എം.കെ. ഹരികുമാർ
'കുട്ടിച്ചാത്തന്‍റെ ഇടപെടലുകള്‍', 'അതേ പഴയ ആള്‍തന്നെഎന്നീ കഥകളെക്കുറിച്ചു പ്രസിദ്ധീകരിച്ച അഭിപ്രായം (ശ്രീ എം.കെ. ഹരികുമാറിന്‍റെ ജാലകം എന്ന പംങ്തിയില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍)
ഓണക്കാലത്ത് പുറത്തു വന്ന കഥകളില്‍ ഇ. ഹരികുമാറിന്‍റെ 'കുട്ടിച്ചാത്തന്‍റെ ഇടപെടലുകള്‍' മികച്ചു നില്‍ക്കുകയാണ്. ഏററവും പുതിയ ജീവിതമേഖലയെപ്പറ്റി വിശ്വാസയോഗ്യമായി എഴുതി എന്നതാണ് ഹരികുമാറിന്‍റെ പ്രത്യേകത. അമേരിക്കയില്‍ നിന്ന് അയ്യായിരവും പിന്നീട് അമ്പതിനായിരവും രൂപ കൊടുത്ത വാങ്ങിയ കുട്ടിച്ചാത്തന്‍ സോഫ്റ്റ്‌വെയറും പ്രതിമയും ഒരാളുടെ ജീവിതത്തില്‍ പണമുണ്ടാക്കിക്കൊടുക്കുന്ന കഥയാണിത്. സൈബര്‍ജീവിതമാണ് ഇന്നത്തേത്. അതിലേക്ക് കുട്ടിച്ചാത്തന്‍ ഇഫക്റ്റ് കടത്തിവിട്ട് ഹരികമാര്‍ രസകരമായ ഒരു കഥയുണ്ടാക്കിയിരിക്കയാണ്. ഈ കഥയില്‍ ഭാഷക്കോ ദര്‍ശനത്തിനോ ഒുന്നും അല്ല സ്ഥാനം. ഭാഷയേയും ദര്‍ശനത്തേയുമെല്ലാം ദൂരെയെറിഞ്ഞശേഷം ആധുനികമനുഷ്യന്‍റെ അയുക്തിയുടെയും വ്യര്‍ത്ഥതയുടെയും നേരെ നോക്കി ഉള്ളുതുറന്ന് ചിരിക്കുകയാണ് കഥാകൃത്ത്. അലങ്കാരമില്ലാതെ അനായാസമായി സമകാലികമനുഷ്യന്‍റെ അകംലോകം തുറന്നു കാട്ടാന്‍ ഹരികുമാറിന് കഴിഞ്ഞു.
കൃത്രിമമില്ലാതെ എഴുതുന്ന ഹരികുമാറിന് ഇന്നത്തെ കഥാകൃത്തുകള്‍ക്കിടയില്‍ പ്രമുഖ സ്ഥാനമാണുള്ളത്. അദ്ദേഹം ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയില്‍ എഴുതിയ 'അതേ പഴയ ആള്‍തന്നെ എന്ന കഥയും സുന്ദരമാണ്. 'കുട്ടിച്ചാത്തന്‍റെ ഇടപെടലുകളി'ല്‍ എന്ന പോലെ ഈ കഥയില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന നര്‍മ്മമുണ്ട്. ഗൗരവമായിത്തന്നെ ജീവിക്കുമ്പോഴും നര്‍മ്മം അതിന്‍റെ വഴി കണ്ടെത്തുന്നു. 'അതേ പഴയ ആള്‍തന്നെ എന്ന കഥയെ പ്രശംസിച്ചശേഷം എം. കൃഷ്ണന്‍ നായര്‍ (സമകാലിക മലയാളം, സെപ്റ്റംബര്‍ 17) ഇങ്ങനെ എഴുതുന്നു: ഹരികുമാറിന്‍റെ സര്‍ഗ്ഗവൈഭവത്തിന് ചേര്‍ന്ന കീര്‍ത്തി അദ്ദേഹത്തിനില്ല. അതിനു കാരണക്കാരന്‍ ഹരികുമാര്‍ തന്നെ. പബ്ളിസിറ്റിയില്‍ തല്‍പ്പരനല്ല ഈ സാഹിത്യകാരന്‍. അങ്ങനെ താല്‍പ്പര്യമുള്ളവനേ കേരളത്തില്‍ പ്രസിദ്ധനാകൂ. പിന്നെ പത്രങ്ങളും അദ്ദേഹത്തെ സഹായിക്കുന്നില്ല.
ഈ പ്രസ്താവം പൂര്‍ണ്ണമായും ശരിയാണ്. ഹരികുമാര്‍ വിവാദത്തിനോ തര്‍ക്കത്തിനോ ഒന്നും പോകാതെ എറണാകുളത്തെ ഗോവിന്ദ് അപ്പാര്‍ട്ട്മെന്‍റിലിരുന്ന് കഥകളെഴുതുകയാണ്.