പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

സാഹിത്യവാരഫലം

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

ഇ. ഹരികുമാർ

പണ്ടൊരിക്കൽ ഒരിടത്ത് ഒരു ഗുസ്തികാരനുണ്ടായിരുന്നു. അയാൾക്ക് പ്രതിയോഗിയെ പരാജയപ്പെടുത്താൻ 360 വിദ്യകൾ അറിയാമായിരുന്നു. വാത്സല്യമുള്ള ശിഷ്യനെ അയാൾ 359 വിദ്യകൾ പഠിപ്പിച്ചു; ഒരെണ്ണം പറഞ്ഞുകൊടുത്തതുമില്ല. ശിഷ്യൻ തനിക്കു വശമായ 359 വിദ്യകൾകൊണ്ട് പലരെയും തോല്പിച്ചു. തന്റെ സാമർത്ഥ്യത്തിൽ അഹങ്കാരിയായ അയാൾ ഒരിക്കൽ രാജാവിനോടു പറഞ്ഞു. ഗുരുനാഥനോടുള്ള നന്ദിയും അദ്ദേഹത്തിന്റെ വാർദ്ധക്യവുംകൊണ്ടാണ് വിദ്യകൾ പഠിപ്പിച്ച ആ ആളിനെ നേരിട്ടെതിർത്ത് തോല്പിക്കാത്തതെന്ന്. ഗുരുനാഥനോടുള്ള ഈ ബഹുമാനക്കുറവുകണ്ട് രാജാവിന് ദേഷ്യം വന്നു. അദ്ദേഹം കല്പിച്ചു, ഗുരുവും ശിഷ്യനും എതിരിടട്ടെയെന്ന്. ശിഷ്യന് അറിയാൻ പാടില്ലാത്ത മുന്നൂറ്റിയറുപതാമത്തെ വിദ്യ പ്രയോഗിച്ച് ഗുരു ശിഷ്യനെ നിലംപറ്റിച്ചു. ശിഷ്യനെ തലയ്ക്കുമുകളിൽ പൊക്കിയെടുത്തു നിലത്തേക്ക് എറിയുകയായിരുന്നു ഗുരു. ശിഷ്യൻ ആ ഏറിൽ തകർന്നുപോയി. മലയാള മനോരമ വാർഷികപ്പതിപ്പിൽ 'കറുത്ത തമ്പ്രാട്ടി' എന്ന ചെറുകഥയെഴുതിയ ഇ. ഹരികുമാറിന് രചനയുടെ 360 വിദ്യകളറിയാം. 359 വിദ്യകളും അദ്ദേഹം മറ്റു കഥയെഴുത്തുകാർക്കു പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്. ഒരെണ്ണം അദ്ദേഹം വേറെയാരെയും അഭ്യസിപ്പിച്ചിട്ടില്ല. ആ വിദ്യ അറിയാൻ പാടില്ലാത്തതുകൊണ്ടാണ് മുകുന്ദൻ കൃത്രിമമായ 'നൃത്തം' എന്ന നോവലെഴുതുന്നത്. ഇമേജുകളില്ലാതെ വെറും ധിഷണാപരമായ ഉപന്യാസം കഥയെന്നമട്ടിൽ ആനന്ദ് എഴുതുന്നത് (ആനന്ദിന്റെ രചന മലയാള മനോരമ വാർഷികപ്പതിപ്പിൽത്തന്നെ.)

ഹരികുമാർ അയഥാർത്ഥമായ റൊമാന്റിസിസത്തിൽ വിഹരിക്കുന്നില്ല. ദുർഗ്രഹമായ സിംബലിസത്തിൽ ചെല്ലുന്നില്ല. ആദ്ധ്യാത്മികത്വത്തിന്റെ അധിത്യകതയിലേക്കു കയറിപ്പോകുന്നില്ല. ഫ്യൂഡലിസത്തിന്റെ നൃശംസത കാണിക്കുന്ന സെക്‌സിനെ യഥാതഥമായി. എന്നാൽ, കലാത്മകതയോടെ ആലേഖനം ചെയ്യുന്നതേയുള്ളൂ. ഫ്യൂഡൽ പ്രഭുവിന് തൊളിലാളിയുടെ ഭാര്യയെ വേണം. അവന്റെ ദാരിദ്ര്യത്തെ ചൂഷണം ചെയ്തു രണ്ടായിരം രൂപ കടംകൊടുത്തു അവളെ അയാൾ വെപ്പാട്ടിയാക്കുന്നു. എന്നു പണം കൊടുക്കുമോ അന്നു ഭാര്യയെ വിട്ടുകൊടുക്കാമെന്നാണ് വ്യവസ്ഥ. പണം തിരിച്ചുകൊടുത്താലും ദുഷ്ടൻ അവളെ വിട്ടുകൊടുക്കില്ല എന്നതു തീർച്ച. തൊഴിലാളിയുടെ മകൾ അവന്റെ വീട്ടിൽ സ്വന്തം അമ്മയെ കാണാതെ വളർന്നു വരുന്നു. കാലം കഴിഞ്ഞപ്പോൾ അമ്മയെ കാണാനും പ്രഭു നൽകുന്ന ഉടുപ്പു വാങ്ങാനും അവൾ അവിടെ ചെല്ലുന്നു. പക്ഷേ, അമ്മയെ തിരിച്ചറിയാതെ അവൾ അച്ഛനോടുകൂടി തിരികെപ്പോരുന്നു.

വജ്രം സ്ഫടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡൽ പ്രഭുവിന്റെ സെക്‌സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തോളം ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയംവയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാർ വായനക്കാരുടെ ബഹുമാനവും സ്‌നേഹവും നേടുന്നു. (ഗുസ്തിക്കാരന്റെ കഥ Power എന്ന ഗ്രന്ഥത്തിൽനിന്ന്)

''മാന്യതയുടെ ലക്ഷണമെന്ത്?''

''സഹിഷ്ണുത; ആ ഗുണമില്ലാത്തവരാണ് നമ്മുടെ സാഹിത്യകാരന്മാരിൽ പലരും. സഹിഷ്ണുതയുള്ള സാഹിത്യകാരന്മാരിൽ ഒ.വി. വിജയൻ, എം. തോമസ് മാത്യു ഇവർ ഉൾപ്പെടും. ഒരിക്കൽ തോമസ് മാത്യുവിനെ നിന്ദിച്ചുകൊണ്ട് ഒരാൾ പത്രത്തിലെഴുതി. ഞാനതു അദ്ദേഹത്തെ കാണിച്ചപ്പോൾ ''എനിക്ക് ആ മനുഷ്യനെ വിമർശിക്കാമെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് എന്നെ വിമർശിച്ചുകൂടാ'' എന്നു പറഞ്ഞു. ''this is the correct attitude'' എന്നുകൂടി തോമസ് മാത്യു പറഞ്ഞത് പ്രായംകൂടിയ എനിക്കു മാർഗദർശകമായി. കവികളിൽ അക്കിത്തത്തിനുമാത്രമേ സഹിഷ്ണുതയുള്ളൂ. ഒരു കവി ആർജവത്തോടെ (ശെിരലൃല്യേ) ഞാൻ സ്തുതിച്ചത് നിന്ദയാണെന്നു തെറ്റിദ്ധരിച്ച് 'ഞാൻ തന്നെക്കുറിച്ച് ലഘുലേഖ അച്ചടിച്ചു കേരളത്തിലാകെ പ്രസിദ്ധപ്പെടുത്തും' എന്നു ടെലിഫോണിലൂടെ പറഞ്ഞു. അപ്പോൾ സാക്ഷാൽ തിരുവനന്തപുരം ഭാഷയിൽ 'എന്റെ കൈ പുളിയങ്ങ പറിക്കാൻ പോകുമോ?' എന്ന വാക്യം മനസ്സിൽ വന്നു. പക്ഷേ, ഞാനതു പറഞ്ഞില്ല. കാരണം ഒരാൾ എന്നെ മാനനഷ്ടത്തിന്റെ പേരിൽ തിഹാർ ജയിലിൽ കയറ്റാൻ പോയപ്പോൾ ഞാൻ ബഹുമാനിക്കുന്ന എം.എ. ബേബിയെക്കൊണ്ടു ശുപാർശ ചെയ്യിച്ച് എന്നെ രക്ഷിച്ചയാളാണ് അദ്ദേഹം. രണ്ടാമത്തെ കവിയെ ഞാൻ ആവോളം വാഴ്ത്തിയിട്ട് അവതാരികകൾ എഴുതുമ്പോൾ കുറെക്കൂടി സംയമനം പാലിക്കണം എന്നു നിർദ്ദേശിച്ചിരുന്നു. ആകസ്മികമായി ആ കവിയെ എൻ.ബി.എസ്. പുസ്തകക്കടയുടെ മുൻപിൽവച്ചു കണ്ടപ്പോൾ അദ്ദേഹം ആഭാസമായി ചിലതു പറഞ്ഞു. അതേ നാണയത്തിൽ എനിക്കു കൊടുക്കാനറിയാം. പക്ഷേ, ഞാനതു ചെയ്തില്ല. കാരണം കടുത്ത രോഗം വന്നു ചികിത്സയ്ക്കു പണമില്ലാതിരുന്ന എന്നെ അഞ്ഞൂറുരൂപ കടം തന്ന് സഹായിച്ച ആളാണ് ആ കവി. സഹിഷ്ണുത മനുഷ്യന് ഉണ്ടായാൽ നന്ന്. സ്വർണത്തിനു സുഗന്ധംപോലെയാവും അത്.''

1937-ൽ ജനിച്ച തോമസ് പിഞ്ചൻ ആകെ അഞ്ചു നോവലുകളെ എഴുതിയിട്ടുള്ളൂ. എന്നാൽ, ഇംഗ്ലീഷ് നോവലിസ്റ്റ് ആന്തണി ബർജസ് എണ്ണമറ്റ നോവലുകളും പക്ഷേ, പിഞ്ചൻ ആദരിക്കപ്പെടുന്നതിന്റെ പതിനായിരത്തിലൊരംശം ബർജസ് ആദരിക്കപ്പെടുന്നില്ല. പ്രാഗൽഭ്യമാണ് ഇതിനു ഹേതുവെന്നു പറയാവുന്നതല്ല. പിഞ്ചൻ 1963-ൽ ആദ്യത്തെ നോവൽ പ്രസിദ്ധപ്പെടുത്തിയതിനുശേഷം ഇടയ്ക്കിടെ മൗനമവലംബിച്ചിട്ടേയുള്ളൂ. അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവൽ ആവിർഭവിച്ചിട്ട് രണ്ടുവർഷം ആയിട്ടേയുള്ളൂ. (അതോ ഒരു വർഷമോ? ഓർമയില്ല).

ബർജസിനെപ്പോലെ എഴുതാൻ വയ്യാഞ്ഞിട്ടല്ല പിഞ്ചൻ മിണ്ടാതെയിരുന്നത്. വല്ലപ്പോഴും ഉണ്ടാകുന്നതേ മാന്യത നേടൂ എന്ന് അദ്ദേഹത്തിനറിയാം. പാരായണയോഗ്യത എന്നത് ഇവിടെ പരിഗണനാർഹമല്ല. രണ്ടുപേരുടെ നോവലുകളും വായിക്കാൻ കൊള്ളുകില്ല. അതുപോലെ സാഹിത്യകാരന്മാർ ബഹുജനസമ്പർക്കത്തിനുപോയാൽ ആദരം അഭിനന്ദനം ഇവ നേടുകില്ല എന്ന് അവർ ഗ്രഹിച്ചിട്ടുണ്ട്. കാളമൂത്രം പോലെ എഴുതിയവരിൽ ആരും തന്നെ ജനതയുടെ ബഹുമാനമാർജിച്ചിട്ടില്ല. തകഴി ശിവശങ്കരപ്പിള്ള 'രണ്ടിടങ്ങഴി', 'ചെമ്മീൻ', 'കയർ' ഇവ മാത്രം എഴുതി മിണ്ടാതിരുന്നെങ്കിൽ നോബൽ സമ്മാനത്തിന് കേന്ദ്രസർക്കാർ അദ്ദേഹത്തെ 'ശുപാർശ' ചെയ്യുമായിരുന്നുവെന്ന് എനിക്കു തോന്നുന്നു. മുട്ടത്തുവർക്കി 'പാടാത്ത പൈങ്കിളി'യും 'മയിലാടും കുന്നും' 'ഫിഡിലും' മാത്രമെഴുതി നിശ്ശബ്ദനായിരുന്നെങ്കിൽ ജ്ഞാനപീഠം സമ്മാനം കിട്ടുമായിരുന്നു. സ്വീഡിഷ് അക്കാദമി സെക്രട്ടറി ഇന്ത്യൻ പ്രധാനമന്ത്രിയോട് ''കേരളത്തിൽ പ്രതിഭാശാലിയായ മുട്ടത്തുവർക്കിയുണ്ടല്ലോ അദ്ദേഹത്തിന് നോബൽ സമ്മാനം കൊടുത്തുകൂടേ'' എന്നു ചോദിക്കുമായിരുന്നു. നോവൽ പ്രസാധനത്തിൽ പിഞ്ചനുള്ള ദീർഘകാല മൗനത്തെക്കുറിച്ച് പല നിരൂപകരും പറഞ്ഞിട്ടുണ്ട്. ''48 Laws of Power"എന്ന പുസ്തകത്തിലുമുണ്ട്. ആ ആശയം തികച്ചും എന്റേതല്ല! മർലിൻ മൻറോ എന്ന അമേരിക്കൻ അഭിനേത്രിയെ beauty queen എന്നും sex bomb എന്നും വിശേഷിപ്പിച്ചിരുന്നു. sex-symbol എന്ന വിശേഷണവും അവർക്കു നൽകി ചിലർ. മൻറോ അതിസുന്ദരിയായിരുന്നു എന്നതിൽ സംശയമില്ല. പക്ഷേ, അക്കാലത്ത് അവരെക്കാൾ സുന്ദരികളായ എത്രയോ തരുണികളുണ്ടായിരുന്നു. ഇന്നുമുണ്ട്. മലയാള ചലച്ചിത്രങ്ങളിലെ സുന്ദരികളെക്കണ്ട് നിദ്രാരഹിതങ്ങളായ യാമിനികൾ കഴിച്ചുകൂട്ടുന്ന ഇവിടെയുള്ളവർ വൈകുന്നേരം റോഡിലിറങ്ങിനടന്നാൽ താരങ്ങളെക്കാൾ സൗന്ദര്യമുള്ള എത്രയോ സ്ത്രീകളെ കാണാനിടയുണ്ട്. പക്ഷേ, അവരിൽ കൗതുകമില്ല. ബഹുജനത്തിന്.എന്തുകൊണ്ടാണിത്? മൻറോ ചിലപ്പോൾ അർദ്ധനഗ്നതയും മറ്റു ചിലപ്പോൾ പൂർണനഗ്നതയും കാണിക്കും. ആ പരാക്രമം മലയാള ചലച്ചിത്രതാരങ്ങൾ പ്രദർശിപ്പിക്കാറില്ലെങ്കിലും രണ്ടുകൂട്ടരും ദ്രഷ്ടാക്കളുടെ വൈഷയികകൗതുകം വളർത്തും. വക്ഷസ്സ് തള്ളിക്കാണിക്കുക, നിതംബം ചലിപ്പിച്ചു നടക്കുക ഇവയെല്ലാം ഹൃദയപരിപാകമില്ലാത്തവരെ വല്ലാതെ ആകർഷിക്കും. അന്തസ്സോടുകൂടി, ആഭിജാത്യത്തോടുകൂടി അഭിമാനത്തോടുകൂടി റോഡിലൂടെ പോകുന്ന സുന്ദരികളിൽനിന്ന് ഇതുണ്ടാവില്ല. അതിനാൽ അവരെ സാമാന്യജനത അവഗണിക്കുന്നു.

സമകാലിക മലയാളം - 2000 സെപ്റ്റംബര്‍ 22

പ്രൊഫ. എം. കൃഷ്ണന്‍ നായര്‍

അനുകാലിക സാഹിത്യനിരൂപകന്‍. സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തി. 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ (1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു.

അനുബന്ധ വായനയ്ക്ക്