കടത്തനാട്ട് നാരായണന്‍

ഹരികുമാറിന്റെ കഥകള്‍

കടത്തനാട്ട് നാരായണന്‍

ആഴങ്ങളിലേക്ക് ചെല്ലുന്തോറും അപഗ്രഥനാതീതമായിത്തീരുന്ന സങ്കീർണതയാണ് ആധുനിക ജീവിതത്തിന്റെ മുഖമുദ്ര. ആന്തരികജീവിതത്തിന്റെ അടിയൊഴുക്കുകളെ കണ്ടെത്താൻ കഴിവുള്ള സർഗാത്മകതയ്‌ക്കേ ഇതിനെ കുറച്ചെങ്കിലും വ്യാഖ്യാനിച്ചെടുക്കാനാവൂ. സാഹചര്യങ്ങളുടെ സ്വാംശീകരണത്തിൽനിന്നും സ്വന്തം മൗലികതയുടെ മാറ്റുരക്കത്തക്ക ഉദാത്ത രചനകളുണ്ടാവണമെന്നാഗ്രഹിക്കുന്ന എത്ര കഥാകാരന്മാരിന്നുണ്ട്? മാറുകയും മായുകയും ചെയ്യുന്ന ഭാവുകത്വത്തിന്റെ സ്ഥാനത്ത് കാലോചിതമായതിനെ കുടിയിരുത്താൻ പ്രയത്‌നിക്കുന്നവർ ആരൊക്കെയാണ്? പുതിയ ആശയവും പുതിയ ആവിഷ്‌കാരരീതിയും കാഴ്ചവയ്ക്കുന്ന കഥാകാരന്മാർ അധികമുണ്ടോ? കഥയെ സംബന്ധിച്ച നിഷ്പക്ഷമായ ഒരന്വേഷണത്തിൽ നിന്നേ മേൽ ചോദ്യങ്ങളുടെ ഉത്തരം ഉരുത്തിരിയുകയുള്ളൂ. ഒരു ഭാവഗാനരചനയുടെ ക്ലിഷ്ടത കഥയ്ക്കുണ്ടെന്ന് പൂർണമായും അറിയുന്നവർ നമ്മുടെ യുവ കഥാകാരന്മാരിലുണ്ട്. ആർഭാടം ഉപരിപ്ലവതയുടെ ലക്ഷണമാണെന്ന് ഇവർക്കറിയാം. അതുകൊണ്ട് ആലോചനയിലൂടെ അടിത്തട്ടിലെത്താൻ ഇവർ ശ്രമിക്കുന്നു. ഇവരിൽ ചിലരുടെ നിരീക്ഷണപാടവം അത്ഭുതാവഹമാണ്. ആ കാഥികരുടെ ഒരനുഭവത്തെയോ ഒരു ഭാവത്തെയോ ചെറുകഥയുടെ ചട്ടക്കൂടിലൊതുക്കുകയെന്ന മാസ്മരവിദ്യ വശമുള്ള കഥാകാരന്മാർക്കേ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുണർത്താവൂ. മലയാളകഥ വളർച്ചയുടെ പടവുകളിലാണെന്ന അറിവ് നമുക്കുണ്ടാവുന്നത് ഇവിടെയാണ്. തളർച്ചയില്ലാത്ത മലയാള കഥയുടെ തുയിലുണർത്തുകാരായിത്തീരുന്ന യുവകഥാകാരന്മാരിലൊരാളാണ് ഇ. ഹരികുമാർ.

ഊതിവീർപ്പിക്കുന്ന വലിപ്പമല്ല, ഉരുക്കിത്തെളിയിക്കുന്ന സംക്ഷിപ്തതയാണ് ഹരികുമാറിനിഷ്ടം. എണ്ണത്തിലല്ലാതെ ഗുണത്തിൽ ശ്രദ്ധയൂന്നുന്ന ഈ കഥാകൃത്തിന്റെ അഞ്ചു സമാഹാരങ്ങളെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. ദിനോസറിന്റെ കുട്ടി, കൂറകൾ, വൃക്ഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, കനഡയിൽനിന്നൊരു രാജകുമാരി എന്നിവയാണത്. ഇതിൽ 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരം ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡിനർഹമായി. ആശയവ്യക്തതയും അനാർഭാടമായ രചനാരീതിയും ഹരികുമാറിന്റെ കഥകൾക്ക് ചാരുതയും വശ്യതയും നൽകുന്നു. പ്രമേയ പ്രധാനങ്ങളായ കഥകൾക്കുപോലും സൗകുമാര്യമാർന്ന ശില്പസംവിധാനമാണുള്ളത്. ഉള്ളടക്കത്തിന്റെ പ്രസക്തിയും ബാഹ്യാകാശത്തിന്റെ പുതുമയും ഹരികുമാറിന്റെ കഥകളെ ഹൃദയഹാരിയാക്കുന്നു. കഥയെക്കുറിച്ചുള്ള ഒരവലോകനത്തിൽ അയാൻ റീഡ് പറയുന്നത്, ഒരു കഥയ്ക്ക് മൂന്നു ഗുണങ്ങളെങ്കിലും വേണമെന്നാണ്. ഒന്നാമതായി കഥ അനുവാചകമനസ്സിൽ ഒരു പ്രതീതി ഉണ്ടാക്കണം. ഇങ്ങനെ ചെയ്യുന്നത് ഒരു സംഘർഷത്തിലൂന്നിക്കൊണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. ഈ സംഘർഷാത്മകത ഇതിവൃത്തത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നത് മൂന്നാമത്തെ ഗുണമാണ്. അയാൻ റീഡിന്റെ അഭിപ്രായങ്ങൾ ആദരിച്ചുകൊണ്ടെഴുതിയതാണോ എന്ന് തോന്നുമാറ്, ഈ മൂന്നു ഗുണങ്ങളും ഹരികുമാറിന്റെ മിക്ക കഥകളിലും അലിഞ്ഞുചേർന്നിരിക്കുന്നു.

ഹരികുമാറിന് ജീവിതം തന്നെയാണ് കഥയുടെ അസംസ്‌കൃതവസ്തുവടങ്ങിയ കലവറ. ചില കഥകളിൽ ഗഹനമല്ലെങ്കിലും, പ്രാഥമികമായ മാനസികപ്രശ്‌നങ്ങളടങ്ങിയിരിക്കുന്നു. ഭാഷയെ ഭംഗിക്കുവേണ്ടി രാകിമിനുക്കുന്നതിൽ ഈ കഥാകാരന് ഒട്ടും താല്പര്യമില്ല. അതേസമയം ഭാഷ ഭാവസാന്ദ്രമാണുതാനും. സംഭവങ്ങളുടെ സ്വാഭാവിക പരിണാമങ്ങളിൽനിന്നും ഉറന്നുവരുന്നതാണ് ഓരോ കഥാന്ത്യത്തിലെയും അനുമാനങ്ങൾ. Story And Srtucture എന്ന കഥാവിമർശന ഗ്രന്ഥമെഴുതിയ ലോറൻസ് പെറീൻ ചൂണ്ടിക്കാണിക്കുന്നതുപോലെ, കഥാകാരൻ ഇതിവൃത്തത്തെ നിയന്ത്രിക്കുന്നതായി തോന്നുകയില്ലെന്നുമാത്രമല്ല, ഇതിവൃത്തത്തിന് ഒരനിവാര്യതയുടെ സ്വഭാവം കൈവരികയും ചെയ്യുന്നു. ഒന്നിൽനിന്നും മറ്റൊന്നിലേക്ക് കാര്യകാരണസഹിതം നീങ്ങുന്ന പ്‌ളോട്ട് നാടകത്തിലെന്നപോലെ ക്രിയകളിലൂടെ സ്വയം വെളിവാക്കപ്പെടുന്ന കഥാപാത്രാവിഷ്‌കാരം. ഇതിവൃത്തത്തിലെ കലാപരമായ ഏകത, ഏകോദ്ദേശ്യകത്വം. അർത്ഥവത്തായ ജീവിതദർശനം പ്രകടനപരതയില്ലായ്മ എന്നിവയെല്ലാം ഹരികുമാറിന്റെ കഥകൾക്കുള്ള സവിശേഷതകളാണ്. മനസ്സിലുണരുന്ന ഭാവത്തെ ഹൃദയസ്പർശിയായ ഒരു കഥയാക്കി രൂപപ്പെടുത്താൻ ക്രാഫ്റ്റും കലാമർമജ്ഞതയും അനുപേക്ഷണീയമാണ്. എഡ്ഗാർ അല്ലൻപോവിന്റെ നിർവചനം ഉദ്ധരിച്ചുകൊണ്ട് സോമർസെറ്റ് മോം ഒരിക്കൽ പറഞ്ഞു, ഇതുപോലെ കഥയെഴുതുക ചിലർ വിചാരിക്കുന്നതുപോലെ എളുപ്പമല്ലെന്ന്. ഉയർന്നതല്ലെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള ബുദ്ധിവൈഭവം ഇതിന്നാവശ്യമാണെന്ന് മോം വിശ്വസിക്കുന്നു. പുതിയത് കണ്ടെത്താനുള്ള കഴിവും ശില്പത്തെക്കുറിച്ചുള്ള ബോധവും കഥാകൃത്തിനുണ്ടായിരിക്കുകയും വേണം.

ദിനോസറിന്റെ കുട്ടി ഹരികുമാറിന്റെ ഏറ്റവും നല്ല കഥകളിലൊന്നാണ്. സ്വപ്ന യാഥാർഥ്യങ്ങൾ ഇടചേർന്നുകൊണ്ടുള്ള ഒരു ശില്പമാണ് ഈ കഥയിലുള്ളത്. ശൈശവവും യൗവ്വനവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ മനുഷ്യമനസ്സിന്റെ എക്കാലത്തെയും സങ്കീർണ പ്രശ്‌നങ്ങളിലൊന്നാണ്. സെയിൽസ് റപ്രസന്റേറ്റീവ് എന്ന നിലയിലുള്ള പരാജയം, ബാങ്കിൽനിന്നും മറ്റും വാങ്ങിയ പണം തിരിച്ചടക്കാൻ കഴിയാത്തതിലുള്ള വിഷമം. താമസ സ്ഥലത്തിന്റെ പ്രശ്‌നം എന്നിവയെല്ലാമടങ്ങിയ പരുക്കൻ യാഥാർഥ്യങ്ങളുടെ ലോകമാണ് മോഹന്റേത്. ഇതിൽനിന്നും താൽക്കാലികാശ്വാസം നേടാനായി അയാൾ മകന്റെ സ്വപ്നലോകത്തിലേക്ക് പലായനം ചെയ്യാൻ വൃഥാശ്രമം നടത്തുന്നു. കുട്ടിയുടെ ലോകം അവന്റേതു മാത്രമാണ്. കോടാനുകോടി വർഷങ്ങൾക്കു മുൻപ് ജീവിച്ച ദിനോസറുകളെ സ്വപ്നം കാണുകയാണവൻ. ശൈശവത്തോടൊപ്പം സ്വപ്നം കാണാനുള്ള തന്റെ കഴിവും ഇല്ലാതായി എന്ന അറിവ് ഒരു ദുരന്താഘാതമായി അയാളിൽ വന്നു പതിക്കുന്നു. തന്റെ മകന്റെ സ്വപ്നം പങ്കിടാനായി ആഗ്രഹിക്കുമ്പോഴൊക്കെയും ഒന്നല്ലെങ്കിൽ മറ്റൊന്നായി ജീവിതത്തെ സംബന്ധിക്കുന്ന ചില ക്രൂരസത്യങ്ങൾ അയാളുടെ കൺമുൻപിൽ പ്രത്യക്ഷപ്പെടുകയാണുണ്ടായത്. അച്ഛന് മകന്റെയോ മകന് അച്ഛന്റെയോ ലോകത്തിലേക്ക് പ്രവേശനമില്ല. ഒരു താരതമ്യത്തിലൂടെ സ്വപ്നത്തിലെ ദിനോസറെങ്കിലും ആകാൻ കഴിഞ്ഞെങ്കിൽ എന്നയാൾ വേദനയോടെ ഓർമിക്കുന്നുണ്ട്. കൈവിട്ടുപോയ ബാല്യകാലത്തിലേക്ക് തിരിച്ചുപോകാനുള്ള ഈ ആഗ്രഹം മനുഷ്യന്റെ നിരന്തരമായ മനോപീഡനങ്ങളിലൊന്നാണല്ലോ. ഏതു കാലത്തും ഉണ്ടാകാവുന്ന നിസ്സഹായമായ ഒരു മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അറിവാണ് ഈ കഥ നൽകുന്നത്.

ഹരികുമാറിന്റെ സർഗചേതനയെ വീണ്ടും വീണ്ടും അലോസരപ്പെടുത്തുന്ന സമസ്യകളിലൊന്നാണ് കുട്ടിക്കാലം. സ്വപ്നം കാണുന്ന കുട്ടിയെപ്പോലെ, ദരിദ്രനായ കുട്ടിയും സഹാനുഭൂതി പ്രകടിപ്പിക്കുന്ന കുട്ടിയും ഹരികുമാറിന്റെ കഥകളിൽ മാറി മാറി പ്രത്യക്ഷപ്പെടുന്നു. ദുബായിൽ നിന്നുവന്ന വടക്കേതിലെ ശേഖരൻ പൊട്ടിക്കുന്ന പടക്കങ്ങളുടെ ശബ്ദം കേൾക്കാൻ മാത്രം ശപിക്കപ്പെട്ട കൃഷ്ണൻകുട്ടി എന്ന ആറുവയസ്സുകാരനും (വിഷു), ദരിദ്രനായ പ്യൂണിന്റെ മകൻ ബൻസിലാലുമായി ലഞ്ചു ബോക്‌സ് പങ്കിടുന്ന രാജു എന്ന ആറുവയസ്സുകാരൻ (കുങ്ഫു ഫൈറ്റർ) ഇവരിൽ ചിലരാണ്. ഈ കഥകളിലെല്ലാം ഒരു കുട്ടിയുടെ ഹൃദയവികാരങ്ങൾ അതീവ തന്മയത്വത്തോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽപോലും വിശ്വസനീയതയുടെ സീമകൾ അതിലംഘിക്കാതെയും വൃഥാസ്ഥൂലമാകാതെയും. ബാല്യത്തിന്റെ കയ്പും മധുരവും കൈവിടാതെ സൂക്ഷിക്കുന്ന ഒരു കഥാകാരനേ ഇങ്ങനെ കൈയൊതുക്കത്തോടെ പ്രതിപാദനം നടത്താനാവുകയുള്ളൂ. ഹരികുമാറിന് പ്രിയംകരമായ മറ്റൊരു ജീവിത മുഹൂർത്തം വിവാഹമാണ്. ഇതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചില കഥകളുണ്ട്. തന്റെ വിവാഹത്തിനുശേഷം നിസ്സംഗനാകുന്ന സുഹൃത്തും (സന്ധ്യയുടെ നിഴലുകൾ) ഭർത്താവായി കഴിഞ്ഞിട്ടും കൊച്ചു കുഞ്ഞിനെപ്പോലെ പെരുമാറുന്ന യുവാവും (ബസ് തെറ്റാതിരിക്കാൻ) വിവാഹശേഷവും കാമുകനാൽ പീഡിപ്പിക്കപ്പെടുന്ന യുവതിയും (സ്ത്രീഗന്ധമുള്ള ഒരു മുറി) ഈ കാഥികന് വിഷയമാണ്. മോടിപിടിപ്പിക്കപ്പെട്ടതല്ലെങ്കിലും അർഥസമ്പുഷ്ടവും അതിലളിതവുമായ ഭാഷകൊണ്ട് ഒരുക്കൂട്ടുന്ന വികാരപ്രപഞ്ചമാണ് ഓരോ കഥയിലും ഇതൾ വിടർത്തുന്നത്. ഹാർഡിയുടെ ടെസ്സിനെപ്പോലെ ഭർത്താവിന്റെ വീണ്ടുവിചാരമില്ലായ്മകൊണ്ട് ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു പെൺകുട്ടി 'ബസ് തെറ്റാതിരിക്കാൻ' എന്ന കഥയിലുണ്ട്. ഒരു മനശ്ശാസ്ത്ര പ്രശ്‌നത്തിലേക്ക് കൂടി ഈ കഥ വെളിച്ചം വീശുന്നു. കല്യാണം കഴിഞ്ഞിട്ടും തന്റെ അമ്മയേയും അനിയത്തിയേയും വിട്ട് ഭാര്യയുടെ കിടപ്പറയിലേക്ക് പോകാൻ മാത്രം മനസ്സാന്നിധ്യമില്ലാത്ത ഗോപിയുടേത് മാനസികപ്രശ്‌നം തന്നെയാണല്ലോ. അനുയോജ്യമായ നിറക്കൂട്ടുകൊണ്ട് രൂപപ്പെടുത്തിയെടുത്ത അമൂർത്ത ചിത്രങ്ങളെന്ന തോന്നലാണ് ഓരോ കഥയും നമ്മിലുണ്ടാക്കുന്നത്. ഈ ചിത്രങ്ങളെ അപഗ്രഥിക്കാൻ കഥാകൃത്ത് മുതിരുന്നേയില്ല. തന്റെ സാന്നിധ്യം ഒട്ടും അറിയിക്കാതെ കഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് കാഥികൻ ചെയ്യുന്നത്. ദൈന്യത്തിന്റെ മൂർത്തീകരണമായ ഒരു കിഴവനെക്കുറിച്ചുള്ള കഥ (വളരെ പഴകിയ ഒരു പാവ) നല്ല കഥകളുടെ കൂട്ടത്തിൽ പെടുന്നു. വാർധക്യത്തിന്റെ ബലഹീനത യുവത്വത്തിന്റെ അഹന്തയ്ക്ക് കീഴടങ്ങേണ്ടിവരുന്നതിന് കുറിച്ചുള്ള ഈ കഥ ഒരു വിലാപകാവ്യം പോലെ ശോകമധുരമാണ്.

അധികമൊന്നും ശബ്ദഘോഷമുണ്ടാക്കാതെ കഥയെഴുത്തിൽ വ്യാപൃതനായിരിക്കുന്ന ഏകാന്തപഥികനായ കഥാകൃത്താണ് ഹരികുമാർ. പറഞ്ഞാൽ തീരാത്ത കഥയും പ്രതിജനഭിന്നമായ പാത്രങ്ങളും ചുറ്റിലുമുണ്ടെന്ന് ഹരികുമാറിനറിയാം. ഇവയിൽ നിന്നൊക്കെ യോജ്യമായ മുഹൂർത്തങ്ങളേയും മനുഷ്യരേയും തന്റെ കഥകൾക്ക് വിഷയമാക്കാനാണ് ഈ കഥാകാരന്റെ ശ്രമം. ഇക്കാര്യത്തിൽ ആരുടെയെങ്കിലും വാലോ നിഴലോ ആകാൻ ഹരികുമാർ സന്നദ്ധനല്ല. ഒരു പുതിയ ഭാവുകത്വത്തിന്റെ വക്താവാകത്തക്ക രീതിയിൽ മൗലിക സ്വഭാവമുള്ള കഥകളെഴുതുന്ന ഹരികുമാർ, മലയാള ചെറുകഥയുടെ നാളത്തെ ശബ്ദമായിത്തീരുമെന്നതിൽ സംശയമില്ല.

ദേശാഭിമാനി ഓണം വിശേഷാൽപ്പതിപ്പ് – 1989

കടത്തനാട്ട് നാരായണന്‍

പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കടത്തനാട് നാരായണന്‍, സ്വന്തം പേരിലും സമദര്‍ശി എന്ന തൂലികാ നാമത്തിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ദീര്‍ഘകാലം വിവിധ ഹൈസ്‌കൂളുകളിലും കോളേജുകളിലും അധ്യാപകനായിരുന്ന കടത്തനാട്ട് നാരായണന്റെ ശിഷ്യസമ്പത്ത് വിപുലമാണ്. സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയരക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.