ഇരുട്ടിലൂടെ


ഇ ഹരികുമാര്‍

ബോധം വന്നപ്പോൾ മരുന്നുകളുടെ മണം കൊണ്ടു താൻ ആശുപത്രിയിലാണെന്നു ശോഭനയ്ക്കു മനസ്സിലായി. അതോടെ മേലാകെ വേദനയും തുടങ്ങി. അതു ദേഹത്തിൽ എവിടെ നിന്നാണു വരുന്നതെന്നറിയില്ല.

കണ്ണു തുറന്നപ്പോൾ ആദ്യം കണ്ടതു വെളുത്ത ചുമരാണ്. പിന്നെ മുകളിൽ സാവധാനത്തിൽ കറങ്ങുന്ന പങ്കയും. കട്ടിലിന്റെ വലതു വശത്ത് ഒരു സ്റ്റാന്റിൽ വെള്ളം നിറച്ച ഒരു കുപ്പി തലകീഴായി തൂക്കിയിട്ടിരിക്കുന്നു. അതിൽ നിന്നു താഴത്തേക്കു തൂങ്ങിക്കിടക്കുന്ന കുഴൽ എവിടേക്കാണു പോകുന്നത്? ശോഭനയ്ക്ക് അതു നോക്കണം എന്നുണ്ട്. പക്ഷേ കിടന്ന കിടപ്പിൽ നിന്നു തിരിയാൻ വയ്യ വലത്തെ കൈ വേദനിക്കുകയാണ്. ഇളക്കാൻ കഴിയുന്നില്ല..... തനിക്കെന്തു പറ്റി?

ഇടതു വശത്താണു ജനൽ. അവൾ ജാലകത്തിലൂടെ നോക്കിയപ്പോൾ വെള്ളിമേഘശലാകകൾക്കിടയിലൂടെ വെളുത്ത കടൽക്കാക്കകൾ കൂട്ടമായി പറക്കുകയാണ്. അതിനു താഴെ കടലാണെന്നു ശോഭനയ്ക്കു മനസ്സിലായി. പക്ഷേ, അങ്ങനെ കിടക്കുമ്പോൾ അവൾക്കു കടൽ കാണാൻ കഴിഞ്ഞില്ല. ശോഭന കൺതിരിച്ചു. അപ്പോഴാണ് അതു കണ്ടത്. ജാലകത്തിലൂടെ വന്ന സൂര്യരശ്മികൾ നിലത്തു പതിഞ്ഞിരിക്കുന്നു. അതു കണ്ടപ്പോൾ അവൾക്ക് ഓർമ്മ വന്നതു വീട്ടിലെ തന്റെ മുറിയാണ്. അതോടെ അമ്മയെയും.

'ഹെന്റമ്മേ !'

പനിയായിക്കിടക്കുമ്പോഴെല്ലാം സാധാരണ നോക്കിയിരിക്കാറുള്ളതാണ്. ഉച്ചയായാൽ അമ്മ വന്നു ജനലുകൾ അടയ്ക്കും. ചൂടുകൊണ്ട് ഒന്നു മയങ്ങിപ്പോകും. പിന്നെ സമയം പറക്കുന്നത് അറിയില്ല. അമ്മയുടെ നേർ ത്ത ശബ്ദം കേട്ടാണ് ഉണരുക.

'മോളെ, പകലു കിടന്നുറങ്ങല്ലെ പനി ഏറും'

വളരെ ദൂരത്തു നിന്നു പറയുന്ന മാതിരിയാണു കേൾക്കുക. കേൾക്കുന്നുണ്ടെങ്കിലും ഉറക്കം നടിച്ചു കിടക്കും. അമ്മ അടുത്തുവന്നു നെഞ്ചി ലും നെറ്റിമേലും പതുക്കെ തലോടും. അപ്പോൾ വീണ്ടും ഉറങ്ങണമെന്നു തോന്നും. അമ്മ ജാലകത്തിന്റെ അടുത്തേക്കു നടക്കുന്ന പതിഞ്ഞ ശബ്ദം കേൾക്കാം. എത്ര ശബ്ദമുണ്ടാക്കാതെ സാവധാനത്തിലാണ് അമ്മ നടക്കുക. വളരെ ശ്രദ്ധിച്ചാലെ കേൾക്കുവാൻ കഴിയൂ. ജാലകപ്പാളികൾ തള്ളിത്തുറക്കുന്ന ശബ്ദം, പിന്നെ വെളിച്ചത്തിന്റെ സമുദ്രമാണ്. കണ്ണുകൾ ഇറുക്കി അടച്ചാലും അതിന്റെ അലകൾ ആദ്യം കണ്ണുകളെ വേദനിപ്പിക്കും.

'ഹായ്, എന്തു ചൂട്, നാലു മണിയായിട്ടും!......

അമ്മ ആരോടെന്നില്ലാതെ പറയും. കാലടികളുടെ ശബ്ദം അകന്നകന്നു പോകുമ്പോൾ കണ്ണു തുറക്കും. അപ്പോൾ അലസമായി, നിലത്തു വിരിഞ്ഞു കിടക്കുന്ന സൂര്യവെളിച്ചം നോക്കിക്കൊണ്ടിരിക്കും.

അമ്മ ഇടനാഴികയിൽ നിന്നു വിളിച്ചു പറയുന്നുണ്ടാകും.

മോളെ ഉറങ്ങല്ലെ.

ആ ശബ്ദം, ഇപ്പോഴും ആ മുറിയിൽ കിടക്കുകയാണെങ്കിൽ കേൾക്കാമെന്നു ശോഭനയ്ക്കു തോന്നി. അല്ലാ, അമ്മയോടൊപ്പം ആ നേരിയ ശബ്ദവും ഇല്ലാതായോ?

ഇപ്പോഴും, ഈ ആശുപത്രിയിൽ കിടക്കുമ്പോഴും, ജാലകത്തിലൂടെ വന്നു നിലത്തു വിരിഞ്ഞു കിടക്കുന്ന സൂര്യരശ്മികൾ കണ്ടപ്പോൾ വീട്ടിലെ തന്റെ മുറിയാണ് ഓർമ്മ വന്നത്, അമ്മയെയും.

അമ്മ! ശോഭനയ്ക്കു കരച്ചിൽ വന്നു. അമ്മ എവിടെയാണ്? അമ്മയെ കൊന്നില്ലേ! ഇനി കാണാൻ കഴിയുമോ, അമ്മയെ?

കണ്ണുനീരിനു നല്ല ചൂടുണ്ടായിരുന്നു. അതു കവിളിലൂടെ ഒലിച്ചിറങ്ങുമ്പോൾ ശോഭനയ്ക്കു വളരെ അസുഖം തോന്നി. അപ്പോൾ ഭയങ്കരമായ തലവേദന അനുഭവപ്പെട്ടു. അതു തലയോടിന്റെ ഏതോ കള്ളിയിൽ നിന്നു പുറപ്പെട്ടു വരികയാണ്.

ഉമിനീരിനു നല്ല കൈപ്പുരസമുണ്ടായിരുന്നു. അതുകൊണ്ടു തൊണ്ടയിൽ വരൾച്ചയുണ്ടായിട്ടും അത് ഇറക്കാൻ ശോഭന ഇഷ്ടപ്പെട്ടില്ല. കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു. എത്ര സമയമായി ഇവിടെ കിടക്കുവാൻ തുടങ്ങിയിട്ട്? മനസ്സിലാവുന്നില്ല.

വാതിൽ ഒരു കർട്ടൻ കൊണ്ടു മറച്ചിരുന്നു. എന്നാലും അപ്പുറത്തു കൂടെ പോകുന്നവരുടെ കാലുകൾ കാണാമായിരുന്നു. എന്താണ് ആരും ഈ മുറിയിൽ വരാത്തത്?

പെട്ടെന്നു വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ കർട്ടൻ നീക്കി മുറിയിലേക്കു കടന്നു. അവർ ശോഭനയെ നോക്കി പുഞ്ചിരി തൂകി. അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. ഈ സ്ത്രീക്ക് അമ്മ ചിരിക്കുന്ന പോലെ ചിരിച്ചു കൂടെ?

'എങ്ങനെയുണ്ടു കുട്ടീ ഇപ്പോൾ?'

അവർ അടുത്തു വന്നു തന്റെ നെറ്റിമേൽ കൈവച്ച് തലയിൽ തടവി. താൻ കുട്ടിയല്ലെന്നും മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണെന്നും പറയണമെന്നു ശോഭനയ്ക്കു തോന്നി. പക്ഷേ അവൾ വെള്ളം വേണമെന്നു മാത്രം പറഞ്ഞു.

സിസ്റ്റർ ഒരു ഔൺസ് ഗ്ലാസ്സിൽ എന്തോ വെള്ളം വായിൽ ഒഴിച്ചുതന്നു. അതിന്റെ രുചി എന്താണെന്നു മനസ്സിലാക്കാൻ ശോഭനയ്ക്കു കഴിഞ്ഞില്ല. എനിക്ക് ഇപ്പോഴും പനിക്കുന്നുണ്ട്. അവൾ വിചാരിച്ചു.

വായിൽ തെർമോമീറ്റർ വച്ചു സിസ്റ്റർ തന്റെ കൈത്തണ്ടു പിടിച്ചിരിക്കുകയാണ്. ശോഭന അവരുടെ മുഖത്തു നോക്കി. അവർ വെളുത്ത ഒരു സ്ത്രീയായിരുന്നു. പക്ഷേ അവരുടെ മൂക്കിനടുത്തുള്ള ഒരു അരിമ്പാറ കാരണം ശോഭനയ്ക്ക് അവരെ ഇഷ്ടപ്പെട്ടില്ല.

സിസ്റ്റർ വാച്ചുനോക്കി, തന്റെ വായിൽനിന്ന് തെർമോമീറ്ററെടുത്തു. അപ്പോൾ സമയമെത്രയായെന്നു ചോദിക്കണമെന്നു ശോഭന വിചാരിച്ചു. ഒരുപക്ഷേ നാലുമണിയായിട്ടുണ്ടാകും. പനി ആകുമ്പോൾ എത്ര വേഗമാണു വൈകുന്നേരമാകുന്നത്? ഇന്നു രാവിലെ എന്തു പറ്റി? ഇന്നു എഴുന്നേറ്റതായി ഓർമ്മിക്കുന്നില്ല. എന്റെ തലയ്ക്കു എന്തോ സാരമായി പറ്റിയിട്ടുണ്ട്.

സിസ്റ്റർ തെർമോമീറ്ററും മറ്റും മുറിയുടെ ഒരു മൂലയിലുള്ള ടീപ്പോയിമേൽ കൊണ്ടുപോയി വച്ചു. അവിടെ ഒരു ടേബിൾ കലണ്ടർ ഇരിക്കുന്നുണ്ട്. വീട്ടിൽ അച്ഛന്റെ മേശപ്പുറത്തുള്ള ടേബ്ൾ കലണ്ടർ ശോഭനയാണു തിരിച്ചു വയ്ക്കുക. ഈ കലണ്ടറിൽ മുപ്പതാം തീയതി ആക്കി വച്ചിട്ടുണ്ട്. ഇന്ന് ഇരുപത്തൊമ്പതാം തീയതിയല്ലെ. ഇരുപത്തെട്ടാം തിയതിയാണ് പരീക്ഷ കഴിഞ്ഞത്. അത് ഇന്നലെയായിരുന്നില്ലെ? അതോ മിനിഞ്ഞാന്നോ? അപ്പോൾ താൻ ഒരു ദിവസം മുഴുവൻ കിടന്നുറങ്ങിയോ? ആരാണു തന്നെ ആശുപത്രിയിൽ കൊണ്ടു വന്നത്? അച്ഛനെവിടെ?

സിസ്റ്റർ തിരിച്ചു വന്നു ഒരു തണുത്ത സഞ്ചി തന്റെ തലയ്ക്കടുത്തു വച്ചു. യൂഡികോളോൺ ഒരു പഞ്ഞിയിലെടുത്തു നെറ്റിമേൽ തുടച്ചു തന്നപ്പോൾ നല്ല തണുപ്പു തോന്നി.

'അച്ഛൻ എവിടെയാണ്?'

അവൾ ചോദിച്ചു.

'ഏ?' സിസ്റ്റർ തല താഴ്ത്തിക്കൊണ്ടു ചോദിച്ചു.

'അച്ഛനേയ്, എവിട്യാണ്?'

'ഇതുവരെ ഇവിടെ ഉണ്ടായിരുന്നു. രണ്ടു ദിവസമായി പാവം അച്ഛൻ ഉറങ്ങിയിട്ട്. മോളുടെ അടുത്തിരിക്ക്യായിരുന്നു. ഇപ്പോൾ പുറത്തുപോയിരിക്ക്യാണ്. അഞ്ചുമണിക്കു വരും...

സിസ്റ്റർ പറഞ്ഞതു മുഴുവൻ ശോഭന കേട്ടില്ല. പക്ഷേ അച്ഛൻ അഞ്ചു മണിക്കു വരുമെന്നു മാത്രം മനസ്സിലായി.

സിസ്റ്റർ പോയപ്പോൾ ശോഭന വീണ്ടും ആലോചിച്ചു. ആരാണു തന്നെ ഇവിടെ കൊണ്ടുവന്നത്? താൻ എന്നാണ് ഇവിടേക്കു വന്നത്? ഇന്നലെയാണോ? അതോ മിനിഞ്ഞാന്നോ?

ഇന്നലെയെക്കുറിച്ചോർത്തപ്പോൾ മനസ്സിലേക്ക് എന്തൊക്കെയോ തള്ളി വരുന്നു. ഒന്നും വ്യക്തമല്ല. തീ ആളിക്കത്തുകയാണ്. അതിനിടയിൽ നിന്നു തന്നെ നോക്കി വിളിക്കുന്നത് ആരാണ്? അമ്മയാണോ? അതോ വല്യമ്മയോ? പശുക്കുട്ടിയുടെ കരച്ചിൽ. 'ഇരുട്ടായാൽ അതിനു പേടിയാവും മോളെ. നീ അതിനെ ഒന്നഴിച്ചു കൊണ്ടുവാ......' അതാരാണു പറയുന്നത്? അമ്മയല്ലെ? 'എനിക്കു വയ്യാഞ്ഞിട്ടല്ലേ മോളെ.'

പക്ഷേ അന്നു തനിക്കും ഒട്ടും വയ്യായിരുന്നു. പരീക്ഷ കഴിഞ്ഞു, സ്‌ക്കൂൾ പൂട്ടിയ മെമ്മോ ക്ലാസ്സിൽ വായിച്ചു.

'ഇനി സുഖായി. അല്ലെ? രണ്ടുമാസം കളിച്ചുനടക്കാം.' അതു ജാനകി ടീച്ചറായിരുന്നു.

ഇനി പോകാം, രണ്ടുമാസം കളിച്ചു നടക്കാം. വല്ലാത്ത തലവേദന. സമയം നാലര മണിയായിരുന്നു. പാടത്തെത്തിയപ്പോൾ ഉണങ്ങിയ കാറ്റു മുഖത്തു വന്നടിച്ചു. പാടത്ത് അപ്പോഴും വെയിൽക്കീറുകൾ പാറിക്കളിച്ചിരുന്നു. ആകാശത്തിൽ വെള്ളി മേഘങ്ങളും.

ശോഭന ആരെയും കാത്തു നിന്നില്ല. എനിക്കു വയ്യ. അവൾ വിചാരിച്ചു. ആരെങ്കിലും ഒപ്പമുണ്ടായാൽ അവർ സംസാരിച്ചു തലവേദന അധികമാകും. പ്രത്യേകിച്ചു മാലതി ഒപ്പമുണ്ടായാൽ ശരിയായി. ആ കുട്ടിക്ക് ഒരു നിമിഷം വായ് അടക്കിവെയ്ക്കാൻ കഴിയില്ല. ആ കുട്ടി അലക്‌സാണ്ടർ എന്നതിനു അലസ്‌കാണ്ടർ എന്നാണു പറയുക. ആ കുട്ടി പാസ്സാവില്ലെന്നു ശോഭനയ്ക്ക് ഉറപ്പുണ്ടായിരുന്നു. ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിച്ചാൽ തന്നെ തോണ്ടി വിളിക്കും. ഉത്തരം പറഞ്ഞു കൊടുക്കാൻ.

ഒരാളെക്കുറിച്ചു തന്നെ ഓർക്കുമ്പോൾ തലവേദന അധികമാവുകയാണ്. ശോഭനയ്ക്കു വേഗത്തിൽ വീട്ടിലെത്തിയാൽ മതിയെന്നു തോന്നി. വീട്ടിൽ കാപ്പിയും പലഹാരവുമായി അമ്മ കാത്തിരിക്കുന്നുണ്ടാവും. പരീക്ഷ എങ്ങനെയുണ്ടായിരുന്നെന്നു ചോദിക്കും. പക്ഷേ, തനിക്കു സുഖമില്ല. ഒരു ഭാഗത്തു കിടക്കുകയാണു വേണ്ടത്.

ആലോചിച്ചു നടന്നപ്പോൾ വീട്ടിന്റെ പടിക്കൽ എപ്പോഴാണ് എത്തിയതെന്നറിഞ്ഞില്ല. ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല. സ്‌ളേറ്റും പെൻസിലും മേശപ്പുറത്തിട്ടു ശോഭന അടുക്കളയിലേക്കോടി. അടുക്കളയിൽ ഇരുട്ടു വ്യാപിച്ചു തുടങ്ങിയിരുന്നു. അമ്മ ചുമരിന്റെ അരുകിൽ ഒരു ബഞ്ചിൽ ഇരുന്ന് എന്തോ നുറുക്കുകയാണ്.

'അമ്മേ കാപ്പി തരൂ.'

അമ്മ മുഖമുയർത്തി.

'ചെറിയമ്മ ഉണ്ടാക്കുന്നുണ്ട്. ഇപ്പോൾ ആവും. നീ അപ്പോഴേക്കു ആ പശുക്കുട്ടിയെ ഒന്നു അഴിച്ചു കൊണ്ടുവാ ഇരുട്ടായാൽ അതിനു പേടിയാവും.'

ശോഭനയ്ക്കു നിരാശ തോന്നി. ഇതിന്നാണോ. ഇത്ര ദൂരം നടന്നു വന്നത്. കാപ്പി കുടിച്ച് ഒരു ഭാഗത്തു കിടക്കണമെന്നു വിചാരിച്ചാണ് ഇത്ര വേഗം വന്നത്. എന്നിട്ട് ഇപ്പോൾ അമ്മ പറയുന്നതോ!

'എനിക്കു വയ്യ, ഉമ്മറപ്പടിമേൽ ഇരുന്നു കൊണ്ട് അവൾ പറഞ്ഞു. 'അമ്മപോയി കൊണ്ടുവന്നോളു വേണങ്കിൽ.'

'അമ്മയ്ക്കു വയ്യാഞ്ഞിട്ടു പറയ്യ്യല്ലെ.'

അവരുടെ സ്വരം വളരെ പരീക്ഷീണമായിരുന്നു. പക്ഷേ ആ സമയത്തു ശോഭന അതു ശ്രദ്ധിച്ചില്ല. ഇരുട്ടായതു കൊണ്ട് അവരുടെ മുഖവും നല്ലവണ്ണം കാണാനും കഴിഞ്ഞില്ല.

'അമ്മ നൊണ പറയ്യ്യാണ്, എനിക്കറിയാം' ശോഭന വാശിയോടെ പറഞ്ഞു. അമ്മ എന്റെ സുഖക്കേട് കാണുന്നില്ലല്ലോ.

'അപ്പോൾ നീ പശുക്കുട്ടിയെ കൊണ്ടു വരില്ല, അല്ലെ?'

'ഇല്ല'

'അമ്മ മരിച്ചു പൊയ്‌ക്കോട്ടെ, അല്ലെ? അവർ ഒരു കിതപ്പോടെ എഴുന്നേറ്റു.

'ഞാൻ പോയി കൊണ്ടുവരാം. ശാരദേ കാപ്പിയായാൽ ഇവൾക്കു കൊടുത്തേയ്ക്കു.'

'ഏടത്തിക്കു ഭ്രാന്തുണ്ടോ' കാപ്പിയുണ്ടാക്കിയിട്ടു ഞാൻ പോയി കൊണ്ടുവരാം. 'ഏട്ത്തി ഈ സമയത്തു അതിനോടു മല്ലിടാൻ പോകണ്ടാ.'

അതു ചെറിയമ്മയായിരുന്നു.

'എനിക്കു വയ്യ. അമ്മ അടിവയർ തലോടികൊണ്ട് പറഞ്ഞു.' എനിക്ക് ഒരു ഭാഗത്തു കുറച്ചു കിടക്കണം.

ശോഭന അതു കേൾക്കാൻ നിന്നില്ല, അവൾക്ക് ദേഷ്യം പിടിച്ചിരുന്നു. എനിക്കു കാപ്പി വേണ്ട. വല്ലാത്തൊരമ്മ. മരിച്ചുപൊയ്‌ക്കോട്ടെ. എനിക്ക് ഇങ്ങനത്തെ ഒരമ്മ വേണ്ട. അവൾ മുറ്റത്തിറങ്ങി. പൂത്തറയിൽനിന്ന് ഒരു പിച്ചകപ്പൂവറുത്തു വെറുതെ നടന്നു. കത്തിത്തീർന്ന അന്തിത്തിരികളുടെ വാസന അവൾക്കനുഭവപ്പെട്ടു.

കടുത്ത തലവേദന. പനി ഏറിയിരിക്കുന്നു. മേലാകെ പൊള്ളുന്നുണ്ട്. വേദനയും. ഛർദ്ദിക്കുവാൻ വരുന്നു. തല ചുറ്റുകയാണോ. ശോഭന തെല്ലുനേരം സംശയിച്ചു നിന്നു. കാപ്പി കുടിക്കണം. എന്നാൽ കുറച്ചാശ്വാസമുണ്ടാകും. മടങ്ങിയാലോ?...... വേണ്ട, എനിക്ക് അവരുടെ കാപ്പി വേണ്ട.

പറമ്പിൽ നിന്നു പശുക്കുട്ടിയുടെ കരച്ചിൽ കേട്ടു.

'ഇരുട്ടായാൽ അതിനു പേടിയാവും' ഇപ്പോൾ വാസ്തവത്തിൽ ഇരുട്ടിത്തുടങ്ങിയിരുന്നു. അതിനു പേടിയാകുന്നുണ്ടാവും. പക്ഷേ ശോഭനയ്ക്കു പേടിയില്ല. രണ്ടു മാസം മുമ്പു വല്യമ്മ മരിച്ചപ്പോൾ മാത്രം അവൾക്കു പേടി തോന്നിയിരുന്നു. അന്നു തെക്കേക്കണ്ടത്തിൽ രണ്ടു മൂന്നാൾ ഉയരത്തിൽ തീ കത്തിച്ചിരുന്നു. വല്യമ്മ മരിച്ചത് മുകളിൽ വടക്കേ അകത്തു നിന്നായിരുന്നു. മരിച്ചപ്പോൾ വല്യമ്മയെ ചുവന്ന ചവുക്കാളം കൊണ്ടു ദേഹമാസകലം മൂടി. അതാലോചിക്കുമ്പോൾ ശോഭനയ്ക്ക് ഇപ്പോഴും ഭയം തോന്നി.

പെട്ടെന്നവൾ അമ്മ പറഞ്ഞതോർത്തു.

'അമ്മ മരിച്ചോട്ടെ അല്ലെ?'

ശോഭനയ്ക്ക് ഒരു വിറയൽ അനുഭവപ്പെട്ടു. തലവേദന കഠിനമായിരിക്കുന്നു. അമ്മ മരിച്ചാൽ.........പിന്നെ അമ്മയെ കാണില്ല. അമ്മയെയും വല്യമ്മയെ ചെയ്തപോലെ തെക്കുഭാഗത്തു തീയിട്ടു ദഹിപ്പിക്കും. അവൾ ഭയത്തോടെ തെക്കെ പറമ്പിലേയ്ക്കു നോക്കി. നടുങ്ങിപ്പോയി. അവിടെ തീയെരിയുന്നുണ്ടായിരുന്നു. അത് അടുത്ത വീട്ടിൽ നിന്നാണോ? ആയിരിക്കയില്ല. എന്നാൽ അത് ഇത്ര അടുത്തായി കാണുമോ? തീ വല്ലാതെ ആളിക്കത്തുകയാണ്. അടുത്ത നിമിഷത്തിൽ അതു വലുതായി എല്ലാം വിഴുങ്ങും. തന്നെയും, അമ്മയെയും എല്ലാവരെയും അപ്പോൾ.... അമ്മ എവിടെയാണ്? ദേഹത്ത് ഒരു കുളിർ അനുഭവപ്പെട്ടു. എന്താണ് ചെയ്യേണ്ടത്. അവൾ വേഗം അടുക്കളയിലേക്കോടി. അവിടെ ഇപ്പോൾ ഒരു വിളക്കുകത്തിച്ചു വെച്ചിരുന്നു. അതിന്റെ വെളിച്ചത്തിൽ അമ്മ മുമ്പുണ്ടായിരുന്നിടത്തില്ലെന്നു ശോഭനയ്ക്കു മനസ്സിലായി.

'ചെറിയമ്മേ, അമ്മയെവിടെ?'

അവർ ഒന്നും മിണ്ടിയില്ല. ശോഭന അവരുടെ മുഖത്തു നോക്കി. അവർ കരയുകയാണോ? ഈ മങ്ങിയ വെളിച്ചത്തിൽ ഒന്നും മനസ്സിലാവുന്നില്ല.

'എവിടെയാണമ്മ, ചെറിയമ്മേ?'

'അവിടെ എവിടെയെങ്കിലുമുണ്ടാവും. കാപ്പി കാലായിട്ടുണ്ട്. ശോഭന.....'

അതു മുഴുവൻ കേൾക്കാൻ ശോഭന നിന്നില്ല. അമ്മ എവിടെയാണ്. അവൾ ഓരോ മുറിയിലും പോയി നോക്കി. ജാലകത്തിലൂടെ അപ്പോഴും അരണ്ട വെളിച്ചം മുറികളിലേയ്ക്കു പ്രവേശിച്ചിരുന്നു. അതുകൊണ്ടു ശോഭനയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന എല്ലാ മുറികളും കാണാൻ കഴിഞ്ഞു. പക്ഷേ ഇടനാഴികയിൽ ഇരുട്ടായിരുന്നു. അതു പോലെ തന്നെ മച്ചിനകത്തും. പക്ഷേ അമ്മയെവിടെ. ശോഭന വേഗത്തിൽ കോണി കയറുവാൻ തുടങ്ങി. അവൾ ഉറക്കെ വിളിച്ചു:

'അമ്മേ!.....'

പക്ഷേ, മറുപടിയുണ്ടായില്ല. മുകളിൽ താഴത്തേക്കാൾ വെളിച്ചവുമുണ്ടായിരുന്നു. ശോഭന ഓരോ മുറിയിലും നോക്കി. അതാ അമ്മ കട്ടിലിൽ കിടക്കുന്നു. ഒരു ചുവന്ന ചവുക്കാളംകൊണ്ടു പുതച്ചിട്ടുണ്ട്. ഈ അമ്മയ്‌ക്കൊന്നു വിളി കേട്ടു കൂടെ? എന്താണിങ്ങനെ മിണ്ടാതെ കിടക്കുന്നത്? ഈ ചുവന്ന ചവുക്കാളം! മരിച്ചുപോയ വല്യമ്മയെ വീണ്ടും ഓർമ്മ വന്നു. വല്ല്യമ്മ അതിനടുത്ത മുറിയിലാണ് കിടന്നിരുന്നത്. അവൾക്കു തെക്കെക്കണ്ടത്തിൽ കത്തിയിരുന്ന തീ മുന്നിൽ കാണുന്നപോലെ തോന്നി. അപ്പോൾ.... .... വാസ്തവത്തിൽ അമ്മ മരിച്ചുവോ? അവൾ പൊട്ടിക്കരഞ്ഞു.

ഒരു ക്ഷണം ഭയം അവളെ കീഴടക്കി, ചുറ്റും ഇരുട്ടാണ്. ഇത്ര ക്ഷണം ഇരുട്ട് എവിടെനിന്നു വന്നു. എനിക്ക് തല ചുറ്റുന്നുണ്ട്. പ്രേതങ്ങൾ പിന്നാലെ വരുകയാണ്. അതിൽ വല്യമ്മയുടെയും, മരിച്ചുപോയ എല്ലാവരുടേയും പ്രേതങ്ങൾ ഉണ്ട്. അവ ചുറ്റും നൃത്തം വയ്ക്കുകയാണ്. തനിക്ക് ഓടി രക്ഷപ്പെടണം. ഛർദ്ദിക്കാൻ വരുന്നു. എവിടെയാണ് കോണി! ഇരുട്ടിൽ ഒന്നും കാണുന്നില്ലല്ലോ. തനിക്കു രക്ഷപ്പെടണം.

'അയ്യോ, അമ്മേ! !'

ശോഭനയ്ക്കു ഗോവണിയിലൂടെ ഉരുണ്ടിറങ്ങുന്നത് അനുഭവപ്പെട്ടു. എവിടെയോ വല്ലാത്ത വേദന. മുറിഞ്ഞിരിക്കുന്നു. തലയിലാണോ? തനിക്കൊന്നു തൊട്ടുനോക്കണം. പക്ഷേ താൻ ഉരുണ്ടു വീഴുകയാണ്. ഉറക്കം വരുന്നു. ഞാൻ ഉറങ്ങട്ടെ. ആരോ പിറുപിറുക്കുന്ന ശബ്ദം. കരയുകയാണോ? അമ്മയാണോ അത്. ആവാൻ വഴിയില്ല. അച്ഛനായിരിക്കും. ഉറക്കം വരുന്നു. ഞാൻ എവിടെയാണ്?

വീണ്ടും ആസ്പത്രയിലെ മരുന്നുകളുടെ മണം. തലവേദനയും, അതിനോടൊപ്പം കടുത്ത അപരാധബോധവും കിളുർത്തു വരികയാണ്.......ഞാനല്ല, അമ്മയെ കൊന്നത്. ഞാനെന്താണ് ചെയ്തത്? വാസ്തവത്തിൽ അമ്മ മരിച്ചുവോ? മരിച്ചിരിക്കുന്നു. ചുവന്ന ചവുക്കാളം കൊണ്ട് പുതച്ചുകിടക്കുന്നത് അവൾ വീണ്ടും മനസ്സിൽ കണ്ടു. അതോടെ അമ്മ പറഞ്ഞതും. 'അമ്മ മരിച്ചുപൊയ്‌ക്കോട്ടെ അല്ലെ?' ശോഭന മനസ്സിൽ പറഞ്ഞു. 'ഹെന്റെ അമ്മേ, അമ്മയെ ഇനി ഞാൻ കാണില്ലല്ലോ!!

'എന്തിനാ കുട്ടീ കരേണത്?'

നഴ്‌സാണ്.

ശോഭന ഒന്നും പറഞ്ഞില്ല. അവൾ തലതിരിച്ചുനോക്കി. ജാലകത്തിലൂടെ വരുന്ന സൂര്യരശ്മികൾ ഇപ്പോൾ വളരെ നീണ്ടു പോയിരുന്നു. സമയം ഇത്രയായോ? എപ്പോഴാണ് അച്ഛൻ വരുന്നത്?

'അച്ഛൻ എപ്പോഴാ വരാ?

'ഇപ്പോ വരും കുട്ടീ. വായ് തുറക്കൂ. ഞാൻ പനി നോക്കട്ടെ. ഇപ്പോൾ തലവേദനണ്ടോ.'

'കുറേശ്ശെ ഉണ്ട്. പിന്നെ അച്ഛൻ ഇപ്പോത്തന്നെ വര്വോ?'

'ഇപ്പോത്തന്നെ വരും, മോളെ കാണാൻ. വാ തുറക്കൂ....' അച്ഛൻ ഇപ്പോൾ വരും, ശോഭന വിചാരിച്ചു. അവൾ സന്തോഷിച്ചു. അച്ഛൻ വന്നാൽ അച്ഛന്റെ മടിയിൽ, കിടക്കാമല്ലോ, അച്ഛന്റെ കൈകൊണ്ടുള്ള തടവൽ അനുഭവിക്കാമല്ലോ, പക്ഷേ, അത് ഒരു നിമിഷനേരത്തേയ്ക്കു മാത്രമായിരുന്നു. ഒരു ഭയാനകമായ ചിന്ത അവളെ കിടിലം കൊള്ളിച്ചു. ഞാൻ കുറ്റക്കാരിയാണ്. അച്ഛന്റെ മുഖത്ത് എങ്ങിനെയാണ് നോക്കുക. അച്ഛൻ ചോദിക്കില്ലെ.

'നീ അമ്മയെ എന്താണ് ചെയ്തത്?'

അല്ലെങ്കിൽ താൻ എന്താണ് ചെയ്തത്? ഞാനല്ല, ഞാനല്ല അമ്മയെ കൊന്നത്. എന്തിനാണ് എന്നെ ഇങ്ങനെ....

അവൾക്കു വീണ്ടും ചൂടുള്ളകണ്ണീർകവിളിലൂടെ ഒലിച്ചിറങ്ങുന്നത് അനുഭവപ്പെട്ടു.

'എന്തിനാ കുട്ടീ കരേണത്?'

തെർമോമീറ്റർ വായിൽ നിന്നെടുത്തുകൊണ്ട് സിസ്റ്റർ ചോദിച്ചു. അവൾ ഒന്നും പറയാതെ കണ്ണടച്ചു കിടന്നു.

കണ്ണടച്ചപ്പോൾ പിന്നെ ശബ്ദങ്ങളുടെ ഒരു ലോകമായി. വരാന്തയിലൂടെ പോകുന്ന ആൾക്കാരുടെ അമർത്തിപ്പിടിച്ച സംസാരങ്ങൾ, കാലൊച്ചകൾ. സിസ്റ്റർ പുറത്തേക്കു പോകുന്നതു ശോഭന കേട്ടു. ഇനി ആരും ഈ മുറിയിൽ വരാതിരുന്നെങ്കിൽ, ശോഭന വിചാരിച്ചു. അപ്പോൾത്തന്നെ ആരോ തന്റെ ഉള്ളിൽ നിന്ന് ഉറക്കെ ചോദിച്ചു.

'അച്ഛനും?'

ശോഭന ഞെട്ടി. പക്ഷേ അതിനേക്കുറിച്ച് ആലോചിക്കുമ്പോഴേയ്ക്കും, ഒരു പരിചിതമായ കാൽപ്പെരുമാറ്റം അവൾ കേട്ടു. അവളുടെ മനസ്സു സന്തോഷം കൊണ്ടു നിറഞ്ഞു.

'അച്ഛൻ!'

അവൾക്കു സന്തോഷത്തോടൊപ്പം ഒരു വിഷമവും അനുഭവപ്പെട്ടു. അച്ഛനെ എങ്ങിനെയാണു നേരിടുക? കാലടികൾ അടുത്തടുത്തു വരികയാണ്. ശോഭന കണ്ണു തുറന്നു. അച്ഛൻ വാതിലിന്റെ കർട്ടൻ നീക്കികൊണ്ട് ഉള്ളിലേയ്ക്കു കടക്കുകയാണ്. അച്ഛൻ വേഗത്തിൽ അടുത്തു വന്നു കട്ടിലിന്റെ അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു. ശോഭനയ്ക്ക് ഒരുമ്മ കൊടുത്തു കൊണ്ടു ചോദിച്ചു.

'മോളെ, എങ്ങിനെയുണ്ട്?'

ശോഭന മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല. തന്റെ കണ്ണുകൾ നിറഞ്ഞൊഴുകകയാണ്.

'അച്ഛാ..........'

അച്ഛൻ അവളുടെ നെറ്റിമേൽ വീണ്ടും ഉമ്മവച്ചു. പക്ഷേ, ശോഭനയുടെ മനസ്സിൽ വിഷമം തങ്ങി നിന്നു. അച്ഛൻ അടുത്തു തന്നെ പറയുക അമ്മയെക്കുറിച്ചായിരിക്കും. താൻ കുറ്റക്കാരിയാണ്. അച്ഛനെന്നെ ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം വെറും അഭിനയം മാത്രമാണ്. അച്ഛൻ അടുത്തുതന്നെ പറയും. നീ എന്താണ് അമ്മയെ ചെയ്തത്? അവൾ, അച്ഛൻ വന്നിരുന്നില്ലെങ്കിലെന്ന് ആശിച്ചു.

അച്ഛൻ അവളുടെ നെറ്റിമേലും നെഞ്ചിലും തലോടിക്കൊണ്ടു പറഞ്ഞു.

'മോളുടെ അമ്മ.....'

അമ്മയെന്നു കേട്ടപ്പോൾ ശോഭന ഒന്നു ഞെട്ടി. പിന്നെ അച്ഛൻ എന്താണു പറഞ്ഞതെന്ന് അവൾ കേട്ടില്ല. ഹൃദയം ശക്തിയായി മിടിക്കുകയാണ്. കൺമുമ്പിൽ നിന്ന് എല്ലാം അകന്നകന്നുപോയി ഇരുട്ടു വ്യാപിക്കുകയാണ്. ഒന്നും കാണുന്നില്ല. അതിന്നിടയിൽ ജാലകത്തിലൂടെ വരുന്ന സൂര്യവെളിച്ചം നിലത്തുവിരിഞ്ഞിരിക്കുന്നതു മാത്രം കാണാം. അതു തന്റെ വീട്ടിലെ മുറിയാണെന്ന് ഒരു നിമിഷം ശോഭനയ്ക്കു തോന്നി. ജാലകത്തിന്റെ അടുത്തു നിന്നു നേരിയ ശബ്ദത്തിൽ എന്തോ പറയുന്നത് അമ്മയല്ലെ? വ്യക്തമായി മനസ്സിലാകുന്നില്ല പിന്നെ അതും ഇല്ലാതായി. ശൂന്യതമാത്രം. അതിൽ താൻ ലയിച്ചു ചേരുന്നതായി ശോഭനയ്ക്കു തോന്നി.

മനോരമ - 1969 ഡിസംബര്‍ 21