രാജേഷ് ജയറാം
രാജേഷ് ജയരാമൻ: ഹൃദയത്തെ തൊടുന്ന കഥകളെഴുതുന്നു. പക്ഷേ നിരൂപകൻ ക്രൂരമായി അവഗണിക്കുന്നു. നിരൂപകരോട് പുച്ഛം തോന്നാറില്ലേ?
ഇ. ഹരികുമാര്‍: ഞാൻ ഹൃദയത്തെ തൊടുന്ന കഥകൾ എഴുതുന്നുവെന്നാണ് താങ്കൾ പറയുന്നത്. ഒരു വായനക്കാരൻ എന്ന നിലയ്ക്കുള്ള താങ്കളുടെ അഭിപ്രായമായി ഞാനതിനെ സ്വീകരിക്കുന്നു. എന്റെ കഥകളുടെ ഏറ്റവും വലിയ നിരൂപകനായി ഞാൻ കണക്കാക്കുന്നത് വായനക്കാരനെയാണ്. അയാളാണ് വിധികർത്താവും. ഞാൻ ആർക്കുവേണ്ടി കഥകളെഴുതുന്നുവോ അവർ തന്നെയാണ് എന്റെ നിരൂപകർ. അവർ എന്നെ അവഗണിക്കുന്നില്ല എന്നതിന് ധാരാളം തെളിവുകളുണ്ട്. നാല്പതുകൊല്ലമായി കഥകളെഴുതുന്ന ഞാൻ ഇപ്പോഴും ഈ രംഗത്തു പിടിച്ചുനിൽക്കുന്നു എന്നതുതന്നെ തെളിവല്ലേ? സ്ഥിരം നിരൂപണമെഴുതുന്ന അക്കാദമിക് പ്രൊഫഷണല്‍സിനെ വെറുതെ വിടൂ. എന്റെ കഥകൾ വായിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ അവർ പകച്ചുനിൽക്കുന്നതു ഞാൻ കാണുന്നുണ്ട്. പഠിച്ചതൊന്നും ചോദ്യപേപ്പറിൽ കാണാതെ പരീക്ഷാഹാളിൽ പരിഭ്രമിച്ചു നിൽക്കുന്ന സ്‌കൂൾ വിദ്യാർത്ഥിയെപ്പോലെയാണ് അവർ. അവർ പഠിച്ച സിദ്ധാന്തങ്ങളിലും വർഗീകരണങ്ങളിലും ഒതുക്കാൻ പറ്റുന്നില്ല എന്റെ കഥകൾ. അവരെ വെറുതെവിട്ടേയ്ക്കൂ. മറിച്ച് ഏതാനും പുതിയ നിരൂപകർ എന്റെ കഥകൾ ശ്രദ്ധിക്കുന്നുണ്ട്. പഠനങ്ങൾ എഴുതുന്നുമുണ്ട്. എനിക്കിതേവരെ കിട്ടിയിട്ടുള്ള റിവ്യൂകളെല്ലാംതന്നെ നല്ലവയാണ്. 'ആസക്തിയുടെ അഗ്നിനാളങ്ങൾ'ക്ക് മൂന്നു വളരെ നല്ല റിവ്യൂ വന്നപ്പോൾ (മാതൃഭൂമി-കെ. കുഞ്ഞികൃഷ്ണൻ, കലാകൗമുദി - പി. കൃഷ്ണവാരിയർ, കുങ്കുമം - പ്രൊഫ. എം.കെ. സാനു), ഗ്രന്ഥാലോകത്തിൽ (ഡോ. ബി. പാർവതി) മാത്രം അല്പം മോശപ്പെട്ട റിവ്യൂ എഴുതി. അതിലും നിരൂപക പറയുന്നത് 'ദിനോസറിന്റെ കുട്ടി', 'ശ്രീപാർവതിയുടെ പാദം' എന്നീ കഥകളുടെ നിലവാരമെത്തിയിട്ടില്ല എന്നാണ്. അതും ഒരുവിധത്തിൽ പ്രശംസനീയം തന്നെ. അപ്പോൾ പ്രായത്തിന്റേതായിരിക്കണം പ്രശ്‌നം. (എന്റെയല്ല, ഞാൻ മുൻഖണ്ഡികയിൽ പറഞ്ഞ നിരൂപകരുടെ).
രാജേഷ് ജയരാമൻ: ചിന്തിക്കുമ്പോൾ, നമ്മുടെ ഭാഷയുടെ, എഴുത്തിന്റെ, വായനയുടെ പോക്ക് എങ്ങോട്ടാണ്?
ഇ. ഹരികുമാര്‍: ഭാഷയുടെ, എഴുത്തിന്റെ, വായനയുടെ പോക്ക്? ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. നമ്മുടെ ഭാഷയ്ക്ക് അതിന്റേതായ പരിമിതികളുണ്ട്. ഒരു ചെറിയ ശതമാനം ജനതയാണ് അതുപയോഗിക്കുന്നത്. ഇവരിൽത്തന്നെ വളരെ ചെറിയ വിഭാഗമേ സാഹിത്യതല്പരരായിട്ടുള്ളൂ. ഏകദേശം അഞ്ചു ശതമാനം എന്നാണ് കണക്ക്. മറിച്ച് നമ്മുടെ ഭാഷയെ പാർശ്വവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് വളരെ സുസജ്ജമായൊരു ഭാഷയാണ്. നല്ല സാഹിത്യം ഏതു ഭാഷയിലെഴുതപ്പെട്ടാലും ശ്രദ്ധിക്കപ്പെടും. അതുകൊണ്ട് നല്ല സാഹിത്യം രചിക്കുക. ഇന്ന് മലയാളത്തിൽ അന്യോന്യം ചെളിവാരിയെറിയുകയോ വായനക്കാരനെ വിഭ്രാന്തിയിലാഴ്ത്തി വായനയിൽനിന്ന് അകറ്റുന്ന കൃതികൾ രചിക്കുകയോ അല്ലാതെ നല്ല സാഹിത്യം ഉടലെടുക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. വായന ഒരു ഹരമായി മാറ്റിയാലേ ഏതു ഭാഷയ്ക്കും നിലനിൽപ്പുള്ളൂ. അതിനുവേണ്ടത് നല്ല സാഹിത്യം രചിക്കുക തന്നെയാണ്. കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല.
രാജേഷ് ജയരാമൻ: പുതിയ കാലവും പുതിയ ജീവിതങ്ങളും കണ്ടെത്തുന്നതിൽ എന്തുകൊണ്ടാണ് നമ്മുടെ സാഹിത്യകാരന്മാർ ദയനീയമായി പരാജയപ്പെട്ടുപോവുന്നത്? വർത്തമാനകാല യൗവനം നേരിടുന്ന ഏറ്റവും തീവ്രമായ പ്രശ്‌നം എന്താണെന്നാണ് താങ്കളുടെ അഭിപ്രായം?
ഇ. ഹരികുമാര്‍: പുതിയ കാലവും പുതിയ ജീവിതങ്ങളും കണ്ടെത്തുന്നതിൽ നമ്മുടെ സാഹിത്യകാരന്മാർ പരാജയപ്പെട്ടുപോകുന്നു എന്നോ? ആരു പറഞ്ഞു? നമ്മുടെ സാഹിത്യകാരന്മാർ ഏറ്റവും പുതിയ കംപ്യൂട്ടർ ടെക്‌നോളജി കൂടി വശമാക്കി (അല്ലെങ്കിൽ വശമുള്ള സ്‌നേഹിതന്മാരോട് ചോദിച്ചു മനസ്സിലാക്കിയിട്ടെങ്കിലും) സൈബർ കഥകളെഴുതുന്നു! വിർച്വൽ റിയാലിറ്റിയെക്കുറിച്ചെഴുതുന്നു! പുതിയ കാലം, പുതിയ ജീവിതം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയല്ലേ? പടിഞ്ഞാറൻ രാജ്യങ്ങളിൽ ടൺ കണക്കിന് ഇറങ്ങുന്ന സ്റ്റഫ് ഇറക്കുമതി ചെയ്ത് രൂപാന്തരപ്പെടുത്തുകയാണെന്നത് ഇവിടുത്തെ ശരാശരി വായനക്കാരന്റെ പ്രശ്‌നമല്ലല്ലോ. മറിച്ച് നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്ന ജീവിതങ്ങൾ സാഹിത്യാസംസ്‌കൃത വസ്തു ആക്കണമെങ്കിൽ ആ ജീവിതത്തെപ്പറ്റി പഠിക്കണം. മൗലികതയും കഴിവും വേണം. ദൃശ്യമാധ്യമങ്ങൾ വഴി ഏറ്റവും താഴെക്കിടയിലുള്ളവരുടെ വീടുകളിൽക്കൂടി ഇരച്ചുകയറുന്ന കൺസ്യൂമറിസം അത് സാധാരണ കുടുംബങ്ങളെ കടക്കെണിയിലാഴ്ത്തി നശിപ്പിക്കുന്നത്, നമ്മുടെ പെൺകുട്ടികളെ അപഥസഞ്ചാരത്തിന് പ്രേരിപ്പിച്ച് നശിപ്പിക്കുന്നത്, ഇതൊക്കെയാണ് എന്റെ അഭിപ്രായത്തിൽ പുതിയ കാലം നേരിടുന്ന തീവ്രമായ പ്രശ്‌നങ്ങൾ. ഇതിനെപ്പറ്റിയൊക്കെ എഴുതാൻ കഴിവുവേണം. മറിച്ച് സാഹിത്യ രചന ഇറക്കുമതി ബിസിനസ്സാണെങ്കിൽ, അതായത് നമ്മൾ അറുപതുകൾ മുതൽ ചെയ്തുപോന്നതുപോലെ, കാര്യം എളുപ്പമാണ്, നിരൂപകരുടെ കൈയടി വാങ്ങിക്കുകയും ചെയ്യാം.
രാജേഷ് ജയരാമൻ: രാഷ്ട്രീയ പരിസരങ്ങളെ രചനയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നില്ല. എങ്കിലും വ്യക്തമായ രാഷ്ട്രീയബോധം വെച്ചു പുലർത്തുന്നുണ്ട്. ഇപ്പോൾ താങ്കളിലെ രാഷ്ട്രീയ ചിന്തകൾ എങ്ങനെയൊക്കെയാണ്?
ഇ. ഹരികുമാര്‍: എനിക്ക് താങ്കൾ പറയുന്നപോലെ വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട്. അഭിപ്രായങ്ങളുണ്ട്. അവയൊന്നും കഥകളിൽ കൊണ്ടുവരുന്നില്ല. ശരിയാണ്. ഒരുപക്ഷേ, ഇനി വരാൻ പോകുന്ന കഥകളിൽ അതു പ്രതിഫലിച്ചേക്കാം. രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങൾ എന്നെ വേദനിപ്പിക്കുന്നു. അരിശം കൊള്ളിക്കുന്നു. താൽക്കാലിക ലാഭം കൊയ്യാൻ അവർ വസ്തുതകളെ വളച്ചൊടിക്കുന്നു. മുൻഗണനകളെ മാറ്റിമറിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നു. കേരളത്തിൽ ആകമാനം വരൾച്ചയുണ്ടാകുവാൻ കാരണം കോള കമ്പനിയാണെന്നു വരുത്തിത്തീർക്കുന്നു. നമ്മൾ കഴിഞ്ഞ അൻപതു കൊല്ലമായി കാടായ കാടെല്ലാം വെട്ടിത്തെളിച്ച് മരങ്ങൾ വെട്ടി കാശാക്കി. സ്ഥലം കൈയേറിയും മറിച്ചുവിറ്റും പണം കൊയ്തതുകൊണ്ടാണ് ഇന്നു നമ്മുടെ നദികൾ വറ്റി വരണ്ടതെന്നുള്ള യാഥാർത്ഥ്യം സൗകര്യപൂർവം മറന്ന് ഒരു കമ്പനിയെ പഴിചാരി രക്ഷപ്പെടുന്നു. കാടുവെട്ടിത്തെളിക്കലും മരങ്ങൾ വെട്ടി വിറ്റ് കാശാക്കലും ഇന്നും നിർബാധം തുടരുന്ന പ്രക്രിയയാണ്. കഴിഞ്ഞ അൻപതു വർഷമായി ഒരു വീണ്ടുവിചാരവുമില്ലാതെ കീടനാശിനികളുപയോഗിച്ച് നമ്മുടെ ഭൂഗർഭജലം മലിനമാക്കപ്പെട്ടിരിക്കുന്നു. നാം കുടിക്കുന്ന വെള്ളത്തിൽ കീടനാശിനികൾ മാത്രമല്ല തൊഴിൽശാലകൾ പുഴകളിലേക്ക് ഒഴുക്കിവിടുന്ന മാരകവിഷങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. അതിനെതിരെ ഒരക്ഷരം മിണ്ടാതെ നമ്മൾ മലിനമാക്കിയ ഭൂഗർഭജലമെടുത്ത് കഴിയുന്നേടത്തോളം ശുദ്ധിചെയ്ത് ശീതളപാനീയങ്ങളുണ്ടാക്കുന്ന കമ്പനിക്കെതിരെ മാത്രം സമരം ചെയ്യുക. അതും ആ ശീതളപാനീയങ്ങൾ യൂറോപ്യൻ നിലവാരം വച്ചു പരിശോധിക്കുമ്പോൾ മാത്രം മലിനമാണെന്ന കാരണം കൊണ്ട് യൂറോപ്യൻ നിലവാരം വളരെ ഉയർന്നതും അമേരിക്കക്കാർക്കു കൂടി എത്തിപ്പെടാൻ വിഷമമായതുമാണെന്ന് കരുതപ്പെടുന്നു. നമ്മൾ ദിവസേന കുടിക്കുന്ന വെള്ളത്തിൽ ചേർന്നിരിക്കുന്ന വിഷാംശങ്ങൾ അറിഞ്ഞാൽ പിന്നെ കുടിവെള്ളത്തിനു പകരം കൊക്കോക്കോളയോ പെപ്‌സിയോ മതിയെന്നു തീർച്ചയാക്കും. ഇതാണ് ഞാൻ പറയുന്ന രാഷ്ട്രീയത്തിന്റെ പൊള്ളത്തരം, അല്ലെങ്കിൽ സത്യസന്ധതയില്ലായ്മ.
രാജേഷ് ജയരാമൻ: സമശീർഷരായ എഴുത്തുകാരിൽ ഏറെ പ്രിയം ആരെയാണ്? എന്തുകൊണ്ട്?
ഇ. ഹരികുമാര്‍: ഞാൻ അഭിപ്രായം പറയുന്നില്ല. അല്ലെങ്കിലേ ധാരാളം ശത്രുക്കൾ. എന്തിന് എണ്ണം കൂട്ടുന്നു?
രാജേഷ് ജയരാമൻ: ഈയിടെയായി രചനകളിൽ ട്രെയിൻ, ട്രെയിൻ യാത്ര, പുഷ്പുൾ ഇവ നിർബാധം കടന്നുവരുന്നു. എന്തുകൊണ്ടാവാം ഇത്?
ഇ. ഹരികുമാര്‍: രചനകളിൽ തീവണ്ടിയും തീവണ്ടിയാത്രയും വരുന്നത് അബോധപൂർവമാണ്. എന്റെ പല സ്വപ്നങ്ങളിലും മുഴുമിക്കാത്ത തീവണ്ടിയാത്രയുണ്ട്. കൺമുൻപിൽവച്ച് കിട്ടാതെ പോകുന്ന വണ്ടികൾ. പോരാത്തതിന് കഴിഞ്ഞ നാലഞ്ചു കൊല്ലമായി സാഹിത്യ അക്കാദമിയുടെ ഒരു കംപ്യൂട്ടർ പ്രോജക്ടുമായി ബന്ധപ്പെട്ട് തൃശ്ശൂരിലേക്ക് ധാരാളം യാത്രകൾ വേണ്ടിവന്നിട്ടുണ്ട്. ഒരു എഴുത്തുകാരന് തീവണ്ടിയാത്ര ധാരാളം കഥാപാത്രങ്ങളെ, അനുഭവങ്ങളെ നേടിക്കൊടുക്കുന്നു.
രാജേഷ് ജയരാമൻ: ക്ഷാമകാലത്തെപ്പറ്റിയുള്ള ബാല്യകാലസ്മരണ വായിച്ചതോർക്കുന്നു. പ്രണയകാല ഓർമ്മ - അങ്ങനെയൊന്നുണ്ടാവില്ലേ?
ഇ. ഹരികുമാര്‍: പ്രണയകാലത്തെപ്പറ്റി ധാരാളം ഓർമകളുണ്ട്. അവയിൽ മിക്കവയും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ എന്റെ കഥകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഞാൻ അവലംബിച്ചിട്ടുള്ളവരുടെ വ്യക്തിത്വം മൂടിവയ്ക്കാനായി സ്ഥലകാലങ്ങളിലും പേരുകളിലും വയസ്സിൽ പോലും മാറ്റങ്ങൾ വരുത്താറുണ്ട്. എന്റെ അനുഭവക്കുറിപ്പുകളിൽ ധാരാളം പ്രണയകഥകൾ വരുന്നുണ്ട്. പക്ഷേ, മാറ്റങ്ങളോടെയാണെന്നു മാത്രം. ക്ഷാമകാലത്തെപ്പറ്റി എഴുതുന്നതുപോലെ പ്രണയത്തെപ്പറ്റി എഴുതുന്നത് ശരിയല്ലല്ലോ. വിശേഷിച്ചും അവയിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുമ്പോൾ.
രാജേഷ് ജയരാമൻ: രതിയുടെ ആത്മീയ സൗന്ദര്യവും സുഗന്ധവുമുണ്ട് രചനകളിൽ - 'ആസക്തിയുടെ അഗ്നിനാളങ്ങൾ' മുതലായവ. രതിയോടുള്ള താങ്കളുടെ വീക്ഷണമെന്താണ്? ഒന്ന് പിഴച്ചാൽ അശ്ലീലമായേക്കാവുന്ന രതിയെ ഭദ്രമായി പിടിച്ചുനിർത്താൻ രചനകളിൽ എന്തു 'തന്ത്ര'മാണ് താങ്കൾ അവലംബിക്കാറ്?
ഇ. ഹരികുമാര്‍: രതി അല്ലെങ്കിൽ ലൈംഗികത സുന്ദരമാണ്. നിങ്ങൾ ശരിയായ കണ്ണിലൂടെ നോക്കിയാൽ. നമ്മുടെ നാട്ടിൽ രതി പാപമായിരുന്നില്ല. പടിഞ്ഞാറുനിന്നു വന്ന പാതിരിമാരാണ് ലൈംഗികത പാപമാണ് എന്നു നമ്മെ പറഞ്ഞ് ഫലിപ്പിച്ചത്. അതോടെ രതി നമുക്ക് നൈസർഗികമല്ലാതായി ഒളിഞ്ഞുനിന്ന് ചെയ്യുന്ന പാപമായി മാറി. ആ കണ്ണുകൾകൊണ്ട് നോക്കിയാൽ എന്റെ കഥകൾ കുറച്ച് അപകടകരമാണ്. രതിയും അശ്ലീലവും തമ്മിലുള്ള നേരിയ വരമ്പ് വായനക്കാരന്റെ മനസ്സിലാണ്. അത് അവരുടെ മനസ്സിനെ ആശ്രയിച്ചിരിക്കും. ലൈംഗികത ഒരു ബാധയായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരാൾക്ക് എല്ലാ രതിയും അശ്ലീലം തന്നെ. രതി അതിന്റെ എല്ലാം ഭംഗിയോടും കൂടി അവതരിപ്പിക്കുകയാണ് ഞാൻ ചെയ്യുന്നത്.
രാജേഷ് ജയരാമൻ: ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കളുടെ ഭയം, സ്വപ്നം?
ഇ. ഹരികുമാര്‍: എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല വെറും വ്യക്തി എന്ന നിലയിലും എനിക്ക് ഒരു ഭയവുമില്ല. നിർഭയനാവുക എന്ന വിവേകാനന്ദ സൂക്തമാണ് എന്നെ നയിക്കുന്നത്. പക്ഷേ, സ്വപ്നങ്ങൾ അത് ഒരുപാടുണ്ട്. എന്റെ സ്വപ്നങ്ങൾതന്നെയാണ് കഥകളായി പുറത്തുവരുന്നത്. 'അപാരസാദ്ധ്യതകളുള്ള ഒരു യന്ത്രം' എന്ന കഥ നല്ലൊരുദാഹരണമാണ്.