|| Scripts

ശ്രീപാർവ്വതിയുടെ പാദം

ഇ ഹരികുമാര്‍

സീൻ 21.

ഫ്ലാഷ്ബാക്ക് തുടങ്ങുന്നു.

കുട്ടികളായ മാധവിയും ശാരദയും കൂടിയിരുന്ന് നാമം ചൊല്ലിയിരുന്നത്. അവരുടെ വശത്തായി, എന്നാൽ അവരെ നോക്കിക്കൊണ്ട് മുത്തശ്ശിയും ഉണ്ട്. അവരുടെ ചുണ്ടുകൾ ചലിക്കുന്നുണ്ട്, പക്ഷെ അവർ നിശ്ശബ്ദം കീർത്തനം ചൊല്ലുകയാണ്. ചുവരിലെ കുട്ടികളുടെ നിഴലുകൾ വലുതായി നിലവിളക്കിന്റെ നാളം ഇളകുന്നതിനോടൊപ്പം നൃത്തം വെയ്ക്കുന്നത്, ചന്ദനത്തിരിയുടെ പുക പല രൂപങ്ങളായി മാറുന്നത്........

ഫ്ലാഷ്ബാക്ക് അവസാനിച്ചു.

സീൻ 22.

ഊൺമേശ. നടുവിൽ ഒരു മേശവിളക്ക് കൊളുത്തിവച്ചിട്ടുണ്ട്. മേശയ്ക്കു ചുറ്റും രാമേട്ടനും സുപ്രിയയും മറുഭാഗത്തായി മാധവിയും ഇരിയ്ക്കുന്നു. ശാരദ വിളമ്പിക്കൊണ്ട് നിൽക്കുന്നു.

മാധവി: ചേച്ചി ഒന്ന് വന്നിരിയ്ക്കു. ഞങ്ങക്ക് വേണ്ടതൊക്കെ ഞങ്ങളന്നെ എടുത്തോളാം.

രാമേട്ടൻ: അതൊന്നും പറഞ്ഞിട്ട് കാര്യല്ല്യ ന്റെ കുട്ട്യേ. ചേച്ചിയ്ക്ക് സ്വന്തം കയ്യോണ്ട് വിളമ്പിത്തന്നാലേ തൃപ്ത്യാവു. ഞാനെത്ര പറഞ്ഞതാ. കേക്കണ്ടെ?

ശാരദ: ദാ കഴിഞ്ഞു. ആദ്യത്തെ പന്തി അങ്ങട്ട് വെളമ്പീട്ട് ഇരിക്ക്യാംന്ന് വെച്ചിട്ടാ.

ശാരദ ഇരിയ്ക്കുന്നു.

മാധവി: ഈ മത്തി വെച്ചത് നന്നായിട്ടണ്ട്. വറുത്തതും. പഴേ സ്വാദ് ഓർമ്മ വര്വാ. വല്യമ്മ നന്നായി മീൻകൂട്ടാന്ണ്ടാക്ക്വായിരുന്നു.

രാമേട്ടൻ: അത് ശര്യാ. എന്റെ അമ്മായിയമ്മേടെ മീൻ കറി ഒന്ന് സ്‌പെഷലന്യാന്നാ കേട്ടിട്ട്ള്ളത്. എനിയ്ക്കനുഭവിയ്ക്കാൻ ഭാഗ്യണ്ടായിട്ടില്ല. അത് നോക്കുമ്പ ഇവളടെ ഒന്നുംല്യാന്നാ പറേണത്..

ശാരദ: എന്താ കാര്യം, നേരത്തെ പോയില്യേ?

എല്ലാവരും നിശ്ശബ്ദരാകുന്നു.

ഫെയ്ഡൗട്ട്.

സീൻ 23.

ഊണു കഴിഞ്ഞ് എല്ലാവരും ഉമ്മറത്ത് കൂടിയിരിയ്ക്കയാണ്. ഊണുമുറിയിലുപയോഗിച്ച മേശവിളക്ക് മേശമേൽ വച്ചിട്ടുണ്ട്. സുപ്രിയ മാധവിയെ തൊട്ടുരുമ്മി ഇരുത്തിമേലാണ് ഇരിക്കുന്നത്.

രാമേട്ടൻ: (മാധവിയോട്) എന്തിനാ നീ നാളെത്തന്നെ പോണത്?

മാധവി: പാവംല്യേ രാമേട്ടാ, രവ്യേട്ടൻ ഒറ്റയ്ക്കിര്ന്ന് ജോലിട്‌ക്ക്‌ണ്‌ണ്ടാവും. കുട്ടികൾക്കാണെങ്കില് ഓരോ ദിവസും പ്രത്യേകം എന്തെങ്കിലും വേണം രാത്രി. അല്ലെങ്കിൽ ചോറ് എറങ്ങില്ല. കാടൻപൂച്ചകള്.

സുപ്രിയ ഉറക്കെ ചിരിക്കുന്നു.

മാധവി (പുറത്തേയ്ക്കു നോക്കിക്കൊണ്ട്) ഇവിടെ പുറത്തൊക്കെ എന്തിര്ട്ടാ. എറണാകുളത്ത് ഇരുട്ട് ന്ന്ള്ള ഒരു സാധനേ ഇല്യ. ചെലപ്പൊ നമ്ക്ക് തോന്നില്ല്യേ ഒന്ന് ഒറ്റയ്ക്ക് ഇരുട്ടത്തിരിക്കണംന്ന്. കറന്റ് പോയാൽ ഉടനെ വരും ജനറേറ്ററ്. ഇവിടെ നോക്കു രാത്രി ജനലീക്കൂടി നോക്ക്യാൽ മിന്നാമിനുങ്ങിനെ കാണാം..........

ശാരദ: നെന്റെ ഓരോ പ്രാന്തുകള്. പണ്ടേ ണ്ട് ഇങ്ങനത്തെ ഓരോ പ്രാന്തു പറച്ചില്. എനിക്ക് ഒറക്കം വരുണു. അടുക്കളേല് ഒന്ന് ഒതുക്കാൻ പാറുകുട്ട്യെ ഏല്പിച്ചിട്ടാ ഞാൻ വന്നിരിക്കണത്. പാവം ഈ നേരായാൽ വയ്യാതാവ്ണ്‌ണ്ട്. ഞാൻ പോയി സഹായിക്കട്ടെ.

രാമേട്ടൻ: ഞാൻ താഴത്ത് തെക്കേ അറേലാണ് കെടക്കണത്. അതൊന്ന് വിരിച്ചിട്ട് പൊയ്‌ക്കോളു.

മാധവി: എന്തിനാത്, രാമേട്ടൻ കട്ടിലിമ്മേല് കെടന്നോളു. ഞങ്ങള് മൂന്നു പേരും നെലത്ത് വിരിച്ചിട്ട് കെടക്കാം.

രാമേട്ടൻ: വേണ്ട വേണ്ട, ചേച്ചീം അനിയത്തീംകൂടി ചെവി കടിച്ചുതിന്നണ ശബ്ദം കേട്ടാൽ എന്റെ ഒറക്കം അവതാളത്തിലാവും. ഞാൻ സുഖായിട്ട് താഴത്ത് തെക്കെ അറയില് കിടക്കാം.

മാധവി: (സുപ്രിയയോട്) മോളെ നാളെ നേർത്തെ എഴുന്നേൽക്കണം. നമ്ക്ക് അമ്പലത്തീ പോണ്ടെ?

സുപ്രിയ: (സന്തോഷത്തോടെ) ഞാൻ എണീക്കാം. എത്ര ദിവസായി അമ്പലത്തീ പോയിട്ട്. ഈ അമ്മ വിളിച്ചാലും വരില്ല.

ശാരദ എഴുന്നേൽക്കുന്നു.

ഫേയ്ഡൗട്ട്.

സീൻ 24.

എ.

മുകളിലെ കിടപ്പറ. ഒരു പാനീസ് (റാന്തൽ) ഒരു ചെറിയ മേശപ്പുറത്ത് വെച്ചിട്ടുണ്ട്. കട്ടിലിന്മേൽ സുപ്രിയ കിടന്നുറങ്ങുന്നു. ശാരദ നിലത്ത് കിടയ്ക്ക നിവർത്തി വിരിയ്ക്കയാണ്.

ബി.

മാധവി ജനലിലൂടെ പുറത്തേയ്ക്ക് നോക്കുന്നു. ഇരുട്ട് മാത്രം. ഇടയ്ക്ക് കാണുന്ന മിന്നാമിനുങ്ങുകൾ. തിരിഞ്ഞ് ചേച്ചിയോട് പറയുന്നു.

മാധവി: ചേച്ചീ, ഇപ്പൊ നല്ലാരു മഴ പെയ്താൽ ഉറങ്ങാനെന്തു സുഖായിരിക്കും.

ശാരദ: ചെലപ്പൊ പെയ്തൂന്ന് വരും.

ശാരദ വിരിച്ചു കഴിഞ്ഞിരുന്നു.

ശാരദ: വരു നമ്ക്ക് കെടക്കാൻ നോക്ക്വാ. നാളെ അമ്പലത്തീ പോണ്‌ണ്ടോ?

മാധവി: പോണം ചേച്ചി. ഒന്നോ രണ്ടോ ദിവസം ഇവിടെ വരുമ്പോ എല്ലാം കൂടി വാരിയെടുക്കാൻ തോന്ന്വാ. ചേച്ചി ഭാഗ്യം ചെയ്തവളാ. കുട്ടിക്കാലം തൊട്ടേ പരിചയള്ള വീട്, പറമ്പ്, സ്ഥലങ്ങള്. ഇവിടെ താമസിക്ക്യാന്ന് പറയണതന്നെ ഭാഗ്യാ.

ശാരദ: (വ്യംഗ്യാർത്ഥത്തിൽ) അത്യതെ, ഭാഗ്യം തന്നെ. ഭാഗ്യം കൂടീട്ട്ള്ള കൊഴപ്പേള്ളു എനിയ്ക്ക്.

ശാരദ കിടക്കുന്നു. മാധവി അവസാനമായി ജനലിലൂടെ നോക്കിയ ശേഷം വന്ന് ചേച്ചിയുടെ ഒപ്പം കിടക്കുന്നു.

സി.

ശാരദ: ഓ, പാനീസിന്റെ തിരി താഴ്ത്താൻ മറന്നു. (എഴുന്നേൽക്കാൻ നോക്കുന്നു.)

മാധവി: സാരല്യ ചേച്ചി, നമ്ക്ക് ഒറക്കം വരുമ്പൊ ചെയ്താൽ പോരെ. എനിയ്ക്ക് സംസാരിക്കുമ്പൊ ചേച്ചിടെ മുഖം കാണണം. അല്ലെങ്കില് വേറെ ഏതോ ലോകത്തീന്ന് സംസാരിക്കണപോലെ തോന്നും.

ശാരദ കിടക്കുന്നു. അവർ അന്യോന്യം അഭിമുഖമായാണ് കിടക്കുന്നത്.

ശാരദ: രാമേട്ടൻ പറയണത് നിങ്ങടെ തൃശൂരുള്ള വീടും അഞ്ച് സെന്റ് പറമ്പുംകൂടി ചുരുങ്ങിയത് പത്തു ലക്ഷം ഉറുപ്പികയെങ്കിലും വരുംന്നാ.

മാധവി: (ചേച്ചി പറയുന്നത് ശ്രദ്ധിക്കാതെ) ശാരദേച്ചീ, മുത്തശ്ശി നമുക്ക് ശ്രീപാർവ്വതിടെ പാദം കാണിച്ചുതന്നതോർമ്മണ്ടൊ?

ശാരദ: ഉം...ഉം... പിന്നെ ഇവിടെ ഈ പറമ്പും വീടും ഒക്കെ കൂടിയാൽ രണ്ടു ലക്ഷം കിട്ടുംന്ന് തോന്ന്ണില്ല.

മാധവി: (ചേച്ചി സംസാരിക്കുന്നത് കാര്യമാക്കാതെ) തുമ്പപ്പൂ കമഴ്ത്തിവെച്ച് കാണിച്ചുതന്നത് ഓർമ്മല്ല്യെ? നമ്മള് ഓണത്തിന് പൂവിടുമ്പോൾ നടുവില് വെക്കാറ്ണ്ട്.

ശാരദ: നീ എന്തൊക്ക്യാണ് പറേണത്?............ പിന്നെ നെന്നെ കോൺവെന്റില് ചേർത്ത് പഠിപ്പിക്കാനും നല്ലോണം കാശായിട്ടുണ്ട്. അതൊക്കെ തറവാട്ടില് നെല്ല് വിറ്റതിന്റെ പണായിരുന്നു. ഞാൻ പിന്നെ പത്തില് തോറ്റപ്പോ പഠിത്തം നിർത്തി. കല്യാണോം ഉണ്ടാവില്ല്യാന്നു കരുതീതാ. എങ്ങിന്യോ ഇരുപത്തെട്ടാം വയസ്സില് അതും കഴിഞ്ഞു.

മാധവി: പഠിത്തം നിർത്തിയത് ചേച്ചിയുടെ ഭാഗ്യം. ഞാൻ ടീച്ചർമാര്‌ടെ ശിക്ഷയും സഹിച്ചാണ് ഡിഗ്രിയെടുത്തത്, എന്നിട്ട് എന്തു കാര്യണ്ടായി?

ശാരദ: ഞാൻ കാര്യം പറയുമ്പോൾ നെനക്ക് കളിയാണ്. ഞാൻ ഇതൊക്കെ പറഞ്ഞപ്പൊ രാമേട്ടൻ പറയ്യാണ്, ഞാനിതിലൊന്നും എടപെടില്ല്യാന്ന്. ഞാൻ പിന്നെ ആരോടാ പറേണ്ടത്. (ശബ്ദം ഇടറുന്നു.)

മാധവി ചേച്ചിയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ആശ്വസിപ്പിക്കുന്നു.

മാധവി: ശാരദേച്ചി ഒരു മണ്ടിയാണ്. എനിക്കെന്തിനാ ചേച്ചി ഇനിയൊരു വീട്? തൃശൂരിലെ വീട് എനിക്കാണ്. പിന്നെ എനിക്ക് രണ്ട് ആൺമക്കളല്ലെ? കൂടുതൽ വീടുകൾ വേണങ്കിലവരുണ്ടാക്കിക്കോട്ടെ. ഈ വീടും പറമ്പും നെലോം ഒക്കെ ശാരദേച്ചീടെ തന്ന്യാണ്. അതെല്ലാം സുപ്രിയയ്ക്ക്ള്ളതാണ്. സുപ്രിയ എന്റെ മോള് തന്ന്യല്ല്യെ?

ശാരദ ഒന്നും പറയാതെ മാധവിയെ നോക്കിക്കിടക്കുകയാണ്. അതിനിടയ്ക്ക് കടക്കൺകോണിലുരുണ്ട ഒരു തുള്ളി കണ്ണീർ കൈകൊണ്ട് തുടക്കുന്നു.

മാധവി: മോളെപ്പറ്റി പറഞ്ഞപ്പഴാണ്, നാളെ ഞാനവളെ എറണാകുളത്ത് കൊണ്ടുപോവ്വ്വാണ്. സ്‌ക്കൂൾ തൊറക്കണേന്റെ മുമ്പെ രവിയേട്ടൻ കൊണ്ടുവന്നാക്കും.

ശാരദ: എന്നാപ്പിന്നെ അതങ്ങട് എഴുതി രജിസ്റ്റർ ചെയ്താൽ എന്താ തരക്കേട്?

ശാരദ കണ്ണീരൊപ്പുകയാണ്. ഒരു തേങ്ങൽ.

മാധവി: (ശാരദേച്ചിയെ തന്നിലേയ്ക്കടുപ്പിയ്ക്കുന്നു.) ശാരദേച്ചി കരയണ്ട. ഞാൻ നാളെ പോണ വഴിക്ക് തൃശ്ശൂരിലിറങ്ങി അമ്മേം അച്ഛനേം കാണാം. അച്ഛനോട് കഴിയണ വേഗത്തില് ഇതെല്ലാം ചേച്ചീടെ പേരില് ആക്കാൻ പറയാം.

ശാരദ: നീ ഒന്നും പറയാൻ പോണ്ട. അച്ഛൻ മരിച്ചേനുശേഷം ചെറിയച്ഛനാ എന്റെ കാര്യങ്ങളൊക്കെ നോക്കീട്ട്ള്ളത്. നന്ദികേട് എന്നു വിചാരിക്കും.

മാധവി: ഇല്ല, ചേച്ചി പറഞ്ഞതായി പറയിണില്ല്യ പോരെ? ഞാൻ എന്റെ ഇഷ്ടത്തിന് പറയ്യാണ്ന്ന് പറയാം. ഇതൊക്കെ മുമ്പെത്തന്നെ ശരിയാക്കായിരുന്നു. (ശാരദയോടെന്നില്ലാതെ സ്വയം പറയുകയാണ്.) ശരിക്കു പറഞ്ഞാൽ അതന്യാണ് ഏറ്റവും നല്ലത്. ഇനി വരാൻ പോണ തലമുറ എങ്ങിന്യാവും ന്നൊന്നും പറയാൻ വയ്യ. അപ്പോൾ സ്‌നേഹത്തിലിരിക്കുന്നവര് ജീവിച്ചിരിക്കുമ്പത്തന്നെ കാര്യങ്ങളെല്ലാം തീർത്തുവെക്ക്യാന്നാണ് നല്ലത്. പക്ഷെ, അങ്ങിനെ ചെയ്താൽ പിന്നെ ഒന്നും പഴേ മട്ടിലാവില്ല്യാന്ന് തോന്ന്വാ. ഈ വീടും പറമ്പും, അതില് ജീവിച്ചു മരിച്ചോരും ഇപ്പ ജീവിച്ചിരിക്കണോരും എല്ലാം എന്റെ രക്തത്തില്ണ്ട്. എന്നെ സ്‌നേഹം എന്താന്ന് പഠിപ്പിച്ചത് ഇവരൊക്ക്യാണ്. പ്രത്യേകിച്ച് മുത്തശ്ശി. ............... ഇതു കഴിഞ്ഞാപ്പിന്നെ അതൊക്കെ എനിക്കു തീരെ നഷ്ടപ്പെടുംന്ന തോന്നല്. .................. അല്ലെങ്കിൽ ശാരദേച്ചിക്കതൊന്നും മനസ്സിലാവില്ല.

ഡി.

മാധവിയുടെ സംസാരത്തിനിടയിൽ ശാരദ ഉറക്കമായിരുന്നു. മാധവി ചേച്ചിയുടെ കൈ പതുക്കെ തന്റെ അരക്കെട്ടിൽനിന്ന് മാറ്റി എഴുന്നേറ്റ് മേശമേലുള്ള പാനീസിന്റെ തിരി താഴ്ത്തുന്നു. അവൾ ജനലിനരികിലേയ്ക്കു നടക്കുന്നു. ഒരു മിന്നലിന്റെ ശോഭയിൽ മാധവിയുടെ മുഖത്തിന്റെ വശം കാണുന്നു. കവിളിൽക്കൂടി കണ്ണീരൊഴുകുകയാണ്.

സീൻ 25.

എ.

പ്രഭാതം. കിളികളുടെ ശബ്ദം, ദൂരെനിന്ന് ഒരു ഇടയ്ക്കയുടെ ശബ്ദം നേരിയതായി കേൾക്കാം. മാധവി ഉണരുന്നു. ചുറ്റും നോക്കുമ്പോൾ ഒപ്പം കിടന്നിരുന്ന ശാരദേച്ചിയും കട്ടിലിൽ കിടന്നിരുന്ന സുപ്രിയയും എഴുന്നേറ്റു പോയിരിക്കുന്നു. അവൾ എഴുന്നേറ്റിരുന്ന് തലമുടി കെട്ടുകയാണ്. എഴുന്നേറ്റ് ജനലിനരികെ വന്ന് നിൽക്കുന്നു. പുറത്ത് മഴയില്ല. ആകെ ഒരു പ്രശാന്തത. മരങ്ങൾ ഈറനണിഞ്ഞു നിൽക്കുന്നു. കിളികളുടെ ശബ്ദം ഒരു സദിരുപോലെ കേൾക്കുന്നു. മാധവി അതു ശ്രദ്ധിക്കുന്നു, മുഖത്ത് മന്ദഹാസം. അവൾ പോകാനായി തിരിയുന്നു.

സീൻ 26.

ഇടനാഴിയിൽ കോണിയ്ക്കു താഴെ. കോണിയിറങ്ങിവരുന്ന മാധവി. ഇടനാഴിയിൽ അധികം വെളിച്ചമില്ല. പൂജാമുറിയുടെ മുമ്പിൽ അവൾ നിന്ന് തൊഴുന്നു. പതുക്കെ വിളിക്കൂന്നു: മുത്തശ്ശീ.........

സീൻ 27.

എ.

തളത്തിലെത്തിയപ്പോൾ സുപ്രിയ എതിരെ വരുന്നു. അവളുടെ കുളി കഴിഞ്ഞിരുന്നു. ഒരു പട്ടുടുപ്പ് ഇട്ടിട്ടുണ്ട്.

മാധവി: അപ്പൊ അമ്മ പറഞ്ഞു അല്ലെ?

സുപ്രിയ: (സന്തോഷത്തോടെ) എനിക്ക് മനസ്സിലായി ചെറ്യമ്മ പറഞ്ഞ് സമ്മതിപ്പിച്ചതാന്ന്. എപ്പഴാ പോണത്?

മാധവി: ചായ കുടിച്ച് അമ്പലത്തിൽ പോയിവന്നിട്ട് ഉടനെ പോവാം.

സുപ്രിയ: ചെറ്യമ്മ വേഗം കുളിച്ച് റെഡിയാവു.

മാധവി: മോളെ ചെറിയമ്മ പൊറപ്പെടീച്ചുതരാം. ചായകുടി കഴിയട്ടെ.

സീൻ 28.

എ.

ഊൺമുറിയിൽ മേശപ്പുറത്തിരുന്ന് ചായ കുടിയ്ക്കുന്ന മാധവി. ശാരദ മേശയുടെ മറുപുറത്തിരിയ്ക്കുന്നുണ്ട്.

മാധവി: ഇന്നെന്താ രാവിലെ കഴിക്കാൻ ചേച്ചീ?

ശാരദ: ഇഡ്ഡലിണ്ട്. ദോശ വേണങ്കീ ണ്ടാക്കാം.

പാറുകുട്ടി ഒരു ചെമ്പിൽ ഇഡ്ഡലി കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ച് മാധവിയെ നോക്കി ചിരിക്കുന്നു.

മാധവി: ഞാനിന്നലെ ഒരു കാര്യം പറയാൻ വിട്ടുപോയി.

ശാരദ: എന്താത്?

മാധവി: എനിയ്ക്ക് രാവിലെ പൊടിയരിക്കഞ്ഞിയും ചമ്മന്തിയും വേണംന്ന്.

ശാരദ: ഓ! രാവിലെ കഴിക്കാൻ കണ്ട ഒരു സാധനം.

പാറുകുട്ടി: ആ കുട്ടിയ്ക്ക് പണ്ടേ ഇഷ്ടം കഞ്ഞ്യാ.

മാധവി: ചേച്ചിക്ക് ഓർമ്മണ്ടോ. നമ്മള് രാവിലെ നിലത്തിരുന്നോണ്ട് പൊടിയരിക്കഞ്ഞി കുടിച്ചിരുന്നത്. പ്ലാവില കോട്ടി കോരികയാക്കിയിട്ട്. അന്ന് ഈ മേശയൊന്നുംണ്ടായിരുന്നില്ല്യ. ചേച്ചിയ്ക്ക് അന്നും ഇഷ്ടല്ല കഞ്ഞി. ആദ്യം വെള്ളം കുടിച്ച് വറ്റിക്കും. എന്നിട്ട് ചമ്മന്തികൂട്ടി ചോറാക്കി ഉണ്ണും.

പാറുകുട്ടി ചിരിക്കുന്നു.

ബി.

രാമേട്ടൻ സാമാന്യം വലിയൊരു സഞ്ചിയുമായി വരുന്നു. അതിൽ പല സാധനങ്ങളും നിറച്ചിട്ടുണ്ട്.

ശാരദ: ഒരു ഇരുപത് തേങ്ങ പൊളിച്ച് കെട്ടിവെച്ചിട്ടുണ്ട്. പിന്നെ രണ്ട് കടച്ചക്കണ്ട്. കുറച്ച് മുരിങ്ങക്കായ, നാലഞ്ച് വണ്ണൻകായ, ഒരു കുപ്പി കടുമാങ്ങ, രവിയേട്ടനും കുട്ട്യോൾക്കും നല്ല ഇഷ്ടാണ്.

മാധവി: രാവിലെ ഭാര്യയും ഭർത്താവും കൂടി കെട്ട് നിറയ്ക്കലായിരുന്നു അല്ലെ. എന്നെക്കൊണ്ട് വയ്യ ഇതൊക്കെ ഏറ്റി നടക്കാൻ.

രാമേട്ടൻ: തൃശൂര് വരെ ഞാനിതൊക്കെ എത്തിച്ചുതരാം.

ശാരദ: ഒരു കുപ്പി പശും നെയ്യ് ഇരിക്കണ്‌ണ്ട്. അതും എടുത്തു വെക്കട്ടെ.

മാധവി: പശൂം നെയ്യൊന്നും വേണ്ട. അവിടെ രവിയേട്ടന് അല്ലെങ്കിലേ പ്രഷറൊക്കെണ്ട്. കൊണ്ടോയാൽ ഒക്കെ വാരിത്തിന്നും ചെയ്യും.

സീൻ 29.

എ.

മാധവി കുളിച്ച് സാരി മാറ്റി, പോവാനുള്ള വേഷത്തിലാണ്. സുപ്രിയ ഒരു സ്റ്റൂളിലിരിക്കുന്നു. മാധവി അവളെ അണിയിച്ചൊരുക്കുകയാണ്. തലമുടി രണ്ടു ഭാഗത്തായി പിന്നി ചുവന്ന റിബ്ബൺ കെട്ടിക്കൊടുത്തു. മുഖത്ത് പൗഡറിട്ട് കണ്ണെഴുതി ഒരു കുഞ്ഞിപ്പൊട്ടും വെച്ചു കൊടുക്കുന്നു.

രാമേട്ടൻ ഉമ്മറത്തുനിന്ന് വരുന്നു. പെട്ടെന്ന് നിന്ന് മോളെ നോക്കുന്നു.

രാമേട്ടൻ: ന്റെ മോള് ഒരു രാജകുമാരിയായിട്ടുണ്ടല്ലൊ.

മാധവി നിലത്തിരുന്ന് സുപ്രിയയുടെ കാലിൽ പാദസരം കെട്ടിക്കൊടുക്കുകയാണ്. വെള്ളിപാദസരം മതി, സ്വർണ്ണം വേണ്ട. പാദസരം ഇട്ടശേഷം മാധവി അവളുടെ കൊച്ചു പാദങ്ങൾ കൈകൊണ്ട് ഉഴിയുന്നു.

മാധവി: നീ ശ്രീ പാർവ്വതിടെ പാദം കണ്ടിട്ട്‌ണ്ടൊ?

സുപ്രിയ: തുമ്പപ്പൂവല്ലെ?

മാധവി: അല്ല. (വീണ്ടും സുപ്രിയയുടെ പാദങ്ങൾ ഉഴിഞ്ഞുകൊണ്ട്) ഇതാണ് ശ്രീപാർവ്വതിയുടെ പാദങ്ങൾ. (അവൾ കുനിഞ്ഞ് ആ പാദങ്ങളിൽ ഉമ്മവെയ്ക്കുന്നു. സുപ്രിയയുടെ തുടുത്ത മുഖം.)

ഈ തിരക്കഥയെക്കുറിച്ച്


കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ 2012ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിനര്‍ഹമായ ശ്രീപാർവ്വതിയുടെ പാദം, 1988ലെ കലാകൗമുദി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയതാണ്. ഈ തിരക്കഥ ശ്രീ ബൈജു ചന്ദ്രന്റെ സംവിധാനത്തില്‍ ശ്രീപാർവ്വതിയുടെ പാദം എന്ന പേരില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ടെലിഫിലിമായി സംപ്രേക്ഷണം ചെയ്യുകയുണ്ടായി.