്നത് എന്റെ ഒപ്പം മാത്രമാണ്.' നരേന്ദ്രൻ പറയുന്നു. 'മറ്റുള്ള സമയങ്ങളിലെല്ലാം നീ അഭിനയിക്കുകയാണ്.'

അവൾക്കതറിയാം. ശരിയാണ്. അമ്മയുടെ ഒപ്പം വീട്ടിൽ കഴിയുന്ന സമയത്ത്, തീവണ്ടി കമ്പാർട്ടുമെന്റിൽ നാലു സീറ്റിന്റെ സ്ഥലത്ത് അഞ്ചും ആറും സ്ത്രീകൾ തിക്കിയിരുന്നു യാത്ര ചെയ്യുമ്പോൾ, ഓഫീസിൽ ജോലിയെടുക്കുമ്പോൾ എല്ലാം അവൾ അഭിനയിക്കുകയാണ്. തികച്ചും വിരസമായ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിക്കുന്ന ഒരു സീരിയലിൽ പ്രത്യക്ഷപ്പെടേണ്ട വിഷമത്തോടെ അവൾ ഓരോ എപ്പിസോഡുകൾ തീർക്കുകയാണ്.

അതിനിടയ്ക്ക് രക്ഷപ്പെടാമെന്ന ആശയും തന്നുകൊണ്ട് ഓരോ ചെറുപ്പക്കാർ കയറി വരുന്നു. കഴിഞ്ഞ ആഴ്ച കാണാൻ വന്ന ഒരു ചെറുപ്പക്കാരനെ അവൾ ഓർത്തു. അയാൾ സ്‌നേഹിതന്റെ ഒപ്പമാണ് വന്നത്. നല്ല ചെറുപ്പക്കാരൻ. അയാൾക്കവളെയും ഇഷ്ടമായി. സുന്ദരിയാണ്. നല്ല ജോലിയുണ്ട്. തരക്കേടില്ലാത്ത വീടും പരിസരവും. അയാൾക്ക് കുറേ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. സംസാരത്തിനിടയിൽ അയാൾ പറഞ്ഞു.

'എനിക്ക് ഒരു കന്യകയെത്തന്നെ കല്യാണം കഴിക്കണമെന്നുണ്ട്. ഞാൻ ചോദിച്ചാൽ വിഷമമാവുമോ? കുട്ടിയ്ക്ക്.......'
അവൾ ആലോചിച്ചു. അവൾക്ക് വേണമെങ്കിൽ അഭിനയിക്കാം. പക്ഷേ താൻ ഒരു ജീവിതം തുടങ്ങാൻ പോവുകയാണ്. തുടക്കംതന്നെ അഭിനയത്തിലായാൽ ശരിയാവില്ല. അവൾ ചോദിച്ചു.
'നിങ്ങൾക്ക് അനുഭവമൊന്നുമുണ്ടായിട്ടില്ലേ?'
അയാൾ പരുങ്ങി. അഭിനയത്തിൽ ജീവിതം തുടങ്ങാൻ അയാളും ആഗ്രഹിച്ചിട്ടുണ്ടാവില്ല.
'എത്ര പ്രാവശ്യം ഉണ്ടായിട്ടുണ്ട്?' അവൾ വീണ്ടും ചോദിച്ചു.
അയാൾ മടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ വീണ്ടും പറഞ്ഞു. 'പറയൂ......'
'കുറേ പ്രാവശ്യം.
'കുറേ പ്രാവശ്യം?'
'അതെ, ഞങ്ങളുടെ വീട്ടിൽ ജോലിക്കു നിന്ന ഒരു സ്ത്രീയായിരുന്നു. എന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീ.'
'അവരിപ്പോൾ ഇല്ലേ?'
'ഇല്ല, രണ്ടു മാസം മുമ്പ് ജോലി വിട്ട് പോയി.'

അതാണോ കല്യാണം കഴിക്കാൻ തീർച്ചയാക്കിയത് എന്നു ചോദിക്കണമെന്നു കരുതി. പക്ഷേ അയാളുടെ മുഖത്തു നോക്കിയപ്പോൾ ഒന്നും പറയാൻ തോന്നിയില്ല. ഒരു പാവം മനുഷ്യൻ. ഇത്ര പെട്ടെന്ന് സ്വന്തം ജീവിതത്തെ നഗ്നമാക്കിയ ചെറുപ്പക്കാരൻ ചീത്തയാവാൻ വഴിയില്ല. അവൾ ആശ്വസിച്ചു. വേശ്യകളുടെ അടുത്തൊന്നുമല്ലല്ലൊ പോയത്. അവൾക്ക് അയാളെ ഇഷ്ടമായി. വയസ്സ് മുപ്പത്തിരണ്ടെന്നാണയാൾ പറഞ്ഞത്. അത്രയൊന്നും തോന്നിക്കില്ല. കുറച്ചകലെ ഇരിക്കുന്ന സ്‌നേഹിതനെ നോക്കി കേൾക്കുന്നില്ലെന്നുറപ്പാക്കി അയാൾ ചോദിച്ചു.

'എന്തു പറയുന്നു?'
പക്ഷേ മറുപടി പറയാതെ അവൾ ചോദിക്കുകയാണുണ്ടായത്.
'സ്വന്തം അങ്ങിനെയുള്ള അനുഭവങ്ങളുണ്ടാകുമ്പോൾ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി കന്യകയാവണമെന്ന് ശഠിക്കുന്നതെന്തിനാണ്?'
'രണ്ടും രണ്ടെല്ല?'
'എന്താണ് വ്യത്യാസം?'

അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല. ഒരു തീരുമാനമെടുക്കാതെ തന്നെ അയാൾ പോയി. അയാൾ ഒരു ദിവസം തിരിച്ചുവരുമെന്ന് നളിനിക്ക് തോന്നിയിരുന്നു. കൂടുതൽ സംസാരിക്കാൻ, തന്റെ വാദഗതികൾ സമർത്ഥിക്കാൻ, ഒരുപക്ഷേ തന്നെപ്പറ്റി കൂടുതൽ സംസാരിക്കാൻ. എന്താണ് വേണ്ടത് എന്ന് അവൾ തീർച്ചയാക്കിയിരുന്നില്ല. 'രണ്ടും രണ്ടല്ലെ' എന്നു വിശ്വസിക്കുന്ന ഒരാളുടെ മുമ്പിൽ തന്റെ ജീവചരിത്രത്തിന്റെ നിർണ്ണായക താളുകൾ തുറന്നു കൊടുക്കേണ്ട ആവശ്യമുണ്ടോ?

നരേന്ദ്രൻ ഉറക്കമായിരിക്കുന്നു. ക്ഷീണിച്ചുള്ള ഉറക്കം. ഒരു മണിക്കൂർ നേരത്തേയ്‌ക്കേ ഉണ്ടാവൂ. വീണ്ടും ഉണരുന്നു, തന്നെ സന്തോഷിപ്പിക്കുന്നു. കിട്ടുന്നതിൽ കൂടുതൽ കൊടുക്കുന്ന മനുഷ്യൻ. രജിതയോട് നളിനിയ്ക്ക് അസൂയ തോന്നി.

രാവിലെ ഓഫീസിലേയ്ക്കു പോകാനായി വാതിൽ തുറക്കുമ്പോൾ അയാൾ ചോദിച്ചു.

'നിനക്ക് ഇന്നുതന്നെ പോണോ?'

അവൾ ഒന്നും പറഞ്ഞില്ല. നരേന്ദ്രന്റെ കാർ കണ്ണിൽനിന്നു മറയും വരെ അവൾ വാതിൽക്കൽ നിന്നു. പിന്നെ വാതിലടച്ച് സോഫയിൽ വന്നിരുന്നു. സമയം എട്ടേമുക്കാലായിട്ടേ ഉള്ളു. ഇനി ഒമ്പതേകാലായാൽ വീടു പൂട്ടി പുറത്തിറങ്ങാം. ഓഫീസിൽ പോകാം. കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് ജോലി. ഡെമോ പ്രസന്റേഷനുകളുണ്ടാക്കുക, കസ്റ്റമേഴ്‌സ് വന്നാൽ അതു കാണിച്ചുകൊടുക്കുക. വൈകുന്നേരമായാൽ സ്റ്റേഷനിലേയ്ക്ക് ഓടുക. തിരക്കുള്ള വണ്ടിയിൽ സീറ്റു പിടിക്കാൻ തിക്കിക്കയറുക. വീട്ടിൽ കാത്തിരിക്കുന്ന അമ്മ അനിതയുടെ വീട്ടിലെ വിശേഷങ്ങൾ ചോദിക്കുന്നത്, ഒരു തിരക്കഥാകാരിയുടെ ചാതുര്യത്തോടെ അനിതയെന്ന സാങ്കല്പിക കഥാപാത്രത്തിന്റെ കഥ പറയുന്നത്..... അങ്ങിനെ പോകുന്നു ഓരോ എപിസോഡും, തികച്ചും യാന്ത്രികമായി, വിരസമായി........

ഗൃഹലക്ഷ്മി - മാര്‍ച്ച് 2004