ജോസ് പനയമ്പാല
പ്രമേയത്തിലും ആവിഷ്‌ക്കരണ രീതിയിലും വ്യത്യസ്ത ഭാവമുണർത്തുന്ന കഥകളുമായി സാഹിത്യലോകത്തേക്കു കടന്നുവരുന്ന ഹരികുമാർ മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരുടെ മകനാണ്. കഥയെ വായനക്കാരുടെ ഹൃദയത്തോടടുപ്പിക്കാനുള്ള ഹരികുമാറിന്റെ കരവിരുത് തികച്ചും ശ്ലാഘനീയമാണ്. വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന സവിശേഷതകളുള്ള രചനാരീതി ഹരികുമാറിന്റെ പ്രത്യേകതയാണ്.
മലയാള കഥാലോകത്ത് ഒരു പ്രത്യേക ജനുസ്സിൽപെടുന്ന സ്‌ഫോടനശേഷിയുള്ള കഥകളുമായി വന്ന ഹരികുമാർ നോവൽ രചനാരംഗത്തും തനതായൊരു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ്. വിചിത്രമായ മനുഷ്യബന്ധങ്ങളും സ്‌നേഹത്തിന്റെ ഊഷ്മളതയും ഇഴചേർന്ന് വികസിക്കുന്ന ഹരികുമാറിന്റെ നോവലുകളിലൂടെ കടന്നുപോകുക അതീവ ഹൃദ്യമായൊരനുഭവമാണ്.
ഗ്രാമീണതയുടെ അപൂർവ സൗന്ദര്യവും അനുഭൂതികളും മഹാനഗരങ്ങളുടെ വൈവിദ്ധ്യമാർന്ന നിറപ്പകിട്ടുകളും പൊന്നാനിത്തനിമയോടെ ഒപ്പിയെടുത്തവതരിപ്പിക്കുന്ന ഇ. ഹരികുമാർ 1943-ൽ പൊന്നാനിയിൽ ജനിച്ചു. മഹാകവി ഇടശ്ശേരി ഗോവിന്ദൻനായരാണ് അച്ഛൻ. അമ്മ ഇ. ജാനകിയമ്മ. ലളിതയാണ് ഭാര്യ. മകൻ അജയ്. ഡിഗ്രിക്കുശേഷം കൽക്കത്ത, ബോംബെ, ദില്ലി എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. പിന്നീട് കേരളത്തിലേക്കു തിരിച്ചുവന്നു. 1962 മുതൽ കഥകൾ എഴുതി തുടങ്ങി. കറുത്തതമ്പ്രാട്ടി, കൂറകൾ, വൃക്ഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, ദിനോസറിന്റെ കുട്ടി, കാനഡയിൽനിന്നൊരു രാജകുമാരി, ശ്രീപാർവതിയുടെ പാദം, സൂക്ഷിച്ചുവച്ച മയിൽപ്പീലി, പച്ചപയ്യിനെ പിടിക്കാൻ, ദൂരെ ഒരു നഗരത്തിൽ, അനിതയുടെ വീട് (കഥാസമാഹാരം), ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, അയനങ്ങൾ, തടാകതീരത്ത് (നോവൽ) എന്നിവയാണ് പ്രധാനകൃതികൾ. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1997-ലെ പദ്മരാജൻ പുരസ്‌ക്കാരം നാലാപ്പാടൻ പുരസ്‌ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ജോസ് പനയമ്പാല: താങ്കളിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞത് എന്നാണ്?
ഇ. ഹരികുമാര്‍: വീട്ടിൽ ഒരു സാഹിത്യ അന്തരീക്ഷം തന്നെ ഉണ്ടായിരുന്നു. ധാരാളം സാഹിത്യാസ്വാദകരും, സാഹിത്യകാരന്മാരും അച്ഛനെ കാണാൻ വീട്ടിൽ വരുമായിരുന്നു. മാരാർ, എം. ഗോവിന്ദൻ ഇവരൊക്കെ വരുമ്പോൾ ഗഹനമായ സാഹിത്യ ചർച്ചകൾ നടക്കുമായിരുന്നു. ''പൊന്നാനി കളരി' എന്ന പേരിലൊരു സാഹിത്യ ചർച്ചാവേദി തന്നെ അന്ന് ഉണ്ടായിരുന്നു. അച്ഛനായിരുന്നു അതിന്റെ കേന്ദ്രം. മറഞ്ഞും തെളിഞ്ഞും ഞാൻ ചർച്ചകളൊക്കെ ചെറുപ്പത്തിലേ ശ്രദ്ധിക്കുമായിരുന്നു.
കുട്ടിക്കാലം മുതൽ അച്ഛന്റെ ഗ്രന്ഥശേഖരത്തിൽനിന്ന് പുസ്തകങ്ങളെടുത്തു വായിക്കുമായിരുന്നു. പൊന്നാനി എം.വി. ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ പരീക്ഷസമയത്ത് 'യുഗോ'യു ടെ പാവങ്ങൾ വായിക്കുകയായിരുന്നു. അതു കണ്ട അച്ഛൻ എന്നോടു പറഞ്ഞു. ഈ കൃതി ഇപ്പോൾ വായിക്കേണ്ടതല്ല. പരീക്ഷകഴിഞ്ഞ് വളരെ ശ്രദ്ധയോടെ വായിക്കണം... എന്റെ ആദ്യ സൃഷ്ടി സ്‌കൂൾ കൈയെഴുത്തു മാസികയിലൂടെ വന്നു. സ്‌കൂൾ സാഹിത്യ മത്സരങ്ങളിൽ കവിതയ്ക്ക് ഒന്നാം സമ്മാനവും കഥയ്ക്ക് രണ്ടാം സമ്മാനവും ലഭിച്ചു.
പത്താംതരം കഴിഞ്ഞ് ജീവിതം തേടി കൽക്കത്തയിലെത്തി. ജോലിയോടൊപ്പം ഈവനിങ് ക്ലാസ്സിൽ ചേർന്നു പഠിച്ച് ബി.എ. പാസ്സായി. കൽക്കത്ത നാഷണൽ ലൈബ്രറിയിൽനിന്ന് ധാരാളം പുസ്തകങ്ങൾ എടുത്തുവായിച്ചു. കൂടുതലും ശാസ്ത്ര ഗ്രന്ഥങ്ങളായിരുന്നു. ആദ്യകഥ 'മഴയുള്ള രാത്രിയിൽ' മനോരമയിൽ അച്ചടിച്ചുവന്നു. പിന്നീട്, മാതൃഭൂമി, കലാകൗമുദി, മലയാളം വാരികകളിൽ തുടർച്ചയായി കഥകൾ വന്നു. ആദ്യ നോവൽ 'ഉറങ്ങുന്ന സർപ്പങ്ങൾ' കലാകൗമുദി സീരിയലൈസു ചെയ്തു.
ജോസ് പനയമ്പാല: കഥയിൽനിന്ന് നോവലിലേക്ക് തിരിയാനുണ്ടായ പ്രേരണ?
ഇ. ഹരികുമാര്‍: ചില വിഷയങ്ങൾ ചെറുകഥയിൽ ഒതുങ്ങുന്നതല്ല എന്ന് ബോധ്യമായപ്പോൾ കുറേക്കൂടി വലിയ ക്യാൻവാസ് തേടി പോകേണ്ടിവന്നു. അങ്ങനെയാണ് നോവലിലേക്ക് കടന്നത്. കൽക്കത്തയിലും ദൽഹിയിലുമായിരുന്ന കാലത്ത് ചിത്രകല എന്നെ കൂടുതൽ ആകർഷിച്ചിരുന്നു. അപ്പോൾ സ്വാഭാവികമായും അക്കാലത്തെ കഥകളിൽ ചിത്രകലയുടെ സ്വാധീനം ഏറെയുണ്ടായി. ബോംബെ ജീവിതകാലത്ത് ഞാൻ എന്നിലേക്കുതന്നെ കൂടുതൽ ഉൾവലിഞ്ഞു. അന്നത്തെ കഥകൾ കൂടുതലും ആത്മാംശം നിറഞ്ഞതായിരുന്നു. തിരിച്ചു നാട്ടിൽവന്ന ശേഷമാണ് നോവൽ രചനയിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചത്. നഗരജീവിതത്തിൽനിന്ന് ഗ്രാമീണ ജീവിതത്തിലേക്ക് വന്നപ്പോൾ വീക്ഷണവും മാറി.
ജോസ് പനയമ്പാല: മനസ്സിൽ ഒരു നോവലിന്റെ രൂപരേഖ തയ്യാറാക്കുന്നത് എങ്ങനെയാണ്?
ഇ. ഹരികുമാര്‍: ചില കഥാപാത്രങ്ങൾ ആദ്യം മനസ്സിൽ ഉരുത്തിരിയും. അത് കുറേക്കാലം മനസ്സിലിട്ട് തേച്ചുമിനുക്കും. പിന്നീട് അതിന്റെ പശ്ചാത്തലം ഭാവനയിൽ കൊണ്ടുവരും. കടലാസ്സിലേക്കു വാർന്നുവീഴുമ്പോൾ സ്വാഭാവികമായും കഥാപാത്രങ്ങൾക്ക് വളർച്ചയുണ്ടാവുകയും കഥാഗതിക്കുതന്നെ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു.
ജോസ് പനയമ്പാല: 'കൊച്ചമ്പ്രാട്ടി'യെന്ന നോവലിന്റെ രചനയ്ക്ക് പിന്നിൽ?
ഇ. ഹരികുമാര്‍: വളരെ നാളായി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു തീം ആണ് കൊച്ചമ്പ്രാട്ടിയുടേത്. ഫ്യൂഡൽ വ്യവസ്ഥിതിയുടെ പതനവും ഭൂപരിഷ്‌ക്കരണം വരുത്തിയ മാറ്റങ്ങളുടെയും അനന്തരഫലം അനുഭവിക്കേണ്ടിവന്ന ഒരു പുതിയ തലമുറയുടെ കഥയാണ് കൊച്ചമ്പ്രാട്ടി. കാരണവന്മാരുടെ ധൂർത്തും, കുത്തഴിഞ്ഞ ജീവിതവും മൂലം നായർ സമുദായത്തിനു വന്നുഭവിച്ച ദുരന്തത്തിന്റെ അവസാനത്തെ കണ്ണിയാണ് കൊച്ചമ്പ്രാട്ടിയിലെ പെൺകുട്ടി. ഇതിലെ ഓരോ കഥാപാത്രവും അക്കാലത്ത് ജീവിച്ചു മരിച്ച പലരുടേയും പ്രതിനിധികളാണ്. ഒപ്പംതന്നെ സാമ്പത്തികമായി വളരെ താഴേത്തട്ടിലുള്ള ഒരു വർഗത്തിന്റെ ഉയർച്ചയും ഇതോടൊപ്പം വരുന്നുണ്ട്.
ജോസ് പനയമ്പാല: എഴുതിയതിനുശേഷവും ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ?
ഇ. ഹരികുമാര്‍: എഴുതിയതിനുശേഷവും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന അനേകം കഥാപാത്രങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. ഉദാഹരണമായി 'ദിനോസറിന്റെ കുട്ടി'യിലെ രാജീവൻ എന്ന കുട്ടി 'കൊച്ചമ്പ്രാട്ടി'യിലെ പദ്മിനി 'കൂറകൾ' എന്ന കഥയിലെ വീട്ടമ്മ. 'വിഷു' എന്ന കഥയിലെ അച്ഛൻ.
ജോസ് പനയമ്പാല: ഏതെങ്കിലും എഴുത്തുകാരന്റെ കൃതി സ്വാധീനിച്ചിട്ടുണ്ടോ?
ഇ. ഹരികുമാര്‍: വിക്ടർ യുഗോയുടെ 'പാവങ്ങൾ' എന്ന നോവൽ എന്റെ എഴുത്തിനെ മാത്രമല്ല, ജീവിതത്തെയും സ്വാധീനിച്ചിട്ടുണ്ട്.
ജോസ് പനയമ്പാല: ഏറ്റവും അധികം സ്വാധീനിച്ച എഴുത്തുകാരൻ?
ഇ. ഹരികുമാര്‍: എഴുത്തിന്റെ ശൈലിയിൽ എന്നെ ഏറെ സ്വാധീനിച്ച എഴുത്തുകാരൻ ഹെമിംഗ് വേയാണ്.
ജോസ് പനയമ്പാല: കനപ്പെട്ട കൃതികളൊന്നും ഇപ്പോഴുണ്ടാകുന്നില്ല. എന്തായിരിക്കും കാരണം?
ഇ. ഹരികുമാര്‍: ആഴത്തിലുള്ള കൃതികൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. പൊതുവായ ബഹളത്തിനിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നുമാത്രം.
ജോസ് പനയമ്പാല: സാഹിത്യ വിമർശനം ആവശ്യമാണോ?
ഇ. ഹരികുമാര്‍: വിമർശനം ആവശ്യമാണ്. അത് കൃതിയുടെ ഉള്ളറിഞ്ഞ് ശരിയായ ദിശയിൽ പോകുന്ന വിമർശനം ആയിരിക്കണമെന്നുമാത്രം.
ജോസ് പനയമ്പാല: മലയാളത്തിലെ ഇഷ്ടപ്പെട്ട വിമർശകർ?
ഇ. ഹരികുമാര്‍: മാരാർ, മുണ്ടശ്ശേരി.
ജോസ് പനയമ്പാല: എഴുത്ത് ക്‌ളേശകരമായ ഒരു പ്രവൃത്തിയായി തോന്നിയിട്ടുണ്ടോ?
ഇ. ഹരികുമാര്‍: തുടങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. പിന്നെ അതൊരു ഒഴുക്കായിരിക്കും. നമ്മൾ അറിയാതെ തന്നെ രചനയുടെ ഒരു മായാപ്രപഞ്ചത്തിൽ എത്തിച്ചേരുന്നു.
ജോസ് പനയമ്പാല: അച്ഛൻ മഹാകവി ഇടശ്ശേരിയെക്കുറിച്ചുള്ള ഓർമകൾ വായനക്കാരുമായി പങ്കുവയ്ക്കാമോ?
ഇ. ഹരികുമാര്‍: സാഹിത്യലോകത്തെ എന്റെ ഗുരു ഇടശ്ശേരി ഗോവിന്ദൻ നായരായിരുന്നു. മക്കളായ ഞങ്ങളോടെല്ലാം വളരെ വാത്സല്യത്തോടെയാണ് അച്ഛൻ പെരുമാറിയിരുന്നത്. അച്ഛൻ വളരെ വൈകിയാണ് എന്നും ഊണുകഴിക്കാൻ വന്നിരിക്കാറ്. ആ സമയം ഞങ്ങൾ മക്കളെ അടുക്കൽ വിളിച്ചിരുത്തി ഓരോ ഉരുളതരുമായിരുന്നു. അതെന്നും പതിവായിരുന്നു.
അച്ഛന്റെ എഴുത്ത് കൂടുതലും രാത്രിയിലായിരുന്നു. ഒഴിവു ദിവസങ്ങളിൽ സാഹിത്യ ചർച്ചകളും മറ്റുമുണ്ടായിരിക്കും. അച്ഛന്റെ നാടകങ്ങളിൽ പലതും കൃഷ്ണപ്പണിക്കർ വായനശാലയിൽ അരങ്ങേറാറുണ്ടായിരുന്നു. അവയിൽ ചില നാടകങ്ങളിൽ ഞാൻ സ്ത്രീവേഷം കെട്ടിയിട്ടുണ്ട്. നാടകത്തിന്റെ റിഹേഴ്‌സൽ ക്യാമ്പുകളൊക്കെ വളരെ അവിസ്മരണീയ അനുഭവങ്ങളായിരുന്നു. അച്ഛനും ടി. ഗോപാലക്കുറുപ്പും കൂടിയാണ് നിർദേശങ്ങൾ തന്നിരുന്നത്.
ജോസ് പനയമ്പാല: ഇടശ്ശേരി കവിതകളെ പുതിയ തലമുറ എങ്ങനെ കാണുന്നു?
ഇ. ഹരികുമാര്‍: പുതിയ തലമുറ ഇടശ്ശേരിയെ ഒരു ഗുരുവായിട്ടാണ് കാണുന്നത്. ഇടശ്ശേരി കവിതകൾക്കും ഇന്നും വായനക്കാർക്കിടയിൽ ഏറെ പ്രശസ്തി കാണുന്നുണ്ട്. കൂടുതലും സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കവിതയിലൂടെ അവതരിപ്പിച്ചിട്ടുള്ള ആളാണ് ഇടശ്ശേരി. വായിക്കാൻ മാത്രമല്ല പഠിക്കാനും ആൾക്കാർ പലരും ഇടശ്ശേരി കവിതകളിൽ താല്പര്യം കാണിക്കുന്നുണ്ട്.
ജോസ് പനയമ്പാല: ഇഷ്ടപ്പെട്ട സാഹിത്യശാഖ?
ഇ. ഹരികുമാര്‍: ചെറുകഥ.
ജോസ് പനയമ്പാല: മറക്കാനാവാത്ത ഒരു വായനാനുഭവം?
ഇ. ഹരികുമാര്‍: ദെയ്‌ത്തോവ്‌സ്‌കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവൽ മറക്കാനാവാത്ത ഒരു വായനാനുഭവമായിരുന്നു. മനുഷ്യ മനസ്സെന്ന മഹാസാഗരത്തിലെ തിരയടികൾ സശ്രദ്ധം ഒപ്പിയെടുത്തവതരിപ്പിക്കുന്ന വിശ്വസാഹിത്യത്തിലെ ഉജ്ജ്വലമായൊരു കൃതിയാണ് 'കുറ്റവും ശിക്ഷയും' ലോകാവസാനംവരെ നിലനിൽക്കുന്ന ഈ അനശ്വരശില്പം ലോക ക്ലാസിക്കുകളിലെ തങ്കവിഗ്രഹമാണ്. ഒരു കലാശാല വിദ്യാർഥിയും സാഹചര്യംകൊണ്ട് കൊലപാതകിയാകേണ്ടിവരുകയും ചെയ്യുന്ന ദരിദ്രനായ റസ്‌കോൾ നികോഫും കുടുംബം പുലർത്താൻ വേണ്ടി ശരീരം വിൽക്കേണ്ടിവരുന്ന സോണിയയും. ഒരിക്കലും മനസ്സിൽനിന്ന് വിട്ടുപോകാത്ത കഥാപാത്രങ്ങളാണ്. എന്റെ മനസ്സിൽ ആഴത്തിൽ മുറിവേല്പിച്ച അപൂർവം കലാസൃഷ്ടികളിൽ ഒന്നാണ് ഈ നോവൽ.