|| Scripts

സംവിധായകനെത്തേടി ഒരു കഥാപാത്രം

ഇ ഹരികുമാര്‍

ഹാളിലും സ്റ്റേജിലുമുള്ള വിളക്കുകൾ അണക്കണം. രണ്ടു നിമിഷങ്ങൾക്കു ശേഷം വെളിച്ചം വരുമ്പോൾ കാണുന്നത് ഒരു ഒഴിഞ്ഞ സ്റ്റേജ്. ഇടതു വശത്ത് ഒരു മേശയുള്ളതൊഴിച്ചാൽ സ്റ്റേജ് ശൂന്യമാണ്. കർട്ടൻ ഉയർന്നാണിരിക്കുന്നത്. സ്റ്റേജിൽ നേരിയ വെളിച്ചമേയുള്ളു. ഒരു നാടകത്തിന്റെ റിഹേഴ്‌സലിനുള്ള ഒരുക്കങ്ങളാണ്. നീണ്ട വെള്ള ജുബ്ബയും പാന്റ്‌സും ധരിച്ച, ഏകദേശം അമ്പത്തഞ്ച് വയസ്സു പ്രായമുള്ള സംവിധായകൻ വന്ന് ചുവരിലെ സ്വിച്ച്‌ബോർഡിൽ അമർത്തുമ്പോൾ സ്റ്റേജിൽ വെളിച്ചം തെളിയുന്നു. സംവിധായകൻ ചുവരിൽ സ്വിച്ച്‌ബോർഡിൽ ഫാനിന്റെ സ്വിച്ചിനു വേണ്ടി തപ്പുകയാണ്. ഓരോ സ്വിച്ച് അമർത്തിയശേഷം മുകളിലേയ്ക്ക് നോക്കും. ഫാൻ തിരിയുന്നില്ല. അടുത്ത സ്വിച്ച്. അതിനിടയ്ക്ക് ഒരു സ്വിച്ചമർത്തുമ്പോൾ സ്റ്റേജിലെ വിളക്കു കെടുന്നു. ഇരുട്ട്.

'മാരണം!' സംവിധായകന്റെ ഒച്ച കേൾക്കുന്നു. ഒരു നിമിഷത്തിനകം വെളിച്ചം വരുന്നു. അതോടെ ഹാളിലെ വിളക്കുകളും കത്തുന്നു.

സംവിധായകൻ: (സ്വിച്ച് ബോർഡിൽനിന്ന് കയ്യെടുത്ത് ഹാളിലേയ്ക്കു നോക്കിക്കൊണ്ട്) അതാ, ഹാളിലെ വിളക്കുകളും കത്തിയോ? സാരല്യ, ഇരിക്കട്ടെ. (വാച്ചു നോക്കിക്കൊണ്ട്) എവിടെപ്പോയി നമ്മുടെ അഭിനേതാക്കൾ?

(സ്റ്റേജിലും ഹാളിലും വെളിച്ചത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. മുകളിൽ സ്‌പോട്ട് ലൈറ്റുകൾ വേണം. സാധാരണ നിലയിൽ നല്ല വെളിച്ചമുള്ള സ്റ്റേജ് ഭാവതീവ്രമായ രംഗത്തിലെത്തുമ്പോൾ അല്പം മങ്ങി സംസാരിക്കുന്ന വ്യക്തിയേയും അതു കേൾക്കുന്ന വ്യക്തിയേയോ വ്യക്തികളേയോ മാത്രം സ്‌പോട്ട് ലൈറ്റിൽ കാണിക്കണം.)

(ഒരു ഇരുപതു വയസ്സുകാരൻ കുറച്ചു പ്ലാസ്റ്റിക് കസേലകൾ കൊണ്ടുവന്ന് സ്റ്റേജിന്റെ പിന്നിൽ നിരത്തുന്നു.)

സംവിധായകൻ: രവി, ഒരെണ്ണം ഇവിടെ വയ്ക്കു.

(രവി ഒരെണ്ണം സംവിധായകന്റെ തൊട്ടടുത്ത്, മേശയ്ക്കു മുമ്പിലായി സ്റ്റേജിനെ അഭിമുഖീകരിച്ച് ഇട്ടുകൊടുക്കുന്നു. അദ്ദേഹം അത് വലിച്ചിട്ട് ഇരിക്കുന്നു. ഇതിനിടയിൽ വാതിൽ കടന്ന് ഓരോരുത്തരായി വരുന്നു. ആദ്യം വരുന്നത് നായകനും നായികയുമായി അഭിനയിക്കാനുള്ള രണ്ടു ചെറുപ്പക്കാരാണ്. ബാബുവും ജാൻസിയും. കഥാപാത്രങ്ങൾ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും സംവിധായകനിരിക്കുന്നതിന്റെ എതിർവശത്തുകൂടെയാണ്.)

നായകൻ: ആരും എത്തീലേ സാർ? ഒക്കെ ഒഴപ്പമ്മാരാ.

സംവിധായകൻ: ഇപ്പൊ വരും.

അറുപതു വയസ്സിനുമീതെ പ്രായമുള്ള ഒരു പുരുഷനും (അയാളുടെ തല നരച്ചിരിക്കുന്നു) അമ്പത് അമ്പത്തഞ്ച് വയസ്സായ സ്ത്രീയും പ്രവേശിക്കുന്നു.

സംവിധായകൻ: ഇതാ, കേശവേട്ടനും കമലച്ചേച്ചീം എത്തീലോ.

(കേശവൻ ചിരിക്കുന്നു. സ്റ്റേജിന്റെ പിന്നിലിട്ട കസേലയിലിരിക്കുന്നു. അടുത്ത കസേലയിൽ ഭാര്യയും. നായകനും നായികയും ഇരിക്കാതെ നിൽക്കുകയാണ്. അവർ തമ്മിൽ പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിക്കുന്നുണ്ട്, ഒപ്പം തന്നെ മറ്റുള്ളവർ സംസാരിക്കുന്നത് ശ്രദ്ധിക്കുകയും.)

(ബാലൻ, നാൽപത്തഞ്ചു വയസ്സുണ്ടാവും, ഒതുങ്ങിയ പ്രകൃതം, കയ്യിൽ ഒരു നോട്ടുപുസ്തകമുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽ പെൻ കുത്തിയിട്ടുണ്ട്, പ്രവേശിക്കുന്നു, എല്ലാവരേയും നോക്കി ചിരിക്കുന്നുണ്ട്.)

സംവിധായകൻ: നല്ല ആളാണ്. നേരത്തെ വരാംന്ന് പറഞ്ഞിട്ട്? ഇവരൊക്കെ വരുമ്പഴേയ്ക്ക് നമുക്ക് ഒന്നാം രംഗം ഒന്നുകൂടി മാറ്റിയെഴുതണമായിരുന്നു. പോട്ടെ, സാരല്യ.

(ബാലൻ ഒരു വശത്ത് സംവിധായകന്റെ അടുത്തിട്ട മേശക്കു പിന്നിലിരിക്കുന്നു.)

പതിമൂന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ, മൂത്തവൻ ആൺകുട്ടി, ഇളയവൾ പെൺകുട്ടി, പ്രവേശിക്കുന്നു. എല്ലാവരും എത്തുന്നതോടെ സ്റ്റേജ് നിറഞ്ഞ അനുഭവമുണ്ടാകുന്നു.

സംവിധായകൻ: ങാ, കുട്ട്യോളും എത്തീലോ. ഇപ്പൊ എല്ലാവരും ആയില്യേ?

നായിക: രോഹിണി വന്നില്ല സർ. ഞാൻ കുറേ വിളിച്ചതാ. അവൾക്ക് പനിയാത്രെ.

സംവിധായകൻ: സാരല്യ. അവൾക്ക് വലിയ റോളൊന്നും ഇല്ല. നാടകത്തിന്റെ അന്ന് വന്നാ മത്യായിരുന്നു. പോട്ടെ എല്ലാരും നാടകത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചോ?

(ആരും ഒന്നും പറയുന്നില്ല.)

സംവിധായകൻ: എന്തേ, വായിച്ചിട്ടില്ലേ?

നായിക: ഭയങ്കര ബോറ് സാധനാ സർ അത്.

(സംവിധായകൻ മറ്റുള്ളവരുടെ നേരെ നോക്കുമ്പോൾ അവരും തലയാട്ടുന്നു. അദ്ദേഹം ആലോചിച്ചുകൊണ്ട് നിൽക്കുന്നു. അഭിനേതാക്കളുടെ മുഖത്ത് കുറ്റബോധം.)

സംവിധായകൻ: ശരിയാണ്. പക്ഷെ അതിന് നാടകകൃത്തിനെ പറഞ്ഞിട്ടു കാര്യല്യ. പിരന്തെല്ലൊ ഒരു മികച്ച നാടകാണ് എഴുതീട്ടുള്ളത്. മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്ത ആളുടെ കുഴപ്പാണത്. വാട്ട് ദ ഡെവിൾ ഈസ് ഹി ടാക്കിങ് എബൗട്ട്. എന്നതിന് 'അയാൾ എന്തു ചെകുത്താനെപ്പറ്റിയാണ് സംസാരിക്കുന്ന'തെന്നു പറഞ്ഞാൽ എന്തിനു കൊള്ളും? വേറെ നല്ലൊരു തർജ്ജമയുണ്ടായിരുന്നു. ആരാ ചെയ്തത്ന്ന് ഓർമ്മയില്ല. എനിക്കതു കിട്ടീല്ല. ഇതു ചെയ്തത് എന്റെയൊരു സ്‌നേഹിതനാണ്.

നായകൻ: അതു മാത്രല്ല സർ......

സംവിധായകൻ: ഇങ്ങിനെയായാൽ ശരിയാവില്ല. എന്തായാലും തുടങ്ങാം. ഓരോ ഡയലോഗും ഞാൻ അപ്പപ്പോൾ നല്ല മലയാളത്തിൽ പറഞ്ഞുതരാം. (ഒരു കസേലയിൽ നോട്ടുപുസ്തകവും പെന്നുമായി ഇരിക്കുന്ന ബാലനെ നോക്കി - അയാളാണ് പ്രോംപ്റ്റർ) ബാലൻ അതെഴുതിയെടുത്താൽ മതി. മറ്റുള്ളവർക്ക് അവനവന്റെ ഭാഗം ബാലന്റെ പുസ്തകത്തിൽനിന്ന് എഴുതിയെടുക്കാം. പോരെ?

(എല്ലാവരും തലയാട്ടുന്നു.)

സംവിധായകൻ: അപ്പോൾ നമുക്ക് തുടങ്ങാം അല്ലെ? ഞാൻ ഈ നാടകം 'സിക്‌സ് ക്യാരക്ടേഴ്‌സ് ഇൻ സർച്ചോഫാൻ ആതർ' പിരന്തലോ എഴുതിയതിൽനിന്ന് അല്പം വ്യത്യാസത്തോടുകൂടിയാണ് അവതരിപ്പിക്കണത്. ആ നാടകത്തിൽ സ്ഥിരം നടീനടന്മാർ പിരന്തലോവിന്റെ മറ്റൊരു നാടകം റിഹേഴ്‌സ് ചെയ്യാൻ പുറപ്പെടുമ്പോഴാണ് ഈ ആറു കഥാപാത്രങ്ങൾ പ്രവേശിക്കുന്നത്. അതിനുപകരം ഞാൻ ചെയ്യാൻ പോണത് ഈ ആറു കഥാപാത്രങ്ങളേയും, സ്ഥിരം അഭിനേതാക്കളെയും കൂട്ടി യോജിപ്പിക്ക്യാണ്. നാടകം വായിച്ചിട്ടില്ലാത്തതുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ ഒന്നും മനസ്സിലായെന്നു വരില്ല. വഴിയെ മനസ്സിലായിക്കൊള്ളും.

ഈ തിരക്കഥയെക്കുറിച്ച്


കഥാകൃത്ത്, നോവലിസ്റ്റ് എന്നീരീതികളില്‍ പ്രശസ്തനായ ഇ ഹരികുമാറിന്റെ ഏക നാടകമാണിത്. ആധുനിക നാടകശൈലിയില്‍ രംഗാവതരണം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹരികുമാര്‍ ഈ നാടകം എഴുതിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com