മുന്നൂറു തികയുന്ന കല്‍ക്കത്ത

Calcutta City

മുന്നൂറ് കൊല്ലം എന്നത് ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രായമല്ല. നഗരങ്ങൾ സഹസ്രാബ്ദങ്ങൾ ജീവിക്കാറുണ്ട്. പിന്നീട് ക്ഷയിക്കുകയോ മറവിയിലേക്ക് മാഞ്ഞുപോവുകയോ, അല്ലെങ്കിൽ നശിച്ച് ചരിത്രത്തിന്റെ ഓർമകളായി തീരുകയോചെയ്യുംമുമ്പ്. കൽക്കത്ത പക്ഷേ, വാർധക്യലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇടയ്ക്കിടയ്ക്ക് മരിക്കാൻ പോകുന്നുവെന്ന മുറവിളിവരെ കേട്ടുതുടങ്ങി. അകാലവാർധക്യം. ഇനി യൗവനത്തിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാവുമോ? ഇല്ലെന്നുതന്നെ പറയാം. അമ്മയ്ക്കു വയസ്സായതുതന്നെയാണ്. വെള്ളഴുത്ത് വീണ കണ്ണുകൊണ്ട് മക്കളുടെ പ്രാരബ്ധങ്ങളും കഷ്ടപ്പാടുകളും നോക്കിക്കാണുന്ന അമ്മയ്ക്ക് ഇനി സമ്പന്നതയുടെ നാളുകൾ ഓർമകൾ മാത്രം.

മുന്നൂറ് കൊല്ലം മുമ്പ് വെറും ചതുപ്പുനിലമായിക്കിടന്ന ഹുഗ്ലിതീരം കച്ചവടത്തിന്റെ അപാരസാധ്യതകൾ കാരണം, ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി മാറി. കപ്പലുകൾക്ക് നദീമുഖത്തുനിന്ന് അറുപതു കിലോമീറ്റർ ഉള്ളിലേക്ക് വന്ന് ഏതു കാലാവസ്ഥയിലും കയറ്റിറക്കുമതി നടത്താനുള്ള സൗകര്യം ഹുഗ്ലി നൽകുന്നു. ഈ സൗകര്യമാണ് ഈസ്റ്റിന്ത്യാകമ്പനിയുമായി വന്ന ഇംഗ്ലീഷുകാരെ ആകർഷിച്ചത്. വ്യാപാരത്തോടൊപ്പം നഗരവും വളർന്നു. വളർന്നുവരുന്ന ഒരു സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ കോളനിയുടെ തലസ്ഥാനമാകാൻ മാത്രം കൽക്കത്ത വളർന്നു. വളർച്ചയുടെ ഈ കാലഘട്ടത്തിൽ വിക്ടോറിയൻ ശൈലിയിൽ കെട്ടിടങ്ങൾ ഉയർന്നു. രാജവീഥികൾ നിർമ്മിക്കപ്പെട്ടു. കുതിരകൾ വലിക്കുന്ന ട്രാമുകൾ കുതിരവണ്ടികൾക്കിടയിൽ നിരത്തിൽ പാകിയ പാളങ്ങളിൽ ചലിച്ചു. പുൽമേടുകൾക്കു നടുവിൽ സ്മാരകമന്ദിരങ്ങളും സ്തൂപങ്ങളും ഉയർന്നു. വൈസ്‌റോയിമാർക്ക് താമസിക്കാൻ കൊട്ടാരങ്ങൾ നിർമ്മിക്കപ്പെട്ടു. ദക്ഷിണ കൽക്കത്തയിൽ ഒരു വലിയ തടാകം കുഴിക്കപ്പെട്ടു. നിരത്തിന്നരികിലുള്ള ഫയർ ഹൈഡ്രന്റിലുള്ള ഫിൽട്ടർ ചെയ്യാത്ത മഞ്ഞ നിറത്തിലുള്ള ഗംഗാജലം കൊണ്ട് രാവിലെ റോഡുകൾ കഴുകി. നിത്യവും റോഡുകൾ കഴുകിയിരുന്ന ഇന്ത്യയിലെ ഒരേയൊരു നഗരം കൽക്കത്തയായിരുന്നു.

നഗരം സുന്ദരിയായ ഒരു തരുണിയായിരുന്നു. അവൾ വിദേശികളെ ആകർഷിച്ചു മയക്കി. കൽക്കത്താനഗരം സന്ദർശിക്കാനെത്തിയ വിദേശികൾ തിരിച്ച് നാട്ടിൽപോയി അവളെ സ്വപ്നം കണ്ടു. അവളെപ്പറ്റി അത്യുൽക്കടമായ വിരഹവേദനയോടെ കവിതകളെഴുതി. ചിത്രകാരന്മാർ നഗരത്തിന്റെ വിവിധദൃശ്യങ്ങൾ ക്യാൻവാസ്സിൽ ശാശ്വതീകരിച്ചു. ഒരു നൂറ്റാണ്ടു മുമ്പത്തെ കൽക്കത്തയെപ്പറ്റി അറിയണമെന്നുള്ളവർക്ക് വിക്ടോറിയാ മെമ്മോറിയലിലും മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുള്ള സ്‌കെച്ചുകൾ സഹായകങ്ങളാവും.

പിന്നെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം വന്നു. വളരെ മഹാന്മാരായ പല നേതാക്കളും കൽക്കത്തയിൽനിന്ന് പൊന്തിവന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നഗരത്തിന്റെ രാജവീഥികൾ പലതിനും ആ നേതാക്കന്മാരുടെ പേരുകൾ കൊടുത്ത് ജനം അവരെ ആദരിച്ചു.


രണ്ടു മുഖങ്ങൾ

പെട്ടെന്ന് ഇതെല്ലാം മാറി. ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ അഭയാർത്ഥി പ്രവാഹത്തിൽ കൽക്കത്താനഗരം മുങ്ങിപ്പോയി. എവിടെയും ആൾക്കാർ. ഭയവും വിശപ്പും തളംകെട്ടി നിൽക്കുന്ന ആ മുഖങ്ങൾ കൽക്കത്തയുടെ സ്വാസ്ഥ്യം കെടുത്തി. കൽക്കത്തയുടെ സുന്ദരമായ മുഖത്ത് ചുളിവുകൾ വീഴ്ത്തി. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വ്യാവസായിക ഉണർവിൽ കുറെ പേർക്ക് തൊഴിൽകിട്ടി. രക്ഷപ്പെടാൻ ഭാഗ്യം ചെയ്തിട്ടില്ലാത്തവർ ഗതികിട്ടാതെ അലഞ്ഞുനടന്നു. ചേരികൾ ഉടലെടുത്തു. നഗരപ്രാന്തങ്ങളിൽ അവ അർബുദംപോലെ പടർന്നുപിടിച്ചു. ചൗറങ്കിയിലെ നിയോൺവിളക്കുകളുടെ പ്രഭാവലയത്തിനു പിന്നിൽ വിശപ്പിന്റെ ഇരുട്ട് പടർന്നു. കൽക്കത്തയ്ക്ക് രണ്ടു മുഖങ്ങളുണ്ടായി. അഭയാർത്ഥികൾക്ക് രണ്ടാംതരം പൗരത്വമേ കൽക്കത്തയിലെ ആഢ്യവംശജർ നൽകിയുള്ളു.

അഭയാർത്ഥികൾ മാത്രമല്ല നഗരത്തിലേക്കിരമ്പിവന്നത്. നിലയ്ക്കില്ലെന്നു തോന്നിച്ച അവരുടെ പ്രവാഹം ഒരുമാതിരി നിന്നപ്പോൾ പിറന്ന ഗ്രാമത്തിൽ നിന്ന് നഗരത്തിന്റെ പകിട്ടു കണ്ടുവന്ന ജനങ്ങളുടെ പ്രവാഹമായി. ദിവസവും ഹൗറയിലും സിയാൽഡയിലും സബർബൻ ട്രെയിനുകൾ കൊണ്ടുവന്നു തള്ളുന്ന ജനലക്ഷങ്ങൾ മുഴുവനും ഫാക്ടറിയിലോ ഓഫീസിലോ ജോലിചെയ്ത് വൈകുന്നേരം തിരിച്ചുപോകാൻ വന്നവരല്ല. അവർ ഗ്രാമങ്ങൾ ഉപേക്ഷിച്ച് നഗരത്തിൽ കുടിയേറിപ്പാർക്കാൻ വന്നവരായിരുന്നു. നഗരത്തിന്റെ പ്രഭയിൽ ആകൃഷ്ടരായി പറന്നുവന്ന ഈയ്യാംപാറ്റകൾ. അവർ പുറംപോക്ക് സ്ഥലങ്ങളിൽ അതിക്രമിച്ച് കുടിലുകളുണ്ടാക്കി. ജീവിതരീതി മാറ്റാൻ അവർ വിമുഖരായിരുന്നു. അതുകൊണ്ട് അവർ കുടിലിനു ചുറ്റും ഒരു മിനിഗ്രാമം സൃഷ്ടിച്ചു. ചുരുക്കിപ്പറഞ്ഞാൽ അവർ ഗ്രാമത്തേയും ഒപ്പം കൊണ്ടുവന്നു.

നഗരം വളരുകയായിരുന്നു. ഭയപ്പെടുത്തുന്ന തോതിൽ. അറുപതുകളില്‍ ജീവിതം പിന്നെയും സുഖകരമായിരുന്നു. ദിവസേനയെന്നവണ്ണം ഉണ്ടാകുന്ന ജാഥകൾ, പ്രകടനങ്ങൾ, വെടിവെപ്പ്, എല്ലാം ഉണ്ടായിട്ടും അതിനു നടുവിലും ജീവിതം പൊതുവെ സഹിക്കാൻ പറ്റുന്നതായിരുന്നു. കൽക്കത്ത പ്രക്ഷോഭത്തിന്റെ നഗരമാണ്. നിസ്സാരമായ ഒരു കാരണംമതി, സഹനശക്തിയുടെ വെടിമരുന്നിൽ ഒരു തീപ്പൊരി വീഴ്ത്താൻ. അപമര്യാദയായി പെരുമാറിയ ഒരു കണ്ടക്ടർ, അമിതവില ഈടാക്കിയ ഒരു വ്യാപാരി, തിരക്കുപിടിച്ച ട്രാമിൽ പോക്കറ്റടിക്കാൻ ശ്രമിച്ച ഒരുത്തൻ, എല്ലാം കലാപത്തിന് തുടക്കമിടുന്നു. പോക്കറ്റടിക്കാരും തട്ടിപ്പറിക്കാരും പിടിക്കപ്പെട്ടാൽ ആ നിമിഷംതൊട്ട് മനുഷ്യനല്ലാതാവുന്നു. അവന്റെമേൽ ജനരോഷം ആഞ്ഞടിക്കുന്നു. അവന്റെ ദേഹത്തിൽ സകല ഭേദ്യമുറകളും പ്രയോഗിക്കുന്നു. ബ്ലേഡുകൊണ്ട് മുഖം കീറിമുറിക്കുകവരെ. അസ്റ്റെറിക്‌സ് കോമിക്കിലെ പോലെയാണ് കൽക്കത്ത.

പ്രകടനങ്ങൾ ദൈനംദിനകാഴ്ചയാണ്. ഡൽഹൗസി സ്‌ക്വയറിലെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി എസ്പ്ലനേഡിൽ വന്ന് ട്രാമോ ബസ്സോ പിടിക്കാമെന്നു വെച്ച് നടക്കുന്നു. പെട്ടെന്ന് ഒരു നിരത്തിലേക്ക് തിരിയുമ്പോൾ അതിന്റെ വിജനത നമ്മെ അത്ഭുതപ്പെടുത്തുന്നു. കാരണമെന്തെന്നറിയാതെ സംശയിച്ച് മുന്നോട്ടു പോകുമ്പോൾ നിരത്തുവക്കിൽ പാർക്കുചെയ്ത പൊലീസ് വാനിൽ സന്നദ്ധരായി നിൽക്കുന്ന സായുധപോലീസുകാർ, ഇരുവശത്തുമുള്ള ടെറസ്സിലും ബാൽക്കണിയിലും നിന്ന് താഴേക്ക് നോക്കിനിൽക്കുന്ന കാണികൾ, അപ്പോഴും അന്തരീക്ഷത്തിൽ ഉള്ള, നമ്മുടെ കണ്ണുകളെ നീറ്റുന്ന കണ്ണീർവാതകത്തിന്റെ അംശങ്ങൾ, എല്ലാം ആ നിരത്ത് അല്പസമയം മുമ്പ് ഒരു രണഭൂമിയായിരുന്നുവെന്ന് നടുക്കത്തോടെ നമ്മെ മനസ്സിലാക്കിപ്പിക്കുന്നു. നാം അടുത്തു കണ്ട ഒരു ചെറിയ ലെയ്‌നിലേക്ക് വലിയുന്നു.


ജനപ്രളയം

അറുപതുകളിൽ നഗരം ചീയാൻ തുടങ്ങിയിരുന്നില്ല. വിന്ററിൽ പുതിയ തുടുത്ത പച്ചക്കറികളുടെ വാസനയും കോൾഡ്ക്രീമിന്റെ പരിമളവും കാറ്റിൽ നമുക്കനുഭവപ്പെടും. നിരത്തുകൾ താരതമ്യേന വൃത്തിയുള്ളവയായിരുന്നു. നഗരസഭയുടെ ജോലിക്കാർ പണിമുടക്കുമ്പോഴെ നിരത്തുകളിൽ അഴുക്ക് കുമിഞ്ഞുകൂടിയിരുന്നുള്ളൂ. എഴപതുകളിലെത്തിയപ്പോഴേക്ക് നഗരത്തിന് താങ്ങാൻ പറ്റാത്ത അത്ര ജനങ്ങൾ കൽക്കത്തയിലെ തെരുവുകളിൽ തോളോടുതോൾ ചേർന്ന് ഉരുമ്മി നടന്നു. ഓടകൾ അടഞ്ഞു. ഒരു ചെറിയമഴപോലും വെള്ളപ്പൊക്കമുണ്ടാക്കി. നഗരസഭ അനാസ്ഥ കാണിച്ചു. ചപ്പുചവറുകൾ ദിവസങ്ങളോളം നിരത്തുവക്കിൽ കിടന്ന് ചീഞ്ഞുനാറി. നഗരത്തിന്റെ മണം ചത്തു ചീഞ്ഞ മണമായി.

അറുപതുകളുടെ അവസാനംവരെ നിങ്ങൾക്ക് തടാകതീരത്ത് രാത്രി വൈകുവോളം പുൽത്തകിടിയിൽ കാറ്റുംകൊണ്ട് ഇരിക്കാമായിരുന്നു. ഇന്ന് സ്ഥിതികൾ മാറി. ഇരുട്ടിക്കഴിയുമ്പോൾ അതൊരു വ്യഭിചാരകേന്ദ്രമായി മാറിയിരിക്കുന്നു. അവരിൽനിന്ന് പണം പിടുങ്ങാൻ സ്ഥിരം ദാദമാരുമുണ്ട്. ദാദമാർ കൽക്കത്തയിൽ ഏതു കാലത്തുമുണ്ടായിരുന്നു. ഓരോ തെരുവിലും ഓരോ ദാദയും അയാളുടെ സിൽബന്തികളും. അവർ അവരുടെ തെരുവിൽ രാജാക്കന്മാരാണ്. ഇടയ്ക്ക് അടുത്ത തെരുവിലെ ദാദയുമായി കൂട്ടിമുട്ടുമ്പോൾ ഒരു മിനിയുദ്ധമുണ്ടാവുന്നു. അപകടം മണത്തറിയാൻ പ്രാപ്തിയുള്ള ക്രാന്തദർശികളായ പീടികക്കാർ കടകൾ അടച്ച് സ്ഥലം വിടുന്നു. ഇന്ന് ഈ വക സംഘട്ടനങ്ങൾക്ക് ചെറിയ കൈബോംബുകളാണ് ഉപയോഗിക്കുന്നത്. അതാകട്ടെ. പാൻഷോപ്പുകളിൽ നിന്ന് എളുപ്പം വാങ്ങാവുന്നതുമാണ്. ഈ സംഘട്ടനങ്ങൾ പലപ്പോഴും മുപ്പതുകളിലെ ഷിക്കാഗോ തെരുവുകളെ ഓർമിപ്പിക്കും.


കാളിപൂജ

രണ്ട് ഉത്സവങ്ങളാണ് കൽക്കത്തയെ അണിയിച്ചൊരുക്കുന്നത്. ദുർഗാപൂജയും കാളീപൂജയും. ദീപാളിയാണ് കൽക്കത്തക്കാർക്ക് കാളീപൂജ. രണ്ടും വർണശബളമായിത്തന്നെ ആഘോഷിക്കപ്പെടുന്നു. തെരുവുകളിൽ പലയിടത്തും പന്തലിട്ട് മഹിഷാസുരമർദിനിയായ ദുർഗയുടെ വിഗ്രഹം വെച്ച് പൂജിക്കുന്നു. കഴിവുള്ളവർ സ്വന്തം വീട്ടിൽ അവരവരുടേതായ വിഗ്രഹം വെച്ച് പൂജിക്കുന്നു. സാർവജനീനമായ പൂജകളാവട്ടെ വളരെയധികം മത്സരബുദ്ധിയോടെ നടത്തുന്നവയാണ്. അവരവരുടെ പന്തലിലെ വിഗ്രഹം മറ്റുള്ളവരേക്കാൾ മികച്ചതാക്കാൻ ഓരോ കമ്മിറ്റിക്കാരും കിണഞ്ഞു ശ്രമിക്കുന്നു. നിർബന്ധിത പിരിവിലൂടെ സ്വരൂപിക്കുന്ന പണം ലോഭമെന്യേ ചെലവിടുന്നു.

ഈ പ്രതിമകൾ ഉണ്ടാക്കുന്നവർ കുമർ എന്ന പേരിലറിയപ്പെടുന്ന കുശവന്മാരാണ്. അവർ മികച്ച കലാകാരന്മാരാണ്. കലയും കൈവിരുതും ഒത്തുചേർന്ന് സജീവങ്ങളായ വിഗ്രഹങ്ങൾ രൂപപ്പെടുന്നു. വൈക്കോലും കളിമണ്ണുമാണ് അസംസ്‌കൃതവസ്തു. ഒരു കൊല്ലത്തെ പൂജ കഴിഞ്ഞാൽ ഉടനെ അടുത്തകൊല്ലത്തേക്കുള്ള ഓർഡർ കൊടുത്തുകഴിയും. വിഗ്രഹമുണ്ടാക്കുന്നതിന്റെ തയ്യാറെടുപ്പും തുടങ്ങുന്നു.

പൂജയ്ക്കുശേഷം ഈ കലാരൂപങ്ങൾ ബാന്റ്‌മേളത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ചെറുപ്പക്കാരുടെ അകമ്പടിയോടെ ഹുഗ്ലിയിൽ നിമജ്ജനത്തിനായി കൊണ്ടുപോകുന്നു. വിഗ്രഹം എഴുന്നള്ളിക്കുന്ന വാഹനത്തിനു മുമ്പിൽ അതാതു കമ്മിറ്റിക്കാരുടെ പേരെഴുതിയ ബാനറുകൾ പിടിപ്പിച്ചിരിക്കും. നിരത്തുകളുടെ രണ്ടുവശത്തും ബാൽക്കണികളിലും ജനലക്ഷങ്ങൾ ഈ ഘോഷയാത്രകൾ കാണാനായി നിരക്കുന്നു. പുത്തനുടുപ്പുകൾ നഗരത്തിന്റെ വൈകല്യങ്ങൾ വിദഗ്ധമായി മറയ്ക്കുന്നു. പുതിയൊരു ജീവിതത്തെപ്പറ്റിയുള്ള പ്രത്യാശ കണ്ണുകളിൽ. എല്ലാം പക്ഷേ, ക്ഷണികം മാത്രം. സംഗീതത്തിന്റേയും സൗരഭ്യത്തിന്റേയും ഭക്തിയുടേയും മാസ്മരലോകം പെട്ടെന്നവസാനിക്കുന്നു. വീണ്ടും ജീവിത പ്രശ്‌നങ്ങൾ, പ്രാരബ്ധങ്ങൾ. അഡ്വാൻസ്, ബോണസ് എന്നീ ഇനത്തിൽ കിട്ടിയ പണമെല്ലാം ചോർന്നു പോയിരിക്കുന്നു. വീണ്ടും സമരത്തിലേക്ക്.


സമരങ്ങൾ പലവിധം

എല്ലാവിധ സമരതന്ത്രങ്ങളും പയറ്റിനോക്കുന്നു കൽക്കത്തക്കാരൻ. മത്സ്യത്തിന് വില കൂടിയാൽ അവർ ഒന്നായി മത്സ്യം ബഹിഷ്‌ക്കരിക്കുന്നു. മാർക്കറ്റിലെത്തിയ മത്സ്യം വാങ്ങാനാളില്ലാതെ ചീഞ്ഞളിയുന്നു. വില നിർബന്ധമായും താഴുന്നു. മത്സ്യമില്ലതെ ആഹാരം കഴിക്കാത്ത ബംഗാളിയാണിത് ചെയ്യുന്നതെന്നോർക്കുക. ഹിൽസാമത്സ്യത്തോടുള്ള പ്രിയം കാരണം, അവയുടെ വംശനാശംവരെ എത്തിയിരിക്കുന്നു. 'ഹിലിസ് മാച്ചി'ന്റെ വംശനാശം എങ്ങനെ ഒഴിവാക്കാനാവും എന്നാണ് ഇപ്പോൾ ചർച്ച. കാരണം, ഹിൽസാമത്സ്യമില്ലാത്ത ഒരു ചടങ്ങ് അപൂർണവും അനാകർഷകവുമാണ്. ഏറ്റവും വലിയ ഹിൽസാമത്സ്യം കൊണ്ടുവന്ന ആൾക്കനുകൂലമായി വിവാഹം ഉറപ്പിക്കുന്നു.

പുറമെയുള്ള ഒരാളെ ആകർഷിക്കുന്നത് കൽക്കത്തയുടെ മുഖം മാത്രമല്ല, ആത്മാവ് കൂടിയാണ്. സ്വന്തം ആത്മാവ് ഇത്രയും ഭംഗിയായി സൂക്ഷിക്കുന്ന ഒരു നഗരം വേറെ ഉണ്ടോ എന്നു സംശയമാണ്. കൽക്കത്തക്കാരുടെ അഭിരുചികളിലൂടെ ഈ ആത്മാവിന്റെ സ്ഫുരണം നമുക്കനുഭപ്പെടുന്നു. സ്വന്തം സംസ്‌കാരപൈതൃകത്തെപ്പറ്റി ഇത്രയധികം ബോധമുള്ള, അതിൽ അമിതമായി അഹങ്കരിക്കുന്ന മറ്റൊരു ഭാരതീയനും ഉണ്ടെന്നു തോന്നുന്നില്ല. അവർ അന്യോന്യം അഭിസംബോധന ചെയ്യുന്നതുതന്നെ മഹാശയാ എന്നാണ്. 'മോഷായ്' ഒരു ശരാശരി ബംഗാളിയുടെ കൈയിൽ ഏതെങ്കിലും ബംഗാളി ക്ലാസിക് കാണാതിരിക്കയില്ല. അവർ മധുസൂദൻ ദത്തിനെപ്പറ്റിയും തോറു ദത്തിനെപ്പറ്റിയും സംസാരിക്കുകയും ചെയ്യും. സാഹിത്യത്തിലും സാംസ്‌കാരികചരിത്രത്തിലും താൽപര്യമുള്ളവരെ ഏറ്റവും ആകർഷിക്കുന്ന ഒരു സ്ഥാപനമുണ്ട് കൽക്കത്തയിൽ. നാഷണൽ ലൈബ്രറി. മൈതാനത്തിനും, വിക്ടോറിയാ മെമ്മോറിയലിനും, ശനിയാഴ്ചതോറും കുതിരപ്പന്തയം നടക്കുന്ന റോയൽ ടർഫിനും തെക്കുവശത്ത് പച്ചപ്പു തിങ്ങിയ വിശാലമായ പറമ്പിന് നടുവിൽ പണ്ട് വൈസ്‌റോയ് താമസിച്ചിരുന്ന കെട്ടിടത്തിലാണ് നാഷണൽ ലൈബ്രറി ഉണ്ടായിരുന്നത്. പുതിയ കെട്ടിടത്തേക്കാൾ എന്തു കൊണ്ടും ഒരു സഹൃദയന് താൽപര്യമുണ്ടാവുക ചരിത്രം ഉറങ്ങിക്കിടക്കുന്ന ഇടനാഴികകളിലൊന്നിൽ ഇരുന്ന് ചരിത്രത്തെപ്പറ്റി വായിക്കുകയാണ്.

സാഹിത്യത്തിൽ മാത്രമല്ല, കലാസാംസ്‌കാരിക രംഗത്തൊക്കെ കല്ക്കത്തക്കാർ മുന്നിൽ തന്നെയാണ്. തിയേറ്റർ പ്രസ്ഥാനം വളരെ വളർന്ന ഒരു നഗരമാണ് കല്ക്കത്ത. വർഷങ്ങളോളം തുടർച്ചയായി കളിച്ച നാടകങ്ങളുണ്ട്. നൂറിലൊരു ബംഗാളി ഏതെങ്കിലും തിയേറ്റർ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാൽ അത്ഭുതമില്ല. അവർ നാടകപുസ്തകങ്ങൾ ഒപ്പം കൊണ്ടുനടക്കുകയും പാർക്കുകളിലോ ലഞ്ചുസമയത്ത് ഓഫീസിലോ ഇരുന്ന ഡയലോഗുകൾ ഹൃദിസ്ഥമാക്കുകയും അഭിനയം പരിശീലിക്കുകയും ചെയ്യും. രവീന്ദ്രസംഗീതത്തിന്റെ ഏക താളത്തിലുള്ള ആലാപനംപോലും നമുക്ക് ഹൃദ്യമായി തോന്നുന്നത് ഈ അർപ്പണ മനോഭാവം കൊണ്ടുതന്നെയാണ്. ഈ അർപ്പണമനോഭാവവും സംസ്‌കാര പൈതൃകവുമാണ് സത്യജിത് റേയെ, മൃണാൾസെന്നിനെ, ശംഭുമിത്രയെ എല്ലാം സൃഷ്ടിച്ചത്. ഈ സാംസ്‌കാരിക ചൈതന്യമാണ് ബംഗാളിയല്ലാത്ത ഒരാൾക്ക്, അയാൾ വിദേശീയനോ മറ്റുഭാഷകൾ സംസാരിക്കുന്ന ഭാരതീയനോ ആവട്ടെ വളരെ ഹൃദ്യമായി തോന്നുന്നത്.

ഇന്ന് കല്ക്കത്തയിൽ ജീവിതം ദുസ്സഹമാണ്. ഹൗറയിലെത്തുന്ന ഒരാൾക്ക് ഹുഗ്ലിയുടെ മുകളിലുള്ള തൂക്കുപാലത്തിലൂടെ കടന്നുവേണം കല്ക്കത്തയിലെത്താൻ. ചില സമയത്ത് ഇഞ്ചിഞ്ചായി നീങ്ങുന്ന വാഹനങ്ങൾക്കിടയിൽ മനുഷ്യരും എന്തിൽനിന്നോ രക്ഷകിട്ടാനെന്നപോലെ നീങ്ങുന്നു. ഇവിടെ ഇന്ന് ഇന്നലയേക്കാൾ മോശമാണ്. നാളെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എല്ലാവർക്കും അറിയാം. ഈ അറിവിലും അവർ കല്ക്കത്തയെ മുറുകെ പിടിക്കുന്നു. മുല കുടിക്കേണ്ട പ്രായം കഴിഞ്ഞിട്ടും അമ്മയുടെ ശുഷ്‌കമായ അമ്മിഞ്ഞ അള്ളിപ്പിടിക്കുന്ന ഒരു കുട്ടിയെപ്പോലെ. കല്ക്കത്ത അവന്റെ ജീവദാഹമാണ്. മലിനമെങ്കിലും ദുർഗന്ധപൂർണമെങ്കിലും അതവന്റെ പ്രാണവായുവാണ്.

കല്ക്കത്തയുടെ രൂപങ്ങൾ, ഭാവങ്ങൾ പലതാണ്. പലതും നമ്മെ വഞ്ചിതരാക്കുന്നു. വിക്ടോറിയാ മെമ്മോറിയലിനു ചുറ്റുമുള്ള മൈതാനത്ത് നടക്കാനിറങ്ങുമ്പോൾ നമുക്ക് കിട്ടുന്ന ഭാവമല്ല പാർക്ക് സ്ട്രീറ്റിലൂടെ നടക്കുമ്പോൾ കിട്ടുക. അവിടെ നമ്മെ സ്വകാര്യമായി പുറത്തുതട്ടിവിളിച്ച് ഇടവഴിയിലേക്ക് കൊണ്ടുപോയി കീശയിൽ നിന്ന് അശ്ലീലചിത്രങ്ങങൾ എടുത്തുകാട്ടി വില്ക്കാൻ ശ്രമിക്കുന്ന ബൂട്ട്‌ലഗ്ഗേഴ്‌സിനെ കാണാം. അല്ലെങ്കിൽ തന്റെ കച്ചവടച്ചരക്കിന്റെ മേന്മ പറഞ്ഞ് നമ്മെ വശീകരിക്കാൻ ശ്രമിക്കുന്ന കൂട്ടിക്കൊടുപ്പുകാരെ കാണാം. സൊനാഗാച്ചിയിൽ നേപ്പാളിൽ നിന്ന് ചതിച്ചുകൊണ്ടുവന്ന് സുഖം വില്ക്കുന്ന മന്ദിരങ്ങളിൽ പാർപ്പിച്ച പെൺകുട്ടികളുടെ കദനകഥ കേൾക്കാം. സ്ട്രാന്റ് റോഡിൽ പതിച്ച ഇഷ്ടികകളിൽതെന്നി ഭാരമുള്ള ഉന്തുവണ്ടി ഉന്തിനീക്കാൻ കഷ്ടപ്പെടുന്ന തൊഴിലാളികളെ കാണാം. ഗ്രാന്റ് ഹോട്ടലിൽ നിന്ന് ഇരുനൂറുറുപ്പികയുടെ ലഞ്ചുകഴിച്ച് പുറത്തെ ചൂടിലേക്ക് നടക്കാൻ മടിച്ച് ആർക്കേയ്ഡിനു താഴെ നില്ക്കുന്ന കറുത്ത ഗ്ലാസ്സുകൾ ധരിച്ച ധനികരെ കാണാം. എല്ലാം ജീവിതം തന്നെ. ജീവിതം അതിന്റെ വിവിധ ഭാവങ്ങളിൽ, രൂപങ്ങളിൽ. നിലയ്ക്കാത്ത ജീവന്റെ ചലനം.

ബെന്റിങ്ക് സ്ട്രീറ്റിൽ പാരഡൈസ് സിനിമയ്ക്കടുത്തായി നിറയെ ചൈനീസ് പാദരക്ഷകൾ വില്ക്കുന്ന കടകൾ. ചെരുപ്പുകച്ചവടം കുലത്തൊഴിലാക്കിയ കുടുംബങ്ങളാണ് ഇവ നടത്തുന്നത്. കടയ്ക്കു പിന്നിലുള്ള കൊച്ചു തൊഴിൽശാലകളിൽ അച്ഛനും അമ്മയും മക്കളും കൂടി മനോഹരമായ ചെരുപ്പുകളും ഷൂസുകളും ഉണ്ടാക്കുന്നു. വളരെ വിലകുറച്ച് വിറ്റ് ലാഭമുണ്ടാക്കുന്നു. അതിനും അപ്പുറത്ത് ചൈനീസ് റെസ്റ്റോറണ്ടുകൾ ഗുണമേന്മയുടെ പര്യായമായി നില്ക്കുന്നു. നമ്മൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉടമസ്ഥൻ തന്നെ നേരിട്ടുവന്ന് പരിചയപ്പെടുന്നു. ഭക്ഷണം ഇഷ്ടമായോ എന്നന്വേഷിക്കുന്നു. കല്ക്കത്തയിലുടനീളം ചിതറി ക്കിടക്കുന്ന തെന്നിന്ത്യൻ റസ്റ്റോറണ്ടുകളിൽ കയറി വെയിറ്റർമാർ തികഞ്ഞ അവഗണനയോടെ, പുച്ഛരസത്തോടെ, നമ്മുടെ മുന്നിൽ എറിഞ്ഞുതരുന്ന മസാലദോശയും വടയും എങ്ങനെയെങ്കിലും അകത്താക്കി കൗണ്ടറിലിരിക്കുന്ന അരസികനും സംശയാലുവുമായ മനുഷ്യന് ബില്ലിന്റെ പണം കൊടുത്ത് ഒരു നിമിഷം മുമ്പെങ്കിലും അയാളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നാം ഈ ചൈനീസ് റസ്റ്റോറണ്ടുകളെ ഓർക്കാതിരിക്കയില്ല. നിങ്ങൾക്ക് അല്പം വില കുറഞ്ഞ ഭക്ഷണമാണ് വേണ്ടതെങ്കിൽ മുസൽമാൻമാർ നടത്തുന്ന കൂറ്റൻ റസ്റ്റോറണ്ടുകളുണ്ട്. അവിടെ ബീഫും പൊറോട്ടയും പ്രത്യേകതയാണ്.


ചേരികളിലെ മനുഷ്യർ

ഇതെല്ലാം വിട്ട് ഏതെങ്കിലും ഒരു ചേരിപ്രദേശത്ത് പോയാൽ കല്ക്കത്തയുടെ ഭാവം മാറി. അവിടെ പട്ടിണിയും പിടിച്ചുപറിയുമാണ്. ജനലക്ഷങ്ങൾ മൃഗങ്ങളേക്കാൾ മോശമായ നിലയിൽ ജീവിക്കുന്നു. ചതുശ്രകിലോമീറ്ററിൽ 1,30,000 പേർ താമസിക്കുന്ന സ്ഥിതിയെപ്പറ്റി ആലോചിച്ചുനോക്കൂ. കക്കൂസുകളില്ല കുളിമുറികളില്ല പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നത് പൊതുസ്ഥലത്തുതന്നെ. സ്ത്രീകൾ നേരം വെളുക്കുന്നതിന് മുമ്പുതന്നെ ഇതെല്ലാം കഴിക്കാൻ വ്യഗ്രത കാട്ടുന്നു. അഴുക്കുചാൽ ഒഴുകുന്നത് വീട്ടിനുള്ളിൽ കൂടിയാണ്. മാരകരോഗങ്ങൾ, ശിശുമരണങ്ങൾ എല്ലാം സാധാരണം. ഇവർക്ക് വേണ്ടി എന്താണ് ചെയ്യാൻ പറ്റുക? മദർ തെരേസ പറഞ്ഞത് ഒരു വിധത്തിൽ ശരിയാണ്. നമുക്ക് വലിയ കാര്യങ്ങളൊന്നും അവർക്കു വേണ്ടിചെയ്യാൻ കഴിയില്ല. ചെറിയ കാര്യങ്ങൾമാത്രം. പക്ഷേ, അത് അതീവ സ്‌നേഹത്തോടു കൂടി ചെയ്യുക. ഒരു രാഷ്ട്രത്തിന് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിവുണ്ട്. അതിനുള്ള സന്മനസ്സുണ്ടാകണമെന്നുമാത്രം.

വളർന്നു ചീർത്തുവരുന്ന ഒരു നഗരത്തെ അതിന്റെ പരിമിതികളിൽ തളച്ചിടാതെ വിസ്തീർണം വർധിപ്പിക്കുക. കല്ക്കത്തയ്ക്കു ചുറ്റും ചതുപ്പു നിലങ്ങളാണ്. അവ വികസിപ്പിച്ചെടുക്കുക. സാൾട്ട്‌ലേക്ക് സിറ്റി തുടങ്ങിയ ശാഖാനഗരങ്ങൾ വികസിപ്പിച്ചെടുത്ത പോലെ. ചേരിപ്രദേശത്തു താമസിക്കുന്നവരുടെ പുനരധിവാസം നടത്തുക, അവർക്ക് തൊഴിലവസരം സൃഷ്ടിക്കുക. നമുക്ക് ചെയ്യാൻ പറ്റുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക കർമമായിരിക്കും.

കല്ക്കത്തയക്ക് ഒരു സാർവജനീനമുഖം കൊടുക്കാൻ പല സമുദായക്കാരും ശ്രമിച്ചിട്ടുണ്ട്. വ്യവസായരംഗം അടക്കിഭരിക്കുന്ന മാർവാറികൾ, കച്ചവടത്തിലേർപ്പെട്ട ഗുജറാത്തികളും സിന്ധികളും, ബ്രിട്ടീഷ് രാജിന്റെ ജീവിക്കുന്ന അവശിഷ്ടങ്ങളായ ആംഗ്ലോ ഇന്ത്യക്കാർ, സലാമദ്രാസി എന്ന ഓമനപ്പേരിലറിയപ്പെടുന്ന തെന്നിന്ത്യക്കാർ. അങ്ങനെ പലരും. പക്ഷേ, ബംഗാളി സ്വാധീനം കല്ക്കത്തയിൽ അത്രയധികം രൂഢമൂലമായതുകൊണ്ട് കല്ക്കത്തയെ ഒരു ബംഗാളി നഗരമെന്നു വിളിക്കുന്നതിൽ തെറ്റില്ല. ഇതിൽ കുഴപ്പമൊന്നുമില്ല. പല സംസ്‌കാരങ്ങളിലും മുങ്ങി സ്വന്തം മുഖം നഷ്ടപ്പെടുത്തുന്നതിനേക്കാൾ നല്ലത് സ്വന്തം സംസ്‌കാരത്തിന്റേതായ ഒരു മുഖമുണ്ടാവുന്നതുതന്നെയാണ്.

കല്ക്കത്തയുടെ മുഖം ദുർഗയുടെ മുഖമാണ്. കാളിയുടെ മുഖമാണ്. കാളിഘട്ടിലെ കാളിയുടെ പ്രതിഷ്ഠയാണ് നഗരത്തിന്റെ ഹൃദയം. അതിനു ചുററും പടർന്നുപിടിച്ച വ്യഭിചാരകേന്ദ്രങ്ങൾ ഒരു പക്ഷേ, പഴയ ദേവദാസി സമ്പ്രദായത്തിന്റെ അഴുക്കുചാലിൽ കിടന്ന് ചീഞ്ഞുതുടങ്ങിയതായിരിക്കും. എന്തായാലും കാളിഘട്ട് ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ചെളിനിറഞ്ഞ വീതികുറഞ്ഞ റോഡുകളും സ്ത്രീത്വം ചവിട്ടിയരയ്ക്കപ്പെടുന്ന ദൈന്യത്തിന്റെ ചിത്രങ്ങളും കാണേണ്ടിവരും.

എന്തൊക്കെയായാലും കല്ക്കത്തയെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ പൊന്തിവരുന്നത് മാതൃഭാവമാണ്. നിലയ്ക്കാത്ത സ്‌നേഹത്തിന്റെ സ്രോതസ്സുകളാണ്. മുന്നൂറു വർഷം പിന്നിട്ട നഗരത്തോട് ഒന്നേ പറയാനുള്ളൂ. അമ്മേ ഇനിയും നൂറ്റാണ്ടുകൾ ജീവിച്ചിരിക്കൂ, ആരോഗ്യത്തോടെ, സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും നീരുറവകൾ ചുരത്തിക്കൊണ്ട്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1990 ഫെബ്രുവരി 4-10

ഇ ഹരികുമാര്‍

E Harikumar

അനുബന്ധ വായനയ്ക്ക്