സ്ത്രീ, സ്വാതന്ത്ര്യം, ഭ്രൂണഹത്യ

പലപ്പോഴും പുരോഗതിയുടെ പാതയിൽ ഒരടി മുന്നോട്ടു പോകുമെന്നുദ്ദേശിച്ചു ചെയ്യുന്ന കാര്യങ്ങൾ വിഗതിയിലേക്കു രണ്ടടി പിന്നോക്കം വയ്ക്കുകയാണ് പതിവ്. ആംനിയോ സെന്റസിസ് ടെസ്റ്റ് (Amniocentesis Test) നിയമംമൂലം നിരോധിച്ച മഹാരാഷ്ട്ര ഗവൺമെന്റും ഇതാണു ചെയ്തത്.

ഗർഭസ്ഥശിശുവിന്റെ ലിംഗം മനസ്സിലാവാൻ ഉതകുന്ന ടെസ്റ്റാണ് ആംനിയോ സെന്റസിസ്. നിരോധിച്ചവരുടെ വാദമെന്തെന്നാൽ, ടെസ്റ്റിൽ ഗർഭസ്ഥശിശു പെണ്ണാണെന്നു മനസ്സിലായായൽ അച്ഛനമ്മമാർ ഗർഭഛിദ്രം നടത്തുമെന്നും ഇതു വിവേചനത്തിനും, അതുമൂലം കാലക്രമത്തിൽ ജനസംഖ്യയുടെ സ്ത്രീപുരുഷാനുപാതത്തെ പ്രതികൂലമായി തകിടം മറിക്കുന്ന പരിതസ്ഥിതിക്കും കാരണമാവുകയും ചെയ്യുമെന്നാണ്. കാര്യം ശരി തന്നെ. ഉത്തരേന്ത്യയിൽ ഈ ടെസ്റ്റുകൾ കാര്യമായി നടത്തുന്നത് ലിംഗനിർണ്ണയത്തിനുവേണ്ടിയാണ്. ഗർഭസ്ഥശിശുവിന്റെ ജൈവപരമായ ആരോഗ്യനില നിർണയിക്കാനാണ് ഈ ടെസ്റ്റ് കാര്യമായിട്ടുദ്ദേശിച്ചിട്ടുള്ളത്. ലിംഗനിർണയം നടക്കുമെന്നത് ഒരു ഉപജന്യം മാത്രമാണെങ്കിലും, ഇപ്പോൾ ആ ഉദ്ദേശ്യത്തോടു കൂടിയാണ് കൂടുതൽപേരും ഈ ടെസ്റ്റ് നടത്തുന്നത്.

ജൈവപരവും പരമ്പരാഗതവുമായ വൈകല്യങ്ങൾ ഗർഭസ്ഥശിശുവിലേക്കു പകർന്നിട്ടുണ്ടോ എന്നു കണ്ടുപിടിച്ച്, അതിനുവേണ്ട പരിഹാരചികിത്സകൾ ചെയ്യുക വഴി വൈകല്യമില്ലാത്ത കുട്ടികളെ പ്രസവിക്കുകയും, വൈകല്യങ്ങളുണ്ടായേക്കാവുന്ന ഭ്രൂണത്തെ നശിപ്പിക്കുകയും ചെയ്യാൻ അവസരം നൽകുന്ന ഈ ടെസ്റ്റ് നിരോധിക്കുന്നതിനു മുമ്പ് മഹാരാഷ്ട്ര സർക്കാർ ഒരിക്കൽകൂടി ആലോചിക്കേണ്ടതായിരുന്നു. മുറ്റത്തു ചവറു വന്നു വീഴുന്നു എന്ന കാരണം കൊണ്ടു മരം മുറിച്ചു മാറ്റുന്നപോലെയാണത്. മരം കൊണ്ടുള്ള മറ്റനേകം പ്രയോജനങ്ങൾ ഇല്ലാതാക്കലാണത്.

പിന്നെ, ഗർഭസ്ഥശിശു പെണ്ണാണെങ്കിൽ ഗർഭഛിദ്രം ചെയ്യുന്നതിലെ ധാർമ്മികവും സാമ്പത്തികവും പ്രായോഗികവും ആയ വശങ്ങളെപ്പറ്റി ചിന്തിക്കാം. ഭ്രൂണഹത്യയിലെ ധർമ്മാധർമ്മങ്ങളെപ്പറ്റി വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. ഇവിടെ പ്രശ്‌നം പെൺഭ്രൂണഹത്യ എത്രത്തോളം ന്യായീകരിക്കാനാവും എന്നതു മാത്രമാണ്. ഭ്രൂണഹത്യ പാപമല്ലെന്നു നാം തീർച്ചയാക്കിക്കഴിഞ്ഞു, അപ്പോൾ നശിപ്പിക്കപ്പെടുന്ന ഭ്രൂണത്തിന്റെ ലിംഗം എന്തായാലെന്ത്?

സാമ്പത്തികവും പ്രായോഗികവും ആയ വശങ്ങളാണ് കൂടുതൽ ചിന്തയർഹിക്കുന്നത്. പിറന്നുവീഴുന്ന ഒരു പെൺശിശുവിന് സന്തോഷകരമായി, ആരോഗ്യത്തോടെ, ബഹുജനകാരുണ്യത്തോടെ, മാന്യതയോടെ ജീവിക്കാൻ പറ്റിയ ഒരു ലോകമല്ല ഇന്നു നാം ഉണ്ടാക്കിവച്ചിരിക്കുന്നത്. ഇതൊരു പുരുഷമേധാവിത്വത്തിന്റെ ലോകമാണ്. സമ്മതിക്കാതെ വയ്യ. കരുത്തുകൊണ്ടു തനിക്കു നഷ്ടപ്പെടാൻ ഒന്നുമില്ല, വെറും കുറച്ചു രേതസ്സു മാത്രം എന്ന അഹങ്കാരത്താൽ പുരുഷൻ വിരാജിക്കുന്നു. സ്ത്രീയാകട്ടെ സഹജവും ശാരീരികഘടനാസംബന്ധിയുമായ ദൗർബല്യങ്ങളാലും അനാദികാലം തൊട്ടേയുള്ള സംരക്ഷണത്തിനുള്ള വെമ്പലിലും ചില്ലറ സുഖസൗകര്യങ്ങളും മദ്ധ്യാഹ്നസുക്ഷുപ്തി മുതലായ അലസതകൾ മോഹിച്ചും ഈ മേധാവിത്വത്തിനു ബോധപൂർവ്വമായോ മറിച്ചോ വഴങ്ങുകയും ചെയ്യുന്നു. പ്രബുദ്ധരായ ഏതാനും സ്ത്രീകളൊഴിച്ച്, ഒരു ശരാശരി സ്ത്രീയോടു ചോദിക്കൂ അവർ പുരുഷമേധാവിത്വത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന്. അവർക്ക് അങ്ങനെയൊരു പ്രശ്‌നമേയില്ലെന്നു പറയും. ഇങ്ങനെയൊക്കെയല്ലേ വേണ്ടത് എന്ന മറുചോദ്യമുണ്ടാകും. അവരുടെ അവശതകൾ അവർ സ്വയം മനസ്സിലാക്കുന്നില്ല, എന്നു മാത്രമല്ല, കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതവും സ്വതന്ത്രമായി ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യവും തങ്ങൾക്കവകാശപ്പെട്ടതാണെന്നും അവർ അറിയുന്നില്ല. സ്ത്രീ വിമോചനക്കാർ ഈ വഴിക്കു വല്ല ശ്രമവും നടത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. സാധാരണക്കാരായ സ്ത്രീകളെ പ്രബുദ്ധരാക്കാറുള്ള ശ്രമമാണ് സ്ത്രീസ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യത്തെപടി.

മറ്റെല്ലാ തുറയിലുമെന്നപോലെ സാമ്പത്തിക മേധാവിത്വമാണ് സാമൂഹ്യമേധാവിത്വത്തിനു വഴി തെളിക്കുന്നത്. ഇവിടെ പുരുഷനാണ് പണം സമ്പാദിക്കുന്നത്. സ്ത്രീകളും സമ്പാദിക്കുന്നില്ലെന്നില്ല പക്ഷേ ആകെത്തുക നോക്കിയാൽ ജോലിയുള്ള സ്ത്രീകളുടെ എണ്ണം കുറയും. അപ്പോൾ പുരുഷൻ ചിന്തിക്കുന്നതെന്തന്നാൽ ഞാനാണ് പണം സമ്പാദിക്കുന്ന വ്യക്തി, അതുകൊണ്ട് എന്റെ മാനസിക, ഭൗതികാവശ്യങ്ങളെല്ലാം നിറവേറ്റി എന്നെ എല്ലാവിധത്തിലും ശുശ്രൂഷ ചെയ്തു സന്തോഷിപ്പിക്കണം. എങ്കിലേ ഞാൻ കനിഞ്ഞ് നിങ്ങളുടെ (സ്ത്രീജനങ്ങളുടെ) അത്യാവശ്യം വേണ്ട കാര്യങ്ങൾക്കുള്ള പണം തരികയുള്ളൂ എന്നാണ്.

അവനെ സംബന്ധിച്ചിടത്തോളം ഓഫീസിൽ ഫാനിന്റെ താഴെയിരുന്നു ചെയ്യുന്ന കൂലിപ്പണിയാണു വീട്ടിലിരുന്നു കുട്ടികളെ നോക്കുക, വീട്ടുകാര്യങ്ങൾ ചെയ്യുക തുടങ്ങിയ ജോലികളേക്കാൾ ശ്രേഷ്ഠം. ഈ വിചാരഗതിക്കു പിന്നിൽ തന്റെ ജോലിക്കു പണം കിട്ടുന്നുണ്ട്, ഭാര്യയുടെ ജോലിക്കു ശമ്പളം കിട്ടുന്നില്ല എന്ന അഹന്തയാണ് ഉള്ളത്. ഭാര്യയുടെ ജോലി, അതായത്, വീട്ടുജോലികൾ, ഗർഭധാരണം, കുട്ടികളെ വളർത്തിയെടുക്കൽ മുതലായവ, അവൻ ചെയ്യുന്ന ജോലിയുടെ അത്രതന്നെയോ അതിലും മഹത്താണെന്നോ അല്ല, അവ ജോലിയാണെന്നുതന്നെ ആ വങ്കൻ മനസ്സിലാക്കുന്നില്ല. ഭാര്യ സ്വന്തം വീട്ടിലിരുന്ന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നതുകൊണ്ടാണ് വെള്ളക്കോളറിട്ട മഹാനുഭാവന് ഓഫീസിന്റെ സുഖസൗകര്യങ്ങളുടെ ശീതളഛായയിൽ ജോലിയെടുക്കാൻ പറ്റുന്നത്. അതായത് അയാൾക്കു കിട്ടുന്ന ശമ്പളം അയാളുടെ ഭാര്യയുടെ യത്‌നങ്ങൾക്കും കൂടിയുള്ള വേതനമാണ്, അതു ഭാര്യയുമായി തുല്യമായി പങ്കുവെക്കുക തന്നെ വേണം. സാമ്പത്തിക ഭദ്രത കൈവന്നാൽ മറ്റു സ്വാതന്ത്ര്യങ്ങൾ വഴിയെ വന്നുകൊള്ളും, ഭർത്താവിന്റെ വേതനം വീട്ടുജോലികൾ നോക്കുന്ന ഭാര്യയുമായി തുല്യമായി പങ്കിടണമെന്ന ഒരു നിയമം വന്നാൽ നോക്കൂ, എന്തെന്തു മാറ്റങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മേഖലകളിൽ വരില്ല.

ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ടല്ലോ. പൊന്തയ്ക്കു ചുറ്റും തല്ലരുതെന്ന്. അതുപോലെയാണ് സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കോലാഹലവും. പൊന്തയ്ക്കു ചുറ്റും ആണ് തല്ലുന്നത് - ഉള്ളിലെത്തുന്നില്ല.

ആംനിയോ സെന്റസിസ് എന്ന ടെസ്റ്റ് നിരോധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ഒരു ഭയം ആ ടെസ്റ്റ് വഴി നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ പിൽക്കാലത്ത് ജനസംഖ്യയിലെ സ്ത്രീപുരുഷാനുപാതത്തിന്റെ തോത് തകിടം മറിക്കുമെന്നാണ്. ഇതിനെ ഭയപ്പെടേണ്ടതില്ല. ഇന്നത്തെ നിലവെച്ചു നോക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലാണ്. സ്ത്രീകളോടു വിവേചനബുദ്ധിയോടെ പെരുമാറാനുള്ള ഒരു കാരണവും ഇതാണ്. എന്തു സാധനവും, അതുധാതുക്കളായാലും വൃക്ഷലതാദികളായാലും, മനുഷ്യരായാലും അപൂർവമാണെങ്കിൽ വിലയേറിയതുമാവും. അപ്പോൾ വിലയുണ്ടാവാൻ, സമൂഹത്തിൽ മാന്യതയും സ്വീകാര്യതയും ഉണ്ടാവാനുള്ളവഴി അപൂർവമാവുകയെന്നതാണ്. ഇന്നത്തെ അനുപാതം മാറി സ്ത്രീപുരുഷന്മാർ 3 : 7 എന്ന തോതിലായെന്നു കരുതുക. ഒരു സ്ത്രീജനത്തെ എങ്ങനെയെങ്കിലും കിട്ടാനായി പുരുഷവർഗം പരക്കം പായും. അതിനുവേണ്ടി എന്തും ത്യജിക്കാൻ തയ്യാറാവുകയും ചെയ്യും. കാലക്രമത്തിൽ സ്ത്രീധനം എന്നത് പുരുഷധനം എന്ന വ്യവസ്ഥിതിക്കു വഴിമാറിക്കൊടുക്കയും ചെയ്യും.

ചിരിക്കേണ്ട. പല അറബ് രാജ്യങ്ങളിലും നിലവിലുള്ള സ്ഥിതിവിശേഷമാണിത്. അവിടെ സാമ്പത്തികയമായി താഴേപ്പടിയിൽ നിൽക്കുന്ന ഒരു സാധാരണക്കാരന് പെണ്ണുകിട്ടാൻ വലിയ ഞെരുക്കമാണ്. കണ്ടമാനം പണം ചെലിവിട്ടും യാതന സഹിച്ചും നേടുന്ന ഒരു സ്ത്രീരത്‌നത്തെ ചുട്ടെരിക്കാനെന്നല്ല, മേശമായി പെരുമാറാൻ കൂടി ആരും മെനക്കടില്ല.

ആ നിലയ്ക്കു നോക്കിയാൽ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയത്തിനുള്ള ടെസ്റ്റ് സ്വാഗതാർഹമാണെന്നാണ്, എന്റെ പക്ഷം. അതു നിരോധിക്കുകവഴി അനാവശ്യമായ കുട്ടികളെ ജനിപ്പിക്കുകയും പിൽക്കാലങ്ങളിൽ അവരെ പീഡനങ്ങൾക്കു വിധേയരാക്കുകയുമാണ് ചെയ്യുന്നത്.

ഈ അഭിപ്രായത്തിനെതിരേ ആദ്യമായി പ്രതികരിക്കുക സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താക്കൾ തന്നെയായിരിക്കും. ഒരു സ്ത്രീപ്രജ ജനിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ? പ്രസവത്തിനു മുമ്പുതന്നെ വിവേചനമോ? അതവർക്കു ചിന്തിക്കാൻ കൂടി കഴിയില്ല. പക്ഷേ അവർ മനസ്സിലാക്കേണ്ടത് സാധാരണ പറയാറുള്ള പഴമൊഴിയാണ്. എണ്ണമല്ല കാര്യം ഗുണമാണ്. ഇവിടെ സ്ത്രീകൾക്കു പറ്റിയ കുഴപ്പം എണ്ണം കൂടിയെന്നതാണ്.

അച്ഛനമ്മമാർക്ക് ആവശ്യമില്ലാതെ പിറന്നുവീഴുന്ന സ്ത്രീജനങ്ങൾ തീർച്ചയായും പ്രശ്‌നങ്ങളുണ്ടാക്കും. തങ്ങളുടെ ഉത്തരവുകാരണം ജനിക്കാൻ അവസരം കിട്ടിയ പെൺകുട്ടികളുടെ സുഖാസുഖങ്ങൾ സർക്കാർ അന്വേഷിക്കുമോ? അവർക്കു വേണ്ട വിദ്യാഭ്യാസം, വസ്ത്രങ്ങൾ, വിവാഹച്ചെലവ്, എല്ലാറ്റിനും പുറമേ വിവാഹത്തിനുശേഷം അവരെ പീഡിപ്പിക്കുകയില്ലെന്ന ഗ്യാരണ്ടിയും ഇതെല്ലാം തന്നാൽ മാത്രമേ സർക്കാരിനു, ഗർഭസ്ഥശിശുവിന്റെ ലിംഗമറിയാനുള്ള ടെസ്റ്റ് നിരോധിക്കാൻ ധാർമ്മികമായി അവകാശമുള്ളു.

വിദ്യാഭ്യാസവും പ്രബുദ്ധതയും വർദ്ധിപ്പിക്കുന്നതോടൊപ്പം സ്ത്രീ തനിക്കു തുല്യരാണെന്ന ബോധം പുരുഷന്മാരിലുണ്ടാക്കാൻ കഴിയുമെന്ന വാദത്തിനു കഴമ്പില്ല എന്നാണ് സംഭവങ്ങൾ തെളിയിക്കുന്നത്. മനുഷ്യൻ കാടത്തത്തിലേക്കു തിരിച്ചു പോവുകയാണ്. സത്രീയുടെ ജീവനുള്ള ശരീരം ഭർത്താവിന്റെ ചിതയിൽ പിടഞ്ഞെരിയുന്നതു കാണുന്നതിൽ ആത്മനിർവൃതി കൊള്ളുന്നവരാണ് പുരുഷവർഗം. അവരുടെ മാനസാന്തരം വെറും വ്യാമോഹമാണ്.

മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റ് - 2008 മാര്‍ച്ച് 6

ഇ ഹരികുമാര്‍

E Harikumar