ഡോ. ഗീത ജെയിംസ്
കറുത്ത തമ്പ്രാട്ടി എന്ന കഥാസമാഹാരത്തെക്കുറിച്ച് ആകാശവാണിയിൽ വായിച്ചത്
പാരമ്പര്യത്തെ നിഷേധിക്കാത്ത കഥാകൃത്താണ് ശ്രീ. ഇ. ഹരികുമാർ. തന്റെ കഥകളുടെ ആഖ്യാനശൈലിയിലും പ്രമേയ സ്വീകാര്യത്തിലും ആധുനികാനന്തരമെന്നോ അത്യന്താധുനികമെന്നോ നിരൂപകർ വിശേഷിപ്പിക്കുന്ന രചനാതന്ത്രങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു നിൽക്കുന്നു. ജീവിതത്തെകുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ഒരു മനുഷ്യസ്‌നേഹിയുടെ സ്വരം ആ കഥകളിൽ നമുക്ക് തിരിച്ചറിയാം.
ശ്രീ. ഹരികുമാറിന്റെ 'കറുത്ത തമ്പ്രാട്ടി' എന്ന ഏറ്റവും പുതിയ ചെറുകഥാസമാഹാരത്തിൽ 16 കഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 'ജീവിതത്തിൽ ദുരന്തങ്ങൾ പോലും സ്വാഭാവികമാകുമ്പോൾ, താനെന്താണു ചെയ്യുന്നതെന്ന അറിവുപോലും യാഥാർത്ഥ്യത്തിന്റെ എരിവെയിലിൽ മാഞ്ഞുപോകുന്ന മനുഷ്യജീവികളാണ് ഹരികുമാറിന്റെ കഥാപാത്രങ്ങൾ' എന്ന ഒരു നിരൂപകമതം ഈ സമാഹാരത്തിലെ ആദ്യത്തെ കഥയായ 'കറുത്ത തമ്പ്രാട്ടി'ക്ക് വളരെയധികം ഇണങ്ങുന്നു. ഫ്യൂഡൽ വ്യവസ്ഥിതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഇതിലെ കഥാന്തരീക്ഷം കഥാകൃത്ത് വിഭാവനം ചെയ്തിരിക്കുന്നത്. താൻ പണിയാളന് വായ്പ കൊടുത്ത 2000 രൂപ പലിശ സഹിതം തിരികെ കിട്ടുന്നതുവരെ അവന്റെ ഭാര്യ തന്നോടൊപ്പം നിൽക്കട്ടെ എന്ന് വിധിക്കുന്ന തമ്പ്രാൻ. ഒരിക്കലും ലഭിക്കുമെന്ന് കരുതാതിരുന്ന സുഖങ്ങൾക്കുള്ളിൽ സുരക്ഷിതത്വം അനുഭവിക്കുമ്പോൾ ആ പഴയ കുടിലിലേക്ക് മടങ്ങേണ്ടി വരുന്നതിനെക്കുറിച്ച് ഭീതിയോടെ മാത്രം ചിന്തിക്കുന്ന ലക്ഷ്മി എന്ന പണിയാളത്തി. തന്റെ വിധേയത്വം തന്റെ നിസ്സഹായത തന്നെയാണെന്ന തിരിച്ചറിവിൽ മൗനിയാകുന്ന താമി എന്ന പണിയാളൻ. ഇവർക്കിടയിൽ, ഒന്നുമറിയാതെ, തന്നെ താലോലിക്കാനെത്തുന്ന അമ്മയുടെ മുഖം സ്വപ്നം കാണുന്ന നാലുവയസ്സുകാരി മകൾ. വ്യവസ്ഥിതികൾ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾക്ക് മുന്നിൽ നിശബ്ദരാകുന്ന ഈ കഥാപാത്രങ്ങൾ വായനക്കാരന്റെ നൊമ്പരമാകുമ്പോൾ, ആസ്വാദകമനസ്സു പിടിച്ചടക്കാൻ ഈ കഥക്ക് നിഷ്പ്രയാസം കഴിയുന്നു. വരേണ്യവർഗ്ഗത്തിന്റെ നിയമങ്ങൾക്കുള്ളിൽ ശ്വാസം മുട്ടുന്ന ദളിതരുടെ നിസ്സഹായതയെ ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുള്ള ഈ കഥ, പ്രമേയത്തിലെ പുതുമകൊണ്ട് ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥകളിലൊന്നായി മാറുന്നു.
ദാമ്പത്യബന്ധങ്ങളുടെ ആഴങ്ങളിലേക്കു കടന്നുചെല്ലാൻ ഹരികുമാറിന്റെ തൂലികക്ക് ഒരു പ്രത്യേക കഴിവും താല്പര്യവുമുണ്ട്. പരസ്പരം സ്‌നേഹിക്കുന്ന ദമ്പതിമാരുടെ ജീവിതത്തിൽ പോലും പലപ്പോഴും ബാഹ്യബന്ധത്തിന്റെ നിഴൽ വീണു കിടപ്പുണ്ടാകുമെന്നും അതിൽ താൻ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നുമുള്ള കഥാകൃത്തിന്റെ തന്നെ വാക്കുകൾ, അദ്ദേഹത്തിന്റെ 'ദാമ്പത്യകാഴ്ചകൾ'ക്കു പ്രചോദനമായി നിൽക്കുന്നുവെന്ന് ഈ സമാഹാരത്തിലെ പല കഥകളും സാക്ഷ്യപ്പെടുത്തുന്നു. ബന്ധങ്ങളുടെ അനിർവചനീയതയെ അംഗീകരിക്കാനാണദ്ദേഹത്തിനിഷ്ടം. വ്യക്തിബന്ധങ്ങളെ സമൂഹം നിശ്ചയിക്കുന്ന സദാചാര നിയമങ്ങൾക്കുള്ളിൽ നിർത്തി നിർവചിക്കാനൊന്നും അദ്ദേഹം തയ്യാറല്ല. ജിവിതം ആവശ്യപ്പെടുന്ന നിയമങ്ങൾക്ക് അനുയോജ്യനായ മനുഷ്യനെവിടെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ദാമ്പത്യബന്ധങ്ങളിലെ വിള്ളലുകളും അപൂർവ്വതകളുമെക്കെ തന്റെ കഥക്ക് വിഷയമാക്കുമ്പോൾ, സമൂഹം ദമ്പതിമാർക്ക് കല്പിക്കുന്ന വിലക്കുകളെ അദ്ദേഹം മറികടക്കുന്നു. അവിടെ തകർന്നുടയുന്നത് സമൂഹം ഇന്നും എന്നും അതീവജാഗ്രതയോടെ നിലനിർത്തുന്ന പല സദാചാരസങ്കല്പങ്ങളുമാണ്. ഭാര്യയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭർത്താവിന്, മറ്റൊരു സ്ത്രീയോടു തോന്നുന്ന അഭിനിവേശത്തെ അദ്ദേഹം നിഷേധിക്കുന്നില്ല. ഈ സമാഹാരത്തിലെ 'കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു' എന്ന കഥ ഈ വീക്ഷണത്തോടു ചേർത്തുവെച്ച് വായിക്കാവുന്നതാണ്.
ജീവിതത്തിൽ തെറ്റിദ്ധാരണകളുണ്ടാവുക സ്വാഭാവികമാണ്. സത്യമറിയുമ്പോൾ തെറ്റിദ്ധാരണകൾ പലപ്പോഴും അമ്പരപ്പിനും കുറ്റബോധത്തിനും വഴിമാറുന്നു. 'വലിയൊരു ആൽബം' എന്ന കഥയിൽ, തന്റെ പ്രിയ ശിഷ്യൻ അറിയപ്പെടുന്നൊരു സാഹിത്യകാരനായിട്ടും, തനിക്കതറിയാൻ കഴിയാതെ പോയല്ലോ എന്ന ചിന്തയാണ് ആന്റണി മാസ്റ്ററെ കുറ്റബോധത്തിലാഴ്ത്തിയത്. എന്നാൽ, മാസ്റ്റർ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫോട്ടോ ആൽബത്തിൽ തന്റെയും കുടുംബത്തിന്റെയും ഒരു ഫോട്ടോ പോലുമില്ലെന്ന് പരിഭവം പറഞ്ഞ ശിഷ്യനെ, തന്റെ നെഞ്ചു തൊട്ടുകാണിച്ച്, 'നിങ്ങളെയൊക്കെ ഞാനിവിടെയാണ് കൊണ്ടു നടക്കണത്' എന്ന് മാസ്റ്റർ പറഞ്ഞപ്പോൾ, കുനിഞ്ഞത് ശിഷ്യന്റെ ശിരസ്സാണ്. പലപ്പോഴും സ്‌നേഹത്തിന്റെ പ്രകടനാത്മകതയിൽ അതിന്റെ ആത്മാർത്ഥതയും ആഴവും അളക്കാൻ ശ്രമിക്കുന്നവരാണ് ശരാശരി മനുഷ്യരെല്ലാം. ബന്ധങ്ങളുടെ വൈകാരിക തീവ്രത അളവുതൂക്കങ്ങൾക്കതീതമാണെന്നു ബോധ്യപ്പെടുത്തുന്ന ഹൃദയസ്പർശിയായ ഒരു കഥയാണ് 'വലിയൊരു ആൽബം'.
കുട്ടികളുടെ സ്വകാര്യലോകം എന്നും ഹരികുമാറിന്റെ ഒരു ദൗർബല്യമാണ്. അദ്ദേഹത്തന്റെ ശക്തരായ കഥാപാത്രങ്ങളിൽ നിരവധി പേർ കുട്ടികളാണ്. അച്ഛനും അമ്മയും നൽകുന്ന സുരക്ഷിതത്വത്തിനുള്ളിൽ ജീവിക്കുമ്പോഴും, ഒറ്റപ്പെടലിന്റെ പിടച്ചിലനുഭവിക്കുന്ന ധാരാളം ഇളം മനസ്സുകളെ ഹരികുമാറിന്റെ കഥകളിൽ നമുക്കു കാണാം. 'കളിക്കാലം' എന്ന കഥയിൽ മാതാപിതാക്കളോടൊപ്പം കഴിയാൻ എപ്പോഴും ആഗ്രഹിക്കുന്ന രാജുവിന് അതു പലപ്പോഴും സാധിക്കാറില്ല. ക്രിക്കറ്റും, ക്ലബ്ബും, പാർട്ടികളുമായി അച്ഛനമ്മമാർ ജീവിതത്തെ ഒരാഘോഷമാക്കി മാറ്റുമ്പോൾ, അതിനുള്ളിൽ നഷ്ടപ്പെട്ടു പോകുന്നത് മക്കളുടെ നുറുങ്ങുസ്വപ്നങ്ങളാണ്. അച്ഛന്റെ സിഗററ്റിന്റെയും വിസ്‌കിയുടെയും മണവും, അമ്മയെ കെട്ടിപ്പിടിയ്ക്കുമ്പോൾ മൂക്കിൽ തങ്ങിനിൽക്കുന്ന വാസനയുമൊക്കെ രാജുവിന്റെ സ്വകാര്യസമ്പത്തായിരുന്നു. അച്ഛനമ്മമാരുടെ സ്‌നേഹവും ലാളനയുമൊക്കെ കൊതിച്ച അവന്റെ കൊച്ചുമനസ്സിന് സാന്ത്വനമായത് പക്ഷെ, ഇതിലെ വീട്ടുജോലിക്കാരി കുട്ടിയുടെ സാമീപ്യമാണ്. സകല സൗഭാഗ്യങ്ങളുടെയും നടുവിൽ ആ കൊച്ചുകുട്ടി അനുഭവിയ്ക്കുന്ന ഏകാന്തത, അച്ഛനമ്മമാരിൽനിന്നകന്ന്, നിറം മങ്ങിയ ഒരു ജീവിതം നയിക്കുന്ന ആ ജോലിക്കാരിയുടെ ഏകാന്തതയിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. സ്‌നേഹത്തിന്റെ ഇളംചൂടുള്ള ലോകത്തിൽ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം ഇല്ലാതെയാവുന്ന ചിത്രം നമുക്കീ കഥയിൽ കണ്ടെത്താം.
'ഒരു ഓണത്തിന്റെ കഥ', 'ചുച്ചിയും ഈനാമ്പീച്ചിയും' എന്നീ കഥകളും ബാലമനസ്സിന്റെ ആശങ്കകളും വ്യഥകളും പങ്കുവെക്കുന്നവയാണ്. 'മറ്റൊരു വാതിൽ', ''ആ പാട്ടു നിർത്തൂ' എന്നീ കഥകൾ കുഞ്ഞുങ്ങളോടുപോലും ക്രൂരത കാണിയ്ക്കുന്ന ഒരു സമൂഹത്തിന്റെ നേർക്കാഴ്ചകളാണ്. നഷ്ടസ്വർഗ്ഗങ്ങളിലേക്കു മടങ്ങാൻ കൊതിക്കുന്ന ഗൃഹാതുരത്വത്തിന്റെ മറ്റൊരു മുഖമാണ്, ബാലമനസ്സിന്റെ വിശുദ്ധിയിലേക്കുള്ള എഴുത്തുകാരന്റെ ഈ യാത്രകൾ.
ആധുനികലോകത്ത് ജീവിക്കാൻ വേണ്ടി എന്തു സാഹസവും കാണിക്കാൻ മനുഷ്യൻ ഒരുക്കമാണ്. ഇത്തരത്തിലുള്ളവർ, ജീവിതം ഏതു പ്രതിസന്ധിയിൽക്കൂടി കടന്നുപോകുമ്പോഴും ആത്യന്തികമായി ജീവിതത്തെ സ്‌നേഹിക്കുന്നു. പൂർണ്ണമായി ജീവിതത്തെ മനസിലായില്ലെങ്കിലും, അവർ ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അറിഞ്ഞുകൊണ്ടു തോൽവി ഏറ്റുവാങ്ങുമ്പോഴും അതിൽ ജീവിതമഹത്വം കാണുന്നു. 'അയൽക്കാരൻ', 'അവസാനത്തെ വിസിൽ' എന്നീ കഥകൾ പ്രതിനിധാനം ചെയ്യുന്നത് ഇത്തരത്തിലുള്ള രണ്ടു മനുഷ്യരെയാണ്.
ഈ കഥാസമാഹാരത്തിലെ കഥകളിൽ പകുതിയിലേറെയും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാമുഖ്യമുള്ളവയത്രേ. സമാഹാരത്തിന്റെ ശീർഷകം പോലും ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു. പെണ്ണെഴുത്തിന്റെ കോലാഹലങ്ങൾ അരങ്ങേറുന്ന ഒരു സമൂഹത്തിൽ, ഒരു പുരുഷന്റെ സ്ത്രീപക്ഷ രചനകൾ കൗതുകമുണർത്തുന്നു. വായനയുടെ മായാലോകത്തിലൂടെ ഭർത്താവിന്റെ അവിശുദ്ധ ബന്ധങ്ങളിലേക്ക് നടന്നു കയറുന്ന ഭാര്യയായും, ചൂഷണത്തിൽ നിന്നു രക്ഷ നേടാൻ മുതലാളിയുടെ മരണമാഗ്രഹിക്കുന്ന തൊഴിലാളിപ്പെൺകുട്ടിയായും, ജീവിതത്തിലൊരിക്കൽ പോലും തീവണ്ടി കയറിയിട്ടില്ലാത്ത സാധുയുവതിയായുമൊക്കെ, ഈ സ്ത്രീകഥാപത്രങ്ങൾ നമ്മുടെ മനസ്സിൽ ഇടം തേടുന്നു. സ്ത്രീ ഹൃദയത്തിന്റെ വിവിധ ഭാവങ്ങളെ, സമൂഹത്തിന്റെ വിവിധതലങ്ങളിൽ കഴിയുന്ന സ്ത്രീകളുടെ വ്യത്യസ്ഥ വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. സ്ത്രീ ജീവിതങ്ങളെ സ്‌നേഹത്തോടും ബഹുമാനത്തോടും വീക്ഷിക്കുകയും അവയെ അതീവസൂക്ഷമതയോടും കരുതലോടുംകൂടി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ അവധാനത ഈ സമാഹാരത്തിലെ പല കഥകളിലും നമുക്ക് കാണാം. 'കഥയിലേക്ക് നടന്നുപോയ സ്ത്രീ', 'തീവണ്ടികയറിയിട്ടില്ലാത്ത പെൺകുട്ടി', 'വൈകിയോടുന്ന വണ്ടികൾ എങ്ങിനെ വിപ്ലവം ഉണ്ടാക്കുന്നു' എന്നീ കഥകൾ ഈ അവസരത്തിൽ പ്രത്യേക പരാമർശമർഹിക്കുന്നവയാണ്.
നഷ്ടസ്വർഗ്ഗങ്ങളെക്കുറിച്ച് വിലപിക്കാത്തവർ ചുരുക്കം. ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോൾ, അവയെക്കുറച്ച് ദു:ഖിക്കുകയും അവയിലേക്ക് മടങ്ങിച്ചെല്ലാൻ കൊതിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരെ ഹരികുമാറിന്റെ കഥകളിൽ നമുക്ക് കാണാം. 'പറിച്ചു നടാൻ പറ്റാത്ത സ്വപ്നം' എന്ന കഥ നോക്കുക. നഗരത്തിന്റെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് ഗ്രാമത്തിന്റെ ഹരിതവിശുദ്ധിയിലെത്തുന്ന ഏതൊരാൾക്കും അനുഭവപ്പെടുന്ന ആ 'നൊസ്റ്റാൾജിയ'യാണ് കഥയുടെ പ്രമേയം. പറഞ്ഞു പറഞ്ഞു പഴകിയ ഒരാശയം ഉളവാക്കുന്ന വിരസത ഈ കഥക്കുണ്ടാകുന്നത് സ്വാഭാവികം. പച്ചപ്പിൽ കുളിച്ചു നിൽകുന്ന പറമ്പിന്റെ അടുത്തു നിൽക്കുന്ന ഉണങ്ങിയ തെങ്ങ്, ആ കഥാപാത്രത്തിന്റെ സ്വപ്നങ്ങളുടെ ഒരു പ്രതീകാത്മക ചിത്രമാണ്.
ഈ സമാഹാരത്തിലെ കഥാപാത്രങ്ങളെ മൊത്തമായി ഒന്ന് വിലയിരുത്തുമ്പോൾ, അവയിലേറെ പേരും ഏകാന്തതയുടെ ദുഃഖം അനുഭവിക്കുന്നവരാണെന്നു കാണാം. രേഖയും, നളിനിയും, രാജമ്മയും, ഷൈലയും, വിനീതയും, രേണുകയും മാത്രമല്ല, മധുവും താമിയും ഗണേശനും രാജുവുമൊക്കെ അതിന്റെ നിശ്ശബ്ദരായ ഇരകളാണ്. ജീവിതം പിടിവിട്ടു പോകുന്ന അവസ്ഥകളിൽ അവരൊക്കെ തങ്ങളുടെതന്നെ 'ആത്മാവിന്റെ ഏകാന്തത'യിലേയ്ക്കാണ് തിരിച്ചുപോകാൻ ഒരുങ്ങുന്നത്. പലപ്പോഴും ആ ഏകാന്തത പകരുന്ന നനുത്ത വെളിച്ചത്തിൽ അവരൊക്കെ സ്വത്വം തിരിച്ചറിയുന്നു. രാത്രിയിൽ കാണുന്ന സ്വപ്നം പോലെയാണ് ജീവിതം എന്നും തിരിച്ചറിയുന്നു. ആ അറിവിൽനിന്ന് വീണ്ടും ജീവിതത്തെ നേരിടാനുള്ള കരുത്താർജ്ജിച്ച് ആ കഥാപാത്രങ്ങൾ വളരുമ്പോൾ, അസന്നിഗ്ദമായി ജീവിതത്തെ സമീപിയ്ക്കുന്ന ഒരു കഥാകൃത്തിന്റെ സാന്നിദ്ധ്യമാണ് ആസ്വാദകർ തിരിച്ചറിയുന്നത്.
ആർജ്ജവമുള്ള ഭാഷയാണ് ഹരികുമാറിന്റേത്. ഹൃദയത്തെ തൊട്ടുണർത്താൻ പോന്ന ഭാവസാന്ദ്രതയും മൃദുത്വമുള്ള വാക്കുകൾ, പാരമ്പര്യമായി അദ്ദേഹത്തിനു പകർന്നു കിട്ടിയ ഭാഷാവരത്തിന്റെ സാന്നിധ്യമറിയിക്കുന്നു. തികച്ചും സ്വാഭാവികമായ ഭാഷയിലാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്. പ്രമേയ സ്വീകരണത്തിലെ അനാർഭാടത തന്നെയാണ് ഭാഷാശൈലിയിലും അദ്ദേഹം സ്വീകരിക്കുന്നത്. നവഭാവുകത്വത്തിന്റെ കടന്നുകയറ്റം, ഇന്ന് ചെറുകഥാസാഹിത്യത്തെ സങ്കീർണ്ണവും ദുർഗ്രഹവുമാകുമ്പോൾ, ഹരികുമാറിന്റെ കഥകൾ പ്രമേയ സ്വീകരണത്തിലെ ലാളിത്യംകൊണ്ട് ആസ്വാദകരെ നേടുന്നു.