ഉറച്ച കാല്‍വെപ്പ്

എലിമെന്ററി സ്‌കൂളിന്റെ കുടുസ്സായ പടിവാതിലിൽക്കൂടികടന്നുചെന്ന് ഒന്നാം ക്ലാസിൽ ചേർന്ന് പടിപടിയായി അടിതെറ്റാതെ അഞ്ചാം ക്ലാസിലെത്തുകയും അവിടെനിന്ന് സ്വാഭാവികമായി എ.വി. ഹൈസ്‌ക്കൂളിൽ ഫസ്റ്റ് ഫോമിൽ ചേർന്ന് വീണ്ടും അടിതെറ്റാതെത്തന്നെ ക്ലാസുകളുടെ പടികൾ കയറി സിക്‌സ്ത്ത് ഫോമിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പാസായി ഹൈസ്‌ക്കൂളിന്റെ വിശാലമായ പടിവാതിലിൽക്കൂടി അതിലും വിശാലമായ ലോകത്തെ നേരിടാൻ പുറത്തേക്കിറങ്ങിയ നാണംകുണുങ്ങിയായ ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ഞാൻ.

ശരാശരി എന്നു പറയാൻ കാരണം ഞാൻ ഒരിക്കലും ക്ലാസിൽ ഒന്നാമനായിട്ടില്ല. പാഠപുസ്തകങ്ങൾ കരണ്ടുതിന്ന് പരീക്ഷയിൽ മാർക്കു വാങ്ങുന്നതിൽ എനിക്ക് ഒരിക്കലും വലിയ മതിപ്പുണ്ടായിരുന്നില്ല. വീട്ടിലുള്ള സമയം മുഴുവൻ എന്നെ കാണുക തൊടിയിലായിരിക്കും. കൈയിൽ കൈക്കോട്ടോ, വെട്ടുകത്തിയോ ഉണ്ടാകും. കിളക്കുമ്പോൾ ഉയർന്നുവരുന്ന മണ്ണിന്റെ മണം എനിക്ക് ലഹരി പകർന്നു. വിത്തുകൾ മുളച്ചുവരുന്നത്, മുളച്ച തൈകൾ വളർന്നു വരുന്നത്, ജീവന്റെ ആ ശക്തമായ വെമ്പൽ ഇല്ലേ, എല്ലാം എനിക്ക് ഹരമായിരുന്നു. ഞാനറിയാതെ തൊടിയിൽ ഒരു കൂമ്പു വിരിയാറില്ല എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. വേരുള്ള ഏതു ചെടിയേയും ഞാൻ സ്‌നേഹിച്ചിരുന്നു. അച്ഛൻ 'മുള്ളൻചീര' എന്ന കവിത എഴുതിയത് എന്നെക്കുറിച്ചല്ലെങ്കിൽ, ഞാൻ ജീവിച്ചിരുന്നത് ആ കവിതയിലെ കുട്ടിയായിട്ടായിരുന്നു. അച്ഛനു പകരം അമ്മമ്മയായിരുന്നു 'നടുതല'ത്തൈകളുമായി എത്താറ് എന്നുമാത്രം. അന്നെല്ലാം ഞാൻ മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകണം:

'വിജയിയ്ക്കു മേല്ക്കുമേൽ ക്രൗര്യമേ,
സംസ്‌കാര-
വിഭവത്തിലെന്നുടെ പൈതൃകം നീ.'

രണ്ടാമത് ഹരം പിടിച്ച് ചെയ്തിരുന്ന കാര്യം വായനയായിരുന്നു. വീട്ടിൽ നല്ല പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. പുറമെ സ്‌കൂൾ ലൈബ്രറിയിൽനിന്ന് പുസ്തകമെടുത്തിരുന്നു. സ്‌നേഹിതന്മാരെടുത്ത പുസ്തകം വാങ്ങി സ്‌കൂളിൽനിന്നുതന്നെ വായിച്ചു തീർക്കും. വായനയിലും കൃഷിയിലെപ്പോലെത്തന്നെ വിവേചനബുദ്ധിയൊന്നും കാണിച്ചിരുന്നില്ല. കൈയിൽ കിട്ടിയതെന്തും വായിക്കുക എന്നായിരുന്നു. 'പത്മാലയത്തിലെ കൊലപാതകം' തൊട്ട് 'പാവങ്ങൾ'വരെ.

ക്ലാസുകളിൽ വളരെയധികമൊന്നും ശ്രദ്ധിക്കാൻ കഴിയാറില്ല. മനസ്സ് സാവധാനത്തിൽ വഴുതിപ്പോകും. വായിച്ചുകൊണ്ടിരിക്കുന്ന നോവലിലെ കഥാപാത്രങ്ങളിലോ, സ്‌കൂളിലേയ്ക്കു വരുമ്പോൾ കാണാറുള്ള വയലുകളുടെ പച്ചപ്പിലോ, വിശാലതയിലോ തെന്നിത്തെറ്റി മനസ്സ് കാടുകയറും. ഇതിനൊരപവാദമുണ്ടായിരുന്നത് എലിമെന്ററി സ്‌കൂളിൽ ഗൗരിടീച്ചറുടെ ക്ലാസും, ഹൈസ്‌ക്കൂളിൽ അവസാനവർഷങ്ങളിൽ പഠിപ്പിച്ച കൃഷ്ണവാരിയർ മാസ്റ്റർ, ജനാർദ്ദന വാരിയർ മാസ്റ്റർ, ശൂലപാണിവാരിയർ മാസ്റ്റർ എന്നിവരുടെ ക്ലാസുകളുമായിരുന്നു. ഇംഗ്ലീഷും, കെമിസ്ട്രിയും ഫിസിക്‌സും എനിക്കിഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു എന്നതു മാത്രമല്ല അതിനു കാരണം. ഈ അദ്ധ്യാപകർ കുട്ടികളുടെ ശ്രദ്ധയാകർഷിക്കുന്നതിൽ എങ്ങിനെയോ വിജയിച്ചിരുന്നു. മറ്റു മാസ്റ്റർമാർ മോശമായിരുന്നു എന്നർഥമില്ല. അവരെല്ലാം തന്നെ വളരെ പ്രഗൽഭരായിരുന്നു. മാധവവാരിയർ, രാഘവവാരിയർ, ഗോപിനാഥമേനോൻ, നാരായണമേനോൻ തുടങ്ങിയവരെല്ലാം തന്നെ, പക്ഷേ, അവരെല്ലാം സ്‌നേഹത്തേക്കാളേറെ ഭയബഹുമാനങ്ങളാണ് എന്നിൽ ഉണർത്തിയിരിക്കുന്നത്. എന്നെ ഒരനുജനെപ്പോലെ കണക്കാക്കിയിരുന്ന ഒരദ്ധ്യാപകനായിരുന്നു ദേവസ്സി മാസ്റ്റർ. അന്നു ഹെഡ് മാസ്റ്റരായിരുന്ന ശേഖരവാരിയർ വല്ലപ്പോഴും ഒരു ക്ലാസെടുത്തിട്ടുണ്ടെന്നല്ലാതെ ഞങ്ങളെ സ്ഥിരമായി പഠിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അപൂർവസാന്നിദ്ധ്യം പക്ഷേ, ഭയബഹുമാനങ്ങൾ നിറയ്ക്കാൻ പര്യാപ്തമായിരുന്നു. എന്തായാലും ഒരു ശരാശരിയിൽനിന്ന് കുറച്ചുയരാൻ എനിക്കു കഴിഞ്ഞത് അവസാനത്തെ രണ്ടു വർഷങ്ങളിലായിരുന്നു.

സ്‌പോർട്‌സിൽ വളരെ മോശമായിരുന്നു ഞാൻ. സ്‌കൂൾ വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന മത്സരങ്ങളിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ല. ആകെ പങ്കെടുത്തിരുന്നത് ചെറുകഥയ്ക്കും കവിതയ്ക്കുമുള്ള മത്സരങ്ങളിലാണ്. അവയിലും സമ്മാനങ്ങളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. കാരണം കഥയ്ക്കും കവിതയ്ക്കും വിഷയങ്ങൾ തരാറുണ്ടായിരുന്നു. 'മാതൃസ്‌നേഹം', 'ദേശഭക്തി' തുടങ്ങിയവ. ഒരു വിഷയത്തെ ആസ്പദമാക്കി ലേഖനമെഴുതാമെന്നല്ലാതെ ചെറുകഥയും കവിതയും എങ്ങനെയാണ് എഴുതുക? ഞാൻ എന്തെങ്കിലും കുറിച്ചിട്ട് കടലാസ് മടക്കിവെച്ച് പോരും. സമ്മാനം കിട്ടാറില്ലെന്നുമാത്രം. ഫിഫ്ത്തുഫോമിൽ പഠിക്കുന്ന കാലത്താണ് ഞാൻ ആലോചിച്ചത്. ഇങ്ങനെയായാൽ പറ്റില്ല. വീട്ടു മാസികയിലും, ക്ലാസുമാസികയിലും കഥകളും കവിതകളും എഴുതി 'സ്ഥലത്തെ പ്രധാന എഴുത്തുകാരൻ' എന്ന പേരുമെടുത്ത്, സ്‌കൂൾ വിടുമ്പോൾ ഒരു സമ്മാനമെങ്കിലും നേടേണ്ടേ? എന്റെ പ്രശ്‌നം ഞാൻ അന്ന് സാഹിത്യമത്സരങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന വള്ളത്തോൾ ബാലചന്ദ്രമേനോൻ മാസ്റ്ററോടു പറഞ്ഞു. ബാലചന്ദ്രമേനോൻ മാസ്റ്റർ വളരെ ശ്രദ്ധാപൂർവം എന്റെ പ്രശ്‌നങ്ങൾ കേട്ടു. അതിൽ കാര്യമുണ്ടെന്നു മനസ്സിലാക്കി. അക്കൊല്ലം കവിതയ്ക്കും ചെറുകഥയ്ക്കും വിഷയങ്ങളൊന്നും തരുന്നില്ലെന്നും അവനവന് തോന്നുന്നതെഴുതാമെന്നും പറഞ്ഞു. ആശ്വാസത്തിന്റെ ഒരു ദീർഘശ്വാസം വിട്ടു ഞാൻ എഴുതാനിരുന്നു. അക്കൊല്ലം എനിക്ക് ചെറുകഥയ്ക്ക് ഒന്നാം സമ്മാനവും കവിതയ്ക്ക് രണ്ടാം സമ്മാനവും കിട്ടി. കവിതയ്ക്ക് ഒന്നാം സമ്മാനം കിട്ടിയത് എന്റെ ആത്മസുഹൃത്തും നിമിഷകവിയുമായിരുന്ന എ.കെ. വേണുഗോപാലനായിരുന്നു. അദ്ദേഹം പിന്നീട് എന്തുകൊണ്ടോ എഴുത്തു നിർത്തുകയാണുണ്ടായത്.

അന്ന് സമ്മാനം കിട്ടിയ കഥ യാതൊരു മാറ്റവും വരുത്താതെ ഇതോടൊപ്പം കൊടുക്കുന്നു. ഒരുപക്ഷേ, എന്റെ വളർച്ചയുടെ ഘട്ടങ്ങൾ പരിശോധിക്കേണ്ട അവസരം വരുമ്പോൾ ഇത് ആവശ്യമായി വന്നേയ്ക്കും.

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്