നുറുങ്ങുചിന്തകള്‍ - 2

സംസ്‌കാരത്തെപ്പറ്റി അല്പം

നമ്മുടെ വീട് മറ്റൊരാൾ കൈവശപ്പെടുത്തി കുറേക്കാലം വച്ചുകൊണ്ടിരിക്കുകയാണെന്നു കരുതൂ. അവസാനം നിയമയുദ്ധത്തിൽക്കൂടിയോ തെരുവുയുദ്ധത്തിൽക്കൂടിയോ അതു നമുക്കു തിരിച്ചുകിട്ടുന്നു. അപ്പോൾ നമ്മൾ ആ വീടിനു പഴയ പേരിടുമോ, അതോ അക്രമി കൊടുത്ത പുതിയ പേരുതന്നെ തുടർന്നുപയോഗിക്കുമോ? ബോംബെ മുംബെയും മദ്രാസ് ചെന്നൈയും, ട്രിച്ചൂർ തൃശ്ശൂരും, ട്രിവാൻഡ്രം തിരുവനന്തപുരവുമായി മാറിയതിൽ ഖേദിക്കുന്നവർ അങ്ങനെ ചെയ്യുകയില്ലായിരിക്കാം. ശശി തരൂരിന്റെ അഭിപ്രായത്തിൽ അങ്ങനെയുള്ള പേരുമാറ്റം മാനസികവികാസത്തിനു പ്രതിബന്ധമാവുമെന്നാണ്. അതെങ്ങനെയാണെന്ന് അദ്ദേഹം വിവരിച്ചില്ല. അങ്ങനെയാണെങ്കിൽ ലോകത്തു പലയിടത്തും ജനതകൾ മാനസികവികാസമില്ലാതെ ഞെരുങ്ങി നശിച്ചിട്ടുണ്ടാവണം. പിക്കിങ്, ബെയിജിങ് ആക്കിയതോടെ ചൈനക്കാരുടെ മാനസികവികാസം തടസ്സപ്പെട്ടുവെന്നു ഞാൻ കരുതുന്നില്ല. മറിച്ചാണുണ്ടായതെന്നു പറയാം. റാവൽപിണ്ടി ഇസ്ലാമബാദ് ആയി മാറി. അതുപോലെ സെന്റ് പീറ്റേഴ്‌സ് ബെർഗ് ലെനിൻഗ്രാഡായി മാറി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എത്രയോ രാജ്യങ്ങൾ പേരുകൾ മാറ്റിയിട്ടുണ്ട്. സിംബാബ്‌വേ, ബർമ, ശ്രീലങ്ക, ഘാന തുടങ്ങിയവ. ഇവിടെയൊക്കെ മാനസികവികാസം തടസ്സപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ അതിനു കാരണം പേരുമാറ്റൽ ആവില്ല. തീർച്ച.

പ്രധാന നഗരങ്ങളുടെ പേരുമാറ്റം വാർത്താവിനിമയത്തിനും അന്താരാഷ്ട്ര ഗതാഗതത്തിനും കുറച്ചുകാലം ബുദ്ധിമുട്ടുണ്ടാക്കും. ഏതു മാറ്റവും കുറച്ചൊക്കെ അസൗകര്യങ്ങളുണ്ടാക്കാതെ വയ്യ. ദേശീയതയാണ് ഇന്ന് ഇന്ത്യക്കാർക്കില്ലാത്തത്. ഇവിടെ ജാതി-മത-വർഗീയതയുണ്ട്. രാഷ്ട്രീയ വർഗീയതയുണ്ട്. ദേശീയത മാത്രം ഇല്ല. അതുണ്ടാക്കാൻ കുറച്ചൊരസൗകര്യമൊക്കെ സഹിച്ചുകൂടേ? ഒരു ജനതയുടെ വേരുകൾ തേടിയുള്ള യാത്രയിലെ നാഴികക്കല്ലുകളാണ് ഇതെല്ലാം. വഴിയിലെവിടെയോ ഒക്കെ അപഭ്രംശം വന്ന സംസ്‌കാരത്തിന്റെ അന്തഃസത്ത തിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണിവ. വേരുകൾ തേടിയുള്ള യാത്ര അമേരിക്കയിലെ ചുവന്ന ഇന്ത്യക്കാർക്കും, കറുത്ത വർഗത്തിനും മാത്രമേ പാടുള്ളൂ എന്നതു ശരിയായ സമീപനമല്ല. നമ്മുടെ സംസ്‌കാരത്തിന്മേൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ വെളിച്ചത്തിൽ വേണം ഇവയെ കാണാൻ. ജാതിമതഭേദത്തിനതീതമായൊരു സംസ്‌കൃതി നമ്മുടെ രാജ്യത്തുണ്ട്. അല്ലെങ്കിൽ ഉണ്ടായിരുന്നു. ഭാരതത്തനിമയെന്നൊക്കെ പറയാം. ഒരു പുതിയ മതത്തെ ആശ്ലേഷിച്ചതുകൊണ്ടോ ഒരു വിദേശഭാഷ സംസാരിക്കുന്നതുകൊണ്ടോ അന്യാധീനപ്പെട്ടുപോകുന്ന ഒന്നല്ല അത്. ഭാരതീയനായ ഒരു ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പാർസിക്കും ഒക്കെ അവകാശപ്പെട്ട പൈതൃകമാണ് ഈ സംസ്‌കൃതി. മതത്തിന്റെയോ ജാതിയുടെയോ പേരിൽ സങ്കുചിതമനസ്സോടെ അതിൽനിന്നെല്ലാം വിട്ടുനിൽക്കുന്നതു നഷ്ടമല്ലേ? നമ്മൾ എന്നതിനു പകരം ഞങ്ങൾ നിങ്ങൾ എന്ന മനോഭാവം വളരുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സമൂഹമനസ്സ് വിഭജിക്കപ്പെടുകയാണ് ഫലം.

ഒരു ഭൂപ്രദേശത്തുതന്നെ ഉദ്ഭവിച്ചു തഴച്ചുവളർന്ന മതങ്ങൾക്ക് ഈ പ്രശ്‌നമുണ്ടാവുന്നില്ല. ഉദാഹരണം, തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ കാലാകാലത്തുണ്ടായിട്ടുള്ള സെമിറ്റിക് മതങ്ങൾ, ഒരേ മൂലത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഭാഷകൾ, മിത്തുകൾ എന്നിവ പുതുതായി ഉടലെടുത്ത മതങ്ങളുടെ നാനാത്വത്തിനും വൈരുദ്ധ്യങ്ങൾക്കും അതീതമായൊരു പൊതുപൈതൃകത്തിനു നിദാനമാകുന്നു. ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ഇസ്ലാം മതസ്ഥർക്കും പൊതുവായ ഒരു പാരമ്പര്യവും സംസ്‌കൃതിയുമാണുള്ളത്. ആദമും ഹവ്വയും മോശയും ഈ വിവിധമതസ്ഥരുടെ പൊതുസ്വത്താണ്. അങ്ങനെയാകുമ്പോൾ ഒരു പുതിയ മതം ഉടലെടുക്കുമ്പോൾ പഴയ മതങ്ങളിൽനിന്ന് അതിലേക്കുള്ള ഒഴുക്കിനു വലിയ പ്രയാസമുണ്ടാവുന്നില്ല. എന്നിട്ടും കലഹങ്ങളുണ്ടാവുന്നില്ലേ എന്നതു വേറെ കാര്യം.

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യസ്തമായ മറ്റൊരു രാജ്യത്തേക്കു കടക്കുമ്പോൾ സ്ഥിതി മറിച്ചാണ്. അവിടത്തെ മണ്ണ് വ്യത്യസ്തമാണ്. വലിച്ചെടുക്കേണ്ട വളവും വ്യത്യസ്തമാണ്. പുതുതായി വേരുറപ്പിക്കുന്ന ഒരു മതത്തിനു തഴച്ചു വളരണമെങ്കിൽ ആ ദേശത്തെ വളക്കൂറുള്ള മണ്ണുതന്നെ വേണം. ആ മണ്ണിൽ വേരുകളാഴ്ത്താൻ മടിക്കുന്ന മതം മുരടിക്കുകയേ ഉള്ളൂ. ഇതു താദാത്മ്യത്തിന്റെ പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു. ഒരു മതം ജനിക്കുന്നത് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ നിഴലിലാണ്. അതിന് അതിന്റെ മൗലികരൂപവും കാർക്കശ്യവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വച്ചുകൊണ്ട് മറ്റൊരു സംസ്‌കാരത്തിൽ വേരൂന്നാനാവില്ല. ഒരു പുതിയ ഐഡന്റിറ്റിയുണ്ടാക്കുകയേ നിവൃത്തിയുള്ളൂ. അങ്ങനെ രൂപാന്തരപ്രാപ്തിയുണ്ടായ മതങ്ങൾക്കേ മറ്റൊരു നാട്ടിൽ വളരാനാകൂ. ഒരു പരിധിവരെ സ്വന്തം മൂലസങ്കല്പങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ആചാരക്രമങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും തദ്ദേശജന്യമായ വ്യതിയാനങ്ങൾ വരുത്തിക്കൊണ്ടുള്ള അസ്തിത്വം. മറ്റൊരു ദേശത്തു മറ്റൊരു ജനതയിലൂടെ വളരുമ്പോൾ കൊടുക്കേണ്ട വിലയാണത്.

അതിലും ഒരുപടി കടന്നാണ് സംസ്‌കാര പൈതൃകത്തിലെത്തുന്നത്. അതോടെ ആതിഥേയ സംസ്‌കാരവുമായുള്ള ആ മതത്തിന്റെ സംശ്ലേഷം പൂർത്തിയാവുന്നു. സ്വന്തം സംസ്‌കാരം ആതിഥേയസംസ്‌കാരത്തിനു പൂരകമായിത്തീരുകയാണു വേണ്ടത്. അതല്ലാതെ സ്വന്തം സംസ്‌കാരത്തിൽ ഉറച്ചുനിൽക്കുകയും ആതിഥേയസംസ്‌കാരം തങ്ങൾക്കായി മാറിവരണമെന്നു ശഠിക്കുകയും ചെയ്താൽ ഫലം ദാരുണമാകും. വലിയൊരു സംസ്‌കാരപ്പരപ്പിൽ സ്വന്തം സംസ്‌കാരത്തിന്റെ ചെറിയൊരു ദ്വീപുണ്ടാക്കി അതിൽ സ്വയം ഒറ്റപ്പെട്ടാലും അതുതന്നെ ഫലം. സംസ്‌കാരത്തിന്റെ കലർപ്പല്ല വേണ്ടത്. സംശ്ലേഷണമാണ്. അപ്പോഴേ ഒരു രാജ്യത്തെ ജനങ്ങളെ ഒരു ജനതയെന്നു പറയാനാവൂ. അതിനെ മാത്രമേ ദേശീയതയെന്നു പറയാനാവൂ.

ഇന്ത്യയുടെ രേഖപ്പെടുത്തിയ ചരിത്രത്തിൽ ഏറ്റവും ആദ്യമായുണ്ടായ ആക്രമണവും അധിനിവേശവും ആര്യന്മാരുടേതായിരുന്നു. സിന്ധുനദീതടത്തിലേക്ക് ആക്രമിച്ചു കടന്ന ആര്യന്മാർക്ക് അവിടെ അന്നു നിലവിലുണ്ടായിരുന്ന ദ്രാവിഡരുടെ നഗരസംസ്‌കാരം അമ്പരപ്പുണ്ടാക്കി. കാലിമേച്ചു നടന്നിരുന്ന ആര്യന്മാരുടെ സംസ്‌കാരത്തെക്കാൾ ഉദാത്തമായൊരു സംസ്‌കാരമായിരുന്നു ദ്രാവിഡരുടേത്. ദ്രാവിഡരുടെ നാഗരികതയിലേക്കു മുതലക്കൂപ്പുകുത്താൻ ആര്യന്മാർക്ക് ഒട്ടും സമയമെടുക്കേണ്ടി വന്നില്ല. ഫലമോ, രണ്ടു സംസ്‌കാരങ്ങളുടെ സംശ്ലേഷവും വികാസവും ദ്രാവിഡരുടെ ദൈവങ്ങളെയും അവരുടെ ആരാധനാരീതികളെയും സ്വാംശീകരിക്കാൻ ആര്യന്മാർക്കു വിഷമമൊന്നുമുണ്ടായില്ല. ആര്യന്മാരുടെ വേദങ്ങൾ സ്വീകരിക്കാൻ ദ്രാവിഡർക്കും. ധാരാളം കൊടുക്കലും വാങ്ങലും നടന്നു. ഫലമോ, നാലായിരം കൊല്ലങ്ങൾ ഇടമുറിയാതെ നിലനിന്ന ഒരു മഹാസംസ്‌കാരവും. മറിച്ചായിരുന്നുവെങ്കിൽ അതു നാലായിരം കൊല്ലത്തെ നിരന്തര സംഘട്ടനങ്ങളുടെ ചരിത്രമായേനേ.


വിപ്ലവമെന്നാൽ എന്ത്?

കൊച്ചിത്തുറമുഖത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സംഭവം അടുത്ത് അരങ്ങേറുകയുണ്ടായി. കയറ്റിറക്കുതൊഴിലാളികളുടെ നിലനില്പിനെ സംബന്ധിക്കുന്ന ഒരു കാര്യമായതുകൊണ്ട് ലാഘവബുദ്ധിയോടെ അതു കാണാൻ കഴിയില്ല. കപ്പലുകളിൽ കണ്ടെയ്‌നർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചരക്കുനീക്കം കൂടുതൽ വ്യത്തിയായും വേഗത്തിലും ചെയ്യാൻ കഴിഞ്ഞു. ടൺകണക്കിനു സാധനങ്ങൾ നിറഞ്ഞ ഒരു കണ്ടെയ്‌നർ, കൂറ്റൻ ക്രെയിനുകൾ കപ്പലിൽനിന്നു പൊക്കി നേരിട്ട്, കാത്തുനിൽക്കുന്ന ട്രക്കുകളിലേക്ക് എടുത്തുവയ്ക്കുന്നു. ചരക്ക് കപ്പലിൽനിന്നു നേരിട്ടിറക്കുകയാണെങ്കിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ പ്രക്രിയ ഏതാനും മണിക്കൂറിനുള്ളിൽ കഴിയുന്നു. ശുഭം, ശീഘ്രം പക്ഷേ, അതിനിടയ്ക്ക് ഇതിലൊന്നും ചെയ്യാനില്ലാതെ പകച്ചുനിൽക്കുന്ന തൊഴിലാളിയെയും അവനെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തെയും നമുക്കു കണ്ടില്ലെന്നു നടിക്കാൻ വയ്യ.

ഇതിനെന്താണു പോംവഴി എന്ന് ആലോചിക്കണം. കഴിഞ്ഞമാസം ഒരു കപ്പൽ കണ്ടെയ്‌നറുമായി വന്നപ്പോൾ തൊഴിലാളികൾ ചരക്ക് ഇറക്കുന്നതു തടഞ്ഞു. അവസാനം 50,000 രൂപ വെറുതെ, ചെയ്യാത്ത ജോലിക്കു കൊടുക്കാമെന്ന് ഏറ്റശേഷമാണ് തൊഴിലാളികൾ ചരക്കിറക്കു സമ്മതിച്ചത്. ഇനി ഇതിന്റെ സാമ്പത്തികവും ധാർമികവുമായ വശങ്ങളെപ്പറ്റി ചിന്തിക്കാം. സാമ്പത്തികമായ വശം, ഇത്രയും പണം കൂടുതൽ കൊടുക്കാൻ ഒരു ഷിപ്പിങ് കമ്പനിയും തയാറാവില്ലെന്നുതന്നെ. കാലക്രമത്തിൽ കപ്പലുകൾ കൊച്ചിയിലേക്കു ചരക്കുകൊണ്ടുവരാൻ വിസമ്മതിക്കും. പ്രശ്‌നങ്ങളില്ലാത്ത തുറമുഖങ്ങളിൽ ചരക്കിറക്കി പോകും. കേരളത്തിലേക്കുള്ള ചരക്കുകൾ മംഗലാപുരത്തോ ചെന്നൈയിലോ ഇറക്കിയാൽ അവിടെനിന്നു കേരളത്തിലെത്തിക്കാനുള്ള കൂടുതൽ ചെലവ് കേരളീയരുടെ കീശയിൽനിന്നുതന്നെ പോവും. ഒരു കപ്പലടുത്താൽ സർക്കാരിനു പലവകയിലായി കിട്ടുന്ന വരവും ഇല്ലാതാവും. കണ്ടെയ്‌നറിൽ വരുന്ന ചരക്കുകളിൽ ഭൂരിഭാഗവും വ്യവസായാവശ്യങ്ങൾക്കുള്ളതാകയാൽ ഈ നീക്കം സ്വതേ മുടന്തിയ കേരളവ്യവസായത്തെ കൂടുതൽ തളർത്തും. തുറമുഖത്തിലെ ചുമട്ടുതൊഴിലാളികൾ നിത്യപട്ടിണിയിലുമാവും.

ധാർമികമായ വശമെന്തെന്നാൽ ചെയ്യാത്ത ജോലിക്കു കൂലി വാങ്ങുന്നതു രണ്ടാംതരമാണ്. ഒരുകാലത്ത് അങ്ങനെ ഒരു സംസ്‌കാരം ഇവിടെ തഴച്ചുവളർന്നിരുന്നു. നിങ്ങളുടെ സാധനങ്ങൾ നിങ്ങളിറക്കിയാലും ഞങ്ങൾക്കു കൂലിതരണമെന്ന വാദം അടുത്തകാലത്ത് ബ്രിട്ടീഷ് കൗൺസിലിൽ ചെയ്യാത്ത പണിക്കു ഭീഷണിപ്പെടുത്തി കൂലി വാങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇതു തികച്ചും അധാർമികമാണ്.

അപ്പോൾ എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക? ഇവിടെയാണ് വിപ്ലവമെന്ന വാക്കിന്റെ ശരിയായ അർത്ഥം മനസ്സിലാക്കേണ്ടത്. വിപ്ലവമെന്നാൽ മാറ്റമെന്നാണ് അർത്ഥം. അല്ലാതെ കൊടിപറപ്പിച്ച് ഇൻക്വിലാബ് വിളിക്കലല്ല. ഇതു മനസ്സിലായാൽ പ്രശ്‌നം പെട്ടെന്നു പരിഹരിക്കാം. ചുമട്ടുതൊഴിലാളികൾ മറ്റൊരു റോളിൽ രംഗത്തു വരിക. ഇപ്രാവശ്യം മുതലാളിമാരായിട്ട് ഒന്നുകിൽ സഹകരണസംഘമായിട്ടോ അല്ലെങ്കിൽ ലിമിറ്റഡ് സ്‌റ്റോക്ക് കമ്പനിയായിട്ടോ ഒരു സ്ഥാപനം തുടങ്ങുക. ബാങ്കിൽനിന്നു കടമെടുത്ത് നാലഞ്ചു ട്രെയിലർ ട്രക്കുകൾ വാങ്ങുക. ഇനി മുതൽ കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന കാര്യത്തിൽ തങ്ങൾക്കു മുൻഗണന തരണമെന്ന് ആവശ്യപ്പെടുക. അതിൽ അവർക്കു വിഷമിക്കേണ്ട കാര്യമില്ല. കാരണം, അവരുടെ ജീവസന്ധാരണമാണ് വഴിമുട്ടിക്കിടക്കുന്നത്. ജോലി ചെയ്യാതെ കൂലി വാങ്ങുക എന്ന നാണക്കേടുമില്ല. ഇതാണു വിപ്ലവം. സാങ്കേതിക വളർച്ചയെ തടഞ്ഞുനിറുത്താൻ ആർക്കുമാവില്ല. അപ്പോൾ ചെയ്യാനുള്ളത് നാടോടുമ്പോൾ നടുവെ ഓടുക മാത്രമാണ്. അങ്ങനെ ഓടുമ്പോൾ നാലുകാശു കൂടുതൽ ഉണ്ടാക്കാൻ പറ്റിയാൽ നല്ലതല്ലേ?

തൊഴിലാളികളെ സമരത്തിലേക്കു വലിച്ചിഴച്ച് രാഷ്ട്രീയമുതലെടുപ്പു നടത്തുന്നതിനു പകരം ആരെങ്കിലും ക്രിയാത്മകമായ ഈ കാര്യം പറഞ്ഞുകൊടുക്കുമോ?

കലാകൗമുദി - 1998 ജൂലൈ 26

ഇ ഹരികുമാര്‍

E Harikumar