ഒരു തേങ്ങലോടെ മാത്രം

എന്റെ കഥകളിൽ എനിയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമേതാണെന്ന് ഒരാൾ ചോദിച്ചപ്പോൾ പെട്ടെന്ന് ഉത്തരം പറയാൻ കഴിഞ്ഞില്ല. 'ഒരു കങ്ഫൂഫൈറ്ററി'ലെ രാജു, 'ശ്രീപാർവ്വതിയുടെ പാദ'ത്തിലെ മാധവി അതുമല്ലെങ്കിൽ ആത്മാംശമുള്ള നിരവധി സ്ത്രീപുരുഷ കഥാപാത്രങ്ങളിൽ ഏതെങ്കിലുമൊന്ന് എന്നൊക്കെ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞുപോകാം. ശരിയ്ക്കു പറഞ്ഞാൽ എനിയ്ക്ക് ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഓരോന്നും ഇഷ്ടമാണ്. എല്ലാം, തേഞ്ഞു കഴിഞ്ഞ ഒരു പ്രയോഗം കടമെടുത്താൽ 'പേറ്റുനോവെടുത്തു' സൃഷ്ടിച്ചവതന്നെ. പക്ഷെ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ'(അനിതയുടെ വീട്) എന്ന കഥയെഴുതുമ്പോൾ ഞാൻ ശരിക്കും കരയുകയായിരുന്നു. എഴുതിക്കഴിഞ്ഞ ശേഷവും ആ കഥ എത്രയോ ആവർത്തി വായിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യവും തേങ്ങലോടെയല്ലാതെ അതു വായിച്ചുതീർക്കാൻ പറ്റാറില്ല.

റാണിയെന്ന പേരുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ'. രണ്ടു ദിവസം മുമ്പ് അവളുടെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചു. തെരുവിലാണ് അവൾ വളർന്നത്. അമ്മ, സമുദായം തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ സ്ത്രീയാണ്. അവൾ ഒരു വേശ്യയാവാം, നാടോടിയാവാം അല്ലെങ്കിൽ വെറുമൊരു തെരുവുതെണ്ടി. മകളുടെ അച്ഛനാരാണെന്ന് ആ സ്ത്രീയ്ക്കുതന്നെ അറിയുന്നുണ്ടാവില്ല. ഒരു തെരുവുതെണ്ടിയുടെ ചാരിത്ര്യത്തെപ്പറ്റി നാം സംസാരിക്കാറില്ല. ഇപ്പോൾ തെരുവിലേയ്ക്ക് ക്രൂരമായി വലിച്ചെറിയപ്പെട്ട ആ ആറു വയസ്സുകാരി ഒരഭയസ്ഥാനത്തിനായി തിരയുകയാണ്.

കഥ പറയുന്ന ആൾ സമ്പന്നനാണ്. ഭാര്യയുടെ അനുജത്തിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ ആഭരണങ്ങളും സാരിയും എടുക്കാൻ ഇറങ്ങിയതാണ് അവർ. ജോസ് ജങ്ഷനിലെവിടെയോ കാർ പാർക് ചെയ്ത് അവർ കടകൾ കയറിയിറങ്ങുകയാണ്. റാണി അവരെ പിൻതുടരുന്നു. അയാൾ ഓരോ സമയത്തായി അവളുടെ പശ്ചാത്തലം ചോദിച്ചു മനസ്സിലാക്കുന്നു. വേണമെങ്കിൽ നിസ്സഹായയായ ആ പെൺകുട്ടിയെ രക്ഷിക്കാം, പക്ഷെ താൻ അതു ചെയ്യുന്നില്ലെന്ന ബോധം ആ മനുഷ്യനെ അലട്ടുന്നു. അതിൽനിന്നയാളെ വിലക്കുന്നതെന്താണ്? അയാളുടെ ഭാര്യ, കുടുംബം, സമുദായം. ദിവസത്തിന്റെ അന്ത്യത്തിൽ 'എന്നെ ഒപ്പം കൊണ്ടുപോകുമോ' എന്ന ആ കൊച്ചുകുഞ്ഞിന്റെ അപേക്ഷ തട്ടിമാറ്റി അയാൾ കാറോടിച്ചു പോകുകയാണ്. വീട്ടിലെത്തി ഭാര്യയെ ഇറക്കിയശേഷം അയാൾ കാറിൽനിന്നിറങ്ങാതെ കുറച്ചുനേരം ചിന്തിക്കുന്നു; മനസ്സാക്ഷി വല്ലാതെ കലാപം തുടങ്ങിയപ്പോൾ പെട്രാൾ നിറക്കാനുണ്ടെന്നു പറഞ്ഞ് തിരിച്ച് അവളെ അവസാനം കണ്ടിടത്തേയ്ക്ക് ഓടിച്ചു പോകുന്നു. അയാൾ തീരുമാനങ്ങളെടുത്തിരുന്നു. പക്ഷെ വൈകിപ്പോയി. സഹജീവിയോട് കാരുണ്യം കാണിക്കാനുള്ള അവസരംപോലും അയാൾക്ക് നഷ്‌പ്പെട്ടിരുന്നു. കഥ അവസാനിക്കുന്നത് '......അയാൾ കാറിന്റെ വാതിലടച്ചു. കുറേ നേരം സ്റ്റീയറിങ് വീലിന്മേൽ കൈവച്ച് അനങ്ങാനാവാതെ ഇരുന്നു. അയാൾക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു.' എന്നാണ്. പക്ഷെ നഷ്ടപ്പെട്ടതിനേക്കാൾ അയാൾ നേടിയിരുന്നു. അയാളിപ്പോൾ സമ്പന്നമായൊരു ഹൃദയത്തിന്റെ ഉടമയാണ്.

ഈ കഥാപാത്രത്തെ, കഥയിലെ റാണിയെ, ഞാൻ എവിടെയാണ് കണ്ടുമുട്ടിയത്? കുറേനേരത്തെ ആലോചനയ്ക്കു ശേഷം ഉത്തരം കിട്ടി. ഈ കഥാപാത്രം നമ്മുടെ നാട്ടിൽ ഓരോ നിമിഷവും ജനിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ അവരെ കാണുന്നില്ലെന്നു മാത്രം. അങ്ങിനെയുള്ള നിർഭാഗ്യവാന്മാരെ കാരുണ്യത്തിന്റെ കണ്ണുകൾ കൊണ്ട് കാണുവാൻ ഈ കഥ പ്രാപ്തരാക്കിയാൽ എന്റെ കഥ സാർത്ഥകമായി

ഇ ഹരികുമാര്‍ - 2005 ഡിസംബര്‍ 10