ഡോ. ഇന്ദിര ബാലചന്ദ്രന്‍
കറുത്ത തമ്പ്രാട്ടി എന്ന സമാഹാരത്തിന്റെ റിവ്യു
കൊടിയ വേനലിൽ ഇടിമുഴക്കങ്ങൾക്ക് കാതോർത്ത് മഴമേഘങ്ങളെ വരവേൽക്കാൻ പ്രാർത്ഥനാപൂർവ്വം കാത്തിരിയ്ക്കുന്ന വേഴാമ്പലുകളെപ്പോലെയാണ് സാഹിത്യാസ്വാദകർ. അവർക്കിടയിലേയ്ക്ക് മഴനൂലിന്റെ സാന്ത്വനം പോലെ കടന്നുവന്ന കൃതിയാണ് ഇ. ഹരികുമാറിന്റെ 'കറുത്ത തമ്പ്രാട്ടി.'
പതിനാറു കഥകളുടെ സമാഹാരമാണ് ഈ കൃതി. കഥയുടെ വാതിൽപ്പഴുതിലൂടെ ഉള്ളറകളിലേയ്ക്കു കടക്കുമ്പോൾ നാം കാണുന്ന കാഴ്ചകൾ വൈവിദ്ധ്യമാർന്നവയാണ്. പാൽപ്പത മണക്കുന്ന ശൈശവദുഃഖങ്ങളും യൗവ്വനത്തിന്റെ തിരയിളക്കങ്ങളും, വാർദ്ധക്യത്തിന്റെ ഈറനുണങ്ങാത്ത നൊമ്പരങ്ങളും, അസ്വസ്ഥകളുടെ നടുവിൽ ഏകാന്തത തേടിയുള്ള നെട്ടോട്ടവും ഇതിലെ വിഷയങ്ങളാണ്.
ഇതിലെ ആദ്യകഥയായ 'കറുത്ത തമ്പ്രാട്ടി' ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളുടെ ആവിഷ്‌കാരംകൊണ്ട് കൂടുതൽ ശ്രദ്ധേയമാണ്. വക്കു പൊട്ടി ചോര കിനിയുന്ന ഒരു പെണ്ണിന്റെ മനസ്സിലേയ്ക്ക് എത്തി നോക്കിയാൽ കാണാം അവളുടെ കരളിനെ കൊത്തി വലിയ്ക്കുന്ന നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ട്. പഴയ കാലത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ ബാക്കിപത്രമായി ഇന്നും ചിലേടങ്ങളിൽ നിലനിൽക്കുന്ന അടിമ-ഉടമ ഭാവം വേതാളരൂപം പ്രാപിയ്ക്കുമ്പോൾ ചിലരുടെ നെഞ്ചിൽ തറയുന്നത് കാരമുള്ളുകളാണ്. തീണ്ടാപ്പാടകലെ നിന്നുകൊണ്ട് തല തല്ലിക്കരയാൻ വിധിക്കപ്പെട്ട കുറേ നിസ്സഹായരുടെ ദീർഘനിശ്വാസങ്ങളും തല്ലിയുടയ്ക്കപ്പെട്ട സ്വപ്നങ്ങളും കണ്ടില്ലെന്നു നടിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാവില്ല. ഉദാഹരണത്തിന് ലക്ഷ്മി കടന്നുവന്ന വഴികൾ അവൾ ആലോചിക്കുന്നുണ്ട്. ഒരു വില്പനച്ചരക്കായാണ് അവൾ തമ്പ്രാന്റെ മാളികയിലെത്തിയത്. അവിടുത്തെ ഉരൽപ്പുരയിൽനിന്ന് അടുക്കളയിലേയ്ക്ക്, അടുക്കളയിൽനിന്ന് കോണിമുറിയിൽക്കൂടി മാളിക മുകളിലേയ്ക്ക്, തമ്പ്രാന്റെ കിടപ്പറയിലേയ്ക്ക്. സുലു എന്ന നാലു വയസ്സുകാരിയ്ക്ക് അവൾ അമ്മയല്ല, 'കറുത്തതമ്പ്രാട്ടി' മാത്രമാണ്. അവൾക്കു നഷ്ടപ്പെട്ടത് അവളുടെ അമ്മയെയാണ്. യാഥാർത്ഥ്യത്തിന്റെ എരിവെയിൽ എല്ലാം മറയ്ക്കുന്നു എന്ന സത്യം നാം അറിയുന്നു.
ഇന്നത്തെ ലോകത്ത് കാണുന്നതും കേൾക്കുന്നതും അറിയുന്നതുമായ സംഭവങ്ങളുടെ പരമ്പര-വെളിയടയ്ക്കു മുമ്പിൽ നിരക്കുന്നു. സാംസ്‌കാരിക രംഗത്തെ ജീർണ്ണത സാമൂഹ്യജീവിതത്തെ വിഷലിപ്തമാക്കുന്നതിന്റെ ചിത്രങ്ങൾ നടുക്കം സൃഷ്ടിക്കുന്നവയാണ്.
മാനവ ബോധത്തിൽ ഊന്നി നിന്നുകൊണ്ടുള്ള കഥാകൃത്തിന്റെ ചില ഓർമ്മപ്പെടുത്തലുകൾ, തിരുത്തലുകൾ, മൗലികമായ കാഴ്ചപ്പാടുകൾ ഇതെല്ലാം ഇതിലെ ചില കഥകളെ മിഴിവുറ്റതാക്കുന്നു.
നഗരനാട്യങ്ങളുടെ അന്തഃസ്സാര ശൂന്യതയും നാട്ടിൻപുറത്തിന്റെ സമൃദ്ധിയും വിളിച്ചോതുന്ന ഒരു കഥയുണ്ട്. 'പറിച്ചുനടാൻ പറ്റാത്ത നാടൻ സ്വപ്നം.' അതിൽ വല്ല്യമ്മയുടെ നിസ്സഹായത നമ്മെ ചിന്താകുലരാക്കുന്നു. 'ഒരു പ്രായമൊക്കെ കഴിഞ്ഞാ മാറ്റിനടലൊന്നും ശരിയാവില്ല്യ' എന്നറിയാമെങ്കിലും വാർദ്ധക്യത്തിന്റെ ഇടവേളകളിൽ കിതപ്പകറ്റാനെത്തുന്നവർ പ്രയത്‌നം തുടരുകയാണ്.
ഈനാംപേച്ചിയുടെ കഥ പറയുന്ന ഷൈല എന്ന കൊച്ചു പെൺകുട്ടി നിവർത്തിയിട്ട മായക്കാഴ്ചകളും, താൻ സ്‌നേഹിക്കുന്ന മനുഷ്യരുടെ ആൽബം ഹൃദയത്തിൽ സൂക്ഷിക്കുന്ന ആന്റണി മാസ്റ്റരും, ചിരിച്ചുകൊണ്ടിരിയ്ക്കുന്ന കുഞ്ഞിമാതുവും മനസ്സിൽ അവശേഷിപ്പിയ്ക്കുന്നത് നൊമ്പരത്തിന്റെ ചീളുകളാണ്. ബാല്യത്തിന്റെ മുഖപടത്തിനു പിന്നിലൊളിപ്പിച്ച തേങ്ങലുകളും, ചിലമ്പിച്ച രൂപങ്ങളും, ഇരുണ്ടു കൂടിയ കണ്ണീർക്കണങ്ങളുമായി ഓർമ്മയുടെ നടുമിറ്റം വിട്ടുപോകാൻ കൂട്ടാക്കാത്ത ഒരു പിടി കഥാപാത്രങ്ങൾ മനസ്സിലിരിയ്ക്കുമ്പോഴും മേഞ്ഞുനടക്കുകയാണ്. പുഴുക്കളെപ്പോലെ ഇഴഞ്ഞു നീങ്ങുന്നവരും കീടങ്ങളെപ്പോലെ പറന്നു നടക്കുന്നവരും അക്കൂട്ടത്തിലുണ്ട്.
ദാർശനികതയ്ക്കപ്പുറത്തെത്തുന്ന മാനവബോധം ഇതിലെ കഥകളുടെ ഉൾക്കരുത്താണ്. എങ്കിലും ഇതിലെ ചില കഥകൾക്കിടയിൽ കാണുന്ന കഥയില്ലായ്മകൾ അക്ഷരങ്ങളിൽ കനപ്പു പടർത്തുന്നു. ഭാവതലത്തിൽ അല്പംകൂടി ഇഴയടുപ്പവും ആഖ്യാനത്തിൽ ചടുലതയും ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. എന്നാലും പറയട്ടെ, സാധാരണ ജീവിതദൃശ്യങ്ങളിലൂടെ, സൗമ്യമായ ശബ്ദത്തിലൂടെ നമ്മുടെ ഉള്ളിലെ ഊഷ്മളമായ വികാരങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന കഥകളുടെ സമാഹാരം എന്ന നിലയിൽ 'കറുത്ത തമ്പ്രാട്ടി' ശ്രദ്ധേയമാണ്.