ഡോ. മിനി പ്രസാദ്

ഒരു കൊച്ചു കങ്ഫൂ ഫൈറ്റര്‍

ഡോ. മിനി പ്രസാദ്

ഇ. ഹരികുമാറിന്റെ 'ഒരു കങ്ഫൂ ഫൈറ്റർ' എന്ന കഥയെക്കുറിച്ച് പഠനം

മലയാള ചെറുകഥാ സാഹിത്യത്തിൽ മൗലികതയാർന്ന രചനകളുമായി ഒറ്റപ്പെട്ടു നിൽക്കുന്ന എഴുത്തുകാരനാണ് ഇ. ഹരികുമാർ. ഹരികുമാറിന്റെ കഥകളിൽത്തന്നെ വലിയൊരു വിഭാഗം കുട്ടികളെ കഥാപാത്രങ്ങളാക്കിയവയാണ്. എല്ലാ തലങ്ങളിലും പെടുന്ന കുട്ടികളും അവർ നേരിടുന്ന അനേകം പ്രതിസന്ധികളും മാനസിക വൈഷമ്യങ്ങളും ഹരികുമാർ പ്രമേയമാക്കുന്നു. വൻ നഗരങ്ങളിലെ ഇടുങ്ങിയ ഫ്‌ളാറ്റുകളിലെ അണുകുടുംബത്തിലെ അംഗമായ ഒറ്റക്കുട്ടിയാണ് പല കഥകളിലും കഥാപാത്രമാവുന്നത്. വളരെക്കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ഈ കുട്ടികൾക്ക് അവരുടെ കണ്ടെത്തലുകൾ, അറിവുകൾ ഇവയൊന്നും പങ്കുവയ്ക്കാനാരുമില്ല. മാതാപിതാക്കളാവട്ടെ അവരുടേതായ പ്രാരാബ്ധങ്ങളിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ കുട്ടിക്ക് നല്ല സുഹൃത്താവാൻ കഴിയാതെ പോവുന്നു. സ്വന്തം ഏകാന്തതയിൽനിന്ന് രക്ഷപ്പെടാനായി ഈ കുട്ടികൾ അവരവരുടേതായ ചില മാർഗങ്ങൾ കണ്ടെത്തുന്നു. ഭാവനാലോകത്ത് അവരുടേതായ സ്വന്തം സാമ്രാജ്യങ്ങൾ സൃഷ്ടിക്കുകയും തന്നെ മഥിക്കുന്ന പ്രശ്‌നങ്ങൾക്ക് തന്റേതായ രീതിയിൽ പരിഹാരം കാണുകയും ചെയ്യുന്നു

തന്റെ മുന്നിൽ കണ്ട രൂക്ഷമായ ഒരു പ്രശ്‌നത്തിന് ആറുവയസ്സുകാരനായ ഒരു കുട്ടി സ്വയമേ ഒരു പരിഹാരം കണ്ടെത്തുന്നതും ആ പ്രവൃത്തി ഉൾക്കൊള്ളാനാകാത്ത മാതാപിതാക്കൾ അവനെ ശിക്ഷിക്കുന്നതുമാണ് ഹരികുമാറിന്റെ 'ഒരു കങ്ഫൂ ഫൈറ്റ'റിലെ പ്രമേയം. രാജു എന്ന ആറുവയസ്സുകാരൻ തന്റെ ക്ലാസിലെ കുട്ടികളുടെ കഴിവിനെപ്പറ്റി വാചാലനാവുകയും അവരെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ അനുകരണം പലപ്പോഴും സീമകളെ ലംഘിക്കാറുമുണ്ട്. ഷേറാൻസ് എന്ന കങ്ഫൂ ഫൈറ്ററായിരുന്നു ആദ്യ താരം. അവന്റെ ഇടി എങ്ങനെയാണെന്ന് രാജു അച്ഛനെ ഇടിച്ച് കാണിച്ചുകൊടുക്കുന്നു. ആ ഇടിയിൽതന്നെ നന്നായി വേദനിക്കുന്ന അച്ഛൻ ഷേറാൻസിന്റെ അസ്സൽ ഇടി എന്തായിരിക്കും എന്ന് അദ്ഭുതം കൂറുകയും അവൻ രാജുവിന്റെ ഒരു സംരക്ഷകനായി ക്ലാസിൽ നിലകൊള്ളും എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

ഷേറാൻസിനോടുള്ള ആരാധന റോമി എന്ന പാട്ടുകാരനിലേക്ക് മാറുന്നു. പിന്നെ തനായി എന്ന ചിത്രകാരനായി അനുകരണവസ്തു. ചിത്രകാരനോടുള്ള ആരാധന മൂത്ത് അവൻ പുതിയ ചായപ്പെട്ടികൾ ഡ്രോയിങ് ബുക്കുകൾ ഇവയൊക്കെ സ്വന്തമാക്കുന്നു. കുറെ ദിവസം വീടുനിറയെ പല രൂപത്തിലും ഭാവത്തിലും ചിത്രങ്ങൾ നിറഞ്ഞുകിടക്കുകയും ചെയ്യുന്നു. അതിനുശേഷം ഓട്ടോമാറ്റിക് കാറുകളുടെ ഉടമസ്ഥനായ തപാസിനോട് ഈ ആരാധനയ്ക്ക് ഗതിമാറ്റം സംഭവിക്കുന്നു.

പിന്നെ വളരെപ്പെട്ടെന്ന് കുട്ടി നിശ്ശബ്ദനായി. ഒന്നും സംസാരിക്കാതെ തന്റെ ആരാധനാപാത്രങ്ങളായ കൂട്ടുകാരെപ്പറ്റി ഒരക്ഷരവും പറയാതെ വളരെ ആലോചിച്ച് ഒറ്റയ്ക്കിരിക്കുന്ന ആ കുട്ടിക്കു വരുന്ന വ്യതിയാനം അച്ഛനെയാണ് കൂടുതൽ വിഷമിപ്പിക്കുന്നത്. അതിനൊപ്പം മറ്റൊരു വ്യതിയാനം കൂടി അയാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് ശാരീരികമായ അവന്റെ വ്യത്യാസമാണ്. അവൻ വല്ലാതെ ക്ഷീണിക്കുന്നതായി അയാൾക്ക് മനസ്സിലാവുന്നു. വിരയുടെ ഉപദ്രവമാവാം എന്നും അതിനൊരു ഡോക്ടറെ കാണാമെന്നുമുള്ള തീരുമാനത്തിൽ അവരെത്തുന്നു. വിരയ്ക്കുള്ള മരുന്നുകൊണ്ടോ ഡോക്ടറെ കണ്ടതുകൊണ്ടോ ഒരു ഫലവും ഉണ്ടായില്ല. ഭക്ഷണം വേണ്ടതുപോലെ കഴിക്കുന്നില്ലേ എന്നതായിരുന്നു പിന്നത്തെ അന്വേഷണ വിഷയം. ഉച്ചയ്ക്ക് അഞ്ച് ചപ്പാത്തി കൊണ്ടുപോകാറുണ്ടെന്ന് അവനും സാക്ഷ്യപ്പെടുത്തുന്നു. അവന്റെ ശരീരം മെലിയുന്നതിനെപ്പറ്റിയുള്ള അച്ഛന്റെ ചോദ്യങ്ങളെ പാടേ അവഗണിച്ചുകൊണ്ട് രാജു ഒരു ചോദ്യം അങ്ങോട്ട് ചോദിക്കുന്നു- ''ഡാഡീ എന്താണ് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തത്.''

അല്പം ഹാസ്യരസത്തോടെ ഈ ചോദ്യത്തെ സ്വീകരിക്കുന്നതല്ലാതെ അയാളതിന് മറുപടിയൊന്നും പറയുന്നില്ല. അത്തരം ഒരു മറുപടി രാജു ആഗ്രഹിക്കുന്നുമില്ല. അതിനുശേഷം ഒരു ദിവസം ഉച്ചയ്ക്ക് അവിചാരിതമായി സ്‌കൂളിലെത്തുന്ന അമ്മ അവൻ ഉച്ചഭക്ഷണം മറ്റൊരു കുട്ടിയുമായി പങ്കുവെയ്ക്കുന്നതു കാണുന്നു. അമ്മയെ കാണുമ്പോൾ മറ്റേ കുട്ടിയുടെ കൈ തട്ടിമാറ്റുകയും അവൻ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനാരംഭിക്കുകയും ചെയ്യുന്നു. പിന്നെ ക്ലാസ് മിസ് അമ്മയോട് സ്‌കൂളിലെ പ്യൂണിന്റെ മകനായ ബെൻസി എന്ന കുട്ടിക്ക് രാജു ഉച്ചഭക്ഷണത്തിന്റെ പങ്ക് കൊടുക്കാറുണ്ടെന്നും, രാജുവൊഴികെ ആരും അവനോട് സ്‌നേഹമായി പെരുമാറാറില്ല എന്നും പറയുന്നു. ഈ വിവരങ്ങൾ അമ്മ അച്ഛനോട് പറയുമ്പോഴാവട്ടെ മകന്റെ ദീനാനുകമ്പയിൽ അച്ഛന് അഭിമാനം തോന്നുകയല്ല ചെയ്യുന്നത്. തന്നോട് ഇക്കാര്യങ്ങൾ മറച്ചുവെച്ചതിൽ കഠിനമായ ദേഷ്യമായിരുന്നു അയാൾക്ക്. വൈകുന്നേരം സ്‌കൂൾ വിട്ടുവന്നപ്പോൾ അച്ഛൻ അവനെ വിസ്തരിക്കുന്നു- ''നീ എത്ര ചപ്പാത്തി തിന്നാറുണ്ടെന്നാണ് എന്നോടു പറഞ്ഞത്?''

അവന് ഭയമായി. അവൻ സംശയിച്ചുകൊണ്ടു പറഞ്ഞു- ഫൈവ്.
നീ ഫൈവ് ചപ്പാത്തി തിന്നാറുണ്ടോ?
മമ്മി അവനെ വിറ്റുവെന്ന് മനസ്സിലായപ്പോൾ അവൻ പറഞ്ഞു.
ഇല്ല. പിന്നെ എത്ര ചപ്പാത്തിയാണ് തിന്നാറ്.
വൺ ചപ്പാത്തി.
ഒന്നോ.
അവൻ ഒരു ചപ്പാത്തി തിന്ന് ബാക്കി നാലെണ്ണം ആ കുട്ടിക്ക് കൊടുക്കുകയായിരുന്നു. അവൻ മെലിയുന്നതിൽ എന്താണദ്ഭുതം?
എനിക്ക് പെട്ടെന്ന് ദേഷ്യം പിടിച്ചു. ഇവൻ എന്നോട് നുണ പറയുകയായിരുന്നു.
ഞാൻ അടുത്തുകണ്ട ഒരു സ്‌കെയിലെടുത്ത് അവനെ അടിക്കാൻ തുടങ്ങി. രാജു വേദനകൊണ്ട് പുളഞ്ഞു.
ദേഷ്യം ശമിച്ചപ്പോൾ അടി നിർത്തി അവനോട് ചോദിച്ചു.
അങ്ങനെ കൊടുക്കണമെന്നു തോന്നിയാൽ നിനക്ക് ഒന്നോ രണ്ടോ ചപ്പാത്തി മാത്രം കൊടുത്ത് ബാക്കി തിന്നാമായിരുന്നില്ലേ?
എന്തിനാണ് നാലെണ്ണം കൊടുക്കുന്നത്?
അവൻ ഒന്നും പറഞ്ഞില്ല.
നീ കേൾക്കുന്നുണ്ടോ? ഞാൻ ക്രുദ്ധനായി ചോദിച്ചു.
എന്തിനാണ് നാലെണ്ണം കൊടുത്തത്?
ഡാഡി അടിക്ക്വോ? അവൻ വിറച്ചുകൊണ്ട് ചോദിച്ചു.
ഇല്ല പറയൂ.
എനിക്ക് വൈകുന്നേരം വന്നാലും ഭക്ഷണം കഴിച്ചുകൂടേ.
ബൻസിക്ക് വീട്ടിൽനിന്ന് ഒന്നും കിട്ടില്ല്യാത്രെ.
എല്ലാ കുട്ടികളും അവനെ ഉപദ്രവിക്കുന്നുണ്ട് അവൻ പാവമാണ്.

ഇടത്തരക്കാരനായ ഒരുവന്റെ സാമൂഹ്യബോധവും ആറു വയസ്സുകാരനായ ഒരു കുട്ടിയുടെ സാമൂഹ്യബോധവും തമ്മിലുള്ള അതിരൂക്ഷമായ സംഘർഷമാണിവിടെ നടക്കുന്നത്. തനിക്ക് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി ആർക്കെങ്കിലും കൊടുക്കുക എന്ന ഇടത്തരക്കാരന്റെ രീതി മകന് സ്വീകാര്യമാവുന്നില്ല. മറ്റൊരു ശ്രദ്ധാർഹമായ കാര്യം ക്ലാസ്സിലെ വലിയ ആൾക്കാരെപ്പറ്റിയൊക്കെ വാചാലനാവുന്ന കുട്ടി ഈ കാര്യത്തെപ്പറ്റി ഒരക്ഷരവും ആരോടും പറയുന്നില്ല. തന്റെ കൂട്ടുകാരനോടുള്ള സ്‌നേഹവും അവനെ സഹായിക്കാനായി സ്വയം കണ്ടെത്തുന്ന വഴികളും ഒരു രഹസ്യമായി അവൻ സൂക്ഷിക്കുന്നു. എന്താണ് എല്ലാവർക്കും പണമുണ്ടാവാത്തത് എന്ന ഒരു ചോദ്യത്തിൽ അവന്റെ ചോദ്യവും ഉത്തരവും ഒതുങ്ങി നിന്നു. തന്നാലാവും വിധം ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിനാണ് അച്ഛൻ അവനെ ക്രൂരമായി അടിക്കുന്നത്.

ആദ്യത്തെ ദേഷ്യത്തിൽ മകനെ അടിച്ചെങ്കിലും പിന്നെ തന്നെപ്പറ്റിത്തന്നെ അയാൾക്ക് ലജ്ജ തോന്നുന്നു. അതുകൊണ്ടുതന്നെ അവനൊരു സമ്മാനം വാങ്ങിക്കൊടുക്കാനയാൾ തീരുമാനിക്കുന്നു. സമ്മാനം ഒരു കൈക്കൂലിയാണ്. അവനെ തൽക്കാലത്തേയ്ക്ക് സമാശ്വസിപ്പിക്കാനുള്ള ഒരു കൈക്കൂലി. സ്വന്തം ആ കുറ്റബോധത്തിൽ നിന്നുള്ള വിടുതൽ. പക്ഷേ, ആ ആറുവയസ്സുകാരനെ കളിസാമാനങ്ങൾ തീരെ ആകർഷിക്കുന്നില്ലെന്ന് അവന്റെ 'വലുതാവുമ്പോൾ എനിക്കൊരു കങ്ഫു ഫൈറ്ററാവണം' എന്ന പ്രസ്താവന തെളിയിക്കുന്നു. അവൻ അപ്പോഴെന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് അയാൾക്ക് മനസ്സിലാവുന്നില്ല. കങ്ഫു ഫൈറ്ററിനെ രാജു കാണുന്നത് തിന്മക്കെതിരെ നിൽക്കുന്ന നന്മയുടെ പ്രതിരൂപം എന്ന നിലയിലാണ്. വളർന്നു വലുതാവുമ്പോൾ തിന്മകൾക്കും അസമത്വങ്ങൾക്കും എതിരെ പോരാടാൻ ഒരു കങ്ഫു ഫൈറ്ററായിത്തീരാനാഗ്രഹിക്കുന്ന കുട്ടി ഒന്നോ രണ്ടോ ചപ്പാത്തി കൊടുത്താൽ പോരായിരുന്നോ എന്നു ചോദിക്കുന്ന അച്ഛനിൽനിന്ന് കാതങ്ങളോളം ദൂരെയാണ്. അവന്റെ തലത്തിൽ ചിന്തിക്കാൻ പോലും അയാളിനി ഒരുപാട് ദൂരം സഞ്ചരിക്കണം. കുട്ടികൾ വെറും സ്വപ്നജീവികളല്ല. ചുറ്റുപാടുകളിൽ നിന്ന് കണ്ടും കേട്ടും ഉൾക്കൊണ്ടും കാര്യങ്ങൾ മനസ്സിലാക്കുന്ന അവർ അവ ഓരോന്നിനോടും അവരാലാവും വിധം പ്രതികരിക്കുന്നുമുണ്ട്. അതിന്റെ വഴികൾ വ്യത്യസ്തമായിരിക്കും എന്നു മാത്രം. അത് ഉൾക്കൊള്ളാനോ അഭിനന്ദിക്കാനോ മുതിർന്നവർക്ക് കഴിയാറില്ല.

രാജുവിന്റെ ഭാവിമോഹത്തോടുള്ള അച്ഛന്റെ പ്രതികരണമാണ് അവസാന വാക്യം. നിന്റെ മനസ്സിൽ നീ ഇപ്പോൾത്തന്നെ ഒരു കങ്ഫൂ ഫൈറ്ററാണല്ലോ എന്ന ആത്മഗതത്തിൽ സ്വന്തം മകന്റെ കണ്ടെത്തലുകളെ, ലോകത്തോടുള്ള പ്രതികരണങ്ങളെ, അതേപടി സ്വീകരിച്ച പിതാവിനെ കാണാം. അയാൾക്ക് ആറു വയസ്സുകാരനായ മകന്റെ മാനസിക വളർച്ച ബോദ്ധ്യമാവുന്നു. തന്നെയോർത്ത് ലജ്ജ തോന്നുകയും ചെയ്യുന്നു.

വർത്തമാനം ആഴ്ചപ്പതിപ്പ് - 2012 ഫെബ്രുവരി 28

ഡോ. മിനി പ്രസാദ്

അനുബന്ധ വായനയ്ക്ക്