ഡോ. എം. ലീലാവതി
കുട്ടികളെ കഥാപാത്രങ്ങളാക്കിയ മികച്ച കഥകൾ മലയാളത്തിൽ ധാരാളമുണ്ടായിട്ടുണ്ട്. ഉറൂബ്, എം. ടി., പത്മനാഭൻ, മാധവിക്കുട്ടി, സി.രാധാകൃഷ്ണൻ, സക്കറിയ, വിജയൻ, മുകുന്ദൻ മുതലായവരുടെ പല മികച്ച കഥകളിലും കുട്ടികളാണ് കഥാപാത്രങ്ങൾ. ചെറുകഥാരചനാതന്ത്രത്തിൽ ഇവരിലാരുടെയും പിന്നിലല്ല ഇ.ഹരികുമാർ. തന്മൂലം, 1997-ലെ ചെറുകഥയ്ക്കുള്ള പത്മരാജൻ അവാർഡ് ഹരികുമാറിനു നൽകപ്പെട്ടത് ഏറ്റവും ഉചിതമായി. ഹരികുമാറിന്റെ കഥകളിൽ കുട്ടികൾ കഥാപാത്രങ്ങളായവ എണ്ണത്തിൽ വളരെയുണ്ട്. മികവിലും അവ മുൻനിരയിൽ നിൽക്കുന്നു. ദിനോസറിന്റെ കുട്ടി, ഡോ. ഗുറാമിയുടെ ആശുപത്രി, കങ്ഫൂഫൈറ്റർ, പുഴയ്ക്കരെ കൊച്ചുസ്വപ്നങ്ങൾ, അലക്കുയന്ത്രം, കുങ്കുമം വിതറിയ വഴികൾ, രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ എന്നിങ്ങനെ നീളുന്ന പട്ടികയിലെ രചനകൾ കുട്ടികളുടെ മനോലോകത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. കുഞ്ഞുങ്ങൾ പലപല കാരണങ്ങളാൽ കഠിനമായ സങ്കടം പേറേണ്ടിവരുന്നു. അവരുടെ ശരീരം വളരാൻ വേണ്ടുന്ന അന്നവും മനസ്സു വളരാൻ വേണ്ടുന്ന സ്‌നേഹവും അവർക്കു വേണ്ടുവോളം കിട്ടാതെ പോകുന്നു. വിശപ്പ്, അവഗണന, പീഡനം - ഇതൊക്കെ കുഞ്ഞുങ്ങൾക്ക് താങ്ങാനാവാത്ത ദുഃഖങ്ങളാണ്. അവയുടെ നടുക്ക് വളരാൻ വിധിക്കപ്പെട്ട കുട്ടികളുടെ മനോലോകം കഥകളിലൂടെ ഹരികുമാർ തുറന്നുകാട്ടിത്തരുന്നു. നമ്മൾ മുതിർന്നവർ അറിഞ്ഞും അറിയാതെയും കുട്ടികൾക്കായി സൃഷ്ടിക്കുന്ന ലോകം എത്ര ക്രൂരമാണ് എന്ന തിരിച്ചറിവുണ്ടാക്കുന്ന കഥകൾ. 'കുട്ടി മുതിർന്നവന്റെ പിതാവാണ്' എന്ന പഴഞ്ചൊല്ല്. നല്ല കുട്ടിക്കഥയും മുതിർന്നവന് അറിവോതിത്തരുന്ന പിതാവാണ്.
ഈ കുട്ടിക്കഥകളിൽ പലപ്പോഴും വിധികൃതമായ അനിവാര്യ സാഹചര്യങ്ങളല്ല മനുഷ്യകൃതമായ സാഹചര്യങ്ങളാണ് കുട്ടികൾക്കു പീഡകമാകുന്നത്. ദാരിദ്ര്യത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ ദുഃഖത്തിൽ വില്ലൻ മനുഷ്യൻ തന്നെയാണ്. നിയതി - ഈശ്വരൻ - അല്ല. ദാരിദ്ര്യദുഃഖത്തിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ മുതിർന്നവരുടെ ലോകത്തിനു കഴിയും. പക്ഷേ അതു ചെയ്യില്ല. അണുബോംബ് ഉണ്ടാക്കി ആറാമത്തെ അണുശക്തി രാജ്യമായി വീമ്പടിക്കുകയാണ്, വിശപ്പാറ്റാൻ പാടുപെടുന്ന രണ്ടുകോടി കുഞ്ഞുങ്ങൾക്ക് അന്നം കൊടുക്കുകയല്ല വേണ്ടത് എന്ന് വീരന്മാരായ ഭരണാധികാരികൾ തീരുമാനിക്കുന്ന നാടാണിത്. ഇല്ലാത്തവരുടെ വർഗ്ഗത്തിൽപ്പെട്ട കുഞ്ഞുങ്ങളെ നിരായുധസേനയായി അണിനിരത്തിക്കൊണ്ട് സമ്പത്തിന്റെയും അധികാരത്തിന്റെയും ഉപരിലോകത്തു വാഴുന്നവരോട് ചെയ്യേണ്ട യുദ്ധങ്ങളുടെ കാലമാണിത്. കഥകളിൽ ഇവരെ കഥാപാത്രങ്ങളാക്കുന്നത് യുദ്ധരീതികളിലൊന്നാണ്. കുട്ടികളുടെ മൂകരോദനം യുദ്ധകാഹളമാക്കാൻ ശക്തിയുള്ള എഴുത്തുകാരനു കഴിയും. കങ്ഫൂ ഫൈറ്റർ, പുഴയ്ക്കക്കരെ കൊച്ചുസ്വപ്നങ്ങൾ, അലക്കുയന്ത്രം മുതലായ കഥകൾ ആ കാഹളം മുഴക്കുന്നു. ആ വകുപ്പിൽപ്പെട്ട പുതിയ രണ്ടു കഥകളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പത്മരാജൻ പുരസ്‌കാരത്തിന് ഹരികുമാറിനെ അർഹനാക്കിയ 'പച്ചപ്പയ്യിനെ പിടിക്കാൻ' ആണ് ഒന്ന്. മറ്റേത് 'മഹത്തായ ഒരു കാഴ്ച'.
'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയിൽ ഒരു അഞ്ചുവയസ്സുകാരിയായ ശാലിനിയാണ് കഥാപാത്രം. പച്ചത്തുള്ളൻ, പച്ചക്കാള, പച്ചക്കുതിര എന്ന പ്രാദേശിക നാമങ്ങളുള്ള ഒരു ജീവിയാണ് കഥയിലെ പച്ചപ്പയ്യ്. ആ ജീവി വീട്ടിൽ വന്നാൽ പിന്നാലെ പണം വരും എന്നൊരു മിത്തും പ്രചരിച്ചിട്ടുണ്ട്. ദരിദ്രർ കാണുന്ന ഇത്തരം ദിവാസ്വപ്നങ്ങൾ മിത്തുകളായി വികസിക്കുന്നത് പതിവാണ്. ശാലിനിയോട് ഒരിക്കൽ ചേച്ചിയാണതു പറഞ്ഞത്. നാമം ചെല്ലാനിരിക്കുമ്പോൾ ചാടിവന്ന ജീവിയെ കുട്ടി ഒരീർക്കിലിയെടുത്ത് ഓടിക്കാൻ നോക്കിയപ്പോൾ ചേച്ചി പറഞ്ഞു ഓടിക്കരുത് എന്ന്. കാരണവും പറഞ്ഞു കൊടുത്തു. 'അതു വന്നാൽ ധാരാളം പണംവും വരും.'
ശാലിനിയും ചേച്ചി ബിന്ദുവും കുടിയനായ ഒരച്ഛന്റെ മക്കൾ. അമ്മ രോഗിണിയായ ഒരു മിണ്ടാപ്രാണി. വീട്ടിൽ കുട്ടികൾക്ക് ഒരു സ്വൈരവുമില്ല. സ്‌നേഹം കിട്ടുന്നില്ല. സുരക്ഷിതബോധമില്ല. ശാലിനിക്ക് ചേച്ചിയാണെല്ലാം. അച്ഛൻ കുടിച്ചുമറിഞ്ഞു ചോരകണ്ണുമായി വരുമ്പോൾ ശാലിനി പേടിച്ച് ഒളിക്കും. സ്ഥിതി ഇങ്ങനെയായിട്ടും ബിന്ദുവിനെ കല്യാണം കഴിക്കാൻ ഒരാൾ വന്നു. സ്രഷ്ടാവു നൽകിയ വിഭൂഷ - സൗന്ദര്യം - മാത്രം കണ്ടിട്ടാവാം. കല്യാണനിശ്ചയത്തിൻനാൾ അച്ഛൻ രാത്രിയിൽ മദ്യസ്ഥാരം പൊടി പൊടിച്ചു. തറവാട്ടിൽ നിന്ന് അച്ഛനു കിട്ടേണ്ടത് കൊടുക്കാതെ സ്വത്തു കൈവശപ്പെടുത്തിയ വല്യച്ഛനും സ്വന്തം അമ്മാമനും കുടിച്ചു പൂസ്സായ നേരത്ത് പ്രഖ്യാപിച്ചു കല്യാണിത്തിനു വേണ്ടതൊക്കെ തങ്ങൾ ചെയ്യുമെന്ന്. ലഹരിയിറങ്ങിയ പ്രഭാതത്തിൽത്തന്നെ അവരത് മനസ്സിൽ നിന്നു മായ്ച്ചുകളയുകയും ചെയ്തു. അവരുടെ സഹായം കാക്കുന്നതു വെറുതെയാണെന്നു മനസ്സിലാക്കിയ അച്ഛൻ തന്റെ ദേഷ്യം തീർത്തത് അവളെ ദ്രോഹിച്ചുകൊണ്ടാണ്. അവൾക്ക് ഒരേയൊരു മോഹം - ഒരു മാങ്ങാമാല വേണമെന്ന്, വരന്റെ ആൾക്കാർ വില പേശിയിട്ടില്ലെങ്കിലും, പന്തലിലിറങ്ങുമ്പോൾ കഴുത്തിൽ കാണത്തക്കവണ്ണം ഒരാഭരണം വേണം. ഒരു പെൺകുട്ടിയുടെ സ്വാഭാവികമായ ആഗ്രഹം. മാങ്ങാമാലയല്ല തേങ്ങാമാലയാണ് എന്ന് അച്ഛന്റെ പ്രതികരണം. ഒരുത്തിയുടെ കല്യാണം കൂടി കഴിക്കണമല്ലോ എന്നൊരു പായരവും. പതിനഞ്ചു കൊല്ലമെങ്കിലും കഴിഞ്ഞു വരാനിരിക്കുന്ന ചുമതലയുടെ ചിന്തയല്ല സ്‌നേഹമില്ലാത്തതാണ് കാരണമെന്ന് അവൾ തുറന്നു പറഞ്ഞു. നിശ്ചയത്തിൻ നാൾ കുടിപ്പാർട്ടിയിൽ തുലച്ച പണമുണ്ടായിരുന്നെങ്കിൽ തനിക്കു ഒരു നല്ല സാരിയെങ്കിലും വാങ്ങാമായിരുന്നെന്ന് അവൾ മുഖത്തടിച്ചപോലെ പറഞ്ഞപ്പോൾ മറുപടിയായി അവൾക്കു കിട്ടിയത് മുഖമടച്ചൊരടിയാണ്. അടികൊണ്ടു വീണ അവൾക്ക് കുറച്ച് നേരത്തേക്ക് ഓർമ്മ നഷ്ടപ്പെട്ടു. ബോധം വന്നു നോക്കുമ്പോൾ നെറ്റിയിലെ മുറിവിൽ നിന്നു ചോരയൊലിക്കുന്നു. ഒരു ആശ്വാസവാക്കെങ്കിലും പറയാനവൾക്കാരുമില്ല - ശാലിനി ഉറങ്ങിക്കഴിഞ്ഞിരുന്നു - പിറ്റേന്നു രാവിലെയും നെറ്റിയിലെ മുറിവിനെപ്പറ്റി ആരും അന്വേഷിച്ചില്ല. ചേച്ചി ശാലിനിയെ കുളിപ്പിക്കുമ്പോഴാണ് അവൾ അതു കണ്ടത്. 'എന്താ ചേച്ചീടെ നെറ്റീമ്മല് മുറി?' അവൾ ചോദിച്ചു. 'അതോ അത് അച്ഛൻ ചേച്ചിക്കു തന്ന കല്യാണ സമ്മാനമാണ്.' ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് അവൾ ചോദിച്ചു 'ചേച്ചിക്കു വേദനിച്ചോ?'
ചേച്ചിക്കു പണമില്ലാത്തതു കൊണ്ടുള്ള കഷ്ടപ്പാടു തീർത്തുകൊടുക്കാൻ ആ കുരുന്നു ഹൃദയം കണ്ടുപിടിച്ച ഉപായമാണ് 'പച്ചപ്പയ്യിനെ പിടിക്കൽ'. കല്യാണനാളിൽ ആളുകൾ പന്തലിൽ നിറഞ്ഞ നേരത്ത് ശാലിനി തന്റെ കൂട്ടുകാരികളെയും കൂട്ടി ഇറങ്ങി 'പച്ചപ്പയ്യിനെ പിടിക്കാൻ'. ചേച്ചി ചേട്ടന്റെ കൂടെ പോകും മുമ്പ് പണമുണ്ടാക്കണമല്ലോ. നാലുകുട്ടികളും കൂടി അടുത്ത പറമ്പിൽ അന്വേഷണമായി. അവിടെ ചേച്ചിയുടെ കൂടെ മുമ്പൊരിക്കൽ വന്നപ്പോൾ അവൾ പച്ചപ്പയ്യുകളെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഒരെണ്ണം പോലും കാണുന്നില്ല.
നോക്കി നടന്നു നടന്നു കുട്ടികൾ തളർന്നു. പന്തലിൽ നിന്നു നാദസ്വരം മുഴങ്ങി, മറ്റുകുട്ടികൾ തിരിച്ചുപോവാൻ തിടുക്കം കൂട്ടി. ശാലിനിക്ക് പയ്യപ്പയ്യിനെ കിട്ടിയിട്ടുവേണം പോകാൻ. അവളെ അവിടെ വിട്ടിട്ട് അവർ നടന്നു. അവൾ പിന്നെയും കുറെ നേരം പരതി. പുല്ലുകൾക്കിടയിലും ചെടികളുടെ ചില്ലയിലും മറ്റും. ഒടുവിൽ ചെറിയ ഒരെണ്ണം കണ്ണിൽപ്പെട്ടു. പതുക്കെ ചെന്നു വാലിൽ പിടിച്ചു. അത് ഒരൊറ്റ ചാട്ടം. അവളുടെ മുഖത്തേക്ക്. വേഗം നിലത്തേക്കും. അതിനെ പിടിക്കാൻ അവൾ ഏറെ കിണഞ്ഞുനോക്കി. അത് അവളെയിട്ടു വട്ടം കറക്കി. പിടി കൊടുത്തില്ല. ഒടുവിൽ അപ്രത്യക്ഷമായി. കുട്ടി തളർന്ന് മാവിൻ ചുവട്ടിൽ കിടന്നു.
തണുത്ത കാറ്റ് അവളെ തലോടി.
ചേച്ചിയുടെ കല്യാണം കാണാൻ മോഹിച്ചു മോഹിച്ചു കാത്തിരുന്ന അനുജത്തിയെ എങ്ങും കാണാതെ ബിന്ദു വേവലാതിപ്പെട്ടു. ചടങ്ങുകൾ യാന്ത്രികമായി നടന്നു. അവളുടെ കണ്ണും മനസ്സും ശാലിനിയെത്തിരയുകയായിരുന്നു. ചടങ്ങുകൾ തീർന്നു. മറ്റു കുട്ടികളെ കണ്ടുകിട്ടിയപ്പോൾ ആണ് കഥയറിഞ്ഞത്. ശാലിനി അടുത്ത പറമ്പിൽ പച്ചപ്പയ്യിനെത്തേടുകയാണ്. അതിന്റെ രഹസ്യമറിയുന്ന ചേച്ചിയുടെ മനമുരുകി. അവൾ അങ്ങോട്ടു നടന്നു. വരനും കൂടെ ചെന്നു. അവിടെ അവർ കണ്ടു. ശാലിനി മണ്ണിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു. നോക്കിനിന്ന ബിന്ദുവിന്റെ കണ്ണു നിറഞ്ഞു. അപ്പോഴാണവൾ കണ്ടത്. ഒരു കൊച്ചുപച്ചപ്പയ്യ് അടുത്തുതന്നെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടെന്ന പോലെ. ചേച്ചി ശാലിനിയെ കോരിയെടുത്തു. 'ചേച്ചീടെ കല്യാണം കഴിഞ്ഞോ?' എന്ന കുണ്ഠിതത്തോടെയുള്ള ചോദ്യത്തിന് ബിന്ദു മറുപടിയൊന്നും പറഞ്ഞില്ല. പച്ചപ്പയ്യിന്റെ നേരെ വിരൽ ചൂണ്ടി 'ദേ, നിന്നെക്കാത്ത് ഒരുത്തൻ നിൽക്കുന്നു.' 'എന്നെ കുറെ നേരം ഇട്ടോടിച്ച് താൻ കിടന്നുറങ്ങി അല്ലേ?' എന്നു ചോദിക്കുന്നതു പോലെ അതു നോക്കുന്നു. അപ്പോഴാണവൾ ചേട്ടനെ കണ്ടത്. 'എനിക്ക് ഈ ചേട്ടനെ നല്ല ഇഷ്ടണ്ട്' അവൾ കൊഞ്ചി. അയാൾ പറഞ്ഞു 'നോക്കു ബിന്ദു നമുക്ക് ഇവളെ കൊണ്ടുപോയി നമ്മുടെ ഒപ്പം താമസിക്കാം. എന്താ! അവിടെ ധാരാളം പച്ചപ്പയ്യുകളുണ്ട്. പിടിക്കാനാളില്ലാതെ കിടക്ക്വാണ്.'
ഉച്ചവെയിലിനെ ഇളംവെയിലാക്കി മാറ്റുന്ന വാക്കുകൾ.
കഥയവസാനിക്കുന്നത് കണ്ണീർക്കായലിലല്ല ആ പറമ്പിന്റെ രണ്ടു വശത്തും കായലുണ്ടെന്ന വിവരണം തുടക്കത്തിലുണ്ട്. ഒറ്റപ്പെട്ട കുട്ടി പച്ചപ്പയ്യിന്റെ പിന്നാലെ ഓടിയോടി അറിയാതെ വെള്ളത്തിലേക്ക് അടിതെറ്റി വീണുപോയെന്നോ മറ്റോ ദുരന്തമാക്കാവുന്ന കഥ.
'കല്യാണിമാർ തൻ കുരവാരവത്തിൻ
കല്ലോലനാദത്തിനിടയ്ക്കു തന്നെ
കല്യാണരംഗങ്ങളിൽ നിന്നു കേൾക്കാം
കല്ലു ദ്രവിക്കും പരിദേവനങ്ങൾ'
എന്ന ജീവിതയാഥാർത്ഥ്യം എന്നും മനുഷ്യന്റെ മുന്നിലുണ്ട്. കഥയെ ദുരന്തത്തിൽ മുക്കിയാലും അസ്വാഭാവികതയുണ്ടാവില്ല. ഏതായാലും ഹരികുമാർ ഇളം കുരുന്നുകളെ അങ്ങനെ ഹനിക്കാനിഷ്ടപ്പെടുന്നില്ല. 'കൊല്ലിക്കയത്രേ നിനക്കു രസമെടോ!' എന്നു പണ്ടത്തെ ഹരിയോടു പറഞ്ഞപോലെ ഈ ഹരികുമാറിനോട് പറയാനിടവരുന്നില്ല. ദുരന്തങ്ങൾ കഥകളെ കൂടുതൽ ഹൃദയദ്രുതികരമാക്കുമെന്ന ധാരണ പലപ്പോഴും കഥാകൃത്തുകളെ കീഴടക്കാറുണ്ട്. കഥ ശുഭാന്തമാക്കിക്കൊണ്ടുതന്നെ തുല്യഫലവത്വമുണ്ടാക്കാൻ കഴിയുന്നതാണ് ഹരികുമാറിന്റെ രചനാതന്ത്രത്തിനുള്ള മികവ്.
മനുഷ്യമനസ്സിന്റെ നന്മകളും തിന്മകളും ഈ കഥയിലുണ്ട്. മുഴുവൻ കൂരിരുട്ടല്ല. ചില രജതരേഖകൾ മിന്നുന്നുണ്ട്. എങ്കിലും ഇരുട്ടിന്റെ യാഥാർത്ഥ്യത്തിനുള്ള കടുപ്പവും കട്ടിയും ലഘൂകൃതമാകുന്നില്ല. അച്ഛനും ബന്ധുക്കളും ഹൃദയകാഠിന്യം കൊണ്ട് വേറെ ആലംബമില്ലാത്ത ഒരു യുവതിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. എതിർക്കാൻ കഴിയുന്ന പെറ്റമ്മയുടെ താങ്ങുപോലും ഇല്ല. അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിലും. ഗൃഹനാഥന്റെ മദ്യപാനം കൊണ്ടു തകരുന്ന ഒരു കുടുംബമാണത്. എന്നുവച്ച്, മദ്യപാനത്തിനെതിരായ പ്രചാരണം ആണോ കഥയുടെ ദൗത്യം? അങ്ങനെയൊരു സന്ദേശം നൽകൽ കഥയുടെ ലക്ഷ്യസ്ഥാനത്ത് വാച്യമായി പ്രതിഷ്ഠിക്കാത്തതുകൊണ്ട് ആ സന്ദേശം കഥയുടെ ശക്തിമത്തായ ധ്വനികളിലൊന്നാണ്. കല്യാണനിശ്ചയത്തിൻനാൾ പെൺകുട്ടി എല്ലാ പരിഗണനകളും നേടുന്ന നായികയാവുകയാണ് പതിവ്. ബിന്ദുവാകട്ടെ രാവേറെ ചെന്നിട്ടും നടുചായ്ക്കാനാവാതെ കുടിയന്മാർക്ക് മീൻ പൊരിച്ചു കൊടുത്തും അവരുടെ ചർദ്ദി കോരിക്കളഞ്ഞും പണിപ്പെടുകയാണ്. അന്ന് പകൽ തന്റെ വിരലിൽ മോതിരമണിയിച്ച യുവാവിനെക്കുറിച്ചുള്ള നിനവുകളുണ്ട് അവൾക്കു കൂട്ടിന്. അവ മാത്രം. എങ്കിലും അവ ചൊരിയുന്ന പ്രകാശം മതി അവളുടെ ഇരുട്ടു കളയാൻ. കല്യാണപ്പുടവയെക്കുറിച്ച് വധുക്കൾക്കുണ്ടാകാറുള്ള സ്വപ്നങ്ങൾ അവൾക്കുമുണ്ടായിരുന്നു. രണ്ടായിരത്തഞ്ഞൂറു റുപ്പികയുടെ പുടവയെടുത്തു കൊതിയോടെ നോക്കിയിരുന്നത്; തിരികെ കൊടുത്ത്; പിന്നെ ആയിരത്തിൽ താഴെ വിലയുള്ളത് എടുത്തു. അതും ചുറ്റിക്കൊണ്ട് മുതിർന്നവരുടെ മുന്നിൽ കുമ്പിട്ടു ദക്ഷിണ സമർപ്പിക്കുമ്പോൾ, അമ്മായിയുടെ നാലായിരത്തിന്റെ സാരിയും ആറായിരത്തിന്റെ വാങ്ങാൻ അമ്മാവൻ പ്രേരിപ്പിച്ചതിന്റെ വർണ്ണനവും ആണ് അവളുടെ മനസ്സിൽ.
ഇല്ലാത്തവരുടെ വേദനകളിൽ വാക്കുകൾ കൊണ്ടു കുത്തിക്കുത്തി നോവിക്കാൻ നോമ്പുനോറ്റ പണക്കാരുടെ സാഡിസം അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന ആ ദിനത്തെ കലുഷമാക്കിയേ ഇരിക്കൂ എന്ന ശാഠ്യത്തോടെ എത്തുന്നു. എന്നിട്ടും തീയിൽ മുളച്ചുവളർന്നതിന്റെ കരുത്ത് വെയിലത്തു വാടാതെ അവളെ കാക്കുന്നു. കല്യാണത്തെ കച്ചവടമാക്കുന്ന ആണുങ്ങൾക്ക് കച്ചവടത്തിൽ ചെലവൊന്നുമില്ല. മുഴുവൻ വരവാണ്. പെണ്ണുവരവ്, പണം വരവ്, സ്വർണ്ണം വരവ്. കഥയിലെ നല്ല വരൻ. ഇത്തരം വീരന്മാരുടെ കാലത്ത് പണക്കണക്കു പറയാതെ പെണ്ണിനെ വരിക്കുന്നു. മാത്രമോ? വധുവിന്റെ കാതുകളിൽ തേന്മഴചൊരിയുന്ന വാക്കുകൾ കൊണ്ട് ആ നല്ല നാളിൽ അവളെ ഏഴാം സ്വർഗ്ഗത്തിലേക്കുയർത്തുന്നു. ബിന്ദുവിനു ശാലിനിയെ വിട്ടേച്ചു പോകുന്നതിന്റെ വേദന എത്ര കഠിനമാണെന്ന് പെട്ടെന്നു മനസ്സിലാക്കിയ ആ ഹൃദയാലു അവളെക്കൂടികൊണ്ടുപോകാമെന്നു പറയുമ്പോൾ താൻ സ്വപ്നം കാണുകയാണെന്നു കരുതാനേ അവൾക്കു കഴിയൂ. സാമാന്യ മനുഷ്യരെക്കുറിച്ച് ആരും അഭിലാഷപൂരണമായ സ്വപ്നത്തിനപ്പുറം ഒരു സ്ഥാനം അതിന് നൽകാൻ ശങ്കിക്കും. 'അവിടെ ധാരാളം പച്ചപ്പയ്യുകളുണ്ട് പിടിക്കാൻ ആളില്ലാതെ കിടക്കുന്നു.' എന്നു കൂടി അയാൾ പറഞ്ഞുവല്ലോ. അതിന്റെ ധ്വനികളെല്ലാം ഒരു നിർദ്ദോഷമായ തമാശയിലേക്കാണ് നീളുന്നത്. അപ്പോൾ അത്തരം പറച്ചിൽ മാത്രമാണോ മറ്റതും എന്ന് ആശങ്കിക്കാൻ വകയുണ്ട്. വധുവിന്റെ ആശ്രിതരെ ഭാരമായിക്കാണുന്ന കണ്ണുകളാണ് സ്‌നേഹസമ്പന്നരായ വരന്മാർക്കുപോലും വിധാതാവ് നൽകാറുള്ളത്. ഈ വരനാകട്ടെ കുട്ടിയെ എടുക്കാൻ കൈനീട്ടുകയും എടുത്ത് ഓമനിക്കുകയും ചെയ്തപ്പോഴുണ്ടായ ദിവ്യമായ വാത്സല്യമെന്ന വികാരം തുടർന്നും നിലനിർത്താൻ കഴിവുറ്റവനാകുമോ? ഉവ്വെങ്കിൽ ബിന്ദുവിന് അതൊരു അവിശ്വസനീയമായ സത്യമാണ്.
അവളുടെ മനസ്സിൽ തിങ്ങിവിങ്ങിയ ആശങ്കകളുടെയും സങ്കരം ധ്വനിപ്പിക്കുന്നതാണ് കഥാസമാപ്തിയിലെ വാക്യം - 'രണ്ടും ശരിയായെങ്കിൽ! എന്ന് ആവൾ ആശിച്ചു.' (കുട്ടിയെ കൊണ്ടുപോകാമെന്നതും പച്ചപ്പയ്യുകളുണ്ടെന്നതും) വരൻ എത്ര നല്ലവനായാലും ഇത്തരം നന്മകൾ പൊറുക്കാത്ത കുടുംബാഗങ്ങൾ അയാൾക്കുണ്ടാകാതിരിക്കുമോ? ദിവാസ്വപ്നങ്ങൾ കുതിരകളാകാറില്ല; യാചകർ അവയുടെ പുറത്ത് സവാരി ചെയ്യാറുമില്ല. എന്നറിയാനുള്ള ലോകപരിചയം അവളുടെ പ്രത്യാശകളിൽ പച്ചവെള്ളം തളിക്കാതിരിക്കില്ല. എങ്കിലും ഒരു ഇളംനിലാവിന്റെയും വിരിയുന്ന നിശാഗന്ധിയുടെയും ശീതളസുരഭില സാന്നിദ്ധ്യം കഥാപരിണതിയിൽ നാം അനുഭവിക്കുന്നു.
അമ്മയുടെ ദാസ്യവൃത്തി അവസാനിപ്പിക്കാൻ വേണ്ടി അമൃതം ലക്ഷ്യമാക്കി സ്വർഗ്ഗത്തിലേക്കു പറക്കുന്ന ഗരുഡനും ഗുരുപത്‌നിക്കുവേണ്ടി വിറകു ശേഖരിക്കാൻ പോയി കൊടും കാട്ടിലകപ്പെട്ടു വലഞ്ഞ കുട്ടികളും (കൃഷ്ണ - കുചേലന്മാർ) ദിവ്യകഥകളിലെ കഥാപാത്രങ്ങളാണ്. ആ ആദിപ്രരൂപങ്ങളുടെ മൂശയിലാണ് ശാലിനിയെന്ന കുട്ടിയും വാർന്നു വീഴുന്നത്. ചേച്ചിക്കു പണമുണ്ടാക്കാൻ വേണ്ടി അഞ്ചുവയസ്സുകാരി ഏറ്റെടുക്കുന്ന സാഹസവൃത്തിയാണ് പച്ചപ്പയ്യിനെ പിടിക്കൽ. കുപ്പകൾ ചികയുന്നവരും ചപ്പുകൾ പെറുക്കുന്നവരും തീവണ്ടി തുടച്ചു വൃത്തിയാക്കുന്നവരും ആയ കോടിക്കണക്കിന് അഞ്ചെട്ടു വയസ്സുകാർ ഇവളെപ്പോലെ ചേച്ചിമാരെയോ അമ്മമാരെയോ തുണയ്ക്കാനിറങ്ങിപ്പുറപ്പെടുന്നവരാവാം. അരച്ചാൺ വയറു പുലർത്താൻ പാടുപെടുന്നവരാവാം. കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ രോദനം നാം ഇവളിലൂടെ കേൾക്കുന്നു. രോദനം കേൾക്കാൻ തുറന്നുപിടിച്ച കാതുള്ളവരെല്ലാം സ്വന്തമായ പാരായണരീതിയിൽ ആ രോദനം കേൾക്കും. രോദനം കേൾക്കാൻ സന്നദ്ധമായ കാതും കരളുമുള്ള ഒരു കഥയെഴുത്തുകാരനു മാത്രമേ ഈ ശാലിനിയെ സൃഷ്ടിക്കാനാവൂ.
ചിലപ്പോൾ ആ അഞ്ചുവയസ്സുകാരിയുടെ കാഴ്ചപ്പാടിലൂടെയും ചിലപ്പോൾ ചേച്ചിയുടെ കാഴ്ചപ്പാടിലൂടെയും ചിലപ്പോൾ എല്ലാറ്റിനും സാക്ഷിയായ കഥാകൃത്തിന്റെ കാഴ്ചപ്പാടിലൂടെയുമാണ് കഥയിലെ രംഗങ്ങൾ ഉരുത്തിരിയുന്നത്. അവയുടെ സന്ദർഭങ്ങൾ ഒരുക്കുന്നതിലും രംഗങ്ങൾ വിവരിക്കുന്ന ഭാഷയുടെ ഘടന സംവിധാനം ചെയ്യുന്നതിലും പ്രകടമായിക്കാണുന്ന സ്വാഭാവികതയും സുതാര്യതയും കഥയെ ഹൃദയസ്പർശിയായ ഒരു കലാസൃഷ്ടിയാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദുർഗ്രഹതയെ ധ്വന്യാത്മകതയുടെ പര്യായമായിക്കാണുവർ ചെറുകഥാരംഗത്ത് വർദ്ധിച്ചുവരുന്ന കാലത്ത് ഈ ലാളിത്യവും സുതാര്യതയും കൂടുതൽ ശോഭിക്കുന്നു. 'ഏറ്റവും മഹത്തായ കാഴ്ചയ്ക്ക്' ഇതിനോടൊപ്പമെത്തുന്ന മഹത്വമുണ്ട്.
രണ്ട് അനാഥക്കുട്ടികളുടെ കഥ. തെരുവിൽ അഭ്യാസങ്ങൾ കാണിച്ച് ജനത്തെ രസിപ്പിക്കുന്നതിന്റെ കൂലി വാങ്ങിക്കഴിയുന്ന കൊച്ചു കുട്ടികൾ. മൂത്തവന് 8 വയസ്സും അനുജത്തിക്ക് അഞ്ചുവയസ്സും തോന്നും. തലകുത്തി മറിയുക, വളയത്തിലൂടെ കടക്കുക, നെറ്റിയിൽ കുത്തിനിർത്തിയ വടിയിൽ ചായക്കോപ്പ തുലനം ചെയ്യുക മുതലായ വിദ്യകളാണവർ കാണിക്കുക, പലപ്പോൾ പലയിടത്ത് പലതരം ആൾക്കൂട്ടത്തിനായി നടത്തുന്ന പ്രദർശനങ്ങൾ. പ്രദർശനം കഴിഞ്ഞു പെൺകുട്ടി പാട്ട നീട്ടും. ദയ തോന്നി കാഴ്ചക്കാർ ഇട്ടുകൊടുക്കുന്ന ചില്ലറ പൈസ കടയിൽ കൊടുത്തു കിട്ടുന്നതു വാങ്ങിതിന്നു കഴിയുന്ന കുട്ടികൾ. അവർ ഒരിക്കലും അഭ്യാസങ്ങൾക്കു പിമ്പെയല്ലാതെ വെറുതെ ഇരക്കാൻ പാട്ട നീട്ടുന്നില്ല. വലിയ ശമ്പളം പറ്റുന്ന കമ്പനി ആഫീസർ ആണ് കഥയിലെ വക്താവ്. ജോലിക്കു പോകുമ്പോഴും വരുമ്പോഴും അയാൾ കുട്ടികളുടെ പ്രകടനങ്ങൾ കാണാറുണ്ട്. ഒരു നാൾ പ്രകടനത്തിൽ എങ്ങനെയോ പറ്റിയ മുറിവ് പരിശോധിക്കുന്ന ആൺകുട്ടിയോട് അയാൾ ചോദിച്ചു. 'എന്തുപറ്റി?' അവൻ മറുപടി പറഞ്ഞില്ല. പാട്ട നീട്ടി പത്തു പൈസ ചോദിച്ച പെൺകുട്ടിക്ക് ഇരുപത്തഞ്ചു പൈസ അയാൾ കൊടുത്തു. ഇരന്നതിന്റെ രണ്ടര ഇരട്ടി. കൃതകൃത്യതയോടെ നടന്നു വീട്ടിന്റെ പടിക്കലെത്തിയെങ്കിലും മനഃസാക്ഷി അയാളെ കുത്തിത്തുടങ്ങി. തന്റെ പിശുക്ക് ലജ്ജാവഹമായിപ്പോയി. നിരന്തരം ഐസ്‌ക്രീം തിന്നുന്ന തടിച്ച മോളെ അയാൾ ഓർത്തു. മെലിഞ്ഞുണങ്ങിയ ആ കുട്ടികളെയും. അവർക്ക് ഒരു നേരത്തെ ആഹാരത്തിനുള്ളത് കൊടുക്കാമായിരുന്നു എന്നു തോന്നി. ഒരു പത്തിന്റെ നോട്ടുമെടുത്ത് അയാൾ തിരികെ നടന്നു. പക്ഷേ കുട്ടികളെ എങ്ങും കണ്ടില്ല.
അന്നു വൈകുന്നേരം കമ്പിനിയിലെ ഉദ്യോഹസ്ഥരുടെ കുടുംബങ്ങൾ ഒത്തുചേരുന്ന ഒരു ടെറസ് പാർട്ടിയുണ്ടായിരുന്നു. ഇരുപത്തഞ്ചു കുടുംബത്തിലെ അംഗങ്ങൾ. കുറെ അതിഥികളും നൂറ്റമ്പതു ചിക്കൻ ബിരിയാണി ഏല്പിച്ചിരുന്നു. അതുപോലെ നൂറ്റമ്പതുപേർക്കു വേണ്ട വിലപ്പെട്ട മറ്റു വിഭവങ്ങളും. പക്ഷേ അറുപതു ബിരിയാണിയിലേറെ ബാക്കിയായി. എല്ലാം നഗരത്തിലെ കുപ്പത്തൊട്ടിയിൽ തട്ടി. ബാക്കിവന്ന സ്വാദിഷ്ടമായ മറ്റു വിഭവങ്ങളും. പാർട്ടി ഗംഭീരമായി എന്നത് ഏകകണ്ഠമായ അഭിപ്രായം. 25000 രൂപയാണ് ചെലവ്. കമ്പനി വക. കാട്ടിലെ മരം, തേവരുടെ ആനയായ ബഹുജനം വലിയെടാ വലി. ദേവന്മാരായ ഉദ്യോഗസ്ഥന്മാർക്ക് മധുരാന്നത്തിനു മുട്ടില്ല. ഇരുപത്തഞ്ചു കുടുംബം. 25000 ക. മെലിഞ്ഞുണങ്ങിയ കുട്ടിയുടെ പാത്രത്തിൽ 25 പൈസ. അയാളുടെ മനം നീറിക്കൊണ്ടിരുന്നു.
പിന്നൊരുനാൾ ഒരു ഇടവഴിയിൽ കുട്ടികളെ കണ്ടു. അയാൾ അടുത്തുചെന്നു. ഒരു ഇഡ്ഡലിപ്പൊതിയഴിച്ച് തിന്നാനൊരുങ്ങുകയാണവർ. ആ നേരത്ത് 'നിങ്ങൾക്ക് അമ്മയും അച്ഛനുമില്ലേ' എന്ന ചോദ്യവുമായി വരുന്ന 'സാറി'നോട് നിറഞ്ഞ വെറുപ്പോടെയാണവൻ പറഞ്ഞത് 'അമ്മയില്ല, ചത്തു' എന്ന്. അച്ഛനോ? 'ണ്ട്' 'എവിടെ?' 'ജേലിലാ' എന്തിനാ ജയ്‌ലിൽ പോയത്? കട്ടിട്ട്. കല്ലെറിയും പോലെ ഉത്തരങ്ങൾ എറിയുമ്പോൾ അവന് ഒരു ദുഃഖവുമില്ലാത്ത പോലെ. അനുകമ്പ അവനു വേണ്ട. എങ്കിലും 'ഞാനൊരു പത്തുരൂപ തന്നാൽ നീ അതുകൊണ്ടന്തുചെയ്യും?' എന്ന ചോദ്യം കേട്ടപ്പോൾ ഭാവം മാറി. അവന്റെ മുഖത്തുണ്ടായിരുന്ന മുതിർന്നവൻ മറഞ്ഞു. കുട്ടി പ്രത്യക്ഷപ്പെട്ടു. 'ഞങ്ങൾ സിനിമ കാണു'മെന്നായിരുന്നു മറുപടി. വയറുനിറയെ ആഹാരം വാങ്ങിക്കഴിക്കുമെന്നല്ല. (വയറു നിറയാൻ അതു തികയുകമില്ലല്ലോ. രൂപയുടെ വിലയിടിഞ്ഞാലും കുട്ടികൾ പത്തുപൈസയുടെ നിരക്ക് ഉയർത്തിയിട്ടില്ല. പത്തുറുപ്പിക തികച്ച് ഒരിക്കലും കാണാത്ത അവരുടെ സാക്ഷാത്കാരാതീതമായ സ്വപ്നം സിനിമയാണ്) അയാൾ പത്തു രൂപ കൊടുത്തു. അവരുടെ പേരും ചോദിച്ചറിഞ്ഞു. തിരിഞ്ഞു നടക്കുമ്പോഴേയ്ക്ക് അവൻ വിളിച്ചു. 'സാർ', ഭക്ഷണപ്പൊതി മാറ്റിവച്ച് അവർ എഴുന്നേറ്റു. തിടുക്കത്തിൽ മാറാപ്പഴിച്ച് വളയങ്ങളെടുത്തു. കരണം മറിഞ്ഞു. വളയത്തിലൂടെ ശരീരം കടത്തി. ആദ്യം അവനൊറ്റയ്ക്ക്. പിന്നെ രണ്ടുപേരും ഒരുമിച്ച്. മറ്റ് അഭ്യാസങ്ങളും കാട്ടി. സാറിനെ വിനോദിപ്പിച്ചിട്ടേ പണം സ്വന്തമാക്കാനാവൂ എന്നാണ് കുട്ടികളുടെ ധർമ്മബോധം. അവർ ഇരക്കുകയില്ല. ഒന്നും ചെയ്യാതെ വെറുതെ പണം കിട്ടണമെന്ന് അവർ പ്രതീക്ഷിക്കുന്നില്ല. ഈ തെരുവു പിള്ളേർക്കുള്ള അഭിമാനബോധം കമ്പനിയുദ്യോഗസ്ഥന്മാർക്കുണ്ടോ? ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്കുണ്ടോ? ഫണ്ടു പിരിക്കാൻ വരുന്ന പൊതുപ്രവർത്തകർക്കോ രാഷ്ട്രീയക്കാർക്കോ ഉണ്ടോ? ഈ വക ചോദ്യങ്ങളൊന്നും കഥയിൽ ചോദിക്കപ്പെട്ടിട്ടില്ല. എങ്കിലും കഥ വായിക്കാനറിയാവുന്ന ഏതൊരാളും ആ ചോദ്യങ്ങൾ ഉള്ളിനുള്ളിൽ മുഴങ്ങിക്കേൾക്കാതിരിക്കില്ല. വിരുദ്ധഭാവദൃശ്യങ്ങളുടെ സംഘർഷത്തെയാണ് ഈ ചെറുകഥയിൽ നിന്ന് തീപ്പൊരികൾ ചിതറിക്കാനും അവയെ നമുക്കു ജാഡ്യജീർണതകളിൽ തന്നെ വീഴ്ത്തി കത്തിപ്പിടിപ്പിക്കാനും കഥാകൃത്ത് ഉപയുക്തമാക്കുന്നത്.
തിന്നുകുടിച്ച് മതിയായി മത്തടിച്ച് വിശിഷ്ടഭോജ്യങ്ങൾ കുപ്പിയിൽ തട്ടുന്നവർ ഒരുവശത്ത്. പകലന്തിയോളം അഭ്യാസങ്ങൾ കാട്ടിയിട്ടും വിശപ്പടക്കാൻ കഴിയാത്ത കുട്ടികൾ മറുവശത്ത്. ഐസ്‌ക്രീം തിന്നുതിന്നു വീർക്കുന്ന ഓമനമകൾ ഒരു വശത്ത്, മെലിഞ്ഞുണങ്ങിക്കരുവാളിച്ച ഒരു പട്ടിണിക്കുഞ്ഞ് മറുവശത്ത്. വളർച്ചയെത്തിയ പെൺകുട്ടികൾ ലൈംഗികഭാവങ്ങളുണർത്തുകയും രതികേളിയെ അനുകരിക്കും വിധം അംഗങ്ങൾ ചലിപ്പിക്കുകയും ചെയ്യുന്ന ഇളകിയാട്ടങ്ങൾ ഉണ്ടിരിക്കുന്നവരെ രസിപ്പിക്കാൻ കലയെന്ന പേരിൽ അവതരിപ്പിക്കുന്നു ഒരുവശത്ത്. തിന്നാൻ വല്ലതും നേടുന്നതിനുവേണ്ടി രണ്ടു കിടാങ്ങൾ ഇരുമ്പുവലയത്തിലൂടെ സ്വശരീരങ്ങൾ തിക്കിക്കടത്തി വേദനിക്കുന്നത് കലയാക്കി കാഴ്ചവയ്ക്കുന്നു മറുവശത്ത്. ഇത്തരം വൈരുദ്ധ്യങ്ങൾ സമാന്തരമായി സംവിധാനം ചെയ്യുന്നത് അവയുടെ ഉരസലിൽ നിന്ന് തീപ്പൊരി പാറുന്നതിനു വേണ്ടിയാണ്. അരണി കടയുംപോലെ ഈ വൈരുദ്ധ്യങ്ങൾ കടഞ്ഞ് കഥാകൃത്ത് അഗ്നിപയനം ചെയ്യുന്നു. ഈ ദൃശ്യങ്ങളൊന്നും ഒട്ടും തന്നെ കാല്പനികമല്ല. ഇന്നത്തെ യഥാതഥമായ ഇന്ത്യനവസ്ഥയാണ്. കാല്പനികനോ ആധുനികനോ ഉത്തരനോ നവകാല്പികനോ ഉത്തരോത്തരനോ എന്നും മറ്റും കഥാകൃത്തിന്റെ കള്ളിയേതെന്നന്വേഷിക്കാൻ ബുദ്ധിഭ്രമമില്ലാത്തവർക്കാർക്കും തോന്നുകയില്ല. നല്ല കഥയുടെ (ഏതു നല്ല കലയുടെയും) ലോകത്ത് ഒരൊറ്റ കള്ളിയേയുള്ളു. ജീവിതസത്യത്തിന്റെ കള്ളി. അത് നിൽക്കക്കള്ളിയായി കിട്ടാത്തവർക്ക് മറ്റേതു കള്ളികിട്ടിയാലും ഉറച്ച നില്പ് വിധിക്കപ്പെടാറില്ല. ഹരികുമാറിന്റെ കഥകൾ ജീവിതസത്യത്തിന്റെ കള്ളിയിൽ ഉറച്ചുനിൽക്കുന്നു. ഇടശ്ശേരിയുടെ കവിതകൾ പോലെ. വലിയൊരച്ഛന്റെ വലിയൊരു മകൻ. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്, ഹരികുമാറിന്റെ പല കഥകളും നിർവൃത്തമായ നല്ല കവിതകളും.
മഹത്തായ നിർവൃത്ത കവിതകളാണ് ഈ രണ്ടുകഥകളും.