ഇ ഹരികുമാര്‍
സീൻ 11.
എ.
മാധവിയും സുപ്രിയയും. ഒരു മാതിരി പെറുക്കൽ കഴിഞ്ഞിരിക്കുന്നു. ഇനിയും വല്ലതുമുണ്ടോ എന്ന് എഴുന്നേറ്റ് ചുറ്റി നടന്നു നോക്കുകയാണ്.
സുപ്രിയ: നല്ല മുത്തശ്ശി, അല്ലെ ചെറ്യമ്മേ?
മാധവി: നീ കണ്ടിട്ടില്ല മുത്തശ്ശീനെ. ഉമ്മറത്ത് ഫോട്ടോ വലുതാക്കി വെച്ചിട്ടില്ലെ? ആ മുത്തശ്ശി. ആ മുത്തശ്ശിയുടെ പേരക്കുട്ടികളാണ് നിന്റെ അമ്മയും ഞാനും. മുത്തശ്ശിതൊട്ട് എല്ലാവർക്കും പെൺമക്കളേ ഉണ്ടായിട്ടുള്ളു. മുത്തശ്ശിക്ക് രണ്ടു പെൺമക്കള്. ഭാർഗ്ഗവീം സുഭദ്രീം. അവർക്കും ഓരോ പെൺമക്കള് അതാണ് നിന്റെ അമ്മയും ഞാനും. ഞാനായിട്ടേ അതു തെറ്റിച്ചത്. രണ്ട് കാടൻപൂച്ചകൾ. പക്ഷെ എനിക്കിഷ്ടം പെൺകുട്ടികള്യാണ്.
സുപ്രിയ: (കുറച്ചുനേരം ആലോചിച്ചുകൊണ്ട്) ചെറ്യമ്മേ?
മാധവി: ഊം?
സുപ്രിയ: ചെറിയമ്മയ്ക്ക് ന്നെ ഇഷ്ടംണ്ടൊ?
ബി.
മാധവി സുപ്രിയയെ നോക്കുന്നു. ക്യാമറ അവളുടെ മുഖം ഫോക്കസ് ചെയ്ത് വലുതായി കാണിക്കണം. അവളുടെ ഭാവി ചെറിയമ്മയുടെ ഉത്തരം ആശ്രയിച്ചിരിക്കുന്നെന്ന മട്ടിലാണ് അവളുടെ നിൽപ്പ്. കണ്ണുകളിലെ ആകാംക്ഷ പ്രകടമായി കാണിക്കണം.
മാധവി: ഇഷ്ടണ്ടോന്നോ? (കുനിഞ്ഞ് അവളുടെ കവിളിൽ ഉമ്മവെയ്ക്കുന്നു.) നല്ലട്ടംണ്ട്.
സുപ്രിയയുടെ മുഖം തുടുക്കുന്നു.
സീൻ 12.
എ.
ഉമ്മറത്ത് ചാരുകസേലയിൽ രാമേട്ടനിരിയ്ക്കുന്നു. മുമ്പിൽ ഇരുത്തിമേൽ ശാരദയിരിക്കുന്നു. സാരിയുടെ തലപ്പുകൊണ്ട് മുഖം തുടയ്ക്കുന്നു. അവൾ കാഴ്ചയിൽ കുറച്ച് അസ്വസ്ഥയാണ്. രാമേട്ടൻ ഇരുത്തിമേൽ വെച്ച ചായഗ്ലാസ്സ് ചുണ്ടോടടുപ്പിയ്ക്കുന്നു. ഒരു കവിൾ കുടിച്ച് തിരിച്ചു വെയ്ക്കുന്നു.
ശാരദ: ഞാനൊരു കാര്യം പറേട്ടെ?
രാമേട്ടൻ: (തമാശയിൽ) കൊറച്ച് നേരായിട്ട് എനിക്ക് തോന്നീരുന്നു, നെനക്ക് എന്തോ ബോധിപ്പിക്കാന്ണ്ട്ന്ന്. ആയ്‌ക്കോട്ടേ.
ശാരദ ഗൗരവത്തിൽത്തന്നെയാണ്. ഒരു സാധു സ്ത്രീയാണവർ, അവരുടേതായ പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും കൊണ്ട് ഒതുങ്ങിപ്പോയ സ്ത്രീ.
രാമേട്ടൻ: പറഞ്ഞോ ശാരദേ.
ശാരദ: (അകത്തേയ്ക്കുള്ള വാതിലിലേയ്ക്ക് നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയശേഷം.) നോക്കൂ, മാധവി എന്തിനായിരിക്കും വന്നിട്ട്ണ്ടാവ്വാ?
രാമേട്ടൻ: അവള് വെറ്‌തെ വന്നതായിരിക്കും. അങ്ങനെയിരിക്കുമ്പോ എടയ്‌ക്കൊന്ന് ഓടിവരാറില്ലെ ചേച്ചീനെ കാണാൻ. അത്ര്യന്നെ.
ശാരദ: എനിയ്ക്ക് തോന്ന്ണില്ല്യ.
രാമേട്ടൻ: പിന്നെ?
ശാരദ: എനിയ്ക്ക് തോന്നണത് അവള് ഭാഗത്തിന്റെ കാര്യം പറയാൻ വന്നതായിരിക്കുംന്നാ.
രാമേട്ടൻ: അങ്ങനെ ചോദിച്ചാൽ കൊട്ക്കണം. ഇത് അവള്ടീംകൂടിള്ളതല്ലെ?
ശാരദ: (നൈരാശ്യത്തോടെ) നിങ്ങളും ഇങ്ങനെ പറഞ്ഞാ എങ്ങിന്യാ? ഈ സ്വത്തില് പകുതി അവൾക്കുംകൂടി കൊട്ത്താൽ പിന്നെ നമുക്ക് കഴിയണ്ടെ? എന്താള്ളത് ഇവ്‌ടെ? രണ്ടേക്കറ് പറമ്പും പൊളിഞ്ഞ് വീഴാറായ ഈ പഴേ തറവാടും മാത്രം. ഈ കാട്ടുമുക്കില് അതിനെന്തു വെല കിട്ടും. കൃഷിസ്ഥലൊക്കെ പിന്നെ രാമേട്ടന്റെ പേരിലല്ലെ.
രാമേട്ടൻ: വല്യ വെല്യൊന്നും കിട്ട്ണ്ടാവില്ല. കാരപ്പറത്ത് കൃഷ്‌ണേട്ടന്റെ വീടും പറമ്പും കഴിഞ്ഞ മാസം പോയത് ഒന്നര ലക്ഷത്തിനാ, അത് ഒന്നേമുക്കാൽ ഏക്കറ്ണ്ട്. അത് നോക്കുമ്പൊ ഈ പറമ്പ് ഒരു രണ്ട് രണ്ടര ലക്ഷത്തിന്ണ്ടാവും. ഈ സ്ഥലം തന്നെ തൃശ്ശൂരോ മറ്റിയാണെങ്കി എന്തായിരിയ്ക്കും വെല? നെന്റെ ചെറ്യച്ഛന്റെ വീട് 5 സെന്റ് സ്ഥലേള്ളു, അതിന് ചുരുങ്ങ്യത് പത്തു ലക്ഷം കൊടുക്കണ്ടി വരും.
ശാരദ: അതാ ഞാൻ പറേണത്. ഇതില്‌പ്പൊ പകുതി മാധവിയ്ക്കും പോയാ ബാക്കി എന്താണ്ടാവ്വാ?
രാമേട്ടൻ: (ഗൗരവത്തോടെ) അവളതിന് വല്ലതും പറഞ്ഞ്വോ?
ശാരദ: പറഞ്ഞിട്ടൊന്നുംല്ല്യ, പക്ഷെ ഈ വരവിന് അതാണ് ഉദ്ദേശ്യംന്ന് തോന്ന്വാ.
രാമേട്ടൻ: ചോദിച്ചാ കൊട്ക്ക്വന്നെ, അല്ലാതെന്താ?
ശാരദ: രാമേട്ടനൊന്ന് സംസാരിക്ക്യോ ചെറ്യച്ഛനോട്. ഒന്ന് തൃശ്ശൂര് വരെ പോവ്വല്ലേ വേണ്ടു.
രാമേട്ടൻ: ഞാൻ ഇക്കാര്യം സംസാരിക്കില്ല, പ്രത്യേകിച്ച് നെന്റെ ചെറ്യച്ഛനോട്. നെന്റെ അച്ഛൻ മരിച്ചേന് ശേഷം ആ മനുഷ്യനാ നെന്റെ കാര്യൊക്കെ നോക്കീര്ന്നത്. എനിക്കതൊക്കെ അറിയാം. നന്ദികേടാവും.
ശാരദ: (തലയിൽ കൈവെച്ചുകൊണ്ട്) ഞാനെന്താ ചെയ്യാ?
ശാരദയുടെ മുഖം ക്ലോസപ്പിൽ.
സീൻ 13.
എ.
പറമ്പിൽ സുപ്രിയയും മാധവിയും ഇരിയ്ക്കുന്ന സ്ഥലം. മഞ്ചാടി പെറുക്കൽ കഴിഞ്ഞിരിക്കുന്നു.
മാധവി: മതി, മഞ്ചാടിയൊക്കെ കഴിഞ്ഞിരിക്കുണു. നമുക്ക് പോവ്വാം.
ബി.
പെറുക്കിയ മഞ്ചാടിക്കുരു ഇലയിൽ പൊതിഞ്ഞ് അവർ എഴുന്നേൽക്കുന്നു. മാധവി എഴുന്നേറ്റ് മൂരി നിവരുന്നു. വീണ്ടും നടത്തം. പെട്ടെന്ന് താഴെ എന്തോ കണ്ടപോലെ മാധവി നിൽക്കുന്നു.
ചെറിയമ്മ നിന്നുവെന്നു മനസ്സിലായ സുപ്രിയ തിരിയുന്നു.
സുപ്രിയ: എന്താ ചെറ്യമ്മേ?
മാധവി: നീ ശ്രീപാർവ്വതിടെ പാദം കണ്ടിട്ട്‌ണ്ടൊ?
സുപ്രിയ: ഇല്ല്യാ? (അതെന്താണ് സാധനമെന്ന മട്ടിൽ അവൾ ചെറിയമ്മയെ നോക്കുന്നു.
സി.
മാധവി ഇരിക്കുന്നു. ക്യാമറ ക്ലോസപ്പ് കാണിക്കുമ്പോൾ പൂവണിഞ്ഞ ഒരു തുമ്പച്ചെടിയാണ് കാണുന്നത്. അതിൽനിന്ന് ഒരു പൂ അടർത്തിയെടുത്ത് സ്വന്തം കയ്യിനടിയിൽ കമിഴ്ത്തി വെയ്ക്കുന്നു. (ക്ലോസപ്പ്.)
മാധവി: നീ കാണ്‌ണ്ടോ, എന്തു മാതിരിണ്ട് ഈ പൂവ്?
സുപ്രിയ: (ഏതാനും മാത്രകൾ അതു നോക്കിയ ശേഷം) ഒരു ചെറ്യെ കാല് മാതിരിണ്ട്.
മാധവി: മിടുക്കി. ഇതാണ് ശ്രീപാർവ്വതിയുടെ കാല്. എനിക്ക് മുത്തശ്ശി കാണിച്ചുതന്നിട്ട്ള്ളതാ. അതിന് ശേഷം ഞാൻ ഓണത്തിന് പൂവിടുമ്പോ നടുവിലൊരു തുമ്പപ്പൂ ഇങ്ങനെ കമിഴ്ത്തി വെയ്ക്കും. അപ്പൊ ഓണത്തിന്റന്ന് ശ്രീപാർവ്വതി നമ്മടെ വീട്ടീ വരും.
സുപ്രിയയുടെ കണ്ണുകൾ അദ്ഭുതംകൊണ്ട് വിടരുന്നു.
സുപ്രിയ: ഈ ഓണത്തിന് ഞാനും അങ്ങനെ ഒരു തുമ്പപ്പൂ വെയ്ക്കും. ഞാൻ വല്യേ പൂക്കളംണ്ടാക്കാറ്ണ്ട്.
മാധവി: അത്യോ? അപ്പൊ എവിട്ന്നാ ഇത്രയൊക്കെ പുക്കള് കിട്ട്വാ?
സുപ്രിയ: നമ്മടെ പറമ്പീന്നന്നെ കിട്ടും.
മാധവി: ശര്യാണല്ലെ? ഞാൻ പെട്ടെന്ന് എറണാകുളത്തെ കാര്യം ഓർത്തുപോയി. അവ്‌ടെ പൂക്കളംണ്ടാക്കണംച്ചാൽ പൂക്കള് കാശുകൊട്ത്ത് വാങ്ങ്വന്നെ വേണം.
സുപ്രിയ: അമലേട്ടനും ആനന്ദും പൂക്കളംണ്ടാക്കാറില്ലെ?
മാധവി: എവ്‌ടെ? അവർക്കതിനൊന്നും നേരല്ല്യ. അത്തത്തിന്റന്ന് ചെറ്യമ്മ ഒരു ചെറ്യ പൂക്കളംണ്ടാക്കും. അത്വന്നെ.
സുപ്രിയ: അപ്പൊ ചെറ്യച്ഛന് ഇഷ്ടല്ലെ പൂക്കളംണ്ടാക്കണത്?
മാധവി: ഇഷ്ടൊക്കെത്തന്ന്യാണ്, പക്ഷെ....... നീ വരുന്നോ എറണാകുളത്തേയ്ക്ക്? അമലേട്ടനീം ആനന്ദിനീം ചെറ്യച്ഛനീം കാണാൻ?
സുപ്രിയ: അപ്പഴയ്ക്ക് ന്റെ സ്‌കൂള് തൊറക്കില്ല്യെ?
മാധവി: സ്‌കൂൾ തൊറക്കാൻ ഇനി ദിവസെത്ര കെടക്കുണു? സ്‌കൂള് തൊറക്കണേന്റെ രണ്ടീസം മുമ്പ് ചെറ്യച്ഛൻ നെന്നെ ഇവ്‌ടെ കൊണ്ടാക്കും.
സുപ്രിയ (ആലോചിച്ചുകൊണ്ട്) നിക്ക് വരണംന്ന്ണ്ട്. അമ്മ സമ്മതിക്ക്യോ? ചെറ്യമ്മ അമ്മ്യോട് പറയ്യോ?
മാധവി: അതൊക്കെ ചെറ്യമ്മ സമ്മതിപ്പിയ്ക്കാം. (ചുറ്റും നോക്കിക്കൊണ്ട്) ഇവിട്യൊന്നും ഒരു മാറ്റും ഇല്ല്യ. എന്തു സുഖാല്ലെ അങ്ങനത്തെ സ്ഥലത്ത് താമസിക്കാൻ?
സുപ്രിയ മറുപടി പറയുന്നില്ല.
മാധവി: നേരം കൊറ്യായി, അമ്മ അന്വേഷിക്കണ്‌ണ്ടാവും. നമ്ക്ക് തിരിച്ചു പോവ്വാ.
അവർ തിരികെ നടക്കുന്നു. നടക്കുമ്പോൾ രണ്ടുപേരും ഒന്നും സംസാരിക്കുന്നില്ല. രണ്ടുപേരും രണ്ടു ലോകത്തെത്തിയപോലെ...........
സീൻ 14.
എ.
ഊൺമുറിയിലെ മേശക്കരികെ മാധവി ഇരിയ്ക്കുന്നു. മുമ്പിൽ ഒരിലച്ചീന്തിൽ മഞ്ചാടിക്കുരു, അടുത്തുതന്നെ സുപ്രിയയുടെ പുതിയ പാവക്കുട്ടി.
ബി.
അകത്തുനിന്ന് സുപ്രിയ രണ്ടു കൊച്ചു കളിക്കലങ്ങളുമായി വരുന്നു. അവളത് മേശപ്പുറത്ത് വെച്ച് ചെറിയമ്മയുടെ അടുത്ത് വന്നിരിയ്ക്കുന്നു. മാധവി കലങ്ങളെടുത്തു നോക്കുന്നു. കുഞ്ഞിക്കലങ്ങൾ ക്ലോസപ്പിൽ കാണിക്കുമ്പോൾ ഒന്നിൽ മുക്കാൽ ഭാഗത്തോളം മഞ്ചാടിക്കുരുവും, ഒന്നിൽ നിറയെ കുന്നിക്കുരുവുമാണ്.
സുപ്രിയ: ഈ കുഞ്ഞിക്കലം തിരുവാതിരയ്ക്ക് അമ്മ വാങ്ങിത്തന്നതാ.
മാധവി: നല്ല ഭംഗിണ്ട്. നെനക്കെന്ത് സുഖാ. കളിക്കാൻ കുഞ്ഞിക്കലം, കെടന്നാൽ കണ്ണടയ്ക്കണ പാവകള്. നെറയെ മരങ്ങളും ചെട്യോളും പക്ഷികളും ഉള്ള പറമ്പ്, കുളിക്കാൻ ആമ്പൽക്കുളം. ശരിയ്ക്ക് പറഞ്ഞാൽ എനിക്ക് നെന്നോട് അസൂയാവുണു.
സുപ്രിയ നിഷ്‌കളങ്കമായി ചിരിക്കുന്നു.
സി.
ഉമ്മറത്തുനിന്ന് ശാരദ ഊൺമുറിയിലേയ്ക്ക് വരുന്നു. കയ്യിൽ രാമേട്ടൻ കുടിച്ചുകഴിഞ്ഞ ചായഗ്ലാസ്സുണ്ട്. മുഖം പ്രസന്നമല്ല. അവൾ അടുക്കളയിലേയ്ക്ക് പോവ്വാൻ തുനിയുകയാണ്.
മാധവിയും സുപ്രിയയും ഊൺമേശയ്ക്കുമുമ്പിൽ അതേ ഇരിപ്പുതന്നെയാണ്.
മാധവി: നോക്കു ശാരദേച്ചി ഞങ്ങക്ക് കൊറേ മഞ്ചാടിക്കുരു കിട്ടി. (മഞ്ചാടിക്കുരുകൾ കുഞ്ഞിക്കലത്തിലാക്കുന്ന സുപ്രിയയെ ചൂണ്ടിക്കൊണ്ടാണവൾ പറയുന്നത്.)
ശാരദേച്ചി അതു ശ്രദ്ധിക്കുന്നില്ല.
ശാരദ: മാധവി, നെനക്ക് ചായ വേണോ?
മാധവി: വേണ്ട ശാരദേച്ചി.
ശാരദ അടുക്കളയിലേയ്ക്ക് പോകുന്നു.
മാധവി: (ശാരദയെ നോക്കിക്കൊണ്ട് സുപ്രിയയോട് - സ്വരം താഴ്ത്തിക്കൊണ്ട്) എന്തു പറ്റീ നെന്റെ അമ്മയ്ക്ക്?
സുപ്രിയ ചുണ്ടു മലർത്തി അറിയില്ലെന്ന് കാണിക്കുന്നു.
മാധവി: എനിക്ക് ചെലപ്പൊ നെന്റെ അമ്മെ ഒരിടി കൊടുക്കാൻ തോന്നാറ്ണ്ട്.
സുപ്രിയ: അതെനിക്കും തോന്നാറ്ണ്ട്. (ചിരിക്കുന്നു.)
സീൻ 15.
എ.
വൈകുന്നേരം, ഏകദേശം അഞ്ചു മണി. മഴ തിമർത്തു പെയ്യുകയാണ്. തറവാട്ടിലെ മുകളിലെ മുറിയിൽ ജനലിനരികിലിരുന്ന് മാധവിയും സുപ്രിയയും മഴ കാണുകയാണ്. കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഉലയുന്നു. കവുങ്ങിൻ തലകൾ ചാഞ്ചാടുന്നു. താഴെ മുറ്റത്തിനടുത്ത പറമ്പിൽ നട്ട ബിലാത്തിച്ചേമ്പിന്റെ (വലിയ ഇനം ചേമ്പ്) വലിയ ഇലകൾ കാറ്റിലാടുന്നു.
മാധവി: നോക്ക് സുപ്രിയേ, ആ ചേമ്പിലകള് ആട്ണത് കണ്ടോ?
സുപ്രിയ: ഉം.
ചേമ്പില ആടുന്നത് ക്യാമറയിൽ ഒപ്പണം.
മാധവി: ഒരു പശു തലയാട്ടണമാതിരിണ്ടല്ലെ?
സുപ്രിയ: (കൌതുകത്തോടെ നോക്കുന്നു.) ശര്യാ.
മാധവി: (കോണിയുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട്) നിന്റെ അമ്മേടെ വരവ്ണ്ട്ന്ന് തോന്നുണു.
ബി.
കോണി കയറിവരുന്ന ശാരദ. കോണിക്കൂട്ടിൽ ആദ്യം തലഭാഗം പിന്നെ ദേഹം. അരവരെ എത്തിയപ്പോൾ അവൾ നിന്നു.
ശാരദ: എന്താ ചെറ്യമ്മേം മോളും ഇവിടെ ചെയ്യണത്? ഞാൻ ചോട്ടില് മുഴ്വോൻ തെരഞ്ഞു നിങ്ങളെ.
സി.
സുപ്രിയ: ഒന്നുല്ല്യമ്മേ, ഞങ്ങള് മഴ കാണ്വാ.
ശാരദ വന്ന് ജനലിന്നരികിൽ നിൽക്കുന്നു. അവരും മഴ നടാടെ കാണുന്നപോലെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നു.
ശാരദ: ഇക്കൊല്ലം മഴ നേർത്തെ തൊടങ്ങീന്ന് തോന്നണ്‌ണ്ട്. ഇന്യങ്ങട്ട് തൊടങ്ങ്വായി ഓരോരോ..........
അവർ മുഴുമിക്കാതെ നിർത്തുന്നു.
മാധവി എന്തോ ആലോചിക്കുകയാണ്.
മാധവി: ചേച്ചീ, പാറുകുട്ടി ഇപ്പഴും പൊട്ടീനെ ആട്ടാറ്‌ണ്ടോ?
ശാരദ: അത് സംക്രാന്തിയ്ക്കല്ലെ. ഇനീംണ്ട് സമയം.
മാധവി: ചേച്ചിക്കോർമ്മണ്ടോ, പാറുകുട്ടി പൊട്ടീനെ ആട്ടുമ്പോ നമ്മള് പിന്നാലെ ഓടീര്ന്നത്?
സീൻ 16.
ഫ്‌ളാഷ്ബാക്ക് തുടങ്ങുന്നു.
സന്ധ്യാസമയം. പാറുകുട്ടി ഒരു പഴകിക്കീറിയ മുറത്തിൽ കറുത്തതും വെളുത്തതും ചോറുരുളകൾ, അടിക്കാട്ടം, പഴകിയ ഒരു കുറ്റിച്ചൂല് മുതലായവ എടുത്ത് ഒരു ഓലച്ചൂട്ടും കത്തിച്ച് മുറികൾതോറും 'പൊട്ടി പോ, ശീവോതി വാ' എന്നുറക്കെ പറഞ്ഞ് ഓടുന്നു. ഉമ്മറവാതിൽ കടന്നു വരുന്ന ചെറുപ്പക്കാരി പാറുകുട്ടിയുടെ പിന്നാലെ കുട്ടികളായ മാധവിയും ശാരദയും വാഴയുടെ അണകൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കി ഓടുന്നു. പാറുകുട്ടി പടികടന്ന് പുറത്തേയ്ക്ക് ഓടുന്നു. കുട്ടികൾ പടിക്കൽ നിന്ന് പാറുകുട്ടി ഓടുന്ന കാഴ്ച കാണുന്നു. പാറുകുട്ടി മുറവും ചൂട്ടും വയലിന്റെ ഏതെങ്കിലും മൂലയിൽ നിക്ഷേപിച്ച് അതേപോലെ തിരിച്ച് ഓടിവരുന്നു.
ഫ്‌ളാഷ്ബാക്ക് കഴിഞ്ഞു.
സീൻ 17.
എ.
മാധവി: നല്ല രസായിരുന്നു അല്ലേ ചേച്ചീ?
ശാരദ: (എന്തോ ആലോചിച്ചിട്ടെന്ന പോലെ) മക്കള്‌ടെ സ്‌കൂൾ എന്നാ തൊറക്കണത്?
മാധവി: ആറാന്തി.
ശാരദ: ഇവള്‌ടെ സ്‌കൂള് ഒന്നാന്തി തൊറക്കും. ഇനി അഞ്ചെട്ടു ദിവസേള്ളു. മോളെ സന്ധ്യായി, പോയി വെളക്ക് കൊളുത്തു.
സുപ്രിയ: അമ്മേ സമയം ആയിട്ടില്ല. മഴ്യോണ്ട് ഇര്ട്ടായതാ. ഞാൻ ചെറ്യേമ്മടെ അട്ത്ത് നല്ല സുഖത്തില് ഇരിക്ക്യാ.
അവൾ ചെറിയമ്മയോട് കൂടുതൽ ചേർന്നിരിക്കുന്നു.
മാധവി: (അവളെ ചേർത്തു പിടിച്ചുകൊണ്ട്) ചെറ്യേമ്മടെ കുട്ട്യാ അല്ലെ?
ശാരദ: ഓ, കേക്കണ്ട.
ബി.
പുറത്ത് മഴ തകർത്തു പെയ്യുന്നു. മൂന്നുപേരും ഒന്നും സംസാരിക്കാതെ പുറത്തേയ്ക്കു നോക്കിയിരിക്കയാണ്.
മാധവി: (കാര്യമായി സുപ്രിയയോടും എന്നാൽ പൊതുവായി രണ്ടുപേരോടുമായി) എറണാകുളത്തെ മഴ ഒരു പിശുക്കന്റെ ദാനം പോല്യാണ്. ഇതു കണ്ടില്ലെ, ഈ ധാരാളിത്തം ഒരിക്കലും അവ്‌ടെണ്ടാവാറില്ല.
സുപ്രിയ: പിശുക്കന്റെ ദാനംന്ന് പറഞ്ഞാ എന്താ ചെറ്യമ്മേ?
മാധവി: പിശുക്കന്മാര് ദാനം ചെയ്യോ?
ഇല്ലെന്ന് സുപ്രിയ തലയാട്ടുന്നു.
മാധവി: ഇനി അവര് ദാനം ചെയ്യാണെങ്കിത്തന്നെ എത്ര കൊറച്ചാ കൊട്ക്ക്വാ.
സുപ്രിയ: അത് ശരി. ചെറ്യമ്മയ്ക്ക് എപ്പഴും ഇങ്ങനെ ഓരോന്ന് പറയാൻ കിട്ടും. നല്ല രസണ്ട് അത് കേക്കാൻ.
ശാരദ അനുജത്തിയുടെയും മകളുടെയും സംസാരം ശ്രദ്ധിക്കുന്നില്ല. അവൾ എന്തോ ആലോചിച്ച് ജനലിലൂടെ പുറത്തേയ്ക്കു നോക്കി നിൽക്കുകതന്നെയാണ്. അവസാനം മകൾ എഴുന്നേറ്റു പോയില്ലെന്നു കാണുന്നു.
ശാരദ: മോളെ പോയി വെളക്കു കൊളുത്തു.
സുപ്രിയ വേഗം പിടഞ്ഞെഴുന്നേല്ക്കുന്നു. അവൾക്ക് അമ്മയെ പേടിയുണ്ട്.
സീൻ 18.
എ.
സുപ്രിയ കോണിയിറങ്ങിയെന്ന് തിരിഞ്ഞുനോക്കി ഉറപ്പാക്കിയശേഷം ശാരദ പറയുന്നു.
ശാരദ: നീയെന്തിനാ രവിയേട്ടനേം കുട്ട്യോളേം അവിടെ തന്ന്യാക്കീട്ട് ഇങ്ങട്ടു പോന്നത്?
മാധവി: (ആലോചിക്കുന്നു.) എന്തിനാന്നോ?........... എനിക്ക്യന്നെ അറീല്ല്യ ചേച്ചി. (പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട്) നമ്മള് ഇമ്മാതിരി മഴെള്ള ദിവസങ്ങളില് ഈ ജനലിന്റെ അടുത്തിരുന്ന് കൊത്തങ്കല്ലാടീത് ശാരദേച്ചിക്ക് ഓർമ്മണ്ടൊ?
ശാരദ: നിക്കറിയാം നീ എന്തിനാ വന്നത്ന്ന്.
മാധവി: ചേച്ചിക്ക് ഓർമ്മണ്ടോ? എന്നിട്ട് വിളക്കു കൊളുത്തണ്ട സമയത്ത് വല്ല്യമ്മ അന്വേഷിച്ചു വന്നപ്പോൾ നമ്മള് കല്ലുകളൊക്കെ ഒളിപ്പിച്ചു വെച്ചത്.
ശാരദ ഒന്നും ശ്രദ്ധിക്കുന്നില്ല. മാധവിയോട് സംസാരിക്കേണ്ടതെന്താണെന്ന് കണക്കുകൂട്ടുകയായിരുന്നു അവർ.
ശാരദ: നിന്റെ അമ്മയ്ക്ക് തൃശൂര് വീടെടുക്കണംന്ന് പറഞ്ഞപ്പൊ പടിഞ്ഞാറ്റിലെ പാടങ്ങൾ വിറ്റിട്ടേ പണംണ്ടാക്കീത്. അന്ന് മുത്തശ്ശി പ്രത്യേകം പറഞ്ഞതാ സുഭദ്രയ്ക്ക്ള്ളത് കൊടുത്തിരിക്കുണു, ഈ വീടും പറമ്പും ഒക്കെ ഭാർഗ്ഗവിക്കാണ്ന്ന്. മുത്തശ്ശി ഒന്നും എഴുതിവെക്കാതെ മരിച്ചുപോയി. പിന്നെ അമ്മയും നേർത്തെ മരിച്ചു. നാൽപത്തിയെട്ടാം വയസ്സിലാ അമ്മ മരിച്ചത്. അച്ഛൻ അതിനുമുമ്പേ മരിച്ചു. ഞാൻ ഒറ്റയ്ക്കായി. പാരമ്പര്യം നോക്കിയാൽ എന്റെ കഥേം എപ്പഴാ കഴിയ്യാന്നറിയില്ല്യ. ന്റെ മോളടെ സ്ഥിതി എന്താവും ആവോ?
മാധവി: ചേച്ചി അങ്ങനെ മരിക്കാനൊന്നും പോണില്ല്യ. ചേച്ചി മുത്തശ്ശിയുടെ മാതിരി വയസ്സായിട്ടേ മരിക്കു.
സീൻ 19.
എ.
കോണിപ്പടിയിൽനിന്ന് സുപ്രിയയുടെ ശബ്ദം കേൾക്കുന്നു. 'ദീപം.......ദീപം.....'
മാധവി എഴുന്നേറ്റ് കോണിയുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നിൽക്കുന്നു. കോണിക്കൂട്ടിൽനിന്ന് സുപ്രിയയുടെ മുഖം നിലവിളക്കിന്റെ വെട്ടത്തിൽ പ്രകാശമയമായി ഉയർന്നുവരുന്നു. നിലവിളക്കിന്റെ നാളം വെട്ടുമ്പോൾ കുട്ടിയുടെ മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ നന്നായി പകർത്തണം.
സുപ്രിയ: ചെറ്യമ്മേ, ദീപം.
മാധവി: (തൊഴുന്നു.) കണ്ടു മോളെ.
ശാരദ: ഇന്നും രാത്രി കറന്റുണ്ടാവില്ലാന്ന് തോന്നുണു. മോളെ ആ പാനീസും മേശവിളക്കും കത്തിച്ചോളു.
ബി.
സുപ്രിയ വിളക്കുമായി പോകുന്നതോടെ അവിടെ ഇരുട്ടു നിറയുകയാണ്. ജനലിലൂടെയുള്ള ഷോട്ടിൽ കാണുന്ന നേരിയ വെളിച്ചത്തിൽ മഴയുടെ ശക്തി കുറഞ്ഞെന്ന് മനസ്സിലാവും.
മാധവി: രാമേട്ടൻ എപ്പഴാ വര്വാ?
ശാരദ: രാമേട്ടൻ അമ്പലത്തിലെ കാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ നോക്കി വരുമ്പോ എട്ടു മണ്യാവും.
മാധവി: ചേച്ചീ നമുക്ക് താഴത്തു പോവാം. അവിടെ പാറുട്ടിയും മോളും മാത്രല്ലെള്ളു.'
അവർ കോണിയിറങ്ങുന്നു. ഇറങ്ങുന്നതോടുകൂടി താഴെനിന്ന് സുപ്രിയ നാമം ചെല്ലുന്നതു കേൾക്കാം.
'നമഃശിവായ
നാരായണായ നമഃ
അച്ചുതായ നമഃ' (ഇതല്ലെങ്കിൽ ഏതെങ്കിലും സ്വരമാധുര്യമുള്ള കീർത്തനങ്ങളായാൽ മതി.)
സീൻ 20.
എ.
നാമമുറി. ഒരു ചെറിയ പീഠത്തിൽ ശ്രീകൃഷ്ണന്റെ നീലനിറമുള്ള വിഗ്രഹത്തിൽ പുതിയ പിച്ചകമാല അണിയിച്ചിരിക്കുന്നു. പിന്നിൽ ചുവരിൽ നിറയെ ഭഗവാന്മാരുടെയും ഭഗവതികളുടെയും ചിത്രങ്ങൾ. ശ്രീകൃഷ്ണന്റെ പ്രതിമയ്ക്കു മുമ്പിൽ ഒരു കുറ്റിയിൽ രണ്ടു ചന്ദനത്തിരി പുകയുന്നു. മുമ്പിൽ സുപ്രിയ ചമ്രംപടിഞ്ഞിരുന്ന് കീർത്തനം ചൊല്ലുന്നു.
ബി.
മാധവി ഒരു നിമിഷം വാതിൽക്കൽ നിന്ന് അതു നോക്കിയശേഷം അവളുടെ അടുത്തു ചെന്നിരിയ്ക്കുന്നു. സുപ്രിയ ചെറിയമ്മയെ നോക്കി പുഞ്ചിരിക്കുന്നു, കീർത്തനം നിർത്തുന്നില്ല.
മാധവി കുറെനേരം കണ്ണടച്ചിരിക്കുന്നു. അവൾ കുട്ടിക്കാലത്ത് മുത്തശ്ശി ജീവിച്ചിരുന്ന കാലത്തേക്ക് ഊളിയിടുകയാണ്.