ബാലചന്ദ്രന്‍ വടക്കേടത്ത്
വൈകാരികാനുഭൂതികൾക്ക് സവിശേഷ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇ. ഹരികുമാർ എഴുതുന്നത്. മറ്റു പലരുടെയും കഥകൾക്കില്ലാത്തവിധം വികാരം ഒരു സൂക്ഷ്മപ്രപഞ്ചം സൃഷ്ടിക്കുന്നത് ഹരികുമാറിന്റെ കഥകളിൽ നാം കണ്ടെത്തുന്നു. അത് ആഖ്യാനത്തിന്റെ ഒരു പ്രത്യേകതയാണ്. ജീവിതത്തിലെ ഏതെങ്കിലുമൊരു സന്ദർഭത്തിൽനിന്ന് ആരംഭിച്ച് വൈകാരികമായ വികാസം ലക്ഷ്യമിട്ട് ആഖ്യാനം രൂപപ്പെടുന്നു. അത് പിന്നീട് മനുഷ്യബന്ധങ്ങളിലേയ്ക്ക് കടന്ന് സംഘർഷമുണ്ടാക്കുന്നു. ഈ രചനാകൗശലമാണ് വായനക്കാരുമായി ഹരികുമാറിന്റെ രചനകളെ അടുപ്പിച്ചുനിർത്തുന്നത്.
പ്രസ്ഥാനങ്ങളൊന്നും ഈ കാഥികനെ അലട്ടുന്നതിന്റെ ലക്ഷണങ്ങളില്ല. തനിക്ക് സ്വായത്തമായ നിർമ്മാണശൈലിയിൽ യുക്തിപൂർവ്വം കഥ പറയുന്നതിലാണ് താല്പര്യമെടുക്കുന്നത്. വളരെ യാഥാർത്ഥ്യബോധത്തോടെ കഥകളെഴുതുകയും മനുഷ്യുബന്ധങ്ങളെ സംബന്ധിക്കുന്ന സങ്കല്പങ്ങളിൽകൊണ്ടെത്തിക്കുകയും ചെയ്യുന്ന ആഖ്യാനക്രമങ്ങളാണ് അധികവും. വൈകാരിക സന്ദർഭങ്ങളെ ബന്ധങ്ങളുടെ മൂശയിൽവച്ചാണ് ഹരികുമാർ അപഗ്രഥിക്കുന്നതെന്നു പറയാം. ആഖ്യാനമെന്നത് മനുഷ്യജീവിതത്തിലെ വൈകാരികഭാവങ്ങളുടെ ഉഭയപ്രമാണമാക്കി മാറ്റുന്നു. 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥാസമാഹാരത്തിലെ പതിനൊന്നു കഥകളും വായിച്ചുതീർന്നപ്പോൾ പൊടുന്നനെ തോന്നിയ ചില കാര്യങ്ങളാണ് കുറിച്ചത്.
'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയിൽ അഞ്ചുവയസ്സുകാരിയായ ശാലിനിയുടെ നിഷ്‌കളങ്കതയും കർമ്മബോധവുമാണ് പ്രമേയം. ചേച്ചിയുടെ വിവാഹനാളിൽ വരന്റെ ആൾക്കാർ വരുന്നതുംകാത്ത് ഇരിക്കേണ്ടിവന്ന സന്ദർഭത്തിൽ അവൾക്ക് മുഷിപ്പ് തോന്നുന്നു. അവൾ കൂട്ടുകാരികളെ വിളിച്ച് അടുത്തപറമ്പിൽ പച്ചപ്പയ്യുകളെ പിടിക്കാൻ പോവുകയാണ്. ചൂണ്ടാണിവിരൽ നീളത്തിൽ പച്ചനിറവും പിടിച്ചാൽ ചാടുന്ന സ്വഭാവവുമുള്ള ഒരു ജന്തുവിനെ അന്വേഷിച്ച് ആ പെൺകിടാങ്ങൾ വെയിലത്ത് നടന്നുവെന്ന് കഥാവാക്യം. പച്ചപ്പയ്യുള്ളിടത്ത് പണമുണ്ടാവും എന്നത് ഒരു നാടൻ ചൊല്ലാണ്. അതാണ് ശാലിനിയെ നിയന്ത്രിച്ചത്. ഗ്രാമത്തനിമയുടെ ഒരംശമാണ് ഈ പ്രമേയത്തിലൂടെ കഥാകൃത്ത് വായനക്കാർക്ക് പകർന്നുതരുന്നത്. ഗ്രാമ്യപ്രകൃതിയും ഗ്രാമീണരുടെ മനോഭാവങ്ങളും തമ്മിലുള്ള ഒരു ചേർച്ചയുടെ വിഹ്വലനിമിഷമാക്കി അദ്ദേഹം ഒരു ബാല്യാനുഭവത്തെ പരിണാമപ്പെടുത്തുകയാണ് എന്നു പറയാം. എന്നാൽ ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ പ്രവർത്തനം മാത്രമാണോ കഥാവിഷയം? കഥയിൽ ഗ്രാമ്യജീവിതത്തിന്റെ പ്രയാസങ്ങൾ അവതരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഓർമ്മകളിൽ ഇരുട്ടു പിടിച്ച ഇടവഴികളും ദിവസങ്ങളുടെ വിരസതയും പണത്തിന്റെയും അസംതൃപ്തിയുടെയും നാളുകളും കഥാരചനയുടെ പശ്ചാത്തലമായി വർത്തിക്കുന്നു. വേറെ ചില കഥകളിലും ഈ അനുഭവംപോലെ ചിലത് പ്രത്യപ്പെടുന്നതുകാണാം. നഗരജീവിതത്തിൽ പൊടുന്നനെ പ്രകടമാവുന്ന വൈഷമ്യങ്ങളും പ്രാരാബ്ധങ്ങളും ലാഘവത്വമുള്ള പ്രശ്‌നങ്ങളും നിറഞ്ഞതല്ല ഗ്രാമത്തിലെ ജീവിതം. മനുഷ്യന്റെ നിഷ്‌കളങ്കതയാണ് ഈ ജീവിതത്തിൽ പ്രകടമാവുന്നതെന്ന് ഇ. ഹരികുമാർ മനസ്സിലാക്കുന്നു. മാത്രവുമല്ല, നഗരത്തിലിരുന്നുകൊണ്ട് ഗ്രാമസ്വത്വത്തെ ചുംബിക്കാൻ ആഗ്രഹിക്കുന്ന ഒരു കഥാകാരന്റെ മനോഭാവമാണ് മിക്ക കഥകളിലും ത്രസിച്ചുനിൽക്കുന്നതെന്ന് പറഞ്ഞാൽ, അത് തെറ്റാവില്ല.
അസ്വാസ്ഥ്യകരമായ ഒരു സങ്കീർണ്ണത മുറ്റിനിൽക്കുന്ന കഥയാണ് 'വെറുതെ വന്ന ഒരാൾ' കർക്കിടകത്തിന്റെ മഴനിറഞ്ഞ ഒരു സന്ധ്യയിൽ അത്രയൊന്നും അസംതൃപ്തരല്ലാത്ത ദമ്പതികൾക്കിടയിലേയ്ക്ക്, അപരിചിതനായ ഒരാൾ നെയ്മീനുമായി കയറിവരുന്നതും ഒടുവിൽ ഭാര്യാതുല്യമായ ബന്ധം നാരായണിയുമായി ഉണ്ടാവുന്നതുമാണ് കഥാവിഷയം എന്നു പറയാം. കർക്കിടകം പഞ്ഞമാസമാണെന്ന യാഥാർത്ഥ്യം കഥയുടെ പിറകിലുണ്ട്. ഒരാൾ കൂടിപ്പോയാൽ ഭക്ഷണം ഉണ്ടാക്കുന്നതിന് വേണ്ട സാധനസാമഗ്രികൾ ഒന്നുമില്ലാത്ത കുടുംബത്തിൽ അവിചാരിതമായി കയറിവന്ന ഒരാൾ അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ തുടങ്ങുന്നു. അയാളെ പറഞ്ഞയയ്ക്കാൻ കുടുംബനാഥന് കഴിയുന്നില്ല. സ്വന്തം അവസ്ഥകളായിരിക്കാം അയാളെ നിയന്ത്രിക്കുന്നത്. അടുക്കളക്കാര്യങ്ങളിൽപ്പോലും അപരിചിതൻ ശ്രദ്ധിക്കുന്നതും ആ ദമ്പതികളെ ആദ്യഘട്ടത്തിൽ വിഭ്രമിപ്പിക്കുന്നു. എന്നാൽ അയാളെ ഒഴിവാക്കാനുള്ള നാരായണിയുടെ ഭർത്താവിന്റെ മനോഗതിപോലും അയഞ്ഞുതുടങ്ങുന്നതോടെ കഥ വൈകാരികമായ മറ്റൊരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നു. എന്തിന്റെയോ കടം വീട്ടാൻ ജന്മാന്തരങ്ങൾ കടന്നുവന്ന മനുഷ്യനാണോ അപരിചിതനെന്ന ചോദ്യം അച്യുതൻ നായരിലുണ്ടാക്കിയ ഉത്തരമാണ് കഥയിൽ വൈകാരികമുറുക്കം കൊണ്ടുവരുന്നത്. ഭാര്യയുടെ അടുത്ത് അപരിചിതനെ ഇരുത്തി അയാൾ സ്ഥലംമാറി കിടക്കുന്നതോടെ അത് സംഭവിക്കുന്നു. സ്വാഭാവികതയോടെയാണ് പ്രഭാതങ്ങളും പകലുകളും പിറന്നത്. അത് യാഥാർത്ഥ്യമായി നാരായണിക്ക് അനുഭവപ്പെടുന്നു. അച്യുതൻ നായരുടെ സ്ഥാനം രാഘവൻ ഏറ്റെടുക്കുന്നതിലൂടെയുള്ള ഒരു വൈകാരിക ദുരന്തം വായനക്കാർക്ക് സമ്മാനിച്ചുകൊണ്ടാണ് ഹരികുമാർ കഥ അവസാനിപ്പിക്കുന്നത്.
നഗരജീവിതത്തിലേതുപോലെത്തന്നെ, ഗ്രാമജീവിതം അനുഭവിക്കുന്നവരും അന്വേഷിക്കുന്നത് അവരവരുടെ സ്വത്വമാണ്. വികാരപരമായ അവസ്ഥകളിലൂടെയാണ് ആ സ്വത്വാന്വേഷണം പൂർണ്ണമാവുന്നത് എന്നുമാത്രം. അവിടെ ജീവിതം ഓരോ ദുരന്തഘടനയുടെ ആവർത്തനമാണ്. പലതും അറിയാതെ സംഭവിക്കുന്നതുമാണ്. നേരത്തെ സൂചിപ്പിച്ച കഥയിലെ പ്രധാനപ്പെട്ട ഒരു സന്ദർഭമുണ്ട്. അപരിചിതനായ രാഘവന് നാരായണിയെ ഭർത്താവായ അച്യുതൻ നായർ പഴയ കല്യാണപ്പുടവയുടുപ്പിച്ച് അഗ്നിയെ സാക്ഷിയാക്കി കല്യാണം കഴിച്ചുകൊടുക്കുന്ന രംഗമാണത്. ഇത് വായിക്കുന്ന ഒരാൾ പൊടുന്നനെ ആശ്ചര്യപ്പെട്ടുവെന്ന് വരാം. തന്റെ ഭാര്യ ആവശ്യപ്പെടുന്ന ഒരു ജീവിതവും ഒരു സ്വത്വവും ഉണ്ടെന്ന് യാദൃച്ഛികമായി ഉന്നയിക്കപ്പെടുന്ന ഒരു രൂപകമാണത്. കത്തിത്തീർന്ന തിരികളുള്ള നിലവിളക്കും താൻ ഉടുത്തിരുന്ന പട്ടുപാവാടയും താൻ സ്വപ്നം കാണുകയായിരുന്നില്ലെന്ന ഓർമ്മപ്പെടുത്തൽ, ആ സ്വത്വസാക്ഷാത്കാരത്തിന്റെ വാങ്മയമാണ്. ദാമ്പത്യത്തിന്റെ അനിവാര്യസാഫല്യം എന്ന് വേണമെങ്കിൽ പറയാം. അച്യുതൻനായർ പരാജയപ്പെട്ടിടത്ത് രാഘവൻ വിജയിക്കുന്നുവെന്ന് വ്യാഖ്യാനിക്കുകയുമാവാം.
'സാന്ത്വനത്തിന്റെ താക്കോൽ' എന്ന കഥയിൽ രാജശേഖരനെ അന്വേഷിച്ച് അയാളുടെ ഫ്‌ളാറ്റിലേയ്ക്ക് അവിചാരിതമായി കടന്നുവരുന്ന രേവതി എന്ന നാട്ടിൻപുറത്തുകാരിയെ നാം പരിചയപ്പെടുന്നു. വെറുപ്പില്‍ നിന്നാരംഭിച്ച് അടുപ്പത്തിലവർ എത്തിച്ചേരുന്നു. ഒരു കാബറെ നർത്തകിയായി നഗരത്തിൽ ജോലി നോക്കാൻ എത്തുന്ന പെൺകുട്ടി സ്വയമെടുക്കുന്ന സ്വാതന്ത്ര്യമാണ് ആഖ്യാനക്രമത്തെ രൂപപ്പെടുത്തുന്നത്. അടുപ്പം കിളിർക്കുന്ന സാഹചര്യവുമതാണ്. സ്ത്രീപുരുഷബന്ധം എന്നത് സവിശേഷമായ ചില സാഹചര്യങ്ങളുടെ സൃഷ്ടിയാണ് എന്ന് കഥാകാരൻ വിശ്വസിക്കുന്നുണ്ടാവണം. ഫ്‌ളാറ്റിന്റെ താക്കോൽ അവളുടെ സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറുന്നത് കഥയുടെ ഒടുവിൽ നാം വായിക്കുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു ബിംബവൽക്കരണത്തിന്റെ സാദ്ധ്യത കഥയിലുണ്ട്.
ദേശാടനക്കിളിപോലെ അവൾ, മൂലോട് ഉറപ്പിക്കുന്നതിലെ വിഷമങ്ങൾ. അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ എന്നിവയെല്ലാം അനായാസം വായിച്ചുപോകാവുന്നവയാണ്. സ്ത്രീപുരുഷ ബന്ധത്തിന്റെ വ്യത്യസ്തചേരുവകൾ ഈ കഥകളിലുണ്ട്.
'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന സമാഹാരത്തിലെ വ്യത്യസ്തമായ കഥയാണ് 'നിഷാദം' സംഗീതത്തെ സ്‌നേഹിക്കുന്ന വ്യക്തിയാണ് പ്രധാന കഥാപാത്രം. അയാൾക്ക് പണത്തിന് ആർത്തിയില്ല. സംഗീതത്തെ ബലാത്സംഗം ചെയ്യാനുള്ള താല്പര്യവുമില്ല. എന്നാൽ കുടുംബ പ്രാരാബ്ധങ്ങൾ മൂല്യബോധത്തെ പണയപ്പെടുത്താൻ പ്രേരിപ്പിക്കുന്നു ഒരു സന്ദർഭവുമുണ്ട്. സംഗീതത്തെ വിപണിക്ക് അടിയറവയ്ക്കാൻ ആ പ്രയാസങ്ങൾ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. എന്നാൽ പാരഡി പാടണമെന്നുവന്ന സന്ദർഭത്തിൽ. സ്റ്റുഡിയോവിൽനിന്ന് അയാൾ തിരിച്ചുപോരുന്നു. മകളുടെ ഭാവിയെ ഓർത്ത് വീണ്ടും അയാൾ തിരിച്ചുചെല്ലുന്നു. കിട്ടിയ ചാൻസ്‌പോലും നഷ്ടപ്പെട്ടതായി അയാൾ അറിയുന്നു.
സ്വത്വം നഷ്ടപ്പെട്ട ജീവിയായി മനുഷ്യൻ മാറുന്നതാണ് ചുറ്റുപാടും നാം കാണുന്നത്. വളർന്നുവലുതായ കച്ചവടക്കണ്ണ് അതിന് ഒരു കാരണമാകാം. വിപണി ആദ്യം നഷ്ടപ്പെടുത്തുന്നത് നമ്മുടെ സ്വത്വത്തെയും നിലപാടിനെയുമാണ്. മനുഷ്യബന്ധങ്ങൾ പോലും അതുമൂലം ശിഥിലമാവുന്നു. ജീവിക്കുന്ന ഓരോ മനുഷ്യനും തിരയുന്നത് അവന്റെ സ്വത്വബോധമാണ് എന്നത് ഹരികുമാറിന്റെ കഥകളിലെ ഒരു സംവാദവിഷയമായി നിൽക്കുന്നുണ്ട്.
പ്രസ്ഥാനങ്ങൾക്കപ്പുറം ഒരു നിലനില്പിനാണ് ആഖ്യാതാവ് അന്വേഷിക്കുന്നത് എന്നു പറയാം.