അഷ്ടമൂര്‍ത്തി
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ രണ്ടാം പാദവും എഴുപതുകളുടെ ആദ്യപാദവും മലയാള ചെറുകഥ അതുവരെ കാണാത്ത ആവിഷ്‌കരണശൈലി കൊണ്ടും പ്രമേയങ്ങള്‍ കൊണ്ടും പുതിയ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. `ശ്രീചക്രം' (കാക്കനാടന്‍), `ജോര്‍ജ് ആറാമന്റെ കോടതി' (എം. പി. നാരായണപിള്ള), `മൂന്നു യുദ്ധങ്ങള്‍' (ഒ. വി. വിജയന്‍), `യേശുപുരം പബ്ലിക് ലൈബ്രറിയേപ്പറ്റി ഒരു പരാതി' (സക്കറിയ), `രാധ രാധ മാത്രം' (എം. മുകുന്ദന്‍), `കൃഷ്‌ണഗന്ധകജ്വാലകള്‍' (കെ. പി. നിര്‍മ്മല്‍കുമാര്‍) എന്നിങ്ങനെയുള്ള രചനകളിലൂടെ മലയാളകഥ ഒരു കുതിച്ചുചാട്ടം നടത്തുകയായിരുന്നു. ആധുനികത എന്നു പേരിട്ടു വിളിച്ച ഈ പ്രസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ കേരളത്തിനു പുറത്തു താമസിച്ച് എഴുതുന്ന കുറച്ചു ചെറുപ്പക്കാരുടെ കയ്യിലായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. പ്രത്യേകിച്ചും അവരില്‍ ഭൂരിപക്ഷവും ദല്‍ഹിയില്‍ താമസിക്കുന്നവരായിരുന്നു.
ഈ കാലഘട്ടത്തില്‍, ദല്‍ഹിയിലും കല്‍ക്കത്തയിലും തുടര്‍ന്ന് ബോംബെയിലും ഇരുന്ന് മറ്റൊരു ചെറുപ്പക്കാരന്‍ കഥകളെഴുതുന്നുണ്ടായിരുന്നു. അറുപതുകളുടെ ആദ്യം മുതല്‍ അദ്ദേഹം ഈ രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിന്റെ `ഉണക്കമരങ്ങള്‍' (1965), കൂറകള്‍' (1966), `പ്രാകൃതനായ തോട്ടക്കാരന്‍' (1972) എന്നിങ്ങനെയുള്ള കഥകള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അസ്‌തിത്വവാദമോ ആധുനികതയോ ഒന്നും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ഇപ്പറഞ്ഞ കഥകളിലുണ്ടായിരുന്ന അല്‍പമാത്രമായ കാല്‍പനികത പോലും അദ്ദേഹത്തിന്റെ പിന്നീടുള്ള കഥകളില്‍നിന്ന് അപ്രത്യക്ഷമായി. ജീവിതത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുന്നതായിരുന്നു ആ കഥകള്‍. ചുറ്റുമുള്ള ജീവിതത്തിന്റെ ദൈന്യതയും മനുഷ്യരുടെ നിസ്സഹായതയും നിലവിളികളും അദ്ദേഹത്തിന്റെ കഥകളുടെ നിത്യവിഷയമായി. ആ കഥാകാരന്റെ പേര് ഇ. ഹരികുമാര്‍ എന്നായിരുന്നു.
മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അതിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. സ്വയം വഞ്ചിച്ചുകൊണ്ട് ഒരു വാക്കുപോലും എഴുതാത്ത എഴുത്തുകാരന് അടിപതറാതെ എത്രകാലം വേണമെങ്കിലും നില്‍ക്കാന്‍ കഴിയും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇ. ഹരികുമാര്‍. മനുഷ്യന്റെ വേദന എത്രകാലം നിലനില്‍ക്കുന്നുവോ അത്രയും കാലം ഹരികുമാറിന്റെ കഥകള്‍ക്കും പ്രസക്തിയുണ്ടാവും. ``എഴുത്തിന്റെ കാര്യത്തില്‍ വളരെയൊന്നും അദ്ധ്വാനിയ്‌ക്കുന്ന പതിവ് എനിയ്‌ക്കില്ല. എനിയ്‌ക്കറിയാവുന്ന സംഭവങ്ങളേ ഞാനെഴുതാറുള്ളു. എഴുതാന്‍ വേണ്ടി മാത്രം സംഭവങ്ങളുടെ പിറകേ പോവാറില്ല.'' എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു നിത്യസഞ്ചാരിയാരുന്നില്ല ഹരികുമാര്‍. പക്ഷേ അദ്ദേഹം തന്റെ പരിമിതമായ ഇടത്തിലിരുന്നുകൊണ്ട് ലോകം സൂക്ഷ്‌മമായി വീക്ഷിച്ചു. ചുറ്റുമുള്ള പരിസരങ്ങളിലേയ്‌ക്ക് കണ്ണും കാതും തുറന്നു വെച്ചാല്‍ എഴുതാന്‍ കിട്ടുന്ന വിഷയങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടാവില്ല എന്ന് ഹരികുമാര്‍ വിശ്വസിച്ചു.
ഹരികുമാറിന്റെ മറ്റൊരു പ്രസ്‌താവനയുമുണ്ട്: ``ഒരുപക്ഷേ എഴുത്തുകാരികളില്‍ മാധവിക്കുട്ടി ഒഴിച്ച് മറ്റുള്ളവരേക്കാള്‍ സ്‌ത്രീപക്ഷകഥകള്‍ രചിച്ചിട്ടുള്ളത് പുരുഷനായ ഞാനാണെന്നു തോന്നുന്നു.'' `എന്റെ സ്‌ത്രീകള്‍' എന്ന പുസ്‌തകത്തിനുള്ള ആമുഖത്തിലാണ് ഹരികുമാര്‍ ഇങ്ങനെ അവകാശപ്പെടുന്നത്. ഒരെഴുത്തുകാരനു സ്വയം തന്റെ കഥകളുടെ പ്രത്യേകതകളേപ്പറ്റി പറയേണ്ടിവരുന്ന ഗതികേട് ഗതികേട് നമ്മുടെ നിരൂപകശ്രേഷ്‌ഠരുടെ മൗനത്തിലേയ്‌ക്കാണ് വിരല്‍ ചൂണ്ടുന്നത്. ആധുനികപ്രസ്ഥാനത്തിലെ കഥാകളേപ്പറ്റി നൂറു നാവുകള്‍ കൊണ്ട് വിശകലനം ചെയ്‌ത അവര്‍ ഹരികുമാര്‍ എന്ന ഒരെഴുത്തുകാരന്‍ ഇവിടെയുണ്ടെന്നു തന്നെ ഭാവിച്ചില്ല. അത് ഒരുപക്ഷേ മനഃപൂര്‍വ്വമാവണമെന്നുമില്ല. വഴങ്ങാത്ത സങ്കീര്‍ണതകള്‍ ഹരികുമാറിന്റെ കഥകളില്‍ ഇല്ലാത്തതാവാം ഒരുപക്ഷേ അവരെ അതിലേയ്‌ക്ക് ആകര്‍ഷിക്കാതിരുന്നത്.
ഹരികുമാറിന്റെ 176 കഥകളില്‍നിന്ന് 20 എണ്ണം തിരഞ്ഞെടുക്കുക ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്‌തമോ മികച്ചതോ ആയതുകൊണ്ട് അത് വളരെ ദുഷ്‌കരമായി അനുഭവപ്പെട്ടു. ജീവിതം പോലെത്തന്നെ അത് വിശാലമായ മേച്ചില്‍പ്പറമ്പുകളില്‍ പരന്നും പടര്‍ന്നും പന്തലിച്ചും കിടന്നിരുന്നു. ഒരു വിരലു മടക്കവേ മറ്റ് ഒമ്പതെണ്ണം ഊഴം കാത്തു നില്‍ക്കുന്നതു കാണുമ്പോള്‍ അനുഭവപ്പെടുന്നതു പോലെ ഒരു സങ്കടം ഞങ്ങളെ ചൂഴ്‌ന്നു നിന്നിരുന്നു. കണ്ണടച്ചിരുന്ന് കയ്യെത്തിച്ച് ഇരുപതെണ്ണം തിരഞ്ഞെടുക്കുന്നത് അവിവേകമായതുകൊണ്ട് അളന്നും തൂക്കിയും വളരെ പണിപ്പെട്ടാണ് ഈ കഥകള്‍ എടുത്തുവെച്ചത്. മലയാളത്തിന്റെ സുവര്‍ണ്ണകഥകളില്‍പ്പെടാന്‍ അര്‍ഹതയുള്ള നൂറിലധികം കഥകളെ പുറത്തുനിര്‍ത്തിക്കൊണ്ടാണ് ഈ സാഹസത്തിനു മുതിര്‍ന്നത് എന്ന് പറഞ്ഞുവെയ്‌ക്കാനാണ് ഇത്രയും എഴുതിയത്.
ഇ. ഹരികുമാറിന്റെ കഥകളെ രണ്ടു വാക്കില്‍ നിര്‍വചിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തോറ്റവരുടെ ലോകം എന്ന രണ്ടു വാക്കുകളായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ഈ ഇരുപതു കഥകള്‍ക്കും അതു തന്നെയാവും പ്രധാനവിശേഷണമായി ചേര്‍ക്കാനുണ്ടാവുക. `ഒരു ദിവസത്തിന്റെ മരണ'ത്തിലെ കൗസല്യയും `ഉന്നൈ കാണാത കണ്ണും' എന്ന കഥയിലെ യെല്ലമ്മയും `ഒരു വിശ്വാസി'യിലെ രാഘവനും ഭാരതിയും `കറുത്ത തമ്പ്രാട്ടി'യിലെ ലക്ഷ്‌മിയും `ദൂരെ ഒരു നഗരത്തിലെ അച്ഛനും `പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന കഥയിലെ ബിന്ദുവും `ബസ്സ് തെറ്റാതിരിക്കാന്‍' എന്ന കഥയിലെ ആശയും `സുബര്‍ക്കത്തിന്റെ ശില്‍പി'യിലെ സലിമും സൂര്യകാന്തിപ്പൂക്കളിലെ ദാസനും എല്ലാം പരാജയം തിന്നു ജീവിക്കുന്നവരാണ്.
ഇത് ഒരു സാമാന്യപ്രസ്‌താവന മാത്രമാണ്. ഉദാഹരണത്തിന് `ഒരു ദിവസത്തിന്റെ മരണം' എന്ന കഥയ്‌ക്ക് ഒന്നിലധികം മാനങ്ങളുണ്ട്. 1979-ല്‍ എഴുതപ്പെട്ട ഈ കഥ ഒരുപക്ഷേ യന്ത്രവല്‍ക്കരണം ഇന്ത്യന്‍ ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വിഷയമായി മലയാളത്തില്‍ വരുന്ന ആദ്യത്തെ കഥയാവാം. ഈ ഇരുപതില്‍പ്പെടാതെ പോയ `അമ്മേ അവര്‍ നമ്മുടെ ആകാശം കട്ടെടുത്തു' എന്ന കഥ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. യന്ത്രവല്‍ക്കരണം മാത്രമല്ല നഗരവല്‍ക്കരണവും നമ്മുടെ സാമൂഹ്യ-സാംസ്‌കാരിക-സാമ്പത്തികമൂല്യങ്ങളില്‍ വരുത്തുന്ന വിള്ളലുകള്‍ ഒരു നടുക്കത്തോടെ നമ്മള്‍ ഈ കഥയില്‍ വായിക്കുന്നുണ്ട്. നഗരവല്‍ക്കരണം കൊണ്ട് തൊഴില്‍ നഷ്ടപ്പെടുന്ന വീട്ടുവേലക്കാരികളുടെ കാഴ്‌ചപ്പാടിലൂടെയാണ് ഈ കഥ ചുരുള്‍ നിവരുന്നത്.
ഹരികുമാറിന്റെ അനുതാപം ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ളത് വീട്ടുവേലക്കാരികളാണെന്നു കാണാം. യെല്ലമ്മയും (`ഉന്നൈ കാണാത കണ്ണും') മാതുവും (`അമ്മേ അവര്‍ നമ്മുടെ ആകാശം കട്ടെടുത്തു') രാധയും (`അലക്കുയന്ത്രം') ഒക്കെ ആ ശ്രേണിയില്‍പ്പെട്ടവരാണ്. മുമ്പു പറഞ്ഞതുപോലെ പരാജിതരുടെ ഘോഷയാത്രയില്‍ മുമ്പില്‍ നടക്കുന്നവരാണവര്‍.
പരാജിതര്‍ അവര്‍ മാത്രമല്ല. പരാജയപ്പെടുന്ന ഒരു വില്‍പനക്കാരന്‍ ഹരികുമാറിന്റെ പല കഥകളിലും ആവര്‍ത്തിക്കപ്പെടുന്ന സാന്നിദ്ധ്യമാണ്. `ദിനോസറിന്റെ കുട്ടി'യിലും `ഒരു കടം കൂടി'യിലും വിജയിക്കാന്‍ കഴിയാത്ത വില്‍പനക്കാരനെ നമുക്കു കണ്ടുമുട്ടാം. നിലനില്‍പ്പിനായുള്ള അവരുടെ പിടച്ചിലുകള്‍ നമ്മളെ വല്ലാതെ നീറ്റുന്നുണ്ട്. `ഒരു വിശ്വാസി'യിലാണ് അത്തരമൊരു കഥാപാത്രത്തിന്റെ ദൈന്യം ഏറ്റവും കൂടുതല്‍ വിങ്ങിനില്‍ക്കുന്നത്. എല്ലാ വില്‍പനയിലും വഞ്ചനയുടെ അംശമുണ്ടെങ്കില്‍ ഈ കഥയിലെ മോഹന്‍ പിള്ളയും ഒരു വില്‍പനക്കാരനാണ്. അയാള്‍ ആത്മാര്‍ത്ഥയില്ലാത്ത ആശകളാണ് വില്‍ക്കുന്നതെന്നു മാത്രം. ജീവിതം `ഒരു വെരിറ്റബ്‌ള്‍ സ്റ്റ്രഗ്‌ള്‍' ആണെന്ന് അയാള്‍ പറയുന്നുണ്ട്. അതില്‍ അവരെല്ലാം പരാജയപ്പെടുകയാണെങ്കിലും ഒരു വിശ്വാസിയുടെ അന്ത്യം ശുഭാപ്‌തിവിശ്വാസം നിറഞ്ഞതായതുകൊണ്ട് നമുക്ക് ആശ്വാസം തരുന്നുണ്ട്: ``രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ വീണ്ടും എന്നിലേയ്‌ക്കു തിരിച്ചുവരുന്നു. എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നാലോചിച്ചപ്പോള്‍ വിഷമം തോന്നി. പക്ഷേ ഈ നൂലാമാലകളില്‍നിന്ന് ഊരി പുറത്തുകടക്കാന്‍ പറ്റുമെന്ന് എനിയ്‌ക്കുറപ്പുണ്ടായിരുന്നു. പിന്നെ ഉറക്കം വന്ന് കണ്ണുകളടഞ്ഞപ്പോള്‍ ഒരു പുതിയ ഓര്‍മ്മ കാലത്തിന്റെ ഈര്‍പ്പം നിറഞ്ഞ വഴികളില്‍ പൂപ്പല്‍ പിടിയ്‌ക്കാന്‍ വിട്ടുകൊണ്ട്, മനുഷ്യനില്‍ ഒരിയ്‌ക്കലും നശിയ്‌ക്കാത്ത വിശ്വാസവും മുറുകെപ്പിടിച്ചുകൊണ്ട് ഏകനായി നടന്നകലുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു. പിന്നെ അത്ഭുതമെന്നു പറയട്ടെ, മനസ്സ് യാതൊരു പകയ്‌ക്കും വിദ്വേഷത്തിനും ഇടകൊടുക്കാതെ ശാന്തമാവുന്നത് ഞാനറിഞ്ഞു.''
വീട്ടുവേലക്കാരികളോടും വില്‍പനക്കാരോടും മാത്രമല്ല ഹരികുമാറിന്റെ കഥകള്‍ സമൂഹത്തിലെ നിന്ദിതരോടും ദരിദ്രരോടും അനുഭാവം പുലര്‍ത്തുന്നവയാണ്. `സുബര്‍ക്കത്തിലെ ശില്‍പി'യിലെ സലീമിന് ആദ്യരാത്രിയില്‍ നേരിടേണ്ടിവരുന്ന തിരിച്ചടി, `കറുത്ത തമ്പ്രാട്ടി'യിലെ ലക്ഷ്‌മിക്ക് ത്യജിക്കേണ്ടിവന്ന സ്വന്തം കുടുംബജീവിതം, ഒരു ദിവസത്തിന്റെ മരണ'ത്തിലെ കൗസല്യയ്‌ക്ക് നഷ്ടപ്പെടുന്ന ചാരിത്ര്യം എന്നിങ്ങനെ അത് വിവിധരൂപങ്ങള്‍ കൈക്കൊള്ളുന്നു. ഈ അനുതാപം അവരിലും ഒതുങ്ങിനില്‍ക്കുന്നില്ല. കാരണം മറ്റു പലതുമാവാം. `ബസ്സ് തെറ്റാതിരിക്കാന്‍' എന്ന കഥയിലെ ആശയ്‌ക്ക് അത് ഭര്‍ത്താവിന്റെ വീട്ടിലെ തിക്താനുഭവങ്ങളാണെങ്കില്‍ `പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന കഥയിലെ ബിന്ദുവിന് അത് സ്വന്തം കുടുംബത്തില്‍ നിന്നു തന്നെ കിട്ടുന്ന അവഗണനയാണ്. ബിന്ദുവിന്റെ ദൈന്യതയ്‌ക്ക് സാമ്പത്തികമായ മാനങ്ങളും കൂടിയുണ്ടെന്നു മാത്രം. ബിന്ദുവിന്റെ അഞ്ചു വയസ്സുകാരി അനിയത്തി ശാലിനി വിവാഹച്ചടങ്ങുകള്‍ക്കിടെ ചേച്ചിയുടെ കഷ്ടപ്പാടു തീര്‍ക്കാന്‍ വേണ്ടി ഐശ്വര്യം കൊണ്ടുവരുന്ന പച്ചപ്പയ്യിനെ പിടിക്കാന്‍ പോവുന്നത് വിങ്ങലോടെയല്ലാതെ നമുക്കു വായിച്ചുതീര്‍ക്കാനാവില്ല. `സൂര്യകാന്തിപ്പൂക്കളി'ലെ ദാസന് സ്വന്തം ജീവിതം പോലും ശരിക്കു കരുപ്പിടിപ്പിക്കാനാവാതെ പോവുന്നത് സാമ്പത്തികമായ ഈ പരാധീനത കൊണ്ടുതന്നെ.
നഗരവല്‍ക്കണം കൊണ്ട് നന്മകള്‍ നഷ്ടപ്പെടുന്നത് സാമാന്യം എല്ലാവരെയും ബാധിക്കുന്നതാവണമെന്നില്ല. അതിനേപ്പറ്റി അധികമാരും ചിന്തിക്കാനുമിടയില്ലാത്തതാണ്. പക്ഷേ മനസ്സില്‍ കവിതയും ആര്‍ദ്രതയുമുള്ളവര്‍ക്ക് അതു വലിയൊരു വിങ്ങലാവും. `ശ്രീപാര്‍വ്വതിയുടെ പാദ'ത്തിലെ മാധവിയെ അതു വല്ലാതെ ഉലയ്‌ക്കുന്നുണ്ട്. `ദൂരെ ഒരു നഗരത്തില്‍' എന്ന കഥയില്‍ നഗരവല്‍ക്കരണമല്ല പ്രശ്‌നം. ഹരികുമാറിന്റെ മറ്റുള്ള കഥകളില്‍നിന്നൊക്കെ ഭിന്നമായി അതില്‍ നമ്മള്‍ കാണുന്നത് ബ്യൂറോക്രസിയോടുള്ള പരിഹാസം കോരിച്ചൊരിയുന്ന ഹരികുമാറിനെയാണ്. ആ സ്വരമാവട്ടെ ഹരികുമാറിന് പൊതുവെ അന്യമായതുമാണ്.
ഫാന്റസിയും പൊതുവെ ഹരികുമാറിന്റെ കഥകളില്‍ അപൂര്‍വ്വമാണ്. `ജംറയിലെ ചെകുത്താനി'ല്‍ അത് നമ്മളെ കുറച്ച് അസ്വസ്ഥരാക്കുന്നതാണെങ്കില്‍ `ഇരുട്ടിന്റെ വല'യില്‍ അതു നമുക്ക് ആശ്വാസമരുളുകയാണ്. വൃദ്ധരായ ആ ജ്യേഷ്‌ഠാനുജത്തിമാരോടൊപ്പം നമ്മളെയും രമ്യയുടെ വരവ് പ്രതീക്ഷാനിര്‍ഭരമാക്കുന്നുണ്ട്.
വൈവിധ്യം ഒരു മാനദണ്‌ഡമായി തിരഞ്ഞെടുത്ത ഈ ഇരുപതു കഥകളില്‍ കുറച്ചെങ്കിലും സാജാത്യമുള്ള മൂന്നു കഥകളുണ്ട്: `ഒരു കങ്‌ഫ്യൂ ഫൈറ്റര്‍', `ഡോ. ഗുറാമിയുടെ ആശുപത്രി', `ദിനോസറിന്റെ കുട്ടി' എന്നിവയാണ് അവ. മൂന്നും പ്രശസ്‌തമായ കഥകളാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ കഥാപാത്രമാവുന്നു എന്നതാണ് ഇതു മൂന്നിനേയും കൂട്ടിയിണക്കുന്ന ഘടകം. `ഒരു കങ്‌ഫ്യൂ ഫൈറ്ററി'ലെ രാജു തന്റെ മാറിമാറി വരുന്ന കളിമ്പങ്ങളെല്ലാം വിട്ട് പെട്ടെന്ന് കൂട്ടുകാരന്റെ ദാരിദ്ര്യത്തില്‍ അനുതാപമോലുന്നതും `ഡോ. ഗുറാമിയുടെ ആശുപത്രി'യിലെ വിജു കഥാവസാനത്തില്‍ ``അച്ഛാ നമുക്ക് ഈ വീടു വില്‍ക്കേണ്ട'' എന്നു പറയുന്നതും പുതിയ ചില തിരിച്ചറിവുകളില്‍ എത്തിച്ചേരുന്നതുകൊണ്ടാണ്. `ദിനോസറിന്റെ കുട്ടി'യിലെ രാജീവന് അങ്ങനെയൊന്നു സംഭവിക്കുന്നില്ല. കഥാന്ത്യത്തില്‍ അവന്‍ കുട്ടിദിനോസറിന്റെ കാവലില്‍ സുരക്ഷിതത്വബോധത്തോടെ ഉറങ്ങുകയാണ്.
ഹരികുമാറിന്റെ ആദ്യകാല കഥകളാണ് `പ്രാകൃതനായ തോട്ടക്കാരനും' `കൂറകളും'. കാല്‍പനികതയുടെ പരിവേഷം ചെറിയ തോതില്‍ ഈ കഥകളെ ചൂഴ്‌ന്നു നില്‍ക്കുന്നുണ്ട്. പിന്നീടുള്ള കഥകളില്‍ അദ്ദേഹം തന്റെ വഴി അതല്ല എന്നു കണ്ടെത്തി ഉപേക്ഷിക്കുന്നതായി കാണാം. `ഉമ്മുക്കുല്‍സുവിന്റെ വീടി'ല്‍ മനുഷ്യന്റെ നന്മകളും സ്‌നേഹവും ഒരിളംകാറ്റുപോലെ നമ്മളെ തലോടുകയാണ്.
`ഷ്രോഡിങ്ങറുടെ പൂച്ച'യെ പരാമര്‍ശിക്കാതെ ഇത് അവസാനിപ്പിക്കാന്‍ സാദ്ധ്യമല്ല. ഹരികുമാറിന്റെ കഥകളില്‍ തികച്ചും വ്യത്യസ്‌തം എന്നും ഏറ്റവും ഉജ്ജ്വലം എന്നും വിശേഷിപ്പിക്കപ്പെടേണ്ട കഥയാണ് അത്. ബാബറി മസ്‌ജിദ് പൊളിച്ചതിന്റെ അനുരണനമായി ബോംബെയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ. ബോംബേ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പാകിസ്‌താന്‍ തന്നെയാണ് എന്ന് തന്റെ സുഹൃത്ത് രാമചന്ദ്രന്‍ പറയുമ്പോള്‍ ഹമീദ് ഇങ്ങനെ ചിന്തിക്കുന്നു: ``അതില്‍ തന്റെ നേരെ ആക്ഷേപകരമായി എന്തോ ഉള്ള പോലെ ഹമീദിനു തോന്നി. വെറും തോന്നലായിരിക്കാം. തുടര്‍ച്ചയായുള്ള ഈ സ്‌ഫോടനങ്ങള്‍. ഒരു ജനതയുടെ നേരെ അഴിച്ചുവിട്ട നഗ്നമായ ആക്രമണങ്ങള്‍ തന്റെ മനസ്സില്‍ ഒരു കുറ്റബോധമുണ്ടാക്കിയിരിക്കുന്നുവെന്ന് ഹമീദിനു മനസ്സിലായി. തന്റെ തെറ്റല്ല. തന്റെ സമുദായത്തിന്റെയും തെറ്റല്ല. എന്നിട്ടും ചെയ്യാത്ത തെറ്റിന്റെ പാപഭാരമേറ്റേണ്ട ഗതികേടു വന്നിരിക്കുന്നു. ഒപ്പം തന്നെ അതിനുള്ള ഭീമമായ വിലയും കൊടുത്തുകൊണ്ടിരിക്കുന്നു. തന്റെ മനസ്സിലെ കറ സമുദായത്തിന്റെ മുഴുവന്‍ കറയുടെ ചെറിയൊരു ഭാഗം മാത്രമാണ്. ദൈവമേ, എന്നാണതു മാറിക്കിട്ടുക?''
`ഷ്രോഡിങ്ങറുടെ പൂച്ച' 1998-ലാണ് എഴുതപ്പെട്ടിട്ടുള്ളത്. നമുക്കറിയാം ആ കറ ഇപ്പോഴും മാഞ്ഞിട്ടില്ലെന്നും ഏകാധിപത്യസ്വഭാവമുള്ള പുതിയ ഭരണത്തിന്റെ കീഴില്‍ അത് കൂടുതല്‍ രൂക്ഷമായിട്ടുണ്ടെന്നും. ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുവോ എന്ന സംശയം ബാക്കി വെച്ചുകൊണ്ട് ഷ്രോഡിങ്ങറുടെ പൂച്ച ഇപ്പോഴും ദൂരെദൂരെയൊരു പേടകത്തില്‍ നമ്മളെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഹമീദുമാര്‍ തോല്‍വി ഏറ്റുവാങ്ങിക്കൊണ്ട് ഇപ്പോഴും നമ്മുടെ കൂടെത്തന്നെ ജീവിക്കുന്നുണ്ട്.
നിരൂപകര്‍ കണ്ടില്ലെങ്കിലെന്താ, വായനക്കാരുടെ ഹൃദയത്തില്‍ ഇ. ഹരികുമാറിന്റെ കഥകള്‍ സ്ഥിരപ്രതിഷ്‌ഠ നേടിയിട്ടുണ്ട്. ഒരെഴുത്തുകാരന് അതില്‍പ്പരം എന്താണ് അഭികാമ്യമായിട്ടുള്ളത്? അദ്ദേഹം തന്നെ ഒരിടത്ത് പറയുന്നുണ്ട്: ``ഞാനെഴുതുന്നത് വായനക്കാര്‍ക്കു വേണ്ടിയാണ്. അവരാണ് ആസ്വാദകര്‍. അവസാനത്തെ വിധികര്‍ത്താക്കള്‍. അവരെ അവഗണിച്ചുകൊണ്ട് ഒരു വരി എഴുതാന്‍ എനിക്കാവില്ല. അതുകൊണ്ട് ഓരോ വായനക്കാരനും എന്റെ കഥകളേപ്പറ്റി നല്ല അഭിപ്രായം പറയുമ്പോള്‍ സാര്‍ത്ഥകമാവുന്നത് എന്റെ ക്രിയാത്മകജീവിതമാണ്.''
കഥാപാത്രങ്ങളേപ്പറ്റി പരാജയപ്പെട്ടവര്‍ എന്നു പറഞ്ഞതിന് ചെറിയൊരു തിരുത്തു വേണ്ടി വരും എന്നു തോന്നുന്നു. പരാജയത്തിന്റെ പടുകുഴിയില്‍പ്പെട്ടു കിടക്കുമ്പോഴും അന്തിമമായ തോല്‍വി സമ്മതിച്ചുകൊടുക്കാന്‍ തയ്യാറല്ലാത്തവരാണ് ഹരികുമാറിന്റെ കഥാപാത്രങ്ങള്‍. `ഒരു ദിവസത്തിന്റെ മരണ'ത്തിലെ കൗസല്യയും `ഒരു വിശ്വാസി'യിലെ രാഘവനും `ദൂരെ ഒരു നഗരത്തിലെ' അച്ഛനും `പച്ചപ്പയ്യിനെ പിടിക്കാനി'ലെ ബിന്ദുവും `ബസ്സ് തെറ്റാതിരിക്കാനി'ലെ ആശയും എല്ലാം ജീവിതം വീണ്ടും ഒന്നില്‍നിന്നു തുടങ്ങാന്‍ തീരുമാനിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ആശ ബാക്കിവെച്ചില്ലെങ്കില്‍ മനുഷ്യജീവിതത്തില്‍ പിന്നെ ഒന്നുമില്ല എന്ന ഉദാത്തമായ അറിവാണ് ഇത്തരം അന്ത്യങ്ങളിലേയ്‌ക്ക് ഹരികുമാര്‍ തന്റെ കഥകളെ തളച്ചിടാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നു.