എന്റെ ഏറ്റവും വലിയ ഗുരു ജീവിതമാണ്. ജീവിതമാണ് എന്നെ എല്ലാം പഠിപ്പിച്ചത്. പക്ഷെ ആ ജീവിതം എങ്ങിനെ നല്ല വിധത്തിൽ നയിക്കാമെന്ന് പഠിപ്പിച്ചുതന്ന ഗുരു എന്റെ അച്ഛനായിരുന്നു. എങ്ങിനെ ജീവിക്കണം, എന്താവണമെന്നൊന്നും അദ്ദേഹം എന്നെ ഉപദേശിച്ചിട്ടില്ല. അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് ഓരോ നിമിഷവും എന്നെ പഠിപ്പിക്കുകയായിരുന്നു. ചെയ്യുന്നതെന്തും നീതിപൂർവ്വവും ധാർമ്മികവുമാകണമെന്ന പിടിവാശിയുണ്ടായിരുന്നു അച്ഛന്ന്. ചെയ്യുന്നതെന്തും മറ്റുള്ളവർക്കുകൂടി ഉപകാരപ്രദമാകണമെന്നും. അച്ഛൻ ഒരിക്കൽ എഴുതുകയുണ്ടായി. 'ഗാന്ധിജിയെ ഓർക്കാതെ ഞാൻ ഒരക്ഷരം എഴുതിയിട്ടില്ല.' എനിയ്ക്കു പറയാനുള്ളത് ഒരു ഋഷിയെപ്പോലെ ജീവിച്ച എന്റെ അച്ഛനെ ഓർക്കാതെ ഞാനും ഒരക്ഷരം എഴുതിയിട്ടില്ല എന്നാണ്. അദ്ദേഹത്തെ മനസ്സുകൊണ്ടെങ്കിലും പ്രണമിക്കാതെ ഞാൻ ഒരു കാര്യവും ചെയ്തിട്ടുമില്ല. ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പാദങ്ങളിൽ ഞാൻ പ്രണമിക്കട്ടെ.
നമുക്ക് നമ്മുടേതായ ഒരു സംസ്‌കൃതിയുണ്ടെന്നും അത് ഋഷിവര്യന്മാർ തൊട്ട് ആധുനികയുഗത്തിൽ ജീവിച്ചിരുന്ന സ്വാമി വിവേകാനന്ദൻ വരെയുള്ളവർ ശ്രദ്ധയോടെ പടുത്തുണ്ടാക്കി സംരക്ഷിച്ചുപോന്നിട്ടുള്ളതാണ് എന്നുമുള്ള കാര്യം നമ്മൾ കുറച്ചു കാലമായി മറന്നുതുടങ്ങിയിരിക്കുന്നു. മതമേതായാലും ആ സംസ്‌കൃതിയ്ക്കുള്ളിലേ നമുക്ക് നിലനിൽപ്പുള്ളു, മറിച്ച് നാശമാണ് ഫലം. ഭാരതം ഇന്ന് അഭിമുഖീകരിയ്ക്കുന്ന എറ്റവും വലിയ പ്രശ്നമെന്താണ് എന്ന ചോദ്യത്തിന് എന്റെ മറുപടി ഇതായിരിയ്ക്കും. ഭീകരവാദവും വിഘടനാവാദവും. ഇത് നമ്മെ കൊണ്ടുചെന്നെത്തിയ്ക്കുന്നത് ഇന്ന് തീയാളുന്ന നിരവധി രാഷ്ട്രങ്ങൾക്കൊപ്പമായിരിക്കും. ആ അവസ്ഥ നേരിടാൻ ഇനി അധിക സമയമൊന്നും ആവശ്യമില്ല. പരമാവധി, പതിനഞ്ചോ ഇരുപതോ കൊല്ലം മാത്രം. ഇന്ന് മദ്ധ്യപൂർവ്വ രാജ്യങ്ങളും സോമാലിയ തുടങ്ങി പല ആഫ്രിക്കൻ രാജ്യങ്ങളും നേരിടുന്ന അതേ അവസ്ഥാവിശേഷം ഇന്ത്യയിലെത്താൻ ആവശ്യമായി വരുന്ന സമയമാണ് ഞാൻ പറയുന്നത്. ഇന്ന് ഈ രാജ്യങ്ങളിലുള്ള സ്ഥിതിവിശേഷത്തിന്റെ തുടക്കമാണ് ഇന്ത്യയിൽ ഇപ്പോൾ അരങ്ങേറുന്നത്. അതു മുളയിൽത്തന്നെ നുള്ളാതെ നമ്മൾ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. അതു ഭയങ്കര അപകടമാണ്. ഭീകരവാദത്തിൽ തുടങ്ങി ക്രമേണ ഭരണകൂടത്തിനുള്ളിൽ അനൗദ്യോഗികമായ മറ്റൊരു ഭരണകൂടമായി മാറാൻ മൗലികവാദികൾക്ക് അധിക സമയമൊന്നും വേണ്ടിവരില്ല. ഇപ്പോൾത്തന്നെ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ആ അവസ്ഥ സംജാതമായിട്ടുണ്ട്. നമ്മൾ തെരഞ്ഞെടുത്ത പ്രതിനിധികൾ ഈ ഭീകരന്മാരുടെ കയ്യിൽ വെറും പാവകളാവുകയും, ക്രമേണ ഭരണംതന്നെ അവർ കയ്യാളുകയും ചെയ്യുന്ന ഒരവസ്ഥ. ആ അവസ്ഥയിൽ ഭീകരർക്ക് സ്വന്തമായ സൈന്യംവരെയുണ്ടാകുന്നു. ആധുനികമായ ആയുധങ്ങളും പുറം രാജ്യങ്ങളിൽനിന്ന് പരിശീലനം ലഭിച്ചവരുമുള്ള സൈന്യം. ഇങ്ങിനെ ഒരു വിശേഷം ഇന്ത്യയിലുണ്ടാകാൻ പോകുന്നില്ലെന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്?
ഇന്ന് പാലസ്റ്റീനിലോ, ലെബനോണിലോ അതുപോലുള്ള പല മദ്ധ്യപൂർവ്വ, ആഫ്രിക്കൻ രാഷ്ട്രങ്ങളിലോ നമ്മുടെ കൺമുമ്പിൽ വച്ച് നടക്കുന്നത് ഞാൻ നേരത്തെ പറഞ്ഞ തിരക്കഥ സിനിമയാക്കിയതാണ്. ആ രാജ്യങ്ങളുടെ സമീപകാലചരിത്രമെടുത്തു നോക്കിയാൽ മനസ്സിലാവും ഇന്ന് നമ്മുടെ രാജ്യത്തു നടക്കുന്നതു പോലുള്ള രാഷ്ട്രീയ ചുറ്റുപാടുകളാണ് ആ രാജ്യങ്ങളിൽ ഒരിരുപത്, മുപ്പത് കൊല്ലം മുമ്പുതൊട്ട് ഉണ്ടായിക്കാണ്ടിരിക്കുന്നത്. അതായത് ഭീകരവാദം, അതും മതാധിഷ്ഠിതമായ ഭീകരവാദം തലപൊക്കുന്നു. അവരെ സഹായിക്കാൻ ചുറ്റുമുള്ള തല്പരരാഷ്ട്രങ്ങളോ രാഷ്ട്രാന്തരങ്ങളിൽ പടർന്നുപിടിച്ച ഭീകരസംഘടനകളോ തയ്യാറാവുന്നു. സാമ്പത്തികസഹായവും ആയുധസഹായവും നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ അവർക്ക് സ്ഥാപിതതാൽപര്യങ്ങളുണ്ടാവും. പലപ്പോഴും ഒരു രാജ്യത്തിന്റെ ഔദ്യോഗികസൈന്യത്തിന് വാങ്ങാൻ കെൽപില്ലാത്ത തരത്തിലുള്ള സങ്കീർണ്ണങ്ങളും ആധുനികവുമായ ആയുധങ്ങളായിരിക്കും ആ രാജ്യത്തു പ്രവർത്തിയ്ക്കുന്ന ഭീകരർക്കു കിട്ടുക. അതോടെ അവർ ആ ഭരണകൂടത്തിനോടൊപ്പം അപ്രഖ്യാപിതമായി നിലകൊള്ളുന്ന മറ്റൊരു ഭരണകൂടമായിത്തീരുന്നു. ഇത്തരുണത്തിലാണ് മറ്റു പല രാഷ്ട്രങ്ങൾക്കും ഈ രാജ്യത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടിവരുന്നത്. ഫലമോ യുദ്ധം. ആ യുദ്ധമാകട്ടെ അതേവരെ ആ രാജ്യത്തുണ്ടായിട്ടുള്ള പുരോഗതി മുഴുവൻ തുടച്ചു നീക്കുകയും ചെയ്യും.
ലെബനോണിൽ ഇന്നു നടക്കുന്നതാണ് ഇവയിൽ ഏറ്റവും പുതിയതും, ഇന്ത്യയ്ക്ക് ഒരു വലിയ പാഠം പഠിയ്ക്കാനുതകുന്നതുമായ സംഭവവികാസങ്ങൾ. 1943ൽ സ്വാതന്ത്ര്യം കിട്ടിയശേഷം അവർക്ക് സ്വസ്ഥമായൊരു ജീവിതമുണ്ടായിട്ടില്ല. ഒരു ആഭ്യന്തരയുദ്ധമടക്കം യുദ്ധങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടായിട്ടുണ്ട് അവിടെ. ഒരു കാലത്ത് ബെയ്‌റൂട്ട് കാർബോംബുകളുടെ നഗരമായിരുന്നു. എല്ലാം കഴിഞ്ഞ് ഒരു വിധത്തിൽ സമാധാനവും ഒരുമാതിരി സ്വൈരജീവിതവും തിരിച്ചുകിട്ടി എന്നു കരുതുമ്പോഴാണ് ഒരു യുദ്ധംകൂടി ആ ജനതയിൽ അടിച്ചേൽപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അതിന്റെ കാരണങ്ങൾ എന്താണ്, എങ്ങിനെയാണതു തുടങ്ങിയത് എന്നതൊക്കെ എല്ലാവർക്കും അറിയാമെന്നതുകൊണ്ട് ഞാൻ വിശദമായി പറയുന്നില്ല. പക്ഷെ കഷ്ടമാണ് സ്ഥിതി. അവിടെ ഇനി ബോംബിട്ട് തകർക്കാത്ത പാലങ്ങളില്ല, ഹൈവേകളില്ല തുറമുഖങ്ങളില്ല, വൈദ്യുതികേന്ദ്രങ്ങളില്ല. ഇതൊക്കെ ഉണ്ടാക്കാൻ ആ ജനത എത്ര പാടുപെട്ടിട്ടുണ്ടാവും? ഒരു പാലം പണിയ്ക്കു വേണ്ടി എത്ര കാത്തിരിക്കേണ്ടി വരുമെന്ന് നമുക്കിന്നറിയാം. അതുപോലെത്തന്നെയാണ് മറ്റുള്ള കാര്യങ്ങളും. ഇഷ്ടികക്കു മീതെ ഇഷ്ടിക വെച്ച് കഷ്ടപ്പെട്ട് ഒരു രാഷ്ട്രം പണിതതു മുഴുവൻ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് തകർന്നു വീണിരിക്കയാണ്. എത്രയെത്ര നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു? എത്രയെത്രകുടുംബങ്ങൾ അനാഥമായി? ആരാണ് ഇതിനൊക്കെ ഉത്തരവാദി?
എനിയ്ക്കു പറയാനുള്ളത് ഇതു മാത്രമാണ്. നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതേ തിരക്കഥയാണ് ഭാരതത്തിലും അരങ്ങേറാൻ പോകുന്നത്. അധികാരത്തിലെത്താനും ചെറിയചെറിയ താല്ക്കാലികലാഭങ്ങൾ കൊയ്യാനും വേണ്ടി കൂടുതൽ വിശാലമായ രാഷ്ട്രതാല്പര്യങ്ങൾ ബലികൊടുക്കുന്ന പ്രീണനപരിപാടികൾ രാഷ്ട്രീയപാർട്ടികൾ ഉപേക്ഷിക്കണം. എങ്കിലേ ഭാവിയിൽ നമുക്ക് ഭയമില്ലാതെ ജീവിക്കാൻ പറ്റൂ.
നമുക്ക് നമ്മുടേതായ സംസ്‌കൃതിയുണ്ട്. അതിന്റെ ചട്ടക്കൂടിനുള്ളിൽ ജീവിതം ശാന്തവും സമാധാനപൂർണ്ണവുമാകും. അതിന് മതം ഒരു തടസ്സമാവില്ല.
ഇന്നിവിടെ കൂടിയിട്ടുള്ള, ഗുരുതുല്യരായ എല്ലാവരെയും പ്രണമിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ.