ഇ ഹരികുമാര്‍
ജോസഫേട്ടന്റെ കിടപ്പ് തുലോം പരിതാപകരമായിരുന്നു. നാലു ദിവസംകൊണ്ട് വല്ലാതെ ക്ഷീണിച്ചിരുന്നു. ആ കിടത്തം കണ്ടപ്പോൾ ത്രേസ്സ്യാമ്മയ്ക്ക് വിഷമമായി. എന്തൊക്കെയായാലും അച്ചായനെ ഈ നിലയ്ക്ക് കാണാൻ വയ്യ.
'ഇത് രണ്ടാമത്തെ അറ്റാക്കാണ്' ഡോക്ടർ നായർ പറഞ്ഞു. 'അതിനർത്ഥം ഞാൻ പറഞ്ഞ മരുന്നൊന്നും കണിശമായി കഴിക്ക്ണില്ല്യാന്നാണ്. അതുപോലെ കണ്ട അതുമിതും വാരിത്തിന്ന്ണ്ണ്ടാവും. അല്ലെ?'
ത്രേസ്സ്യാമ്മ ഒന്നും പറഞ്ഞില്ല. തന്റെ അറിവിന്റെ സീമയ്ക്കപ്പുറത്തുള്ളതൊന്നും ആധികാരികമായി പറയാൻ അവർ തയ്യാറല്ല. ജോസഫേട്ടൻ പുറത്തു പോയി വല്ലതും വാരിവലിച്ചു തിന്നുന്നുണ്ടോ എന്ന് താനെങ്ങിനെ അറിയാനാണ്? വീട്ടിൽ കൊടുക്കുന്ന ഭക്ഷണം വളരെ ലഘുവാണ്. രാവിലെ രണ്ടു ദോശയും ചട്ടിണിയും, ഉച്ചയ്ക്ക് കുറച്ചു ചോറും അധികം ഉപ്പു ചേർക്കാത്ത തോരനും മീൻകറിയും, രാത്രി ഉപ്പിടാത്ത ഗോതമ്പു കഞ്ഞിയും സ്വല്പം ഉപ്പു കാണിച്ച ചെറുപയറും. ഇത് ആദ്യത്തെ അറ്റാക്കുണ്ടായപ്പോൾ പാറുകുട്ടി അവരുടെ ഒപ്പം ജോലിയെടുത്തിരുന്ന കാലത്ത് ഉണ്ടാക്കിയ ഭക്ഷണക്രമമാണ്. ഇത്രയും കാര്യക്ഷമമായ ഒരു ഡയറ്റ് ഉണ്ടാക്കിയതിന് ജോസഫേട്ടൻ അവൾക്ക് ഇപ്പോഴും മാപ്പ് കൊടുത്തിട്ടില്ല. ഇപ്പോഴും അവൾ ഒന്നര വയസ്സുള്ള കൊച്ചുമായി വരുമ്പോഴൊക്കെ ജോസഫേട്ടൻ ചോദിക്കും. 'എന്നെ പട്ടിണിക്കിട്ടത് ഓർമ്മണ്ടോടീ?' ഇത്രയും കുറച്ചു ഭക്ഷണം കൊണ്ട് അതിയാൻ എങ്ങിനെ ജീവൻ നിലനിർത്തുന്നു എന്നത് ത്രേസ്സ്യാമ്മയെ സംബന്ധിച്ചേടത്തോളം ഒരു സമസ്യയാണ്. മരുന്നുകളുടെ കാര്യത്തിലാണെങ്കിൽ എല്ലാം കഴിച്ചുവെന്ന് പറയും. വിശ്വസിക്കയല്ലാതെ എന്തു ചെയ്യും.
എന്തായാലും ഇന്റൻസീവ് കെയർ യൂനിറ്റിൽ നിന്ന് മുറിയിലേയ്ക്കു കൊണ്ടുവന്ന അന്നുതന്നെ ചോദിക്കാൻ പറ്റിയ വിഷയങ്ങളല്ല അവയൊന്നും.
'ഉറങ്ങിക്കോട്ടെ, ധാരാളം വിശ്രമം ആവശ്യാണ്.' ഡോക്ടർ തുടർന്നു. 'നാളെ ഞാൻ വരുമ്പോഴേയ്ക്ക് ജോസഫ് ആള് ജോറായിട്ടുണ്ടാവും. അമ്മച്ചിയോട് പറഞ്ഞുവോ ജോസഫിന്റെ അസുഖത്തെപ്പറ്റി?'
'ഇല്ല്യ, പുള്ളിക്കാരി പൗലോസ് ചേട്ടന്റെ അടുത്താ. ഇന്ന് ക്ലാര വന്നാൽ ഫോൺ ചെയ്ത് അറീക്കാൻ പറയാം.' തന്റെ കയ്യിലുണ്ടായ ഈയൊരു വീഴ്ചയിൽ വിഷമിച്ചുകൊണ്ട് ത്രേസ്സ്യാമ്മ പറഞ്ഞു.
'വേണ്ടാ.' ഡോക്ടർ ഉടനെ പറഞ്ഞു. 'വേണ്ടാന്ന് പറയാൻ പോവ്വായിരുന്നു ഞാൻ. ആ അമ്മച്ചി ഇപ്പൊ വന്നാൽ ശരിയാവില്ല. അമ്മീം മോനും കൂടി നാല് ഡയലോഗ് കഴിഞ്ഞാൽ രണ്ടിനീം ഐ.സി.യു.വില് കേറ്റേണ്ടി വരും. അവിടെ ഒട്ടും സ്ഥലല്ല്യ. ത്രേസ്സ്യയ്ക്ക് ഓർമ്മണ്ടോ കഴിഞ്ഞ പ്രാവശ്യം എന്താ സംഭവിച്ചത്ന്ന്?'
ത്രേസ്യാമ്മയ്ക്ക് നല്ല ഓർമ്മയുണ്ട്. തറവാട്ടുവക ഏതോ പറമ്പിന്റെ കാര്യം പറഞ്ഞ് തുടങ്ങിയതാണ് അമ്മയും മോനും. സംസാരം മൂത്ത് പതിനഞ്ചു മിനുറ്റിന്നുള്ളിൽ ജോസഫേട്ടൻ തിരിച്ച് ഐ.സി.യുവിലും നല്ല ആരോഗ്യത്തോടെ മകന്റെ ആരോഗ്യസ്ഥിതി അറിയാൻ വന്ന അമ്മ ഡ്രിപ്പുമായി കാർഡിയാക് വാർഡിലുമെത്തി.
അച്ചായൻ ശാന്തനായി ഉറങ്ങുകയാണ്. മരുന്നു കൊടുക്കാൻ വന്ന നഴ്‌സ് രണ്ടുവട്ടം വന്നുനോക്കി പോയി. വിളിച്ചുണർത്തി കൊടുക്കേണ്ട എന്നു പറഞ്ഞു. രാവിലെ രണ്ടിഡ്ഡലി കഴിച്ചു മരുന്നുകളും കഴിച്ചശേഷം തുടങ്ങിയതാണ് ഉറക്കം. ഇനി ഉണരുമ്പോൾ എന്തു മൂഡിലായിരിക്കുമെന്ന് കർത്താവിന്നറിയാം.
കഴിഞ്ഞ പ്രാവശ്യം അസുഖം വന്നപ്പോൾ ഡോക്ടർ പറഞ്ഞതാണ്.
വയസ്സ് കൊറച്ചായില്ലേ ജോസഫേ, ഇനി ഭാരിച്ച ജോലിയൊന്നും എടുക്കരുത്. വീട്ടിലെ മരാമത്തുപണിയൊക്കെ ജോലിക്കാരെ വിളിപ്പിച്ച് ചെയ്യിക്ക്. ത്രേസ്സ്യയും കേള്‍ക്കണില്ല്യേ ഞാൻ പറയണത്? ഭാരംള്ള ഒന്നും എടുത്ത് പൊക്കരുത്. സൂക്ഷിച്ചാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അനുഭവിക്കേണ്ടിവരും.
അതുതന്നെയാണ് സംഭവിച്ചത്. നാലു ദിവസം മുമ്പ് രാവിലെത്തൊട്ടുള്ള ജോലിയായിരുന്നു. തട്ടിൻപുറത്തു കയറലും, എന്തൊക്കെയോ മരസാമാനങ്ങൾ ഇറക്കലും, ഈർച്ചവാളും ഉളിയും ചുറ്റികയും എടുത്ത് തട്ടലും മുട്ടലും. രാത്രി കിടക്കാൻ നേരത്ത് നെഞ്ചുവേദന തുടങ്ങി. ഗ്യാസാണെന്നു പറഞ്ഞ് എന്തൊക്കെയോ പ്രയോഗങ്ങൾ നടത്തി. ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോഴാണ് രാത്രി മൂന്നു മണിയ്ക്ക് ഡോക്ടർ നായരെ ഫോൺ ചെയ്തത്.
'താൻ ഈ വയസ്സനെ ഒറങ്ങാൻ സമ്മതിക്കില്ല്യ അല്ലേ ജോസഫേ? ഞാനിതാ വന്നു. അതിനിടയ്ക്ക് വീട്ടില് വല്ല മരാമത്തു പണികളും ബാക്കി ണ്ടെങ്കിൽ അതൊക്കെ കഴിച്ചുവയ്ക്ക്. കൊറച്ച് ദെവസം നഴ്‌സിങ്‌ഹോമില് കെടക്കേണ്ടിവരും, എന്താ?'
ആ വേദനക്കിടയിലും ജോസഫേട്ടൻ ചിരിച്ചു. ഡോക്ടർ നായർ ഉടനെ എത്തി. ഇഞ്ചക്ഷൻ കൊടുത്തു, കാറിൽ കയറ്റി നഴ്‌സിങ്‌ഹോമിൽ കൊണ്ടുപോയി.
ജോസഫേട്ടൻ ഉണർന്നു.
'കൊച്ചുത്രേസ്സ്യേ.....'
ത്രേസ്സ്യോമ്മ എഴുന്നേറ്റുചെന്നു. 'എന്തോ?'
'എന്താ നെന്റെ മൊഖൊക്കെ ഒരു വല്ലാത്ത മട്ട് കൊച്ചുത്രേസ്സ്യേ?'
എന്തൊരു ചോദ്യം എന്നാണ് മനസ്സിൽ തോന്നിയത്. നാലു ദിവസായി മര്യാദയ്ക്ക് ഒന്ന് ഉറങ്ങീട്ട്. എന്നിട്ട് അച്ചായൻ ചോദിക്കുന്നു എന്താ ഒരു വല്ലാത്ത മട്ട് എന്ന്.
ജോസഫേട്ടന്റ ക്ഷീണം വളരെ വേഗം മാറി. രണ്ടുദിവസങ്ങൾക്കുള്ളിൽ ആൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. പരസഹായമില്ലാതെ കക്കൂസിലും മറ്റും പോയി. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. ക്ഷീണം മാറിയതോടെ ആ മുറിയുടെ ഭരണം അച്ചായൻ തന്നെ ഏറ്റെടുത്തു. കിടയ്ക്കയുടെ തലയ്ക്കൽഭാഗത്ത് ഇട്ട ബൾബ്ബ് മാറ്റാൻ ആവശ്യപ്പെട്ടു. ഈ വെളിച്ചത്തിൽ എങ്ങനാ വായിക്കുക? ഡോക്ടറുടെ സ്‌നേഹിതൻ എന്ന നിലയ്ക്ക് ജോസഫേട്ടന്റെ ആജ്ഞകൾ ഉടനടി അനുസരിക്കപ്പെട്ടു. പോരാത്തതിന് ത്രേസ്സ്യാമ്മയുടെ വിജയകരമായ പബ്ലിക് റിലേഷൻസ് നഴ്‌സിങ്‌ഹോം ജീവനക്കാരെ മുഴുവൻ ചാക്കിലാക്കിയിരിക്കുന്നു.
ഡിസ്ചാർജ്ജ് ചെയ്യുന്നതിന്റെ തലേന്നാണ് ജോസഫേട്ടൻ പറഞ്ഞത്.
'കൊച്ചുത്രേസ്സ്യേ നീയാ നഴ്‌സിനോട് പറഞ്ഞിട്ട് ആ പ്ലമ്പറെ പറഞ്ഞയക്കാൻ ഏർപ്പാട് ചെയ്യ്.'
'എന്തിനാ?' ഒരാജ്ഞയും ചോദ്യംചെയ്യാതെ സ്വീകരിക്കില്ലെന്നത് ത്രേസ്സ്യാമ്മയുടെ സ്വഭാവമായിരുന്നു. അതറിയാവുന്നതുകൊണ്ട് കാലതാമസം ഒഴിവാക്കാനായി ജോസഫേട്ടൻ പറഞ്ഞു.
'എടീ, ബാത്ത്‌റൂമില് വാഷ്‌ബേസിന്റെ ടാപ്പ് ലീക്ക് ചെയ്യുന്നുണ്ട്. അതൊന്ന് നേരെയാക്കാൻ പറ.'
ശരിയാണ്. വാഷ്‌ബേസിന്റെ ടാപ്പ് ലീക്ക് ചെയ്യുന്നുണ്ട്. അതിൽനിന്ന് വെള്ളം സദാസമയവും വീണുകൊണ്ടിരിക്കുകയാണ്. കൈകഴുകാൻ പോയാൽ മുട്ടിനു താഴെ വെള്ളം തെറിച്ച് നനയും. പക്ഷേ ഈ നാലഞ്ചു ദിവസം സഹിച്ച ബുദ്ധിമുട്ട് ഡിസ്ചാർജ്ജ് ചെയ്യുന്നതിന്റെ തലേന്ന് ശരിയാക്കേണ്ട വല്ല കാര്യവുമുണ്ടോ? ഇപ്പോൾ വിളിച്ചു പറഞ്ഞാല്‍ അവന്മാര് എത്തും. ഉച്ചയ്ക്ക് ഉറങ്ങുന്ന സമയത്തായിരിക്കും തട്ടലും മുട്ടലും. അവർ മയത്തോടെ ചോദിച്ചു.
'ദേ, നമ്മള് നാളെ പോവ്വ്വല്ലേ. അതു കഴിഞ്ഞിട്ട് അവരെന്താന്ന്വച്ചാ ചെയ്‌തോട്ടെ. അതു പോരെ?'
പോരാ കൊച്ചുത്രേസ്സ്യേ, ഒരു കാര്യവും നാളേയ്ക്ക് മാറ്റിവയ്ക്കാൻ പാടില്ലാന്നാ എന്റെ അപ്പച്ചൻ പഠിപ്പിച്ചിട്ട്ള്ളത്....'
'ശരി, ഞാനിപ്പത്തന്നെ പറയാം...'
ത്രേസ്സ്യാമ്മ പറഞ്ഞു. ഇനി അപ്പച്ചന്റെ കാര്യം തൊടങ്ങിയാൽപ്പിന്നെ ഇപ്പഴൊന്നും നിർത്തില്ല.
അര മണിക്കൂറിനുള്ളിൽ രണ്ടു ചെറുപ്പക്കാർ ആയുധങ്ങളടങ്ങിയ സഞ്ചിയുമായി എത്തി പണി തുടങ്ങി. സമയം പന്ത്രണ്ടരയായി. ജോസഫേട്ടന് ഭക്ഷണം കൊടുക്കേണ്ട സമയമായി. ത്രേസ്സ്യാമ്മ സഞ്ചിയിൽ നിന്ന് ടിഫിൻ കാരിയർ പുറത്തെടുത്തു. മറ്റെന്തു കാര്യത്തിൽ കാത്തുനിൽക്കേണ്ടി വന്നാലും ജോസഫേട്ടൻ കാത്തുനിൽക്കും. പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രം അതിയാന് ക്ഷമയില്ല. പന്ത്രണ്ടരയ്ക്കുതന്നെ കിട്ടണം. പ്ലെയ്റ്റ് കഴുകാനായി കുളിമുറിയിൽ പോയപ്പോഴാണ് ഒരു സംഗതി മനസ്സിലായത്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേയ്ക്ക് കുളിമുറി ഉപയോഗിക്കാൻ പറ്റില്ല. വാഷ്‌ബേസിൻ ചുമരിൽനിന്ന് അടർത്തിയെടുത്ത് നിലത്തു വച്ചിരിക്കയാണ്. നിലത്താകെ ജോലിക്കാരുടെ ആയുധങ്ങൾ.
'ചേച്ചി, കുറച്ചു സമയമെടുക്കും കെട്ടോ. ആകെ മാറ്റാനുണ്ട്......'
അടുത്ത മുറിയിൽ പോയി പ്ലെയ്റ്റ് കഴുകി വരുമ്പോൾ ത്രേസ്സ്യാമ്മ ആലോചിച്ചിരുന്നത് മകനെ കൃത്യനിഷ്ഠ പഠിപ്പിച്ച ജോസഫേട്ടന്റെ അപ്പച്ചനെപ്പറ്റിയായിരുന്നു. മിടുക്കൻ!
ജോസഫേട്ടൻ ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ ജോലിക്കാർ കുളിമുറിയിൽനിന്ന് പുറത്തുകടന്നു.
'ചേച്ചി, ഞങ്ങള് ഊണു കഴിച്ചിട്ട് വരാം. ഇതിമ്മല് കുറച്ചധികം പണിണ്ട്.'
അവർ പോയപ്പോൾ ജോസഫേട്ടൻ പറഞ്ഞു.
'ഊണു കഴിച്ചിട്ട്‌ന്നൊക്കെ പറയും. ഇനി അവന്മാരെ കാണണെങ്കീ നാലു മണിയാവണം, നീ കണ്ടോ.'
ത്രേസ്സ്യാമ്മ ഒന്നും പറഞ്ഞില്ല. ജോസഫേട്ടന് ഊണു കഴിഞ്ഞാൽ ഒരുറക്കമുണ്ട്. തനിക്കും കറച്ചുനേരം ഒന്ന് മയങ്ങണം. ഈ ജോലിക്കാര് വന്ന് ജോലിയെടുക്ക്വാണെങ്കില് എങ്ങിനെ അതിനൊക്കെ പറ്റും? ത്രേസ്സ്യാമ്മയ്ക്ക് അച്ചായനോട് ദേഷ്യം തോന്നി.
ഊണു കഴിഞ്ഞ് നഴ്‌സ് വന്ന് കൊടുത്ത മരുന്നുകളും കഴിച്ച് ജോസഫേട്ടൻ ഉറക്കമായി. ഊണു കഴിച്ചപ്പോൾ ത്രേസ്സ്യാമ്മയുടെ കണ്ണുകൾ അടഞ്ഞുതുടങ്ങി. കുറേ ദിവസത്തെ ഉറക്കം ബാക്കിയാണ്. ജോസഫേട്ടൻ പറഞ്ഞ പോലെ ജോലിക്കാർ നാലുമണിയ്ക്ക് വന്നാൽ മതിയായിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് അവർക്കുവേണ്ടി കാത്തിരുന്നശേഷം ത്രേസ്സ്യാമ്മ കിടന്നു, അറിയാതെ ഉറങ്ങിപ്പോവുകയും ചെയ്തു.
വാതിൽക്കൽ മുട്ടു കേട്ടപ്പോൾ ത്രേസ്സ്യാമ്മ ഞെട്ടിയുണർന്നു. ഓടിപ്പോയി വാതിൽ തുറന്നു. ജോലിക്കാരായിരിക്കുമെന്നാണ് കരുതിയത്. നോക്കുമ്പോൾ ഡോക്ടർ നായരും പിന്നിൽ രണ്ടു നഴ്‌സുമാരും. ഡോക്ടർ റൗണ്ട്‌സിനു വന്നിരിക്കയാണ്.
'നന്നായി ഒറങ്ങി, അല്ലെ?' ത്രേസ്സ്യാമ്മയുടെ ചീർത്ത മുഖത്തു നോക്കിക്കൊണ്ട് ഡോക്ടർ ചോദിച്ചു. 'എവിടെ നമ്മടെ രോഗി?'
ജോസഫേട്ടൻ കട്ടിലിലില്ലെന്ന് അപ്പോഴാണ് ത്രേസ്സ്യാമ്മ മനസ്സിലാക്കുന്നത്. കുളിമുറിയിൽനിന്നു എന്തോ ശബ്ദം കേട്ട് ഡോക്ടർ അങ്ങോട്ടു നടന്നു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് മുട്ടിയശേഷം ഡോക്ടർ വാതിൽ തള്ളിത്തുറന്നു.
അവിടെ ജോസഫേട്ടൻ വാഷ്‌ബേസിനും താങ്ങിപ്പിടിച്ചുകൊണ്ട് നിൽക്കുകയാണ്. വാഷ് ബേസിൻ ചുവരിൽ ഘടിപ്പിച്ച ബ്രാക്കറ്റിന്മേൽ വച്ചശേഷം അദ്ദേഹം പറഞ്ഞു.
'എല്ലാം ശരിയാക്കിയിട്ട്ണ്ട്. ഇനി ഇതവിടെ ഒറപ്പിക്ക്യേ വേണ്ടു.'
വിശ്വസിക്കാൻ പ്രയാസമായ പോലെ ഡോക്ടർ ഒരു നിമിഷം പകച്ചുനിന്നു. പിന്നെ തിരിഞ്ഞ് നഴ്‌സിനോട് പറഞ്ഞു.
'ഉടനെ ഒരു കാമ്പോസ് ഇഞ്ചക്ഷൻ തയ്യാറാക്കൂ.'
'ശരി ഡോക്ടർ' നഴ്‌സ് തിരിഞ്ഞ് ത്രേസ്സ്യാമ്മയോടു പറഞ്ഞു. 'പേഷ്യന്റിനെ പിടിച്ചു കിടത്തൂ.'
'അയാൾക്കല്ല സിസ്റ്റർ,' ഡോക്ടർ അവരെ തിരുത്തി. 'ഇഞ്ചക്ഷൻ എനിക്കാണ്.'