എം. ഗോവിന്ദന്‍

പത്രാധിപലേഖനം

എം. ഗോവിന്ദന്‍

വലിയ ഒച്ചപ്പാടുകൾക്കൊന്നും മെനക്കെടാതെ ഒഴിഞ്ഞിരുന്ന് ഒതുക്കത്തിൽ ചെറുകഥയെഴുതുന്ന ഒരാളാണ് ഇ. ഹരികുമാർ. പെരുത്തു കഥകളൊന്നും എഴുതാത്തതിനാൽ, പലപ്പോഴും ഹരികുമാറിന്റെ കഥകൾ ശ്രദ്ധിക്കപ്പെടാറില്ലെന്നു തോന്നുന്നു.

ആധുനികത്വത്തിന്റെ പേരിൽ കഥയിലതുമിതും കുത്തിച്ചെലുത്തുന്ന സ്വഭാവം ഹരികുമാറിന്നില്ല. നമ്മുടെ കഥാകൃത്തുക്കൾക്കിടയിലെ ചിത്രകാരനാണ് അദ്ദേഹം. കടുത്ത വർണ്ണങ്ങളല്ല ഉപയോഗപ്പെടുത്തുന്നത്. കഥാരീതിയിൽ അണ്ടർ ടോൺ’ഉപയോഗപ്പെടുത്തുന്നു. വാക്കുകൾകൊണ്ട് അവശ്യം വേണ്ട നിറപ്പൊലിമയും ഊറിയും നീറിയും നില്ക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിനു പ്രത്യേക പാടവമുണ്ട്.

ഹരികുമാറിന്റെ കടിഞ്ഞൂൽ പ്രസിദ്ധീകരണമായ 'കൂറകൾ' വായിച്ച വേളയിൽ പെട്ടെന്നു മനസ്സിലുളവായ തോന്നലുകൾ മാത്രമാണിവിടെ പകർത്തുന്നത്. പുതിയ തലമുറയിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാഥികനാണ് ഹരികുമാർ എന്നും തോന്നി.

സമീക്ഷ - 1972

എം. ഗോവിന്ദന്‍

മലയാളത്തിന്റെ ദാര്‍ശനികനായ എഴുത്തുകാരനായിരുന്നു എം.ഗോവിന്ദന്‍. കവി, നിരൂപകന്‍, പത്രാധിപര്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

അനുബന്ധ വായനയ്ക്ക്