പി. ബാലകൃഷ്ണന്‍
ദിനോസറിന്റെ കുട്ടി, വൃക്ഷഭത്തിന്റെ കണ്ണ് എന്ന രണ്ട് സമാഹാരങ്ങളാണ് ഹരികുമാറിന്റേത്. രണ്ട് സമാഹാരങ്ങളിലേയും അധികം കഥകളുടേയും പാശ്ചാത്തലം മഹാനഗരമായ ബോംബെയാണ്. ആദ്യം പറഞ്ഞ കൃതിയിലെ അതേ പേരുള്ള കഥ സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ ദിനോസർ എന്ന ഭീമജന്തുവിനെ സങ്കല്പത്തിൽ താലോലിക്കുന്ന ആറ് വയസ്സുകാരന്റേതാണ്. അവന്റെ അച്ഛൻ ഒരു സെയിൽസ് റപ്രസന്റേറ്റീവാണ്. വിൽക്കാൻ കൊണ്ടുനടക്കുന്ന ഉല്പന്നങ്ങൾക്ക് മാർക്കറ്റില്ലാതെ വിഷമിക്കുന്ന ഒരു ഇടത്തരക്കാരൻ. ഈ യാഥാർത്ഥ്യവും രാജീവ് എന്ന ആറ് വയസ്സുകാരന്റെ സങ്കല്പവും മനോഹരമായി ഇണക്കിച്ചേർത്ത കഥയാണ് ദിനോസറിന്റെ കുട്ടി. വാടകവീട് ഒഴിഞ്ഞുകൊടുക്കാൻ ഉടമനിർബന്ധിക്കുന്നു, ബാങ്കിൽ പണം തിരിച്ചടയ്‌ക്കേണ്ട സമയം കഴിഞ്ഞുവെന്ന് ഓർമിപ്പിക്കുന്ന കത്തുകൾ വരുന്നു. കടം തന്ന വ്യക്തികൾ പണം മടക്കിക്കിട്ടാൻ നിർബന്ധിക്കുന്നു-ആകപ്പാടെ ഗ്രഹപ്പിഴ. ഇതിനിടയാണ് താൻ വളർത്തുന്ന ദിനോസറിന്റെ ഭക്ഷണരീതിയെക്കുറിച്ചും മറ്റും അറിയാൻ രാജീവന് വെമ്പൽ. അവനെ ആ സങ്കല്പലോകത്തിൽ വിടാനനുവദിക്കുന്നതാണ് നമുക്കൊക്കെ രസം. പക്ഷേ ആശാപൂർവം കാത്തിരിക്കുന്നതൊക്കെ തട്ടിത്തെറിപ്പിക്കപ്പെടുകയാണ് എന്നറിയുന്ന അച്ഛൻ ഒരു സന്ദർഭത്തിൽ അവന്റെ സങ്കല്പലോകത്തെ തകർത്തുകളയുന്നു. തന്റെ കോട്ടയിൽ 'അഭയം' തേടിയ രാജീവിനെ നോക്കുക: അവൻ ഒരു തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുകയാണ്. വേറെ നാല് തലയിണകൾ നാലുഭാഗത്തും. അത് ഒരു കോട്ടയാണെന്നാണ് അവൻ പറയുന്നത്. അതിന് നടുവിൽ കിടക്കുമ്പോൾ അവന് പേടിയാകാറില്ലത്രെ....ജനലിനപ്പുറത്ത് അവനെ ഉറ്റുനോക്കി നിൽക്കയും സ്‌നേഹം മൂക്കുമ്പോൾ കവിളിൽ നക്കുകയും ചെയ്യുന്ന കുട്ടി ദിനോസറിനോട് അയാൾക്ക് അസൂയയാവുന്നു.......
വിവാഹബാഹ്യ ലൈംഗിക ബന്ധങ്ങളെപ്പറ്റി പേർത്തും പേർത്തും പറയുക ഹരികുമാറിന് രസമാണെന്ന് തോന്നുന്നു. ഭർത്താവറിയാതെ ഭാര്യ കാമുകന്റെ കിടപ്പറ പങ്കിടുന്നതും ഭാര്യ അറിയാതെ ഭർത്താവ് വേശ്യയെ സമീപിക്കുന്നതും ഹരികുമാറിന്റെ പ്രമേയങ്ങളാണ്. ഈ അവിഹിത വേഴ്ചകളിലെ നായികാ നായകന്മാർക്കാക്കും തന്നെ ഒട്ടും പാപബോധമോ കുറ്റബോധമോ ഇല്ല. അതിൽ അവർക്കെന്തെങ്കിലും അസാധാരണത്വം തോന്നുന്നില്ല. ഈ ഭാര്യമാർക്ക് ഭർത്താക്കന്മാരെക്കുറിച്ചോ, മറിച്ചോ, സ്‌നേഹക്കുറവെന്തെങ്കിലുമുള്ളതായും സംശയിക്കേണ്ട. അവരൊക്കെ നല്ല സ്‌നേഹത്തോടെ കഴിയുന്നവർതന്നെ. അന്യോന്യം ചൂടു പകർന്നുകിടക്കുന്നതിനിടയിൽ, കാമുകൻ ഭർത്താവിന്റെ സദാചാരത്തെക്കുറിച്ച് സംശയത്തോടുകൂടി സംസാരിച്ചാൽ ഈ ഭാര്യമാർക്ക് സഹിക്കില്ല. 'നീ എന്റെ ഭർത്താവിനെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ ഭർത്താവിന്റെ സ്‌നേഹത്തെപ്പറ്റി നിനക്കെന്തറിയാം?' (മേഘങ്ങൾ പഞ്ഞിക്കെട്ടുകൾപോലെ എന്ന കഥ - വൃക്ഷഭത്തിന്റെ കണ്ണ്).
ചുറ്റും കാണുന്ന അന്യായങ്ങൾക്കു നേരെ ധാർമ്മിക രോഷം ഉയരുകയും എന്നാൽ നിസ്സഹായനായി ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയും ചെയ്യുന്ന പുതുയുഗ നായകന്മാരേയും ഈ കഥകളിൽ കാണാം.
ഓരായം ചെത്തി കൂർപ്പിച്ച് എടുക്കലല്ല ഹരികുമാറിന്റെ കഥന രീതി. ഇത് ചിലപ്പോഴെങ്കിലും കഥയുടെ അനുഭവത്തിന്റെ തീക്ഷ്ണതയെ പ്രതികൂലമായി ബാധിക്കുന്നില്ലേ എന്ന് കഥാകൃത്തുതന്നെ പരിശോധിക്കുന്നത് നന്നായിരിക്കും. വൃക്ഷഭത്തിന്റെ കണ്ണ്, നഷ്ടക്കാരി എന്നീ കഥകൾ ഉദാഹരണം.
പത്തു വർഷത്തിലേറെയായി കഥകളെഴുതുന്ന ഹരികുമാറിന്റേതായി അഞ്ചു പുസ്തകങ്ങളേ പുറത്തിറങ്ങിക്കാണുന്നുള്ളു. രണ്ടു വർഷത്തിന് ഒരു കൃതി എന്ന കണക്ക്. അത്ഭുതകരമായ സംയമനം. ഹൃദയത്തിൽ തട്ടുന്ന അനാർഭാടമായ ഒരു ശൈലി സ്വന്തമായുള്ള ഈ കഥാകൃത്തിൽ നിന്ന് ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കാം.