ഇ ഹരികുമാര്‍
തറവാടിന്റെ മഹിമയെപ്പറ്റി എല്ലാവരും ബോധവാന്മാരാവുന്നത് മൂത്ത ജ്യേഷ്ഠന്റെ ബംഗ്ലാവിൽ ഒത്തു ചേരുമ്പോഴാണ്. ഏഴ് സഹോദരന്മാർ, ഒരു സഹോദരി. ഏറ്റവും താഴെയുള്ളതാണ് സഹോദരി. കൊല്ലത്തിലൊരിക്കൽ ഉണ്ടാവുന്ന ഒത്തുചേരലിന് എല്ലാവരും കുടുംബസമേതം എത്തിയിരിക്കയാണ്. എട്ടു കുടുംബങ്ങൾ. മൂത്ത ജ്യേഷ്ഠന്റെ പിറന്നാളാണ് അവസരം. അത് സ്‌കൂളുകളും കോളേജുകളും അവധി വരുന്ന മെയ്മാസത്തിലായതിനാൽ എല്ലാവർക്കും എത്തിച്ചേരാൻ പറ്റും. രണ്ടാമത്തെ സഹോദരൻ ബോംബെയിൽ ബിസിനസ്സ് ചെയ്യുകയാണ്. അവസാനം എത്തിയത് അദ്ദേഹവും കുടുംബവുമാണ്. മൂന്നാമത്തെ ആൾ ഏറ്റവും മൂത്ത ആളെപ്പോലെ ഡോക്ടറാണ്. മൂത്ത ആൾ എം.ഡി.യാണെങ്കിൽ ഇദ്ദേഹം എം.എസ്.ആണെന്നേ വ്യത്യാസമുള്ളൂ. നാലാമത്തെ ആൾ മാത്രം അല്പം മോശക്കാരനാണ്. വെല്ലിംഗ്ടൺ ഐലന്റിൽ ഒരു എക്‌സ്‌പോർട്ട് ഹൗസിൽ ക്ലാർക്കാണ്. കുടുംബത്തിന്റെ മാനം നശിപ്പിച്ച അയാളെപ്പറ്റി മറ്റുള്ളവർ ആരും പരാമർശിക്കാറില്ല. കുത്തിച്ചോദിച്ചാൽ ഇന്ന കമ്പിനിയിലാണെന്നു മാത്രം പറയും. അയാളുടെ ഭാര്യയും ഒരു സാധു സ്ത്രീയാണ്. അവർക്കു രണ്ടുപേർക്കും അവരുടെ ഒരേയൊരു മകനും ഈ ഗെറ്റുടുഗതർ പാർട്ടിക്ക് വരാൻ താല്പര്യമുണ്ടാവാറില്ല. പക്ഷേ എല്ലാവരേയും ഒന്നിച്ചു കാണാൻ പറ്റുന്ന ഒരേ അവസരമാണ്. മാത്രമല്ല പോയില്ലെങ്കിൽ തന്റെ അഭാവംകൊണ്ട് അയാൾ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് താല്പര്യമില്ലെങ്കിലും അവർ വരുന്നു, ഒരു മുക്കിൽ ഒതുങ്ങിക്കഴിയുന്നു.
അഞ്ചാമത്തെ ആൾ ഒരു ആർക്കിടെക്റ്റാണ്. സ്വന്തം ബിസിനസ്സാണ്. എം.ജി.റോഡിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റ് ഏരിയയുള്ള ഒരു ഓഫീസുണ്ട്. മൂന്ന് എഞ്ചിനീയർമാരടക്കം ഏഴു ജോലിക്കാരുണ്ട്. ആറാമത്തെ ആൾ എച്ച്.എം.ടി. യിൽ സീനിയർ എഞ്ചിനീയറാണ്. ഏഴാമത്തെ ആൾ അഡ്വക്കേറ്റാണ്. വളരെ തിരക്കുള്ള അഡ്വക്കേറ്റ്.
ഒരു വലിയ കേക്ക് സ്വീകരണ മുറിയിലേയ്‌ക്ക് കൊണ്ടുവന്നു. ഒരു ഇരുനിലകെട്ടിടത്തിന്റെ ആകൃതിയിലുണ്ടാക്കിയ കേക്ക്. എം.വി. ദേവൻ ഉണ്ടാക്കിയ മനോഹരമായ വീടുകളിലൊന്നിനെ അനുസ്മരിപ്പിക്കും.
ചുറ്റും പുൽത്തകിടികൾ, പൂച്ചെടികളുള്ള തോട്ടം, മുമ്പിൽത്തന്നെ രണ്ടു കാറുകൾ.
ഇത് കുട്ടികൾക്ക് വേണ്ടിയാണ്. അവർക്കും എന്തെങ്കിലും എൻജോയ്‌മെന്റ് വേണ്ടെ?
മൂത്ത ജ്യേഷ്ഠൻ പറഞ്ഞു.
കഴിഞ്ഞ കൊല്ലം ഒരു പടുകൂറ്റൻ വിമാനമായിരുന്നു കേക്ക്. ചുരുങ്ങിയത് അഞ്ചുകിലോ ഉണ്ടാവും.
കേക്കുവീടിന്റെ ടെറസ്സിൽ അഞ്ചു വലിയ മെഴുകുതിരികളും എട്ടു ചെറിയ മെഴുകുതിരികളും ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അമ്പത്തെട്ടു വർഷങ്ങളെ കാണിക്കാൻ. അമ്പത്തെട്ടു വിജയകരമായ വർഷങ്ങൾ.
ആന്റിക്ക് അങ്കിളിന്റെ വയസ്സ് ശരിക്കറിയില്ല. അയാൾ അനിയന്മാരുടെ കുട്ടികളോട് തമാശ പറഞ്ഞു. കണ്ടില്ലേ എത്ര കാന്റിൽസാണ് കുത്തിനിർത്തിയിരിക്കുന്നത്? വലിയ അഞ്ചു കാന്റിൽസ് മാത്രമേ ആവശ്യമുള്ളൂ.
എല്ലാവരും ചിരിച്ചു.
മെഴുകുതിരികൾ കൊളുത്തപ്പെട്ടു. മൂത്ത ജ്യേഷ്ഠൻ ഒറ്റ ഊത്തിന് എല്ലാ മെഴുകുതിരികളും കെടുത്തിയപ്പോൾ എല്ലാവരും കയ്യടിച്ചു. പിടിയിൽ ചുവന്ന റിബ്ബൺകെട്ടി അലങ്കരിച്ച വിദേശ നിർമ്മിതമായ കത്തികൊണ്ട് അദ്ദേഹം ആ കേക്ക് മുറിച്ചു. കേക്ക് കഷണങ്ങളായി മുറിക്കേണ്ട ഭാരം രണ്ടാം സഹോദരന്റെ ഭാര്യ ഏറ്റെടുത്തു.
നാലാമത്തെ സഹോദരന്റെ മകൻ അരുൺ ഒന്നിലും ചേരാതെ ഒരു ഭാഗത്തിരുന്ന് കയ്യിൽ കിട്ടിയ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. മകന്റെ ഇരുപ്പ് കണ്ടപ്പോൾ അയാൾക്കു വിഷമം തോന്നി. അയാൾ പതുക്കെ മോന്റെ അടുത്തുചെന്നു പറഞ്ഞു.
മോനെ നീ അങ്ങോട്ട് ചെല്ല്. അല്ലെങ്കിൽ കേക്ക് കിട്ടിയില്ലാന്നു വരും.
സാരല്ല്യ.
അവൻ പറഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ഗെറ്റ്ടുഗതറിന്റെ സമയത്തുണ്ടായ ഒരു സംഭവം അവനെ വിഷമിപ്പിച്ചിരുന്നു.
ബോംബെ മാമ അവനെ കണ്ടപ്പോൾ അവനെ ആകെയൊന്ന് ഉഴിഞ്ഞുനോക്കി. മറ്റുകുട്ടികളുമായി നോക്കുമ്പോൾ അവന്റെ വസ്ത്രം തീരെ പഴഞ്ചനായിരുന്നു. അയാൾ ചോദിച്ചു.
നീ ഏതു ക്ലാസിലാണിപ്പോൾ?
പ്രീഡിഗ്രി. അവൻ മറുപടി പറഞ്ഞു.
ഏതു ഗ്രൂപ്പാണെടുത്തിരിക്കുന്നത്?
ഫോർത്ത് ഗ്രൂപ്പ്.
ബീകോം പാസ്സായി, പറ്റുമെങ്കിൽ എം. കോമിനുപോയി വല്ല ബാങ്കിലും കയറണമെന്നാണവന്.
ഫോർത്ത് ഗ്രൂപ്പൊക്കെ എടുത്തിട്ട് എന്താകാനാ? അയാൾ ചോദിച്ചു. പിന്നെ ഒരു ചോദ്യവും.
നീ അച്ഛനെപ്പോലെ ബീഡിവലിയൊക്കെ തുടങ്ങിയോ?
മറുപടിയൊന്നും പ്രതീക്ഷിക്കാതെ അയാൾ എല്ലാവരോടുമായി തുടർന്നു.
ബാബുവിന് സിഗരറ്റ് വലിക്കേണ്ടി വരുംന്നാ പറഞ്ഞത്. ഈ ഡെഡ് ബോഡി യൊക്കെ കീറിമുറിക്കലല്ലെ. ഈ മാസം മുതൽ നൂറുറുപ്പിക അധികം അയച്ചു കൊടുക്കണമെന്നാണ് പറയുന്നത്; സിഗരറ്റ് വാങ്ങാൻ....
സ്വയം ചെറുതാവുന്ന അനുഭവം തീരെ സഹിക്കാൻ പറ്റാത്തതാണ്. ഒപ്പം മുമ്പിലുള്ള ആൾ വലുതാവുക കൂടി ചെയ്താൽ. കഴിഞ്ഞ കൊല്ലത്തെ അരുചികരമായ അനുഭവം ഉണ്ടാക്കിയ പോറൽ ഇപ്പോഴും അരുണിന്റെ മനസ്സിൽ ഉണ്ടെന്നു തോന്നുന്നു. അവൻ പറഞ്ഞു.
എനിയ്ക്ക് താൽപര്യല്ല്യച്ഛാ.
അയാൾ പിന്നെ നിർബ്ബന്ധിച്ചില്ല.
ഡിന്നർ മഹത്തായ ഒരു സംഭവമായിരുന്നു. മുറ്റത്ത് പുൽത്തകിടിയിൽ നാലു മേശകളിട്ട് വിരി വിരിച്ച് അതിന്മേലായിരുന്നു വിഭവങ്ങൾ നിരത്തിയിരുന്നത്. ഫൈവ്സ്റ്റാർ ഹോട്ടലിലെ ഗ്രേഡ് വൺ റസ്റ്റോറണ്ടിൽ ഏൽപ്പിച്ചിരിക്കയായിരുന്നു സദ്യ. അപൂർവ്വമായി കിട്ടുന്ന വിഭവങ്ങൾ. കോഴിയിറച്ചി, ആട്ടിറച്ചി, വലിയ ചെമ്മീൻ, ആവോലി ഇവയെല്ലാം കൊണ്ട് പലതരം വിഭവങ്ങൾ. പത്തുപന്ത്രണ്ട് വിഭവങ്ങൾ നിരത്തിയിരിക്കുന്നു. ബുഫെ ഡിന്നർ.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അളിയൻ പറഞ്ഞത്.
മാലിനിക്ക് ഒരു ചെറിയ ഓപ്പറേഷൻ വേണം.
ഓപ്പറേഷനോ? ആറ് സഹോദരന്മാർ ഒപ്പം ചോദിച്ചു.
അതെ, ചെറിയ ഓപ്പറേഷനാണ്. അപ്പെന്റിസൈറ്റിസ്.
അപ്പെന്റിസൈറ്റിസ് ചെറിയ ഓപ്പറേഷനോ?
മൂത്ത ജ്യേഷ്ഠൻ ഉറക്കെ പറഞ്ഞു.
നല്ല കഥ്യായി. മേജർ ഓപ്പറേഷനാണ്.
ശരിയാണ്. മറ്റു അഞ്ചു സഹോദരന്മാരും ഒരു കോറസ്സായി പറഞ്ഞു. നാലാമത്തെ ആൾ മാത്രം ഒന്നും പറഞ്ഞില്ല. അയാൾ പെങ്ങൾക്കു വന്നു ചേർന്ന ഭാഗ്യക്കേടിൽ വ്യസനിച്ചു. അളിയൻ ബാങ്കിൽ ഓഫീസറാണ്. വലിയ കുഴപ്പമില്ലാതെ പോകുകയാണെങ്കിൽ ഒരു മാതിരി നന്നായി ജീവിക്കാൻ പറ്റും. ഒരു സ്ഥലം വാങ്ങി വീടു പണിയാൻ ശ്രമിച്ചു. കുറെ കടമായിപ്പോയി. അതിനിടയ്ക്കാണ് ഈ ഓപ്പറേഷൻ. കഴിഞ്ഞ ഞായറാഴ്ച അവിടെ പോയപ്പോൾ അളിയൻ ഇതിനെപ്പറ്റിയെല്ലാം പറഞ്ഞതാണ്.
ആട്ടെ എവിടെവെച്ചാണ് ഓപ്പറേഷൻ?
ഒരു സഹോദരൻ ചോദിച്ചു.
ഗവർമ്മേണ്ട് ആശുപത്രിയിൽ വെച്ച്.
അളിയൻ പറഞ്ഞു.
എന്ത് ഗവർമ്മേണ്ട് ആശുപത്രിയോ?
അഞ്ചാമത്തെ സഹോദരനാണ് പറഞ്ഞത്.
എല്ലാവരും അയാളെ നോക്കി.
നമ്മൾ ഇത്ര കേമന്മാരായ ഏഴ് ബ്രദേഴ്‌സ് ഇരിക്കുമ്പോൾ നമ്മടെ അനുജത്തിയെ ഗവർമ്മേണ്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയോ?
ശരിയാണ്. മൂത്ത ജ്യേഷ്ഠൻ പറഞ്ഞു. നമ്മുടെ തറവാട്ടിൽ നടാടെയാണ് ഒരു പെൺകുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. നമുക്കതു സെലബ്രേറ്റ് ചെയ്യണം.
അതെയതെ സെലബ്രേറ്റ് ചെയ്യണം.
രണ്ടാമത്തെ ആളാണ് ബോംബെ സഹോദരൻ. അയാൾ തുടർന്നു.
ഇവിടെ ഏറ്റവും നല്ല ഹോസ്പിറ്റൽ ഏതാണ്? ബോംബെയിലാണെങ്കിൽ ബ്രീച്ച് കാൻഡി ഹോസ്പിറ്റലുണ്ട്. നമ്മുടെ വിനോദിന്റെ ടോൺസിൽസ് അവിടെയാണ് റിമൂവ് ചെയ്തത്. എയർകണ്ടീഷൻ ചെയ്ത മുറിയാണ്. രണ്ടു ദിവസം ഉണ്ടായിരുന്നു. വളരെ റീസണബ്ൾ ചാർജ്. ഏയ്റ്റ് തൗസന്റുമാത്രം.
വെരി റീസണബ്ൾ. അഞ്ചാമത്തെ സഹോദരൻ പറഞ്ഞു.
ശരിയായി. നാലാമത്തെ സഹോദരൻ മനസ്സിൽ കരുതി. ഒരു ടോൺസെൽസ് ഓപ്പറേഷന് എണ്ണായിരം ഉറുപ്പിക. അതുപോലത്തെ ആശുപത്രികൾ ഇവിടെ ഇല്ലാതിരിക്കട്ടെ.
നമുക്ക് മാലിനിയെ നല്ല ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം.
മൂത്ത ജ്യേഷ്ഠൻ പറഞ്ഞു. നമ്മളൊക്കെയില്ലേ?
ഇവിടെ ഏറ്റവും നല്ല സർജൻ ആരാണ്?
ബോംബെ ജ്യേഷ്ഠൻ ചോദിച്ചു.
പിന്നെ അഭിപ്രായങ്ങളുടെ ഒരു പ്രളയമായിരുന്നു. ഒരു മണിക്കൂർ നേരത്തെ ചർച്ചക്കും നാലു തരം മധുരപലഹാരങ്ങൾക്കും മൂന്നുതരം ഐസ് ക്രീമുകൾക്കും ശേഷം അനുജത്തിയെ കാണിക്കേണ്ട ഡോക്ടർ, അഡ്മിറ്റ് ചെയ്യേണ്ട ആശുപത്രി എന്നിവയെപ്പറ്റി ഒരു അന്തിമതീരുമാനം ഉണ്ടായി. എയർകണ്ടീഷൻഡ് റൂം എടുക്കണമെന്നും തീരുമാനിച്ചു.
ഇത്രയധികം പണം ചെലവാക്കുന്നതിൽ അളിയന് ആദ്യം എതിർപ്പുണ്ടായിരുന്നു. പക്ഷേ ജ്യേഷ്ഠന്മാർ വിടുമോ? നമ്മൾ നായന്മാരാണ്. നായർ തറവാടിൽ പെങ്ങളാണ് വലുത്. മനസ്സിലായില്ലേ? അപ്പോ നമുക്ക് നായർമാഗ്നാനിമിറ്റി കാട്ടണം.
എല്ലാ സഹോദരന്മാരും സമ്മതിച്ചു.
ഭാര്യമാർ മാത്രം അന്യോന്യം നോക്കി മുറുമുറുത്തു. നായർ മാഗ്നാനിമിറ്റിയിൽ അവർക്കു വലിയ ഉത്സാഹമില്ലാത്തപോലെ തോന്നി. വർദ്ധിച്ച ചെലവുകളെപ്പറ്റി അവർ പറഞ്ഞുതുടങ്ങി.
ദിലീപിന് മണിപ്പാലില് മെഡിസിന് അഡ്മിഷൻ കിട്ടാൻ രണ്ടുലക്ഷം വേണം. കയ്യിലാകെ ഒന്നേകാൽ ലക്ഷേള്ളൂ. എഴുപത്തഞ്ചിന് ഇനി എവിടെപ്പോണംന്നറിയില്ല്യ.
മോൾടെ കല്ല്യാണം അടുത്ത മെയ്‌ല്ണ്ടാവുന്ന് തീർച്ച്യാണ്. നാലു ലക്ഷെങ്കിലും ചെലവു വരും. എവിടുന്നുണ്ടാക്കാനാണ്...
നാലാമത്തെ സഹോദരനും ഭാര്യയും എല്ലാം കേട്ടു. എല്ലാം കണ്ടു. അവർ അഭിപ്രായമൊന്നും പറഞ്ഞില്ല. അഭിപ്രായമില്ലാഞ്ഞിട്ടല്ല. അവരുടെ അഭിപ്രായങ്ങൾക്ക് വേണ്ടത്ര കനമുണ്ടാവില്ലെന്നവർക്കറിയാം. അവർ മുറ്റത്തിനരുകിൽ ആൾക്കൂട്ടത്തിന്നകലെ കൊണ്ടു പോയി ഇട്ട കസേരകളിൽ പോയിരുന്നു. തൽക്കാലം ഒരു പ്രശ്‌നമുണ്ടായിരിക്കയാണ്. മറ്റു സഹോദരന്മാരെല്ലാം കയ്യഴിച്ച് ചെലവും ചെയ്യും, പെങ്ങളുടെ ഓപ്പറേഷനു വേണ്ടി. അപ്പോൾ തങ്ങളും എന്തെങ്കിലും കൊടുക്കേണ്ടേ? സർക്കാർ ആശുപത്രിയിലാണെങ്കിൽ അളിയന് ഒറ്റയ്ക്കു തന്നെ താങ്ങാവുന്ന ചെലവേ വരു.
നമുക്ക് കുറച്ചു പണം കരുതാം. ആവശ്യമായി വന്നാൽ മാത്രം കൊടുത്താൽ മതി. ഭാര്യ പറഞ്ഞു.
അവരെല്ലാം പണമുള്ള പാർട്ടികളാണ്. നമുക്ക് ഒരു ആയിരം ഉറുപ്പികയുണ്ടാക്കണമെങ്കിൽ വള പണയം വെക്ക്യന്നെ വേണ്ടിവരും.
ഓപ്പറേഷന്റെ തലേന്ന് അയാൾ ഭാര്യയുടെ വള പണയംവെച്ച് ആയിരം ഉറുപ്പിക കയ്യിൽ കരുതി.
അളിയൻ ആയിരം ഉറുപ്പിക കരുതിയിരുന്നു. ആ സംഖ്യ മുഴുവൻ ആശുപത്രിയിൽ അഡ്വാൻസായി കൊടുക്കേണ്ടിവന്നു.
ഓപ്പറേഷൻ 'സെലിബ്രേറ്റ്' ചെയ്യാൻ എല്ലാ സഹോദരന്മാരും എത്തിയിരുന്നു. അവർ ഓപ്പറേഷൻ കഴിയുന്നതു വരെ ആശുപത്രിയുടെ സിറ്റിംഗ് റൂമിൽ ഇരുന്ന് ലക്ഷങ്ങളുടെ കഥകൾ പറഞ്ഞു. എം.എസ്. ഡോക്ടറായ മൂന്നാമത്തെ ജ്യേഷ്ഠനെ ഓപ്പറേഷൻ തിയറ്ററിൽ കടത്തിയിരുന്നു. വെറുതെ, സ്വന്തം ആൾ അടുത്തുണ്ടാവുന്നത് പെങ്ങൾക്ക് ഒരു ധൈര്യമാവുമല്ലോ. അളിയന് സമാധാനമായി. കേമന്മാരായ അളിയന്മാരുണ്ടായാൽ കാര്യങ്ങൾ അതിന്റെ മുറയ്ക്ക് നടന്നുകൊള്ളും. ആങ്ങളമാർ ഉച്ചയ്ക്കുള്ള കുറച്ചു സമയം മാത്രം അവരവരുടെ വീടുകളിലേക്ക് പോയി. വീണ്ടും നാലുമണിയോടെ തിരിച്ചുവന്നു.
ബോധം വന്നപ്പോൾ എല്ലാ ജ്യേഷ്ഠന്മാരും കിടക്കയ്ക്കു ചുറ്റുമുണ്ട്. മാലിനിക്കു സന്തോഷമായി. കരുത്തുള്ള ഏഴു ജ്യേഷ്ഠന്മാർ ചുറ്റുമുള്ളപ്പോൾ പെങ്ങൾക്ക് എന്തു പേടിയ്ക്കാൻ.
ഡോക്ടർ വന്ന് രോഗിയെ പരിശോധിച്ചു. ഡോക്ടർമാരായ രണ്ടു ജ്യേഷ്ഠന്മാരുമായി സംസാരിച്ചു.
എവ്‌രിതിംഗ് ഈസ് ഓകേ. നാലു ദിവസത്തിനകം ആശുപത്രി വിടാം.
എയർ കണ്ടിഷൻഡ് മുറി സുഖമായിരുന്നു. അല്ലലില്ല. അലട്ടുമില്ല. ആശുപത്രിയിലാണ് കിടക്കുന്നത് എന്നുതന്നെ തോന്നില്ല. പിറ്റെ ദിവസവും എല്ലാ ജ്യേഷ്ഠന്മാരും എത്തി. അനുജത്തി ഉല്ലാസവതിയാണെന്നു കണ്ട് സംതൃപ്തിയടഞ്ഞു.
രണ്ടാമത്തെ ജ്യേഷ്ഠന് പക്ഷേ പെട്ടെന്ന് ബോംബെയ്ക്ക് മടങ്ങണം. അയാൾ പറഞ്ഞു.
സീറ്റ് കിട്ടുമോ എന്നു നോക്കി. നാളത്തേക്ക് വെയ്റ്റിംഗ് ലിസ്റ്റാണ്. പക്ഷേ കിട്ടാതിരിക്കില്ല. ലീലയും കുട്ടികളും രണ്ടാഴ്ചകൂടി ഇവിടെയുണ്ടാകും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ലീലയോട് പറഞ്ഞാൽ മതി.
നാലാം ദിവസം മൂത്ത ജ്യേഷ്ഠന് പുറത്തെവിടെയോ പോകേണ്ടതു കൊണ്ട് വരാൻ പറ്റിയില്ല. മൂന്നാമത്തെ ജ്യേഷ്ഠന് ഓപ്പറേഷൻ ദിവസമായിരുന്നു. അഞ്ചാമത്തേയും ആറാമത്തേയും സഹോദരന്മാർ കൊടൈക്കനാൽ കാണാൻ കുടുംബസമേതം പോയിരിക്കയാണ്. എന്നാണ് തിരിച്ചുവരുന്നതെന്നറിയില്ല. ഏഴാമത്തെ ആളുടെ വിവരമൊന്നുമില്ല.
നാലാമത്തെ സഹോദരൻ മാത്രം ഓഫീസ് വിട്ട് വൈകുന്നേരം അഞ്ചര മണിക്ക് എത്തി. അദ്ദേഹം വളരെ പരിതാപകരമായ ഒരു ദൃശ്യമാണ് കണ്ടത്. അളിയൻ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നു.
അവര് ഡിസ്ചാർജ് ചെയ്ത് കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞു. മാലിനി പറഞ്ഞു. അവൾ കരയുകയായിരുന്നെന്നു തോന്നുന്നു. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.
ഏട്ടന്മാരെ ആരേം കാണാനില്ല. ബില്ലാണെങ്കില് വളരെയധികം വന്നിട്ടുംണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്തില്ലെങ്കില് വേറൊരു അഞ്ഞൂറുറുപ്പിക കൂടി കൂടുംന്നാ പറഞ്ഞത്.
ഇപ്പൊ എത്ര്യായി ബില്ല്?
നാലായിരത്തിൽ ചില്ല്വാനം ആയിട്ട്ണ്ട്‌ത്രെ. ചേട്ടന്റെ കയ്യിലാണെങ്കില് പത്തഞ്ഞൂറുറുപ്പികയേ ഉള്ളൂ. ഇപ്പൊ ഒക്കെക്കഴിഞ്ഞ് എന്നെ ചീത്ത പറ്യാണ്. സർക്കാർ ആശുപത്രീലായിരുന്നെങ്കിൽ ഒരു ആയിരത്തഞ്ഞൂറിന് എല്ലാം നടന്നുകിട്ടിയേനെ. ഏട്ടന്മാര് പറഞ്ഞിട്ടേ ഈ ആശുപത്രീല് അഡ്മിറ്റ് ചെയ്തതും എയർകണ്ടീഷൻഡ്‌റൂം എടുത്തതും ഒക്കെ.
അയാൾ അളിയനെ തേടി നടന്നു. അളിയൻ ഓഫീസിനു മുമ്പിൽ വിഷണ്ണനായി നിൽക്കുകയാണ്.
എന്റെ കയ്യിൽ ആയിരം ഉറുപ്പികയുണ്ട്. അയാൾ അളിയനോടു പറഞ്ഞു. ബാക്കിക്ക് എന്താ ചെയ്യാ?
അതാ ഞാൻ ആലോചിക്കണത്. ഈ വൈകിയ സമയത്ത്. നാളെയാണെങ്കിൽ വല്ല പണ്ടം പണയം വെച്ചെങ്കിലും സംഖ്യ ഒപ്പിക്കാമായിരുന്നു.
ഈ ആയിരം വള പണയം വെച്ച് കിട്ടീതാ... ഇനി വേണമെങ്കിൽ വേറെ മാലയും പണയംവെച്ചാ കുറച്ചു കൂടിണ്ടാക്കാം.
വേണ്ട. അളിയൻ പറഞ്ഞു. ഇനി നാളെയല്ലേ എന്തായാലും പറ്റൂ. മാലിനിയുടെ വല്ല പണ്ടങ്ങളും പണയം വെക്കാം. ഏതായാലും കയ്യിലുള്ള ആയിരം തരൂ.
ഉറങ്ങാൻ കിടക്കുമ്പോൾ നായർ മാഗ്നാനിമിറ്റിയെപ്പറ്റി നാലാം സഹോദരൻ ഭാര്യയോടു പറഞ്ഞപ്പോൾ അവൾ കുറെ നേരം ചിരിച്ചു. ഒടുവിൽ പറയുകയും ചെയ്തു.
വിജയത്തിന്റെ രഹസ്യമെന്താണെന്നറിയുമോ? എപ്പോൾ മുന്നേറണം, എപ്പോൾ പിന്മാറണം എന്നതറിയുക. നമുക്കറിയാത്ത കാര്യവും അതു തന്നെ. നമ്മൾ വിജയിക്കാത്തതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലായില്ലേ.
അവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഒരു കറയുമില്ലാത്ത ഹൃദയം തുറന്ന ചിരി.