പ്രഭാകരന്‍ പഴശ്ശി

മനാന്തരങ്ങളില്‍ കാടിളക്കുന്ന കഥകാരന്‍

പ്രഭാകരന്‍ പഴശ്ശി

'തനിക്കു താൻ തന്നെ തുണ' എന്ന എസ്റ്റാബ്‌ളിഷ്‌മെന്റ് സമവാക്യത്തിന്റെയോ കഥയുടെ പരിവേഷവുമായി മാറുന്ന ബുദ്ധിജീവി വാക്യങ്ങളുടെയോ പിൻബലമില്ലാതെ അറിയപ്പെടുന്ന കഥാകൃത്തായി മാറിയ ഹരികുമാർ പതിനൊന്നു കഥകൾ തെരഞ്ഞെടുത്ത് 'ദിനോസറിന്റെ കുട്ടി' എന്ന സമാഹാരം ഒരുക്കിയിരിക്കുന്നു. ഹരികുമാറിന്റെ ഈ പതിനൊന്നു കഥകളും വൈവിധ്യം പുലർത്തുന്നവയാണെങ്കിലും ഒരു സവിശേഷസ്പർശം എല്ലാ കഥകളിലുമുണ്ടെന്നു കാണാവുന്നതാണ്. നമുക്കു ചുറ്റുമുള്ള കാര്യങ്ങളാണ് പറയുന്നതെങ്കിലും ഉൺമയുടെ പരപ്പിൽനിന്ന് ഒരല്പം ഉയർന്നുനിന്നുകൊണ്ട് രംഗം നിരീക്ഷിക്കാനാണ് ഈ കഥകൾ നമുക്ക് വഴിതരുന്നത്. മനുഷ്യബന്ധങ്ങളും ജീവിതപ്രശ്‌നങ്ങളും ചിരപരിചിതസംഭവങ്ങളുമാണ് ചിത്രീകരിക്കുന്നതെങ്കിലും സാധാരണഗതിയിൽനിന്ന് അകന്നുനിന്നാണ് ഹരികുമാർ സഞ്ചരിക്കുന്നത്. കരളിനുള്ളിൽ പനിനീർമുള്ളുകൾ കുടുങ്ങിയാലുള്ള അസ്വസ്ഥതയുളവാക്കുന്ന ഈ കഥകൾ വായിച്ചു കഴിഞ്ഞാൽ എന്തൊക്കെയോ കനംതൂങ്ങിനിൽക്കുന്നുവെന്ന അനുഭവം വായനക്കാരനിലുണ്ടാക്കും.

സാധാരണ മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ, ചെറിയ കുടുംബമായിരുന്നിട്ടുപോലും ആശ്വസിക്കാൻ നേരം കിട്ടാത്ത ഇടത്തരക്കാരന്റെയും തൊഴിലാളികളുടെയും ജീവിതപ്രശ്‌നങ്ങൾ - ഇതു രണ്ടുമാണ് ഹരികുമാറിന്റെ കഥകളിലെ പ്രമേയങ്ങൾ, വിവാഹം ചെയ്തപ്പോൾ സുഹൃത്തിനെ നഷ്ടമായ ചെറുപ്പക്കാരന്റെ ആശങ്കകൾ വരച്ചുവച്ച 'സന്ധ്യയുടെ നിഴലുകളും' ഭാര്യയുടെ സ്ഥാനം നാത്തൂനും അമ്മായിയമ്മയും അനുഭവിക്കുന്നതു കണ്ടു സഹിക്കാൻ വയ്യാത്ത പെൺകുട്ടിയെ പരിചയപ്പെടുത്തുന്ന 'ബസ് തെറ്റാതിരിക്കാ'നും അവിഹിതബന്ധത്തിന്റെ മനശ്ശാസ്ത്രം തേടുന്ന 'സ്ത്രീഗന്ധമുള്ള ഒരു മുറിയും', 'വളരെ പഴകിയ ഒരു പാവ'യും ആദ്യത്തെ വകുപ്പിൽ പെടുത്താവുന്നവയാണ്. 'വിഷു', 'ദിനോസറിന്റെ കുട്ടി'. 'ഒരു കുങ്ഫൂ ഫൈറ്റർ', 'സർക്കസ്സിലെ കുതിര', 'ഒരു ദിവസത്തിന്റെ മരണം', തുടങ്ങിയവ രണ്ടാമത്തെ വിഭാഗത്തിലും ഉൾക്കൊള്ളിക്കാം. എന്നാൽ, ഈ വിഭജനം നിരൂപകന്റെ പൂർവാർജിതമായ അങ്ങാടി മരുന്നു കള്ളികൾ മാത്രമാണ്. തൊഴിലില്ലായ്മയും കൂലിക്കുറവും അരവയറിന്റെ കാളലുമെല്ലാം ചേർന്ന് അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന 'ഒരു ദിവസത്തിന്റെ മരണം' എന്ന കഥയിലെ കൗസല്യയെക്കുറിച്ചു പറയുന്നതു നോക്കുക: ''അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിന് പീടികക്കാരനേയും, എല്ലാറ്റിനുമുപരി പണം എവിടെനിന്നു കിട്ടിയെന്ന് അന്വേഷിക്കുകപോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.'' ഇവിടെ ജീവിതപ്രശ്‌നങ്ങൾ മാത്രമല്ല, മനസ്സുകളുടെ താളപ്പിഴകളും പ്രമേയമായിത്തീരുന്നു. ഹരികുമാർ ദൈന്യം നിറഞ്ഞ അധഃസ്ഥിതന്റെ ജീവിതം പകർത്തുമ്പോഴും മനസ്സിന്റെ ഭാഷയാണുപയോഗിക്കുന്നതെന്ന് കാണാം. മേൽപറഞ്ഞ രണ്ടു സവിശേഷതകളും ഓരോ കഥയിലും വേർതിരിഞ്ഞല്ല, ഇഴുകിചേർന്നുകൊണ്ടാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കഥകളിലെ പ്രശ്‌നങ്ങൾ വായനക്കാരനിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. 'ദിനോസറിന്റെ കുട്ടി'യിലെ മോഹനനും 'വളരെ പഴകിയ പാവ'യിലെ കിഴവനും 'വിഷു'വിലെ കുമാരനും 'ഒരു ദിവസത്തിന്റെ മരണ'ത്തിലെ കൗസല്യയുമെല്ലാം പുസ്തകത്തിന്റെ താളുകളും കടന്ന് നമ്മെ അസ്വസ്ഥമാക്കുകയും വേട്ടയാടുകയും ചെയ്യുന്നുണ്ട്. അകന്നു നിൽക്കുന്ന ചരിത്രകാരനായോ പുറംകഥകൾ കാണുന്ന ലേഖകനായോ കഥാകൃത്ത് ഒതുങ്ങിക്കഴിയുന്നില്ല.

സരളമായ ആഖ്യാനരീതിയാണ് ഹരികുമാറിന്റേത്. സൂക്ഷ്മനിരീക്ഷണപാടവവും ആകാംക്ഷയുളവാക്കുന്ന കഥാഗതിയും പതിവുരീതിയിലല്ല സമ്മേളിച്ചിരിക്കുന്നത്. 'കറുത്ത സൂര്യനി' ലെ നാരായണൻകുട്ടിയോട് അയാളുടെ മനസ്സുതന്നെ സ്ഫടികമനുഷ്യനായി സംസാരിക്കുന്ന ടെക്‌നിക് തികച്ചും പുതിയതുതന്നെയാണ്. ''സൂര്യൻ ഒരു കവണയിൽനിന്നു തെറിച്ച ചെങ്കൽക്കഷണം പോലെ കിഴക്കൻ ആകാശത്തു വീണു. നിരത്തിൽ, അവസാനത്തെ പിടച്ചിലിൽ താറുമാറായ ചിറകുകളുമായി ചത്തുവീണ പ്രാവുകൾ പോലെ കരിയിലകൾ ചിതറിക്കിടന്നു'' (കറുത്ത സൂര്യൻ)- ഇത്തരം വാക്യങ്ങളിലൂടെ കഥ പറയുന്ന ഹരികുമാർ മുഷിപ്പിക്കില്ലെന്നുറപ്പു പറയാമല്ലോ.

ലളിതമായ തമാശകൾ ഈ ശൈലിയെ നിറം പിടിപ്പിക്കുന്നുണ്ട്. ദിനോസറിന്റെ കുട്ടിയിലെ മൂത്രമൊഴിക്കുന്നതിൽ രാജീവൻ കണ്ടെത്തിയ രഹസ്യവും ഭാര്യയെ ഒളിഞ്ഞുകിടന്ന് സ്പർശിക്കാൻ പുറപ്പെട്ട ഗോപിയുടെ കൈവലിക്കലും (ബസ് തെറ്റാതിരിക്കാൻ) മൈക്കൽ ഡിസൂസയുടെ ചമ്മലും (വെറുമൊരു ബ്‌ളാക്‌മെയ്‌ലർ) നിലവാരമുള്ള ഫലിതസന്ദർഭങ്ങളാണ്. 'കറുത്ത സൂര്യനി'ലെ നാരായണൻകുട്ടി റോഡുമുറിച്ചു കടക്കുന്നതിനിടയിൽ ഒരു കാറിന്റെ മുന്നിൽപ്പെടുന്നു. ബ്രേക്കിട്ട് ഡ്രൈവർ വായ തുറന്ന് ചീത്തപറയുകയാണ്. ''നാരായൺകുട്ടി ഡ്രൈവറുടെ തുറന്ന വായിലേക്കു നോക്കി. വായ വൃത്തിയുണ്ടായിരുന്നില്ല. രാവിലെ നേരത്തെ വീട്ടിൽനിന്നു പുറത്തിറങ്ങിയതുകൊണ്ട് ഡ്രൈവർ പല്ലുതേച്ചിട്ടുണ്ടാവില്ല.'' ഇതും ചിരിയുളവാക്കുന്ന പ്രയോഗം തന്നെ. പക്ഷേ, ഹരികുമാറിന്റെ കഥയിലെ ചിരിയൊക്കെ ദീനതയുടെ മുകളിൽ പുരട്ടിയ മധുരം മാത്രമാണ്. പൊട്ടിച്ചിരിപ്പിക്കുന്നവയല്ല, ഈ ഫലിതങ്ങൾ. ഒന്നു വികസിക്കുമ്പോഴേയ്ക്കും നൊമ്പരത്തിൽ കൂമ്പിപ്പോകുന്ന ചിരിയാണവ.

സെക്‌സ് ഈ കഥകളിലെ ഒരു പ്രധാന ഘടകമാണ്. സാത്വികബുദ്ധികൾക്ക് ഹരികുമാറിന്റെ രതി ചിത്രീകരണത്തിൽ പരാതി കണ്ടേക്കാം, പൊതുവെ മനസ്സിലൊതുക്കാറുള്ള പ്രമേയം ശരീരത്തിലാവാഹിച്ച് വ്യക്തത കൈവരുത്താൻ ശ്രമിക്കുന്ന ഒരു കഥയാണ് 'ബസ് തെറ്റാതിരിക്കാൻ. ഈ കഥയിലെ സഹോദരിയും മാതാവും കിടക്കുന്നതിന്റെ നടുവിൽ അണ്ടർവെയർ മാത്രം ധരിച്ചു കിടക്കുന്ന ഗോപി എന്ന ചെറുപ്പക്കാരന്റെ നേരെ പലരും പുരികം ചുളിച്ചേക്കാം. ഈഡിപ്പസ് വികാരം പ്രത്യക്ഷത്തിലല്ലെങ്കിൽ പരോക്ഷമായെങ്കിലും അനുഭവിക്കുന്ന 'ശുദ്ധാത്മാക്കളാ'ണിവിടെ വിറകൊള്ളുന്നതെന്നോർക്കണം. പലർക്കും പറയാൻ മടിയും പേടിയുമുള്ള കാര്യം നിയമചിന്തകളുടെ അതിരിൽ ചവിട്ടിനിന്നുകൊണ്ടുതന്നെ ഹരികുമാർ പറയുന്നുവെന്നേയുള്ളൂ.

ഹരികുമാറിന്റെ കഥകൾ പുരോഗമന കാഴ്ചപ്പാട് ഉൾക്കൊള്ളുന്നവയാണ്. അധമന്റെ പ്രശ്‌നങ്ങൾ പറയുമ്പോഴും മനസ്സിന്റെ പൊരുത്തക്കേടുകൾ ചർച്ച ചെയ്യുമ്പോഴും ഈ കാഴ്ചപ്പാട് പ്രകടമാകുന്നു. സെക്‌സ് കടന്നു വരുമ്പോൾ പോലും അത് പിന്തിരിപ്പനാകുന്നില്ല. കൊലവിളിയും പ്രഖ്യാപനവും മുദ്രാവാക്യവുമാണ് വിപ്ലവാത്മകതയെന്ന് തെറ്റിദ്ധരിച്ചവരാണ്, പ്രതിബദ്ധതയും പുരോഗതിയും വരുമ്പോൾ കലാത്മകതയ്ക്ക് ഇടിവുതട്ടുന്നുവെന്നു വിലപിക്കുന്നത്. അമർഷം, അസ്വസ്ഥത, അതൃപ്തി, മോചനത്തിനുള്ള ദാഹം തുടങ്ങിയ പല സമസ്യകളും വിപ്ലവാത്മകതയുടെയും പുരോഗമന സ്വഭാവത്തിന്റെയും ഭാഗമാണെന്നറിയണം. ഹരികുമാറിന്റെ കഥകളിലെ 'പുരോഗമനം' വാച്യാർഥത്തിലല്ല, വാക്കുകളിലൂടെ സംവദിക്കുന്ന 'കഥാത്മകത'യിൽ മുഴുവനുമാണ്. വിഷുവും ദിനോസറിന്റെ കുട്ടിയും സർക്കസിലെ കുതിരയും ഒരു ദിവസത്തിന്റെ മരണവുമൊക്കെ ഈയർത്ഥത്തിൽ പുരോഗമനത്തിന്റെ അന്തഃചൈതന്യം ഉൾക്കൊള്ളുന്നു. എന്നാൽ, 'ഒരു കങ്ഫൂഫൈറ്റർ' എന്ന കഥ കൂടുതൽ പ്രസക്തമാകുന്നു അഞ്ചു ചപ്പാത്തിയിൽ ഒരെണ്ണം മാത്രം തിന്ന് നാലെണ്ണം ഒരു സാധുക്കുട്ടിക്കു നൽകുന്ന രാജു എന്ന ആറുവയസ്സുകാരനിലൂടെയാണ് ഹരികുമാർ ലക്ഷ്യബോധം പ്രകടിപ്പിക്കുന്നത്. അവൻ പറഞ്ഞു: ''വലുതാവുമ്പോൾ എനിക്കൊരു കങ്ഫൂഫൈറ്ററാവണം.''

അവൻ അപ്പോൾ അതു പറയാൻ എന്താണ് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാൻ പറഞ്ഞു:

''നിന്റെ മനസ്സിൽ നീ ഇപ്പോൾത്തന്നെ ഒരു കങ്ഫൂഫൈറ്ററാണല്ലോ.''

സൂചനകൾ മാത്രം തന്ന് ചിന്തകൾ വായനക്കാരന്റെ മനസ്സിൽ നീറിക്കത്താനായി ഹരികുമാർ കഥകളൊരുക്കുന്നു. പുസ്തകം താഴെ വച്ചാലും കഥയും കഥാപാത്രങ്ങളും താഴെ വീണുപോകുന്നില്ലെന്നത് ഈ കഥാകൃത്തിന്റെ സാന്നിധ്യം അർഥവത്താക്കുന്നു.

സാഹിത്യലോകം പ്രത്യേക പതിപ്പ് - 1989 മെയ് - ജൂൺ

പ്രഭാകരന്‍ പഴശ്ശി

മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്തും നോവലിസ്റ്റും ഗവേഷകനും ജീവചരിത്രകാരനും ബാലസാഹിത്യകാരനുമാണ് പ്രഭാകരൻ പഴശ്ശി (ആർ.കെ. പ്രഭാകരൻ). എത്ര ഗൗരവാവഹമായ പ്രശ്നങ്ങളെയും സരസമായും ലളിതമായും അനുവാചകന്റെ ഉള്ളിൽ തട്ടുന്ന വിധം ആഖ്യാനം ചെയ്യാനുള്ള സവിശേഷ സിദ്ധി പ്രഭാകരൻ പഴശ്ശി എന്ന കഥാകൃത്തിനുണ്ട്. ചെറുകാട് അവാർഡ്, പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്, അബുദാബി ശക്തി അവാർഡ്, എസ്.ബി.ടി.അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.