ദാരിദ്ര്യത്തിൻ പാരമ്യത്തിൽ ജന്മിയുടെ കയ്യിൽനിന്ന് പണം പലിശയ്‌ക്കെടുത്തപ്പോൾ താമിയ്ക്ക് ഈടായി നല്‌കേണ്ടി വന്നത് സ്വന്തം ഭാര്യയെയാണ്. മറ്റൊന്നും അയാളുടെ കയ്യിലില്ല. എന്റെ 'കറുത്ത തമ്പ്രാട്ടി' എന്ന കഥയുടെ പശ്ചാത്തലമാണിത്. അവൾ സുലു എന്ന രണ്ടുവയസ്സുകാരിയുടെ അമ്മ കൂടിയാണ്. കൂലിപ്പണിക്കാരനായ അച്ഛൻ രാവിലെ പണിയ്ക്കു പോയാൽ അവൾ വീട്ടിൽ ഒറ്റയ്ക്കാണ്.
ഇങ്ങിനെ ഒരു ആശയം എന്റെ മനസ്സിൽ കയറിയപ്പോൾ ഞാൻ അത് ഏതു കോണിൽക്കൂടിയാണ് കാണേണ്ടത് എന്നാലോചിച്ചു. ഇതിൽ കാര്യമായി നാലോ അഞ്ചോ കഥാപാത്രങ്ങളാണുള്ളത്. ഓരോരുത്തർക്കും പ്രാധാന്യം കൊടുക്കേണ്ടതുതന്നെയാണ്. താമി, പണയം വയ്ക്കപ്പെട്ട ഭാര്യ ലക്ഷ്മി, രണ്ടു വയസ്സായ മകൾ സുലു, ജന്മി, ജന്മിയുടെ ഭാര്യ..... അങ്ങിനെ പോകുന്നു. ഞാൻ സാധാരണ മട്ടിൽ കഥയുടെ ഗതിയിൽ അധികം ഇടപെടാതെത്തന്നെ എഴുതിത്തുടങ്ങി. ഞാൻ അങ്ങിനെയാണ് ചെയ്യാറ്. വല്ലാതെ ആസൂത്രണം ചെയ്തിട്ടൊന്നും ഒരു കഥയോ നോവലോ എഴുതാൻ പറ്റില്ലെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ആസൂത്രണങ്ങളെല്ലാം കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറിപ്പോകുകയാണ് പതിവ്. എഴുതിക്കഴിയുമ്പോഴാണ് മനസ്സിലാവുക, കഥയുടെ നിയന്ത്രണം എന്റെ കയ്യിൽനിന്ന് വഴിയിലെവിടേയോ നഷ്ടപ്പെട്ടുപോയെന്ന്. ഞാൻ എന്റെ കഥയല്ല എഴുതിയിരിക്കുന്നത്, മറിച്ച് അതിലെ കഥാപാത്രങ്ങളുടെ കഥയാണെന്ന്. ആ കഥാപാത്രങ്ങൾ എന്റെ ആജ്ഞാനുവർത്തികളാവാതെ സ്വന്തം വ്യക്തിത്വത്തിൽ നിലനിൽക്കുകയാണെന്ന്. അവരുടെ ഓരോ നീക്കവും അവരുടെ വ്യക്തിസ്വഭാവങ്ങൾക്കും അവർ നേരിടുന്ന സാഹചര്യങ്ങൾക്കനുസരിച്ചുമായിരിക്കും.
'കറുത്ത തമ്പ്രാട്ടി' എന്ന കഥയുമതെ, എഴുതിത്തുടങ്ങിയപ്പോൾ അതിൽ പ്രാധാന്യം വന്നത് രണ്ടാം വയസ്സുമുതൽ അമ്മ എന്നു വരുമെന്ന അറിവില്ലാതെ വീട്ടിൽ പകൽ മുഴുവൻ ഒറ്റയ്ക്ക് കഴിഞ്ഞുകൂടേണ്ട സുലുവിനും ജന്മിയുടെ വീട്ടിൽ എന്നെങ്കിലും ഭർത്താവിന്റെയും മകളുടെയും അടുത്തു പോകാൻ പറ്റുമോ എന്ന ആശങ്കയുമായി കഴിയുന്ന ലക്ഷ്മിയ്ക്കുമാണ്. ജന്മിയുടെ ഒപ്പമുള്ള രണ്ടു കൊല്ലത്തെ ജീവിതം അവളിൽ സമ്മിശ്രവികാരങ്ങളാണുണ്ടാക്കിയിരിക്കുന്നത്. എന്നെങ്കിലും ഭർത്താവ് ജന്മിയ്ക്കു കൊടുക്കാനുള്ള പണം പലിശയോടുകൂടി കൊണ്ടുവന്നു കൊടുക്കും എന്നാലോചിക്കുമ്പോൾ അവളിൽ ഉയരുന്ന വികാരങ്ങൾ പലതാണ്.
പ്രൊഫസ്സർ എം. കൃഷ്ണൻ നായർ സാർ ഈ കഥയെ അഭിനന്ദിച്ചുകൊണ്ട് സാഹിത്യവാരഫലത്തിൽ (സമകാലിക മലയാളം 22.9.2000) എഴുതിയപ്പോൾ എനിക്ക് സംതൃപ്തി തോന്നി. അറുപതുകളിൽ മാതൃഭൂമിയിലും മലയാളനാടിലും എഴുതിയിരുന്നപ്പോൾ തൊട്ട് എന്റെ കഥകളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞാൻ ഗൗരവമായി എടുക്കാറുണ്ട്. ഈ കഥ, 'കറുത്ത തമ്പ്രാട്ടി' അതേ പേരിൽ തൃശ്ശൂർ കറൻറ ് ബുക്‌സ് ഇറക്കുന്ന എന്റെ പുതിയ കഥകളുടെ സമാഹാരത്തിലുണ്ട്.