ഡോ. മിനി പ്രസാദ്
ജീവിതസൗകര്യങ്ങളുടെ വർദ്ധനവാണ് പുരോഗതി എന്ന വാക്കിന് ഉപഭോഗസംസ്‌കാരത്തിലെ അർത്ഥം. ജീവിതമാകെ ഇത്തരം അമിതസൗകര്യങ്ങളുപയോഗിച്ച് പരമാവധി ആസ്വദിച്ച് തീർക്കേണ്ട ഒരു വസ്തുവും. ഇത്തരം ഒരു നെട്ടോട്ടത്തിനിടെ യഥാർത്ഥത്തിൽ ജീവിതം നമ്മിൽനിന്നും ചോർന്നുപോവുകയാണെന്ന ഓർമ്മപ്പെടുത്തലാണ് ഇ.ഹരികുമാറിന്റെ 'ദൂരെ ഒരു നഗരത്തിൽ' എന്ന സമാഹാരത്തിലെ രചനകളിൽനിന്നും ലഭിക്കുന്നത്.
ആധുനികോത്തര കാലഘട്ടത്തിൽ വാക്കുകൾക്ക് നവീനമായ അർത്ഥങ്ങളും നിർവചനങ്ങളുമാണ് 'അയാൾ, സുനിൽ മേനോൻ, തിരക്കുപിടിച്ച ഒരു ബിസിനസ്സുകാരൻ, എം.ജി.റോഡിൽ എയർകണ്ടീഷൻ ചെയ്ത ഓഫീസ്, പനമ്പിള്ളിനഗറിൽ ഇരുനില ബംഗ്ലാവിൽ താമസം, ഭാര്യ, മകൻ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. സംതൃപ്തകുടുംബം' ഇങ്ങനെയാണ് ഹരികുമാർ 'ജംറയിലെ ചെകുത്താൻ' എന്ന കഥയിലെ നായകനെ പരിചയപ്പെടുത്തുന്നത്. ഈ സംതൃപ്ത കുടുംബത്തിൽ സിറ്റിങ്ങ്‌റൂമിൽ അയാൾ വീഡിയോ കാണുകയും കിടപ്പുമുറിയിൽ ഭാര്യ ടി. വി. കാണുകയും, കമ്പ്യൂട്ടറിൽ മകൻ വീഡിയോ ഗെയിമുമായി പാതിരാത്രിയോളം ഇരിക്കുകയും ചെയ്യുന്നു. മകനോട് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അയാൾ ചോദിക്കുന്നു. ഇങ്ങനെ പരസ്പരബന്ധമില്ലാതെ ഒരു കൂരയ്ക്കുകീഴെ ഒരു സംതൃപ്ത കുടുംബം കഴിയുന്നു. ബന്ധങ്ങളിൽ വന്നുചേർന്ന മരവിപ്പും നിസ്സംഗതയും എത്രയുണ്ടെന്ന് മകനെ കാണാനില്ല എന്ന് അറിയുമ്പോഴുള്ള അച്ഛന്റെ പ്രവൃത്തികൾ വ്യക്തമാക്കുന്നു. അയാൾ ചെറിയ കാര്യങ്ങൾക്കുപോലും ഞെട്ടുന്നു എന്നു കഥാകൃത്ത് പറയുന്നുണ്ട്. ഇത് താൻ വഴിവിട്ട് സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള ഭയങ്ങളാണ്. ബാല്യം ഏതൊരാൾക്കും സ്‌നേഹസമ്പന്നമായ അനുഭവങ്ങളുടെ ഓർമ്മകളാണ്. ബന്ധങ്ങളുടെ സുരക്ഷിതത്വമാണ് അതിനു കൂട്ടാവേണ്ടത്. നിഷ്‌കളങ്കമായ ചിരിയാണ് യഥാർത്ഥത്തിൽ കുട്ടിത്തം. ബന്ധങ്ങളുടെ ശൈഥില്യത്തിനിടെ സഹജമായ ചിരിപോലും കൈമോശം വന്ന ഒരു കുട്ടിയാണ് രേണു (ചിരിക്കാനറിയാത്ത കുട്ടി) തന്റെ അമ്മയും അച്ഛനും മരിച്ചുപോയിരിക്കാം എന്ന് ഏറ്റവും നിസംഗമായി പറയുന്ന കുട്ടി അവളും മാതാപിതാക്കളും തമ്മിലുള്ള ഏറ്റവും തകർന്ന ബന്ധത്തെ വെളിപ്പെടുത്തുന്നു. വീട് എന്നും ചെന്നുചേക്കേറാനുള്ളൊരു കൂടാണ് ഏതു വ്യക്തിക്കും. സുരക്ഷിതത്വത്തിന്റെ കൈകളിലേയ്ക്ക് വീട് നമ്മെ ചേർത്തുവയ്ക്കുകയാണ്. ബാല്യകാലത്തെ ഇത്തരം സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ മാനസികാവസ്ഥകളാണ് 'ആർക്കും വേണ്ടാതെ വലിച്ചെറിഞ്ഞ ചിത്രം'. ചുമരിൽനിന്ന് തന്റെ ചിത്രം ഇല്ലാതായതോടെ താൻ ഇവരുടെയൊക്കെ മനസ്സിൽനിന്നേ ഇല്ലാതെയായിരിക്കുന്നു എന്നറിയുന്ന നളിനി അച്ഛന്റെ ശ്രാദ്ധത്തിൻനാൾ അമ്മയ്ക്കും ഏട്ടനുംകൂടി ബലിച്ചോറ് ഉരുട്ടുന്നതോടെ അവൾ സ്വയം നിഷ്‌കാസിതയാവുന്നു. ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥകൾ നമ്മിൽ നിന്ന് ചോർന്നുപോയത് ഒരു ഞെട്ടലോടെ നാം ഈ രചനകളിൽനിന്ന് അറിയുന്നു. പുറമേയുള്ള കാഴ്ചകളോടും ചുറ്റിലും നടക്കുന്ന സംഭവങ്ങളോടും കുട്ടി പ്രതികരിക്കുന്നതെങ്ങനെ എന്നാണ് 'ദുഷ്ടകഥാപാത്രങ്ങളുള്ള കഥകൾ'. ലൈംഗികത എന്നും ബാല്യത്തിന്റെ ഉത്തരംകിട്ടാത്ത ഒരു സമസ്യയാണ്. പിന്നെ സ്വന്തം അറിവിനനുസൃതമായി ചമയ്ക്കുന്ന ഭാഷ്യങ്ങളിലൂടെ സ്വയം സമാധാനത്തിലെത്തുന്നു. വളർച്ചയുടെ പടവുകൾക്കിടെ ഒരു കുട്ടി നേരിടുന്ന ഇത്തരം വിഷമാകുലമായ മാനസികാവസ്ഥയുടെ മനോഹരമായ അവതരണമാണ് ഈ കഥ. അതേസമയം തന്റെ പരാധീനമായ അവസ്ഥകളിൽനിന്ന് കുറേക്കൂടി മെച്ചപ്പെട്ടതും സുന്ദരവുമായ സാഹചര്യങ്ങളിലെത്താൻ ഓരോ കുട്ടിയും കൊതിക്കുന്നുണ്ട്. ഇത്തരം മോഹമാണ് 'പുഴയ്ക്കക്കരെ കൊച്ചു സ്വപ്നങ്ങളി'ൽ. 'സാറിനെ ഞാൻ കല്യാണം കഴിക്കട്ടെ' എന്ന ചോദ്യം രാജിയിൽ നിന്നുണ്ടാവുന്നത് അവൾ സ്വപ്നം കാണുന്ന കാറ്, വലിയ വീട് ഇവയൊക്കെ സ്വന്തമാക്കാം എന്ന സ്വപ്നത്തിൽനിന്നാണ്. പിന്നെ സ്വപ്നാനുസൃതം അവളുടെ വീട് മോടിപിടിപ്പിക്കാനുള്ള ശ്രമം. ആ സ്വപ്നങ്ങളുടെയൊക്കെ തകർച്ച ഇവയൊക്കെ ഈ കഥയിൽ ഏറ്റവും സ്വാഭാവികതയോടെ അവതരിപ്പിക്കപ്പെടുന്നു.
സമൂഹം അതിന്റെ പൊതുധാരകളിൽനിന്ന് അകറ്റിനിർത്തുന്നവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ കണ്ടെത്തി ഹരികുമാർ എന്നും പ്രമേയമാക്കിയിരുന്നു. 'ലോഡ്ജിൽ ഒരു ഞായറാഴ്ച', 'തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം', എന്നീ കഥകളിൽ ഇത്തരം ജീവിതാനുഭവങ്ങളുണ്ട്. നമുക്ക് ഇവയോട് അറപ്പുളവാക്കുന്ന മനസ്സാവാം. പക്ഷേ, ഭർത്താവിന് മരുന്നു വാങ്ങാനുള്ള പണത്തിനായി ഈ തൊഴിൽ ചെയ്യേണ്ടിവരുന്ന ഒരുവളും പനിയും ചുമയുമായി കഷ്ടപ്പെടുന്ന കുട്ടിക്ക് മരുന്നുവാങ്ങാനായി പണം അന്വേഷിച്ച് ഇറങ്ങുന്നവളുടെയും ദൈന്യത ആരും അറിയുന്നില്ല. അവൾക്കാകട്ടെ സഹതാപം ആവശ്യമില്ല. ഏതു സഹായവും നിരസിക്കയും ചെയ്യുന്നു. ഇന്നത്തെ സമൂഹവും അതിനെ ഭരിക്കുന്ന ആസുരശക്തികളും 'ഷ്‌റോഡിങ്ങറുടെ പൂച്ച' എന്ന കഥയിൽ അവതരിപ്പിക്കപ്പെടുന്നു. എപ്പോഴും പൊട്ടിപ്പുറപ്പെടാവുന്ന കലാപവും കർഫ്യൂവും ഒക്കെ നമ്മുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളാണല്ലോ ഇന്ന്. വകുപ്പും നിയമവും സമ്പ്രദായങ്ങളും മനുഷ്യനെ എങ്ങനെയൊക്കെ ദ്രോഹിക്കുന്നു എന്നാണ് 'ദൂരെ ഒരു നഗരത്തിൽ' എന്ന കഥ പറയുന്നത്. ഇതിന് തികഞ്ഞ പരിഹാസത്തിന്റെ ബാഹ്യതലമുണ്ടെങ്കിലും ആന്തരികതലം വളരെ നൊമ്പരപ്പെടുത്തുന്നതാണ്.
ഈ കഥകളിലൂടെ കടന്നുപോവുമ്പോൾ കഥനശൈലിയിൽ ഹരികുമാറിന്റെ അനായാസത ഈ കഥാനുഭവങ്ങളെ സഹായിക്കുന്നതായി കാണാം. പ്രത്യക്ഷത്തിൽ പ്രമേയത്തോട് ചേർക്കുകയും അങ്ങനെ കഥയ്ക്ക് ഒരു നവീന ചാരുത കൈവരികയും ചെയ്യുന്നു. ഈ കഥകൾ ദൂരെ ഒരു നഗരത്തിൽ മാത്രമല്ല, എവിടെയും എപ്പോഴും സംഭവിക്കാവുന്നവയാണെന്ന് നാം അറിയുകയാണിവിടെ.