എന്നാണ് ആദ്യകഥയെഴുതിയത് എന്ന് പറയാൻ ഒരെഴുത്തുകാരന് വിഷമമാവും. ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ എസ്.കെ. പൊറ്റെക്കാടിന്റെ നാടൻപ്രേമം എന്ന നോവലിന്റെ കഥാതന്തു കടം വാങ്ങി നോട്ടുപുസ്തകത്തിന്റെ രണ്ടു പേജുകളിലായി ഒരു കഥയെഴുതി ജ്യേഷ്ഠന് കാണിച്ചുകൊടുത്തപ്പോൾ 'നീയിതു പൊറ്റെക്കാട്ടിന്റെ നോവലിൽ നിന്ന് മോഷ്ടിച്ചതല്ലെ' എന്ന മറുപടി കിട്ടിയപ്പോഴാണോ, അതോ പിന്നീട് സതീശേട്ടന്റെ വിശാലമായ വായനകാരണം ആ കച്ചവടം നടക്കില്ലെന്നുറപ്പായപ്പോൾ സ്വന്തമായിത്തന്നെ ഭാവനയിൽനിന്നെഴുതിയ ഒരു കഥ വീട്ടു മാസികയിൽ ചേർത്തപ്പോഴാണോ, അതോ പിന്നീട് 1962ൽ പത്തൊമ്പതാം വയസ്സിൽ 'മഴയുള്ളൊരു രാത്രിയിൽ' എന്ന കഥ മലയാള മനോരമയിൽ പ്രസിദ്ധപ്പെടുത്തിയപ്പോഴാണോ, ഏതാണ് 'ആദ്യകഥ'യുടെ വർഷമായി എടുക്കേണ്ടത്? ആദ്യമായി എഴുതിയ കഥകളെല്ലാംതന്നെ വീട്ടുമാസികയുടെ നീലവരികൾക്കിടയിൽ ഇന്നും തടവിലാണ്. ഏതായാലും ഞാനീ പണി തുടങ്ങിയിട്ട് ശ്ശി കാലായി, ഒരു വീണ്ടുവിചാരത്തിനുള്ള സമയവുമായി.
എന്റെ കഥകളിൽ പ്രമേയത്തേക്കാൾ എന്നെ ആകർഷിക്കുന്നത് കഥാപാത്രങ്ങളാണ്. മനുഷ്യനാണ് പ്രധാനം പ്രമേയമല്ല. ഈ അര നൂറ്റാണ്ടിനുള്ളിൽ ഞാനെഴുതിയ നൂറ്ററുപതു കഥകള്‍ പകുതിയിലധികം എണ്ണത്തിൽ കൈകാര്യം ചെയ്യുന്നത് സ്ത്രീകളുടെ പ്രശ്‌നങ്ങളാണ്. അവയിലെല്ലാം മുന്നിട്ടു നിൽക്കുന്നതും മിഴിവു കിട്ടിയിട്ടുള്ളതും അവരുടെ സങ്കീർണ്ണ പ്രശ്‌നങ്ങൾ കാരണം സ്ത്രീകഥാപാത്രങ്ങൾക്കാണ്.
ഇത്രയും ശരി, ഇനിയാണ് എഴുത്തുകാരന് പ്രശ്‌നങ്ങളുണ്ടാകുന്നത്. ഒരു പുരുഷൻ എന്നപോലെത്തന്നെ സ്ത്രീയും പൂർണ്ണമാകുന്നത് അവളുടെ ലൈംഗികത കൂടി ചേരുമ്പോഴാണ്. അതാകട്ടെ വളരെ അപകടം പിടിച്ചതുമാണ്. പുരുഷലൈംഗികതയെപ്പറ്റി സംസാരിച്ചാലും വലിയ കുഴപ്പമില്ല, പക്ഷെ സ്ത്രീ ലൈംഗികത ഇന്നും നിഷിദ്ധമാണ്, തെറ്റിദ്ധരിക്കപ്പെടാനെളുപ്പമുള്ളതുമാണ്.
എഴുപത്താറിലാണ് ഞാൻ 'കോമാളി' എന്ന കഥയെഴുതി 'കലാകൗമുദി' വാരികയിൽ പ്രസിദ്ധീകരിച്ചത്. അന്നു ഞാൻ ബോംബെയിലായിരുന്നു. ഒരിക്കൽ ലീവിൽ വന്നപ്പോൾ അന്ന് കോളജിൽ പഠിച്ചിരുന്ന അനുജൻ ദിവാകരൻ പറഞ്ഞു. 'ഏട്ടന്റെ കഥ കോളജുകളിലെല്ലാം നല്ല ഹിറ്റായിട്ടുണ്ട്.' എനിക്കു വളരെ സന്തോഷമായി. വളർന്നുവരുന്ന ഒരു തലമുറ എന്റെ കഥകൾ വായിക്കുന്നതിലപ്പുറം സന്തോഷം എനിക്ക് വേറെയില്ല. അതു പക്ഷെ അനുഭവിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ചത്തുമലയ്ക്കുകയാണുണ്ടായത്. 'അപ്പോൾ ആ കഥ നന്നായി ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലെ?' എന്ന ചോദ്യത്തിന് അവന്റെ മറുപടി ഒരു ചിരിയോടൊപ്പമായിരുന്നു. 'അവരതു വായിക്കണത് അതിലെ സെക്‌സിനു വേണ്ടി മാത്രാണ്.' എനിക്കു വളരെ വിഷമമായി. അതിലെ ബൗദ്ധികമായ അംശം മനസ്സിലാക്കാനും അതിനെപ്പറ്റി ചർച്ച ചെയ്യാനും മാത്രം വളർന്നവരാണ് ഉന്നത വിദ്യാഭ്യാസം നേടുന്ന നമ്മുടെ വിദ്യാർത്ഥികളെന്നായിരുന്നു ഞാൻ കരുതിയത്. ചർച്ച ചെയ്യപ്പെടാൻ മാത്രം കാതലായിട്ടുള്ള ഒരു പ്രശ്‌നം ആ കഥയിൽ അന്തർല്ലീനമാണുതാനും. പക്ഷെ കഥ കിട്ടിയപ്പോൾ അവർക്കതിലെ വളരെ അപ്രസക്തമായ ചെറിയൊരു ഭാഗത്തിൽ മാത്രമേ താല്പര്യമുണ്ടായുള്ളൂ, അതും സെക്‌സാണെന്ന കാരണംകൊണ്ട്. അതിനുശേഷം വർഷങ്ങളേറെ കഴിഞ്ഞ് തൊള്ളായിരത്തി എൺപത്തെട്ടിൽ മഹാരാജാസിൽ പഠിക്കുന്ന ബിന്ദുകെ. പ്രസാദ് എന്ന വിദ്യാർത്ഥിനി 'കലാകൗമുദി'യിൽ ഞാനുമായൊരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. അതിലെയൊരു ചോദ്യവും എന്റെ ഉത്തരവും താഴെ കൊടുക്കുന്നു:
ചോദ്യം (ബിന്ദു): ഈയിടെ എന്റെയൊരു സുഹൃത്ത് താങ്കളുടെ കഥകൾ വായിച്ചിട്ട് മനഃപൂർവ്വം സെക്‌സിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന് പറഞ്ഞു കേട്ടു. ഈ അഭിപ്രായപ്രകടനത്തെക്കുറിച്ച് എന്തു പറയുന്നു?
എന്റെ മറുപടി: സെക്‌സ് ആവശ്യമുള്ളിടത്ത് അതിന്റെ മനോഹാരിതയോടെ വരച്ചു കാട്ടാനേ ശ്രമിച്ചിട്ടുള്ളു. സെക്‌സ് നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അതവിടെ ഇല്ല എന്ന് നടിക്കുന്നതിൽ കാര്യമൊന്നുമില്ല. എന്റെ കഥകളിൽ സെക്‌സുണ്ടെന്നു പറയുന്നവർ, ക്രീം ബിസ്‌ക്കറ്റിന്റെ ക്രീം മാത്രം തിന്ന് ബിസ്‌ക്കറ്റ് വലിച്ചെറിയുന്ന കുട്ടികളെപ്പോലെയാണ്. അവർക്ക് പക്വത വന്നിട്ടില്ല. അവർ വളരട്ടെ. പിന്നെ സെക്‌സിനും വൾഗാരിറ്റിക്കും ഇടയിലുള്ള വരമ്പ് വളരെ നേരിയതാണ്. ആ വരമ്പാകട്ടെ കുറെയൊക്കെ ആസ്വാദകന്റെ മനസ്സിലാണ് താനും.
(ബിന്ദു കെ. പ്രസാദ്, ഇൻറർവ്യൂ കലാകൗമുദി 28.2.1988)
ആസ്വാദകർ വരമ്പ് മാറി നടക്കുന്നതിന് ഞാനെന്തു ചെയ്യാനാണ് എന്നാണ് ഞാനന്നു കരുതിയിരുന്നത്. പക്ഷെ ഇന്ന് ആലോചിക്കുമ്പോൾ മനസ്സിലാകുന്നത് എനിക്കതിൽ കാര്യമായി ചെയ്യാനുണ്ടായിരുന്നു എന്നുതന്നെയാണ്. വായനക്കാർക്കു നേരെ ഒരു കഥ വെറുതെ എറിഞ്ഞിട്ടു കൊടുക്കുകയല്ല വേണ്ടത്, അതാസ്വദിക്കാനുള്ള വഴികളെപ്പറ്റി അവരെ ബോധവൽക്കരിക്കുകകൂടി വേണം. ഞാൻ ധാരാളം ചിത്രപ്രദർശനങ്ങൾ കാണാൻ പോയിട്ടുണ്ട്. അവിടെയെല്ലാം ചിത്രകാരന്മാർ അവരുടെ ചിത്രമാസ്വദിക്കേണ്ടതെങ്ങിനെയാണെന്ന് കാഴ്ചക്കാരെ മനസ്സിലാക്കിക്കാൻ സാഹസപ്പെടുന്നതു കണ്ടിട്ടുണ്ട്. ഏറ്റവും അടുത്തു പോയത് തൃശ്ശൂരിലെ ലളിതകലാ അക്കാദമിയിൽ ഉറൂബിന്റെ മകൻ സുധാകരനുമുൾപ്പെട്ട ഗ്രൂപ്പ് ഷോവിനായിരുന്നു. സുധാകരൻ അദ്ദേഹത്തിന്റെ ഓരോ ചിത്രത്തെക്കുറിച്ച് വളരെയധികം സംസാരിക്കുകയുണ്ടായി. കാണാൻ നല്ല ചിത്രങ്ങളാണ്, പിന്നെ അതിന്റെ പശ്ചാത്തലത്തെപ്പറ്റി മനസ്സിലാവുമ്പോൾ അവ കൂടുതൽ ആസ്വദിക്കാനും ആ ചിത്രങ്ങളെ സ്‌നേഹിക്കുവാനും കഴിയുന്നു. എന്റെ സഹോദരിയെപ്പോലെ കരുതുന്ന ഒരു ചിത്രകാരിയായിരുന്നു അന്തരിച്ച ആർട്ടിസ്റ്റ് ടി.കെ. പദ്മിനി (1940-69). അവരോടു ഞാൻ ഈ കാര്യത്തിൽ കലഹിക്കാറുണ്ട്. ഞാൻ പറയും, ഒരു ചിത്രം അല്ലെങ്കിൽ ശില്പം നാമ്മോട് നേരിട്ടു സംവദിക്കുന്നില്ലെങ്കിൽ അതൊരു പരാജയമായി കണക്കാക്കുകയല്ലെ വേണ്ടത്? അവർ ക്ഷമയോടെ ഞാൻ പറയുന്നതെല്ലാം കേൾക്കും. പിന്നെ, കലാരൂപങ്ങൾ, അതൊരു പെയ്ൻറിങ്ങായാലും, ശില്പമായാലും, ക്ലാസ്സിക്കൽ സംഗീതമായാലും, നൃത്തമായാലും ആസ്വദിക്കാൻ നമുക്കവയുടെ ഭാഷ പഠിക്കണം, മനസ്സിലാവണം എന്നെല്ലാം വിശദമായി, വിശ്വ ശില്പചിത്രകലയിൽനിന്ന് ഉദാഹരണസഹിതം പറഞ്ഞുതരും. ഒരു കഥ വായിക്കുന്ന പോലെ ഒരു പെയ്ൻറിങ് ആസ്വദിക്കാൻ കഴിയില്ല, അതുപോലെത്തന്നെ സംഗീതവും. അതിന് അതിന്റേതായിട്ടുള്ള ഭാഷയുണ്ട്. അങ്ങിനെയാണ് ഞാൻ കൽക്കത്തയിലെ നാഷനൽ ലൈബ്രറിയിലെത്തിയത്. പെയ്ൻറിങ്ങിനെയും ശില്പകലയെയും പറ്റി ഞാൻ നാഷനൽ ലൈബ്രറിയിലെ നിരവധി പുസ്തകങ്ങൾ വായിക്കുകയുണ്ടായി. വർഷങ്ങളോളം എന്റെ ഒഴിവുദിനങ്ങൾ ചെലവാക്കിയിരുന്നത് ഈ മഹത്തായ പുസ്തകശേഖരത്തിനിടയിലായിരുന്നു. പുസ്തകങ്ങളിലെ കളർ പ്ലെയ്റ്റുകളിലുള്ള വിശ്വകലാകാരന്മാരുടെ ചിത്രങ്ങളുമായി സംവദിക്കാൻ അവയെപ്പറ്റിയുള്ള വിമർശനങ്ങളും പരിചയപ്പെടുത്തലുകളും സഹായകമായി. ചിത്രങ്ങളിൽ കാണിച്ചിട്ടുള്ള നിഴലിനും വെളിച്ചത്തിനും നാട്യങ്ങളൊന്നുമില്ലാതെ വരച്ചുചേർത്തിട്ടുള്ള നിരവധി ബ്രഷ് വരകൾക്കുപോലും അർത്ഥമുണ്ടെന്നും അത് ചിത്രത്തിന്റെ ആസ്വാദനത്തിന് എങ്ങിനെ സഹായകമാവുമെന്നും ഞാൻ മനസ്സിലാക്കി. അത് ഈ കലകളോടുള്ള എന്റെ സമീപനം പാടെ മാറ്റിമറിച്ചു.
ഇപ്പോൾ സ്വന്തം കഥയെഴുത്തിന്റെ അമ്പതാം പിറന്നാളെത്തിയപ്പോഴാണ് എനിക്ക് ബോധോദയമുണ്ടാകുന്നത്, മുകളിൽ പറഞ്ഞതൊക്കെ കഥകൾക്കും നോവലുകൾക്കും ബാധകമല്ലെ? കഥകൾ എങ്ങിനെയാണ് ആസ്വദിക്കേണ്ടതെന്ന് വായനക്കാരോടു പറയുന്നതിൽ തെറ്റൊന്നുമില്ലല്ലൊ. വായനക്കാരൻ പറയുമായിരിക്കും, 'നിങ്ങളെന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളുടെ കഥ ഞാൻ വായിച്ച് മനസ്സിൽ എന്റേതായ മറ്റൊരു കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. അതു കഴിഞ്ഞാൽ നിങ്ങളുടെ കഥയ്ക്ക് പ്രസക്തിയില്ല. പിന്നെ എന്റെ മനസ്സിൽ എന്റെ കഥ മാത്രമേയുള്ളു.' ശരിയായിരിക്കാം, 'സൂര്യകാന്തിപ്പൂക്കൾ' എന്ന കഥ ഓരോ വായനക്കാരന്റെ മനസ്സിലും ഉണ്ടാക്കുന്ന ഓളങ്ങൾ വളരെ വ്യത്യസ്തമാണ്. അതാകട്ടെ സ്വന്തം ജീവിതാനുഭവങ്ങളെ ആശ്രയിച്ചുമിരിക്കും. ഓരോന്നും ഓരോ കഥകളാണ്, പലപ്പോഴും മൂലകഥയായ 'സൂര്യകാന്തിപ്പൂക്കളു'മായി വളരെ അകന്നവ. ഇത് എഴുത്തുകാരന് വിഷമമുണ്ടാക്കുന്നു. എന്റെ 'ചെപ്പടിക്കാരനും ഞാനും' എന്ന കഥ വായിച്ച് എന്റെ ഒരു വല്യമ്മ ഉറക്കെ ചിരിക്കാൻ തുടങ്ങി. അവരതിൽ നർമ്മം കണ്ടിരിക്കുന്നു! പക്ഷെ ആ കഥ വായിച്ചാൽ നളെല്ലാം മനുഷ്യന്മാരായതിൽ ലജ്ജിക്കുകയാണ് വേണ്ടത്. വല്യമ്മ ആ തലത്തിലേയ്‌ക്കെത്തിയില്ലെന്നു മാത്രം. ഇവിടെയാണ് എന്റെ പുതിയ പുസ്തകമായ 'എന്റെ സ്ത്രീകൾ' പ്രസക്തമാകുന്നത്. അതിൽ 25 സ്ത്രീപക്ഷകഥകളാണ് ചേർത്തിട്ടുള്ളത്, അന്ത്യത്തിൽ ഈ കഥകളെപ്പറ്റി സാമാന്യം വിശദമായ വിശകലനവും. നിങ്ങൾ ഈ കഥകൾ വായിച്ച് നിങ്ങളുടേതായ വഴിയിൽ ആസ്വദിച്ചുകൊള്ളു, ഒപ്പംതന്നെ എനിക്കു പറയാനുള്ളതും കേൾക്കൂ. അപ്പോഴാണ് ഓരോ കഥയ്ക്കും ആസ്വാദനത്തിന്റേതായ പല അടരുകളുമുണ്ടെന്നു മനസ്സിലാവുക.
ആദ്യവായനയിൽ നമുക്കു കിട്ടുന്നത്, അല്ലെങ്കിൽ നാം നടന്നുപോകുന്നത് അതിലൊരു അടരിലൂടെ മാത്രമാണ്. അതൊരുപക്ഷേ ലൈംഗികതയുടെതന്നെ ഒരു തലം മാത്രമായിരിക്കും. ലൈംഗികത തന്നെ മുഴുവനുമില്ലെന്നർത്ഥം. ഉദാഹരണമായി നമുക്ക് കളർ പ്രിൻറിങിന്റെ കാര്യമെടുക്കാം. നാല് അടിസ്ഥാന നിറങ്ങളായി വേർതിരിച്ചെടുത്ത് ഓരോ നിറമായി ഒന്നിനുമീതെ മറ്റൊന്നായി അച്ചടിക്കുകയാണ് ചെയ്യുന്നത്. ആദ്യം പച്ച കലർന്ന നീല സയാൻ (cyan), ഇളം ചുവപ്പ് മജെൻറ (magenta), മഞ്ഞ(yellow), കറുപ്പ് (key - black). ഇതിനെല്ലാം കൂടി C.M.Y.K. colour separation എന്നു പറയുന്നു. ഒരു ചിത്രം പ്രസ്സിൽ കിട്ടിയാൽ അവരാദ്യം ചെയ്യുന്നത് ഈ കളർ സെപറേഷനാണ്. പിന്നീട് ഓരോ നിറമായി അച്ചടി തുടങ്ങുന്നു. ഈ നാലു നിറങ്ങളും അച്ചടിച്ചു കഴിയുമ്പോഴേ ചിത്രത്തിന്റെ ശരിക്കുള്ള നിറവും സ്വഭാവവും വരൂ. അതുപോലെത്തന്നെയാണ് ഒരു കഥയും. എല്ലാ അടരുകളും, അല്ലെങ്കിൽ വർണ്ണങ്ങളും മനസ്സിൽ പതിയുമ്പോഴുണ്ടാകുന്ന അനുഭൂതിയാണ് ശരിയ്ക്കുള്ള ആസ്വാദനം. അടരുകളോരോന്നും ഓരോ ഊടുവഴികളാണ്, നിബിഢവനത്തിലൂടെയുള്ള നിഗൂഢ പാതകൾ. ഈ വഴികളോരോന്നും നടന്നുവേണം കഥാകാരന്റെ ഹൃദയത്തിലേയ്‌ക്കെത്താൻ, കഥാകാരനുമായി താദാത്മ്യം പ്രാപിക്കാൻ. അപ്പോഴേ ആസ്വാദനം പൂർണ്ണമാകുന്നുള്ളൂ.
മറ്റൊരു കാര്യം ഒരെഴുത്തുകാരനും അയാളുടെ കഥയുമായി, അല്ലെങ്കിൽ സൃഷ്ടിയുമായി എന്താണ് ബന്ധം. വളരെയധികം ബന്ധമുണ്ട്. ജീവിതാനുഭവങ്ങളിൽനിന്നേ കഥയുണ്ടാവു. അങ്ങിനെയാകുമ്പോൾ കഥാകൃത്തിനു കഥാപാത്രങ്ങളുമായി വളരെ അടുപ്പമുണ്ടാവണം. എന്റെ കഥാപാത്രങ്ങളെ എങ്ങിനെ കണ്ടുമുട്ടിയെന്ന് പറയാൻ അനുവദിക്കുന്നത്ര വിശദീകരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ. പല അനുഭവങ്ങളും ഹൃദയഭേദിയായിരുന്നു. ബന്ധങ്ങളൊന്നും ശാശ്വതമല്ല, പക്ഷെ വേർപാട് ഹൃദയത്തെ തൊട്ടുള്ള കളിയാണ്. അത് പലർക്കും, പല സന്ദർഭങ്ങളിലും പലമാതിരിയാണ് അനുഭവപ്പെടുന്നത്. അങ്ങിനെ യുള്ള ധാരാളം സന്ദർഭങ്ങൾ 'എന്റെ സ്ത്രീകൾ' എന്ന സമാഹാരത്തിലെ കഥകളിലുണ്ട്. അന്ത്യത്തിൽ കൊടുത്ത വിശകലനത്തിൽ പലതും വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. വിജയിച്ചുവെന്ന് ഞാൻ പറയുന്നില്ല, കാരണം എന്റെ അനുഭവങ്ങൾ വളരെ തീക്ഷ്ണതരമായിരുന്നു. കനൽ തൊട്ട് പൊള്ളി വളരെക്കാലം കഴിഞ്ഞ് അതിന്റെ ചൂടിനെപ്പറ്റി പറയുന്നപോലെയാണത്.
ഞാനെഴുതുന്നത് ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന സ്ത്രീകളെപ്പറ്റിയാണ്, അവരുടെ ജീവിതക്ലേശങ്ങൾ, സാമൂഹ്യപ്രശ്‌നങ്ങൾ, അവരുടെ അഭിലാഷങ്ങൾ എല്ലാമാണ്. കൂടുതലും, നിസ്വരായി ജീവിച്ചിരിക്കെ ആ ചട്ടക്കൂടിൽനിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നവർ, അവരുടെ ശ്രമങ്ങളെ കാറ്റിൽ പറത്തുന്ന ഭർത്താക്കന്മാരെ ഒരു ഭാരമായി കൊണ്ടുനടക്കുന്നവർ. അങ്ങിനെയുള്ള ജീവിതത്തിന് ഒരു പ്രത്യേക പാറ്റേൺ കാണാം, ചെറിയ ചെറിയ വ്യതിയാനങ്ങളോടെയാണെങ്കിലും. ഒരു കഥ മറ്റൊന്നിൽനിന്നു വിഭിന്നമാക്കുന്ന ആ വ്യതിയാനങ്ങളാകട്ടെ കൗതുകമുണർത്തുന്നതുമാണ്. 25 കഥകളും കൊടുത്തിരിക്കുന്നത് കാലാനുസാരിയായിട്ടല്ല, കാരണം ഞാൻ ആദ്യംതന്നെ ചെയ്തത് സ്ത്രീ കഥാപാത്രങ്ങളെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും ഒരു പുസ്തകമെഴുതുകയാണ്. 'എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി' എന്ന പേരിൽ അതൊരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഉദ്ദേശ്യം. ഈ പുസ്തകത്തിൽ പരാമർശിച്ച കഥകളെല്ലാം കൂടി മറ്റൊരു സമാഹാരവും പ്രസിദ്ധീകരിക്കാമെന്ന് പിന്നീട് തീരുമാനിച്ചു. അപ്പോൾ തിരഞ്ഞെടുപ്പ് നടന്നത് എന്റെ ലേഖനങ്ങളിൽ കഥകളെപ്പറ്റി പരാമർശം വന്ന ക്രമത്തിലാണ്, അല്ലാതെ കഥകളെഴുതിയ വർഷങ്ങളുടെ അടിസ്ഥാനത്തിലല്ല. പിന്നീട് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ സ്വീകരിക്കുമ്പോൾ കറൻറ് ബുക്‌സിന്റെ മാനേജർ ശ്രീ. കെ.ജെ. ജോണിയാണ് രണ്ടും കൂടി ഒരൊറ്റ പുസ്തകമാക്കിയാൽ കൂടുതൽ നന്നാവുമെന്ന് പറഞ്ഞത്. ഞാനാ നിർദ്ദേശം നല്ലതാണെന്നു കണ്ടു, സ്വീകരിച്ചു.
അവസാനമായി 'എന്റെ ജീവിതവും ജാതകമെന്ന തിരക്കഥയും' എന്ന അദ്ധ്യായത്തിൽ എന്റെ ജീവിതത്തിന്റെ ഒരു പരിഛേദം നിങ്ങളുടെ മുമ്പിൽ തുറന്നുവയ്ക്കുന്നു. ആ ജീവിതവും എന്റെ ജാതകവുമായുള്ള പൊരുത്തം അദ്ഭുതപ്പെടുത്തുന്നതാണ്. അച്ഛൻ ഒരിക്കൽ സ്‌നേഹിതനായ ജ്യോത്സ്യൻ ശ്രീ. തലമുണ്ട ശൂലപാണി വാരിയരോട് എനിക്കു സാഹിത്യത്തിൽ പേരെടുക്കാൻ പറ്റുമോ എന്നന്വേഷിച്ചതും ശ്രീ ശൂലപാണി വാരിയർ അതിനു നൽകിയ മറുപടിയുമെല്ലാം ഞാൻ ഈ അദ്ധ്യായത്തിൽ വിശദമായി കൊടുത്തിട്ടുണ്ട്. ഏകദേശം അമ്പതു വർഷങ്ങൾക്കുമുമ്പ് ശ്രീ. ശൂലപാണി വാരിയർ എന്റെ സാഹിത്യജീവിതത്തെപ്പറ്റി പ്രവചിച്ചത് ജീവിതത്തിന്റെ ഓരോ മുഹൂർത്തങ്ങളിലും അനുഭവിച്ചറിഞ്ഞത്, ആ വേദന ഇന്നുമനുഭവിച്ചുകൊണ്ടിരിക്കുന്നത്, എല്ലാം ഞാനാ അദ്ധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്റെ തലക്കുറിയും അതിൽത്തന്നെ കൊടുത്തിട്ടുണ്ട്. ഗവേഷണതല്പരരായ ആർക്കെങ്കിലും ഉപകരിക്കുമല്ലൊ. ഒന്നുമില്ലെങ്കിലും എനിക്കറിയാൻ താല്പര്യമുണ്ട്, എന്തുകൊണ്ട് അങ്ങിനെയൊക്കെ സംഭവിക്കുന്നു? എങ്ങിനെ അതെല്ലാം പ്രവചിക്കാൻ കഴിയുന്നു?
ഒരു വ്യക്തി എന്ന നിലയിൽ എന്റെ ജീവിതം നഗ്നമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. എന്റെ മനസ്സിലൂടെ വായനക്കാരൻ യാത്രചെയ്യുകയാണ്. എന്റെ ജീവിതംതന്നെയാണ് എന്റെ സാഹിത്യവും. ഒരു തുറന്നിട്ട പുസ്തകമാണത്, നിങ്ങൾക്കതിൽ ഏതദ്ധ്യായവും മടികൂടാതെ വായിക്കാം. അച്ഛനെക്കുറിച്ചൊരു ലേഖനം ശ്രീ. പി. കൃഷ്ണവാരിയർ എഴുതിയതിനു കൊടുത്ത പേര് 'ജീവിതം തന്നെ കവിത' എന്നാണ്. അച്ഛന്റെ ജീവിതം അദ്ദേഹത്തിന്റെ കവിത പോലെത്തന്നെ സംശുദ്ധമായിരുന്നു. എന്നെക്കുറിച്ച് അങ്ങിനെ പറയാൻ എനിക്കു ധൈര്യമില്ല, കാരണം സംശുദ്ധിയെക്കുറിച്ച് അച്ഛന്റെ മാതൃകയായിരുന്നില്ല ഞാൻ പിൻതുടർന്നത്. പക്ഷേ നന്മയെക്കുറിച്ചും മാനുഷികതയെക്കുറിച്ചും എഴുതുമ്പോൾ ഞാനെപ്പോഴുമോർക്കുന്നത് അച്ഛനെയാണ്.
'എന്തിന് ഇങ്ങനെ ഒരു പുസ്തകം?' എന്ന് ഞാൻ പലരോടും ചോദിച്ചിരുന്നു. എനിക്കു കിട്ടിയ ഭൂരിപക്ഷം ഉത്തരവും 'ആവശ്യമുണ്ട്' എന്നുതന്നെയാണ്. ആ ധൈര്യത്തിൽ ഞാൻ 'എന്റെ സ്ത്രീകൾ' എന്ന പുസ്തകം വായനക്കാർക്കു സമർപ്പിക്കുന്നു. സദയം സ്വീകരിക്കൂ.