കെ.എസ്. സുധി
ഇ, ഹരികുമാറിന്റെ കനഡയിൽനിന്നൊരു രാജകുമാരി, ദിനോസറിന്റെ കുട്ടി, കുങ്കുമം വിതറിയ വഴികൾ, ശ്രീപാർവ്വതിയുടെ പാദം, കൂറകൾ എന്നീ കഥാസമാഹാരങ്ങൾ മുൻനിർത്തി ഒരന്വേഷണം
ഒരു എഴുത്തുകാരനും ഒറ്റയ്ക്കല്ല. തനിക്കുമുമ്പേ കടന്നുപോയവരുടേയും താനുൾപ്പെടുന്നതും തനിക്കു ശേഷമുള്ളവരുടേയും സഞ്ചിത സമ്പത്തുകൾ ഓരോ എഴുത്തുകാരനോടും ഒപ്പമുണ്ട്. സമ്പത്തുകൾക്കെന്നപോലെ തലമുറകളുടെ സഹജന്യുനതകളും അവന്നു വിധിക്കപ്പെട്ടതാണ്. തന്റെ ബോധാ ബോധങ്ങളെ ചൂഴ്ന്നുനില്ക്കുന്ന മുഴുവൻ സ്വാധീനങ്ങളെയും കടന്നു തന്റെ മുക്തിപഥം - രചനാപഥം - കണ്ടെത്താൻ ഓരോ എഴുത്തുകാരനും ബാദ്ധ്യസ്ഥനാണ്. സ്വന്തം മനസ്സിന്റെ ആഴങ്ങളിൽ നിന്നാരംഭിക്കുന്ന ആ മഹായാനത്തിൽ ഒരു പക്ഷേ 'നിഷേധവും' നിഷേധത്തിന്റെ നിഷേധവുമാവും അവനു തുണയുണ്ടാവുക. കാലങ്ങൾ മുൻകൂട്ടിക്കാണുന്ന യഥാർത്ഥ എഴുത്തുകാരൻ ഇന്നലെവരെ നടന്ന പാത ഉപേക്ഷിച്ചുവെന്നുവരും. ഒരുപക്ഷേ ഇന്നിനെപ്പോലും ത്യജിച്ചുവെന്നും വന്നേയ്ക്കും.
ഈ ആത്മയാനങ്ങൾ നടത്തുന്ന ഓരോ എഴുത്തുകാരനും അവന്റെ ബൗദ്ധികജീവിതത്തിൽനിന്നു വ്യത്യസ്തമായി, പുറത്ത് അനുസ്യുതം ഒഴുകുന്ന ബാഹ്യജീവിതങ്ങൾക്കുകൂടി സാക്ഷിയാണ്. ആത്മയാനങ്ങളുടെ അനേക ഭാവങ്ങളോട് തീർത്തും അന്യത്വം പുലർത്തുന്നതാവും ഈ ബാഹ്യപ്രവാഹം. ഈ വൈരുദ്ധ്യങ്ങളുടേയും സംഘർഷങ്ങളുടേയും പാത ഓരോ കഥാകാരനും പിന്നിടേണ്ടതുണ്ട്. ഈ സംഘർഷങ്ങളുടെയും സമാന്തരതയുടേയും പാത ഏതൊക്കെയെന്നറിഞ്ഞ് സ്വന്തം സർഗ്ഗശക്തിയുടെ അടിത്തറയിൽ സർഗ്ഗക്രിയ നടത്തുന്ന കലാകാരൻ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളു.
ഉൾക്കനം കുറഞ്ഞ പലരും കാലാകാലങ്ങളിലെ ട്രെൻഡുകൾക്കൊപ്പിച്ച്, ടെക്‌നിക്കുകളിലൂടെ കഥകൾ സൃഷ്ടിച്ചത് മലയാളകഥയെ സംബന്ധിച്ച് ഏറെക്കാലം മുമ്പല്ല വിദേശങ്ങളിൽനിന്നു കടംകൊണ്ടു ദാർശനിക ദുരന്തങ്ങളും അസ്തിത്വപ്രതിസന്ധികളും കഥാരംഗത്തേയ്ക്ക് വലിച്ചിഴച്ച ഒരു പറ്റം എഴുത്തുകാരുടെ കാമ്പില്ലായ്മ ബുദ്ധിമാന്മാരായ വായനക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ കള്ളനാണയങ്ങൾ തിരിച്ചറിയപ്പെട്ടു. ഇല്ലാത്ത ആധുനികത വല്ലാത്ത വ്യഥയോടുകൂടി കഥാരംഗത്ത് തിമർത്താടിനിന്ന കാലത്തും ബൗദ്ധിക സത്യസന്ധതയോടെയും ചാതുര്യത്തോടെയും ഓരോ വാക്കും അളന്നുകുറിച്ച് അവതരിപ്പിക്കാൻ ശ്രദ്ധിച്ച കഥാകാരനാണ് ഹരികുമാർ. ഈ കഥാകാരന് ഓരോ കഥയും തന്റെ ആത്മാവിന്റെ തുടിപ്പുകളുള്ളവയായിരുന്നു. ഉപയോഗിച്ച ഭാഷ സ്വാഭാവികതയുടേതായിരുന്നു. അങ്ങനെ കഥാഘടനയിലും ഭാഷയിലും പൊതുപ്രവാഹത്തിൽനിന്നൊഴിഞ്ഞ് തന്റെ തന്നെ രചനാക്രമം കണ്ടെത്തിയ ഹരികുമാർ വരുംകാലത്തിന്റെ (നിയോ റിയലിസ്റ്റ്) കഥയ്ക്കുവേണ്ടി മുന്നേ നടന്നവനാണ്. കാമ്പുള്ള മലയാള കഥ എന്ന ആശയം മുമ്പേ കഥകളിലൂടെ അവതരിപ്പിച്ച കഥാകാരനാണ് 60 കളുടെ ആദ്യപാദത്തിൽ രംഗത്തെത്തിയ ഹരികുമാർ. സാർത്ഥകമായ മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടു നിൽക്കുകയാണുന്ന്. ഉൾക്കനത്തിലെ വ്യത്യസ്തതയോ, വിമർശനത്തിന്റെ കള്ളികളിൽ ഒതുക്കിനിർത്തുവാനോകാത്ത അനല്പലാവണ്യമോ, ഏതാണെന്നറിയില്ല കഥയുടെ ജാതകമെഴുത്തുകാരേയും ആഴ്ചക്കുറിപ്പുകാരേയും ഈ കഥകൾ കണ്ടില്ലെന്നു നടിക്കാൻ പ്രേരിപ്പിച്ചത്.
സ്വപ്നങ്ങളും അനാഥത്വവും ഉണർവിലെ കെട്ടുപാടുകളിലും യുക്തിഭദ്രതയിലും കൃത്യനിഷ്ഠയിലും കുടുങ്ങി തളരുന്ന മനസ്സുകളിലേയ്ക്ക് വേനലിലെ മഴത്തുള്ളിപോലെയാണ് സ്വപ്നങ്ങൾ കടന്നുവരാറ്. ഏതിനും യുക്തിഭദ്രതയും കാര്യകാരണബന്ധങ്ങളും അന്വേഷിക്കാറുള്ളവർപോലും അതേ മാനദണ്ഡങ്ങൾ സ്വപ്നങ്ങൾക്കു നല്കി വിലയിരുത്താൻ ശ്രമിക്കുമോ? അങ്ങനെ എങ്കിൽ എത്ര നിരർത്ഥകരമാവും സ്വപ്നസങ്കല്പങ്ങൾ! സ്വപ്നങ്ങളോ യുക്തിബോധമോ ജീവിതത്തോട് കൂടുതൽ അടുത്തിട്ടുള്ളത്? സ്വപ്നങ്ങൾക്ക് ചിലപ്പോഴെങ്കിലും യാഥാർത്ഥ്യങ്ങളേക്കാൾ വാസ്തവികതയേറാറില്ലേ? ഉവ്വ്. സ്വപ്നങ്ങളാണ് കൂടുതൽ സത്യങ്ങൾ എന്ന മന്ത്രണം പതിഞ്ഞു കിടക്കുന്ന ഒട്ടേറെ കഥകളുണ്ട് ഈ കഥാകാരന്.
ഒരു ദിനോസറിന്റെ കുട്ടി രാത്രി മുഴുവൻ ജനാലയ്ക്കൽ തനിക്കു കാവൽ നില്ക്കുന്നത് കിനാവുകാണുന്ന രാജീവൻ, ജ്യോത്സ്യനോട് നൂറ്റാണ്ടുകൾക്കു പിന്നിലേക്കു പോകാമോ എന്നാരായുന്നു, ജീവിത പ്രതിസന്ധികൾ വീർപ്പുമുട്ടിക്കുന്ന മോഹൻ. കുഞ്ഞിന്റെ 'ഡ്രീം സീരിസ്സു' കളിലൂടെ അശാന്തിയും അനാഥത്വവും നിറഞ്ഞു നില്കുന്ന വാസ്തവികതയുടെ ലോകം ഹരികുമാർ വരച്ചിടുന്നു. സ്‌നേഹം മൂക്കുമ്പോൾ നാവുനീട്ടി കവിളിൽ നക്കുന്ന ഒരു ദിനോസറാവാൻ കൊതിക്കുന്ന മോഹൻ സ്വപ്നങ്ങൾ കൊതിക്കുന്ന വ്യക്തിയാണ്. ഇത്ര ചാരുതയാർന്ന ഒരു കഥ സമീപകാലത്ത് മലയാള കഥാരംഗത്ത് ഉണ്ടായിട്ടില്ല. (കഥ ദിനോസറിന്റെ കുട്ടി)
സത്യവും മിഥ്യയും നേർത്ത ഒരു മൂടൽമഞ്ഞിനാൽ വേർതിരിക്കപ്പെട്ട, യാഥാർത്ഥ്യവും വിഭ്രമാത്മകതയും കൂടി ഇടകലർന്നപോകുന്ന 'ഒരു പഴയ ഓസ്റ്റിൻ കാർ' ഉൾക്കാതുകൾക്കുമാത്രം ശ്രവ്യമായ നനുത്ത സ്‌നേഹമർമ്മരങ്ങൾ പിന്തുടർന്നു എത്തുന്ന അമ്മയും മകളും പിന്നെ അവശേഷിക്കുന്ന തുളസിയിലകളുമെല്ലാം (കഥ വടക്കുനിന്നൊരു സ്ത്രീ) മലയാള വായനക്കാരെ അനുഭൂതിയുടെ പുത്തൻ മേഖലകളിലേയ്ക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.
കുഞ്ഞുങ്ങളും കിനാവുകളും മാത്രമാണ് യുക്തിയെ നിഷേധിച്ച് ജീവിതത്തേയും വിഭ്രാന്ത കല്പനകളേയും അതിന്റെ പൂർണ്ണ വർണ്ണങ്ങളിൽ ഉൾക്കൊള്ളുന്നത്. ഇരുവരുടേയും ലോകത്ത് അസംഭാവ്യങ്ങളായി ഒന്നുമില്ല. നിയതമായ പാതകളില്ല, ചിട്ടയൊപ്പിച്ച പദ്ധതികളും കർമ്മങ്ങളുമില്ല. അവിടെ ക്രമഭംഗങ്ങളും വർണ്ണപ്പിഴകളും വൈചിത്ര്യങ്ങളും തികച്ചും സ്വാഭാവികമാണ്. അസ്വാഭാവികത എന്നൊന്നില്ല. സ്വപ്നങ്ങളിലൂടെയും കുഞ്ഞുങ്ങളിലൂടെയുമാണ് ഹരികുമാറിന്റെ പലപ്രമുഖ കഥകളും ഇതൾ വിരിയുന്നത്. പ്രത്യക്ഷത്തിൽ ബാലിശമെന്നോ കുട്ടിക്കഥയെന്നോ തോന്നിയേക്കാവുന്ന കഥാലോകത്തിൽ കുഞ്ഞുങ്ങളുടെ മാനസിക ചിത്രീകരണളിലൂടെ കഥാകൃത്തിന്റെ ഗൗരവമായ ജീവിതദർശനം ഉരുത്തിരിയുന്നു. ആരവങ്ങളും പ്രകടനപരതയുമില്ലാതെ കുഞ്ഞിന്റെ കുതൂഹലങ്ങളിലൂടെയും അകളങ്കിത മനസ്സിന്റെ ദുഃശ്ശാഠ്യങ്ങളിലും കൂടിയാണാ കഥാകാരൻ തന്റെ കർത്തവ്യം നിറവേറ്റുന്നത്.
അമ്മയുടെ ഗന്ധവും വാത്സല്യലോകവും എന്നേയ്ക്കുമായി നഷ്ടപ്പെട്ട കുട്ടിയെ ചൂഴ്ന്നുനില്ക്കുന്ന ഭയാനകമായ ഒരു ശൂന്യതയുടെ കഥ പറയുന്ന 'ഡോക്ടർ ഗുറാമിയുടെ ആശുപത്രി' എന്ന കഥയിൽ മാതൃവാത്സല്യത്തിനോടുള്ള അഭിനിവേശം മത്സ്യക്കുഞ്ഞുങ്ങളുടെ വർണ്ണനയിലൂടെയാണ് അനാവരണം ചെയ്യപ്പെടുന്നത്. ' കാനഡയിൽ നിന്നൊരു രാജകുമാരി' എന്ന കഥയിലെത്തുമ്പോഴാകട്ടെ നിനച്ചിരിക്കാതെ ഒരു കുടുംബത്തിലേയ്ക്ക് സന്തോഷത്തിന്റെ നിറമാലകളുമായാണ് നീലിമ എത്തുന്നത്. പ്രകാശം കുറഞ്ഞ ബൾബുകൾ മാറ്റിയിടാൻ' അവൾ അവരോടു പറയുമ്പോൾ പ്രകാശം പരത്തിയത് അവളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു. വന്നതുപോലെ 'രാജകുമാരി' മടങ്ങിപ്പോയപ്പോൾ അയാളും വിമലയും അജിത്തും ഇരുണ്ട നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തുന്നു. കഥയിലും അനാഥത്വബോധം വല്ലാതെ നിഴലിക്കുന്നു. വിവാഹം കഴിഞ്ഞെത്തുന്ന രാജാവിനേയും ഭാര്യയേയും താല്പര്യമില്ലായ്മയിലൂടെ നിരാകരിക്കുന്ന സുഹൃത്ത് (സന്ധ്യയുടെ നിഴലുകൾ) പുറത്തൊഴുകുന്ന അഴുക്കുചാലിന്റെ ഗന്ധം സ്വന്തം ആത്മാവിൽ അടിഞ്ഞു കൂടിയവനാകുന്നു. ഒറ്റപ്പെടുന്നവന്റെ ആന്തരികവിക്ഷോഭങ്ങൾ എന്നും ഹരികുമാർ കഥകളുടെ മുഖ്യധാരയാണ്.
ശമം കിട്ടാത്ത കാമവും കാമവൈകൃതങ്ങളും സൗമ്യമായ രതിപ്രഭയോടൊപ്പം മനുഷ്യചരിത്രത്തിൽ ഉണ്ടായിരുന്നിട്ടുണ്ട്. വികലവും ആസുരവുമായ ഭോഗതൃഷ്ണകൾ സ്വാഭാവികം എന്നെണ്ണുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്‌നേഹസൗഹൃദങ്ങൾ മിച്ചമൂല്യങ്ങളായി വരേണ്ടുന്ന ജീവിതത്തിൽ ആസുരതയാണ് ആ സ്ഥാനം കയ്യടക്കുന്നത്. അങ്ങനെ ജീവിതത്തിൽ നിന്നു സൗമ്യരതിയും പ്രണയവും അന്യവത്കരിക്കപ്പെടുന്നു. രതിബന്ധത്തിലെ രതിമൂർച്ഛയുടെ നിമിഷത്തനേരത്തെ ഒന്നാകലത്തിൽനിന്നു എത്രയോ വലുതാണ് ജീവിതമെന്ന സ്‌നേഹക്രിയയിലെ, സ്‌നേഹിക്കലിന്റേയും സ്‌നേഹിക്കപ്പെടലിന്റേയും രതിമൂർച്ഛ. രതി എന്നത് ജീവിതത്തിലേയ്ക്ക് സ്‌നേഹത്തെ കുടിയിരുത്തലാണ്. പങ്കാളിയെ അംഗീകരിക്കലാണ് ആദരിക്കലാണ്. അത് കാറ്റിന്റെ തഴുകൽപോലെ തിരയിളക്കം പോലെ സ്വാഭാവികമാണ്. വൈകൃതവത്ക്കരിച്ചു കാണാനും അനുഭവിക്കാനുമുള്ളതല്ല.
സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ബന്ധങ്ങൾ ആവശ്യമാണോ? ബന്ധങ്ങളുടെ അതിരുകൾ ഉല്ലംഘിച്ച പ്രണയങ്ങൾ ചരിത്രത്തിലുടനീളമുണ്ട്. ബന്ധങ്ങളിലൂടെ കണ്ണിതിരിച്ചു കാണുമ്പോൾ വാർന്നുപോകുന്നതാണ് പ്രണയം എന്നറിയുന്നവരാണ് ഹരികുമാറിന്റെ കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളാകട്ടെ സമൂഹം അംഗീകരിച്ച ബന്ധങ്ങൾ ഉള്ളപ്പോൾത്തന്നെ അവയ്ക്കുപരിയായി സ്‌നേഹംതേടി യാത്രപോകുന്നവരുമാണ്. ബന്ധങ്ങളുടെ കടുംകെട്ടുകൾക്കുള്ളിൽ നിൽക്കുമ്പോൾത്തന്നെ ബന്ധങ്ങൾ മറികടന്നു ആശ്വാസം തേടിപ്പോകുന്ന കഥാപാത്രങ്ങൾ സ്ഥാപനവത്ക്കരിക്കപ്പെട്ട ബന്ധങ്ങളിൽ അപ്രത്യക്ഷമാകുന്ന പ്രണയത്തെക്കുറിച്ചറിയുന്നവരാണ്.
'കുങ്കുമം വിതറിയ വഴികളിലെ' സുധയും, 'ആശ്വാസംതേടി'യിലെ നീതുവും രോഹിതും മേല്പറഞ്ഞ വിഭാഗങ്ങളുടെ പ്രതിനിധികളാണ്. ഇത്തരം ബന്ധങ്ങളിലാകട്ടെ വാണിജ്യവത്കരിക്കപ്പെട്ടു പ്രണയത്തോടും രതിയോടുമുള്ള നിഷേധവുമുണ്ട്. 'സാത്വികമായ രതിയായിരുന്നില്ല അയാളുടെ മനസ്സിലെങ്കിൽ, ഇന്നലെ തെരുവിൽ നിന്നു വിളിച്ചുകൊണ്ടുവന്ന സ്ത്രീയോട് അയാൾക്ക് അസൂയ തോന്നുമായിരുന്നില്ല.' അസൂയയ്ക്കു കാരണമാകട്ടെ ഇന്നലെ അവൾ മറ്റൊരാളോടൊത്തു ശയിച്ചുവെന്നതും (കഥ തിമാർപൂർ)
'നിനക്കു വേണമെങ്കിൽ മറ്റു സ്ത്രീകളുടെ അടുത്തുപോകാം. ഒരു മാറ്റം നല്ലതാണ്. പക്ഷേ വേശ്യകളുടെ അടുത്തു പോകരുത്. അവർ നിനക്കു രോഗം തരും.' 'കോമാളികളി'ലെ മായ ഇതുപറയുമ്പോൾ തെളിയുന്നത് സ്വപുരുഷനെ പരസ്ത്രീഗമനത്തിനു പ്രേരിപ്പിക്കുന്ന സ്ത്രീയുടെ അശ്ലീല മനസ്സല്ല. മറിച്ച് പ്രണയമെന്നാൽ സ്വാതന്ത്ര്യമാണെന്നും കയ്യടക്കലല്ല എന്നും തിരിച്ചറിയുന്ന പക്വതവന്ന ഒരു മനസ്സാണ്.
ഒടുവിൽ ഒരു വേശ്യയുടെ പ്രലോഭനത്തിൽ കുടുങ്ങിയ സുഗതൻ അവൾ പണിപ്പെട്ടുയർത്തിയ വികാരം ശമിക്കുമ്പോഴേയ്ക്ക് 'വമനേച്ഛയാൽ തളരുന്നു'. 'വൃത്തികെട്ട വാക്കുകൾ കേട്ട്, പണത്തിന്റെ കെട്ടുകൾ വലിച്ചെറിഞ്ഞ് ഛർദ്ദിക്കാനാഞ്ഞ് ഇരുട്ടിലേയ്ക്ക് ഓടിയകലാനുള്ള ജുഗുപ്‌സാവഹമായ മാനസികാവസ്ഥ അവനിൽ ജനിപ്പിച്ചത് പണത്തെ സംബന്ധിച്ച വേശ്യയുടെ പരാമർശമായിരുന്നു. സുഗതന്റെ സ്വയം കോമാളിയായിത്തീരുന്നു എന്നുള്ള അറിവ് കച്ചവടവത്ക്കരണത്തിന്റേയും വിപണനതന്ത്രത്തിന്റേയും കുടുക്കിലകപ്പെടുന്ന ആധുനിക സമൂഹത്തിന്റെ ദുരവസ്ഥയാണ്. (കഥ കോമാളി) പ്രണയം വാർന്ന് ആതുരാവസ്ഥയിൽ എത്തിച്ചേരുന്ന ജീവിതങ്ങളുടെ ദുഃഖചിത്രമാണ് ഹരികുമാറിന്റെ 'സ്ത്രീ'.
പുഴയെ സംബന്ധിച്ച ഒരു പരാമർശമാവും സ്ത്രീയെ സംബന്ധിച്ച് ഏറെ യോജ്യം എന്നു തോന്നുന്നു. 'ഇന്നലെ കണ്ട പുഴയല്ല ഇപ്പോഴുള്ളത്. പുഴ മാറിക്കൊണ്ടേയിരിക്കുന്നു' ഇതുതന്നെയാണ് സ്ത്രീമനസ്സിന്റെ കഥയും. ചിലയിടങ്ങളിൽ അതു കേവലം നനവാണ്. പിന്നെ നീരൊഴുക്ക്, അഗാധമായ അലയാഴി. അങ്ങനെ പലയിടത്തും പല ഭാവങ്ങളുമായി പുഴയൊഴുകുന്നു. അമ്മയായും വേശ്യയായും പുത്രിയായും പെങ്ങളായും ഒഴുകി വരുന്നത് ഒരേ സ്ത്രീസത്തതന്നെയാണ്. നദീതീരത്തുനിന്നുകൊണ്ട് ഞാൻ ഈ സാഗരത്തെ മനസ്സിലാക്കുന്നു എന്ന പറയുന്നവനോട് എന്താവും ആ സാഗരത്തിനു പറയാനുണ്ടാവുക? സ്ത്രീ മനസ്സറിഞ്ഞു എന്നവകാശപ്പെടുന്നവർക്ക് നൽകാൻ പുച്ഛംകലർന്ന ചിരിയാവും സ്ത്രീക്ക് നൽകാനുണ്ടാവുക. പങ്കുവച്ച പ്രണയവും ഒടുങ്ങാത്ത പകയും ചിരിയിൽപ്പൊതിഞ്ഞ് അവൾക്കു നൽകാനുണ്ടാകും. ഹരികുമാർ കഥകളിലെ സ്ത്രീസങ്കല്പം പ്രത്യേക പഠനം അർഹിക്കുന്ന ഒന്നാണ്. ഒട്ടുമിക്കപ്പോഴും റൊമാന്റിക്കായി കാര്യങ്ങൾ കാണാൻ കഴിയുന്നവളും പിന്നെ ചിലപ്പോൾ പുരുഷനെ വെല്ലുന്ന പക്വതയും ബുദ്ധിപരതയും പ്രദർശിപ്പിക്കുന്ന കഥാപാത്രങ്ങളും ഹരികുമാർ കഥകളിലുണ്ട്. പ്രിയപ്പെട്ടവർക്കുവേണ്ടി സർവ്വവും ത്യജിക്കാൻ തയ്യാറാവുന്ന അമ്മയും സ്വന്തം സന്തതികളോട് രമിക്കുന്ന സ്ത്രീയും ഈ കഥാകാരന്റെ സൃഷ്ടികളിലുണ്ട്.
തന്റെ മകന്റെ യൗവനം പണയപ്പെടുത്തിയും ജ്യേഷ്ഠനേയും കുടുംബത്തേയും സഹായിക്കുന്ന അമ്മ (സൂര്യകാന്തിപ്പൂവുകൾ)യും മരുമകളെ മകനിൽനിന്നകറ്റി, മകനോടും മകളോടും രമിക്കാൻ ഭർത്താവിനെ നോക്കുകുത്തിയാക്കുന്ന സ്ത്രീയും (ബസ്സ് തെറ്റാതിരിക്കാൻ) സ്ത്രീയുടെ ദ്വന്ദ്വഭാവങ്ങളാണ്. മുമ്പു സൂചിപ്പിച്ച 'കോമാളികളി'ലെ മായയാകട്ടെ അനാസക്തമായ പ്രണയത്തോടെ സ്വന്തം പുരുഷനോടടുക്കുന്നു. എന്നാൽ 'സ്ത്രീഗന്ധമുള്ള മുറിയി'ലെത്തുമ്പോൾ മുമ്പൊക്കെ വാതിലടക്കാൻകൂടി താമസിക്കാതെ ആലിംഗനത്തിൽ അമരുമായിരുന്നവർ സുഹൃത്തുകൾ മാത്രമായി. 'ഇനിയും എനിക്കു ഭർത്താവിനെ വഞ്ചിക്കുവാനാവില്ല' എന്നു പറഞ്ഞു മോഹനനെ നിരസിക്കുന്ന സുനിത ആദ്യം മോഹന്റെ ബലാൽക്കാരശ്രമത്തെ എതിർക്കുന്നു. പിന്നീട് അവളുടെ ചുണ്ടുകൾ അയാളുടെ ചുണ്ടുകൾ തേടുകയും ചെയ്യുന്നു.' 'അറിയുംതോറും ദുരൂഹതയേറിവരുന്ന അറിവ്....അതെന്താണ് ഓരോ മനുഷ്യനിലും സൃഷ്ടിക്കുന്ന അനുഭവങ്ങൾ എന്ന അന്വേഷണം. സ്ത്രീ മനസ്സിന്റെ വിവിധ തലമുറകളെ വിശകലനം ചെയ്തുകൊണ്ട് ഹരികുമാർ മുന്നോട്ടു കൊണ്ടുപോകുന്നു.
മലയാള കഥാരംഗത്ത് സ്വന്തം പന്ഥാവ് വെട്ടിത്തുറന്ന ഹരികുമാർ 'സമാന്തരങ്ങളുടെ' കഥാകാരനാണ്. ആ സമാന്തരങ്ങളാകട്ടെ കഥയുടെ ആന്തരികലോകത്തും ഒപ്പം കഥാകൃത്ത് രംഗത്തുവന്ന കാലത്തെ സംബന്ധിച്ചും പ്രസക്തമാണ്. മുഖ്യധാരാകഥയുടെ ചുവടുപിടിച്ച് യുവകഥാകൃത്തുക്കൾ സൃഷ്ടികൾ ചെയ്യുവാൻ ശ്രമിച്ചുവന്നപ്പോൾ അവയ്ക്കന്യമായി സ്വന്തം പാത കണ്ടെത്തി എന്നയിടത്താണ് ഈ കഥാകാരൻ കാലത്തിൽ സമാന്തരത സൃഷ്ടിക്കുന്നത്.
കഥയുടെ ബാഹ്യലോകം വിട്ട് ഉള്ളിലേയ്ക്കു വരുമ്പോഴാകട്ടെ വിവിധ തലങ്ങളിൽ സമാന്തരമായി ഒഴുകുന്ന ഒട്ടനവധി ധാരകൾ ഈ കഥാകൃത്തിന്റെ സൃഷ്ടികളുടെ പ്രത്യേകതയാണ്. കഥയിലെ ഭൗതികരംഗചിത്രീകരണങ്ങളേക്കാൾ കഥാപാത്രങ്ങളുടെ മാനസികഭാവങ്ങളിലാണ് ഈ ഒന്നിലധികം ധാരകളുടെ സാന്നിദ്ധ്യം പ്രകടമാവുന്നത്.
'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥയിലാകട്ടെ കഥയിലെ ബാഹ്യപ്രകൃതിയിലും കഥാപാത്രങ്ങളിലും മുമ്പു സൂചിപ്പിച്ച സമാന്തരത ഒരേസമയം നമുക്ക് കാണുവാൻ കഴിയും. ഭൗതിക ചിത്രീകരണത്തിലും മാനസികാവിഷ്‌കാരത്തിലും ഒരേസമയം സമാന്തരധാരകളുടെ ചിത്രീകരണം നടക്കുന്ന മറ്റു കഥകൾ ഏറെ ഉണ്ടെന്നു തോന്നുന്നില്ല. എറണാകുളം നഗരത്തിന്റെ ദരിദ്രമായ പ്രകൃതിയിൽനിന്നു ഗ്രാമത്തിലേയ്ക്കു ആത്മാവിന്റെ തീർത്ഥയാത്രയായി മാധവി കോട്ടപ്പടിയിൽ എത്തുന്നു. നഗരത്തിന്റെ വരൾച്ചയിൽനിന്നു ഗ്രാമത്തിലെ മഴപെയ്തു നനഞ്ഞ മണ്ണും ഇടവഴിയിലെ ഇലഞ്ഞിപ്പൂവുകളുടെ മണവും പ്രകടസമാന്തരരംഗചിത്രീകരണങ്ങളാണ്.
തറവാട്ടുസ്വത്ത് വീതം വച്ചതിനെപ്പറ്റിയും ധനസ്ഥിതിയെപ്പറ്റിയും ആവലാതി പറയുന്ന ശാരദചേച്ചിയുടെ സംഭാഷണത്തിനിടയ്ക്ക് 'കൊത്തങ്കല്ലു കളിച്ചതോർമ്മയുണ്ടോ', 'മഴക്കാലം ഓർമ്മയുണ്ടോ' എന്നൊക്കെ ചോദിച്ചു മാധവി സമാന്തരതയുടെ സംഗീതമാവുന്നു, തുമ്പപ്പൂവിലെ ശ്രീപാർവ്വതിയുടെ പാദം സുപ്രിയയുടെ കൊലുസ്സിട്ട കുഞ്ഞുപാദങ്ങളിൽ കാണുന്ന മാധവിയുടെ സ്‌നേഹം 'കണ്ടമ്പൂച്ചകൾ' മാത്രമുള്ള മാധവിയുടെ സ്ത്രീത്വത്തോടുള്ള അഭിനിവേശമാണ്. ഹരികുമാർ കഥകളിൽ വായനക്കാരെ ഏറ്റവും അധികം ആകർഷിച്ച ഇക്കഥയുടെ ആകർഷകത്വവും സമാന്തരതയുടെ സംഗീതം തന്നെയാവും. എന്നും അനീതിയോടു കലമ്പുന്ന സുഗതൻ സമൂഹത്തിൽ ഒരു മിസ്ഫിറ്റാകുന്നു എങ്കിൽ അനീതിയോടു സന്ധിചെയ്യുന്നു സമൂഹം എന്നു വരുന്നു. (കഥ കോമാളി). ഫ്‌ളെർട്ട് (flirt) സംസ്‌കാരത്തിന്റെയും ഉപരിവർഗ്ഗമൂല്യങ്ങളുടേയും പ്രതിനിധിയായ മോണിക്കയും സ്‌നേഹത്തിന്റേയും സൗമനസ്യത്തിന്റേയും പ്രതീകമാണ് ഒരളവുവരെ. ഈ പറഞ്ഞവരൊക്കെയും ഒഴുകിപ്പോകുന്ന ജീവിതത്തോട് പ്രതികരിക്കുന്ന രീതിയിൽനിന്ന്, സ്വയം മിസ്ഫിറ്റാകുന്ന സുഗതന്റെ ദുരന്തം സമൂഹമനഃസാക്ഷിയിലെ ഒറ്റപ്പെട്ടവന്റെ ആത്മസംഘർഷങ്ങളുടെ കഥയാണ്.
ജോലിസ്ഥിരത എന്ന വാഗ്ദാനത്തിന്മേൽ കാന്തിലാൽ കൗസല്യയെ തനിക്കു വിധേയയാക്കുന്നു. (പിന്നീട് അധികം കിട്ടിയ തുകയിൽ നിന്നു ഭർത്താവിനും മകനും വസ്ത്രം വാങ്ങിയെത്തുന്ന ലളിത ഭർത്താവിനുള്ള വസ്ത്രത്തിൽ തുള കാണുന്നു. ഇവിടെ കീറിപ്പോയത് ഭർത്താവിനോടുള്ള ആത്മാർത്ഥതയാണ്, വിശ്വാസ്യതയാണ്, സ്‌നേഹമാണ്. കൗസല്യക്ക് കോപം തോന്നുന്നതാകട്ടെ തന്നെ കബളിപ്പിട്ട വ്യാപാരിയോടോ കാന്തിലാലിനോടോ അല്ല, മറിച്ച് ഇതിനുള്ള തുക എവിടുന്നു കിട്ടി എന്നുപോലും അന്വേഷിക്കാത്ത ഭർത്താവിനോടാണ്. ഇവിടെയും സംഘർഷം ഒറ്റപ്പെടുന്നവന്റേതു മാത്രമായി അവശേഷിക്കുന്നു. എന്തിനെന്നറിയാതെ കുരുക്കുകളിൽ കുടിങ്ങിപ്പോകുന്നവരുടെ പീഡനങ്ങളുടേതാകുന്നു.
'ഒരു വിശ്വാസി' എന്ന കഥയിൽ ദുഷ്‌കരമായ ജീവിതത്തിൽ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുന്ന കൊച്ചുകുടുംബത്തിനു മുന്നിൽ മോഹന സ്വപ്നങ്ങളുടെ വ്യാപാരിയായി മോഹൻ എത്തുന്നു. അവർക്ക് ഒരുപിടി പ്രതീക്ഷകൾ നല്കിയിട്ടുപോകുന്ന മോഹനനെ പിന്നീടു കാണുന്നത് മറ്റൊരു വ്യാപാരിയോട് സംസാരിച്ചു നില്ക്കുന്നതായാണ്. ഈ കഥയിലെ ചന്ദനത്തിരിയുടെ ഗന്ധം കഥാകൃത്തിനെ പൈതൃകമായി ലഭിച്ച കലാവാസനയായും വിപണനപ്രശ്‌നങ്ങൾ ജീവിതക്ലേശമായും ആവിഷ്‌ക്കരിക്കപ്പെടുന്നു. കൊച്ചുകൊച്ചുമോഹങ്ങൾ മാത്രമുള്ളവർക്കു മദ്ധ്യേ പ്രതീക്ഷകൾ വിതറി കടന്നുപോകുന്ന മോഹൻ പിള്ള ഉപബോധമനസ്സിലെ (കഥാകാരന്റെ) വികാസത്തിന്റെ പ്രതീകമാവണം. ഇതേ തലമുള്ള മറ്റൊരു കഥയാണ് 'ഒരു കൊത്തുപണിക്കാരന്റെ കഥ' പട്ടിണിയിലും തന്റെ കലയെ വലിച്ചെറിയാൻ തയ്യാറാകാത്ത ആ കൊത്തുപണിക്കാരനിലും 'വിശ്വാസിയുടെ കഥയിലും' കാലത്തോടു കലമ്പാൻ തയ്യാറാകാതെ വേദന ഏറ്റുവാങ്ങുന്ന കലാകാരന്മാരുടെ ചിത്രമുണ്ട്. ഒരു സ്വകാര്യസംഭാഷണമദ്ധ്യേ ഹരികുമാർ തന്നെ പറഞ്ഞതുപോലെ 'ചിത്രകലയുടെ സ്വാധീനം ഏറെയുണ്ട് ഈ കഥകളിൽ.' ഒരു ചിത്രകാരൻ തന്റെ ചിത്രങ്ങളുടെ ടോൺ വ്യക്തമാക്കാൻ എപ്രകാരം വർണ്ണങ്ങൾ ഉപയോഗിക്കുമോ അപ്രകാരമാണ് ഹരികുമാർ കഥകളിലെ വർണ്ണങ്ങളെ പരാമർശിച്ചിട്ടുള്ളതും. ദൃശ്യമാധ്യമങ്ങളിലെ ചിത്രീകരണ സാധ്യതയിലേയ്ക്കും ഇതു സൂചകമാണ്.
'ഒട്ടൊക്കെ ചെത്തിമിനുക്കാനുണ്ട് എന്നു തോന്നിയിട്ടുണ്ട്.' - 'കഥകളിൽ മിനുക്കലുകൾ വരുത്തണമെന്ന് എഴുതി കുറെ കാലം കളിഞ്ഞു തോന്നിയിട്ടുണ്ടോ' എന്ന ചോദ്യത്തിനു മറുപടിയായി ഹരികുമാർ പറഞ്ഞു. ഒരു രത്‌നാഭരണവിദഗ്ദ്ധന്റെ സൂക്ഷ്മമായ തേച്ചുമിനുക്കലിലൂടെ രത്‌നത്തിന്റെ കാന്തി വർദ്ധിക്കുന്നമാതിരി സൂക്ഷ്മമായ തേച്ചുമിനുക്കലിൽ ഉജ്ജ്വലത കൈവരിക്കുമായിരുന്ന ഒട്ടേറെ കഥകൾ കഥാസമാഹാരങ്ങളിലുണ്ട്. ഈ നൂറ്റാണ്ടിലെ സാഹിത്യത്തിന്റെ സവിശേഷതയായി പരാമർശിക്കപ്പെടാറുള്ള ജോർണലിസ്റ്റിക്ക് റൈറ്റിംഗും വാചാലതയും കഥകളുടെ മാറ്റ് തെല്ല് മങ്ങിച്ചിട്ടുമുണ്ട്.
ഇന്നും മലയാള കഥാരംഗത്ത് സജീവമായി നിലനില്ക്കുന്ന ഒ.വി. വിജയനും മുകുന്ദനും സേതുവുമൊക്കെ തങ്ങളുടെ സാന്നിദ്ധ്യം ഇടിമുഴക്കത്തിന്റെ കരുത്തോടെ പ്രകടമാക്കിയിരുന്ന കാലത്തു തന്നെയാണ് ഹരികുമാർ കഥാരചന ആരംഭിച്ചതും. പ്രമുഖ സ്വാധീന വലയങ്ങളെയെല്ലാം അതിജീവിച്ചു തനതു ശൈലിയുമായി നിലകൊണ്ട ഒരു കഥാകാരൻ കഴിഞ്ഞ 30 കൊല്ലമായി വായിക്കപ്പെടുന്നു എന്നത് കഥയെ സംബന്ധിച്ച് ആശ്വാസകരമായ വസ്തുതയാണ്.
ഈ കഥാകാരന്റെ ഓരോ കഥയും വായനക്കാരനെ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുമ്പോൾ പേരറിയാത്ത അനുഭൂതിയുടെ തീരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ, കഥാകൃത്ത് വിജയിക്കുകയാണ്. അങ്ങനെ രചനയ്ക്കു കുറേയേറെ കാലങ്ങൾക്കുശേഷവും ഈ കഥകൾ വായിക്കപ്പെടുന്നു എന്നത് മലയാള കഥയിൽ ഉരുത്തിരിഞ്ഞ നവഭാവുകത്വത്തിന്റെ വിജയഗാഥ കൂടിയാവുന്നു.