ഒരു വിദ്യാർത്ഥിയെന്ന നിലയ്ക്ക് അച്ഛന് (മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ) വളരെ ഹ്രസ്വമായ ബന്ധമേ വിദ്യാലയവുമായി ഉണ്ടായിരുന്നുള്ളു. അച്ഛന്റെ ഭാഷയിൽ പറയാം.
'1921 ൽ അച്ഛൻ മരിച്ചു, എന്നെ ഹൈസ്‌കൂളിൽ അയച്ചു പഠിപ്പിക്കണമെന്ന് അമ്മ വളരെ മോഹിച്ചിരുന്നു. എന്തെങ്കിലും പണിയെടുത്ത് അമ്മയ്ക്കു നാഴിക്കഞ്ഞി കൊടുക്കണമെന്ന് ഞാനും മോഹിച്ചിരുന്നു. ഈ രണ്ടു വാചകങ്ങളും സ്വയം പൂർണ്ണങ്ങളാണ്.'
പക്ഷെ ഇരുപതാം വയസ്സിന്റെ തുടക്കത്തിൽ പൊന്നാനിയിൽ ജോലിയെടുക്കാൻ തുടങ്ങിയതു മുതൽ അച്ഛന് അവിടത്തെ സ്‌കൂളുകളുമായും അദ്ധ്യാപകരുമായും വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അച്ഛൻ കോടതിയിൽനിന്നു വരുന്നതും കാത്ത് കൃഷ്ണപ്പണിക്കർ വായനശാലയിൽ ക്ഷമയോടെ ഇരുന്നവരിൽ ഒരു നല്ല ഭാഗം സ്‌കൂൾ മാസ്റ്റർമാരായിരുന്നു. എ.വി. ഹൈസ്‌കൂൾ. ബാസൽ മിഷ്യൻ സ്‌കൂൾ. എം.ഇ.എസ് സ്‌കൂൾ, ഗേൾസ് സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളിലെ അദ്ധ്യാപകരും സാഹിത്യത്തിലും കലയിലും താല്പര്യമുള്ള വിദ്യാർത്ഥികളുമായിരുന്നു അവർ. തൊള്ളായിരത്തി മുപ്പതുകളിലും നാല്പതുകളിലും പൊന്നാനിയിൽ വളരെ സജീവമായിരുന്ന സാഹിത്യ കളരിയിൽ അംഗങ്ങളായിരുന്ന പല പ്രശസ്ത സാഹിത്യകാരന്മാരും ഒത്തുകൂടിയിരുന്നത് കൃഷ്ണപ്പണിക്കർ വായനശാലയിലും പുത്തില്ലത്ത് വീട്ടിന്റെ ഉമ്മറത്തും പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിലുമായിരുന്നു. ഇതിൽ, പ്രത്യേകിച്ച് കൃഷ്ണപ്പണിക്കർ വായനശാലയിലും പുത്തില്ലത്തും നടന്നിരുന്ന സുഹൃദ്‌സംഗമങ്ങളിൽ പങ്കെടുത്തവരാണ് കുട്ടികൃഷ്ണമാരാർ, വി.ടി. ഭട്ടതിരിപ്പാട്, പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്), മഹാകവി അക്കിത്തം, എം. ഗോവിന്ദൻ, ഇ. നാരായണൻ, ഇ. കുമാരൻ, ടി. ഗോപാലക്കുറുപ്പ്, ടി.വി. ശൂലപാണിവാരിയർ, കടവനാട് കുട്ടികൃഷ്ണൻ, പി. നാരായണൻ വൈദ്യർ എന്നിവർ. ഇടശ്ശേരി എന്ന കവിയെ സൃഷ്ടിച്ചതിൽ ഈ സാഹിത്യക്കളരിയ്ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. പല സാഹിത്യകാരന്മാരെയും ഞാൻ കണ്ടിട്ടുള്ളത് അച്ഛന്റെ അതിഥികളായിട്ടാണ്. വി.ടി. ഭട്ടതിരിപ്പാടിന്റെ കുലുങ്ങിച്ചിരി ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവർ സാസാരിക്കുമ്പോൾ ഞങ്ങൾ ദൂരെ മാറിനിന്നു നോക്കും. രാത്രിഭക്ഷണം കഴിഞ്ഞാലും അവരുടെ സംസാരം തുടരും. പിറ്റേന്നു രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ഉമ്മറത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തീപ്പെട്ടിക്കോലുകളും വെറ്റിലഞെട്ടിയും അവരുടെ രാത്രി സമ്മേളനത്തിന്റെ ഭീകരത വെളിപ്പെടുത്തും. ചിലപ്പോൾ രാത്രി പോകാൻ പറ്റാതിരുന്നവർ ഉമ്മറത്തിട്ടിരുന്ന നീണ്ട മേശമേലോ ബെഞ്ചിലോ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടാവും.
ഞങ്ങൾ കുട്ടികൾക്ക് ഓർമ്മവെച്ചു തുടങ്ങിയപ്പോഴേയ്ക്ക് പൊന്നാനിക്കളരി എന്നറിയപ്പെട്ടിരുന്ന സാഹിത്യസദസ്സ് നേർത്ത് ഇല്ലാതായിരുന്നു. കുട്ടികൃഷ്ണമാരാരും ഉറൂബും അക്കിത്തവും കടവനാടനും ജോലിയായി കോഴിക്കോട്ടു പോയി. കവിയായ ഇ. നാരായണനും ചെറുകഥാകൃത്തായ ഇ. കുമാരനും ചെറുപ്പത്തിലേ മരിച്ചു. അച്ഛന് വളരെ ഏകാന്തത തോന്നിയിട്ടുണ്ടാകണം. അതിൽനിന്ന് അല്പം ആശ്വാസം ലഭിച്ചിരുന്നത് കലാസമിതി പ്രവർത്തനങ്ങൾ കൊണ്ടായിരിക്കണം. അച്ഛന്റെയും എം. ഗോവിന്ദന്റെയും ഉറൂബിന്റെയും നാടകങ്ങൾ അരങ്ങേറിയിരുന്നത് കൃഷ്ണപ്പണിക്കർ വായനശാലയിലെ ഒരു വലിയ സുഹൃദ്‌വലയമായിരുന്നു. ഞങ്ങൾക്ക് ഓർമ്മവെച്ചകാലത്ത് അച്ഛനും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും അനുഗ്രഹീത നടനുമായിരുന്ന ടി. ഗോപാലക്കുറുപ്പുമായിരുന്നു അതിന്റെ സംവിധായകർ. അതിനും മുമ്പ് 'കൂട്ടുകൃഷി' എന്ന നാടകം മലബാറിൽ പരക്കെ അരങ്ങേറിയിരുന്ന ഒരു കാലത്തെക്കുറിച്ച് അച്ഛന്റെ ഭാഷയിൽ പറയാം.
'എന്നെയും എന്റെ കവിതയെയും സഹൃദയ ലോകത്തിൽ ഏറെക്കുറെ പരിചയപ്പെടുത്തിയത് ഞാനെഴുതുകയും അഭിനയിക്കുകയും ചെയ്ത 'കൂട്ടുകൃഷി' എന്ന നാടകമാണെന്നു തോന്നുന്നു. പ്രസിദ്ധി മാത്രമല്ല, കവനകലയ്ക്ക് വളരെയധികം പ്രോത്സാഹനവും അക്കാലത്തു കൈവന്നു. നടന്മാർ അക്കിത്തം, കടവനാടൻ, പി.സി. തുടങ്ങിയ കവികളും, ഗോപാലക്കുറുപ്പ്, പത്മനാഭൻ മാസ്റ്റർ തുടങ്ങിയ ധാരാളം സഹൃദയരുമായിരുന്നു. റിഹേഴ്‌സലിന്നുവേണ്ടി ഒത്തുകൂടുന്ന രംഗങ്ങൾ, ഗ്രാമാന്തരങ്ങളിൽ അരങ്ങേറ്റ ത്തിന്നു പോകുമ്പോൾ ഒരുമിച്ചുകൂടുന്ന സന്ദർഭങ്ങൾ, നാടകാഭിനയത്തിന്നു ശേഷമുള്ള പ്രശാന്തനിശീഥങ്ങൾ, വഴിവക്കുകൾ, വണ്ടിമുറികൾ എല്ലാം കാവ്യകലയെ സംബന്ധിച്ച ചർച്ചാവേദികളായി മാറിക്കഴിയു മ്പോൾ എന്റേതായ സകല പ്രാരാബ്ധങ്ങളും മറക്കുകയും ജന്മാന്തരങ്ങളിൽ പോലും ആവർത്തിച്ച് ആസ്വദി ക്കാൻ മോഹിക്കുന്ന ആനന്ദാനുഭൂതിയിൽ മുഴുകുകയും ചെയ്തിരുന്നു. ജീവിതത്തിൽ കാവ്യൈകനിരതനായിക്കഴിഞ്ഞ മൂന്നാം ഘട്ടമാണത്.'
സ്‌കൂൾ വിട്ടാൽ വീട്ടിലെത്തി കുളിച്ച് ചായ കുടിച്ച് ഞാനും സതീശേട്ടനും കൃഷ്ണപ്പണിക്കർ വായനശാലയിലേയ്‌ക്കോടും. അവിടെ ഞങ്ങളെപ്പോലെ താല്പര്യമുള്ള ചെറുപ്പക്കാർ അച്ഛനേയും കുറുപ്പേട്ടനെയും കാത്തുനിൽക്കുന്നുണ്ടാവും. ഇ. രാമൻ മാസ്റ്റർ, പി. കൃഷ്ണവാരിയർ മാസ്റ്റർ, മാധവൻ മാസ്റ്റർ, ദേവസ്സി മാസ്റ്റർ, എൻ. പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, വടക്കത്ത് ഭാസ്‌കരൻ, വിജയകുമാർ, മിഷ്യൻ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന വർഗ്ഗീസ് മാസ്റ്ററുടെ മക്കൾ. ചിലപ്പോൾ അച്ഛന്റെ സഹചാരിയായിരുന്ന നാരായണൻ വൈദ്യരും വരും. എത്തിയ ഉടനെ അച്ഛൻ പറയും. 'രാമ്മാഷെ ഒരു ചായ വേണം.' രാമൻ മാസ്റ്റർ അച്ഛന് മകനെപ്പോലെയാണ്. അച്ഛന്റെ ഏറ്റവും ഉറ്റ സുഹൃത്തും അച്ഛനെ അസൂയപ്പെടുത്തുമാറ് നല്ല കവിതകളെഴുതുകയും വളരെ ചെറുപ്പത്തിൽ അന്തരിക്കുകയും ചെയ്ത ഇ. നാരായണന്റെ അനുജനാണ് രാമൻ മാസ്റ്റർ. (ഇ. നാരായണന്റെ 'ഇടയന്റെ നിക്ഷേപം' (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം.) എന്ന കവിതാസമാഹാരം മാത്രമെ അദ്ദേഹം ഓർമ്മയ്ക്കായി ബാക്കിവെച്ചിട്ടുള്ളൂ.) നിമിഷങ്ങൾക്കുള്ളിൽ എതിർവശത്തുള്ള ചായക്കടയിൽനിന്ന് എല്ലാവർക്കും ചായയെത്തും. കുറുപ്പേട്ടനും (ടി. ഗോപാലക്കുറുപ്പ്) എത്തിയാൽ അന്നന്നത്തെ മൂഡനുസരിച്ച് ഒന്നുകിൽ എ.വി.ഹൈസ്‌കൂളിലോ, മിഷ്യൻ സ്‌കൂളിലോ റിഹേഴ്‌സലിനായി പോകുന്നു. സംവിധായകരായ അച്ഛന്റെയും കുറുപ്പേട്ടന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് ഉയരാൻ അഭിനേതാക്കളായ ഞങ്ങൾ പാടുപെട്ട് റിഹേഴ്‌സൽ ചെയ്തുകൊണ്ടിരിക്കെ വീണ്ടും ചായ വരുന്നു. ഒറ്റയ്ക്കല്ല, ഒന്നുകിൽ പപ്പടവട, അല്ലെങ്കിൽ പരിപ്പുവടയുടെ അകമ്പടിയോടെ. സത്യം പറയട്ടെ, ഈ ചായയും ഒപ്പംവരുന്ന 'കടി'യുമായിരുന്നു റിഹേഴ്‌സലുകളുടെ കാതലായ ചൈതന്യം.
അച്ഛന്റെ നാടകങ്ങളെല്ലാം ആദ്യം അരങ്ങേറിയിരുന്നത് എ.വി. ഹൈസ്‌കൂളിലെ ലോങ്ഹാളിലോ അതിനു മുമ്പിലുള്ള മുറ്റത്തോ ആയിരുന്നു. സന്ദർഭവശാൽ പറയട്ടെ ഹൈസ്‌കൂളിലെ മുത്തശ്ശിമാവിന്റെ തണലിലായിരുന്നു പിൽക്കാലത്ത് അച്ഛൻ പങ്കെടുത്ത പല സുഹൃദ് സന്ദർശനങ്ങളും കലാസാഹിത്യ സല്ലാപങ്ങളും. അപ്പോഴേയ്ക്ക് ഞാൻ ജോലിയന്വേഷിച്ച് കൽക്കത്തയിലേയ്ക്ക് പോയിരുന്നു.
അച്ഛന്റെ കവിതകൾ ഇടയ്ക്ക് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടിൽ റേഡിയോ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾക്കതു കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അതിനിടയ്ക്ക് ആരോ പറഞ്ഞു എ.വി. ഹൈസ്‌കൂളിൽ റേഡിയോ ഉണ്ട്, ഹെഡ്മാസ്റ്റർ ശേഖരവാരിയരോട് പറഞ്ഞാൽ അദ്ദേഹം അവിടെ പോയി കേൾക്കാൻ അനുവദിക്കും എന്ന്. മറ്റുള്ളവരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമില്ലാതിരുന്ന അച്ഛൻ ആ സൗമനസ്യം വേണ്ടെന്നു വയ്ക്കുകയാണുണ്ടായത്. സ്‌കൂളിന്റെ മാനേജർ കൂടിയായിരുന്ന മാസ്റ്റർ രാത്രി എട്ടു മണിവരെ ജോലിയെടുക്കാറുള്ളതാണ്. പക്ഷേ ശേഖരവാരിയർ മാസ്റ്റർ ഒരിക്കൽ ഇതറിയാനിടവരികയും അച്ഛനെ നിർബ്ബന്ധിക്കുകയും ചെയ്തു. തനിക്ക് ഒരു വിധത്തിലും ശല്യമാവില്ലെന്നും, ഇനി അങ്ങിനെ എന്തെങ്കിലും ഭയമുണ്ടെങ്കിൽ അതു മാറ്റിത്തരാമെന്നും പറഞ്ഞ് ഒരു നീണ്ട വയർ ഉപയോഗിച്ച് അടുത്ത വിങ്ങിലെ വരാന്തയിലേയ്ക്ക് സ്പീക്കർ വച്ചുകൊടുക്കുകയും കസേലകളൊരുക്കുകയും ചെയ്തു. അവിടെ ഇരുന്ന് അച്ഛനും അമ്മയും വൈകുന്നേരം കവിത കേട്ടിരുന്നത് എനിക്കോർമ്മയുണ്ട്.
അച്ഛന്റെ മക്കളെല്ലാം അഞ്ചാം വയസ്സിൽ പൊന്നാനി ന്യൂ എൽ.പി. സ്‌കൂളിൽ ചേരുകയും അഞ്ചാം ക്ലാസ്സു കഴിഞ്ഞാൽ സ്വാഭാവികമായും തൊട്ടടുത്തുള്ള എ.വി. ഹൈസ്‌കൂളിൽ ചേർന്ന് പഠിത്തം തുടരുകയും ചെയ്തവരാണ്. (ന്യൂ എൽപിയിൽ ഹെഡ്‌മിസ്റ്റ്രസ്സായി റിട്ടയർ ചെയ്ത ഗൗരീടീച്ചർ അച്ഛന് മകളെ പ്പോലെയായിരുന്നു. ഇന്നും ഇടശ്ശേരി സ്മാരകത്തിന്റെ സജീവാംഗമാണ് അവർ). സതീശേട്ടൻ തൊട്ട് ഉഷ വരെ ഇതേ വഴിയിലാണ് സ്‌കൂൾ വർഷങ്ങൾ പിന്നിട്ടത്. രാവിലെ സ്‌കൂളിൽ പോയി വൈകുന്നേരം തിരിച്ചെത്തുന്നതുവരെ മക്കൾ ഗുരുനാഥന്മാരുടെ അടുത്ത് സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായിരുന്നു അച്ഛന്. പകൽ മുഴുവൻ മനസ്സമാധാനത്തോടെ ഓഫീസിലിരുന്ന് ജോലിയെടുക്കാൻ ആ വിശ്വാസം അദ്ദേഹത്തെ സഹായിച്ചു. അച്ഛനമ്മമാർ കഴിഞ്ഞാൽ ഏറ്റവും അധികം ബഹുമാനിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ഗുരുനാഥനെയാണെന്നദ്ദേഹം ഉപദേശിച്ചിരുന്നു. ഗുരുനാഥൻ അമ്മയെപ്പോലെയാണെന്ന് 'ചൂരലിന്റെ മുമ്പിൽ' എന്ന കവിതയിൽ അദ്ദേഹം പറയുന്നു.
'ജിജ്ഞാസാപൂർണ്ണമാം മുഖങ്ങൾക്കെതിർനിന്നു
വിജ്ഞാനം വാരിക്കോരിക്കൊടുക്കാൻ കഴിയുമ്പോൾ
ചുരന്ന മുല ചോരിവായിൽച്ചേർത്തെല്ലാം മറ-
ന്നിരിക്കും പെറ്റമ്മയെ തോൽപ്പിപ്പൂ ഗുരുനാഥൻ.'
പെറ്റമ്മ കുഞ്ഞിന് മുലകൊടുക്കുന്നപോലെയാണ് ഗുരുനാഥൻ ശിഷ്യന്മാർക്ക് വിജ്ഞാനം കോരിക്കൊടുക്കുന്നത് എന്നാണ് അച്ഛൻ പറയുന്നത്. അതുകൊണ്ട് ഗുരുനാഥനെ ധിക്കരിക്കുന്ന ഒരു കാര്യവും അച്ഛൻ സഹിച്ചിരുന്നില്ല. ഞാനൊരിക്കൽ എന്റെ അദ്ധ്യാപകന്റെ അടുത്ത് കുറുമ്പു കാട്ടി, ഒപ്പം ധിക്കാരവും. സിക്‌സ്ത് ഫോമിൽ ഞങ്ങൾ സാഹിത്യത്തിൽ താല്പര്യമുള്ള നാലഞ്ചു പേരാണ് ഏറ്റവും മുമ്പിലുള്ള ബഞ്ചിലിരുന്നത്. നന്നായി കവിതയെഴുതിയിരുന്ന എ.കെ. വേണുഗോപാൽ, സേതുമാധവൻ, ടി. ഗോപാലക്കുറുപ്പിന്റെ മകൻ രാജു, കെ. ബാലകൃഷ്ണൻ (അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്നു). ഞങ്ങൾ ക്ലാസ്സ് മാസികയിറക്കാറുണ്ട്. മാതൃഭൂമിയിൽ അക്കാലത്താണ് പിസിമ്മാവന്റെ (ഉറൂബ്) 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ തുടർച്ചയായി വന്നിരുന്നത്. ഓരോ ആഴ്ചയും വരുന്ന അദ്ധ്യായങ്ങൾ ഞങ്ങൾ താല്പര്യത്തോടെ വായിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന പി. കൃഷ്ണവാരിയർ മാസ്റ്റർ (അദ്ദേഹം ഇപ്പോൾ ഇടശ്ശേരി സ്മാരകസമിതിയുടെ സെക്രട്ടരിയാണ്) ഞങ്ങളുടെ സംസാരം കണ്ടുപിടിച്ചു, അതു നിർത്താൻ ആവശ്യപ്പെട്ടു. ഒന്നു രണ്ടു താക്കീതുകൾകൊണ്ട് ഫലമുണ്ടായില്ലെന്നു കണ്ട മാസ്റ്റർ സംസാരത്തിന്റെ ഉറവിടം ഞാനാണെന്നു മനസ്സിലാക്കി എന്നോട് മറ്റൊരു സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. അതാകട്ടെ പെൺകുട്ടികളുടെ ബെഞ്ചുകളുടെ തൊട്ടടുത്തായിരുന്നു. ഞാനത് ഇഷ്ടപ്പെട്ടില്ല. എനിക്ക് അന്നും ഇന്നും പെൺകുട്ടികളുടെ അടുത്തിരിക്കുന്നത് ഇഷ്ടമായിരുന്നില്ല. (നിങ്ങൾ വിശ്വസിച്ചാലും ശരി, ഇല്ലെങ്കിലും ശരി.) അപ്പോഴാണ് ഞാൻ കുറുമ്പു കാണിക്കാൻ തുടങ്ങിയത്. മാസ്റ്റർ ക്ലാസ്സിലേയ്ക്കു കടന്നാൽ മാത്രം ഞാൻ ആദ്യമിരുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് പുസ്തകങ്ങളുമായി പുതിയ സീറ്റിലേയ്ക്ക് പോകും. ശരിക്കും മാസ്റ്ററെ ധിക്കരിക്കൽ തന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. ഒന്നു രണ്ടു ദിവസം മാസ്റ്റർ അതു സഹിച്ചു, പിന്നെയും ഞാനതു തുടർന്നപ്പോൾ എന്നെ ക്ലാസ്സിൽനിന്നു പുറത്താക്കി. അച്ഛനെ വിളിച്ചുകൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതിയെന്നും പറഞ്ഞു. ഞാൻ വിഷമത്തിലായി. അച്ഛനോട് പറയാതിരിക്കാൻ വയ്യാത്തൊരവസ്ഥ. ഞാൻ കാര്യങ്ങൾ മുഴുവൻ അച്ഛനോട് പറഞ്ഞു. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. മുഴുവൻ കേട്ടശേഷം അച്ഛൻ പറഞ്ഞു. 'നീ ചെയ്തത് തെറ്റുതന്നെയാണ്. എന്തു വിഷയത്തെപ്പറ്റിയാലും ശരി, അദ്ധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ സംസാരിക്കുന്നത് കുറ്റകരമാണ്. അതിനു ശേഷം നീ അദ്ദേഹത്തെ ധിക്കരിച്ചതാകട്ടെ പൊറുക്കാനാവാത്ത അപരാധവും. നീ രാവിലെത്തന്നെ പോയി മാസ്റ്ററെ കണ്ട് മാപ്പു പറയണം, ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നു ഉറപ്പു കൊടുക്കണം.' ഞാൻ അങ്ങിനെ ചെയ്തു, കൃഷ്ണവാരിയർ മാസ്റ്റർ സുമനസ്സോടെ എനിക്കു മാപ്പു തരികയും ചെയ്തു, ഒരു കറയും ബാക്കിവയ്ക്കാതെത്തന്നെ. സ്‌കൂളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നദ്ധ്യാപകരിൽ ഒരാളായി മാസ്റ്റർ തുടരുകയും ചെയ്തു.
കൃഷ്ണവാരിയർ മാസ്റ്റർ അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവസാന കാലത്തു പ്രത്യേകിച്ചും സന്തതസഹചാരിയെന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ അദ്ദേഹം 'ഇടശ്ശേരി'യെപ്പറ്റി വാ തോരാതെ സംസാരിക്കുന്നതു കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്, എനിക്ക് അച്ഛനെപ്പറ്റി എത്ര കുറച്ചേ അറിയൂ. അച്ഛന്റെ ഒപ്പം എന്നേക്കാൾ കൂടുതൽ സമയം ചെലവാക്കാനുള്ള ഭാഗ്യം കിട്ടിയവരോടൊക്കെ, പതിനേഴാം വയസ്സിൽ അച്ഛനെ വേർപിരിഞ്ഞ് നാടു വിടേണ്ടി വന്ന എനിക്ക് കലശലായ അസൂയയുണ്ടാവുന്നു.