അച്ഛന്റെ മക്കളെല്ലാം അഞ്ചാം വയസ്സിൽ പൊന്നാനി ന്യൂ എൽ.പി. സ്‌കൂളിൽ ചേരുകയും അഞ്ചാം ക്ലാസ്സു കഴിഞ്ഞാൽ സ്വാഭാവികമായും തൊട്ടടുത്തുള്ള എ.വി. ഹൈസ്‌കൂളിൽ ചേർന്ന് പഠിത്തം തുടരുകയും ചെയ്തവരാണ്. (ന്യൂ എൽപിയിൽ ഹെഡ്മിസ്റ്റ്രസ്സായി റിട്ടയർ ചെയ്ത ഗൗരീടീച്ചർ അച്ഛന് മകളെപ്പോലെയായിരുന്നു. ഇന്നും ഇടശ്ശേരി സ്മാരകത്തിന്റെ സജീവാംഗമാണ് അവർ). സതീശേട്ടൻ തൊട്ട് ഉഷവരെ ഇതേ വഴിയിലാണ് സ്‌കൂൾ വർഷങ്ങൾ പിന്നിട്ടത്. രാവിലെ സ്‌കൂളിൽ പോയി വൈകുന്നേരം തിരിച്ചെത്തുന്നതുവരെ മക്കൾ ഗുരുനാഥന്മാരുടെ അടുത്ത് സുരക്ഷിതരാണെന്ന വിശ്വാസമുണ്ടായിരുന്നു അച്ഛന്. പകൽ മുഴുവൻ മനസ്സമാധാനത്തോടെ ഓഫീസിലിരുന്ന് ജോലിയെടുക്കാൻ ആ വിശ്വാസം അദ്ദേഹത്തെ സഹായിച്ചു. അച്ഛനമ്മമാർ കഴിഞ്ഞാൽ ഏറ്റവും അധികം ബഹുമാനിക്കേണ്ടതും സ്‌നേഹിക്കേണ്ടതും ഗുരുനാഥനെയാണെന്നദ്ദേഹം ഉപദേശിച്ചിരുന്നു. ഗുരുനാഥൻ അമ്മയെപ്പോലെയാണെന്ന് 'ചൂരലിന്റെ മുമ്പിൽ' എന്ന കവിതയിൽ അദ്ദേഹം പറയുന്നു.
'ജിജ്ഞാസാപൂർണ്ണമാം മുഖങ്ങൾക്കെതിർനിന്നു
വിജ്ഞാനം വാരിക്കോരിക്കൊടുക്കാൻ കഴിയുമ്പോൾ
ചുരന്ന മുല ചോരിവായിൽച്ചേർത്തെല്ലാം മറ-
ന്നിരിക്കും പെറ്റമ്മയെ തോൽപ്പിപ്പൂ ഗുരുനാഥൻ.'
പെറ്റമ്മ കുഞ്ഞിന് മുലകൊടുക്കുന്നപോലെയാണ് ഗുരുനാഥൻ ശിഷ്യന്മാർക്ക് വിജ്ഞാനം കോരിക്കൊടുക്കുന്നത് എന്നാണ് അച്ഛൻ പറയുന്നത്. അതുകൊണ്ട് ഗുരുനാഥനെ ധിക്കരിക്കുന്ന ഒരു കാര്യവും അച്ഛൻ സഹിച്ചിരുന്നില്ല. ഞാനൊരിക്കൽ എന്റെ അദ്ധ്യാപകന്റെ അടുത്ത് കുറുമ്പു കാട്ടി, ഒപ്പം ധിക്കാരവും. സിക്‌സ്ത് ഫോമിൽ ഞങ്ങൾ സാഹിത്യത്തിൽ താല്പര്യമുള്ള നാലഞ്ചു പേരാണ് ഏറ്റവും മുമ്പിലുള്ള ബഞ്ചിലിരുന്നത്. നന്നായി കവിതയെഴുതിയിരുന്ന എ.കെ. വേണുഗോപാൽ, സേതുമാധവൻ, ടി. ഗോപാലക്കുറുപ്പിന്റെ മകൻ രാജു, കെ. ബാലകൃഷ്ണൻ (അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ ഡോക്ടറായി പ്രാക്ടീസു ചെയ്യുന്നു). ഞങ്ങൾ ക്ലാസ്സ് മാസികയിറക്കാറുണ്ട്. മാതൃഭൂമിയിൽ അക്കാലത്താണ് പിസിമ്മാവന്റെ (ഉറൂബ്) 'സുന്ദരികളും സുന്ദരന്മാരും' എന്ന നോവൽ തുടർച്ചയായി വന്നിരുന്നത്. ഓരോ ആഴ്ചയും വരുന്ന അദ്ധ്യായങ്ങൾ ഞങ്ങൾ താല്പര്യത്തോടെ വായിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും. ഇംഗ്ലീഷ് ക്ലാസ്സെടുക്കുന്ന പി. കൃഷ്ണവാരിയർ മാഷായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. അദ്ദേഹം ഞങ്ങളുടെ സംസാരം കണ്ടുപിടിച്ചു, അതു നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഒന്നു രണ്ടു താക്കീതുകൾകൊണ്ട് ഫലമുണ്ടായില്ലെന്നു കണ്ട മാസ്റ്റർ സംസാരത്തിന്റെ ഉറവിടം ഞാനാണെന്നു മനസ്സിലാക്കി എന്നോട് മറ്റൊരു സീറ്റിൽ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു. അതാകട്ടെ പെൺകുട്ടികളുടെ ബെഞ്ചുകളുടെ തൊട്ടടുത്തായിരുന്നു. ഞാനത് ഇഷ്ടപ്പെട്ടില്ല. എനിക്ക് അന്നും ഇന്നും പെൺകുട്ടികളുടെ അടുത്തിരിക്കുന്നത് ഇഷ്ടമായിരുന്നില്ല. (നിങ്ങൾ വിശ്വസിച്ചാലും ശരി, ഇല്ലെങ്കിലും ശരി.) അപ്പോഴാണ് ഞാൻ കുറുമ്പു കാണിക്കാൻ തുടങ്ങിയത്. മാസ്റ്റർ ക്ലാസ്സിലേയ്ക്കു കടന്നാൽ മാത്രം ഞാൻ ആദ്യമിരുന്ന സീറ്റിൽനിന്ന് എഴുന്നേറ്റ് പുസ്തകങ്ങളുമായി പുതിയ സീറ്റിലേയ്ക്ക് പോകും. ശരിക്കും മാസ്റ്ററെ ധിക്കരിക്കൽ തന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. ഒന്നു രണ്ടു ദിവസം മാസ്റ്റർ അതു സഹിച്ചു, പിന്നെയും ഞാനതു തുടർന്നപ്പോൾ എന്നെ ക്ലാസ്സിൽനിന്നു പുറത്താക്കി. അച്ഛനെ വിളിച്ചുകൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതിയെന്നും പറഞ്ഞു.
ഞാൻ വിഷമത്തിലായി. അച്ഛനോട് പറയാതിരിക്കാൻ വയ്യാത്തൊരവസ്ഥ. ഞാൻ കാര്യങ്ങൾ മുഴുവൻ അച്ഛനോട് പറഞ്ഞു. എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. മുഴുവൻ കേട്ടശേഷം അച്ഛൻ പറഞ്ഞു.
'നീ ചെയ്തത് തെറ്റുതന്നെയാണ്. എന്തു വിഷയത്തെപ്പറ്റിയാലും ശരി,
അദ്ധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ സംസാരിക്കുന്നത് കുറ്റകരമാണ്.
അതിനു ശേഷം നീ അദ്ദേഹത്തെ ധിക്കരിച്ചതാകട്ടെ....
പൊറുക്കാനാവാത്ത അപരാധവും.
നീ രാവിലെത്തന്നെ പോയി മാസ്റ്ററെ കണ്ട് മാപ്പു പറയണം,
ഇനി ഈ തെറ്റ് ആവർത്തിക്കില്ലെന്നു ഉറപ്പു കൊടുക്കണം.'
ഞാൻ അങ്ങിനെ ചെയ്തു, കൃഷ്ണവാരിയർ മാസ്റ്റർ സുമനസ്സോടെ എനിക്കു മാപ്പു തരികയും ചെയ്തു, ഒരു കറയും ബാക്കിവയ്ക്കാതെത്തന്നെ. സ്‌കൂളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നദ്ധ്യാപകരിൽ ഒരാളായി മാസ്റ്റർ തുടരുകയും ചെയ്തു. മറ്റ് രണ്ട് ഗുരുനാഥന്മാർ ഫിസിക്‌സും കെമിസ്റ്റ്രിയുമെടുത്തിരുന്ന ശ്രീ. ശൂലപാണിവാരിയരും ശ്രി. ജനാർദ്ദനവാരിയരുമാണ്. അവരും ഇന്ന് ജീവിച്ചിരിപ്പില്ല.
കൃഷ്ണവാരിയർ മാസ്റ്റർ അച്ഛന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവസാന കാലത്തു പ്രത്യേകിച്ചും സന്തതസഹചാരിയെന്നു വേണമെങ്കിൽ പറയാം. അദ്ദേഹം 'ഇടശ്ശേരി'യെപ്പറ്റി വാ തോരാതെ സംസാരിക്കുന്നതു കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്, എനിക്ക് അച്ഛനെപ്പറ്റി എത്ര കുറച്ചേ അറിയൂ. അച്ഛന്റെ ഒപ്പം എന്നേക്കാൾ കൂടുതൽ സമയം ചെലവാക്കാനുള്ള ഭാഗ്യം കിട്ടിയവരോടൊക്കെ, പതിനേഴാം വയസ്സിൽ അച്ഛനെ വേർപിരിഞ്ഞ് നാടു വിടേണ്ടി വന്ന എനിക്ക് കലശലായ അസൂയയുണ്ടാവുന്നു.