നുറുങ്ങുചിന്തകള്‍ - 4

ഒരു വാർത്തയ്ക്കു പിന്നിൽ

വാർത്ത ഇതാണ്. ''നാനൂറോളം തൊഴിലാളികളുള്ള പറവൂർ ടൗൺ കൈത്തറി നെയ്ത്തു സഹകരണസംഘത്തിൽ 75 ലക്ഷത്തോളം രൂപയുടെ തുണികൾ കെട്ടിക്കിടക്കുന്നതിനാൽ സംഘം കടക്കെണിയിലേക്കു നീങ്ങുന്നു. കൈത്തറിവസ്ത്രങ്ങളുടെ വില്പനയിൽ ഉണ്ടായിട്ടുള്ള മാന്ദ്യം കാരണം "ഹാൻടെക്‌സ്" തുണിസംഘങ്ങളിൽനിന്നും വാങ്ങാത്തതാണ് കെട്ടിക്കിടക്കാൻ കാരണം.'

വളരെ ചെറിയ ഒരു വാർത്ത. പക്ഷേ, ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഈ റിപ്പോർട്ട് ഒരു പേക്കിനാവായി എന്തുകൊണ്ട് എന്നെ പിന്തുടരുന്നു? നാന്നൂറംഗങ്ങളെന്നുവച്ചാൽ നാന്നൂറ് കുടുംബങ്ങൾ എന്നാണർത്ഥം. അവർ പട്ടിണിയിലേക്കു വലിച്ചിടപ്പെടുന്നതിന്റെ ആദ്യപടിയാണ് നാമിപ്പോൾ കാണുന്നത്. സ്‌ക്രിപ്റ്റും അഭിനേതാക്കളും തയാറായി. ഇനി ദുരന്തസിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയേ വേണ്ടൂ. 75 ലക്ഷത്തിന്റെ തുണികൾ കെട്ടിക്കിടക്കുന്നുവെങ്കിൽ ഇപ്പോൾത്തന്നെ നെയ്ത്ത് നിർത്തിവച്ചിട്ടുണ്ടാവും. ചെലവാക്കാൻ കഴിയാത്ത സാധനം ഉണ്ടാക്കിയിട്ടെന്താണ് പ്രയോജനം. അംഗങ്ങളുടെ വരുമാനം മുഴുവനായും നിന്നിട്ടുമുണ്ടാവും.

ഇനി മറുവശം പറയാം. ഓണമടുത്താൽ ഒരു പ്രത്യേകതരം ദേശാടനക്കിളികളെ നമ്മുടെ നഗരങ്ങളിൽ കാണാം. വടക്കേ ഇന്ത്യയിലെ കർക്കിടകശൈത്യത്തിൽനിന്ന് കേരളത്തിലെ ചിങ്ങവസന്തപ്പിറവിയിലേക്കു പറന്നുവരുന്ന കിളികൾ, കച്ചവടക്കാർ. അവർ നമ്മുടെ നഗരങ്ങളിലുള്ള പ്രദർശനശാലകളെല്ലാം പിടിച്ചടക്കുന്നു. ഹാളുകൾ കിട്ടാതാകുമ്പോൾ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ താഴത്തെ നിലകൾവരെ സ്റ്റാളുകളാക്കുന്നു. ചെറിയ പക്ഷികൾ നിരത്തിന്നരികെ ഫുട്പാത്തുകളിൽ സാധനങ്ങൾ നിരത്തി കച്ചവടം നടത്തുന്നു. രണ്ടു സാരികൾ വാങ്ങിയാൽ ഒരു സാരി സൗജന്യം. സാരികൾ രണ്ടലക്കുകഴിഞ്ഞാൽ ഉടുക്കാൻ കൊള്ളാത്തതാവുമെന്നെല്ലാം ആരു നോക്കുന്നു? ഓണത്തിനു കിട്ടുന്ന ബോണസ്സും ശമ്പളവും മുൻകൂർ വാങ്ങിയതും എല്ലാം ഈ സ്റ്റാളുകളിൽ തുലയ്ക്കുന്നു. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വില്പനയുണ്ടാകുന്നത് തുണിത്തരങ്ങൾക്കാണ്.

കീറത്തുണികൾതൊട്ട് നല്ല പട്ടുസാരികൾ വരെ എന്തും കണക്കില്ലാതെ വിറ്റഴിഞ്ഞു പോകുന്ന ഈ സമയത്താണ് നമ്മുടെ നാട്ടിൽ നമ്മുടെ ആൾക്കാർ നെയ്തുണ്ടാക്കുന്ന തുണിത്തരങ്ങൾ, നല്ല ഈടുറ്റ തുണിത്തരങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. എന്തോ ഒരു പന്തികേടു തോന്നുന്നില്ലേ? ഇവിടെയാണ് സഹകരണമന്ത്രാലയം ഉണർന്നു പ്രവർത്തിക്കേണ്ടത്. സാധാരണ നിലയിൽ മന്ത്രാലയത്തിന്റെ മോണിറ്ററിങ് ഉണ്ടായാൽ ഏതൊക്കെ സംഘങ്ങൾ എന്തൊക്കെ പ്രശ്‌നങ്ങൾ നേരിടുന്നുവെന്നെല്ലാം മനസ്സിലാക്കി അതിനുള്ള പ്രതിവിധി ചെയ്യാൻ പറ്റും. അതിനുള്ള സംവിധാനമൊന്നും പൊതുവേ കാണാറില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ ചുവപ്പുനാടകളിൽ കുരുങ്ങി അവ സജീവമായി പ്രവർത്തിക്കാറുമില്ല. സർക്കാർ വിചാരിച്ചാൽ എറണാകുളം പോലുള്ള നഗരങ്ങളിൽ സ്റ്റാളുകളെടുത്ത് പരസ്യം ചെയ്ത് വടക്കേ ഇന്ത്യാക്കാർ തൂത്തുവാരുന്ന മാർക്കറ്റിന്റെ ചെറിയ അംശമെങ്കിലും ഈടാക്കാൻ കഴിയും. നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന സഹകരണസംഘങ്ങളെ രക്ഷിക്കുകയും ചെയ്യാം. ഉണർന്നു പ്രവർത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. സഹകരണ സംഘങ്ങളുടെ അധികാരം കൈയേറാനുള്ള രാഷ്ട്രീയക്കളികൾക്കിടയിൽ വല്ലപ്പോഴും ഇതുപോലുള്ള നല്ല കാര്യങ്ങളും ചെയ്താൽ ഒരുപാടു കുടുംബങ്ങൾ രക്ഷപ്പെടും.


ഭാഗ്യവും വംശപാരമ്പര്യവും

ഭാഗ്യം (നിർഭാഗ്യവും) പാരമ്പര്യമായിട്ടുണ്ടാകുന്നതാണെന്നു തോന്നുന്നു. രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ എന്നിവപോലെ അച്ഛനമ്മമാരിൽനിന്ന് മക്കളിലേക്കു പകർന്ന് തലമുറകളായി നിലനിൽക്കുന്ന ഒന്നാണ് ഭാഗ്യവും നിർഭാഗ്യവും. ചില കുടുംബങ്ങളുടെ കഥയെടുത്താൽ നമുക്കതു ബോദ്ധ്യമാവും. തലമുറകളായി കത്തി നിൽക്കുന്ന കുടുംബങ്ങളില്ലേ, മറിച്ച് തലമുറകളായി എന്നും പ്രാരാബ്ധത്തിലും പട്ടിണിയിലും കഴിയുന്ന കുടുംബങ്ങളും? അല്പം ഭാഗ്യമുണ്ടായിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്ന എത്ര കുടുംബങ്ങൾ കൂട്ട ആത്മഹത്യയിൽ ഒടുങ്ങുന്നു? ചില വർഗങ്ങൾക്കുതന്നെ പൊതുവായി ഭാഗ്യം കുറഞ്ഞതായി കാണാറില്ലേ? ഇതിനെപ്പറ്റി പരീക്ഷണങ്ങൾ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രോഗങ്ങളുടെ കാര്യത്തിൽ മൂർത്തമായൊന്നു മുൻപിലുള്ളതു കാരണം ശാസ്ത്രജ്ഞന്മാർ പരീക്ഷണങ്ങൾ നടത്തുന്നു. പക്ഷേ, ഭാഗ്യമെന്നത് അമൂർത്തമായ ഒന്നാകയാൽ അത്ര പെട്ടെന്ന് ശാസ്ത്രജ്ഞരുടെ ശ്രദ്ധ അതിൽ പതിയാൻ വഴിയില്ല. ഒരു മനുഷ്യന്റെ ജനിതശ്രേണിയിലെവിടെയോ അയാളുടെ ഭാഗധേയത്തിന്റെ പാദമുദ്ര പതിഞ്ഞുകിടപ്പുണ്ട്. അതു കണ്ടുപിടിക്കുകയാണാവശ്യം. ജനിതകശാസ്ത്രത്തിന്റെ ഒരു കൈവഴിയായി ഇതിനെ കണക്കാക്കണം. അങ്ങനെയാകുമ്പോൾ ജെനെറ്റിക് സർജറിവഴി നേരെയാക്കാവുന്നതേയുള്ളു നിർഭാഗ്യവുമെന്ന് പരീക്ഷണങ്ങൾവഴി മനസ്സിലാവും.

അങ്ങനെ നേരെയാക്കേണ്ട കേസുകൾ സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുണ്ട്. ഒരു സാഹിത്യകാരന്റെ മകൻ സാഹിത്യകാരനാകുമ്പോൾ, വ്യക്തിപരമായ ദൗർഭാഗ്യം മാത്രമല്ല, ഭാഷയുടെ ദുരന്തം കൂടിയാണത്, മറിച്ച്, രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരാകുന്നത് വ്യക്തിപരമായി ഭാഗ്യമാണെങ്കിലും ദേശീയതലത്തിൽ വലിയൊരു ദുരന്തമാണ്. ഈ മേഖലകളിൽ ജെനെറ്റിക് എഞ്ചിനീയറിങ്ങിന്റെ ആവശ്യകതയെപ്പറ്റി കൂടുതൽ പറയണമോ?


സ്വപ്നങ്ങൾകൊണ്ടു മാത്രമായില്ല

അറുപതുകളിലെ കൽക്കത്തയിലെ തെരുവുകൾ പ്രക്ഷുബ്ധമായിരുന്നു. മിക്കവാറും ദിവസങ്ങളിൽ തെരുവുകളിൽ പ്രകടനങ്ങളുണ്ടാവും. അവ തുടങ്ങുന്നത് ഓഫീസുകൾ വിടുന്ന സമയത്താണ്. ജാഥകൾ വാഹനതടസ്സമുണ്ടാക്കും. ജനജീവിതം ദുസ്സഹമാക്കും. എന്നാൽത്തന്നെ എന്ത്? വിപ്ലവം ജയിക്കുകയല്ലേ എന്നു കരുതി ജനങ്ങൾ എല്ലാം സഹിക്കുന്നു. ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രസ്ഥാനം വളരെ ശക്തമായിരുന്നു കൽക്കത്തയിൽ. അതുകൊണ്ട് ഏതെങ്കിലും ഒരു സംഘടന പ്രക്ഷോഭത്തിനിറങ്ങിയാൽ മറ്റു സമാന്തര സംഘടനകളും ധാർമിക പിന്തുണ പ്രഖ്യാപിക്കും. പിന്നെയുണ്ടാവുന്നത് ആയിരക്കണക്കിനു തൊഴിലാളികൾ കൽക്കത്തത്തെരുവുകൾ കൈയടക്കുന്നതാണ്. ഞാൻ പറയാൻ പോകുന്നതതല്ല. ഈ കഥകളിൽ സ്ഥിരം കേൾക്കുന്ന മുദ്രാവാക്യങ്ങളെപ്പറ്റിയാണ്. അമാദേർ ദാബി മാങ്‌തെ ഹോബേ, ദീത്തെ ഹോബേ', ഞങ്ങളുടെ അവകാശങ്ങൾ അനുവദിച്ചുതരണം, തന്നേ തീരു. അതെല്ലാം ശരിയാണ്. അതിനിടയ്ക്കുള്ള ഒരു മുദ്രാവാക്യമാണ് എനിക്കു മനസ്സിലാക്കാൻ കഴിയാതിരുന്നത്. 'ഡൗൺ വിത്ത് അമേരിക്കൻ ഇംപീരിയലിസം.' പുട്ടിന് തേങ്ങയിടുംപോലെ ഒരു സെറ്റ് മുദ്രാവാക്യങ്ങൾക്കിടയിൽ ഈ മുദ്രാവാക്യം തിരുകിവയ്ക്കും. കൽക്കത്തയിലെ തൊഴിലാളികളുടെ പ്രശ്‌നവും അമേരിക്കൻ ഇംപീരിയലിസവും തമ്മിലുള്ള ബന്ധം മനസ്സിലാവാതെ ജാഥയിൽ പങ്കെടുക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. ദൈവമേ, എന്നാണ് അമേരിക്കൻ ഇംപീരിയലിസത്തെപ്പോലെ ഒരു ഇംപീരിയലിസം ഇന്ത്യ കെട്ടിപ്പടുക്കുന്നത്? ജനസംഖ്യയിൽ മൂന്നിൽ രണ്ടുപേർക്ക് സ്വന്തമായി കാറും എല്ലാവർക്കും ടെലിഫോണും അവശ്യവസ്തുക്കളുടെ സമൃദ്ധിയുമുള്ള ഒരു ഭരണക്രമം? ഇത് അറുപതുകളിലെ കാര്യമാണ്. ഇന്നത്തെ കാര്യം പറഞ്ഞ് എന്തിന് നമ്മുടെ മനസ്സ് കലുഷമാക്കണം? അത് ഇംപീരിയലിസമാകട്ടെ, മുതലാളിത്തമാകട്ടെ, എന്താണ് വ്യത്യാസം? അന്നു ഞാൻ ജോലിയെടുത്തിരുന്നത് ഒരു യൂറോപ്യൻ കമ്പനിയിലായിരുന്നു. അവിടെ ഒരു ക്ലാർക്കിന് കിട്ടിയിരുന്ന ശമ്പളം കളക്ടറുടെ ശമ്പളത്തെക്കാൾ കൂടുതലായിരുന്നു. 15 ശതമാനം പ്രോവിഡന്റ് ഫണ്ട്, നാലുമാസത്തെ മുഴുവൻ ശമ്പളവും ബോണസ്. സൗജന്യ വൈദ്യചികിത്സ തുടങ്ങിയ ആനുകൂല്യങ്ങൾ. (കേന്ദ്രസർക്കാർ 20 ശതമാനം ബോണസ് പരിധിവച്ചപ്പോൾ ബാക്കിയുള്ള സംഖ്യ എക്‌സ് ഗ്രേഷ്യയെന്ന പേരിൽ തരാൻമാത്രം ഉദാരമതികളായിരുന്നു അവർ.) ഡി.എ. നിരക്ക് ബംഗാൾ ചേംബർ ഒഫ് കോമേഴ്‌സിന്റെ നിരക്കായിരുന്നു. അതിന്റെ പ്രത്യേകതയെന്തെന്നാൽ, കോസ്റ്റ് ഒഫ് ലിവിങ് ഇൻഡക്‌സിനോടൊപ്പം ഓരോ മാസവും അലവൻസും കൂടുന്നു. ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ പതിനഞ്ചോ ഇരുപതോ രൂപ വർദ്ധിച്ചതായി കാണാം. സ്വർണം പവന് നൂറുരൂപയുള്ള കാലത്തെ കാര്യമാണ് പറയുന്നത് എന്നോർക്കണം. ഇതെല്ലാം വാങ്ങിയിരുന്ന ജോലിക്കാരാണ് കൽക്കത്താത്തെരുവുകളിൽ അമേരിക്കൻ സാമ്രാജ്യത്വത്തെ തെറിവിളിച്ചുകൊണ്ട് ജാഥ നയിച്ചിരുന്നത് എന്നതൊരു വിരോധാഭാസം. അന്നെല്ലാം റേഡിയോ പീക്കിങിന്റെ പ്രക്ഷേപണ പരിപാടിയിൽ മിനിട്ടിന് നാലു പ്രാവശ്യമെന്ന തോതിൽ ഉപയോഗിച്ചിരുന്ന വാക്കാണ് അമേരിക്കൻ ഇംപീരിയലിസമെന്നത്. 'മാവോ നമ്മുടെ നേതാവാ'യിരുന്നതുകൊണ്ട് അതേ മുദ്രാവാക്യങ്ങൾ നമ്മളും വിളിക്കേണ്ടേ?

സോവിയറ്റ് റഷ്യയിൽ ഇരുമ്പുമറയ്ക്കകത്തു നടക്കുന്നതെന്താണെന്ന് അൻപതുകളിൽത്തന്നെ അറിഞ്ഞുതുടങ്ങിയിരുന്നു. സൈബീരിയൻ പൈൻമരങ്ങൾ കൊണ്ടുണ്ടാക്കിയ മേൽത്തരം കടലാസുപയോഗിച്ച് ജനങ്ങളുടെ ചെലവിൽ അച്ചടിച്ച് ലോകമാസകലം സൗജന്യമായി വിതരണം ചെയ്തിരുന്ന പരസ്യപ്രസിദ്ധീകരണങ്ങളിൽ കാണിക്കുന്ന സമൃദ്ധിക്കു പിന്നിൽ പൊള്ളയായൊരു സമ്പദ്‌വ്യവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ജോൺ ഗന്തറും, ഹവാർഡ് ഫാസ്റ്റും, ആർതർ കെസ്റ്റലറും മറ്റും നെഹ്‌റുവിന് അപരിചിതരല്ലായിരുന്നു. അന്നെങ്കിലും സോഷ്യലിസമെന്ന 'മോഹനസ്വപ്ന'ത്തിൽനിന്ന് കുടഞ്ഞെഴുന്നേറ്റ് വ്യക്തിക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു സമ്പദ്‌വ്യവസ്ഥ ആവിഷ്‌കരിക്കാൻ നമ്മുടെ രാഷ്ട്രശില്പികൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യ അജയ്യമായൊരു രാഷ്ട്രമായേനെ. ഇന്ന് ജപ്പാനിൽനിന്ന് സോണിയും സുസുകിയും ദക്ഷിണ കൊറിയയിൽനിന്ന് സാംസുങും ഡെയ്‌വൂവും അമേരിക്കയിൽനിന്ന് വേൾപൂളും ഐ.ബി. എമ്മും വരുന്നതിനുപകരം ഇന്ത്യൻ നിർമിത വസ്തുക്കൾ പുറംരാജ്യങ്ങളിലേക്കൊഴുകിയേനേ. ഇന്ത്യൻ തൊഴിലാളിയും മുതലാളിയും രക്ഷപ്പെട്ടേനെ. മറിച്ച് ഒരു പെർമിറ്റ് രാജ്യമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. അതുകൊണ്ട് രക്ഷപ്പെട്ടതോ, അഴിമതിയിൽ ആറാടുന്ന നേതാക്കന്മാരും എന്തിനും കൈക്കൂലി വാങ്ങുന്ന കുറെ സർക്കാർ ജീവനക്കാരും മാത്രം. കോരനു മാത്രമല്ല, തമ്പുരാനും കുമ്പിളിൽത്തന്നെ കഞ്ഞി.

ഇന്ന് ചൈനീസ് റേഡിയോ അമേരിക്കൻ സാമ്രാജ്യത്തെപ്പറ്റിയൊന്നും പറയുന്നില്ല. അവർ മോസ്റ്റ് ഫേവേഡ് നേഷനെന്ന അമേരിക്കൻ മെഡലും കുത്തിനടക്കുകയാണ്. ജോർജ് ഓർവെലിന്റെ 'അനിമൽ ഫാമി'ലെ വിപ്ലവത്തിനുശേഷമുണ്ടാക്കിയ പത്തു കല്പനകളിലൊന്ന്, നാലുകാല് നല്ലത്. രണ്ടു കാല് ചീത്ത എന്നായിരുന്നു കാലക്രമത്തിൽ തിരുത്തലുകൾ വരുത്തപ്പെട്ടു. അത് നാലു കാല് നല്ലത്, രണ്ടുകാലും നല്ലത് എന്നായി മാറി. പിന്നീടത് നാലുകാല് നല്ലത്, രണ്ടു കാല് അതിലും നല്ലത് എന്നായി മാറി. ഓർവലിന്റെ ക്രാന്തദർശിത്വത്തിനു മുൻപിൽ നമിക്കുക: (റോസി തോമസ് മൊഴിമാറ്റം നടത്തിയ ആ പുസ്തകം ഇപ്പോൾ കിട്ടാനില്ലെന്നത് കഷ്ടം തന്നെ.) ഇന്ത്യയിലും ഇടതുപാർട്ടികൾ അമേരിക്കൻ സാമ്രാജ്യത്വത്തെപ്പറ്റി ഇപ്പോൾ ശബ്ദിക്കുന്നില്ല. മറിച്ച് അവർക്ക് പറയാനുള്ളത് ഹൈന്ദവ ഫാസിസത്തെപ്പറ്റി മാത്രമാണ്. ഏതു ലേഖനങ്ങളെടുത്താലും അതിന്റെ പാരഗ്രാഫുകൾക്കിടയിൽ അതിനെപ്പറ്റി പരാമർശമുണ്ടാകും. ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഒരേയൊരു പ്രശ്‌നം ഹൈന്ദവ ഫാസിസമാണെന്നവർ സമർത്ഥിക്കുന്നു. അല്ലെങ്കിൽ ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അതാണെന്നവർ പറയുന്നു. ചിന്തിക്കാൻ നമുക്കെവിടെയാണ് സമയം? മുദ്രാവാക്യങ്ങളുടെ ലോകത്തിൽ വിവേകത്തിന്റെ ശബ്ദം പലപ്പോഴും മുങ്ങിപ്പോവുകയാണ് പതിവ്. ഇനിയും തിരുത്തലുകളുണ്ടാവും. അപ്പോൾ അനിമൽ ഫാമിലെ, തിരുത്തപ്പെട്ട കല്പനകൾക്കു മുൻപിൽ പകച്ചുനിൽക്കുന്ന പഴയ വിപ്ലവകാരിയായ ബോക്‌സർ എന്ന കുതിരയെപ്പോലെ നമുക്കും നിൽക്കാം.

കലാകൗമുദി - 1998 ആഗസ്റ്റ് 16

ഇ ഹരികുമാര്‍

E Harikumar