പ്രൊഫ. എം. കൃഷ്ണന്‍ നായര്‍
എന്റെ വായനക്കാരിൽ പലരും സ്‌നേഹിച്ചവരോ സ്‌നേഹിക്കുന്നവരോ ആയിരിക്കും. എന്നാൽ, ആ അനുഭവത്തേക്കാൾ എത്രയോ സമ്പന്നവും സങ്കീർണവുമാണ് സ്‌നേഹം പ്രതിപാദ്യവിഷയമാക്കിയിട്ടുള്ള ഒരു മാസ്റ്റർപീസ് വായിക്കുമ്പോൾ ജനിക്കുന്ന അനുഭവം. (ഉദാഹരണം ബഷീറിന്റെ 'ബാല്യകാലസഖി' തന്നെയാവട്ടെ) നമ്മളിൽ പലരും യാത്ര നിർവഹിച്ചിട്ടുള്ളവരാണ്. ആ യാത്ര പ്രദാനം ചെയ്ത അനുഭവത്തെക്കാൾ ഉത്കൃഷ്ടമാണ് ലാറൽസ് ഡൂറലിന്റെ യാത്രാവിവരണങ്ങൾ നൽകുന്ന അനുഭവങ്ങൾ. യഥാർത്ഥമായ അനുഭവത്തിനു സങ്കുചിതത്വമുണ്ട്. കലാസൃഷ്ടികളിലെ അനുഭവമണ്ഡലം വിശാലമാണ്. യുദ്ധത്തിൽ പങ്കുകൊണ്ട വായനക്കാർ എനിക്കുണ്ടെന്നു തന്നെ കരുതട്ടെ. അവരുടെ നേരിട്ടുള്ള അനുഭവങ്ങളും 'യുദ്ധവും സമാധാനവും' എന്ന നോവലിലെ അനുഭവങ്ങൾ അവർ താരതമ്യപ്പെടുത്തട്ടെ. നേരിട്ടുള്ള അനുഭവങ്ങൾ തുച്ഛങ്ങളാണെന്നു മനസ്സിലാക്കാം. കുഞ്ഞിനെ പഠിപ്പിക്കുന്നതും വളർത്തിക്കൊണ്ടുവരുന്നതും ഒക്കെ അനുഭവം തന്നെ. പക്ഷേ, അവയ്ക്ക് സമ്പന്നത ഉണ്ടെന്ന് നാമറിയുന്നത് ശ്രീ ഹരികുമാർ എഴുതിയ 'ഒരു കങ്ഫ്യൂ ഫൈറ്റർ' എന്ന കഥ വായിക്കുമ്പോഴാണ്. (കലാകൗമുദിയിൽ) അനുഭവസമ്പന്നത പ്രദാനം ചെയ്ത് ജീവിതാവബോധത്തെ തീക്ഷ്ണതരമാക്കുന്നതാണ് ഉത്കൃഷ്ടസാഹിത്യം.
ഒരു കങ്ഫൂ ഫൈറ്റര്‍ക്ക് ചിത്രകാരന്‍ വരച്ച് ചിത്രങ്ങളിലൊന്ന്
ഓണക്കാലം. ഒരു പയ്യൻ ആറ്റിനരികെ നിന്നു പട്ടം പറത്താൻ ശ്രമിക്കുകയാണ്. പട്ടം ഉയരുന്നതേയില്ല. അവന്റെ അച്ഛൻ അതുകണ്ട് പട്ടംവാങ്ങിയിട്ടു പറഞ്ഞു. 'നമുക്ക് അങ്ങേക്കരയിലേക്ക് പോകാം' അവർ അവിടെ ചെന്നു. അച്ഛൻ പട്ടവുംകൊണ്ട് അല്പം ഓടിയിട്ട് അതുയർത്തി. ഒന്നിനൊന്ന് അത് ആകാശത്ത് ഉയർന്നു. നൂലുവെട്ടിച്ചുവെട്ടിച്ച് അയാൾ അത് കൂടുതൽ കൂടുതൽ ഉയർത്തുകയാണ്. അപ്പോൾ മകൻ പറഞ്ഞു: ''അച്ഛാ മതി. ഇനി പട്ടം എന്റെ കൈയിൽ തരൂ'' അച്ഛനു ദേഷ്യം. ''ഛീ മിണ്ടാതിരിയെടാ. നിന്നെ ഇങ്ങോട്ട് കൊണ്ടുവരണ്ടായിരുന്ന്. ഇവിടെ അച്ഛൻ ശിശുവായി മാറി പരിഹാസ്യനായിത്തീരുന്നു. ഹരികുമാറിന്റെ കഥയിൽ അച്ഛനും മകനും നൈർമല്യം തേടുന്നു.