ഓരോ തെരഞ്ഞെടുപ്പു കഴിഞ്ഞാലും തോറ്റ കക്ഷികളും ജയിച്ച കക്ഷികളും പ്രസ്താവനകളിറക്കും. അവ അമിതപ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ പ്രസ്താവനകൾ വായിച്ച് സാധാരണക്കാരൻ, 'ഓ, അതാണല്ലോ നമ്മുടെ പാർട്ടി ജയിക്കാതിരുന്നത്.' അല്ലെങ്കിൽ 'നമ്മുടെ പാർട്ടി ജയിച്ചതിന്റെ കാരണം ഇപ്പോഴല്ലേ മനസ്സിലാവുന്നത്.' എന്നിങ്ങനെയുള്ള ദിവാസ്വപ്നങ്ങളിൽ മുഴുകുകയും ചെയ്യും. തലച്ചോർ രാഷ്ട്രീയ പാർട്ടികൾക്കു പണയപ്പെടുത്തിയവർ അങ്ങനെ ചെയ്യുമായിരിക്കും. അങ്ങനെയല്ലാത്തവരും ഉണ്ടാവില്ലേ? അവർ ആലോചിക്കും. ഈ നേതാവു പറയുന്നതു ശരി തന്നെയാണോ? എറണാകുളത്ത് എൽ.ഡി.എഫിന്റെ പിൻബലത്തോടെ സ്വതന്ത്രസ്ഥാനാർത്ഥി ജയിച്ചപ്പോൾ ഒരു നേതാവ് പറഞ്ഞത് ആ ജയം മതേതരത്വത്തിന്റെ വിജയമാണെന്നാണ്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു നിയോജകമണ്ഡലത്തിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെയോ ഹിന്ദു സ്ഥാനാർത്ഥിയെയോ നിറുത്തി ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ തോല്പിച്ചാൽ മനസ്സിലാക്കാം, മതേതരത്വത്തിന്റെ വിജയമാണെന്ന്. എറണാകുളത്ത് അങ്ങനെ ഒരു 'മതേതര' സ്ഥാനാർത്ഥിയെ നിറുത്താൻ ഇടതുപക്ഷക്കാർക്കു ധൈര്യമുണ്ടാവുമോ? കോൺഗ്രസ്സുകാരെപ്പറ്റി എന്തു പറഞ്ഞാലും അവരുടെ മതേതരത്വത്തെ സംശയിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇടതുപക്ഷക്കാരുടെ അതേ ബ്രാൻഡ് തന്നെയാണ് വലതുപക്ഷത്തിന്റെയും. ഒരേ പൊട്ടൻസിയും 'മതേതരത്വം' കൂടുതലായ കുഴപ്പം മാത്രമേ ഉണ്ടാവൂ. അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളൊന്നും അത്ര കാര്യമാക്കേണ്ടതില്ലല്ലോ.
ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ഓർത്തപ്പോൾ ഒരു കാര്യം പ്രത്യേകം പറയണമെന്നു തോന്നി. ഒരു സിറ്റിങ് എം.എൽ.എയ്ക്കു പാർലമെന്റിൽ കയറിക്കൂടണമെന്നുള്ള 'പാർലമെന്ററി വ്യാമോഹം' ഉണ്ടാവുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, അതു പൊതുജനങ്ങളുടെ പണംകൊണ്ടാവുമ്പോൾ ശ്രദ്ധിക്കേണ്ടത് പൊതുജനങ്ങൾ തന്നെയാണ്. അവർ ഉപ്പുതൊട്ടു കർപ്പൂരം വരെ സാധനങ്ങൾക്കു കൊടുക്കുന്ന നികുതിയും രാപകൽ അദ്ധ്വാനിച്ചു കിട്ടുന്ന ശമ്പളത്തിൽനിന്ന് ആദായനികുതിയെന്നപേരിൽ പിടിച്ചുപറിക്കുന്ന പണവുംകൊണ്ടാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. പൊതുപണമെടുത്തുള്ള കളികൾ കളിക്കാതിരിക്കയല്ലേ നല്ലത്? എറണാകുളത്ത് ഐക്യമുന്നണിയുടെ പരാജയം, ജനങ്ങളുടെ ഈ തിരിച്ചറിയലിന്റെ ഫലമല്ലെന്ന് ആരു കണ്ടു?
അതുപോലെതന്നെ പൊതുതെരഞ്ഞെടുപ്പുകളിൽ ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം തേടുന്നവരെയും ദയയോടെ കാണാൻ കഴിയില്ല. ഒരു നിയോജകമണ്ഡലത്തിൽ നിന്നുകൊണ്ടു ജയിക്കാൻ പറ്റുമെങ്കിൽ മാത്രം നിന്നാൽ പോരേ? മിക്കവാറും രണ്ടു മണ്ഡലങ്ങളിലും ജയിക്കുകയും അതിലൊരു സീറ്റ് ത്യജിക്കുകയും ചെയ്യുകയാണു പതിവ്. വളരെ മുതിർന്ന നേതാക്കളാണ് ഈ പരിപാടി സ്ഥിരം ചെയ്യാറുള്ളതെന്നുകൂടി മനസ്സിലാക്കുക. അങ്ങനെ ത്യജിക്കുന്ന മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പുണ്ടാവുകയും കോടികളുടെ ബാദ്ധ്യത രാജ്യത്തിനുണ്ടാക്കുകയും ചെയ്യുന്നു. ഈ പരിപാടി നിറുത്തലാക്കാൻ നിയമനിർമാണത്തിന് ഏതെങ്കിലും പാർട്ടികൾ തയാറെടുക്കുമോ? സംശയമാണ്.
കഴിഞ്ഞയാഴ്ചത്തെ മാധ്യമം വാരികയിൽ പി.പി. ബാബുരാജ് എഴുതിയ ലേഖനത്തിൽ ഒരു പരാമർശം കണ്ടു. ആണവവൈദ്യുതിനിലയങ്ങൾക്കെതിരെ പടപൊരുതിയവർ അണുബോംബുണ്ടാക്കുന്നു എന്ന്. ഇതിൽ അദ്ഭുതപ്പെടാനില്ല; രണ്ടിന്റെയും വ്യക്തമായ ചിത്രം നമുക്കുണ്ടെങ്കിൽ ഒരു ആണവനിലയം മുപ്പതോ നാല്പതോ വർഷങ്ങളേ നിലനിൽക്കൂ. അതുകഴിഞ്ഞാൽ അതിന്റെ പ്രവർത്തനശേഷി അസ്തമിക്കുന്നു. പിന്നെയുള്ള ശവസംസ്‌കാരമാണ് ഏറ്റവും വിഷമംപിടിച്ചതും ചെലവുള്ളതും. കഴിഞ്ഞ നാല്പതു വർഷങ്ങളായി നേടിയ ലാഭത്തിന്റെ (ആണവവൈദ്യുതി, താപനിലയങ്ങളിൽനിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതിയെക്കാൾ ചെലവു കുറഞ്ഞതാണല്ലോ) എത്രയോ ഇരട്ടി വേണം ആ നിലയത്തിന്റെ ഖബറടക്കാൻ ആണവനിലയം പ്രവർത്തനക്ഷമമായിരിക്കുമ്പോൾത്തന്നെ റേഡിയോ ആക്ടീവായ ആണവമാലിന്യം കളയൽ ഒരു വലിയ തലവേദനയായിരിക്കും. വളരെ കട്ടികൂടിയ ലോഹപാത്രങ്ങളിൽ ആക്കി സീലുചെയ്ത് കടലിന്റെ അഗാധതകളിൽ താഴ്ത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. കെട്ടിത്താഴ്ത്തിയ ജിന്ന് എപ്പോഴാണ് പുറത്തിറങ്ങുക എന്നു പറയാൻ പറ്റില്ല. ഒരാണവനിലയത്തിന്റെ ജീവനൊടുങ്ങിയാൽ അതിനെ വളരെ കട്ടിയുള്ള ലോഹത്തിന്റെയും കോൺക്രീറ്റിന്റെയും ശവക്കല്ലറയിൽ അടക്കുകയാണ് ചെയ്യേണ്ടത്. ഇതു വളരെയധികം ചെലവുള്ള കാര്യമാണ്. നിർവീര്യമാക്കിയ ഒരണുനിലയം ചുരുങ്ങിയത് ആയിരം കൊല്ലങ്ങളെങ്കിലും റേഡിയോ ആക്ടീവായിരിക്കുമെന്നാണ് പറയപ്പെടുന്നത്. അതായത് രണ്ടായിരാമാണ്ടിൽ ഒരു ആണവനിലയം പ്രവർത്തനശൂന്യമായി കല്ലറയിലിട്ടാൽ മൂവായിരാമാണ്ടിലും അത് അണുപ്രസരണത്തിനു ഹേതുവാകും. ഈ ആയിരം വർഷങ്ങളിൽ മനുഷ്യന്റെ കഴിവിനതീതനായി എന്തെല്ലാം നടക്കാം. ഭൂചലനം ഉണ്ടാവാം. ബോംബാക്രമണമുണ്ടാവാം. അങ്ങനെയെന്തെങ്കിലും സംഭവിച്ച് അടക്കം ചെയ്ത ദുർഭൂതം പുറത്തിറങ്ങിയാലത്തെ കഥ ആലോചിച്ചുനോക്കൂ. ഒരണുബോംബ് അഴിച്ചെടുത്ത് നിർവീര്യമാക്കാൻ അത്രയൊന്നും പണിയില്ല. പിന്നീടത് അണുപ്രസരണത്തിനു വഴിയൊരുക്കുകയുമില്ല. ആണവവൈദ്യുതിക്കെതിരെയുള്ള മറ്റൊരു ന്യായവാദം അങ്ങനെയുള്ള നിലയങ്ങളിൽ അപകടം പതുങ്ങിയിരിക്കുന്നുണ്ടെന്നാണ്. കടുംചൂടു കാരണം റിയാക്ടറിന്റെ കാമ്പ് ഉരുകുകയെന്ന അവസ്ഥയുണ്ടാവും. അങ്ങനെയുണ്ടാവുമ്പോൾ തണുപ്പിക്കാൻ കടൽവെള്ളമാണ് ഉപയോഗിക്കുക. അത് അതിശക്തിയോടെ പമ്പ്‌ചെയ്യുകയാണ് വേണ്ടത്. പക്ഷേ, ഈ സുരക്ഷാസംവിധാനം എത്ര ഫലപ്രദമാണെന്ന് ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അമേരിക്കയിലെ ത്രീമൈൽ ദ്വീപിലും, റഷ്യയിലെ ചെർണോബിലിലും ഉണ്ടായ അപകടങ്ങളിൽനിന്നു മനസ്സിലാവുന്നത് അങ്ങനെയുള്ള സുരക്ഷാസംവിധാനങ്ങളെ പാടേ വിശ്വസിക്കാൻ കൊള്ളില്ലെന്നുതന്നെയാണ്. വേറൊരു കാര്യമുള്ളത് യുദ്ധസമയത്ത് ശത്രുബോംബിന്റെ ലക്ഷ്യം ഇങ്ങനെയുള്ള ആണവനിലയങ്ങളാണെന്ന വസ്തുതയാണ്. ഒരു ആണവനിലയം എന്തുകൊണ്ടും അണുബോംബിനെക്കാൾ അപകടകാരിയാണ്. അണുബോംബുണ്ടാക്കണമോ വേണ്ടയോ എന്നതു നാം നേരിടുന്ന ഭീഷണിയെയും സുരക്ഷാസംവിധാനത്തെയും ആശ്രയിച്ചിരിക്കും. മറിച്ച് മറ്റുവിധത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള അവസരങ്ങൾ ഉപേക്ഷിച്ച് ആണവനിലയങ്ങൾ ഉണ്ടാക്കുന്നതിനെ എതിർക്കുകതന്നെയാണു വേണ്ടത്. കടലും കടലാടിയും വെവ്വേറെ സാധനങ്ങളാണെന്നു തിരിച്ചറിയുക.
എം. എഫ്. ഹുസൈന്റെ ചിത്രങ്ങളെപ്പറ്റി ഈയിടെ ഏറെ ഒച്ചപ്പാടുണ്ടാകുന്നുണ്ട്. ഇത്രമാത്രം ഒച്ചപ്പാടുണ്ടാവാൻ കാരണം അദ്ദേഹത്തിനു കിട്ടുന്ന പ്രതികൂല പരസ്യമാണെന്നു വരുമ്പോൾ കാര്യങ്ങളുടെ കിടപ്പ് അത്ര ശരിയല്ലാ എന്നു കരുതണം. ഹിന്ദുദൈവങ്ങളുടെ നഗ്നചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുന്നതിനുമുൻപ് അദ്ദേഹം കുതിരകളെ നന്നായി വരച്ചിരുന്നു. ഒരുപക്ഷേ, കുതിരകളെ ഏറ്റവും നന്നായി വരച്ചിരുന്ന ഇന്ത്യൻ ചിത്രകാരൻ ഹുസൈനാണെന്നു പറയാം. കുതിരകളെ വരയ്ക്കുന്നതിനെക്കാൾ പ്രശസ്തി കിട്ടുക മനുഷ്യരെ വരയ്ക്കുമ്പോഴാണെന്നു കുറച്ചു വൈകിയെങ്കിലും മനസ്സിലാക്കിയതിന്റെ ഫലമാണ് ഹുസൈന്റെ നഗ്നരൂപങ്ങളും ദേവതകളുടെ നഗ്നചിത്രങ്ങളും. അവിടെയും നിന്നില്ല. രാജപ്രീതിയും അതിനോടനുബന്ധിച്ചുള്ള അംഗീകാരവും നേടാൻ കുറുക്കുവഴികൾ അന്വേഷിക്കുന്ന മറ്റു പല കലാകാരന്മാരെയുംപോലെ ഹുസൈനും രാജസേവയ്‌ക്കൊരുങ്ങി. അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങളുടെ ഒരു സീരീസ് തന്നെ അദ്ദേഹം വരച്ചു രാജഭക്തി തെളിയിച്ചു. ഇന്ദിരാഗാന്ധിയെ മഹിഷാസുരമർദ്ദിനിയായും അദ്ദേഹം അക്കാലത്തു ചിത്രണം ചെയ്തിട്ടുണ്ട്. ഇപ്പോൾ മാധുരിദീക്ഷിത്തെന്ന നടിയെ പേർത്തും പേർത്തും വരച്ചു സായൂജ്യമടയുന്ന ആ കലാകാരൻ എവിടെയെത്തി നിൽക്കുന്നു എന്നു ചിന്തിക്കേണ്ടതാണ്.
ദൈവവിശ്വാസം എന്നത് മറ്റു വിശ്വാസങ്ങളെപ്പോലെതന്നെ യുക്തിരഹിതമാണ്. ഒരു വിശ്വാസിക്ക് അതു പ്രാണവായുപോലെയാണ്. അതിൽ കൈകടത്താതിരിക്കുന്നതാണ് ഭംഗി. അല്ലെങ്കിൽ നമ്മൾ ആ സമുദായത്തെ നവീകരിക്കാനുള്ള ശ്രമമായി ആ ശ്രമത്തെ കാണണം. ഇവിടെ അങ്ങനെയൊന്നും ഹുസൈൻ ഉദ്ദേശിച്ചിട്ടില്ല.
വസ്ത്രകേശാദികളുമെത്രയുംമലിനമായ്,
വ്യക്തവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും.'
എന്നാണ്, സീതയെ വേഷഭൂഷകളോടുകൂടിത്തന്നെയാണ് എഴുത്തച്ഛൻ ചിത്രീകരിച്ചിട്ടുള്ളത്. രാവണൻ തട്ടിക്കൊണ്ടുപോകുന്ന പോക്കിൽ താഴെ പഞ്ചവാനരന്മാരെ കണ്ട സീത ചെയ്യുന്നതെന്താണെന്നു നോക്കൂ.
സീതയുടെ ദേഹത്ത് വസ്ത്രങ്ങളുണ്ടായിരുന്നു എന്നിരിക്കെ സീതാപഹരണം വരയ്ക്കുമ്പോൾ നഗ്നയായ സീതയെ വരയ്ക്കുന്നതിലെ ഔചിത്യമെന്താണെന്ന് ആലോചിച്ചുനോക്കൂ. വാല്മീകിരാമായണത്തിൽ സീതയുടെ ഉടയാടകളെപ്പറ്റി എന്തു പറയുന്നു എന്ന് എനിക്കറിയില്ല. എന്തുതന്നെയായാലും തുഞ്ചത്തെഴുത്തച്ഛൻ ഉടയാടകളണിയിച്ച സീതയെ ഇപ്പോൾ വിവസ്ത്രയാക്കേണ്ട കാര്യമെന്താണ്?
കലാകാരന്റെ സ്വാതന്ത്ര്യവും മറ്റു സ്വാതന്ത്ര്യങ്ങളെപ്പോലെതന്നെ വിവേചനപൂർവം എടുത്തുപയോഗിക്കേണ്ടതാണെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടാണ് വ്യക്തികൾ തമ്മിലും സമുദായങ്ങൾ തമ്മിലും സംഘർഷമുണ്ടാവുന്നത്. അയൽക്കാരന്റെ അമ്മയുടെ നഗ്നശരീരം വരയ്ക്കാൻ രസമാണ്. പക്ഷേ, അയാൾ അത് ഏതുവിധത്തിലെടുക്കുമെന്നറിയാൻ അയൽക്കാരൻ തന്റെ അമ്മയുടെ നഗ്നചിത്രം വരച്ചാൽ തനിക്കെന്തു തോന്നുമെന്നുകൂടി ആലോചിച്ചാൽ മതി. കച്ചവടം മാത്രം മുൻപിൽ കാണുന്ന ഒരു കലാകാരൻ അതൊക്കെ ശ്രദ്ധിക്കുമോ? അയാൾ അവനവന്റെ അമ്മയുടെയും പെങ്ങളുടെയും ഭാര്യയുടെയും മാത്രം പരിശുദ്ധി കാത്തുസൂക്ഷിക്കും.
വ്യക്തിസ്വാതന്ത്ര്യത്തെപ്പറ്റി (കലാകാരന്റെ സ്വാതന്ത്ര്യത്തെപ്പറ്റിയും) പറയുമ്പോൾ എം. ഗോവിന്ദൻ പറഞ്ഞത് ഓർമവരുന്നു. 'നിങ്ങൾക്കു വടിവീശി നടക്കാനുള്ള സ്വാതന്ത്ര്യം ആരംഭിക്കുന്നത് എന്റെ മൂക്ക് അവസാനിക്കുന്നിടത്താണ്. മാത്രമല്ല, നിങ്ങളുടെ വടിവീശലിനെക്കാൾ മുഖ്യമാണ് എന്റെ മൂക്ക്. വടിയില്ലാതെയും നിങ്ങൾക്കു നടക്കാം. പക്ഷേ, എനിക്കു മൂക്കില്ലാതെ ശ്വാസോച്ഛ്വാസം കഴിക്കാനും മണത്തറിയാനും സാദ്ധ്യമല്ല. അപ്പോൾ എന്റെ മൂക്കിനാണ് നിങ്ങളുടെ കൈയിലെ വടിയെക്കാൾ പ്രാധാന്യം.' അപ്പോൾ വടിവീശി നടക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കുക