വി.കെ. ഹരിദാസ്
വി.കെ. ഹരിദാസ്: തെരഞ്ഞെടുത്ത സമാഹാരത്തിൽ കഥകൾ ചേർക്കുന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ?
ഇ. ഹരികുമാർ: തെരഞ്ഞെടുത്ത സമാഹാരത്തിൽ സ്വന്തം കഥകൾ ചേർക്കുമ്പോൾ അവയ്ക്ക് പ്രാതിനിധ്യ സ്വഭാവമുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്. പലപ്പോഴും വായനക്കാരുടെ ഇഷ്ടമായിരിക്കും നോക്കുക. ഏതേതു കഥകളാണ് വായനക്കാരുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ആർദ്രത പുറത്തുകൊണ്ടുവരിക എന്നത് ഒരു പ്രധാനപ്പെട്ട പരിഗണനയാണ്. എല്ലാ കഥകളും ഈ ഗണത്തിൽ ഒരേപോലെ വിജയിക്കണമെന്നില്ല. ഏറ്റവും പ്രധാനപ്പെട്ടത് ഓരോ കഥയ്ക്കും എന്റെ മുഖച്ഛായയുണ്ടോ എന്നു നോക്കലാണ്. ഒരെഴുത്തുകാരന്റെ എല്ലാ കഥകളിലും അയാളുടെ ജീവാത്മാവ് തുടിച്ചുനിൽക്കണമെന്നില്ല. എന്റെ കഥകളുടെ കാര്യം തന്നെ നോക്കാം. 'ഒരു ദിവസത്തിന്റെ മരണം' എന്ന കഥയിൽ എന്റെ സ്വഭാവമുള്ള ഒരൊറ്റ കഥാപാത്രമില്ല. പക്ഷേ, അതു വളരെ നല്ല കഥയാണ്. ഒരു പ്രൊലിറ്റേറിയൻ കഥയായി അതിനെ വിശേഷിപ്പിക്കാം. പക്ഷേ, അച്ഛന്റെ കവിതകളെ തമസ്‌കരിച്ചവർ ഈ കഥയും കണ്ടില്ലെന്നു നടിച്ചു. ആ കഥ എന്റെ തെരഞ്ഞെടുത്ത കഥകളിൽ ചേർത്തിട്ടുണ്ട്. 'ഇളവെയിലിന്റെ സാന്ത്വനം' എന്ന എന്റെ സമാഹാരം (1966 മുതൽ 1996 വരെയുള്ള 30 കൊല്ലമായി എഴുതിയതിൽനിന്ന് തെരഞ്ഞെടുത്ത കഥകൾ) മുഴുവൻ തന്നെ ഈ പരിഗണന കൊടുത്ത് തെരഞ്ഞെടുത്തവയാണ്. ഓരോ കഥയിലും എന്റെ ആത്മാവ് നിറഞ്ഞുനിൽക്കുന്നുണ്ട്. എല്ലാറ്റിനുമുപരി കാശു കൊടുത്ത് പുസ്തകം വാങ്ങിക്കൊണ്ടുപോകുന്ന വായനക്കാരനെ പുസ്തകാവസാനംവരെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അതയാളോടു ചെയ്യുന്ന കൊടിയ അപരാധമാണ്. എല്ലാ പരിഗണനകൾക്കും മുൻപിൽ നിൽക്കുന്നത് ഈയൊരു മാനദണ്ഡമാണ്.
വി.കെ. ഹരിദാസ്: ലോകപ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റിനു ജീവനു ഭീഷണിയുണ്ടായപ്പോൾ സർക്കാരിന്റെ സംരക്ഷണം ലഭിക്കാത്തതുകൊണ്ട് പശ്ചിമബംഗാളിൽനിന്ന് പലായനം ചെയ്യേണ്ടിവന്നു. എഴുത്തുകാരി എന്നതിലപ്പുറം ഒരു സ്ത്രീ എന്ന പരിഗണനപോലും അവർക്ക് ലഭിച്ചില്ല. മതമൗലികവാദികളുടെ വധഭീഷണിയെക്കുറിച്ചും, അഭയം തേടിയുള്ള തസ്ലീമയുടെ അലച്ചിലിനെക്കുറിച്ചും ഇവിടുത്തെ ആവിഷ്‌കാരസ്വാതന്ത്ര്യക്കാരും സ്ത്രീസംഘടനകളും മൗനം പാലിച്ചു. ഇതിനെക്കുറിച്ച് എന്തു പറയുന്നു?
ഇ. ഹരികുമാർ: നമ്മുടെ ആവിഷ്‌കാര സ്വാന്ത്ര്യക്കാരും, സ്ത്രീ സംഘടനകളും പ്രകടനക്കാരാണ്. മുൻപിൽ ക്യാമറയില്ലാതെ അവർ ഒന്നും ചെയ്യാറില്ല. ക്യാമറയ്ക്കു പകരം ബോംബാണ് വരുന്നതെങ്കിൽ അവർ മൗനം പാലിക്കുകയേയുള്ളൂ. പിന്നെ, അവരെല്ലാം പലതരത്തിൽ മുൻവിധികൾ കൊണ്ടുനടക്കുന്നവരാണ്. പ്രശ്‌നത്തെ അതിന്റെ ആകത്തുകയിൽ കാണാനുള്ള കഴിവു നഷ്ടപ്പെട്ടവർ. അവരിൽനിന്ന് അത്രയൊക്കെയേ പ്രതീക്ഷിക്കാവൂ. തസ്ലീമയുടെ കാര്യം സങ്കടംതന്നെ. പക്ഷേ, അതുപോലെ സങ്കടംതന്നെയാണ് വികസനത്തിന്റെ പേരിൽ വീടും കിടപ്പാടങ്ങളും നഷ്ടപ്പെടുന്ന ജനലക്ഷങ്ങളുടെ കാര്യവും. നർമ്മദയായാലും നന്ദിഗ്രാമായാലും പ്രശ്‌നം ഒന്നുതന്നെ. നർമ്മദയിൽ മേധയെ പിൻതുണച്ച് അവരെ കൊട്ടിഘോഷിച്ചു നടന്നിരുന്ന ഒരു പാർട്ടിതന്നെയാണ് നന്ദിഗ്രാമത്തിൽ നരവേട്ട നടത്തിയതും മേധയെ ആക്രമിച്ച് ആട്ടിയോടിച്ചതും എന്നത് ഒരു വിരോധാഭാസംതന്നെ.
വി.കെ. ഹരിദാസ്: വായനക്കാരില്ലെങ്കിൽ എഴുത്തുകാരുമില്ല. എന്നാൽ, വായനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ല എന്നു പറയുന്ന ചില എഴുത്തുകാരുമുണ്ട്. താങ്കളുടെ അഭിപ്രായം?
ഇ. ഹരികുമാർ: വായനക്കാരോട് പ്രതിബദ്ധതയില്ലെന്നു പറയുന്ന എഴുത്തുകാരന് സാഹിത്യലോകത്തിൽ ക്ഷണികമായ നിലനില്‌പേ ഉണ്ടാകൂ. പുതിയ തലമുറയിലെ കഥാകാരന്മാരെ മാറ്റിനിർത്തി ഇപ്പോഴും പഴയ തലമുറയിലെ കഥാകാരന്മാരുടെ കഥകളും നോവലുകളും അന്വേഷിച്ചുപോകുന്നത് അതുകൊണ്ടാണ്. എന്നെ സംബന്ധിച്ചേടത്തോളം വായനക്കാരൻ പല തട്ടുകളിലായി വളരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. എഴുത്തുകാരൻ അദ്ദേഹത്തോടൊപ്പമെത്താൻ ചവിട്ടുപടികൾ കയറുകയാണു വേണ്ടത്. അല്ലാതെ ദന്തഗോപുരക്കാരനാവുകയല്ല. വായനക്കാരൻ പുഴുവാണെന്ന മനോഭാവം ശരിയല്ല. അയാൾക്ക് നല്ല കഥകളും ചീത്തക്കഥകളും വേർതിരിച്ചറിയാനുള്ള കഴിവുണ്ട്. ഒരു കഥാബീജം മനസ്സിൽ രൂപപ്പെട്ടുവരുമ്പോൾ ഞാൻ ഒരുപക്ഷേ, വായനക്കാരെ ഓർത്തില്ലെന്നു വരും. പക്ഷേ, കഥയോ നോവലോ എഴുതാനിരിക്കുമ്പോൾ എന്റെ മനസ്സിൽ നിറയെ വായനക്കാരായിരിക്കും, പലതരം വായനക്കാർ, ബൗദ്ധികമായി പല തട്ടിലുള്ളവർ. അഭിരുചികളിൽ വിഭിന്നരായ ഈ വായനക്കാരെ നിങ്ങളോടൊപ്പം കൊണ്ടുനടത്താനുള്ള ശ്രമത്തിലാണ് എന്റെ എഴുത്ത് വളരെ സാവധാനത്തിലാവുന്നത്. ആ ശ്രമത്തിൽ ഇതുവരെ ഞാൻ വിജയിച്ചിട്ടുണ്ടെന്നാണ് എനിക്ക് നേരിട്ടു കിട്ടുന്ന അഭിപ്രായങ്ങളിൽനിന്നു മനസ്സിലാവുന്നത്. ജീവിതത്തിന്റെ പല തുറകളിലുള്ളവർ, വിദ്യാഭ്യാസത്തിൽ പല തട്ടുകളിലുള്ളവർ, ബുദ്ധിപരമായി വിഭിന്ന നിലവാരം പുലർത്തുന്നവർ, അവരെല്ലാവരും എന്റെ കഥകളും നോവലുകളും ഓർമക്കുറിപ്പുകളും ആസ്വദിക്കാറുണ്ട്. വിഭിന്നതരത്തിലായിരിക്കാം, പക്ഷേ ആസ്വാദനത്തിന്റെ അളവുകോൽ വ്യക്തിപരവും നിഗൂഢവും സൂക്ഷ്മനിർവചനത്തിനതീതവുമാണല്ലോ.
വി.കെ. ഹരിദാസ്: അച്ഛൻ മലയാളത്തിലെ പ്രശസ്ത കവി. അമ്മയും കവിതകളും കഥകളും എഴുതിയിട്ടുണ്ട്. താങ്കളുടെ സാഹിത്യരചനയ്ക്ക് മാതാപിതാക്കളിൽനിന്ന് എത്രത്തോളം ഊർജവും പ്രചോദനവും ലഭിച്ചിട്ടുണ്ട്?
ഇ. ഹരികുമാർ: വളരെയധികം. അച്ഛനും അമ്മയുമാണ് ഇന്നും സാഹിത്യരചനയ്ക്ക് പ്രചോദനമായി എന്റെ പിന്നിലുള്ളത്. അച്ഛനായിരുന്നു ആദ്യത്തെ ഗുരു. പക്ഷേ, എഴുതാനുള്ള പ്രോത്സാഹനം അമ്മയുടെ അടുത്തുനിന്നായിരുന്നു. വിവാഹത്തിനുശേഷം പൊടുന്നനെ നിന്നുപോയ സാഹിത്യരചന മകനിൽക്കൂടി തുടരണമെന്നവർ ആശിച്ചു. രണ്ടുപേരും ഇന്നില്ല. പക്ഷേ, അവർ എന്റെ ഹൃദയത്തിൽ കൊളുത്തിയ തിരി കെടാതെ സൂക്ഷിക്കാൻ ഞാൻ ശ്രമിക്കുന്നു. സാഹിത്യത്തേക്കാളുപരിയായി അച്ഛൻ എന്നെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ സ്വച്ഛമായ ജീവിതംകൊണ്ടാണ്. ഒരു ഗാന്ധിയനായി ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയ അദ്ദേഹം സ്വജീവിതംകൊണ്ട് എന്നെ പഠിപ്പിച്ചത് ഞാൻ മാതൃകയായി സ്വീകരിക്കുകയായിരുന്നു. എന്റെ ജീവിതാവസാനംവരെ കൊണ്ടുനടക്കാനുള്ള ഒരു ജീവിതവീക്ഷണം.
വി.കെ. ഹരിദാസ്: കേരളത്തിലെ സാഹിത്യകാരന്മാരെ വളരെ മ്ലേച്ഛമായ രീതിയിൽ ഒരു മന്ത്രി ആക്ഷേപിച്ച് സംസാരിച്ചിട്ടും ആരും പ്രതികരിച്ചില്ലല്ലോ?
ഇ. ഹരികുമാർ: ഒരു മന്ത്രി എങ്ങനെ സംസാരിക്കുന്നുവെന്നതല്ല. അയാൾ പാവപ്പെട്ട ജനവിഭാഗത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നാണ് ഞാൻ നോക്കാറ്. കാര്യം പറയട്ടെ. ആ കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെ പരാജയപ്പെടുന്നതായാണ് ഞാൻ കാണുന്നത്. അല്ലെങ്കിൽ ഇടതും വലതും അൻപതിൽപ്പരം കൊല്ലം മാറി മാറി കേരളം ഭരിച്ചിട്ടും ഇവിടെ ഇപ്പോഴും ദാരിദ്ര്യം കൊടികുത്തിവാഴുകതന്നെയാണ്. എന്റെ പല കഥകളിലും പ്രമേയമായി വരുന്നത് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരവും, അങ്ങിനെയുള്ള ഒരു ലോകത്തിൽ മനസ്സിടിവുണ്ടാക്കുമെങ്കിലും സ്വാഭിമാനം പണയം കൊടുക്കാതെ ജീവിക്കാൻ അവർ പെടുന്ന പാടുമാണ്.
വി.കെ. ഹരിദാസ്: 1960-ലാണല്ലോ സാഹിത്യരചന തുടങ്ങിയത്. നാല്പത്തിയേഴു കൊല്ലത്തെ സർഗാത്മക ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
ഇ. ഹരികുമാർ: ഒരു സാഹിത്യകാരൻ എന്ന നിലയ്ക്ക് എന്റെ പ്രതിബദ്ധത ജനങ്ങളോടാണ്. പ്രത്യേകിച്ചും സാമ്പത്തികമായി താഴെത്തട്ടിൽ ജീവിക്കുന്നവരോട്. എന്റെ കഥകൾ അവരുടെ ജീവിതത്തിലെ പൊള്ളുന്ന പ്രശ്‌നങ്ങൾ വായനക്കാരുടെ മുൻപിൽ എത്തിക്കാൻ ഉതകുന്നതാണെങ്കിൽ ഞാൻ വിജയിച്ചു എന്നു പറയാം. എന്റെ കഥകൾ ഒരു സമൂഹത്തെ മാറ്റിമറിക്കുമെന്ന വ്യാമോഹമൊന്നും എനിക്കില്ല. പക്ഷേ, ഒരു വായനക്കാരനിൽ അലിവിന്റെ ചെറിയൊരു നാമ്പ് മുളയ്ക്കാൻ അതു പ്രയോജനപ്പെടുമെങ്കിൽ ഞാൻ കൃതാർത്ഥനായി.
കഴിഞ്ഞ നാല്പത്തിയേഴു കൊല്ലമായി ഞാൻ എഴുതാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും കേരളത്തിലെ നിരൂപകർ എന്നെ കണ്ടില്ലെന്നു നടിച്ചു. ഞാനതിൽ തികച്ചും സന്തുഷ്ടനാണ്. കാരണം ഞങ്ങളാണ് ഇ. ഹരികുമാറിനെ വളർത്തിക്കൊണ്ടുവന്നത് എന്ന് ഒരു നിരൂപകനും അവകാശപ്പെടില്ലല്ലോ. മറിച്ച്, എനിക്ക് എന്റേതായിട്ടുള്ള ഒരു ആസ്വാദകവൃത്തം തന്നെയുണ്ട്. എന്റെ കഥകളും നോവലുകളും കാത്തിരിക്കുന്നവർ അവരെ നിരാശപ്പെടുത്താതെ സൂക്ഷിക്കുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഓരോ വാക്യം എഴുതുമ്പോഴും അവരാണെന്റെ മുൻപിൽ. എന്റെ കഥകൾക്ക് ആവശ്യക്കാരുണ്ട് എന്ന്, സ്വന്തം കഴിവിൽ വിശ്വാസമില്ലാതിരുന്ന എന്നെ ബോധ്യപ്പെടുത്തിയത് പത്രാധിപന്മാരാണ്. വായനക്കാരോടുള്ളത്രതന്നെ കടപ്പാട് എനിക്ക് ഈ പത്രാധിപന്മാരോടുമുണ്ട്. ഒരുപക്ഷേ, കഴിഞ്ഞ നാലു പതിറ്റാണ്ടായി എഴുതിയ ഓരോ കഥയ്ക്കും നന്ദി പറയേണ്ടത് അവരോടാണ്.
പതിമൂന്ന് ചെറുകഥാസമാഹാരങ്ങൾ, എട്ടു നോവലുകൾ 'നീ എവിടെയാണെങ്കിലും' എന്ന പേരിൽ എന്റെ ഓർമക്കുറിപ്പുകൾ ഈ മാസം പൂർണ ഇറക്കുന്നു. ഈ ഓർമക്കുറിപ്പുകൾ സ്വാനുഭവങ്ങളാണ്. അവ 'വനിത', 'സ്ത്രീധനം', 'കലാകൗമുദി', 'സമകാലിക മലയാളം' എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്നപ്പോൾ വളരെ നല്ല നിലയിൽ വായനക്കാർ സ്വീകരിച്ചവയാണ്. അതോടെ ആകെ ഇരുപത്തിരണ്ടു പുസ്തകങ്ങളാണ് എനിക്കുവേണ്ടി എന്റെ ജീവിതത്തെപ്പറ്റി സംസാരിക്കുന്നത്. ഈ പുസ്തകങ്ങളിൽ എന്റെ ജീവിതമുണ്ട്. ഇനി ഒരു ആത്മകഥ എഴുതേണ്ട ആവശ്യമില്ല. എന്റെ നാല്പത്തിയേഴു കൊല്ലത്തെ സാഹിത്യജീവിതം ധന്യമാണ്.